പ്രത്യയശാസ്ത്രമാകുന്ന തെളിനീർ പ്രവാഹത്തെ നാറുന്ന അഴുക്കു ജലമുപയോഗിച്ചു മലിനപ്പെടുത്താനുള്ള പാഴ് വേല താങ്കൾ അവസാപ്പിക്കണമെന്ന് വിനയപൂർവ്വം അറിയിക്കുന്നു. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രൻ, ഡോ.എം.കെ.മുനീറിൻ്റെ മാർക്സ് വിമർശനത്തോട് രൂക്ഷമായി പ്രതികരിക്കുന്നു.
ഡോ.എം.കെ മുനീർ,
പ്രത്യയശാസ്ത്രം മാത്രമല്ല –
മാർക്സിൻ്റെ ജീവിതവും
ഒരു മാതൃകയാണ്
പന്ന്യൻ രവീന്ദ്രൻ
മഹാന്മാരുടെ വ്യക്തി ജീവിതത്തെ താറടിച്ചു കാണിച്ചു പ്രത്യശാസ്ത്രത്തെ ഇകഴ്ത്തിക്കാണിക്കുന്നത് അമാന്യമാണ്. മാർക്സിസം എന്ന പ്രത്യയശാസ്ത്രം ജനകോടികളുടെ ജീവിതത്തിന് മാർഗ്ഗ രേഖയാണ്.
ലോകം ചൂഷണത്തിന്റെ ഭീകരതാണ്ഡവങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നപ്പോൾ തൊഴിലെടുക്കുന്നവർക്കും അടിമത്തത്തിന്റെ നുകത്തിൽ കഴിയുന്നവർക്കും പ്രതീക്ഷയുടെ പ്രകാശനാളമായി പിറന്നു വീണ പ്രത്യയശാസ്ത്രമാണ് ഇത്.1848 ലാണ് ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ‘ പ്രസിദ്ധീകരിച്ചത്. അന്നുമുതൽ തന്നെ മാർക്സിസത്തിനെതിരെ ആക്രമണത്തിന്റെ വഴിവെട്ടിയിരുന്നു.
ലോകസാമ്രാജ്യത്വവും ചൂഷകവർഗ്ഗവും ജർമ്മനിയിലെ പോലീസുകാരും ഭരണാധികാരി വർഗ്ഗവും ഒരേ നുകത്തിൽ കെട്ടിയ കാളകളെപ്പോലെ എതിർപ്പിന്റെ കുന്തമുനയുമായി രംഗത്തെത്തി. “യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് ഭൂതം ” ഈ ആപത്ത് ചെറുക്കാൻ എല്ലാവരും ഒന്നിക്കുക എന്നാണ് അവർ ആവശ്യപ്പെട്ടത്.
അന്ന് ഒരുപാട് അപവാദങ്ങൾ മാർക്സിന് നേരെ വലിച്ചെറിഞ്ഞിരുന്നു. അതിന്റെ പിന്നിൽ പ്രവർത്തിച്ചത് ചൂഷകവർഗ്ഗമാണ് . അതുവരെ ചോദ്യം ചെയ്യാൻ നാക്കുയർത്താൻ കഴിയാത്ത അടിമ ജനവിഭാഗത്തിന് പ്രത്യാശയുടെ തിരിനാളമാണ്, മാർക്സിന്റെ പ്രത്യയശാസ്ത്രം.
172 വർഷം പഴക്കമുള്ളതും ലോക സാമ്രാജ്യത്വ ശക്തികളും അവരുടെ വാടക പ്രചാരകന്മാരും അന്ന് ചവച്ചു തുപ്പിയതുമായ നാറിയ പാഴ് വസ്തുക്കൾ ഇപ്പോൾ പുതിയ കണ്ടുപിടുത്തമായി അവതരിപ്പിച്ച ഡോ. എം. കെ മുനീർ സ്വയം പരിഹാസ്യനാവുകയാണ്.
1917 ലെ ഒക്ടോബർ സോഷ്യലിസ്റ്റു വിപ്ലവത്തിന്റെ വിജയത്തോടെ മഹാനായ ലെനിന്റെ നേതൃത്വത്തിൽ വന്ന സോവിയറ്റ് സോഷ്യലിസ്റ്റു സർക്കാറും സോവിയറ്റ് ജനതയുമാണ് ലോകത്തെ അടക്കിഭരിക്കാൻ കോപ്പുകൂട്ടിയ ഫാസിസ്റ്റു ഹിറ്റ്ലറെ തോൽപ്പിച്ചത്. ഫാസിസത്തിന്റെ അകാലവിയോഗത്തിൽ ദു:ഖിച്ച ചൂഷക വർഗ്ഗത്തിന്റെ പ്രേതം മുനീറിനെയും ബാധിച്ചുവോ എന്ന് സംശയിച്ചതിൽ എന്നെ കുറ്റപ്പെടുത്തരുത്. മാന്യമായ രീതി ആശയത്തെ ആശയം കൊണ്ട് നേരിടുകയാണ് അങ്ങനെ ചെയ്യണമെങ്കിൽ അതിനെക്കുറിച്ച് നന്നായി പഠിക്കണം.
അതിന് കഴിയാത്തവർ മാത്രമാണ് വിസർജ്യാഭിഷേകം നടത്തുക. 1990ന്ശേഷം സോവിയറ്റ് യൂണിയൻ ഉൾപ്പടെയുള്ള സോഷ്യലിസ്റ്റു രാജ്യങളിലെ ഗവൺമെൻ്റുകളുടെ തകർച്ച കണ്ടു കയ്യടിച്ചവർ മാർക്സിസം മരിച്ചു എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇന്നത്തെ ലോകത്തിന്റെ സ്ഥിതി എല്ലാവർക്കും അറിയാം. ലാററിനമേരിക്കയും, നിലവിലുള്ള സോഷ്യലിസ്റ്റു രാജ്യങളും ഒരുമിച്ച് നീങ്ങുന്ന കാഴ്ചയാണ് ലോകം കാണുന്നത്.ക്യൂബൻ പ്രസിഡന്റായിരുന്ന ഫിഡൽ കാസ്ട്രോ മാർക്സിയൻ ഐഡിയോളജിയാണ് ശരിയെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. സായുധ വിപ്ലവത്തിലൂടെ ക്യൂബയെ മോചിപ്പിച്ചത് 1959ലാണ് . ഒരുവർഷമാവുമ്പോൾ 1960 ലാണ് ക്യൂബ കമ്മ്യൂണിസ്റ് പ്രത്യയശാസ്ത്രം സ്വീകരിച്ചത് എന്നത്
ചരിത്ര സത്യം.
വിയറ്റ്നാമും കംബോഡിയയും വെനിസ്വലയും ഉൾപ്പെടെ സോഷ്യലിസ്റ്റു ഭരണവഴിയിലേക്ക് നീങ്ങുന്നത് മാർക്സിന്റെ ഐഡിയോളജിയുടെ തണലിലാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണം മാർക്സിസ്റ്റിയൻ പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പം കൊണ്ടാണെന്നു ഇന്നേവരെ ആരും പറഞ്ഞിട്ടില്ല. അത് നടപ്പിലാക്കുന്നതിൽ കാണിച്ച പിഴവുകളാണ് കാരണമാകുന്നത്. പ്രത്യയശാസ്ത്രം ഇല്ലാതാവണമെങ്കിൽ പകരം മെച്ചപ്പെട്ട മറ്റൊരു പ്രത്യയശാസ്ത്രം വരണം. അതുകൊണ്ട് ആ വാദഗതിക്ക് പ്രസക്തി ഇല്ലാതാകുന്നു . ഇതു തന്നെയാണ് മതങ്ങളുടെയും സ്ഥിതി. താലിബാനിസത്തെ ഇസ്ലാം മതത്തിന്റെ പരാജയമായി കണക്കാക്കില്ല. ലോകത്തിലെ ചൂഷകശക്തികളുടെ മുഖ്യ ശത്രുക്കളാണ് ഇസ്ലാം മതവും മാർക്സിസവും. കാരണം രണ്ടും ചൂഷണത്തിനെതിരെ ഏകാഭിപ്രായമുള്ളതാണ്. കമ്മ്യുണിസ്റ്റുകാർ സന്ധിയില്ലാതെ സമരം ചെയ്യുന്നവരുമാണ്.
ഡോ. എം.കെ.മുനീർ താങ്കളുടെ വാദഗതി കൊണ്ട് ആർക്കും ഒരു നേട്ടവും ലഭിക്കില്ല. പ്രത്യയശാസ്ത്രമാകുന്ന തെളിനീർ പ്രവാഹത്തെ നാറുന്ന അഴുക്കു ജലമുപയോഗിച്ചു മലിനപ്പെടുത്താനുള്ള പാഴ് വേല താങ്കൾ അവസാപ്പിക്കണമെന്ന് വിനയപൂർവ്വം അറിയിക്കുന്നു.
മാർക്സ് എന്ന മഹാന്റെ ജീവിതം പഠിക്കുവാൻ താങ്കൾ തയ്യാറാകണം. മുപ്പതാം വയസ്സിൽ കമ്മ്യൂണിസ്റ് മാനിഫെസ്റ്റോയും തുടർന്ന് മൂലധനവും ലോകത്തിന് മൂന്നിൽ അവതരിപ്പിച്ച മാർക്സിന്റെ മകന്റെ വേർപാട് എന്തു കൊണ്ടാണെന്നു താങ്കൾ അറിയണം.പനിപിടിച്ചു ഗുരുതരമായി കിടക്കുന്ന സ്വന്തം മകന് മരുന്ന് വാങ്ങിക്കൊടുക്കാൻ കയ്യിൽ കാശില്ലാത്തത കൊണ്ട് മാത്രം. മകനെ നഷ്ടപ്പെട്ട ഹതഭാഗ്യനാണ് കാൾ മാർക്സ്.
ഒടുവിൽ ദു:ഖിതയായ ഭാര്യ ജെന്നിയെ മാർക്സ് സമാധാനിപ്പിച്ചത് ഇതിനെയാണ്. ” ജെന്നീ. നിന്റെ വേദന എനിക്കുമുണ്ട് ..ഒരു മകന് മരണശയ്യയിൽ കിടക്കുമ്പോൾ മരുന്ന് വാങ്ങിക്കൊടുത്ത് ജീവൻ രക്ഷിക്കാൻ കഴിയാത്ത ഒരച്ഛന്റെ ദു:ഖം എനിക്കുണ്ട്. പക്ഷെ, നമ്മളെപ്പോലെ ലോകത്ത് ലക്ഷക്കണക്കിന് അച്ഛനമ്മമാർക്ക് ഇത്തരം അനുഭവം ഉണ്ടാകും . അവരുടെ ദു:ഖമോർത്ത് നമുക്കും കഴിയാം. ഇതുപോലെ ഒരവസ്ഥ ഇനിയും ആർക്കും വരാതിരിക്കാൻ വേണ്ടി നമുക്ക് പൊരുതാം.
മാർക്സിന്റെ ജീവിതവും ഒരു മാതൃകയാണ് പ്രിയ മുനീർ.
Add a Comment