ഇപ്പോൾ രാത്രി 9.45 കഴിഞ്ഞു.ഒരു ബിരിയാണിക്കാറ്റ് സുഗന്ധം പരത്തി ചിറകടിച്ച് പുറത്തേക്ക് പറന്നു. അടച്ച വാതിലുകൾ തുറക്കപ്പെട്ടു. എന്റെ 20 ബുക്കിങ്ങുകൾ ഇതാ സംഭവിക്കാൻ പോകുന്നു. പലരും മദ്യത്തിന്റെ ലഹരിയിൽ പുറത്തെ ഇരുട്ടിലേക്ക് ഒഴുകി
ബ്രോഷറിൽ പതിയാത്ത
ജീവിതവും മരണവും
ബിജു പുതുപ്പണം
“ഇങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ ….കൊറച്ചായിട്ട് ഇങ്ങളെ കുറിച്ച് ഒരു വിവരോല്ല…… അതോണ്ട് ചോദിച്ചതാ.. പിന്നേ… സുഖം തന്യോ?”
നമ്മളിൽ പലർക്കും ഇങ്ങിനെയൊരു സ്നേഹാന്വേഷണമില്ലേ?
ഓരോരുത്തരുടേയും ജീവിത കാലയളവിൽ എത്ര പരിചിതമുഖങ്ങൾ ഓർമയിലുണ്ടാവും. അതിൽ എത്ര പേർ ജീവനോടെയുണ്ടെന്ന് കൃത്യമായി തിട്ടപ്പെടുത്താനാവുമോ?
വsകരയിൽ പുസ്തകോ ത്സവം കഴിഞ്ഞ പിറ്റേ ദിവസം പുസ്തകങ്ങൾ തിരിച്ചയക്കാനുള്ളതിനാൽ ഞാനും സഹപ്രവർത്തകൻ പവിത്രേട്ടനും അതിരാവിലെ തന്നെ എത്തി.തിരക്കു കാരണം പോർട്ടർമാർ 10 മണിക്കേ എത്തുകയുള്ളു എന്നറിയിച്ചതിനാൽ ,രണ്ട് മണിക്കൂർ എന്തു ചെയ്യുമെന്ന് ആലോചിച്ചപ്പോൾ വടകര ടൗൺഹാളിൽ ‘ഹരിതാമൃതം’ എന്ന പരിപാടിയുടെ സമാപന ദിവസമാണെന്നറിയുന്നത്.
ടൗൺ ഹാളിൽ പ്രദർശന സ്റ്റാളുകൾ തുറക്കുന്നേ ഉണ്ടായിരുന്നുള്ളു. നിലത്ത് നിരത്തി വെച്ച പലതരം ഔഷധച്ചെടികളിൽ പുലർമഞ്ഞ് വറ്റിയിട്ടില്ല.
കീഴാർ നെല്ലിത്തിരുളിൽ ഒരു തുഷാര സുന്ദരി പ്രപഞ്ചത്തെ പ്രണയത്താൽ പകർത്തി വെച്ച് പുഞ്ചിരിക്കുന്നു. സത്യമായിട്ടും അതു കാണുമ്പോൾ ആരായാലും ഒരു കവിത എഴുതി പോവും.
“മഞ്ഞു തുള്ളീ തിളങ്ങുന്നൂ….
മണ്ണിൽ മന്ദഹസിച്ചു മരിക്കുന്നു.”
മുറ്റത്തിന്റെ ഒരു ഭാഗത്ത് മുല്ല മാല ചാർത്തിവെച്ച നാല് പേരുടെ ഛായാചിത്രം ഞങ്ങളുടെ ശ്രദ്ധയെ ക്ഷണിച്ചു. അതിലൊരാൾ ഡോ.സി.പി.ശിവദാസൻമാഷായിരുന്നു. ശിവദാസൻമാഷ് ഞങ്ങളുടെ രണ്ടു പേരുടേയും സുഹൃത്തായിരുന്നു, വടകരയിലെ സാംസ്‌കാരിക സദസ്സുകളിലെ സജീവ സാന്നിധ്യ മാവാറുണ്ടായിരുന്ന മാഷ് ഇല്ലാതായിട്ട് അന്ന് രണ്ടു വർഷമായി. ഫോട്ടോയിലെ രണ്ടുപേരെ പരിചയമേയില്ല. നാലാമതൊരാൾ നല്ല പരിചയമുള്ള മുഖം. താഴെ എഴുതി വെച്ച പേര് വൈദ്യൻ എം.കെ.ചന്ദ്രമണി നാരായണൻ .അയാളെ കേട്ടിട്ടേയില്ല. വർഷങ്ങൾക്കു മുമ്പേ മരിച്ചു പോയ ഒരു വൈദ്യനായിരിക്കാം… പക്ഷെ, നല്ല പരിചിത മുഖം.
ഇത് നമ്മുടെ ഡോ.ചന്ദ്രുവിനെ പോലെ തന്നെയിരിക്കുന്നു എന്ന എന്റെ കമന്റ് പവിത്രേട്ടനും ശരിവെച്ചു.ഉടനെ പവിത്രേട്ടൻ മൊബൈലെടുത്ത് ചന്ദ്രുവേട്ടനെ വിളിക്കാൻ നമ്പർ ഡയൽ ചെയ്ത് കൊണ്ട് ഒരു കോമഡി പാസാക്കാമെന്ന് കരുതി.
“നിങ്ങളുടെ ഫോട്ടോ ഇവിടെ ഹരിതാ മൃതത്തിന്റെ പരിപാടിയിൽ മാലയിട്ട് വെച്ചിട്ടുണ്ട് ”
ഒരിക്കലും വൈദ്യർ ചന്ദ്രൻ നാരായണൻ ഞങ്ങളുടെ സുഹൃത്ത് ചന്ദ്രുവായിരിക്കില്ലെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. (അയാളുടെ മുഴുവൻ പേര് ഞങ്ങൾക്കറിയില്ല ]
പവിത്രേട്ടന്റെ വിരല് മൊബൈലിൽ പത്താമത്തെ അക്കത്തിൽ അമരാൻ അനുവദിക്കാതെ ഞാൻ തടഞ്ഞു.
“പവിയേട്ടോ വിളിക്കല്ല.ഇയാളാരാണെന്ന് നമുക്കിവിടെ സംഘാടകരോട് ചോദിച്ചു നോക്കാം.”
നേരത്തേ ,ഞങ്ങളുടെ സംസാരം കേട്ടൊരാൾ സംശയത്തെ നിശ്ചലമാക്കി.
“ചന്ദ്രമണി നാരായണൻ നിങ്ങൾ പറഞ്ഞ ചന്ദ്രുതന്നെ. ഒരു മാസം മുമ്പേ ഒരു കാർ ആക്സിഡന്റ്, ഒരാഴ്ച ഹോസ്പിറ്റലൈസേഷൻ…ഇന്നലെയായിരുന്നു.നാൽപത്തിയൊന്നാം ദിവസത്തെ [മരണാന്തര ]ചടങ്ങ് ”
എന്റെ തൊണ്ടയിൽ ഒരു മഞ്ഞുപാളി വന്നടിഞ്ഞു.
പവിത്രേട്ടന്റെ കീശയിൽ നിന്ന് മൊബൈൽ ശബ്ദിക്കുന്നു.. ആരാണ തെന്ന് നോക്കാതെ വിറയ്ക്കുന്ന കയ്യാൽ ശബ്ദത്തെ അമർത്തിയില്ലാതാക്കി..
കുറച്ച് നേരത്തേക്ക് ഞങ്ങളൊന്നും മിണ്ടിയില്ല.മറ്റ് സ്റ്റാളുകളിലൊന്നും കയറിയില്ല.തിരിച്ച് നടക്കുമ്പോൾ ഔഷധസസ്യ സ്റ്റാളിലേക്ക് കണ്ണൊന്ന് പാളി.
അപ്പോൾ അവിടെ കണ്ടില്ല… കീഴാർ നെല്ലിത്തിരുളിൽ പുഞ്ചിരി തൂകിയ ആ തുഷാര സുന്ദരിയെ.
നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിനും എന്തെന്തു വേഗതയാണെന്ന് ഓർത്തു നിൽക്കെ പുലർവെയിൽ എന്റെ കവിളിലെ കണ്ണീർ ചാലിനെയും ഉണക്കി കളഞ്ഞിരിക്കുന്നു.
രണ്ട്:
ബിഎംഡബ്ള്യു, ഓഡി, ബെൻസ് ,മാരുതി, നിരനിരയായി നിർത്തിയിട്ടിരിക്കുന്ന കാറുകൾക്കിടയിലൂടെ നുഴഞ്ഞ് ഹാളിലെത്തുമ്പോഴേക്കും മീറ്റിങ് തുടങ്ങാറായിരുന്നു.മുൻകൂട്ടി അനുവാദം വാങ്ങിയതിനാൽ 40 പേരടങ്ങുന്ന ആ വലിയ പണക്കാരുടെ കൂട്ടായ്മയിലേക്ക് എനിക്കെന്റെ പ്രൊഡക്റ്റിനെ അവതരിപ്പിക്കാൻ എളുപ്പമായി.
ആഴ്ചയിൽ 50 പേരെ ചേർക്കുകയെന്നതായിരുന്നു ടാർഗറ്റ്. ഈ ആഴ്ചയെങ്കിലും ടാർഗ്ഗറ്റ് എത്തുകയെന്നത് കമ്പനിയിൽ എന്റെ നിലനില്പിന് അത്യാവശ്യമായിരുന്നു.4000 രൂപ മുഖവിലയുള്ള ,എം.ടി .എഡിറ്റ് ചെയ്ത ലോക ക്ലാസിക് കഥകൾ 500 രൂപ അടച്ച് ബുക്ക് ചെയ്യുന്നവർക്ക് 2500 രൂപയ്ക്ക് സ്വന്തമാക്കാവുന്ന ഈ പദ്ധതിയെ എനിക്ക് പൂർണ വിശ്വാസമായിരുന്നു. പ്രൊഡക്റ്റിന്റെ മൂല്യം മനസ്സിലാക്കുന്നതു കൊണ്ടാവും വില ഗൗനിക്കാതെ ജനങ്ങൾ ഇത് ബുക്ക് ചെയ്യുന്നതും മറ്റ് ബ്രാഞ്ചുകളിൽ ആഴ്ചയിൽ 50 വീതം അവർ ‘ടാർഗറ്റ് ‘ ‘അച്ചീവ് ‘ ചെയ്യുന്നതും.ഇത്തവണയെങ്കിലും എനിക്കും ജയിച്ചേ മതിയാവൂ.
അർപ്പണബോധത്തോടെയുള്ള ആത്മാർത്ഥവും ധാർമികവുമായ അധ്വാനത്തിന് പ്രതിഫലം തരാൻ ദൈവം ബാധ്യസ്ഥനാണ്. ചെയ്ത കർമത്തിനുള്ള ഫലം മറ്റൊരു ജന്മത്തിലേക്ക് മാറ്റി വെയ്ക്കാത്ത മഹാനാണീശ്വരൻ.കണ്ണടച്ച് ഞാനെന്റെ ‘ഒടുക്കത്തെ’ ആത്മവിശ്വാസം നെഞ്ചിലമർത്തി വേദിയിൽ കയറി അവതരിപ്പിച്ചു.പുസ്തകത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങളടങ്ങിയ വിലകൂടിയ ബ്രോഷർ ആ ഹാളിനകത്ത് വിതരണം ചെയ്യുമ്പോൾ 20 പേരെങ്കിലും ബുക്കു ചെയ്യുമെന്ന അമിത പ്രതീക്ഷയിലായിരുന്നു ഞാൻ.[അത്യാഗ്രഹമെന്നും വിളിക്കാം ].
മീറ്റിങ്ങ് ആരംഭിക്കുകയാണെന്നും നിങ്ങൾ കുറച്ച് സമയം പുറത്ത് കാത്തിരിക്കയാണെങ്കിൽ താല്പര്യമുള്ളവരെ കണ്ട് പണം കലക്റ്റ് ചെയ്യാമെന്നും ഉത്തരവാദപ്പെട്ടൊരാൾ പറഞ്ഞത് കേട്ട് ഞാൻ പുറത്തിറങ്ങി.പുറത്ത് കാറ്ററിംഗ് വണ്ടിയിൽ നിന്ന് നിലത്തിറക്കി വെയ്ക്കുന്നുണ്ടായിരുന്നു ആ ഹാളിലേക്ക് കൊണ്ടു പോവാനുള്ള ബിരിയാണി. ബിരിയാണിക്കഥ വായിച്ചശേഷം അതുമായി ബന്ധപ്പെട്ട ചെറിയ ഇമേജ് പോലും വിശപ്പിനെ ഉണർത്തും.രാത്രി 8 മണിക്ക് തന്നെ മീറ്റിങ് തുടങ്ങുമെന്നറിയി ച്ചതിനാൽ 7. 45 ന് ഷോപ്പു പൂട്ടി സമയമില്ലാത്തതിനാൽ ഒരു ചായ പോലും കുടിക്കാതെയാണ് ഇവിടെ ഓടിയെത്തിയത്.
അകത്ത് ഗൗരവമേറിയ ചർച്ച കഴിഞ്ഞെന്ന് തോന്നുന്നു.ഇപ്പോൾ മറ്റെന്തൊ സെലിബ്രേഷൻ പാർട്ടിനടക്കുകയാണെന്ന് അകത്തെ ബഹളത്തിൽ നിന്നും മനസിലാക്കാം.അകത്തുള്ളവർ വിളിക്കുന്നതും കാത്ത് വില കൂടിയ ചായം തേച്ച ചുമരു ചാരി നിന്ന് എഫ് ബി യിലും വാട്സ് ആപ്പിലും മാറി മാറി മനസ്സെറിഞ്ഞ് സമയം തിന്ന് തിന്ന് ഇപ്പോൾ രാത്രി 9.45 കഴിഞ്ഞു.ഒരു ബിരിയാണിക്കാറ്റ് സുഗന്ധം പരത്തി ചിറകടിച്ച് പുറത്തേക്ക് പറന്നു. അടച്ച വാതിലുകൾ തുറക്കപ്പെട്ടു. എന്റെ 20 ബുക്കിങ്ങുകൾ ഇതാ സംഭവിക്കാൻ പോകുന്നു. പലരും മദ്യത്തിന്റെ ലഹരിയിൽ പുറത്തെ ഇരുട്ടിലേക്ക് ഒഴുകി.
” സർ… സർ.. ” പുസ്തകത്തിന് ബുക്ക് ചെയ്യണ്ടേ?”
-പലതരം മാംസങ്ങൾ പല്ലുകളിൽ ഇറുക്കി പിടിച്ച് അളിഞ്ഞ് മുഷിഞ്ഞ ഒച്ചയില്ലാത്ത ചിരികൾ മുഖത്തെറിഞ്ഞ് കൊണ്ട് വിയർത്ത് വീർത്ത ജനം പുറത്തെ ഇരുട്ടിൽ പൊങ്ങിക്കിടന്ന കാറുകളിലേക്കടിഞ്ഞു.
ഏറ്റവും ഒടുവിൽ വെയ്സ്റ്റ് നിറച്ച കവറുമായി കാറ്ററിങ് പയ്യൻ പുറത്തു വന്നു.വേസ്റ്റ് ചാക്ക് പുറത്ത് വണ്ടിയിലേക്ക് എടുത്തെറിയുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത് ലോകത്തിന് ക്ലാസിക്കുകൾ സമ്മാനിച്ച മഹാന്മാരുടെ പേരുകൾ അടങ്ങിയ എന്റെ വില കൂടിയ ബ്രോഷറുകൾ ബിരിയാണിയുടെയും മദ്യക്കുപ്പിയുടെയും അവശിഷ്ടങ്ങളോടൊപ്പം അപമാനഭാരത്താൽ വണ്ടിയിലേക്ക് ആണ്ട് പോവുന്നു.
സമയം രാത്രി പത്തരകഴിയുന്നു.വിശപ്പ് എന്റെ ചെറുകുടലിനെ കരുണയില്ലാതെ കടിച്ചുകുടയുന്നു..കേഷ് റസീറ്റ് ബുക്ക് മടക്കി ബേഗിൽ വെച്ച്. പേന കുപ്പായ കീശയിലേക്ക് തിരിച്ച് കുത്തുമ്പോൾ തോറ്റു പോയ നിമിഷമെന്ന് തോന്നിയില്ല. എങ്കിലും കൈത്തണ്ടയിലേക്ക് ഇറ്റിവീണ പളുങ്കുമണിക്ക് ഒരു മഞ്ഞുമലയുടെ ഭാരമുള്ളതുപോലെ തോന്നി.
ഇരുട്ടിൽ തിളങ്ങുന്ന ആ ജലതാരകത്തിന് വല്ലാത്തൊരു സൗന്ദര്യമുള്ളതുപോലെ…
ഞാനാകാശത്തേക്ക് നോക്കി ഒരു താരം കൈ നീട്ടി എന്നെ തൊടുന്നു. ദൈവത്തിനും എനിക്കുമിടയിൽ ഒരു കണ്ണീർ നനവ്.തോറ്റവന്റേതായി തോന്നിയില്ല. ജയിക്കാൻ വേണ്ടി പൊരുതിയവനോടുള്ള ദൈവത്തിന്റെ ആർദ്രത മാത്രം.പിറ്റേ ദിവസം ഷോപ്പടയ്ക്കാൻ നേരവും നല്ല തിരക്കായിരുന്നു. 17 പേരായിരുന്നു. ആയിരവും അഞ്ഞൂറും തുകയടച്ച് ലോക ക്ലാസിക് ബുക്ക് ചെയ്തത്.രാവിലെ മുതൽ പരിചയപ്പെടുത്തിയവരിൽ പകുതി പേരും താൽപര്യത്തോടെ ചേരുകയായിരുന്നു.എന്നാൽ തലേ ദിവസത്തെ മീറ്റിങ്ങിൽ പങ്കെടുത്ത ഒരാൾ പോലുമതിലുണ്ടായിരുന്നുമില്ല. അതിനു മുമ്പുള്ള ഒരു ദിവസവും അങ്ങിനെ സംഭവിച്ചിരുന്നില്ല. പിന്നെ ഒറ്റ ദിവസംകൊണ്ട് ആരു തന്നു എന്റെ ടാർഗറ്റ് തികയ്ക്കാനുള്ള ഇത്രേം പേരെ!-
അപ്പോൾ ഒരു കുഞ്ഞു നക്ഷത്രം എന്നെ കെട്ടിപ്പിടിച്ചു.ഭഗവത് ഗീതയിലെ ഒരു ശ്ലോകം ഉത്തരമായി കാതിലേക്ക് പകർന്നു
“കർമണ്യേ വാധികാരസ്ത്യേ., മാ- ഫലേഷുകദാചന “.
Add a Comment