kuli

കുളിമുറിയിലെ പാട്ടുകള്‍

സൗന്ദര്യാസ്വാദകയായ ഒരു പെണ്ണിന് കുളിമുറിയോളം മികച്ച ധ്യാന കേന്ദ്രമില്ല. അടുക്കളയിലും കിടപ്പുമുറിയിലും കിട്ടാത്ത ശീതളിമ അവൾക്കവിടെ കിട്ടും. മുഖചർമ്മത്തെ സംരക്ഷിച്ചു നിർത്തി ആത്മവിശ്വാസം വീണ്ടെടുത്തു തരുന്ന പാർലറാക്കി മാറ്റണം കുളിമുറിയെ . പെൺകുട്ടിയെന്ന ബോധമുണ്ടായ ദിവസം മുതൽ ഞാൻ വീട്ടിലേറ്റവും ഇഷ്ടപ്പെട്ടത് എന്റെ കുളിമുറിയെയാണ്. ചന്ദനവും പച്ചമഞ്ഞളും പാൽപ്പാടയിൽ ചേർത്തരച്ച് മുഖത്തും കഴുത്തിലും പുരട്ടി അതുണങ്ങുന്നതു വരെ മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവത്ത് മഞ്ഞളരച്ചു വെച്ച് നീരാടുമ്പോൾ എന്ന് പരമാവധി മൃദുവായി ഞാൻ പാടുമായിരുന്നു. കുളി മണിക്കൂറുകളോളം നീളും. മഞ്ഞളുണങ്ങി ചെറുപയർ പൊടി തേച്ചു കഴുകിക്കളയുന്നതു വരെ പല പാട്ടുകൾ മാറി മാറി പാടുമായിരുന്നു. ‘ഇന്ദുലേഖ ഇന്ദുലേഖേ എന്തിനിന്നു നീ സുന്ദരിയായീ’ എന്ന് കുളിമുറിയിലെ കണ്ണാടിയിൽ നോക്കി ഞാൻ സ്വയമാസ്വദിച്ചു പാടി .

ഷവറിനു കീഴിൽ ശരീരത്തെ പരമാവധി തണുപ്പിക്കുമ്പോൾ എനിക്കിഷ്ടം മാധുരിയുടെ പാട്ടുകൾ പാടാനാണ് കാരണം വെള്ളത്തിനടിയിൽ ശബ്ദം ഏതുച്ചസ്ഥായിയിലും പതറിപ്പോവില്ല. “അനങ്ങുമ്പോൾ കിലുങ്ങുന്നൊരരഞ്ഞാണവും മെയ്യിൽ നനഞ്ഞ പൂന്തുകിൽ മൂടുമിളം നാണവും വലം പിരിശംഖിനുള്ളിൽ ജലതീർഥവും കേളീ നളിനത്തിൽ നിറയുന്ന മധുബിന്ദുവും തന്ന് പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ ” എന്നു പാടി ഞാനെന്റെ കുളി ഒരാറാട്ടാഘോഷമാക്കും. സത്യത്തിൽ പെണ്ണ് സ്വന്തം ശരീര സൗന്ദര്യത്തെ മതി മറന്ന് വർണ്ണിക്കുന്ന ഒരു പാട്ട് മലയാളത്തിൽ ഇതുപോലെ വേറെയില്ല “

പതിന്നാലു ലോകങ്ങൾക്കും പ്രിയ മോഹിനി
കണ്ട് മുനിമാരും മയങ്ങുന്ന വരവർണ്ണിനീ
അരയന്ന നട നടന്ന് അരികിൽ വരാം തങ്ക –
ത്തിരുമെയ്യിൽ അണിയിക്കാം ഹരിചന്ദനം” ഇതിന്റെ ചുവടുകൾ കുളിമുറിയെ ഒരു നൃത്തമണ്ഡപം തന്നെയാക്കി മാറ്റും.

കോളേജിൽ പഠിക്കുന്ന കാലത്ത്
കുളിയുടെ താളത്തെ ഏറ്റവും ഫലപ്രദമായി ഞാൻ ഉപയോഗിച്ച ഒരു പാട്ടാണ് വാണി ജയറാമിന്റെ ചിലുചിലാ ശബ്ദത്തിലുള്ള ‘മഞ്ഞിൻ തേരേറി തെയ്യം ‘ എന്ന ഗാനം . അതിൽ കാലു കൊണ്ടു വെള്ളം തെന്നിത്തെറിപ്പിക്കുന്ന ശബ്ദമുണ്ട്. ഓ ..ചിലുചിലെചിലെ എന്നു ഞാൻ വെള്ളം തെന്നിച്ചു

” ഏഴാം കടവിൽ ഞാനും നീയും നീരാടുന്നേരം
ഓ ഓ ഓ
വെള്ളം തെന്നി ഉള്ളം മിന്നി നീരാടുന്നേരം
ആളുകൾ കാണാതെ ആണുങ്ങൾ കാണാതെ
ആടകളോരോന്നും മാറുന്ന നേരം
മതിമതിമതി അരുതരുതിനിമതി
മതിമതിമതി അരുതരുതിനിമതി ”

ഈ ഭാഗമെത്തുമ്പോൾ അമ്മ വഴക്കു തുടങ്ങും. “ഒന്നിറങ്ങി വരുന്നുണ്ടോ പെണ്ണേ ” എന്ന് . അരുതാത്ത വരികൾ അയലത്തെ ആൺകുട്ടികൾ കേൾക്കുമെന്ന് അമ്മ ഭയന്നു.

ഞാനിന്നും പ്രിയപ്പെട്ട പാട്ടുകൾ പാടിയാണ് കുളിക്കുക. ഏറ്റവും സമയമെടുത്തു തന്നെയാണ് കുളി. കുളിമുറിയും കുളിമുറിയിലെ പാട്ടും എന്നെ ഏതു പ്രായത്തിലും കാലത്തിലും ചെറുപ്പമാക്കും. പ്രസാദവതിയും ഊർജ്ജസ്വലയുമാക്കും. എന്നെയൊരത്ഭുത സൗന്ദര്യമാക്കി മാറ്റും. ജീവിതമേൽപ്പിക്കുന്ന എല്ലാ പ്രഹരങ്ങൾക്കുമുള്ള തൈലമാണ് കുളിമുറി സംഗീതം.

Comments are closed.