സംഗീതം
കാലത്തെ നിരന്തരമായി
പുതുക്കുന്നു
ഡോ. പ്രശാന്ത് കൃഷ്ണൻ
സംഗീതത്തിന്റെ അരിച്ചെത്തുന്നതണുപ്പ് എത്ര പ്രിയപ്പെട്ടതാണെന്നോ.ഡിസംബറിന്റെ കാലിത്തൊഴുത്തിൽ നിന്നും ഒഴുകിയെത്തുന്ന പാട്ട് പ്രതീക്ഷയുടെ പുതുവത്സരപ്പിറവിയായി സംഗീതത്തിന്റെആഘോഷരാവായ് പടർന്നു കയറുകയാണ്. മനുഷ്യന്റെ വികാരവിചാരങ്ങളുടെ മുകളിൽ സ്വരങ്ങളുടെ കയറ്റിറക്കങ്ങൾ പകരുന്ന അനുഭൂതിയുടെ നിമിഷങ്ങൾ. ‘അവിടെ അതിർവരമ്പുകളില്ല. മനസ്സിന്റെ കൂട് വിട്ട് ഭാഷയുടേയും ജാതി -ലിംഗ ദേദങ്ങളുടെയും ഒക്കെ അതിർത്തി കടന്ന് അത് പറന്നകലുന്നു. ഏറ്റവും പ്രിയപ്പെട്ട സംഗീതമേതെന്ന് പലപ്പോഴായി സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. സംഗീതത്തിന് ഒരു നിർവചനമേ ഉള്ളൂ.. അത് ആലാപനവും കേൾവിയും സന്ധിക്കുന്ന ഒരേയൊരു ഇടമാണ്. സമാനഹൃദയാഹ്ലാദം പകരുന്ന ലയ സാന്ദ്രമായ നിമിഷങ്ങൾ.
ചിട്ടയൊപ്പിച്ച കർണ്ണാട്ടിക് ഹിന്ദുസ്ഥാനി സംഗീതവും ദേശി സംഗീതത്തിന്റെ നാട്ടീണങ്ങളും, പാശ്ചാത്യ പോപ്പ് സംഗീത പരീക്ഷണങ്ങളും ഒക്കെ സ്വതന്ത്ര സംഗീതമായി ഒപ്പം പരീക്ഷണ സംഗീതമായി പൊതു സംഗീത ലോകത്തെ പുതുമയോടെ സംരക്ഷിക്കുന്നുണ്ട്. സിനിമയുടെ ചിറകിൽ പാറിപ്പറന്ന പഴയ കാലം പോയി. സ്വതന്ത്ര സംഗീത ആവിഷ്കാരത്തിന്റെ പാട്ടീണങ്ങൾ നമ്മുടെ സംഗീതത്തിലേക്ക് ശുഭസൂചകമായി കടന്നുവന്നു. ആരും അധികം കയറിച്ചെല്ലാൻ ശ്രമിക്കാത്ത കർണ്ണാടിക് ശാസ്ത്രീയ സംഗീതവാഗ്ഗേയ സംസ്കാരത്തിന് പുതിയ തുടർച്ചയും വന്നിരിക്കയാണ്. 72 മേളകർത്താരാഗങ്ങളിൽ മലയാളത്തിൽ ചിട്ടപ്പെടുത്തിയ സംഗീതകൃതികളുടെ ആവിഷ്കാരത്തിന് തുടക്കം കുറിച്ചത് ഈ ലേഖകൻ തന്നെയാണ്.
സംഗീതം എപ്പോഴും പുതുമ തേടുന്ന ഒരു യാത്രയാണ്. ഒരു ഗാനം മറ്റൊന്നിന് മുകളിൽ അല്ലെങ്കിൽ താഴെ എന്ന് കരുതാറേയില്ല. ശാസ്ത്രീയ സംഗീതം ആസ്വദിക്കുന്ന അതേ ഗൗരവം തന്നെയാണ്ആദിവാസി ഗോത്ര സംഗീതം ആസ്വദിക്കുമ്പോഴും അനുഭവപ്പെടാറുള്ളത്. സംഗീതത്തിന്റെ പരിണാമ ദശകളിലെവിടെയോ മുഴങ്ങുന്ന പ്രാകൃതമായ ഗാനങ്ങളായിട്ടാണ് പലപ്പോഴും നാം വംശീയ ഗോത്ര സംഗീതത്തെ പരിഗണിക്കാറുള്ളത്. എന്നാൽ വംശീയ സംഗീതത്തിന്റെ ഏറ്റവും ഉജ്ജ്വലമായ ആലാപന മികവ് അട്ടപ്പാടിയിലെ നഞ്ചിയമ്മയിലൂടെ നമുക്ക് കേൾക്കാൻകഴിഞ്ഞു. നഞ്ചിയമ്മയുടെ പാട്ട് നേരിട്ട് ഹൃദയത്തിലേക്കാണ് കടന്നുചെന്നത്.പത്ത് പന്ത്രണ്ട് വർഷം മുമ്പ് നഞ്ചിയമ്മയുടെ പാട്ട് കേട്ടതാണ്. കേരള ഫോക് ലോർ അക്കാഡമിയുടെ പുരസ്കാരം സ്വീകരിച്ച് കൊണ്ടുള്ള ഒരു ചടങ്ങിൽ. മികച്ച ഗായികയ്ക്കുള്ളദേശീയ ചലച്ചിത്ര അവാർഡ് അവരെ തേടിയെത്തിയപ്പോൾ സത്യത്തിൽ എനിയ്ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.. അത്തരം ശക്തമായ ശരിയായ തീരുമാനങ്ങളാണ് സംഗീതത്തിന്റെ തിരിച്ചറിവ്. അവർക്ക്ശാസ്ത്രീയ സംഗീതം അറിയില്ല. സ്വരസ്ഥാനം അറിയില്ല.. ശ്രുതിയറിയില്ല.’ താളമറിയില്ല എന്നൊക്കെ പറഞ്ഞ് വിവാദ മുണ്ടാക്കിയവരുണ്ട്. മറുപടിക്ക്പോലും അർഹതയില്ലാത്ത അസംബന്ധമായേ കാണേണ്ടതുള്ളൂ.
സംഗീതം വികാരങ്ങളുടെ ഭാഷയാണെന്ന് പറയുന്നത് വെറുതേയല്ല. മനുഷ്യന്റെ ഏതു വൈകാരിക മുഹുർത്തങ്ങളോടും ചേർന്നു നിന്നുകൊണ്ട് സംഗീതത്തിന്റെ സാന്ത്വനം നാം അനുഭവിക്കുന്നുണ്ട്. അത് പുതിയ പ്രതീക്ഷയുടെ സമർപ്പിത സ്പർശമാണ്. പ്രകൃതി തന്നെ ആ സംഗീതം നമ്മിലേക്ക് പകർന്നു നൽകുന്നുമുണ്ട്. ഒട്ടും കൃത്രിമമല്ലാതെ. തന്റെ പാട്ട് സത്യമാണ് എന്ന് നഞ്ചിയമ്മ പറഞ്ഞതിന്റെ പൊരുൾ അതാണ്. അത് അഭ്യാസ പ്രകടനത്തിനപ്പുറം പ്രകൃതിയുടെ തന്നെ സംഗീതമാണ്. കാട്ടു സംഗീതവും, നാട്ടു സംഗീതവും, അതിൽ നിന്ന് വികാസം പ്രാപിച്ച പാശ്ചാത്യവും പൗരസ്ത്യവുമായ മറ്റെല്ലാ സംഗീത പദ്ധതികളും നമുക്ക് നൽകുന്ന ഉണർവ് ചെറുതല്ല. നമ്മളെ സ്വപ്നം കാണാനും, പ്രണയിക്കാനും, സ്നേഹിക്കാനും ഒക്കെ പഠിപ്പിക്കുന്ന പ്രതീക്ഷയുടെ പേരാണ് സംഗീതമെന്നത്.
ഞാനറിവീല ഭവാന്റെ മോഹനഗാനാലാപന ശൈലി
നിഭൃതം ഞാനതു കേൾപ്പൂ സതതം
നിതാന്ത വിസ്മയ ശാലി…. എന്ന് രവീന്ദ്രനാഥ ടാഗോർ പാടിയ വിസ്മയ ഭാവം തന്നെയാണ് ഓരോ ഗാനം കേൾക്കുമ്പോഴും ഞാനനുഭവിക്കാറുള്ളത്. പ്രകൃതിയുടെ വിലോലമായ ചലനങ്ങളിലോരോന്നും സംഗീതത്തിന്റെ തന്ത്രികൾ തന്നെയാണ് മീട്ടിക്കൊണ്ടിരിക്കുന്നത്. മയിലായും കുയിലായും ആനയായും കുതിരയായും ആടായും , കാളയായും കൊക്കായും ഒക്കെ സ്വരഭേദങ്ങളുടെ സപ്തസ്വരങ്ങൾ ഉതിർക്കുന്ന സംഗീതത്തിൽ നനയാൻ കൊതിക്കാത്തവർ ആരുണ്ട്. സപ്തസ്വരം കേവലം കണ്ടെത്തൽ മാത്രമാണ്. രാഗങ്ങൾ കണ്ടെത്തലുകളുടെ തുടർച്ച. ആ തുടർച്ചയെ വളർച്ചയാക്കുന്ന നിരന്തരനിതിധ്യാസമാണ് വർത്തമാനസംഗീതം .
വിവിധസംഗീതത്തിന്റെ സമാന്തരമായ ഒഴുക്ക് സാധ്യമാകുന്നുവെന്നതാണ് പുതുകാലത്തിന്റെ സവിശേഷത. നാട്ടുപാട്ടുകളും കാട്ടുപാട്ടുകളും, കർണ്ണാട്ടിക് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതവും, ജനകീയ നാടക – സിനിമാ സംഗീതവും പാശ്ചാത്യ പോപ്പ് – റോക്ക് സംഗീതവുമൊക്കെ അഭിരുചിയുടെ അനന്തസാധ്യതകളായി ആസ്വാദക ഹൃദയങ്ങളിൽ കൂടുകൂട്ടുകയാണ്. സംഗീതം – അത് വിശ്വ സംഗീതമാണെന്നും ആസ്വാദനത്തിന് ഭാഷയുടെ അതിരുകളില്ലെന്നും ഓർമ്മിപ്പിക്കുന്ന സംഗീതം വിശ്വമാനവികതയിലേക്കാണ് കാലത്തെ കൈപിടിച്ചുയർത്തുന്നത്.
ലോക സംഗീതത്തിൽ തലയുയർത്തിനിൽക്കുന്ന സംഗീത സമ്പ്രദായമാണ് രാഗാധിഷ്ഠിതമായ കർണ്ണാട്ടിക് സംഗീതം. എത്രയെത്ര രാഗങ്ങളുടെ കയറ്റിറക്കങ്ങളാണ് ആസ്വാദക ഹൃദയങ്ങളെ സ്വാധീനിച്ചു കൊണ്ട് മുന്നേറുന്നത്. ശാസ്ത്രീയ രാഗങ്ങളെ ജനപ്രിയ ഗാനങ്ങളിൽ സന്നിവേശിപ്പിച്ചൊരുക്കുന്ന സംഗീതത്തിന്റെ ആകർഷകത്വം ഏറ്റവും പുതുതായി കാന്താരയിലെ വരാഹമൂർത്തേ എന്ന ഗാനത്തിലൂടെ നമ്മൾ അനുഭവിച്ചതാണ്. തോടിയും മുഖാരിയും കനകാംഗിയുമൊക്കെ ആസ്വാദക ഹൃദയങ്ങളിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. അല്ലെങ്കിലും രാഗങ്ങളങ്ങിനെയാണ്. അത് മഴയുടെ നനുത്ത കരസ്പർശമായി നമ്മളെ തലോടാൻ വരും. അമ്യതവർഷിണിയുടെ നീറ്റൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വിങ്ങലാണ്. ജാലകം എന്ന സിനിമയിലെ ഓ.എൻ.വി കുറുപ്പിന്റെ വരികൾ എന്റ ചുണ്ടുകൾ എപ്പോഴും മൂളാറുണ്ട്.
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെന്റെ മുന്നിൽ നിന്നു .
തരള കപോലങ്ങൾ നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു.
കൂടുകൾക്കുള്ളിൽ കുറുകിയിരിക്കുന്ന അടക്കിയ വികാരങ്ങളുടെ വിതുമ്പൽ പ്രണയമാണോ സംഗീതമാണോ എന്ന റിയില്ല. പ്രണയം നഷ്ടപ്പെടുമ്പോഴും വഴിമാറി അകലുമ്പൊഴും എവിടെ നിന്നോ വാക്കിന്റെ പ്രതീക്ഷാനിർഭരമായ മുഴക്കം സംഗീതമായി നമ്മിൽ വീണ്ടും നിറയാറുണ്ട്.
ആനന്ദാമൃത കർഷിണി
അമൃതവർഷിണീ.. എന്ന് അറിയാതെ മനസ്സ് മന്ത്രിക്കും.
സ്വപ്നങ്ങൾ, പ്രതീക്ഷകൾ എല്ലാം സംഗീതമാണ്. ഓരോ പ്രവർത്തിയും എങ്ങിനെ സംഗീതമാക്കാം എന്ന കാത്തിരിപ്പാണ്. മേരീ ആവാസ് സുനോ എന്ന സിനിമയിലെ ബി.കെ. ഹരിനാരായണന്റെ വരികൾ എന്റെ മനസു തന്നെയാണ്.
കാറ്റത്തൊരു മൺകൂട്
കൂട്ടിന്നൊരു വെൺപ്രാവ്
ദൂരേയ്ക്കിരു കൺനട്ട്
കാണും കനവ്…….. . അത് എന്റെ പ്രതീക്ഷയാണ്. ജനലഴികൾക്കിടയിലൂടെ വന്നു തൊടുന്ന വെയിൽ നാളങ്ങൾ… ഇഴ നേർത്തു നേർത്തു ഈണമാകുന്ന സന്ധ്യകൾ. സത്യത്തിൽ എന്തൊരു ഉന്മാദ ലഹരിയിലാണ് മനസെന്നോ…
എന്തിനോ വേണ്ടി പരക്കം പായുന്ന യാന്ത്രിക ജീവിതത്തിൽ അക്ഷരങ്ങളും വാക്കും സംഗീതവും അടക്കം പറയും മതി.. നിധി ഝാല സുഖമാ എന്ന് ത്യാഗരാജ സ്വാമികൾ ചെവിയിൽ മന്ത്രിക്കും. എന്നിട്ടും നിർത്താതെ ഓട്ടം തന്നെ. സാന്ത്വനം സംഗീതം മാത്രം. മഴനൂലിൽ കോർത്തിണക്കിയ ജപമണി തൊട്ട്മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കും. ഗോപി കുറ്റിക്കോലിന്റെ വരാനിരിക്കുന്നബീരെ എന്ന സിനിമയിലെ ഗാനവരികൾ.
എന്തേനോ കണ്ണ് തുളുമ്പ് ണ്
എന്തേ നോ ചുണ്ട് വിതുമ്പ് ണ്
എന്തേ നോ നെഞ്ച് കലങ്ങ് ണ്
എന്തേ നോ എന്തേ നോ
സേതു പാലാഴിയുടെ വരികളാണ്.
കണ്ണീര് നിരാശയുടേതല്ല. വേദനയുടേതുമല്ല. പ്രണയത്തിന്റേയോ വിരഹത്തിന്റെയോ അല്ല. വരുമെന്ന പ്രതീക്ഷയുടേതാണ്. കാത്തിരിപ്പിന്റേതാണ്. പുതുവർഷം സംഗീതത്തിന്റെ ആർദ്ര സ്പർശമായി, സ്നേഹമായി, നന്മയായി പെയ്യട്ടെ. പ്രതീക്ഷയുടെ പാട്ടുകൾക്കായി കാത്തിരിക്കാം.
Add a Comment