സംവാദം:
വ്യക്തി, കുടുംബം, സദാചാരം
മാർക്സ് കണ്ട കാലമോ ലോകമോ അല്ല ഇന്നുള്ളത്.വ്യക്തി, കുടുംബം, സദാചാരം ,തൊഴിൽ നിയമങ്ങൾ, മതം- എല്ലാം പുതിയ ക്രമങ്ങൾ തേടുകയാണ്.ഈ പുതിയ ലോകക്രമത്തിൽ, പുതുതായി രൂപപ്പെട്ടു കൊണ്ടിരിക്കുകയും നിർവ്വചിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ജീവിത വ്യാഖ്യാനങ്ങൾ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നത്? കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ലോകത്തിൻ്റെ ഈ മാറ്റങ്ങൾ തിരിച്ചറിയുന്നതിൽ എത്രത്തോളം മുന്നോട്ടു പോയിട്ടുണ്ട്?
സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ മെമ്പറും കേരളത്തിൻ്റെ സാംസ്കാരിക മുഖവുമായ എം.എ ബേബി തുടങ്ങുന്ന ഈ സംവാദം ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
‘കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്നത്തെ രൂപത്തിൽ ആവശ്യമുണ്ടാവുമോ
എന്ന ചോദ്യവും ഉയർന്നു വന്നേക്കാം’
എം.എ. ബേബി
വ്യക്തിയുടെ സ്ഥാനം ചരിത്രത്തിൽ എന്നും ഒരുപോലെ ആയിരുന്നില്ല. വലിയ മാറ്റം മറിച്ചിലുകൾ വ്യക്തിയ്ക്ക് ഓരോ ചരിത്രഘട്ടത്തിലേയും സമൂഹത്തിലുണ്ടായിരുന്ന സ്ഥാനത്തിന്റെ കാര്യത്തിലും പരസ്പരബന്ധത്തിലും സംഭവിച്ചിട്ടുണ്ട്. ‘സ്വതന്ത്ര’ മനുഷ്യരും അടിമകളുമായിരുന്നതുപോലെ. അടിമത്വം പൊതുവേ അവസാനിച്ചെങ്കിലും വർഗ-ജാതി-വംശ വ്യത്യാസങ്ങളുടെ രൂപത്തിൽ പല അടരുകൾ തുടരുന്നതിന്റെ ഭാഗമായി ചിലർ തുല്യാവകാശങ്ങൾ ഇല്ലാത്തവരാണെന്ന സ്ഥിതി നിലനിൽക്കുന്നു. അങ്ങനെ ഒരുതരം പ്രച്ഛന്ന അടിമത്തം മനുഷ്യത്വത്തെ ഹിംസിക്കുന്നു. അകലെയുള്ള രണ്ട് ഭൂഖണ്ഡങ്ങളിൽ കുരുതി കഴിക്കപ്പെട്ട ജോർജ്ജ് ഫ്‌ളോയ്ഡിന്റെയും രോഹിത് വെമുലയുടെയും അനുഭവങ്ങൾ സമീപകാല യാഥാർഥ്യമായി അത് വെളിപ്പെടുത്തുന്നു. പുരുഷനും സ്ത്രീയും തമ്മിൽ സൃഷ്ടിക്കപ്പെട്ട അന്തരം അടിമത്തകാലം മുതൽ മനുഷ്യചിന്തയുടെ വിഷയമായിരുന്നു. പ്ലേറ്റോയുടെചിന്തയിലും സ്ത്രീ പുരുഷനു താഴെയായിരുന്നു. പുരുഷാധിപത്യം സ്ത്രീവ്യക്തിത്വത്തിന്റെയും തുല്യതയുടെയും തിരസ്‌കാരമാണ്.
കുടുംബവും ചരിത്രത്തിൽ എന്തെല്ലാം മാറ്റം മറിച്ചിലുകൾക്ക് വിധേയമായി. 1877ൽ പ്രസിദ്ധീകരിക്കപ്പെട്ട ലൂയി എച്ച് മോർഗന്റെ ‘പ്രാചീന സമുദായം’ (Ancient Society) എന്ന കൃതി ഇത്തരം അന്വേഷണങ്ങൾക്ക് ഒരു പുതിയ ദിശാസൂചന നൽകി. മോർഗന്റെ ഈ ഗ്രന്ഥം വായിച്ച കാറൽ മാർക്‌സ് വിശദമായ കുറിപ്പുകൾ തയ്യാറാക്കിയിരുന്നു. 1883ൽ മാർക്‌സ് മരിച്ചതോടെ മറ്റു കയ്യെഴുത്തു രചനകൾക്കൊപ്പം ഇതും എംഗൽസിന്റെ പക്കലെത്തി. അതിനെ ആസ്പദമാക്കി എംഗൽസ് എഴുതിയ ‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം’ എന്ന കൃതി ഒരു ക്ലാസ്സിക്കാണ്.
‘കുടുംബം’ ചരിത്രപരമായ ഒരു സംവർഗ്ഗം (Catagory) ആണെന്ന് എംഗൽസ് ചൂണ്ടിക്കാട്ടി. പ്രാചീനകാലത്തെ സാമൂഹ്യവിവാഹ സമ്പ്രദായം മുതൽ സ്വകാര്യസ്വത്തിന്റെ ആവിർഭാവത്തോടെ നിലവിൽ വന്ന ‘ഏക ദാമ്പത്യവ്യവസ്ഥ’ വരെയുള്ള കുടുംബത്തിന്റെ രൂപങ്ങൾക്ക് സമൂഹത്തിന്റെ വിഭിന്ന വികാസഘട്ടങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടെന്നും, ആ രൂപങ്ങൾ ഉല്പാദനരീതിയിലുണ്ടായ മാറ്റങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നും അതിന്റെ അടിസ്ഥാനത്തിൽ എംഗൽസ് വ്യക്തമാക്കുന്നു. ചരിത്രപൂർവ്വ(ആദിമ കമ്മ്യൂണിസ്റ്റ്) കാലഘട്ടത്തിൽ സ്ത്രീ അടിമയല്ലായിരുന്നു. “കുടുംബനാഥ” എന്ന പദവി ഒട്ടേറെ ഗോത്രസമൂഹങ്ങളിൽ സ്ത്രീകൾ അനുഭവിച്ചിരുന്നു.
കേരളത്തിൽ 19 ഉം 20 ഉം നൂറ്റാണ്ടുകളിൽ സമൂഹത്തിലും കുടുംബബന്ധങ്ങളിലും ഉണ്ടായിരുന്ന ആചാരവിശേഷങ്ങൾ ഇന്ന് പറഞ്ഞാൽ പലരും അത്ഭുതപ്പെട്ടേക്കും. ജാതി അടിസ്ഥാനത്തിൽ തൊട്ടുകൂടായ്മ പാലിച്ചുപോന്നു. സ്വജാതിയിൽ നിന്ന് നമ്പൂതിരി സമുദായത്തിലെ ഏറ്റവും മുതിർന്ന സഹോദരന് മാത്രമേ വിവാഹം അനുവദിച്ചിരുന്നുള്ളൂ. (ശാങ്കര സ്മൃതിയായിരുന്നു ഈ ദുരാചാരത്തിന് അടിസ്ഥാനമായിരുന്നതെങ്കിലും ശാങ്കരസ്മൃതിയിൽത്തന്നെ മറിച്ചുള്ള പരാമർശവും ഉണ്ട്). “സ്വജാതി വിവാഹം” നിഷിദ്ധമായ ഇളയ നമ്പൂതിരി സഹോദരങ്ങൾ ഇതര ജാതികളിൽ നിന്നും ‘സംബന്ധം’ കൂടുമ്പോൾ തൊട്ടുകൂടായ്മ (അയിത്തം) ബാധകമല്ല! അപ്ഫന്മാർ (ഇളയ സഹോദരങ്ങൾ) വിജാതീയ സംബന്ധം നടത്തുക വഴി എത്രയെത്ര നമ്പൂതിരിപ്പെൺകിടാങ്ങൾ കന്യകമാരായി ജീവിതമൊടുക്കാൻ നിർബന്ധിതരായി? അതല്ലെങ്കിൽ, വൃദ്ധ നമ്പൂതിരിമാർക്ക് രണ്ടാംവേളിയായോ മൂന്നാം വേളിയായോ അടിമജീവിതത്തിൽപെട്ടു അവർ നരകിച്ചു. 1885ൽ മലബാറിൽ മാത്രം 1017 നമ്പൂതിരി ഇല്ലങ്ങളുണ്ടായിരുന്നു എന്നാണ് വില്വം ലോഗൻ രേഖപ്പെടുത്തുന്നത്. ഇക്കാലത്ത് കേരളത്തിലൊട്ടാകെ എണ്ണായിരത്തോളം ‘ആജീവനാന്ത കന്യകമാർ’ നമ്പൂതിരി സമുദായത്തിൽ മേല്പറഞ്ഞ ദുരാചാരം നിമിത്തം ഉണ്ടായിരുന്നു എന്ന് പി.കെ. ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. (ജാതിവ്യവസ്ഥയും കേരള ചരിത്രവും).
ഇനി ഇ.എംഎസ്. നമ്പൂതിരിപ്പാട് തന്റെ സ്വന്തം അനുഭവങ്ങൾ അവതരിപ്പിക്കുന്നത് വായിക്കാം. ”അര നൂറ്റാണ്ടിനു മുമ്പ് ബഹുഭാര്യത്വമായിരുന്നു പതിവുരീതി. ഏകഭർതൃത്വം ഒരപവാദം മാത്രം. എന്റെ അച്ഛനു തന്നെ രണ്ട് ഭാര്യമാരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഞ്ച് പെൺമക്കളിൽ വിവാഹപ്രായത്തെുന്നതുവരെ ജീവിച്ചവരിൽ ഒരാൾ മാത്രമാണ് ഭർത്താവിന്റെ പല ഭാര്യമാരിൽ ഒരാളായിരിക്കുക എന്ന ദുര്യോഗത്തിൽ നിന്ന് രക്ഷപ്പെട്ടത്. എന്റെ രണ്ടാനമ്മ- എന്റെ അച്ഛന്റെ രണ്ടുഭാര്യമാരിൽ ഇളയ ആൾ – എന്റെ അച്ഛന്റെ ഇളയ സഹോദരിയെ വിവാഹം ചെയ്ത ‘വരന്റെ’ മകളായിരുന്നു! ആ സമുദായത്തിലെ മിക്കവാറും എല്ലാ കുടുംബങ്ങളിലെയും സ്ഥിതി ഇതുതന്നെയായിരുന്നു! ഒരു വ്യത്യാസം, എന്റെ അച്ഛന് രണ്ടു ഭാര്യമാരുണ്ടായിരുന്നുവെങ്കിൽ മിക്ക പുരുഷന്മാർക്കും മൂന്നു ഭാര്യമാരാണ് ഉണ്ടായിരുന്നത്.” (സോഷ്യൽ സയന്റിസ്റ്റ് – നവംബർ – ഡിസംബർ 1975)
മറ്റെല്ലാ രാജ്യങ്ങളിലെയും പോലെ ഇന്ത്യയിലും കേരളത്തിലും ഇക്കഴിഞ്ഞ നൂറ്റാണ്ടുകളിൽ സംഭവിച്ച മാറ്റങ്ങൾ വ്യക്തിയിലും കുടുംബത്തിലും സദാചാരത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നു എന്ന് ഇന്നലെകളിലെ ചരിത്രാനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ നമുക്ക് കൂടുതൽ ഉദാഹരണങ്ങളോടെ മനസ്സിലാക്കാനാവും. ഇന്ന് “നാമെവിടെ നിൽക്കുന്നു” എന്നും “നാളെ എങ്ങനെ നീങ്ങണ”മെന്നുമാണ് പര്യാലോചിക്കേണ്ടത്.
പൊതുവേ ചില മാറ്റങ്ങൾ ഓരോ സമൂഹത്തിലും വ്യത്യസ്തതോതിൽ നിസ്സംശയമായും ഉണ്ട്. എന്നാൽ ആധുനിക സമൂഹത്തിലെ വ്യക്തിക്ക് ആവശ്യമുള്ള ജനാധിപത്യ-മതനിരപേക്ഷ-പുരോഗമന ജീവിതവീക്ഷണം സ്വന്തം ആത്മസത്തയായി സ്വാംശീകരിക്കാൻ കേരളത്തിൽപോലും നമുക്ക് ഇനിയും വേണ്ടത്ര കഴിഞ്ഞിട്ടില്ല.വ്യക്തിപരമായി ഓരോരുത്തരായിരിക്കുമ്പോൾ തന്നെ, ഈ സമൂഹത്തിന് പുറത്തോ ഭൂമിയെന്ന ഗ്രഹത്തിൽ നിന്ന് വേറിട്ടോ നമുക്കാർക്കും സുദീർഘജീവിതം ഇല്ല എന്നതാണ് സത്യം. വെറും കൗതുകയാത്രക്കപ്പുറം അന്യഗ്രഹയാത്രകൾ അസാധ്യമാണെന്നുവേണം കരുതാൻ. അതുകൊണ്ട് ഈ ഭൂമിയിൽത്തന്നെയും ഇതാണ് നമ്മുടെ ജീവിതം.ഭൂതകാലത്തിലും വർത്തമാനകാലത്തിലും വ്യാപിച്ചുകിടക്കുന്ന ജീവിത ബന്ധങ്ങളുടെ ഒരു സഞ്ചയമാണ് ഓരോ വ്യക്തിയും. ഉദാഹരണത്തിന്, നമ്മുടെ പൂർവ്വികരുമായുള്ള ജൈവബന്ധം, ഭക്ഷണത്തിനും മറ്റും കർഷകരെയും അധ്വാനിക്കുന്നവരെയും ആശ്രയിക്കുന്ന അവസ്ഥ. ഇവരങ്ങുമില്ലാതെ ഒരു ജീവിതവുമില്ല.അതുകൊണ്ട് തന്നെ നീതിയിലും തുല്യതയിലും പാരസ്പര്യത്തിലും ഉറച്ച ഒരു പൊതുജീവിതവീക്ഷണം വ്യക്തികൾ എന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും ഉണ്ടാവുമ്പോഴാണ് കുടുംബവും ആ കാഴ്ചപ്പാടിലേക്കു വരാൻ സാഹചര്യമാകുന്നത്. അത്തരമൊരു സമൂഹത്തിൽ മാത്രമേ സദാചാരസങ്കല്പങ്ങൾ ജീവിതയാഥാർത്ഥ്യങ്ങളിൽ ഉറച്ചതാവുകയുള്ളൂ., അതല്ലെങ്കിൽ സദാചാരം ഉപരിപ്ലവ വായ്ത്താരികളായി ചുരുങ്ങും.ഭാഷ,മനുഷ്യ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമാണ്.ഭാഷകൾ സാമൂഹ്യ ഉൽപന്നങ്ങളാണ്.പരസ്പ്പരം അവ സ്വാധീനിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നുണ്ട്.വ്യക്തികൾ ചേർന്ന് സമൂഹത്തെ സൃഷ്ടിക്കുമ്പോൾ തന്നെ ,സമൂഹം വ്യക്തികളെയും രൂപപ്പെടുത്തുന്നു.വ്യക്തിയും ഭാഷയും തമ്മിലും ഭാഷയും സമൂഹവും തമ്മിലുമുള്ള ബന്ധനങ്ങൾ പുതിയ പഠനങ്ങൾക്കു വഴി തെളിക്കുന്നുണ്ട്.
മലയാളികൾ പരാജയപ്പെടുന്നതെവിടെ?
മലയാളിയിലേക്ക് വന്നാൽ സ്ഥിതി കൗതുകകരമാണ്. ഇന്നത്തെ ലോകത്തിൽ ആധിപത്യം പുലർത്തുന്ന കമ്പോളയുക്തിയുടെ വിമർശകരായിരിക്കുന്നവർപോലും പലപ്പോഴും അതിന്റെ സാധ്യമായത്ര പങ്ക് സ്വായത്തമാക്കാനുള്ള വ്യഗ്രതയിലാണ്. വലതുപക്ഷവൽക്കരണത്തിന്റെ പ്രത്യക്ഷവും അദൃശ്യവുമായ സ്വാധീനതകൾ മലയാളിയുടെ വ്യക്തിത്വത്തെ നിരന്തരം കീഴ്‌പെടുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്നു. പ്രകൃതിദുരന്തമുണ്ടായാൽ പ്രകടമാകുന്ന അഭിമാനകരമായ സാമൂഹിക പ്രതിബദ്ധതയും നിസ്വാർത്ഥതയും പരിസ്ഥിതിസംരക്ഷണത്തിലോ പരിസരശുചിത്വത്തിലോ ഗതാഗത നിയമങ്ങൾ പാലിക്കുന്നതിലോ സഹജീവികളോട്(സ്ത്രീകളോടും കുട്ടികളോടും വിശേഷിച്ചും ) സംസ്‌കാര സമ്പന്നമായി പെരുമാറുന്നതിലോ പലപ്പോഴും കാണാനാവില്ല.
വ്യക്തിയെന്ന നിലയിൽ മലയാളിയുടെ ഏറ്റവും ദയനീയ പരാജയം, കുടുംബത്തിൽ അയാൾ ജനാധിപത്യവിരുദ്ധനും, പുരുഷാധിപത്യപ്രവണതകളുടെ നിർലജ്ജ പ്രയോക്താവും, കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ അവകാശങ്ങൾ തീർത്തും അവഗണിക്കുന്ന സംസ്‌കാരശൂന്യനുമായി മിക്കപ്പോഴും തനിസ്വരൂപം കാണിക്കുമെന്നതാണ്. അപവാദങ്ങൾ ഇല്ല എന്നല്ല. ഫ്യൂഡലിസവുമായി സന്ധി ചെയ്യുന്ന മുതലാളിത്ത സമ്പദ്ഘടനയും അതിന്റെ മൂല്യങ്ങളുമാണ് കേരളത്തിലുൾപ്പെടെ ഇന്ത്യൻ സമൂഹത്തിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് എന്ന വസ്തുത മനസ്സിലാക്കാൻ പുരുഷൻ സ്ത്രീയോട് പെരുമാറുന്നത് മാത്രം നോക്കിയാൽ മതി.
ഹീനമായ ജാതീയതയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള തിരിച്ചുവരവ് അതീവ ഭയാനകമായ ഒരു സ്ഥിതിവിശേഷമാണ് നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കുന്നത്. സവർണ്ണാധിപത്യം പല രൂപഭാവങ്ങളിൽ തുടരുന്നു. ന്യൂനപക്ഷ വിരുദ്ധപൊതുബോധം പരത്താൻ സവർണ്ണ-വർഗീയ കൂട്ടുകെട്ടുകൾ നടത്തുന്ന കുടില ശ്രമങ്ങൾ ഉദാസീന മനസ്സുകളെ വശീകരിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നു. ചില ന്യൂനപക്ഷ സ്വത്വരാഷ്ട്രീയ കൂട്ടായ്മകൾ നടത്തുന്ന നിരുത്തരവാദപരമായ തീവ്രവാദപ്രചാരണങ്ങളും അതിക്രമങ്ങളും വർഗീയ ഫാസിസ്റ്റ് പദ്ധതിക്ക് വളമാകുന്നു.പൊതു ഇടങ്ങളിലെ സ്വതന്ത്രമായ ഒത്തുകൂടലുകൾ പുതിയ ജനാധിപത്യജീവിതമാതൃകകളും സാംസ്‌കാരിക (സദാചാര) ജീവിതവും കുടുംബ-വ്യക്തിബന്ധങ്ങളും തളിർത്തുവളരാൻ ആധുനിക സമൂഹങ്ങളിൽ അവസരമൊരുക്കേണ്ടതാണ്.. എന്നാൽ,വലിയ വിഭാഗം മലയാളിയുടെ പുരോഗമന പുറംപൂച്ചിനുള്ളിൽ ഒളിച്ചിരിക്കുന്ന യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ പുതിയ കാലത്തിന് തീരെ അനുയോജ്യമല്ല. പൊതു ഇടങ്ങളിൽ തുറിച്ചുനോട്ടവും ഒളിഞ്ഞുനോട്ടവും നടത്താനുള്ള വികല അവയവമായി മലയാളി സ്വന്തം കണ്ണുകളെ അപമാനിക്കുന്നു.
‘സദാചാരം’ സംബന്ധിച്ച ചർച്ചകളിൽ ഇന്ത്യ പതിറ്റാണ്ടുകളല്ല, നൂറ്റാണ്ടുകൾക്ക് പിറകിലാണെന്ന് കാണാനാവും. പല തലങ്ങളിൽ പരിശോധിക്കേനടത്താണ്ജീ ഇക്കാര്യം.വിതത്തിൽ സ്ത്രീയും പുരുഷനും തമ്മിൽ വിവാഹിതരാവുന്നതു സംബന്ധിച്ച നിയമങ്ങളാണ് പൊതുവേ ഉള്ളതെന്ന് നമുക്കറിയാം. അങ്ങനെയാണ് കുടുംബജീവിതത്തിൽ സാർവ്വത്രികമായി കണ്ടുവരുന്നത് എന്നതിലും സംശയമില്ല. എന്നാൽ രണ്ടു വ്യക്തികൾ തമ്മിൽ വിവാഹം എന്ന ഭേദഗതി ഇപ്പോൾ ലോകത്ത് ഒട്ടേറെ രാജ്യങ്ങളിലോ പ്രവിശ്യകളിലോ നിലവിൽ വന്നുകഴിഞ്ഞിട്ടുണ്ട്. അവിടങ്ങളിൽ സ്വന്തം ജീവിതസത്യങ്ങൾ സധൈര്യം തുറന്നുപറയുന്ന മനുഷ്യരുടെ ലോകം രൂപപ്പെടുന്നതിനാലാണ് ഇത്. അത് ആദരിക്കുന്ന സംസ്കാരം അവിടെ വളരുന്നുമുണ്ട്.ലോകത്ത് വളരെയധികം വായിക്കുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന കൃതികൾ രചിക്കുന്ന പണ്ഡിതനും ചിന്തകനുമാണ് യുവാൽ ഹരാരി. (ഇസ്രയേലിലെ ഹീബ്രു യൂണിവേഴ്‌സിറ്റി ഓഫ് യെരുശെലേമിലെ ചരിത്രപ്രൊഫസർ) അദ്ദേഹം ഭർത്താവായി സ്വീകരിച്ചിട്ടുള്ള ഇറ്റ്‌സിക്കിനെ കാനഡയിലെ ടൊറന്റോയിൽ വെച്ചാണ് ഹരാരി വിവാഹം ചെയ്തത്. കാരണം ഇസ്രായേലിൽ അത്തരം വിവാഹത്തിന് നിയമവ്യവസ്ഥ ഇല്ല. അതിന് കാനഡയിൽ നിയമപരിരക്ഷ ഉണ്ടുതാനും.മറ്റു പല രാജ്യങ്ങളിലും അതാണ് സ്ഥിതി.സോഷ്യലിസ്റ്റ് ക്യൂബയിൽ ഭരണ ഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് ഇക്കാര്യം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.
ഭക്ഷണത്തിനും വസ്ത്രത്തിനും ശുദ്ധജലത്തിനും ചികിത്സയ്ക്കും മരുന്നിനും വിദ്യാഭ്യാസത്തിനും വകയില്ലാതെ ഒരു തുള്ളി സ്‌നേഹത്തിനും അഭയത്തിനും ദാഹിക്കുന്ന നൂറുകണക്കിന് മനുഷ്യജീവികൾ നരകിക്കുമ്പോൾ അളവറ്റ പണം കുന്നുകൂട്ടി രസിക്കുന്ന ശതകോടീശ്വരന്മാർ നമുക്കിടയിൽ ഉണ്ടെന്നതാണ് യഥാർത്ഥ സദാചാര ലംഘനം, പാപകൃത്യം. താൻ ശതകോടീശ്വരപ്പട്ടികയിൽ എത്ര ഉന്നതനാണെന്ന് അഹങ്കരിക്കുന്നതുമൂലം വല്ല അധികസംതൃപ്തി കൂടി കിട്ടുമെങ്കിൽ അതല്ലാതെ പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ലാതെ താൻ വൻ ബില്യൻ ഡോളർ ദൈവമാണെന്ന് ,ചുറ്റുപാടുമുള്ള മനുഷ്യദുരിതക്കടൽ കാണാതെ അഹങ്കരിക്കുന്ന ഇവരുടെ അശ്ലീലകർമ്മമാണ് ഏറ്റവും അധമം. ഇത്തരം അതിസമ്പന്നതയാണ് അമിതസുഖാസക്തിയുടെ പിന്നാലെ പായാനും ആനന്ദം ബലാൽക്കാരേണ കൈവശപ്പെടുത്താനും മനുഷ്യത്വ രഹിതമായ അക്രമങ്ങൾ ജീവിതശൈലിയാക്കാനും മനുഷ്യജീവികൾക്കിടയിലെ ഒരു വിഭാഗത്തെ വലിയൊരു പരിധിവരെ പ്രലോഭിപ്പിക്കുന്നത്.ഇത്തരമൊരു സമൂഹം സംസ്‌കാരശൂന്യവും മൂല്യരഹിതവുമായി ചീഞ്ഞുനാറുമ്പോൾ വ്യക്തിക്കും കുടുംബത്തിനും സദാചാരത്തിനും എന്തർത്ഥമാണുള്ളത്?
മതം, ദൈവം, ഭാവിയുടെ ഉത്കണ്ഠകൾ
വ്യക്തി,കുടുംബം,സദചാരം,എന്നിവ ചർച്ച ചെയ്യുമ്പോൾ മതം സ്വാഭാവികമായും കടന്നു വരും.മതം ഒരു വലിയ സാമൂഹിക യാഥാർഥ്യമാണ്.മതം വൻ രൂപാന്തരങ്ങൾക്ക് വിധേയമായിട്ടുണ്ട്.പ്രകൃതി പ്രതിഭാസങ്ങളുടെ പൊരുളറിയാതെ സംഭ്രമിച്ചു നിന്ന ആദിമ മനുഷ്യൻ അജ്ഞാതങ്ങളെ ആരാധിച്ചു തുടങ്ങി.പിന്നീടുണ്ടായ സുദീർഘമായ മത പരിണാമ ചരിത്രങ്ങൾ കൗതുകകരമാണ്.അതിൽ അതിദീർഘമായ ഒരേടാണ് കുരിശു യുദ്ധങ്ങൾ.(1096 -പൊതു വർഷം മുതൽ 1271 വരെ )വർത്തമാന കാലത്തു മതം വ്യക്തിയിലും സമൂഹത്തിലും അതിഭീമമായ സ്വാധീനതകൾ ആണ് ചെലുത്തുന്നത്.’ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാ ‘യി കൂടി മതം പ്രവർത്തിക്കുന്നുണ്ട്എന്ന് മാർക്സ് ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ.അത് കണക്കിലെടുത്തു കൊണ്ട് മതവിശ്വാസ സ്വാതന്ത്രത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജനാധിപത്യ സമൂഹങ്ങൾ അംഗീകരിക്കുകയും ഭരണഘടനാപരമായി ഉറപ്പു നൽകുകയും ചെയ്യുന്നു.ഏറെക്കുറെ സാർവത്രികമായ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ നിലവിലുള്ള സ്വീഡനിൽ 82 ശതമാനം ജനങ്ങൾ മതാചാരം പിന്തുടരുന്നില്ല.സ്കാന്ഡിനേവിയൻ നോർഡിക് രാജ്യങ്ങളിൽ പൊതുവെ ഇതാണ് സാഹചര്യം.എന്നാൽ,ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരു പിടിവള്ളിയാണ് ആരാധനയും ബന്ധപ്പെട്ട വിശ്വാസങ്ങളും.
വിശ്വാസങ്ങൾ,ഭരണപരമോ ചിന്താപരമോ ആയ ബല പ്രയോഗത്തിലൂടെ മാറ്റി മറിക്കാനാവില്ല.സംവാദത്തിലൂടെയും സാമ്പത്തിക ,സാമൂഹിക ,സാംസ്കാരിക പരിവർത്തനങ്ങളിലൂടെയും സ്വാഭാവികമായി രൂപപ്പെടുന്ന വിചാര പരിവർത്തനം വഴി മാത്രമേ ആരുടേയും വിശ്വാസ സംഹിതകൾ മാറുകയുള്ളൂ.
എന്നാൽ,ആധുനിക സമൂഹം പൊതുവെ അംഗീകരിക്കുന്ന സ്ത്രീ തുല്യത പോലുള്ള കാര്യങ്ങളിൽ മതത്തിന്റെ പേരിൽ പുരുഷാധിപത്യപരമായ നിലപാടുകൾ അടിച്ചേൽപ്പിക്കുന്ന സാഹചര്യം അപമാനകാരവും അപലപനീയവുമാണ്.സ്ത്രീധന സമ്പ്രദായവും മാതാപിതാക്കളുടെ സ്വത്തിൽ പെൺ മക്കൾക്ക് തുല്യാവകാശം അനുവദിക്കാത്തതും ഉദാഹരണം.സതി പോലുള്ള ഹീനമായ സ്ത്രീ വിരുദ്ധ ചതി പ്രയോഗങ്ങളും ഒരു കാലത്തുണ്ടായിരുന്നു.ഇന്നും വ്യത്യസ്ത രൂപത്തിൽ സ്ത്രീ വിരുദ്ധതയെ ന്യായീകരിക്കുവാൻ മതാവരണമിട്ട വാദങ്ങൾ ഉയരുന്നു.ഇതിലൂടെ യഥാർത്ഥത്തിൽ മതങ്ങളെ അപമാനിക്കുകയാണ് .
മതങ്ങളുടെ , പുരോഗമനപരവും ,തുല്യതയും നീതിയിലും അടിയുറച്ചതുമായ വിശദീകരങ്ങളും വ്യാഖ്യാനങ്ങളും മത പണ്ഡിതന്മാരിൽ നിന്ന് തന്നെ ഉയർന്നു വരികയാണ് ഈ ദുരവസ്ഥ പരിഹരിക്കുവാനുള്ള ഒരു മാർഗ്ഗം.രാഷ്ട്രീയ പാർട്ടികൾക്കും സാംസ്‌കാരിക പ്രമുഖർക്കും മാധ്യമങ്ങൾക്കും ഇതിനനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ ചുമതലയുണ്ട്.
രാഷ്ട്രീയപ്പാർട്ടികൾ പൊതുവേ ആണധികാരപ്രവണതകളിൽനിന്ന് മുക്തമല്ലഎന്നദയനീയസാഹചര്യമാണ്. ഇടതുപക്ഷ രാഷ്ട്രീയപ്പാർട്ടികൾ വ്യത്യസ്ഥമാകാൻ ശ്രമിക്കുന്നു. പക്ഷേ പുരോഗതി തീർത്തും അപര്യാപ്തമാണ്. വ്യത്യസ്ത മത വിഭാഗങ്ങളിൽ പെട്ട സ്ത്രീ സമൂഹം ഒറ്റയ്ക്കും കൂട്ടായും ഇത്തരം ആശയങ്ങൾ ശക്തമായി മുന്നോട്ട് വെക്കുമെന്നും പ്രതീക്ഷിക്കാം. കോട്ടയത്തെ മേരി റോയി ഇത്തരുണത്തിൽ അഭിമാനപൂർവം ഓർക്കേണ്ട വ്യക്തിയാണ്.
ജനാധിപത്യ ബോധവും ഭാവിയെപ്പറ്റി ഉൽക്കണ്ഠയുമുള്ള വിവിധ വിഭാഗം മത വിശ്വാസികളെ കൂടി അണി നിരത്തിക്കൊണ്ടു വേണം നീതിക്കും തുല്യതയ്ക്കും ജീവിതാവകാശങ്ങൾക്കും വേണ്ടിയുള്ള പൊതുവായ ബഹുജന സമരങ്ങൾ മുന്നോട്ടു പോകേണ്ടത്. വർഗീയതയ്ക്കും മതതീവ്ര വാദത്തിനും എതിരായ പ്രക്ഷോഭത്തിലും മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവരും അങ്ങനെയല്ലത്തവരും കൈ കോർത്തു പിടിക്കേണ്ടതുണ്ട്..
ഒരു സമൂഹമെന്ന നിലയിൽ സങ്കീർണ്ണമായ സ്ഥിതിവിശേഷമാണ് കേരളത്തിലും ഇന്ത്യയിലും ഏറ്റക്കുറച്ചിലുകളോടെ ഉള്ളതെങ്കിലും ഇതിനെ അഭിമുഖീകരിക്കാനും അതിൽ മാറ്റങ്ങൾ കൊണ്ടുവരാനും ഇതുവരെ കൈവരിച്ച നേട്ടങ്ങൾ കാത്തുസൂക്ഷിക്കാനും ഇന്നും തുടരുന്ന പ്രതികൂലാവസ്ഥകൾക്കെതിരെ പൊരുതി മുന്നേറാനുമുള്ള സാധ്യതകൾ വികസിപ്പിക്കേണ്ടതുണ്ട്; വിശേഷിച്ച് കേരളത്തിൽ. വ്യക്തി, കുടുംബം, സമൂഹം എന്നീ തലങ്ങളിൽ കേരള സംസ്ഥാനം കൈവരിച്ച ആപേക്ഷിക പുരോഗതി ചൂഷണവ്യവസ്ഥയ്ക്കുള്ളിൽ നിന്ന് സാധ്യമായതിന്റെ വലിയ ഉയരമാണ്. ഇനിയും മുന്നോട്ടുപോകുന്നതിനും തുടരുന്ന ബലഹീനതകൾ സാധ്യമായിടത്തോളം തിരുത്താനും തുറന്ന മനസ്സോടെയുള്ള , ആരോഗ്യകരമായ ചർച്ചകളും അന്വേഷണങ്ങളും ആവശ്യമാണ്.
ജെൻഡർ ബന്ധങ്ങളെയും ഈ തലമുറ തിരുത്തിയെഴുതും
പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിൽ കേരളത്തിലുണ്ടായ ജാതി പരിഷ്‌കരണ പ്രസ്ഥാനങ്ങൾ പ്രാഥമികമായും കുടുംബം, വ്യക്തിബന്ധങ്ങൾ എന്നിവയിലെ മാറ്റങ്ങളിലാണൂന്നിയത്. ഇഎംഎസിന്റെ നേരത്തേ ഉദ്ധരിച്ചിരിക്കുന്ന വരികളിൽ കാണാവുന്നതുപോലെ നമ്പൂതിരി സമുദായത്തിലെ സ്ത്രീകളെയും പുരുഷന്മാരെയും ജാതിയുടെ തടവറയിലെ മനുഷ്യർ എന്നതിൽ നിന്ന് സാമൂഹ്യ മനുഷ്യരാക്കുക എന്നതായിരുന്നു നമ്പൂതിരി സമുദായ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം. മറ്റു സമുദായങ്ങളുടെ പരിഷ്‌കരണപ്രസ്ഥാനങ്ങളും ഇതേ മാറ്റങ്ങൾക്കായി നിലകൊണ്ടു. ദളിത് സ്ത്രീകളെ മനുഷ്യരായി കാണണം എന്ന പ്രശ്‌നം ആദ്യം ഉന്നയിച്ചത് അയ്യൻകാളി പ്രസ്ഥാനമായിരുന്നു. നാടാർ സമുദായത്തിലെ സ്ത്രീകൾക്ക് ജാതി നിബന്ധനയ്ക്ക് വിധേയമാകാതെ മാറുമറക്കാനുള്ള അവകാശത്തിനായി നടന്ന സമരം സുപ്രസിദ്ധമാണ്. അയ്യാ വൈകുണ്ഠസ്വാമിയും ആറാട്ടുപുഴ വേലായുധപ്പണിക്കരും ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമിയും വാഗ്ഭടാനന്ദനും തുടങ്ങി വലിയൊരു ചരിത്രം അവിടെ കാണാം. ഈ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയെല്ലാം പിന്തുടർച്ച ഏറ്റെടുത്തത് മുഖ്യമായും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. അയ്യൻകാളി ഉന്നയിച്ച ദളിത് സ്ത്രീയുടെ മനുഷ്യാവകാശങ്ങൾക്കായി കർഷകത്തൊഴിലാളി പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പിന്തുണയോടെ ശക്തമായ ഇടപെടലുകൾ നടത്തിയത്. ചില ഘട്ടങ്ങളിൽ നിവൃത്തിയില്ലാതെ സവർണ പ്രമാണികളായ എതിരാളികളെ കായികമായിപ്പോലും നേരിട്ട് മുന്നോട്ടുപോകാൻ തുനിഞ്ഞത് ചരിത്രമാണ്.ആ പ്രസ്ഥാനങ്ങളിലെ ഒട്ടേറെ സ്ത്രീപുരുഷന്മാർ കമ്മ്യൂണിസ്റ്റുകാരായി മാറി. ആര്യാപള്ളത്തെപ്പോലുള്ളവർ ബ്രാഹ്‌മണസമുദായ പരിഷ്‌കരണത്തിന്റെ അടുത്തഘട്ടം അവർ സ്വതന്ത്രമനുഷ്യരാകുന്നതാണ്. സമൂഹത്തിലെയും കുടുംബത്തിലെയും സ്ത്രീപുരുഷബന്ധങ്ങളെ പുനർനിർവ്വചിക്കുന്നതിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി വലിയ സംഭാവന ചെയ്തു എന്നാണ് ഇത് കാണിക്കുന്നത്. പക്ഷേ, സമൂഹമാറ്റങ്ങൾക്ക് ഒരിക്കലും ഒരു പൂർണ്ണവിരാമമില്ല.
ലോകം മാറി. കേരളത്തിലിന്നൊരു പുതിയ തലമുറ സ്ത്രീകളുണ്ട്. അവർ ലോകത്തെ നോക്കിക്കൊണ്ട് കേരളത്തോട് ചില ചോദ്യങ്ങളുയർത്തുന്നു.
ആ ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ബാധ്യത കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പുരോഗമനകേരള സമൂഹത്തിനുമുണ്ട്. കേരളത്തിലെ കുടുംബബന്ധങ്ങളെയും ജെൻഡർ ബന്ധങ്ങളെയും ഈ തലമുറ തിരുത്തിയെഴുതും. അതിന് എതിര് നിൽക്കുന്നവർ ചരിത്രത്തിന്റെ ദാക്ഷിണ്യമില്ലാത്ത വിധിക്ക് പാത്രമാവും. കാരണം എല്ലാതലങ്ങളിലും അനുസ്യൂതമായ മാറ്റമാണ് പ്രപഞ്ചതത്വം.
നീതിയിലും തുല്യതയിലും സമത്വത്തിലും പ്രകൃതി-മനുഷ്യ പാരസ്പര്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തിൽ മാത്രമേ വ്യക്തിക്കും കുടുംബത്തിനും, ഹീനമായ സ്വാർത്ഥതയിൽ നിന്നു മോചനം നേടാനാവൂ. അതാണ് യഥാർത്ഥ സദാചാരം. ഓരോരുത്തരുടെയും സ്വാതന്ത്ര്യവും വളർച്ചയും എല്ലാവരുടെയും സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും തുല്യതയുടെയും ഭാഗമായാണ് സാധ്യമാവുക. അർത്ഥവത്തായ സദാചാരം വ്യക്തിഗുണമെന്നതിനെക്കാൾ സാമൂഹ്യസത്യമായി മാറുന്നതും ആ നവലോകത്തിലായിരിക്കും. അവിടെ എത്തിച്ചേരാൻ എത്രവേഗം കഴിയും എന്നത് ശരിയായ സാമൂഹ്യപരിവർത്തന കാഴ്ചപ്പാടിലേക്ക് നമ്മുടെ സഹജീവികളെ, കൂട്ടായ പ്രവർത്തനങ്ങളും പ്രബോധനങ്ങളും പ്രയത്‌നങ്ങളും പോരാട്ടങ്ങളും വഴി എത്രവേഗം അണിനിരത്താനാവും എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ഭാവിസമൂഹങ്ങളിലെ വ്യക്തി-കുടുംബ-സദാചാര സംഹിതകൾ പ്രവചിക്കാൻ ശ്രമിക്കുന്നതു ഒരു പരിധിവരെ അശാസ്ത്രീയ സമീപനമാണെന്ന് മാർക്‌സും ഏംഗൽസും വ്യക്തമാക്കിയിട്ടുണ്ട്. അതൊക്കെ അന്ന് അത്തരത്തിൽ ഉയർന്നുവരുന്ന ഭാവിയിലെപുതുസമൂഹത്തിലെ മാനസികവും ചിന്താപരവും ശാരീരികവുമായ വളർച്ചയും സംസ്‌കാരവുമുള്ള തലമുറ ചർച്ചചെയ്ത് തീരുമാനിക്കേണ്ടതാണ്എന്ന കാഴ്ചപ്പാടാണ് അവർ പ്രകടിപ്പിച്ചത്. അതേസമയം ,ആ പുതിയ കാലം എങ്ങനെയാവാം എന്നതിനെപ്പറ്റി ചില സൂചനകൾ ലഭ്യമാണ്. 1846ൽ മാർക്‌സും എംഗൽസും ചേർന്നെഴുതിയ ഒരു കൃതിയിൽ (അവരുടെ മരണശേഷം 1932ൽ ഡേവിഡ് റിയസനോവാണിത് പ്രസിദ്ധീകരിച്ചത്. ലെനിനുപോലും “ജർമൻ ഐഡിയാളോജി” എന്ന ഈ കൃതി വായിക്കാൻ കഴിഞ്ഞിട്ടില്ല എന്നർത്ഥം!) അതീവ ഹൃദയഹാരിയായ ഒരു പ്രവചനമുണ്ട്: “ചൂഷണ വ്യവസ്ഥയിൽ തൊഴിൽ വിഭജനത്തിന്റെ അടിസ്ഥാനത്തിൽ മിക്കപ്പോഴും സ്വയം ഇഷ്ടമില്ലാത്ത പല ജോലിയും ചെയ്യാൻ മനുഷ്യർ നിർബന്ധിതരാവും “എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ,കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ സ്ഥിതിഗതികളാകെ മാറുന്നു. ഓരോരുത്തർക്കും ഒട്ടേറെ മേഖലകളിൽ പ്രാവീണ്യമുണ്ടാവും. ഓരോരുത്തരും ഇഷ്ടമുള്ള ജോലികൾ സമൂഹത്തിൻറെ സാങ്കേതികമായ ആവശ്യം കണക്കിലെടുത്ത് ചെയ്യുന്നു. ഉല്പാദനശക്തികളുടെയും ശാസ്ത്രസാങ്കേതികവിദ്യയുടെയും അപാരമായ വളർച്ചയും ചൂഷണത്തിന്റെ അസാന്നിദ്ധ്യവും മൂലം ഓരോരുത്തർക്കും ആവശ്യമുള്ളത് ആവശ്യമുള്ളത്ര ലഭ്യമാക്കാൻ കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ സാദ്ധ്യമാവും. ഇന്നത്തെ ലോകത്തിലെ ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന്റെ തോത് ഈ സാധ്യത കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. മൂലധനാധിപത്യത്തിന്റെ ലാഭാസക്തിയാണ്, മനുഷ്യസമൂഹത്തിനാകെ കുറഞ്ഞ ജോലിഭാരവും സ്വച്ഛമായ ജീവിതവുമെന്ന നിലയിൽ ഈ ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിന്റെ പ്രയോജനം ലഭ്യമാകുന്നതിന് വിലങ്ങുതടിയാകുന്നത്.
കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ രൂപപ്പെടാവുന്ന സാധ്യതകൾ
കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ രൂപപ്പെടാവുന്ന സാധ്യത ‘ജർമ്മൻ ഐഡിയോളജിയിൽ’ മാർക്‌സും ഏംഗൽസും ഇപ്രകാരം ഭാവനയിൽ കാണുന്നു. തൊഴിൽ വിഭജനമുള്ള ചൂഷകവ്യവസ്ഥയിൽ ‘ഒരാൾ ഒന്നുകിൽ വേട്ടക്കാരൻ, അല്ലെങ്കിൽ മീൻപിടുത്തക്കാരൻ, ഇടയൻ, അല്ലെങ്കിൽ വിമർശത്തിന്റെ വിമർശകൻ. കമ്മ്യൂണിസ്റ്റ് സമുദായത്തിലാകട്ടെ, ആരും ഒരു പ്രത്യേക മേഖലയിൽ മാത്രമല്ല. ആർക്കും തനിക്ക് താല്പര്യമുള്ള മേഖലകളിലെല്ലാം പ്രാവീണ്യം നേടാം. സമൂഹം കൂട്ടായി ഉൽ്പാദനപ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു. അതിനാൽ .എനിക്ക് ഇന്ന് ഒരു പ്രവൃത്തിയെടുക്കാം. നാളെ മറ്റൊന്നാകാം. രാവിലെ വേട്ടക്കു പോകാം. ഉച്ചതിരിഞ്ഞ് മത്സ്യംപിടിക്കാം. വൈകിട്ട് കന്നുകാലികളെ പരിപാലിക്കാം. അത്താഴം കഴിഞ്ഞ് വിമർശകനാകാം, മനസ്സിന്റെ താല്പര്യപ്രകാരം .
സ്ഥിരംവേട്ടക്കാരനോ, മത്സ്യപിടിത്തക്കാരനോ, ഇടയനോ വിമർശകനോ ആകുന്നതിന് പകരം…”
വ്യത്യസ്ത സാമൂഹ്യവ്യവസ്ഥകളിൽ വ്യക്തിജീവിതം എപ്രകാരം മാറിമറിയാമെന്നത് ചർച്ചചെയ്യുമ്പോൾ സമത്വപൂർണ്ണമായ സമൂഹം എത്രമാത്രം മാതൃകാപരമാവാം എന്നതിനെക്കുറിച്ച് “ഓണപ്പാട്ടുകാർ ” എന്നകവിത നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നു. കള്ളവും ചതിയുമില്ലാത്ത, എള്ളോളം പൊളിവചനമില്ലാത്ത, മാനുഷരെല്ലാരുമൊന്നുപോലുള്ള പൊയ്‌പോയ കാലമാണല്ലോ ഓണസ്മരണയിൽ വിരിയുന്നത്. വൈലോപ്പിള്ളി എന്ന മഹാനായ കവി എഴുതി:
”പലദേശത്തിൽ പലവേഷത്തിൽ
പല പല ഭാഷയിൽ നമ്മൾ കഥിപ്പൂ
പാരിതിലാദിയിലുദയം ചെയ്തു
പൊലിഞ്ഞൊരു പൊന്നോണത്തിൻ കഥകൾ”
ചരിത്രപൂർവ്വകാലഘട്ടമെന്നും ആദിമ കമ്മ്യൂണിസ്റ്റ് കാലമെന്നും വിളിക്കാവുന്ന ഒരു ആദിമഗോത്രജീവിതം നമ്മുടെ ഭൂതകാലത്ത് ഉണ്ടായിരുന്നു എന്ന കണ്ടെത്തലുകൾ നമ്മെ നയിക്കുന്നത് പുതിയ രൂപഭാവങ്ങളിൽ ശാസ്ത്ര സഹായത്തോടെ സമൃദ്ധമായ ഒരു ആധുനിക ഓണക്കാലം സാധ്യമാണെന്നുതന്നെ.
അവിടെ ഇന്നു നാം കാണുന്ന വ്യക്തികളുടെ സ്വാർത്ഥതയും അധാർമ്മികതയും നീതിരാഹിത്യവും പുരുഷാധിപത്യവും പാരിസ്ഥിതിക ബോധമില്ലായ്മയും വംശീയതയും വർണ്ണവെറിയും വർഗീയതയും പ്രാദേശിക വാദവുംമാനസിക വിഭ്രാന്തിയും അക്രമ വാസനയും ക്രമേണ ദൂരീകരിക്കുവാനും പാടേ തുടച്ചു നീക്കുവാനും സാധിക്കുമെന്ന് തന്നെയാണ് കരുതേണ്ടത്. ആ ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയിൽ ചിലതിരിച്ചടികൾഉണ്ടാവുന്നത് കൂടുതൽ സുക്ഷ്മമായ ജാഗ്രതയോടെ മുന്നോട്ടു മുന്നേറാൻ അനുഭവസമ്പത്തായി മാറ്റാനാവണം.
ഓരോരുത്തരും എല്ലാവർക്കും വേണ്ടിയും എല്ലാവരും ഓരോരുത്തർക്കും വേണ്ടിയും കരുതലോടും സ്‌നേഹത്തോടും വാത്സല്യത്തോടും പാരസ്പര്യത്തോടും ജീവിക്കുന്ന നവലോകം അനിവാര്യ ഭാവിയാണ് . കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നാശവും അതിവേഗം ഭൂമിയുടെ ഭാവി തന്നെ തകർക്കുംവിധം കാര്യങ്ങൾ കൈവിട്ടുപോകുന്നത് തടയാൻ മനുഷ്യസമൂഹത്തിന് കൂട്ടായ ഇടപെടലിലൂടെ സാധിച്ചാൽ, അതിമനോഹരമായി നീതിയിലും തുല്യതയിലും പ്രകൃതി-മനുഷ്യസൗഹൃദത്തിലും അധിഷ്ഠിതമായ ഒരു പുതുയുഗം പിറക്കുക തന്നെ ചെയ്യും.
അവിടെ വ്യക്തിയും കുടുംബവും സമൂഹവും സദാചാരവുമെല്ലാം ഗുണപരമായി വളരെ ഉയർന്ന തലത്തിലാവും രൂപപ്പെടുകയും പരസ്പരം ബന്ധം സൂക്ഷിക്കുകയും ചെയ്യുക. ഭരണകൂടം അനാവശ്യമായതിനാൽ അപ്രത്യക്ഷമാകുന്നതാകും ആ നവലോകം. അവിടെ വർഗ്ഗവ്യത്യാസങ്ങൾ ഉണ്ടാവില്ലെന്നതിനാൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്നത്തെ രൂപത്തിൽ ആവശ്യമുണ്ടാവുമോ എന്ന ചോദ്യം പ്രശസ്ത മാർക്സിസ്റ്റ് ചിന്തകനായ
ടെറി ഈഗിൾടൺ ഉന്നയിക്കുന്നു. “എന്തുകൊണ്ട് മാർക്സ് ശരിയായിരുന്നു “എന്ന കൃതിയിലാണ് ഈ ചർച്ച അദ്ദേഹം നടത്തുന്നത്.
Add a Comment