സുറാബ്
എന്നും വയറുവേദനക്കാരനായ ഒരാളുണ്ടായിരുന്നു എന്റെ തറവാട്ടിൽ.വയറുവേദന വരുമ്പോഴൊക്കെ അയാളുടെ മരുന്ന് പാട്ടായിരുന്നു.എല്ലാപാട്ടിലും ‘ തടകിമണത്ത് ‘ മുത്തംകൊടുക്കുന്ന ഒരു പെണ്ണുണ്ടായിരുന്നു. പെണ്ണുകെട്ടാതെ പാടിപ്പാടി വേദനയോടെ കടന്നുപോയ ഒരാൾ.വേദന വരുമ്പോഴൊക്കെ കരിഞ്ചായ ഊതിക്കുടിക്കും.പാട്ടുപാടും.
ഇത് കേട്ടുകഥയാണ്.ആ വേദനിക്കുന്ന ഗായകനെ ഞാൻ കണ്ടിട്ടില്ല.ഞങ്ങളുടെ മാമനെ.ഒരിക്കൽ ഉമ്മ പറഞ്ഞു.” മാമന്റെ തനി പകർപ്പാണ് നിനക്ക്. തിന്നാനും കുടിക്കാനൊന്നും വേണ്ട….”
ഞാൻ കാണാത്ത മാമനെയാണ് എന്റുമ്മ എന്നോട് ഉപമിക്കുന്നത്.സത്യത്തിൽ ആ ഉപമ, ഉമ്മയെ വല്ലാതെ ആഹ്ലാദിപ്പിക്കുന്നുണ്ട്. കാരണം ഉമ്മയ്ക്കും പാട്ട് വലിയ ഇഷ്ട്ടമാണ്.ഉപ്പയും പാടും.സബീനയും മൈലാഞ്ചിയും കെസ്സും.പാട്ടുമായി ബന്ധപ്പെട്ട വലിയ കലാകുടുംബമൊന്നുമല്ല ഞങ്ങളുടേത്.എന്നാലും തറവാടിന്റെ മുറ്റത്ത് കോൽക്കളിയും ദഫും കളരിയും അരങ്ങേറും.മഹോത്സവത്തിന്റെ തിരുമുറ്റം. ഇടയ്ക്കിടെ ചുകന്ന പട്ടുടുത്ത തെയ്യങ്ങൾ കയറി വരും.അവർക്ക് അവിലും പൊരിയും കോഴിയും നൽകും.അജ്മീർ, മുത്തുപ്പേട്ട, നാഗൂരിൽനിന്നു വരുന്ന ഗായകസംഘം.മുസാഫിറുകൾ.അവർ ദഫ് മുട്ടി പാടും.പ്രാർത്ഥിക്കും. ബദരിയ മസ്ജിദിലെ ബാങ്കുവിളി കഴിഞ്ഞാൽ പുള്ളോൻ താനത്തിലെ ചെണ്ടകൊട്ട് തുടരും.കേളികൊട്ടുണർത്തുന്ന സംഗീത സായാഹ്നങ്ങൾ.വിശുദ്ധമാക്കപ്പെട്ട നാട്ടുമ്പുറം.കിണ്ടിയും കോളാമ്പിയും എന്നും കോലായിൽ ഉണ്ടാകും.ആർക്കും കോലായിലിട്ട പായയിൽ വന്നിരിക്കാം.സൊറ പറഞ്ഞു കോളാമ്പിയിൽ തുപ്പാം.പാട്ടു പാടാം.വടക്കേലെ ജാനുവും തെക്കേലെ സൈനബയും ഒന്നിച്ചു കുളപ്പടവിലേക്ക് പോകും.സ്വകാര്യം പറയും. ചെമ്പോത്തും ഉരുളി കമഴ്ത്തലും വായിപ്പാട്ടും നിറയും.മയിലാഞ്ചി അരക്കും.നെല്ല് കുത്തലും നെയ്ച്ചോറും മണക്കും.
സന്ധ്യ.ആറെ കാലിന്റെ തീവണ്ടി സ്റ്റേഷനിൽ വന്നു നിൽക്കും.കറുത്ത പുക ഊതി അത് കിതച്ചു കിതച്ച് പോയിക്കഴിഞ്ഞാലാണ് വിജയലക്ഷ്മി ടാക്കീസിൽ ഫസ്റ്റ് ഷോ.നിറയെ നാടകപ്പുരയും വായന ശാലയുമുള്ള നാട്.തെരുവരങ്ങ്,ശാലിയ പുറാട്ട്, തെയ്യം, തിറ, മൗലൂദ്, റാത്തീബ്, കൈമുട്ടിപ്പാട്ട്, മദ്ദളം…..ആഹാ, എന്റെ നാട്, തറവാട്ടിലെ നിലാവ്, രാത്രി, ഒളിച്ചു കളി, കൊത്തങ്കല്ല് കളി.ഓർക്കുമ്പോൾ എല്ലാ കളികൾക്കും തിരശ്ശീല വീണു പോയല്ലോ.ഇന്ന് തറവാടില്ല, പടിപ്പുരയില്ല.അത്താഴപ്പഷ്ണിയും വിശപ്പുമില്ല.
പുസ്തകം തുറന്നു വായിക്കുന്നതു കണ്ടപ്പോൾ ഉമ്മ പിറുപിറുത്തു.പണ്ടെപ്പോഴോ തറവാട്ടിൽനിന്ന് പാടിപ്പതിഞ്ഞുപോയ മാമനെ വീണ്ടെടുത്തു.പാട്ടുപോലെ തറവാട്ടിൽ വായനയും ദാരിദ്ര്യമുണ്ടാക്കുമോ? അതാണ് ഉമ്മയുടെ പേടി.എല്ലാം ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. വായനശാലയിലെ ഒരുവിധം പുസ്തകങ്ങൾ വായിച്ചു തീർന്നപ്പോൾ എനിക്ക് പനി വന്നു.ടൈഫോയിഡ്.പനി മാറിയപ്പോൾ ഉപ്പ ദൂരെയുള്ള സ്ക്കൂളിൽ കൊണ്ടുച്ചേർത്തു.ഉപ്പയ്ക്കും പേടി തുടങ്ങി.നാടകവും പുസ്തകവും വഴി തെറ്റിക്കും.തറവാടിന്റെ പോക്ക് അങ്ങനെയാണ്. വീടിനടുത്ത് സ്ക്കൂൾ ഉണ്ടായിട്ടും മറ്റൊരിടത്ത് ചേർത്തത്തിനു പിന്നിൽ ഈ പേടിയാണ്.ദിവസേന ബസ്സിന് പോയിവരണം.വെള്ളിയാഴ്ച്ച ക്ലാസില്ല.പകരം ശനിയാഴ്ച്ച.അന്ന് ക്ളാസിലിരിക്കാറുമില്ല.കൈലാസ് തീയേറ്ററിലൊ ശോഭ ടാക്കീസിലൊ മാറിമാറി വരുന്ന പടം പോയിക്കാണും. ദൂരത്തുള്ള പഠനം വലിയ ആനന്ദം നൽകിയ നാളുകൾ.എന്നാൽ എത്ര പെട്ടെന്നാണ് അതൊക്കെ കൊഴിഞ്ഞുപോയത്.അടിയന്തരാവസ്ഥ വന്നു.പല കലാകാരന്മാരെയും ആണിയടിച്ചു കുരിശിൽ തറച്ചു.ആയിടെ ഞാനും ചങ്ങാതിമാരുംകൂടി മാതൃഭൂമി സ്റ്റഡീ സർക്കിളിനുവേണ്ടി ഒരു നാടകം തട്ടിക്കൂട്ടുന്നുണ്ടായിരുന്നു.അതറിഞ്ഞു സ്റ്റേഷനിൽനിന്ന് എസ്.ഐ.വിളിപ്പിച്ചു.” നാടകം ആന്റി ഗവർമെന്റാണോ? എസ്.ഐ മീശ പിരിച്ചു.” അല്ല സാർ.ഇത് ഞങ്ങൾ സ്റ്റഡി സർക്കിളിനുവേണ്ടി കളിക്കുന്നതാ…..” എവിടെയാ തട്ടകം…? എസ്.ഐ ചിരിച്ചു.” തലശ്ശേരി ടൌൺ ഹാളിൽ….” അതുകേട്ട് എസ്.ഐ എഴുന്നേറ്റ് ലാത്തി കയ്യിലെടുത്തു.ഒപ്പം അതുകൊണ്ട് മേശയിൽ ശബ്ദമുണ്ടാക്കി ലാത്തിയും എസ്.ഐയും ഒന്നിച്ചു ചിരിച്ചു.ഒരുപക്ഷേ എസ്.ഐയും ഒരു കലാകാരനായിരിക്കും.കാക്കിക്കുള്ളിലെ കലാകാരൻ.ഇതൊക്കെ അറിഞ്ഞു കൊട്ടിലപ്പുറത്തിരുന്നു ഉപ്പ മുരണ്ടു.എങ്ങനെ മുരുളാതിരിക്കും? പോലീസ് സ്റ്റേഷന്റെ തൊട്ടുപിറകിലാണ് ഞങ്ങളുടെ വീട്.പറഞ്ഞിട്ടെന്ത്? ഉപ്പാക്ക് ഇതുവരെ പോലീസ് സ്റ്റേഷന്റെ അകം കാണാനുള്ള ഭാഗ്യമുണ്ടായില്ല.അത് മകൻ നേടിക്കൊടുത്തു.
ഓരോ പ്രതിസന്ധിയിലും ഞാൻ ആലോചിക്കും.എന്നെ എന്തിനാണ് ഇത്രപ്പെട്ടെന്ന് നാടുകടത്തിയതെന്ന്.കുടിയേറ്റത്തിന്റെ കാലമായിരുന്നു അന്ന്. കപ്പലും വിമാനവും ഏറുംമുമ്പുള്ള പത്തേമാരികൾ.കടലിരമ്പങ്ങൾ.ആ കുടിയേറ്റത്തിൽ ഞാനും ഒലിച്ചുപോയി.തിരമാലകളിൽ ആണ്ടുപോയി.
നാടുവിട്ട്, നാടകംവിട്ട് ഞാനും മറ്റൊരു രാജ്യത്ത്.പുതിയ വേഷങ്ങൾ. പുതിയ ഭാവങ്ങൾ. ഇതിനിടയിൽ അഭിനയവും ജീവിതവും തിരിച്ചറിയാത്ത കാലങ്ങൾ. അലഞ്ഞുതിരിഞ്ഞ അനുഭവങ്ങൾ.ഇടയ്ക്ക് ചിരിക്കുകയും ഇടയ്ക്ക് കരയുകയും ചെയ്ത രാപ്പകലുകൾ.എല്ലാം സഹിച്ച്, ഏറെഭാഷകൾ കേട്ട്, പലതും ഭക്ഷിച്ച് തിരിച്ചെത്തിയപ്പോഴേക്കും സകല രുചിയും മാറിപ്പോയിരിക്കുന്നു.നാട് മാറിപ്പോയി.വീട് മാറിപ്പോയി.തറവാടില്ല.തലമുറകളില്ല.എല്ലാം ഒറ്റപ്പെട്ടുപോയിരിക്കുന്നു.ഞാനിപ്പോഴും ഒരു കുടിയേറ്റക്കാരനാണ്.ജനിച്ച വീടുവിട്ട്, നാടുവിട്ട് മറ്റൊരിടത്ത്.മാമനെപ്പോലെ എനിക്ക് വയറുവേദനയില്ല.പാടാനും അറിയില്ല.എല്ലാം നഷ്ട്ടപ്പെടുമ്പോളുള്ള വികാരം വേദനയാണോ? എങ്കിൽ ആ വേദന എനിക്കുണ്ട്.മാറാത്ത ഹൃദയവേദന.