ചിലരുണ്ട്. നാം കാണണം, പരിചയപ്പെടണം എന്നൊക്കെ ആഗ്രഹിക്കുന്നവർ. അവർ ജീവിതത്തിൻ്റെ ചില ഘട്ടത്തിൽ നമ്മുടെ പരിചയ സീമയിലേക്ക് നമ്മൾ ആവശ്യപ്പെടാതെ തന്നെ കടന്നു വരും. അധികമൊന്നും നമ്മോടൊപ്പം അവരുണ്ടാവില്ല. വളരെ വേഗത്തിൽ അവർ പിരിഞ്ഞു പോവുകയും ചെയ്യും.പക്ഷെ, നാം നമ്മുടെ ജീവിതകാലം മുഴുവൻ അവരെക്കുറിച്ചോർക്കും. അവരുടെ മധുര സ്മരണകൾ നമ്മുടെ ജീവിതത്തിൽ നിന്ന് ഒരിക്കലും മാഞ്ഞു പോവുകയില്ല. ബഹുമാനത്തോടെ, സ്നേഹത്തോടെ, ഏറെ അത്ഭുതത്തോടെ മാത്രമേ നമുക്ക് അവരെ എന്നും ഓർമിക്കാൻ കഴിയുകയുള്ളൂ.
അങ്ങനെയുള്ള മഹാനായ ഒരു കലാകാരനായിരുന്നു, റസാക്ക് കോട്ടക്കൽ .
റസാക്ക് കോട്ടക്കൽ എൻ്റെ സ്നേഹിതനായിരുന്നു എന്ന് ഞാൻ പറയുകയില്ല. കാരണം, അങ്ങനെയൊരടുപ്പം ഞങ്ങൾ തമ്മിലുണ്ടായിരുന്നില്ല.എന്നാൽ, എനിക്ക് ഇപ്പോൾ തോന്നുന്നത്, റസാക്കിന് എല്ലാവരും സ്നേഹിതരായിരുന്നു എന്നാണ്.
ഫോട്ടോഗ്രഫിയുടെ നായകനായിരുന്നു, റസാക്ക് കോട്ടക്കൽ. അതൊരിക്കലും അയാൾക്ക് യാന്ത്രികമായ ഒരു വൃത്തിയായിരുന്നില്ല. ഫോട്ടോഗ്രാഫ് മഹത്തായ ഒരു കലയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ മഹാനായ കലാകാരനാണ് റസാക്ക് കോട്ടക്കൽ. ഏറെ കാലമൊന്നും റസാക്ക് നമുക്കിടയിൽ ഉണ്ടായിരുന്നില്ല, ക്ഷണിക ജീവിതമായിരുന്നു. ഒരു കൊള്ളിയാനെപ്പോലെ മിന്നി , തൻ്റെ പ്രഭാപൂരം ലോകത്തിനു മുഴുവൻ പരത്തി, വളരെ വേഗത്തിൽ തന്നെ അയാൾ മറഞ്ഞു പോവുകയും ചെയ്തു.
റസാക്ക് ജീവിച്ചിരുന്ന കാലത്ത് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം റസാക്ക് എടുക്കുന്ന പടങ്ങൾക്കു വേണ്ടി അയാൾക്കരികിലെത്തിയിരുന്നു.പ് രശസ്തരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും പടങ്ങളെടുക്കാൻ പത്രാധിപന്മാർ റസാക്കിനോട് അപേക്ഷിച്ചു.അങ്ങനെയാണ് റസാക്കും ഞാനുമായുള്ള പരിചയം തുടങ്ങുന്നത്. ഒന്നിലധികം തവണ മലയാള മനോരമ ആവശ്യപ്പെട്ടതു പ്രകാരം റസാക്ക് എൻ്റെ അരികിൽ വന്നു. ആ സന്ദർശനങ്ങൾ, ആവശ്യപ്പെട്ട പ്രസിദ്ധീകരണങ്ങൾക്ക് ചിത്രങ്ങൾ എടുക്കാൻ വേണ്ടി മാത്രമായിരുന്നു. ഫോട്ടോ എടുക്കാൻ വരികയും പോവുകയും ചെയ്തു.
ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വശങ്ങൾ എനിക്ക് ഒട്ടുമറിയില്ല എന്നു തന്നെ പറയാം.എന്നാൽ, ആ കലയെക്കുറിച്ചുള്ള മികച്ച പുസ്തകങ്ങളും മഹാൻമാരായ ഫോട്ടോഗ്രാഫർമാരുടെ ജീവചരിത്രങ്ങളും വായിച്ചിട്ടുണ്ട്. നാഷനൽ ജിയോഗ്രഫിയുടെ വരിക്കാരനുമായിരുന്നു.അങ്ങനെ ഫോട്ടോഗ്രാഫുകളുടെ മഹത്തായ ലോകത്തേക്ക് എല്ലായ്പ്പോഴും ശ്രദ്ധയോടെ പ്രവേശിച്ചു കൊണ്ടിരുന്നു. മികച്ച ഫോട്ടോഗ്രാഫുകളെക്കുറിച്ചുള്ള ശരിയായ ധാരണകൾ രൂപപ്പെടുത്താൻ ഈ വായനകൾ എന്നെ സഹായിച്ചു.മികച്ച ഫോട്ടോഗ്രാഫുകൾ കണ്ട അനുഭവങ്ങളിൽ നിന്ന് റസാക്ക് മഹാനായ ഒരു കലാകാരനാണ് എന്ന് എനിക്ക് ബോദ്ധ്യമായി.
റസാക്ക് കോട്ടക്കലുമായി ബന്ധപ്പെട്ട വ്യക്തിപരമായ ചില അനുഭവങ്ങൾ റീഡ് വിഷനുമായി പങ്കു വെക്കാം.
ഞാൻ എന്നും നേരത്തേ എഴുന്നേൽക്കുന്നവനാണ്.ഒരു ദിവസം രാവിലെ എഴുന്നേറ്റ്, നിത്യ കർമ്മങ്ങൾ ചെയ്ത്, വരാന്തയിൽ നിൽക്കുമ്പോൾ ,റസാക്ക് കടന്നു വരുന്നു!
അത്രയും രാവിലെ …
പതിവ് പോലെ മനോഹരമായ ഒരു പുഞ്ചിരി പുലർകാലത്തും ആ മുഖത്തുണ്ടായിരുന്നു. റസാക്കിനെ ഫോട്ടോ എടുക്കാൻ അയക്കുന്നുണ്ടെന്ന് ആരും തന്നെ പറഞ്ഞിരുന്നില്ല. റസാക്കും ഒന്നും അറിയിച്ചിരുന്നില്ല …
ഞാൻ ചോദിച്ചു:
‘റസാക്ക് … എന്താ ഇത്! തീർത്തും അപ്രതീക്ഷിതമായി … ആർക്കു വേണ്ടിയാണ്…? “
അപ്പോൾ റസാക്ക് ചിരിച്ചു കൊണ്ടു പറഞ്ഞു: ‘ആർക്കും വേണ്ടിയല്ല. എനിക്ക് വേണ്ടി മാത്രമുള്ള ചില ചിത്രങ്ങൾക്ക് …’
‘ എന്നു വെച്ചാൽ?”
‘ഇന്ന് മുഴുവൻ നമ്മൾ കണ്ണൂരിൻ്റെ പല ഭാഗങ്ങളിലും സഞ്ചരിക്കുന്നു… പപ്പേട്ടൻ നടന്നു പോകുന്ന സ്ഥലങ്ങൾ, പരിചിതമായ സ്ഥലങ്ങൾ .,.. ഞാൻ എനിക്ക് മതിയാവോളം, ഇഷ്ടം പോലെ ഫോട്ടോകളെടുക്കുന്നു… സന്ധ്യയാകുമ്പോൾ ഞാൻ നാട്ടിലേക്ക് മടങ്ങും. അതു വരെ…’
അന്ന് ഞങ്ങൾ എൻ്റെ പരിചിതമായ സ്ഥലങ്ങളിലൂടെയൊക്കെ ചുറ്റിത്തിരിഞ്ഞു.ഏറെ സമയം ചെലവഴിച്ചത് കണ്ണൂർ സെൻറ് ആഞ്ചലോസ് കോട്ടയിലായിരുന്നു.പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി നടന്ന സ്ഥലം… പിന്നെ ഞാൻ സ്ഥിരം പോകാറുള്ള പയ്യാമ്പലം ബീച്ച് … നാരായണ പാർക്ക്, കോട്ടമൈതാനം … അങ്ങനെ പല പല സ്ഥലങ്ങൾ. അതിനിടയിൽ ഉച്ചയ്ക്ക് കടൽത്തീരത്തുള്ള ,കൻ്റോൺമെൻ്റ്നരികിൽ ,പട്ടാള ബാരക്കിനടുത്തുള്ള ബേബി ബീച്ചിൽ പോയി. ഇന്ന് ബേബി ബീച്ചിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്നാണ് മനസ്സിലാക്കുന്നത്. ഒരു കാലത്ത് ധാരാളം സിനിമകൾ ഷൂട്ട് ചെയ്ത സ്ഥലമായിരുന്നു, ബേബി ബീച്ച്.ഞാനിപ്പോഴുമോർക്കുന്നത്, ചമ്പക മരത്തിന് ചുവട്ടിൽ നിൽക്കുമ്പോൾ റസാക്ക് എടുത്ത ചിത്രങ്ങളാണ്. പ്രകൃതിദത്തമായ, എന്നാൽ മനുഷ്യനിർമ്മിതവുമായ ഒരു തീരമാണത്. അവിടെ ചമ്പകമരം … മരക്കൊമ്പിൽ ഇരുന്നും, മരത്തെ തൊട്ടു നിന്നും… അങ്ങനെ ഒരു പാട് ചിത്രങ്ങൾ. അപ്പോൾ റസാക്ക് എൻ്റെ മുന്നിലുണ്ടായിരുന്നില്ല. ചമ്പക മരം മാത്രം… പിന്നെ, കടലും!
ആ ചിത്രങ്ങൾ കണ്ട് പിൽക്കാലത്ത് പലരും എന്നെ പ്രശംസിച്ചു.വാസ്തവത്തിൽ, അത് റസാക്കിനു മാത്രമുള്ള സിദ്ധിയായിരുന്നു.
സസ്യയായപ്പോൾ ഞങ്ങൾ പഴയ ബസ്റ്റാൻ്റിനു മുന്നിലെ ദേശാഭിമാനി ബുക് ഹൗസിൽ ചെന്നു. ഞാനവിടെ കസേരയിൽ റോഡിനഭിമുഖമായി കാലും നീട്ടിയിരിക്കുന്ന ചിത്രവും റസാക്ക് എടുത്തു.
സന്ധ്യയായപ്പോൾ റസാക്ക് മടങ്ങി.
ഞങ്ങൾ തമ്മിലുള്ള അവസാന സമാഗമമായിരുന്നു. അത്.
ലോകത്ത് എന്നെ പ്രചോദിപ്പിച്ച ഫോട്ടോഗ്രാഫർ ക്രാഷ്ചോഫ് ഒട്ടോവയാണ്. വിഖ്യാതരായ ആളുകളുടെ അദ്ദേഹമെടുത്ത പോട്രെയ്റ്റുകൾ ,ഫോട്ടോഗ്രാഫ് എങ്ങനെ മഹത്തായ കലയായി മാറുന്നു എന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്നതാണ്. റസാക്കിനെ ഓർക്കുമ്പോൾ ,ക്രാഷ് ചോഫ് ഒട്ടോവ എൻ്റെ മനസ്സിൽ വരും.
വലിയ ,വലിയ കലാകാരന്മാരെ പോലെയായിരുന്നു, റസാക്കിൻ്റെയും ജിവിതം. ചരട് പൊട്ടിയ പട്ടം പോലെ പറന്നു പറന്ന് …
വളരെ വേഗത്തിൽ ആ ജീവിതം അവസാനിച്ചു.
ഇന്ന് ഈ ഓർമകൾ പകർത്തുമ്പോൾ ഞാൻ മറ്റൊന്നാണ് ഓർക്കുന്നത്, ഇന്ന് എത്ര പേർ റസാക്കിനെ ഓർക്കുന്നുണ്ട്? ഒരു ഓർമക്കുറിപ്പ് പോലും ആ മഹാനായ കലാകാരനെക്കുറിച്ച് നമ്മുടെ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല. വിസ്മൃതിയിൽ മറഞ്ഞു പോകേണ്ട ഒരു പേരല്ല, റസാക്ക് കോട്ടക്കൽ.പുനലൂർ രാജനെപ്പോലെ തന്നെ ഓർക്കപ്പെടേണ്ട ഒരു പേരാണ്.പുനലൂർ രാജൻ മികച്ച ഫോട്ടോഗ്രാഫറാണ്. റസാക്കിനേക്കാൾ എനിക്ക് അടുപ്പമുണ്ടായിരുന്നത്, പുനലൂർ രാജനുമായിട്ടായിരുന്നു.പുനലൂർ രാജൻ്റെ ബഷീർ പടങ്ങൾ ശ്രദ്ധേയമാണ്.ഒരിക്കൽ മലയാളികളുടെ ആശാ കേന്ദ്രമായ സോവ്യറ്റ് യൂനിയനിൽ, മോസ്കോയിൽ ചെന്ന് ഫോട്ടോഗ്രാഫ് പഠിച്ചു എന്ന അനുകൂല ഘടകം പുനലൂർ രാജനുണ്ടായിരുന്നു. മലയാളികളുടെ മുന്നിൽ ഇവരുടേതായ ചിത്രങ്ങൾ പതിപ്പിച്ചു.
എന്നാൽ, റസാക്ക് കോട്ടക്കലിനെ ഉചിതമായ രീതിയിൽ നമ്മുടെ മാധ്യമങ്ങൾ ഓർത്തില്ല. അയാൾ ,സംശയമില്ല, മഹാനായ ഒരു കലാകാരനാണ്.
ടി. പത്മനാഭന്റെ ശബ്ദത്തിൽ കേൾക്കുക