അപർണ സെൻ സംവിധാനം ചെയ്ത “മിസ്റ്റർ ആന്റ് മിസ്സിസ് അയ്യർ” എന്ന സിനിമയിൽ രാഹുൽ ബോസ് അവതരിപ്പിച്ച കഥാപത്രത്തെ പോലൊരാളെ പ്രണയിക്കണമെന്ന് ആ സിനിമ കണ്ടപ്പോൾ തോന്നിയിട്ടുണ്ട്.
ചേരമാൻ / മുഗൾ സിനിമാ കാലങ്ങൾ
വിനിത പി എച്ച്
‘സിനിമ പണ്ഡിതരുടെ കലയല്ല, സാധാരണക്കാരുടെ കലയാണ് ‘ എന്ന് പറഞ്ഞത് WERNER HERZOG ആണ്. ഒരു നൂറ്റാണ്ടോളമായി ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ എക്കാലത്തെയും വിനോദോപാധി സിനിമയാണ്. ഏറിയ ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും ചെറിയ തുക മാറ്റി വച്ച് വെള്ളിയാഴ്ച ഇറങ്ങുന്ന പടം കാണാൻ കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകൾ. കാശ് കടം വാങ്ങി സിനിമ കാണാൻ പോകുന്നവരോട് കഞ്ഞി കുടിക്കാൻ വകയില്ലെങ്കിലും ഇതിനൊരു കുറവുമില്ലെന്ന ഡയലോഗും പുച്ഛം കലർന്ന നോട്ടവും അച്ഛന്റെ വിവരമില്ലായ്മയാണെന്ന് മനസ്സിലായത് ഏറെ കാലം കഴിഞ്ഞാണ്.
ആദ്യം കണ്ട സിനിമയുടെ കഥ, പ്രമേയം ഒന്നും ഓർമ്മയില്ലെങ്കിലും അത് കണ്ട് വന്ന എന്റെ അനിയത്തിയുടെ ഒരു വിവരണം ഇപ്പഴും ഓർമ്മയിലുണ്ട് “അതേ അച്ഛാ സിനിമ തുടങ്ങുമ്പോ വെള്ളമേഘങ്ങൾ ഇങ്ങനെ വരും…. ഇത്തിരി കഴിയുമ്പോ വെള്ളി മഴ പെയ്യാൻ തുടങ്ങും…. എന്നിട്ടാണ് ആൾക്കാര് വരുന്നത്.’
വെളുത്ത സ്ക്രീനിലെ മിന്നിത്തിളക്കം ഇപ്പോഴത്തെ തലമുറക്ക് മനസ്സിലാവുമോ എന്നറിയില്ല.
അന്നും എന്നും തിയറ്ററിൽ പടം മാറുന്നത് വെള്ളിയാഴ്ചയാണ്. സിനിമ മാറുന്ന ദിവസം ചെണ്ടകൊട്ടി അറിയിക്കുന്ന രീതി നാട്ടിൽ ഉണ്ടായിരുന്നു. അതല്ലങ്കിൽ കാറിൽ ഇരുന്ന് നോട്ടീസ് പറത്തിവിടും. പറന്ന് നടക്കുന്ന മഞ്ഞ പിങ്ക് നിറത്തിലുള്ള നോട്ടീസ് കൈക്കലാക്കാൻ ആൺകുട്ടികൾ കാറിനു പുറകിലൂടെ ഓടും. കറുത്ത അക്ഷരങ്ങളിൽ സിനിമയുടെ കഥാസാരം എഴുതിയിട്ട് ശേഷം സ്ക്രീനിൽ…. എന്ന എഴുത്ത്.
വീടിന് ഏറ്റവുമടുത്തുള്ള തിയറ്റർ ചേരമാൻ ടാക്കീസ് ആയിരുന്നു. ഓല മേഞ്ഞ ഒരു കൊട്ടക. പണ്ട് കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ കപ്പലിറങ്ങിയത് ഞങ്ങളുടെ നാട്ടിലാണ് എന്ന് ചരിത്രം. സിനിമ തുടങ്ങുന്നതിന് മുൻപുള്ള സിനിമാ പാട്ടുകളാണ് കണ്ട സിനിമകളേക്കാൾ കൂടുതൽ ഓർമ്മയിൽ. ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് എടുക്കാൻ മുതിർന്നവർ ക്യൂ നിൽക്കുന്ന സമയം മാറ്റിനി കഴിഞ്ഞിട്ടുണ്ടാവില്ല. ടാക്കീസിനകത്ത് നിന്നുള്ള ഡയലോഗുകൾ കേൾക്കുമ്പോൾ കുട്ടികൾ എല്ലാം പനമ്പിനിടയിലെ ഓട്ടയിലൂടെ എത്തി നോക്കും.
അന്ന് സ്ക്രീനിനോട് ചേർന്ന് ഏറ്റവും മുന്നിൽ തറ, പിന്നെ ബെഞ്ച്, കസേര അങ്ങനെയാണ് സീറ്റുകൾ. അന്നത്തെ ഭൂരിപക്ഷം തിയറ്ററുകളിലും സിനിമയോടൊപ്പം അവിഭാജ്യ ഘടകങ്ങളായിരുന്ന മൂട്ടകടിയും സിനിമയുടെ റീൽ മാറ്റുന്ന സമയത്തെ ഇടവേളകളിലെ കൂവലും എല്ലാം ഇന്നത്തെ മൾട്ടിപ്ലക്സ് തിയറ്റർ പരിസരങ്ങൾക്കന്യമാണ്. വീട്ടിൽ സഹായിക്കാൻ വരുന്ന ചേച്ചിമാരോടൊപ്പം സിനിമ കാണാൻ പോവുന്നതാണ് ഞങ്ങൾക്കിഷ്ടം. എന്നാലേ തറ ടിക്കറ്റെടുത്ത് ഏറ്റവും മുന്നിൽ ഇരിക്കാൻ പറ്റു. സ്കൂളിൽ ഏറ്റവും പുറകിലെ ബഞ്ചിലിരിക്കുന്നത് മോശം കാര്യമാവുന്നതും സിനിമ തിയറ്ററിൽ ഏറ്റവും പുറകിൽ ഇരുന്നാൽ അഭിമാനവും ആവുന്നതിന്റെ രീതിശാസ്ത്രം അന്ന് അത്ര പിടി കിട്ടിയിരുന്നില്ല.
ഏതൊരു മലയാളി പെൺകുട്ടികളെയും പോലെ ഞങ്ങളും അച്ഛനും അമ്മയോടുമൊപ്പം തന്നെയാണ് സിനിമ കാണാൻ പോയിരുന്നത്. അമ്മയാണ് ടിക്കറ്റ് എടുക്കാൻ ക്യൂ നിൽക്കുക. കുടുംബ വ്യവസ്ഥയിൽ എപ്പോഴെങ്കിലും അറിയാതെ വീണു കിട്ടുന്ന സാമൂഹ്യ നീതി ഉറപ്പാകുന്ന ഒരിടം ആണ് സിനിമാ തിയറ്റർ എന്ന് അവിടെ ക്യൂ നിൽക്കുന്ന സ്ത്രീകളെ കാണുമ്പോൾ തോന്നാറുണ്ട്. അച്ഛന്റെയും അമ്മയുടേയും അകമ്പടിയില്ലാതെ ഞങ്ങൾ പെൺകുട്ടികൾ ഒരുമിച്ച് പോയി ആദ്യമായി കണ്ട സിനിമ കമ്മീഷണർ ആണ്. റീലിസ് ആയ ദിവസം തന്നെ കണ്ട ഏക സിനിമയും അതു തന്നെ. മുഗൾ തിയറ്ററിന്റെ ക്യൂവിൽ നിൽക്കുമ്പോൾ ആദ്യമായി തിയറ്ററിന്റെ ക്യൂവിൽ നിന്ന് ടിക്കറ്റ് എടുക്കുന്നതിന്റെ ഒരു ആകാംക്ഷയും അമ്പരപ്പും ഒക്കെ ഉണ്ടായിരുന്നു. ആൺപിള്ളേർ വന്ന് ഒരു ടിക്കറ്റ് എടുത്ത് തരാമോന്ന് ചോദിച്ചപ്പോൾ പറ്റില്ലന്ന് ഇത്തിരി അഹങ്കാരത്തോടെ പറഞ്ഞത്… കയ്യിൽ കിട്ടിയ ടിക്കറ്റ് പിടിച്ച് തിരക്കിനിടയിലൂടെ ഓടിയ ഓട്ടം. ഇന്ന് അവിടെ തിയറ്റർ ഇല്ല. സിനിമ മേഖലയിലെ പ്രതിസന്ധി മൂലമോ മറ്റു പല കാരണങ്ങൾ കൊണ്ടും തിയറ്റർ ഷോപ്പിങ്ങ് മാളായി മാറിയിരിക്കുന്നു.
വർഷങ്ങൾക്ക് മുൻപ് ഏതൊരു പൊതു ഇടത്തേയും പോലെ സിനിമ തിയറ്ററുകളിലും സ്ത്രീകളെ ശല്യം ചെയ്യുന്ന ഉപദ്രവിക്കുന്ന ഒരു പാട് ആളുകൾ ഉണ്ടായിരുന്നു. സർക്കാർ തല ബോധവൽക്കരണങ്ങളും ഒരു പരിധി വരെ സോഷ്യൽ മീഡിയയുടെ കടന്നുവരവും പൊതുഇടങ്ങളിൽ പാലിക്കേണ്ട സാമാന്യ മര്യാദകളെ കുറിച്ച് ആളുകൾ കുറേക്കൂടി ബോധവാൻമാരായിട്ടുണ്ട്. പൊതുവെ പെൺകുട്ടികളും ആൺകുട്ടികളും തമ്മിലുള്ള സൗഹൃദങ്ങളിലും നല്ല രീതിയിലുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്.
സിനിമയും യഥാർത്ഥ ജീവിതവും ഇഴ ചേർന്ന് കിടക്കുന്ന ഒന്നാണ്. നിത്യജീവിതത്തിൽ എത്രയോ തവണ നാം ഓരോരുത്തരും ആ സിനിമയിൽ ‘ഇന്നയാളുടെ കഥപ്രാത്രം പറഞ്ഞ പോലെ ‘എന്ന് പറയാറുണ്ട്. സമൂഹത്തിൽ ഒരു പൊതുബോധം സൃഷ്ടിക്കുന്നതിൽ കലാ സാഹിത്യ രചനകൾക്കും സിനിമകൾക്കും എക്കാലത്തും കഴിഞ്ഞിട്ടുണ്ട്.
പക്ഷേ ,സമൂഹത്തിൽ സിനിമയുടെ സ്വാധീനം ഗുണപരം എന്നതിനേക്കാൾ ദോഷകരമാണ് എന്ന് കാണാൻ കഴിയും. സിനിമയിലായാലും ജീവിതത്തിലായാലും
ജാതി മതം ജാതകം സമ്പത്ത് ഒക്കെ ഒത്തു വന്നാലും ഒരു കറുത്ത ആളും വെളുത്ത ആളും തമ്മിൽ കല്യാണം കഴിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയില്ല. അതുകൊണ്ട് തന്നെ സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ടവരുടെ, സ്ത്രീകളുടെ, ദളിതരുടെ -ജീവിതങ്ങൾ ഒന്നും തന്നെ മുഖ്യധാര സിനിമക്ക് പ്രമേയമാവാറില്ല. എത്ര കണ്ട് സ്ത്രീവിരുദ്ധമാണ് ,ദളിത് വിരുദ്ധമാണ്, ജനാധിപത്യ വിരുദ്ധമാണ് മലയാളി കുടുംബങ്ങളും സമൂഹവും അത്രയും തന്നെ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് ഭൂരിപക്ഷം സിനിമകളും. അതുകൊണ്ട് തന്നെ സിനിമ എങ്ങനെ ജനകീയ കലയാവുന്നു എന്ന് ചിന്തിക്കാറുണ്ട്. അത്രയും സ്ത്രീ വിരുദ്ധമാവുമ്പോൾ പോലും ഈ സിനിമകളെയെല്ലാം ജനപ്രിയമാക്കുന്നതിൽ സ്ത്രീ പ്രേക്ഷകർ വഹിക്കുന്ന പങ്ക് വിരോധാഭാസമായി തോന്നാം.
ജീവിത യാഥാർത്ഥ്യങ്ങൾ ആണ് മിക്കവാറും സിനിമകൾക്ക് ഹേതുവായി മാറുന്നത് എന്നതുകൊണ്ട് തന്നെ സിനിമയിലെ പ്രണയവും അതിൽ നിന്ന് വ്യത്യസ്തമല്ല. സിനിമയിലായാലും ജീവിതത്തിലായാലും പ്രണയം എന്നത് വിവാഹത്തിൽ അവസാനിക്കുന്ന ഒന്നാണല്ലോ. സമൂഹം കൽപിച്ച നൽകിയിട്ടുള്ള സദാചാര്യ മൂല്യങ്ങൾ എല്ലാം കാത്തു സൂക്ഷിക്കേണ്ടത് സ്ത്രീയുടെ മാത്രം കടമയായതു കൊണ്ട് വിവാഹം വരെ ഓരോ പ്രണയിനിയെയും ഒരു പളുങ്കുപാത്രം പോലെ സുതാര്യവും പരിശുദ്ധയുമായി സൂക്ഷിക്കുക എന്നതാണ് ഓരോ തിരക്കഥാകൃത്തും നേരിടുന്ന ഏറ്റവും വലിയ ടാസ്ക്. അപവാദങ്ങൾ ഉണ്ടാവാം
ഇതൊക്കെയാണെങ്കിലും അപർണ സെൻ സംവിധാനം ചെയ്ത “മിസ്റ്റർ ആന്റ് മിസ്സിസ് അയ്യർ” എന്ന സിനിമയിൽ രാഹുൽ ബോസ് അവതരിപ്പിച്ച കഥാപത്രത്തെ പോലൊരാളെ പ്രണയിക്കണമെന്ന് ആ സിനിമ കണ്ടപ്പോൾ തോന്നിയിട്ടുണ്ട്.
ഫിലിം ഫെസ്റ്റിവൽ വിശേഷിച്ച് IFFK വേറിട്ട ഒരനുഭവം ആണ്. മൂന്നര കോടി വരുന്ന കേരള ജനസംഖ്യയുടെ വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രമേ എത്തിപ്പെടാൻ കഴിയുന്നുള്ളൂ എന്നത് പോരായ്മയാണ് എങ്കിലും അതൊരു സാധ്യതയാണ്. യാത്ര ചെയ്യുന്നത് പോലെ തന്നെ ഏറെ സന്തോഷം നൽയിട്ടുള്ള ഒരു ഇടമാണ് ഫിലിം ഫെസ്റ്റിവലുകൾ. ആരും ചോദിക്കാനും പറയാനും ഇല്ല എന്നത് അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കാവുന്ന ഒരിടം. നമുക്ക് ഇഷ്ടമുള്ള സിനിമകൾ ഒറ്റക്കോ ഇഷ്ടമുള്ളവരോടൊപ്പമോ ഒക്കെ കാണാം. ഇഷ്ടമില്ലെങ്കിൽ ഇറങ്ങി പോകാമെന്ന സൗകര്യം വേറെ. കുടുംബം എന്ന കെട്ടുപാടുകളിൽ നിന്ന് എപ്പോഴെങ്കിലും കുറച്ച് ദിവസം അവധി എടുക്കണം എന്ന് മനസ്സിൽ ചിന്തിക്കുന്നവർക്ക് പറ്റിയ ഒരു സ്ഥലമാണ് ഫിലിം ഫെസ്റ്റിവൽ വേദികൾ എന്ന് തോന്നിയിട്ടുണ്ട്. എത്ര പേർക്ക് അതിന് സാധിക്കും എന്ന ചോദ്യം അവശേക്ഷിക്കുമ്പോഴും.
മൾട്ടിപ്ലക്സ് തിയറ്ററുകളുടെ വരവോടു കൂടി തിയേറ്ററിൽ പോയി സിനിമ കാണുന്നവർ എണ്ണം കൂടിയിട്ടുണ്ട്. കൂടിയ ടിക്കറ്റ് നിരക്കും സമയത്ത് എത്തിപെടാനുള്ള ഗതാഗത സൗകര്യവും കണക്കിലെടുത്താൽ സാധാരണക്കാരന് എത്രകണ്ട് എത്തിപ്പെടാൻ കഴിയുന്നുണ്ട് എന്നതും ചർച്ചാ വിഷയമാണ്. ഇതൊന്നുമല്ലാതെ വീട്ടിലിരുന്ന് ഒരു മൊബൈലിൽ സിനിമ കാണാം എന്നുള്ളത് സാധാരണക്കാരെ സംബന്ധിച്ച് ഏറെ സൗകര്യമാണ്. വീട്ടിൽ ഇരുന്ന് സിനിമ കാണുമ്പോൾ അതിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയുടെ ഇഫക്ട്സ് ഒന്നും അത്ര കണ്ട് മനസ്സിലാക്കാൻ പറ്റിയെന്ന് വരില്ലലോ എന്ന് ചോദിച്ചാൽ തിയറ്ററിൽ പോവുന്നവരിൽ എത്ര പേർ സാങ്കേതിത്വം അറിഞ്ഞ് സിനിമ കാണുന്നുണ്ടാവും എന്ന മറുചോദ്യമാവും ഉയർന്ന് വരിക.
കാഴ്ചയുടെ രീതി മാറിക്കൊണ്ടിരിക്കും എന്നല്ലാതെ സിനിമയുടെ പ്രസക്തി ഒരിക്കലും കുറയുന്നില്ല. പണ്ട് ദൂരദർശനിൽ ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ഒരു മലയാള സിനിമയും ബുധനാഴ്ച 8 മണിക്കുണ്ടായിരുന്ന ചിത്രഹാറും മറക്കാനാവില്ല. അടുത്ത വീട്ടിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിലൂടെ ദൂരദർശനിൽ ആദ്യമായി കണ്ട മലയാള സിനിമ കാവ്യമേളയാണ്. അതിലെ ‘സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ സ്വർഗകുമാരികളല്ലോ ‘ എന്ന ഗാനം ഇപ്പഴും ഓർമ്മയിൽ ഉണ്ട്. പണ്ടൊക്കെ നാട്ടിൽ എല്ലാ വീടുകളിലും ടി.വി ഇല്ലാത്തത് കൊണ്ട് മുതിർന്നവരും കുട്ടികളും ഒരുമിച്ച് ഇരുന്നാണ് സിനിമ കാണുക. തിയറ്ററിലെ ഇരുട്ടിന്റെ മറ വീട്ടിലെ അന്തരീക്ഷത്തിൽ ഉണ്ടാവില്ല. മാധുരി ദീക്ഷിതിന്റെയും നീന ഗുപ്തയുടെയും എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ “ചോളീ കേ പീച്ചേ ക്യാ ഹേ” എന്ന പാട്ടു വരുമ്പോ പ്രായമായവരെല്ലാം അറിയാത്ത പോലെ ടി വി സ്ക്രീനിൽ നോക്കാതെ വേറെ എവിടേക്കെങ്കിലും നോക്കിയിരിക്കും, ഞങ്ങൾ പെൺകുട്ടികൾ പരസ്പരം നോക്കി ചിരിച്ചു കൊണ്ട് പാട്ട് ആസ്വദിക്കും.
ഇന്നിപ്പോൾ സ്മാർട്ട് ഫോണുകളുടെ കണ്ടുപിടുത്തം വിവരണാതീതമായ സാധ്യതകൾ ആണ് മനുഷ്യന് വിശേഷിച്ചും സ്ത്രീകൾക്ക് തുറന്ന് കൊടുത്തത്. ലോകം ഓരോരുത്തരുടേയും കൈപ്പിടിയിലേക്ക് ചുരുങ്ങുകയാണ്. കോവിഡ് 19 ന് മുമ്പ് തന്നെ തിയേറ്ററിൽ പോകാതെ വീട്ടിലിരുന്ന് സിനിമ കാണുന്ന ഒരു രീതിയിലേക്ക് ആളുകൾ മാറിയിട്ടുണ്ട്.
OTT പ്ലാറ്റ്ഫോമുകൾ കുറച്ച് കൂടി റിയലിസ്റ്റിക് ആയി വിഷയങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. സിനിമയുടെ എല്ലാ മേഖലയിലേക്കും പുതിയ കാഴ്ചപ്പാടോട് കൂടിയ ചെറുപ്പക്കാർ കടന്നു വരുന്നത് പ്രതീക്ഷനൽകുന്നു. ആരെയും ആശ്രയിക്കാതെ സമയബന്ധിതമല്ലാതെ ഏറ്റവും നൂതന സിനിമകൾ കാണാൻ OTT പ്ലാറ്റ്ഫോമുകൾ സ്ത്രീകൾക്ക് അവസരമൊരുക്കുന്നു. പക്ഷേ സ്ത്രീകൾക്ക് ഇത്തിരിയെങ്കിലും എത്തിപ്പിടിക്കാൻ കഴിഞ്ഞിരുന്ന ഒരു പൊതു ഇടം ഇല്ലാതായി തീരുമോ എന്ന ഒരപകടം നമ്മൾ കാണാതിരുന്നു കൂടാ.
തുല്യത എന്നത് കേവലം അടുക്കള പണി പങ്കിടുന്നതിലേക്ക് മാത്രമായി ചുരുങ്ങുന്ന ഇക്കാലത്തും മലയാള സിനിമ എല്ലാ അർത്ഥത്തിലും സ്ത്രീകളുടേത് കൂടി ആവുന്ന ഒരു നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം.
Add a Comment