vijila

എല്ലാ വഴികളിലുമുണ്ട് കവിതകള്‍

എന്റെ അമമാര്‍ക്ക് എഴുതാന്‍ കഴിയാതെ പൊയതാണ് ഞാന്‍ കവിതകളാക്കിയത് എന്ന് പലപ്പോഴും ഞാന്‍ പറഞ്ഞിട്ടുണ്ട്. അമ്മമാരുടെ കയ്യില്‍ ഒരു പേന കൊടുത്തിരുന്നെങ്കില്‍ അവര്‍ അവരുടെ കയ്യിലെ ചട്ടുകം നിലത്തുവെച്ച് ആത്മഗതമായി പറയുന്നതത്രയും എഴുതി എഴുതി സരഗാത്മകലോകം അവര്‍ കീഴടക്കിയേനേ. അടുക്കളയില്‍ ഞാന്‍ എന്റെ സമയം ചെലവഴിച്ചിട്ടേ ഇല്ല എന്ന് തന്നെ പറയാം.ഇപ്പൊഴും വീട്ടിലുള്ള ദിവസങ്ങളില്‍ അടുക്കളയില്‍  ചെറിയ സഹായത്തിനുപോലും ഞാന്‍ വേണമെന്ന നിര്‍ബന്ധം അമ്മയ്ക്കില്ല. ആ സ്വാതന്ത്ര്യത്തിന്റെ ലോകം തന്നെയാണ് എനിക്ക് ഭാവനയുടെ ആകാശം തന്നത്.

പുറത്തേക്ക് നോക്കുന്ന പെണ്‍കുട്ടി, അഞ്ചാം ക്ലാസില്‍ മത്തായി മാഷ് മലയാളം പഠിപ്പിക്കുകയാണ്.മാഷ് അവളെ ശ്രദ്ധിക്കുന്നു. വഴക്ക് കേള്‍ക്കുന്നു. മിടുക്കിയായ വിദ്യാര്‍ഥിനി എന്ന് ആത്മവിശ്വാസം ഉണ്ടാക്കും വിധം മത്തായിമാഷ് അവളുടെ കയ്യക്ഷരത്തെ പുകഴ്ത്തിയതായിരുന്നല്ലോ. എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായല്ലോ, ഒരു കണ്ണീര്‍ച്ചാല്‍.രൂപപ്പെട്ടല്ലൊ. പുറത്തേക്ക് നോക്കുന്ന കണ്ണുകളെല്ലാം സര്‍ഗാത്മകതയുടെ ഉറവിടം തേടാന്‍ വെളിച്ചം തേടാന്‍ ക്യാസ്മുറികളെ മുറിച്ചുകടക്കുമെന്നറിയാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. വൃന്ദാവനം എ യു പി സ്കൂളിലാണ് ഏഴാം ക്ലാസ് വരെ പഠിച്ചത്. അനിത,സീമ എന്ന ശ്രീഷ്മ ബവിത, സീനത്ത്,പ്രീതി,രശ്മി, രതീഷ്, രെജി, റഷീദ്, ജിഷ, നിഷ,ഷീബ,ഷെരീഫ,ബിന്ദു, ലതിക, രജനി,ഷീജ,ഷാനി..ഓര്‍മയില്‍ വന്നവരില്‍ തന്നെ രണ്ടുപേര്‍ ഇപ്പൊള്‍ ജീവിച്ചിരിപ്പില്ല. ഷീബയും നിഷയും. ഷീബ ഗര്‍ഭിണിയായിരിക്കേ മരിച്ചു. നിഷ ആത്മഹത്യ ചെയ്തു. ജീവിതത്തില്‍ തീവ്രമായ ഒരു സ്നേഹം അനുഭവിപ്പിച്ച കൂട്ടുകാരിയാണ് ഷീബ. ക്ലാസില്‍ തോറ്റ ചിലര്‍ നമ്മള്‍ ജയിച്ചുവരുമ്പോള്‍ എതിരേല്‍ക്കാനുണ്ടാവുമല്ലോേ.അവരിലൊരാളായിരുന്നു ഷീബ. എന്നെ പിടിച്ചുവെച്ച് ഉമ്മ വെയ്ക്കുന്നതൊക്കെ ഇപ്പൊഴും ഓര്‍ക്കുന്നു. വെള്ളിയാഴ്ചദിവസങ്ങള്‍ ഉച്ചസമയം കുറെ സമയം അധികം കിട്ടുമല്ലോ. ആ സമയത്താണ് കൂട്ടുകാരുടെ വീട്ടില്‍പോക്ക് പരിപാടി. അവള്‍ എന്റെ വീട്ടില്‍ വന്നതും അച്ഛന്‍ കരിമ്പ് മുറിച്ചുകൊടുത്തതും ഓര്‍മകളാണ്. ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴേ ഷീബ വിവാഹിതയായായി. കല്യാണത്തിനൊന്നും ഞാന്‍ പോയില്ല. രെജിയും വിവാഹിതയായി. അവള്‍ പറഞ്ഞാണ് ഷീബയുടെ വിവരങ്ങള്‍ അറിയുന്നത്. വിവാഹം എന്ന ഏര്‍പ്പാട് തന്നെ ഭയം സൃഷ്ടിക്കുന്ന ഒന്നായി. ഗര്‍ഭം, പ്രസവം, അടുക്കള ഇതൊന്നുമില്ലാത്ത ജീവിതം സ്വപ്നം കാണാന്‍ ഇവരൊക്കെ കാരണമായി.

സ്കൂളില്‍ ക്ലാസ് അവസാനിക്കുമ്പോള്‍ നോട്ടുബുക്കിലെ എഴുതാത്ത പേജുകളെല്ലാം കൂട്ടിത്തുന്നി ഓട്ടോഗ്രാഫ് ഉണ്ടാക്കുമായിരുന്നു ഞങ്ങള്‍. ഓരോ ക്ലാസ് കഴിയുമ്പോഴും തോറ്റവര്‍ കൂടെ വരില്ലല്ലോ. തോല്‍ക്കുന്നവരേയും ചേര്‍ത്തുപിടിക്കണമെന്ന ചിന്ത ഞങ്ങളുടെ അബോധത്തില്‍ പ്രവര്‍ത്തിച്ചിരിക്കണം. സ്കൂള്‍ അടയ്ക്കും മുമ്പേ ഓട്ടോഗ്രാഫില്‍ ‍സ്നേഹവും കുസൃതിയും വികൃതിയും എഴുതിനിറച്ചു. ഓർക്കുക വല്ലപ്പോഴും, മംഗളം നേരുന്നു, നീ നിന്റെ ഭര്‍ത്താവുമൊന്നിച്ച് പോകുമ്പോള്‍ ബൈക്ക് നിര്‍ത്തി പുഞ്ചിരിക്കണം,വിട, വിട എന്നൊക്കെ എഴുതിനിറച്ചതാണ് ആദ്യത്തെ പാഠ്യേതര അക്ഷരാഭ്യാസങ്ങള്‍. വിട എന്നത് പിട എന്ന് തെറ്റി എഴുതിയതുകണ്ട് പൊട്ടിച്ചിരിച്ച നാളുകള്‍

സ്കൂള്‍ വിട്ടുവരുമ്പോള്‍
കോലുമുട്ടായിയും
അരുള്‍ ജ്യോതിയും
പുളിയച്ചാറും കുക്കീസും
പളുങ്കുഗോട്ടിയും
ഞങ്ങളെ കൊതിപ്പിക്കുമ്പേള്‍
പീടികയൊരു മഴവില്ലാകും
ഡിങ്കനും മായാവിയും
കാലിയയും മാടിവിളിക്കുമ്പോള്‍
പീടികയൊരു പച്ചക്കാടാകും.

എന്ന് പിന്നീട് കവിതയില്‍ എഴുതി. പടച്ചേോന്‍ കാക്കയുടെ കട ഞങ്ങളുടെ പ്രിയപ്പെട്ട ഒരു ഇടമായിരുന്നു. നന്മ നിറഞ്ഞ ഒരു മനുഷ്യന് പടച്ചാന്‍ കാക്ക എന്ന് നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്ത പേരാണ് പടച്ചാന്‍ കാക്ക.  അതുപോലെ കൊമ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന നാരായണന്‍ നായരുടെ കടയും. കടയുടെ മുന്നില്‍ ഓടയുണ്ട്. ഞങ്ങളതിനെ കാണി എന്നും ആണി എന്നും വിളിക്കുന്നു. മഴക്കാലത്ത് കാണിയിലെ എഴുത്തച്ഛന്‍ മീനുകളെ നോക്കിനില്‍ക്കലായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാ വഴികളിലുമുണ്ട് കവിതകള്‍. കണ്ണില്‍ പുല്ലെണ്ണ വെച്ച് കുളിരണിഞ്ഞ ഇടവഴികള്‍,മഞ്ഞുവീണ പുല്‍വഴികളിലൂടെ പാലുവാങ്ങാന്‍ ചെരിപ്പിടാതെ നടന്നുപോയ കുന്നിന്‍പുറം, കാക്കപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന ചെളിമണമുള്ള വയല്‍വരമ്പുകള്‍,വേനല്‍ക്കാലം കുളിക്കാനും അലക്കാനും പോയ തോട്ടിലേക്കുള്ള വഴികള്‍. തോട്ടുവക്കത്തെ ചെമ്പരത്തിപ്പൂക്കള്‍,കൊടിത്തൂവകള്‍ക്കിടയിലെ തുമ്പകള്‍….

കുന്നിന്‍മുകളിലാണ് എന്റെ രണ്ടാമത്തെ സ്കൂള്‍  സെന്‍റ് ജോര്‍ജസ് ഹൈസ്കൂള്‍. രണ്ടുവഴികളുണ്ട് സ്കൂളിലേക്കെത്താന്‍. കോണ്‍വെന്‍റും നീന്തല്‍ക്കുളവും കടന്ന് കുത്തനെയുള്ള കയറ്റം കയറണം,രണ്ടാമത്തെ വഴി വളഞ്ഞുപുളഞ്ഞ വഴിയരികില്‍, നിറയെ മരങ്ങളും കാട്ടുവള്ളികളും. പള്ളി കടന്ന് സ്കൂള്‍ എത്തിയാല്‍ മുറ്റം നിറയെ കടുംനിറത്തിലുള്ള പൂക്കളുമായി റോസ് ചെടികള്‍, വെട്ടിയൊതുക്കിയ ബുഷ്ചെടികള്‍, ക്രിസ്മസ് ട്രീ. എന്റെ നോട്ടം പൂക്കളില്‍ തന്നെയായിരുന്നു. വെള്ളിയാഴ്ച ദിവസങ്ങളില്‍ ‍ഞങ്ങള്‍ പള്ളിയില്‍ പോയിരിക്കും. അവിടെയുള്ള പ്രസിദ്ധീകരണങ്ങള്‍ എടുത്തുവായിക്കും. അതും നല്ലൊരു അനുഭവമായിരുന്നു. ശാന്തമായ ഒരിടത്ത് നിശ്ശബ്ദരായി ഇരിക്കുന്നതും കുരിശു വരച്ച് മുട്ടുകുത്തി പ്രാര്‍ഥിക്കുന്നതും വെള്ളിയാഴ്ചകളെ വ്യത്യസ്തമാക്കി. സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തപ്പെട്ട മതം വേറെയാണല്ലോ എന്ന ചിന്തയൊന്നും അപ്പോള്‍ ഞങ്ങളെ അലട്ടിയില്ല. ആലീസ്, ഡെന്നീസ്, അനീഷ, ഹസീന, ജാസ്മിന്‍, അനൂപ്, ബിനു, സജിനി,ദീപ, റെയിസ്, നൈസ് മാത്യൂ,സിബി,സുഭാഷിണി…എല്ലാവരും പല നിലകളില്‍ സസുഖം പലയിടങ്ങളില്‍ വാഴുന്നുണ്ടാവണം.

കൂട്ടുകുടുംബം പോലെ തന്നെയായിരുന്നു ഞങ്ങളുടെ വീട്ടിലും. കുഞ്ഞമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്ന ശാരദാമ്മയാണ് ഞങ്ങളെ നോക്കിയിരുന്നത്. കഥകള്‍ പറഞ്ഞുതന്നിരുന്നതും ഉറക്കിയതുമൊക്കെ കുഞ്ഞമ്മയാണ്. ഞങ്ങളില്‍ വായനാശീലം ഉണ്ടാതക്കിയതും കുഞ്ഞമ്മയാണ്. ചേച്ചി ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്. കത്തെഴുതുന്നതും കത്ത് വരുന്നതും അക്ഷരങ്ങളുമായുള്ള നല്ല ബന്ധമാണല്ലോ ഉറപ്പിക്കുന്നത്. സാങ്കല്‍പ്പികപ്പേരില്‍ വീട്ടുപേരില്‍ കത്തെഴുതി  അടുത്ത കുറ്റിക്കാട്ടിലൊക്കെ കൊണ്ടിട്ടിട്ടുണ്ട്. ലതിക, കുന്നത്ത് എന്നൊക്കെയാണ് റ്റു അഡ്രയില്‍ എഴുതിയിരുന്നത്. ഭാഷയെ രൂപപ്പെടുത്തുന്നതില്‍ കത്തുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മനസിലായി. വീട്ടിനടുത്തെ സുബൈദുമ്മയ്ക്ക് ഞാന്‍ കത്തെഴുതി കൊടുത്തിട്ടുണ്ട്. ‍ഗള്‍ഫിലുള്ള അവരുടെ ആങ്ങളയ്ക്കാണ് കത്ത്. അവര്‍ നീട്ടിപ്പറയുന്നതിനെ ഞാന്‍ ചുരുക്കി കാര്യങ്ങള്‍ മാത്രം ഭംഗിയായി എഴുതുമ്പോള്‍ ഞാന്‍ എഴുതുന്നത് അവര്‍ക്കുകൂടി സമ്മതമാവുമ്പോള്‍ എന്റെ എഴുത്തിലുള്ള ആത്മവിശ്വാസം വര്‍ധിച്ചു.

മീഞ്ചന്ത ആര്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ അനിത എനിക്ക് കത്തുകള്‍ അയയ്ക്കുമായിരുന്നു. ഞാന്‍ നാട്ടില്‍ തന്നെയുള്ള കോളേജിലാണ്. നര്‍മം കലര്‍ത്തി പഴംപൊരിയെ പഴംപൊരിയെന്നും മഴയെ മയ എന്നും എഴുതി ഞങ്ങളതൊക്കെ വായിച്ച് പൊട്ടിച്ചിരിച്ചു. അവള്‍ കത്തില്‍ ആമ്പല്‍പ്പൂക്കളും വിതറി ഇടുമായിരുന്നു. സുഗന്ധം പരത്തുന്ന കത്തുകളൊക്കെ ഇപ്പൊള്‍ ഒര്‍മകളായി. കയ്യക്ഷരത്തിന്റെ ഭംഗിയ്ക്കും കൈമോശം വന്നു. പയ്യോളിക്കടപ്പുറത്ത് അച്ഛന്റെ ഒരു പെങ്ങള്‍ താമസിക്കുന്നുണ്ട്. അവരുടെ വീട്ടിലേക്കുളള്ള യാത്രയില്‍ കടല്‍ കാണാനുള്ള ആഗ്രഹവും കൂടെയുണ്ട്. തീരത്തെഴുതിയിട്ട വാക്കുകളിലൊന്നും കവിത ഇല്ലായിരുന്നു. അവയൊക്കെ ഒരു നാള്‍ എന്നില്‍ വന്നടിഞ്ഞ സ്നേഹത്താല്‍, സ്പര്‍ശത്താല്‍ അടര്‍ന്നു വീണതാകണം. കറുത്ത അടിവസ്ത്രങ്ങളിട്ട് സ്വന്തം വിയര്‍പ്പുകറ മറയ്ക്കുന്ന, കല്ലും മണ്ണും ചുമക്കുന്ന അമ്മമാരുടെ നെടുവീര്‍പ്പുകള്‍ കവിതയാക്കാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടി വന്നു. അവ മലയാളഭാഷയില്‍ വേറിട്ടുനില്‍ക്കുന്നതില്‍ അഭിമാനം മാത്രം. കാവ്യചരിത്രത്തില്‍ തുളസിക്കതിര്‍ ചൂടിയ, തൂണ് മറഞ്ഞുനിന്ന് ഒച്ചയില്ലാതെ മൊഴിയുന്ന മലയാളകവിതയ്ക്ക് ഒരു തിരുത്ത് വരുത്തിയതില്‍ അഭിമാനം മാത്രം.

Comments are closed.