ഹിജാബ് ധരിച്ചവരും അല്ലാത്തവരും ഖത്തരിയും കൊറിയക്കാരും ഒരുമിച്ചു പാടി.ഹോളിവുഡ് താരം മോർഗൻ ഫ്രീമാനും അംഗവൈകല്യം ഉയരങ്ങൾ കീഴടക്കാൻ തടസ്സമല്ല എന്ന് ഇതിനകം തെളിയിച്ച ഖത്തറിന്റെ ഘാനിമും തമ്മിലുള്ള സംഭാഷണം മനുഷ്യ വംശത്തിന്റെ സാഹോദര്യം ഉയർത്തിക്കാട്ടുന്നതായിരുന്നു
ലോകകപ്പ്:
ഖത്തർ അതിജീവിച്ച
ഏഴ് ലോക പരീക്ഷണങ്ങൾ
വി.വി.ശരീഫ്
മെസ്സിയും കൂട്ടരും ലോക കപ്പ് ട്രോഫിയും എമ്പാപ്പെ ഗോൾഡൻ ബൂട് ട്രോഫിയും നേടിയപ്പോൾ ‘മാൻ ഓഫ് ദി ലോക കപ്പ്” ആർ എന്ന ചോദ്യം ബാക്കിയാകുന്നു അങ്ങനെ ഒരു അവാർഡ് ഇല്ലാത്തതു കൊണ്ട് അതിനു ഉത്തരവും ഇല്ല. എന്നാൽ ഖത്തർ ലോകകപ്പ് യഥാർത്ഥത്തിൽ അത്തരത്തിൽ ഒരു അവാർഡ് നൽകേണ്ട ഒന്ന് തന്നെയാണ്. അത് നൽകേണ്ടത് മറ്റാർക്കുമല്ല ഖത്തറിന്റെ അമീർ ഷെയ്ഖ് തമീം അൽത്താനിക്ക് തന്നെ . ഇന്നേവരെ ലോകകപ്പ് നടത്തിയ രാജ്യങ്ങളുടെ തലവന്മാരൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്തത്ര പരീക്ഷണങ്ങളും പ്രതിസന്ധികളേയും തരണം ചെയ്തു കൊണ്ട് ചരിത്രത്തിലെ ഏറ്റവും മികച്ച ലോക കപ്പ് എന്ന് ഫിഫ അധ്യക്ഷൻ തന്നെ വിലയിരുത്തിയ, ലോകത്തു ഏറ്റവും കൂടുതൽ പ്രചാരമുള്ളതും പ്രേക്ഷകർ ഉള്ളതുമായ ഈ മേള ഏറ്റവും നന്നായി നടത്തി എന്നതാണ് അദ്ദേഹത്തെ മാൻ ഓഫ് ദി വേൾഡ് കപ്പ് എന്ന് വിളിക്കാമെങ്കിൽ, അതിന് അർഹനാക്കുന്നത്.
ഏഴു രാജ്യങ്ങളുടെ ടീമുകളെ (പരീക്ഷണങ്ങൾ) തരണം ചെയ്താണ് മെസ്സിയും കൂട്ടരും ലോക കപ്പ് സ്വന്തമാക്കിയത് .സൗദിയുമായി ആദ്യ കളിയിൽ തന്നെ തോൽവിയുടെ കനത്ത പ്രഹരമേറ്റിട്ടും ആത്മവിശ്വസത്തോടെ തങ്ങൾക്കുള്ള കഴിവിൽ വിശ്വസമർപ്പിച്ചു ക്ഷമയോടെ ആരോടും പൊട്ടിത്തെറിക്കാതെയും അവർ പൊരുതി കപ്പ് സ്വന്തമാക്കി..
അത്ര തന്നെ, സമാനമായ ഏഴു പരീക്ഷണങ്ങൾ താണ്ടിയാണ് ഷെയ്ഖ് തമീം തന്റെ രാജ്യത്തെ ലോക കപ്പ് ഇന്നേ വരെ ചരിത്രം കണ്ട ഏറ്റവും മികച്ച ലോക കപ്പ് ആയി സംഘടിപ്പിച്ചത് . ഖത്തർ ലോകകപ്പിന്റെ വേദി ആയി തെരഞ്ഞെടുത്തത് മുതൽ തുടങ്ങിയ ഏഴു പ്രതിസന്ധികളാണവ.
രാജ്യത്തിന്നെതിരെ പടച്ചു വിട്ട അപവാദങ്ങൾ ,എണ്ണ വിലയിടിവ്,ആതിഥേയ രാജ്യത്തിൻറെ ടീം രൂപപ്പെടുത്തൽ,അയൽ രാജ്യങ്ങളുടെ ഉപരോധം,കോവിഡ് മഹാമാരി,മദ്യ നിയന്ത്രണം, സ്ത്രീകളുടെ സുരക്ഷ..
ഓരോ ഗെയിമിലും മെസ്സി ഗോളടിക്കുകയോ അടിപ്പിക്കുകയോ ചെയ്തു കൊണ്ട് മുന്നേറിയപ്പോൾ ഷെയ്ഖ് തമീമും ഓരോ പ്രതിസന്ധിയും പുഞ്ചിരിയോടെയും ക്ഷമയോടും തരണം ചെയ്തു മുന്നേറിയാണ് മെസ്സിക്ക് കളിക്കാനും കപ്പെടുക്കാനുമുള്ള വേദികളൊരുക്കിയത് .
അദ്ദേഹത്തിന് പിന്നാലെ ഖത്തർ മാത്രമല്ല ലോകം ഒറ്റക്കെട്ടായി സഞ്ചരിച്ചു…ഇസ്ലാമിക രാജ്യമായതിനാൽ നിയന്ത്രണങ്ങളുടെ കുരുക്കിൽ പെട്ട് ലോക കപ്പ് ശ്വാസം മുട്ടും എന്ന് പ്രചരിപ്പിക്കപ്പെട്ടെങ്കിലും മത- ദേശ -ഭാഷ സാംസ്കാരിക വൈവിധ്യങ്ങൾ ഉൾകൊള്ളുന്ന തരത്തിൽ തന്നെയാണ് ഖത്തർ ഈ മഹാമേള സംഘടിപ്പിച്ചത് .
ഹിജാബ് ധരിച്ചവരും അല്ലാത്തവരും ഖത്തരിയും കൊറിയക്കാരും ഒരുമിച്ചു പാടി.ഹോളിവുഡ് താരം മോർഗൻ ഫ്രീമാനും അംഗവൈകല്യം ഉയരങ്ങൾ കീഴടക്കാൻ തടസ്സമല്ല എന്ന് ഇതിനകം തെളിയിച്ച ഖത്തറിന്റെ ഘാനിമും തമ്മിലുള്ള സംഭാഷണം മനുഷ്യ വംശത്തിന്റെ സാഹോദര്യം ഉയർത്തിക്കാട്ടുന്നതായിരുന്നു. മദ്യത്തിന് നിയന്ത്രണം ഏർപെടുത്തിയപ്പോൾ വിമർശിച്ചവർ തന്നെ അത് ഗുണകരമായി എന്ന് മാറ്റി പറഞ്ഞു . അതാകട്ടെ സ്ത്രീകൾക്ക് ഏറെ സുരക്ഷിതമായി ലോകകപ്പ് ആസ്വദിക്കാൻ അവസരം ഒരുക്കി മാത്രമല്ല സ്ത്രീകൾ ഏറ്റവും സുരക്ഷിതരായി മത്സരങ്ങൾ ആസ്വദിച്ച ലോക കപ്പാണിതെന്നു വരെ പാശ്ചാത്യ മാധ്യമങ്ങൾ വിലയിരുത്തി. ലോക കപ്പ് ഫുട്ബോൾ എന്നാൽ മദ്യപിച്ചു തിമിർത്താടാനും ടീമുകളുടെ ഫാൻസുകളും തമ്മിൽ കലാപം ഉണ്ടാക്കാനും ഉള്ളതല്ല മറിച്ച് പരസ്പരം സന്തോഷം പങ്കിട്ടു കൊണ്ട് സ്പോർട്സ്മാൻ സ്പിരിറ്റോടെ കളി ആസ്വാദിക്കാനും ആണ് എന്ന സമീപനം ആരാധകരിൽ വളർത്തിയെടുക്കാനുള്ള സാഹചര്യം ഖത്തറിൽ സൃഷ്ടിക്കപ്പെട്ടു എന്നതാണ് ഖത്തർ ലോക കപ്പിന്റെ നിരവധി സവിശേഷതകളിൽ ഒന്ന്.
ലോക കപ്പിൽ ഇന്നേ വരെ കളിച്ചിട്ടില്ലാത്ത ഇന്ത്യയിൽ നിന്നുള്ള ദീപിക പദുകോൺ കപ്പ് അനാവരണം ചെയ്തത് ഇന്ത്യയിലെ കോടി കണക്കിന് ഫുട്ബോൾ പ്രേമികളെ ഖത്തർ ചേർത്ത് പിടിച്ചതിന്റെ ഉദാഹരണമാണ്. മാത്രമല്ല ലോക കപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം മലയാളികൾ ഒരു ലോക കപ്പിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. ഈ നിറസാന്നിധ്യവും കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ആരവങ്ങളും ചേർത്ത് വെച്ചാൽ ഇതൊരു ‘മലബാരി ലോക കപ്പ്’ കൂടിയാണ്.
നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏതു വലിയ വെല്ലുവിളികളും തരണം ചെയ്യാമെന്നാണ് ഏറ്റവും മികച്ച രീതിയിൽ ലോക കപ്പ് സംഘടിപ്പിക്കുക വഴി ഖത്തറും സെമി ഫൈനൽ എത്തിയ മൊറോക്കോയും തെളിയിക്കുന്നത്. സംഘർഷങ്ങൾ അല്ല, സഹോദര്യമാണ് മനുഷ്യനെ മുന്നോട്ടു നയിക്കുക എന്നാണ് ഏറ്റവും സ്നേഹോഷ്മളമായ ആതിഥ്യം നൽകുക വഴി ഖത്തർ ലോകത്തിനു കാണിച്ചു കൊടുത്ത്.ഖത്തറിനെ വിമർശിച്ചവരൊക്കെ ഇപ്പോൾ പുകഴ്ത്തിപ്പറയാൻ തുടങ്ങി .എന്തൊരു സംഘാടനം !എന്തൊരു ലോക കപ്പ് !നമ്മുടെ പ്രധാനമന്ത്രി മോദിജിയെപ്പോലും മോഹിപ്പിക്കുന്ന വിധം ഖത്തർ ലോകകപ്പ് ഒരു പ്രചോദനമായി.
Add a Comment