ഓർമ / സൗഹൃദം
ശിവരാമന്റെ നേർത്ത, സ്ത്രൈണതയാർന്ന ചുണ്ടുകൾ. വശ്യമായ ചിരി. ചീകി ഒരു വശത്തേക്ക് ഉയർത്തിവെച്ച എണ്ണമിനുപ്പ് തെളിയുന്ന മുടി. തിളങ്ങുന്ന കണ്ണുകൾ. കാതുകളിൽ സംഗീതം പോലെവീഴുന്ന ശബ്ദം. മനോഹരങ്ങളായ കൈകാലുകൾ. ആകർഷകമായ കാൽവെയ്പുകൾ. അവിടെത്തന്നെ നിന്ന് കണ്ടു, അതെ , വർഷങ്ങൾക്കുശേഷം വീണ്ടും.
ശിവരാമൻ
സി.വി.ബാലകൃഷ്ണൻ
വളരെ വർഷങ്ങൾക്കുശേഷം ഏതോ ഒരു ദിവസം ഞങ്ങളുടെ ചെറിയ പട്ടണത്തിന്റെ തെല്ലും പകിട്ടില്ലാത്തൊരു കോണിൽവെച്ച് അവനെ ഞാൻ വീണ്ടും കണ്ടു.
തിരിച്ചറിയാൻ ഏതാനും നിമിഷങ്ങളെടുത്തു. പല അടയാളങ്ങളും കാലം മായ്ച്ചുകളഞ്ഞിരുന്നു. ഞങ്ങൾ മുഖത്തോട് മുഖം നോക്കി നിന്നു. അവന്റെ കണ്ണുകളിൽ ഞാനും എന്റെ കണ്ണുകളിൽ അവനും. നീണ്ട നിശ്ശബ്ദത.
അതിന്റെ ഒടുവിൽ അവൻ ചോദിച്ചു: ‘വലിക്ക്വോ ?”
ഞാൻ ഉവ്വെന്ന് തലയാട്ടി.
അവൻ ഉടുപ്പിന്റെ കീശയിൽ നിന്ന് ഒരു പായ്ക്കറ്റ് സിഗരറ്റെടുത്തു. ഞങ്ങൾക്കിടയിൽ പുക പരന്നു.
കൗമാരത്തിന്റെ നാളുകളിലെന്നോ ആദ്യമായി കണ്ടുമുട്ടുമ്പോൾ ഞങ്ങളുടെ ചുണ്ടുകൾക്ക് പുകയിലഗന്ധമുണ്ടായിരുന്നില്ല. മീശ കിളിർത്തിരുന്നില്ല. നിത്യവും ഉണർന്ന് ഞങ്ങൾ പ്രതീക്ഷയോടെ കണ്ണാടിയിലേക്ക് നോക്കുമായിരുന്നു. എന്റെ വീട് ഹൈസ്കൂളിന് മൂന്നുനാഴിക വടക്ക്. ശിവരാമന്റേത് മൂന്നുനാഴിക തെക്കും. രണ്ടിടത്തേക്കും നിരത്തുണ്ട്. ടാറിട്ടതല്ല. ഉന്തു വണ്ടികളും കാളവണ്ടികളും അപൂർവ്വമായി കാറുകളും കടന്നുപോകും. രണ്ടുവഴിയ്ക്കും ബസ്സ് സർവ്വീസില്ല. മരങ്ങളും കണ്ണാവണക്കുകളും ആടലോടകങ്ങളും ഹനുമാൻ കിരീടങ്ങളും അതിരിടുന്ന നാട്ടുപാതകൾ. പട്ടണത്തിന്റെ നടുവിലെത്തിയാൽ അവ പ്രധാനനിരത്തിനോട് ചേരുന്നു. ശിവരാമന് സ്കൂളിലെത്താൻ പ്രധാന നിരത്ത് മുറിച്ചുകടക്കണം. സ്കൂൾ ഞാൻ നടന്നുവരുന്ന പാതയുടെ ഓരത്താണ്. എന്നും ഒരേ സമയത്തായിരുന്നു. രണ്ടുഭാഗത്തുനിന്നായി ഞങ്ങൾ വന്നിരുന്നത്. പഴയ കെട്ടിടങ്ങൾക്കിടയിലൂടെ അവൻ വരുന്നത് എനിക്ക് കാണാം. അവൻ മിക്കപ്പോഴും പുസ്തകക്കെട്ട് ചുമലിലായിരുന്നു വെച്ചിരുന്നത്. ട്രൗസറിനോട് ചേർത്ത് പിടിക്കുക അപൂർവ്വമായി മാത്രം. പത്താം ക്ലാസ്സിൽ ഞങ്ങൾ തൊട്ടടുത്തായി ഇരുന്നു. ഒരു വർഷം മുഴുവനും.
ഞാനപ്പോഴേയ്ക്കും ട്രൗസറിൽ നിന്ന് മുണ്ടിലേക്ക് മാറിയിരുന്നു. ശിവരാമൻ പക്ഷേ, മുണ്ടുടുത്തിരുന്നില്ല. അക്കാലത്ത് ഹൈസ്കൂളിൽ പാന്റ്‌സ് ധരിച്ചിരുന്നത് സയൻസ് പഠിപ്പിക്കുന്ന തിരുവിതാംകൂർകാരനായ ഒരദ്ധ്യാപകൻ മാത്രമായിരുന്നു. മുണ്ടും ജൂബ്ബയും വേഷ്ടിയുമൊക്കെയാണ് മറ്റുള്ളവരുടെ വേഷങ്ങൾ. പക്ഷേ, അദ്ധ്യാപികമാർ ഏറെക്കുറെ ഇന്നത്തെപ്പോലെ തന്നെ. സൗന്ദര്യത്തിൽ സംശയമില്ല, ഒരുപടി മുന്നിൽ. അവരിൽ ഒരദ്ധ്യാപികയുടെ പ്രണയവും ഒളിച്ചോടിയുള്ള വിവാഹവും ഞങ്ങൾ കുട്ടികളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. രണ്ട് നാൾ കഴിഞ്ഞ് വിശേഷിച്ചൊന്നും സംഭവിക്കാത്ത പോലെ നെറ്റിയിൽ ചന്ദനവും നീണ്ടുചുരുണ്ട മുടിയുടെ തുമ്പിൽ തുളസിക്കതിരുമായി ടീച്ചർ വന്നപ്പോൾ ഞങ്ങളുടെ അമ്പരപ്പ് പതിന്മടങ്ങായി.
പത്താം ക്ലാസ്സിനുശേഷം എന്തു ചെയ്യുമെന്നതിനെക്കുറിച്ച് എനിക്കോ ശിവരാമനോ ധാരണയില്ലായിരുന്നു, ഒട്ടും. കളിസ്ഥലത്തിന്റെ തെക്കേ അതിരിലെ മാഞ്ചുവട്ടിലിരുന്ന് ഞങ്ങൾ ആലോചിക്കുമായിരുന്നു. എഞ്ചിനീയറോ, ഡോക്ടറോ ഒന്നും ഞങ്ങളുടെ സ്വപ്നങ്ങളിലില്ലായിരുന്നു. ക്ലാസ്സിലെ ചെറിയ ഫീസ് കൊടുക്കാൻ തന്നെ പാട്. ആകെയുള്ളത് രണ്ട് ജോഡി വസ്ത്രങ്ങൾ. കീശയിൽ ഒരണയെങ്കിലും ചെലവഴിക്കാനായി ഉണ്ടാകുന്ന ദിവസങ്ങൾ വിരളം. അതിനിടയിൽ എങ്ങനെ കാണാനാണ് നിറമുള്ള സ്വപ്നങ്ങൾ. ഇല്ല, ഞങ്ങൾ അങ്ങനെയൊന്നും കണ്ടില്ല. മൈതാനത്തിന്റെ വെയിൽപ്പരപ്പിൽ തെളിയുന്ന മൃഗതൃഷ്ണകളെ നോക്കി ഞങ്ങൾ ഇരുന്നു. നെടുംപാതയിൽ എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ട ചങ്ങാതിയെ വീണ്ടും കാണുകയാണ്. അവൻ എയർഫോഴ്സിലാണ്. അവധിക്കു വന്നതാണ്. ഞാനോ, ഇവിടെയൊക്കെത്തന്നെ ഉണ്ട്. കുറേശ്ശേ എഴുതുന്നു. അവൻ എന്തോ ചിലത് അങ്ങിങ്ങ് കണ്ടിട്ടുണ്ട്. ഞാൻ തന്നെയാണോ എന്ന് സംശയിച്ചിരുന്നു.
”ശരി, ഞാൻ പോകട്ടെ ?” ശിവരാമൻ എന്റെ നേർക്ക് കൈ നീട്ടി. എന്റെ വലതുകൈയും നീണ്ടുചെന്നു. ആ സ്പർശം ഗാഢമായ ഒരനുഭവമായി.
ഞങ്ങളുടെ സൗഹൃദത്തിന്റെ കാലത്ത് ഇല്ലാതിരുന്ന ഓട്ടോറിക്ഷകളും കാറുകളും ഇരമ്പിക്കടന്നുപോകുന്ന പ്രധാന നിരത്തിന്റെ അരികുപറ്റിഅവൻ നടന്നുപോകുന്നതും നോക്കിനിൽക്കെ എന്റെ ഓർമ്മ കുറേക്കൂടി തീക്ഷ്ണമായി. ശിവരാമന്റെ നേർത്ത, സ്ത്രൈണതയാർന്ന ചുണ്ടുകൾ. വശ്യമായ ചിരി. ചീകി ഒരു വശത്തേക്ക് ഉയർത്തിവെച്ച എണ്ണമിനുപ്പ് തെളിയുന്ന മുടി. തിളങ്ങുന്ന കണ്ണുകൾ. കാതുകളിൽ സംഗീതം പോലെവീഴുന്ന ശബ്ദം. മനോഹരങ്ങളായ കൈകാലുകൾ. ആകർഷകമായ കാൽവെയ്പുകൾ. അവിടെത്തന്നെ നിന്ന് കണ്ടു, അതെ, വർഷങ്ങൾക്കുശേഷം വീണ്ടും. എല്ലാം മായ്ച്ചുകളയാൻ കാലത്തിനു കഴിയില്ലെ ന്ന് അന്ന് എനിക്ക് ബോധ്യമായി.
Add a Comment