jayasree_cover

സ്ത്രീയെ പുരുഷൻ സംരക്ഷിക്കണമെന്ന് പറയുന്നതിലെ മര്യാദകേടുകൾ

സ്ത്രീകൾക്ക് മാന്യതയും വിലയും ഉണ്ടാകണമെങ്കിൽ അവർ നിശ്ചയമായും, എത്ര കുറഞ്ഞതായാലും വേതനം കിട്ടുന്ന പണിയെടുക്കണം. സ്വതന്ത്രരായ വ്യക്തികൾക്കിടയിലേ സ്ഥായിയായ സ്നേഹം ഉണരുകയുള്ളൂ. സ്നേഹം ഇല്ലെങ്കിലും കുഴപ്പമില്ല. പക്ഷെ, പരസ്പരബഹുമാനം അത്യാവശ്യമാണ്. സ്വന്തം തൊഴിലും അഭിമാനവും ഉറപ്പിച്ച ശേഷമേ, സ്ത്രീകൾ ഇന്നത്തെ അവസ്ഥയിൽ പുരുഷനെ പുണരാൻ പാടുള്ളൂ. അല്ലെങ്കിൽ ചുമ്മാ കാലു മടക്കിയുള്ള തൊഴി കിട്ടും.

സ്ത്രീയെ
പുരുഷൻ സംരക്ഷിക്കണമെന്ന്
പറയുന്നതിലെ
മര്യാദകേടുകൾ

ഡോ. ജയശ്രീ ഏ.കെ.

ഭർത്താവ് ഭരിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള ആളാണ്. അവിടെ സ്നേഹത്തിനല്ല കാര്യം, ഭരണത്തിനും കാര്യനടത്തിപ്പിനുമാണ്. വിവാഹം കൊണ്ട് അതാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഒരു സിനിമാ ഡയലോഗ് ഉണ്ടല്ലോ , “വെള്ളമടിച്ച് കോൺ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടിൽ വന്നു കയറുമ്പോൾ ചെരുപ്പൂരി കാലു മടക്കി ചുമ്മാ തൊഴിക്കാനും തുലാവർഷരാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റ് പോറ്റാനും എനിക്കൊരു പെണ്ണിനെ വേണം “. ഇതിൽ സ്നേഹം എന്ന് പറയുന്നത് അയാളുടെ ലൈംഗികസംതൃപ്തി ആണ്. അത് മാത്രവുമല്ല, “എന്റെ” കുഞ്ഞുങ്ങളെ പെറ്റ് പോറ്റി വളർത്തണം. അതൊക്കെ ചെയ്യേണ്ടത് പെണ്ണിന്റെ കടമയാണ്. അതിനയാൾ പെണ്ണിന് ചെലവിന് കൊടുക്കുന്നുണ്ട്. ഇതാണ് സ്നേഹമെന്ന് കുട്ടിക്കാലം മുതൽ പഠിപ്പിക്കുന്നു. ഇങ്ങനെ കണ്ടീഷൻ ചെയ്യപ്പെട്ടിരിക്കുന്നത് കൊണ്ട് സ്നേഹമൊക്കെ കുറച്ച് നാൾ തോന്നും. യഥർത്ഥമല്ലാത്തതു കൊണ്ട് നഷ്ടപ്പെടുകയും ഇത് എനിക്ക് മാത്രം കിട്ടാത്ത എന്തോ ആണെന്ന് കരുതി നിരാശപ്പെടുകയും ചെയ്യും.

പഴയ കാലത്തെ ഭരണാധികാരിയെ ആണ് “ഭർത്താവ്” സൂചിപ്പിക്കുന്നത്. പൊതുവിലുള്ള ഭരണക്രമം മാറിയതിനനുസരിച്ച് കുടുംബങ്ങൾ ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടുമില്ല. പുതിയ ക്രമത്തിൽ സ്നേഹത്തെക്കാൾ പ്രധാനം തുല്യതയും പരസ്പര ബഹുമാനവുമാണ്. സ്നേഹം മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു മാനസികഭാവമാണ്. മനുഷ്യക്കുഞ്ഞുങ്ങൾ സ്വയം പ്രാപ്തി വരിക്കാൻ കാലതാമസം വരുന്നത് കൊണ്ട് ആ ഭാവം തലമുറകൾ അതിജീവിച്ച് വന്ന ഒന്നാകാൻ സാദ്ധ്യതയുണ്ട്. ഒരുമിച്ച് കുഞ്ഞിനെ ജനിപ്പിച്ചു വളർത്തുന്നവർക്കിടയിലും ഒരേ കുടുംബത്തിൽ ഒരുമിച്ച് വളർന്നവർക്കിടയിലും ഈ ഭാവമുണ്ടാകാം. ഇത് ഒരു സംസ്കാരമെന്ന നിലയിൽ നമ്മൾ വളർത്തിയെടുക്കുന്നുമുണ്ട്. എന്നാൽ, ഇതുണ്ടാകണം എന്ന് ഒരു നിർബ്ബന്ധവുമില്ല. അത് നിർദ്ദേശത്തിലൂടെയും പരിശീലനത്തിലൂടെയും ഉണ്ടാക്കിയെടുക്കുക പ്രയാസവുമായിരിക്കും. പലപ്പോഴും നമുക്ക് ചുറ്റുമുള്ള മാതൃകകളിൽ നിന്ന് ആളുകൾ കുറെയൊക്കെ ഇത് സ്വാംശീകരിച്ച് എടുത്തെന്നിരിക്കും. വേണമെന്ന് നിർബ്ബന്ധമില്ല. മനുഷ്യർ ഇട പെടുന്ന പൊതു സ്ഥലത്തും ജോലി സ്ഥലത്തുമൊക്കെ ഇതുണ്ടാവുകയും ചെയ്യാം. ആളുകൾ ജോലിയിൽ നിന്നും വിരമിക്കുമ്പോഴൊക്കെ കൂടെയുള്ളവർ വികാരാധീനരാകുന്നത് നമ്മൾ കാണാറുണ്ടല്ലോ. പക്ഷെ, അവിടെ നമുക്ക് സ്വാതന്ത്ര്യമുണ്ട്. ആ സ്നേഹം പുറമെ നിന്ന് ആരും ഏൽപ്പിക്കുന്നതല്ല . എന്നാൽ, ഭാര്യാ ഭർത്താക്കന്മാർ സ്നേഹിച്ചു കൊള്ളണമെന്ന് നിർബ്ബന്ധം വച്ചിരിക്കുകയാണ്. അതു കൊണ്ട് അതുണ്ടാകണമെന്നില്ല.

ഇപ്പോഴത്തെ വിവാഹ സമ്പ്രദായം ഈ കാലഘട്ടത്തിലെ മൂല്യങ്ങളായ ജനാധിപത്യത്തിനും പൗരത്വത്തിനും തുല്യതക്കും യോജിച്ചതല്ല. ഏതോ കാലത്ത് ഇത് യോജിച്ചതായിരുന്നിരിക്കാം. പുരുഷന്മാർ പുറത്ത് ജോലി ചെയ്യുകയും നില നിൽപ്പിനായി ധാരാളം കുട്ടികൾ ആവശ്യമായി വരുകയും ചെയ്തപ്പോൾ ഈ കുടുംബഘടന്ന സമൂഹ്യധർമ്മം നിർവ്വഹിച്ചിരിക്കണം. അന്ന് വളർത്തിയെടുത്ത മൂല്യങ്ങൾ ഇപ്പോൾ പുരുഷാധിപത്യത്തിനും കച്ചവടത്തിനും വേണ്ടി നില നിർത്തിയിരിക്കുകയാണ്. ഇന്നത്തെ മനുഷ്യരുടെ ജീവിതത്തിൽ ഇത് സഹായകമാവുന്നില്ല.

സ്‌ത്രീയെ പുരുഷൻ സംരക്ഷിക്കണമെന്ന മര്യാദ കേടിലാണ് അത് തുടങ്ങുന്നത്. സ്‌ത്രീധനം കൊടുക്കേണ്ടി വരുന്നത് അതു കൊണ്ടാണ്. വെറുതെ ഒരു ബാദ്ധ്യത പുരുഷൻ എന്തിന് തലയിലേറ്റണം? സ്ത്രീയെ സംരക്ഷിക്കുക പുരുഷന്റെ കടമയാണ് എന്നും അതു കൊണ്ട് സ്ത്രീധനം വേണ്ടെന്നും പലരും പറഞ്ഞു കേൾക്കുന്നു. അങ്ങനെ ഒരു ബാധ്യതയെ എങ്ങനെ സ്നേഹിക്കാൻ കഴിയും? ഞാനൊരു പുരുഷനാണെങ്കിൽ ഒരിക്കലും അങ്ങനെ ഒരു ബാദ്ധ്യത തലയിൽ എടുത്തു വക്കില്ല. അതിന് നിർബ്ബന്ധിക്കപ്പെട്ടാൽ അവരെ സ്നേഹിക്കാനും പ്രയാസമായിരിക്കും. സ്വയം ഉത്തരവാദിത്വമുള്ള ഒരു സ്ത്രീയോടൊപ്പമേ ജീവിക്കൂ. ഇന്ന്, സ്ത്രീകൾ സാമൂഹ്യമായി ഉത്തരവാദിത്വമുള്ള പൗരകളാണ്. സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയാത്തവർ എങ്ങനെയാണ് നാടിന്റെ ഉത്തരവാദിത്വമെടുക്കുന്നത്? അങ്ങനെ എടുക്കാൻ കഴിയാത്തവരാണ് സ്ത്രീകൾ എങ്കിൽ എന്തിനാണ് അവർക്ക് വോട്ടവകാശം നൽകുന്നത്?

സംരക്ഷണം ഏറ്റെടുക്കുമ്പോൾ അതിൽ തീർച്ചയായും നിയന്ത്രണവും അതോടൊപ്പം അധികാരവും ഉണ്ടാവും. അത് ഒരു വലിയ പരിധി വരെ കുട്ടികൾക്ക് ആവശ്യമാണ്. എന്നാൽ, സ്ത്രീകൾ കുട്ടികളല്ല എന്നത് നാം ഓർക്കണം. പക്ഷേ, സ്ത്രീകൾക്ക് ഉപജീവനത്തിനായി പുരുഷന്മാരെ ആശ്രയിക്കേണ്ടിയിരിക്കുന്നു. അതങ്ങനെ പറയുന്നതിനു പകരം സ്നേഹം, കടമ എന്നൊക്കെയുള്ള അമൂർത്തസങ്കല്പങ്ങൾ കൊണ്ടു വന്ന് സ്ത്രീകളെ കബളിപ്പിക്കുകയാണ്. സ്നേഹം കൊണ്ടും കടമ കൊണ്ടും ചെയ്യുന്ന സേവനങ്ങൾക്ക് മൂല്യമോ വിലയോ ഇല്ല. അങ്ങനെ വരുമ്പോൾ അവരും കാര്യസാധ്യത്തിനായി അഭിനയിക്കും. തലയണമന്ത്രവും അമ്മായി അമ്മപ്പോരുമെല്ലാം സ്വതന്ത്രമായ നില നില്പില്ലാത്ത സ്ത്രീകളുടെ സ്നേഹാഭിനയത്തിന്റെയും അതിന്റെ തിരിച്ചടിയുടെയും പ്രതിഫലനമാണ്.

സ്ത്രീകൾക്ക് മാന്യതയും വിലയും ഉണ്ടാകണമെങ്കിൽ അവർ നിശ്ചയമായും, എത്ര കുറഞ്ഞതായാലും വേതനം കിട്ടുന്ന പണിയെടുക്കണം. സ്വതന്ത്രരായ വ്യക്തികൾക്കിടയിലേ സ്ഥായിയായ സ്നേഹം ഉണരുകയുള്ളൂ. സ്നേഹം ഇല്ലെങ്കിലും കുഴപ്പമില്ല. പക്ഷെ, പരസ്പരബഹുമാനം അത്യാവശ്യമാണ്. സ്വന്തം തൊഴിലും അഭിമാനവും ഉറപ്പിച്ച ശേഷമേ, സ്ത്രീകൾ ഇന്നത്തെ അവസ്ഥയിൽ പുരുഷനെ പുണരാൻ പാടുള്ളൂ. അല്ലെങ്കിൽ ചുമ്മാ കാലു മടക്കിയുള്ള തൊഴി കിട്ടും. അപ്പോൾ ചോദിക്കും, എല്ലാ സ്ത്രീകൾക്കും തൊഴിൽ കിട്ടുമോ എന്ന്. കല്യാണവും കഴിഞ്ഞ് തൊഴിയും കഴിഞ്ഞ്, സ്ത്രീധനവും നശിപ്പിച്ച് ആണുങ്ങൾ . ഉപേക്ഷിച്ച് പോകുമ്പോൾ സ്ത്രീകൾ പോയി ഏതു തൊഴിലും ചെയ്യുന്നത് കാണാം. ഇത് ആദ്യമേ ചെയ്യാൻ പാടില്ലേ? സ്ത്രീധനം കൊടുക്കുന്ന പണം കയ്യിലുണ്ടാവുകയും ചെയ്യും.

മനുഷ്യർ പരസ്പരം സ്നേഹിച്ചു കഴിയുന്നത് സാമൂഹ്യമായ ഉത്തരവാദിത്വമുള്ള ഒരു സമൂഹത്തിൻറെ ലക്ഷണമായിരിക്കും. ആർഭാടവും ആചാരവും കെട്ടുതാലിയും നിയമവും കോടതിയും കൗൺസിലിംഗും എല്ലാം കൊണ്ട് പാട് പെട്ട് നില നിർത്തേണ്ടി വരുന്ന ഒരു സ്ഥാപനമാണ് വിവാഹമെങ്കിൽ അതെന്തിനാണ് ഇങ്ങനെ താങ്ങി നിർത്തുന്നത്? ഇത്ര പാട് പെട്ടുണ്ടാക്കിയെടുക്കുന്ന ഒരു സ്ഥാപനത്തിൽ എങ്ങനെ സ്നേഹം പിറക്കും? അത് സഹജമായുണ്ടാകുന്നതല്ലേ നല്ലത്? ഇങ്ങനെ കൂട്ടി കെട്ടി വക്കുന്നതിന് ന്യായീകരണമായി എപ്പോഴും കൊണ്ട് വരുന്നത് കുട്ടികളുടെ കാര്യമാണ്. കുട്ടികളായിരിക്കുമ്പോഴാണ് വാസ്തവത്തിൽ സ്നേഹവാത്സല്യങ്ങൾ ഏറ്റവും ആവശ്യമായി വരുന്നത്. അത് വളർച്ചയെയും പഠനത്തെയും സഹായിക്കും. അത് അവരെ ഉത്തരവാദിത്വമുള്ള പൗരരാക്കും. ഇപ്പോഴത്തെ പോലെ അവരെ സ്വകാര്യ സ്വത്താക്കുകയും ഭാവിയിലേക്കുള്ള തങ്ങളുടെ ഇൻവെസ്റ്മെന്റാക്കുകയുമല്ല വേണ്ടത്.

അങ്ങനെ കരുതുന്നില്ലെങ്കിൽ ആര് വളർത്തണമെന്ന കാര്യത്തിലൊന്നും തർക്കമുണ്ടാവില്ല. കുട്ടികളോടുള്ള കരുതലും ശ്രദ്ധയും എല്ലാവർക്കുമുണ്ടാകേണ്ടതാണ്. അങ്ങനെയുള്ള എത്രയോ അങ്കണവാടി ടീച്ചർമാരും മറ്റ് അദ്ധ്യാപകരുമുണ്ട്. അതിനേക്കാൾ കുറച്ചു കൂടി കൂടിയ ഒരുത്തരവാദിത്വമാണ് അച്ഛനമ്മമാർക്കുള്ളത്.

ഇന്ന് ജനസംഖ്യ അധികമായത് കൊണ്ട് കൂടുതൽ എണ്ണത്തിൽ കുട്ടികളെ ആവശ്യവുമില്ല. ഒരുമിച്ച് കുട്ടികളെ വളർത്താൻ ഇഷ്ടമുള്ളവർക്ക് സമയമെടുത്ത് യോജിച്ച് അതു ചെയ്യാവുന്നതാണ്. അതിനിടയിൽ, തമ്മിൽ ഒരുമിച്ച് പോകാൻ കഴിയുന്നില്ലെങ്കിൽ പിരിയുകയും ചെയ്യാം. കുട്ടികൾ ആരുടെ കൂടെ വളർന്നാലും മുതിർന്നവർ ഉത്തരവാദിത്വമുള്ളവരാണെങ്കിൽ അവർ നന്നായി തന്നെ വളരും. തിരികെ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ കുട്ടികളെ നിരുപാധികം സ്നേഹിക്കാൻ ആർക്കും കഴിയും. അതിനായി പരസ്പരം സ്നേഹിക്കാൻ കഴിയാത്ത ദമ്പതികളെ നിർബ്ബന്ധിച്ച് ഒന്നിപ്പിക്കേണ്ട ആവശ്യം വരുന്നില്ല.

ഡോ. ജയശ്രീ എ.കെ. | ഫോട്ടോ: മൈത്രേയൻ

പ്രണയമാണ് ദമ്പതികൾക്കിടയിൽ മാത്രമുണ്ടാകണമെന്ന് നമ്മൾ ശഠിക്കുന്ന മറ്റൊരു കാര്യം. ശരീരത്തിന്റെയും മനസ്സിന്റെയും കാമനകളാണ് ഈ അനുഭവമുണ്ടാക്കുന്നത്. അത് കൊണ്ട് തന്നെ അത് സ്നേഹത്തെ പോലെയോ അതിനേക്കാൾ ഹ്രസ്വമായോ മാത്രം ജീവിതത്തിലുണ്ടാകുന്നതാണ്. സാംസ്‌കാരികമായ സ്വാധീനമുണ്ടാകുമെങ്കിലും അതും തീരുമാനമെടുത്ത് തുടങ്ങാൻ കഴിയുന്നതല്ല. ചില സന്ദർഭങ്ങളിൽ, ചില വ്യക്തികൾക്കിടയിൽ മാത്രമാണ് അതുണ്ടാകുന്നത് . പ്രണയമില്ലാതെ ലൈംഗികബന്ധത്തിലേർപ്പെടാൻ കഴിയുന്നവരും കഴിയാത്തവരുമുണ്ടാകും. പ്രണയിക്കുന്ന എല്ലാ ആളുകളും ആണിന്റേതും പെണ്ണിന്റേതുമായ വ്യത്യസ്ത ബീജ കോശങ്ങൾ വഹിക്കുന്നവരാകണമെന്നില്ല. അങ്ങനെ ആകുമ്പോൾ പ്രത്യുൽപ്പാദനം നടക്കണമെന്നുമില്ല. ഇപ്പോഴത്തെ വിവാഹസമ്പ്രദായത്തിൽ ഇങ്ങനെ സ്നേഹം, പ്രണയം, ലൈംഗികത, പ്രത്യുത്പാദനം, കുട്ടികളെ വളർത്തൽ, സ്വത്ത് ശേഖരണം, കൈമാറ്റം എന്നിങ്ങനെ സാദ്ധ്യമായതും അല്ലാത്തതുമായ ഒട്ടേറെ കാര്യങ്ങൾ ഒരുമിച്ച് പ്രതീക്ഷിക്കുകയാണ്. ലിംഗഭേദമില്ലാതെ എല്ലാ വ്യക്തികളും സ്വാഭിമാനം ആഗ്രഹിക്കുന്ന ഇന്നത്തെ സമൂഹത്തിന് ചേരാത്ത സമ്പ്രദായമാണത്. അതിലെ വ്യത്യസ്ത ഘടകങ്ങൾ അഴിച്ചെടുത്ത് കുടുംബം ഉണ്ടാക്കാനാഗ്രഹിക്കുന്നവർ അവരുടെ ഇച്ഛക്കനുസരിച്ച് ഒരുമിച്ച് പണിതെടുക്കുകയാണ് വേണ്ടത്. അവർക്കിടയിൽ സ്നേഹം സ്വാഭാവികമായുണ്ടാകും. അപ്പോൾ, സ്ത്രീക്ക് പുരുഷനെ ആശ്രയിക്കുക വഴി, അത് ബന്ധനമോ, പുരുഷന് സ്ത്രീയുടെ സംരക്ഷണ ചുമതല ഏൽക്കേണ്ട തരത്തിൽ ബാദ്ധ്യതയോ ആകില്ല.

വിവാഹം ഒരു ബാദ്ധ്യത ആകുന്നതു കൊണ്ടാണ് സ്നേഹമുള്ള പുരുഷന് സ്നേഹമുള്ള ഭർത്താവാകാൻ കഴിയാത്തത്.

Add a Comment

Your email address will not be published. Required fields are marked *