മലയാള പുസ്തകവായനക്കാരുടെ ഹൃദയത്തിൽ ഇടം പിടിച്ച എഴുത്തുകാരനും എഡിറ്ററും പ്രസാധകനുമായിരുന്നു ഷെൽവി. എൺപതുകളിൽ പുസ്തകത്തിന്റെ തെരഞ്ഞെടുപ്പുകളിലും രൂപകല്പനയിലും ലിപിവിന്യാസത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ മൾബറി കൊണ്ടുവന്നു. പുസ്തക അലമാരകളിൽ അതുവരെ നാം കണ്ടിട്ടില്ലാത്ത പുതുക്കങ്ങളോടെ പലപല പുസ്തകങ്ങൾ. അതിനുപിന്നിൽ പ്രവർത്തിച്ച സർഗാത്മക മനസ്സ് ഷെൽവിയുടേതായിരുന്നു. ഷെൽവി: കവി, എഡിറ്റർ, പ്രസാധകൻ.
എന്തിനായിരുന്നു ആ പുസ്തക മനുഷ്യൻ ആത്മഹത്യ ചെയ്തത്?
ഷെൽവിയോടൊപ്പം പുസ്തകജീവിതം തുടങ്ങിയ നൗഷാദ് ആ ഓർമകളിലൂടെ കടന്നുപോകുന്നു.
പട്ടുനൂല്‍ പുഴുവിന്റെ ജീവിതം
നൗഷാദ്
മൾബെറി ബുക്‌സ്, 25 ആര്യഭവൻ, മിഠായിത്തെരുവ്, കോഴിക്കോട് – 1
എൺപതുകളുടെ അവസാനകാലംമുതൽ വായനക്കാരെ തേടിയെത്തിയിരുന്ന വി.പി.പി. പുസ്തകപാക്കറ്റുകളിൽ മുദ്രിതമായിരുന്ന വിലാസം.
മിഠായിത്തെരുവിന്റെ ഇരമ്പൽ അടുത്തു കേൾക്കുന്ന ആര്യഭവൻ ഹോട്ടലിന്റെ 25-ാം നമ്പർ മുറിയിൽ 1985 ലാണ് മൾബെറിയുടെ ജീവിതം ആരംഭിക്കുന്നത്. 2003 ആഗസ്റ്റ് 21 ന് അത് അവസാനിക്കുകയും ചെയ്തു.
ജീവിച്ചിരുന്ന കാലത്ത് അത്രയൊന്നും അറിയപ്പെടാതെപോയ ഒരു കവിയുടെ ജീവചരിത്രം കൂടിയായിരുന്നു മൾബെറി. ഗുരുവായൂർ ഒരുമനയൂർകാരനായ ഷെൽവി രാജൻ എന്ന ഷെൽവിയെ കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത് പ്രണയമായിരുന്നു.
ആദ്യ കവിതാസമാഹാരമായ നൊസ്റ്റാൾജിയയിൽ ഷെൽവി എഴുതിയ കവിയുടെ ജീവചരിത്രക്കുറിപ്പിൽ നിന്ന്: 1960 ആഗസ്റ്റ് 8 ന് ഗുരുവായൂരിനടുത്ത ഒരുമനയൂരിൽ ജനിച്ചു. അച്ഛൻ: ദേവസ്സി. അമ്മ: ക്ലാര. പാവറട്ടി, പാലക്കാട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബാല്യകാലത്ത് കഥ, പെയിന്റിങ്, നാടകരചന, സംവിധാനം, ഉപന്യാസം, പ്രസംഗം എന്നിവയിൽ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജനകീയ സാംസ്‌കാരികവേദിയുടെ അന്തിക്കാട് കൺവെൻഷനിൽ പങ്കെടുത്തുകൊണ്ടാണ് സജീവസാഹിത്യത്തിലേക്ക് വരുന്നത്. ആദ്യ കവിത ‘പ്രേരണ’യിൽ പ്രസിദ്ധീകരിച്ചു. കേരള സംസ്‌കാരം മാസികയുടെ കാമ്പസ് എഡിറ്ററായി ഒന്നരക്കൊല്ലം പ്രവർത്തിച്ചു. 1984ൽ മോഹൻദാസുമൊത്ത് ചേർന്ന്, ഗുരുവായുർ കേന്ദ്രമായി ശിഖ ബുക്സ് ആരംഭിച്ചു.
ശിഖയുടെ എഡിറ്ററെ തേടി കോഴിക്കോട്ടുനിന്ന് ഒരു കത്ത് വന്നു. ‘കഥ: പട്ടത്തുവിള’ എന്ന പുസ്തകം അന്വേഷിച്ചുള്ള ഡെയ്‌സി ജാക്വലിൻ പെരേര എന്ന പെൺകുട്ടി എഴുതിയ കത്ത്. പട്ടത്തുവിള കരുണാകരന്റെ കഥകൾ ഇഷ്ടപ്പെടുന്നവൾ ഷെൽവിയിൽ കൗതുകമായി. പുസ്തകവുമായി ഷെൽവി മീഞ്ചന്ത ആർട്‌സ് കോളേജിൽ ചെന്നു. എം.ഗംഗാധരൻ മാഷിന്റെ ശിഷ്യയായ, കവിതകളെഴുതുന്ന, പെൺകുട്ടിയെ ഷെൽവി പരിചയപ്പെട്ടു. തീരെ റൊമാന്റിക് അല്ലാത്ത പട്ടത്തുവിള എന്ന എഴുത്തുകാരൻ അവരെ കൂട്ടിയിണക്കി. ഡെയ്‌സി പിന്നീട് എഴുതി:
1983 ലെ ഒരു ആഗസ്റ്റ് മാസത്തിലാണ് ഞാൻ ആദ്യമായി ഷെൽവിയെ കാണുന്നത്. മഴ ഭൂമിയെ വിട്ടുകഴിഞ്ഞിരുന്നു. പ്രഭാതം സുഗന്ധഭരിതവും ഊഷ്മളവുമായിരുന്നു. ഞാനന്ന് മീഞ്ചന്ത ഗവ. ആർട്‌സ് & സയൻസ് കോളേജിൽ ബി.എ. ഇംഗ്ലീഷിനു പഠിക്കുകയായിരുന്നു.
കോളേജിൽ അധ്യാപകർക്കിടയിലും കുട്ടികൾക്കിടയിലും പുസ്തകങ്ങൾ വിൽക്കുന്നതിനായി ഗുരുവായൂരിലെ ശിഖ പബ്ലിക്കേഷൻസിൽ നിന്നും കോഴിക്കോട്ടെത്തിയതാണ് ഷെൽവി. അന്നു വാങ്ങിയ പുസ്തകങ്ങളിൽ പട്ടത്തുവിള കരുണാകരനും കാഫ്കയുമുണ്ടായിരുന്നു.
(ഷെൽവി എന്ന പുസ്തകം – ഡെയ്‌സി, 2013)
അവർ വിവാഹിതരായി, കുടുംബജീവിതത്തിന് തുടക്കമിട്ട ആര്യഭവൻ ഹോട്ടലിൽത്തന്നെ മൾബെറി ബുക്‌സും തുടങ്ങി; 1985ൽ. പ്രിയപ്പെട്ട എഴുത്തുകാരനായ കസാൻദ് സാക്കീസിന്റെ ഒരു കവിതയിൽനിന്നാണ് മൾബെറി എന്ന പേർ ഷെൽവി കണ്ടെത്തുന്നത്.
മൾബെറിയുടെ ആദ്യപുസ്തകം ഷെൽവി എഡിറ്ററായ ലോകസാഹിത്യത്തിലെ വിവർത്തന കഥകളുടെ സമാഹാരമായ ‘മൂന്നാം ലോകകഥ’യായിരുന്നു. ഫറോക്ക് ചെറുവണ്ണൂരിലെ പ്രിന്റോഗ്രാഫ് പ്രസിൽ ആയിരുന്നു അച്ചടി. പിന്നീട് ഗീതാഞ്ജലി ആയി മലബാറിലെ മികച്ച പ്രസ്സായി വളർന്നു അത്. കസാൻദ് സാക്കീസിന്റെ ‘ദ ഫാറ്റിസൈഡ്‌സി’ലെ ഒരു ഭാഗം ‘ലിയോണിദാസിന്റെ ഡയറി’ എന്ന പുസ്തകമാക്കി വായനക്കാർക്ക് സമ്മാനമായി നൽകിയിരുന്നു. ഡെയ്‌സിയായിരുന്നു പരിഭാഷക.
കോഴിക്കോട്ടെ വലിയ പ്രസാധകരായി അറിയപ്പെട്ടിരുന്ന പി.കെ. ബ്രദേഴ്‌സ്, കെ.ആർ. ബ്രദേഴ്‌സ് എന്നീ ആദ്യകാല പ്രസാധകർ പുസ്തകപ്രസിദ്ധീകരണം അവസാനിപ്പിച്ച് വിൽപ്പനക്കാർ മാത്രമായി മാറിയിരുന്നു. ടൂറിംഗ് ബുക്സ്റ്റാൾ എന്ന പൂർണ്ണാ പബ്ലിക്കേഷൻ മാത്രമാണ് സജീവമായി രംഗത്തുണ്ടായിരുന്നത്. ജോയ് മാത്യുവിന്റെ ബോധി ബുക്‌സ് കോർട്ട് റോഡിൽ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ.
പുസ്തകത്തിന്റെ ഉള്ളടക്കത്തിലും രൂപകൽപ്പനയിലും ഷെൽവി മൗലികമായ മാറ്റങ്ങൾ കൊണ്ടുവന്നു. ക്രൗൺസെസ് പുസ്തകങ്ങളെ വലിയ സൈസിലേക്ക് മാറ്റിയെടുത്തു. പുസ്തകത്തിന്റെ ലേ ഔട്ട്, ഫോണ്ടുകളുടെ തിരഞ്ഞെടുപ്പ്, കവർ ഡിസൈൻ എന്നിവയിൽ പുതുമകൾ പരീക്ഷിച്ചു. വായനക്കാരനെ പുസ്‌കത്തിലേക്ക് ആകർഷിക്കുന്ന മുൻ-പിൻ കുറിപ്പുകൾ എഴുതി. ‘കൈ കഴുകി തൊടേണ്ട പുസ്തകങ്ങൾ’ എന്ന മൾബെറിയുടെ പരസ്യവാചകത്തിലെ വരികൾ അക്ഷരാർത്ഥത്തിൽ സത്യമാക്കുന്നീതിയിലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ലോകസാഹിത്യകൃതികളുടെ പരിഭാഷകളും ആന്തോളജികളുമായിരുന്നു ആദ്യകാല പുസ്തകങ്ങളിൽ അധികവും. മൾബെറി ആദ്യകാലത്ത് വായനക്കാരെ തേടിച്ചെന്ന് പുസ്തകങ്ങൾ വിൽപ്പനനടത്തുകയായിരുന്നു. പിന്നീട് വി.പി.പി ആയി പുസ്തകങ്ങൾ അയച്ചുകൊടുക്കാൻ തുടങ്ങി. പുസ്തക വിവരങ്ങൾ വായനക്കാരിൽ എത്തിക്കാനായി ‘പ്രിയ സുഹൃത്ത്’ എന്ന ബുള്ളറ്റിനും തുടങ്ങി. മലയാളവായനക്കാർ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപാട് മികച്ച പുസ്തകങ്ങൾ മൾബെറിയിൽനിന്നു വന്നുകൊണ്ടിരുന്നു.
ഗബ്രിയേൽ ഗാർസ്യ മാർകേസ്, വിൽഹം റീഹ്, കസാൻദ് സാക്കീസ്, ജോസഫ് ബ്രോഡ്‌സ്‌കി, സി മോൺ ദി ബൊവാർ, കോളിൻ വിൽസൺ, എറിക് ഫ്ര്യം, കാർലോസ് ഫയന്തസ്, ജിദു കൃഷ്ണമൂർത്തി തുടങ്ങിയ എഴുത്തുകാരെ ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവരുന്നത് മൾബെറിയാണ്. കെ.ജി. ശങ്കരപ്പിള്ള, വിജയലക്ഷ്മി, ബെന്യാമിൻ, വി.എസ്. അനിൽ കുമാർ, അയ്മനം ജോൺ, പി. സുരേന്ദ്രൻ… ഇവരുടെ ആദ്യപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് മൾബെറിയാണ്.
ഷെൽവിയും ഡെയ്‌സിയും ഫറോക്ക് കൊളത്തറയിൽ സ്വന്തമായി വീടു വെച്ചു-ഷെഹ്നായ്. ഒരു മകൾ പിറന്നു-സുലാമിത. ഷെൽവി രണ്ട് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു; നൊസ്റ്റാൾജിയ, അലൗകികം.
2003 ആഗസ്റ്റ് 21ന് ഷെൽവി സ്വയം ജീവിതം അവസാനിപ്പിച്ചു. മൾബെറിയും അന്നേദിവസം മൺമറഞ്ഞു. ഓരോ ആത്മഹത്യയും ആവർത്തിക്കുന്ന അതേ ചോദ്യം അവശേഷിപ്പിച്ചുകൊണ്ട്. എന്തിനായിരുന്നു?
എൺപതുകൾ പടം പൊഴിക്കുന്ന കാലമായിരുന്നു. കോഴിക്കോട് അന്ന് ഒരു നഗരമായിരുന്നില്ല. ഭൂപടത്തിൽ ഇല്ലാത്ത ഉറക്കമില്ലാത്ത ഒരു ഉന്മാദരാജ്യമായിരുന്നു. പകലുകളെയും രാത്രികളെയും ശബ്ദമായും കാഴ്ചയായും സാന്നിധ്യമായും സംഭവബഹുലമാക്കിയിരുന്ന ഒരുപാട് മനുഷ്യർ ജീവനോടെ ഉണ്ടായിരുന്ന കാലം.
പുഷ്പ, സംഗം, ഡേവിസൺ, ബ്ലുഡയമണ്ട് തിയേറ്ററുകളിലെ പുനർജനി നൂളുന്ന ഗുഹപോലുള്ള ടിക്കറ്റ് കൗണ്ടറുകൾ ജനനിബിഡമായിരുന്ന കാലം. ചാരായഷാപ്പുകളിൽ നിന്ന് ബാബുക്കയുടെ പാട്ടുകൾ മുഴങ്ങിയിരുന്ന കാലം, കാബറെക്കാലത്തിന്റെ മരം പെയ്യുന്ന സമയം, മാനാഞ്ചിറ മൈതാനത്തിനും അൻസാരി പാർക്കിനും വാതിലുകളില്ലാത്ത കാലം.
വൈക്കം മുഹമ്മദ് ബഷീർ, എൻ.എൻ. കക്കാട്, ചിന്ത രവീന്ദ്രൻ, തിക്കോടിയൻ, എൻ.വി. കൃഷ്ണവാരിയർ, എൻ.പി. മുഹമ്മദ്, കുഞ്ഞുണ്ണി മാഷ്, കെ.ടി. മുഹമ്മദ്, രാംദാസ് വൈദ്യർ, കെ.എ. കൊടുങ്ങല്ലൂർ, ടി. ദാമോദരൻ, എം.എൻ. സത്യാർത്ഥി, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, നജ്മൽ ബാബു, എ. സോമൻ, കെ. ജയചന്ദ്രൻ, പി.എം. താജ്, എൻ.ബി.എസ്. ശ്രീധരൻ, വടേരി ഹസ്സൻ, ഹമീദ് മണ്ണിശ്ശേരി, ഷെൽവി തുടങ്ങിയവർ കോഴിക്കോടിന്റെ ആകാശത്തിനുകീഴെ ജിവിച്ചിരുന്ന കാലം.
ടൗൺ ഹാൾ, ടാഗോർ ഹാൾ, അളകാപുരി, കൽപ്പക ഓഡിറ്റോറിയം, ലളിതകലാ അക്കാദമി എന്നിവിടങ്ങളിൽ എന്നും വിളക്കു തെളിഞ്ഞിരുന്ന കാലം.
കോഴിക്കോടിന്റെ വൈകുന്നേരങ്ങളിലേക്കാം. ഹ്യദങ്ങളിലേക്കും വഴി തുറന്നത് കവി വി.പി.ഷൗക്കത്തലിയാണ്. അന്ന് മുപ്പർ സ്റ്റീൽ കോംപ്ലക്‌സിൽ ജോലി ചെയ്യുകയാണ്.
രണ്ടാം ഗെയിറ്റിനടുത്തുള്ള ബോധി ബുക്‌സിന്റെ മുൻപിലാണ് അധിക വൈകുന്നേരങ്ങളിലും എത്തി ചേരുക. ഇന്ന് ലോകം നടനായി അറിയുന്ന ഇ മാത്യു എന്ന് പ്രസാധകന്റെ വേഷത്തിലായിരുന്നു എ. സോമൻ, പ്രേംചന്ദ്, ഡോ.ഹേമന്ത്, ടി.പി.യാ ജെ.രഘു, ഡോ. ഐ. രാജൻ, പോൾ കലാം വി.കെ. പ്രഭാകരൻ, എൻ.കെ. രവീന്ദ്രൻ, ആർ. മോഹം മധുമാസ്റ്റർ തുടങ്ങിയ ഒരുപാടു സന്ദർശകർ ഷൗക്കത്തലിയിലൂടെ ഈ ‘പവിത്രസംഘ’ത്തിൽ ഒരു കാഴ്ചക്കാരനായി നിൽക്കാൻ അവസരം ലഭിച്ചു.
ചർച്ചകളുടെ സന്ധ്യ പലപ്പോഴും വഴിമാറുന്നത് തൊട്ടപ്പുറത്തെ സാംകോ ഹോട്ടലിന്റെ മുകൾനിലയിലേക്കോ കോട്ടപ്പറമ്പ് റോഡിലെ വോൾഗാ ബാറിലേക്കോ ആയിരിക്കും.
എഴുപതുകളിലെ തീക്ഷ്ണയൗവ്വനങ്ങളായിരുന്ന അവരുടെ ചർച്ചകൾ സിനിമയും സാഹിത്യവും രാഷ്ട്രീയവുംകൊണ്ട് മുഖരിതമായിരുന്നു. ചർച്ചകൾക്കിടക്ക് തെറിച്ചുവീഴുന്ന പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പേരുകൾ മനസ്സിൽ കുറിച്ചുവെക്കും. പിറ്റേന്ന് കുതിരവട്ടത്തെ ദേശപോഷിണി ലൈബ്രറിയിൽ ചെന്ന് പലതും കണ്ടെത്തും. അന്ന് ഗവൺമെന്റ് ആർട്‌സ് കോളേജിൽ അധ്യാപകനായിരുന്ന എ. സോമൻ മാഷാണ് സംശയങ്ങൾക്ക് ക്ഷമയോടെ ഉത്തരങ്ങൾ തന്നുകൊണ്ടിരുന്ന ഒരാൾ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽനിന്ന് കെ. സുരേന്ദ്രൻ എഡിറ്ററായി പ്രസിദ്ധീകരിച്ചിരുന്ന ‘സാക്ഷി’ സമാന്തര മാസികയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു.
അപ്പോഴേക്കും ജോയേട്ടനായി മാറിക്കഴിഞ്ഞിരുന്ന ബോധി ബുക്‌സിന്റെ മുതലാളി പുസ്തകങ്ങൾ വാങ്ങുന്നതിന് പറ്റുതന്നു തുടങ്ങിയിരുന്നു. ബോധിയിൽ മറ്റ് സമാന്തരപ്രസാധകരുടേതടക്കം ഒരുവിധം പുസ്തകങ്ങൾ എല്ലാം കിട്ടുമായിരുന്നു. ബോധിയുടെ മുന്നിലെ കോർട്ട് റോഡിലൂടെ നടന്നാൽ മൾബെറിയിൽ എത്താം. മൾബെറി വലിയ വെളിച്ചത്തിൽ നിൽക്കുന്ന കാലമായിരുന്നു. വായനക്കാരനിലും മറ്റു പ്രസാധകരിലും വിസ്മയം തീർക്കുന്ന പുസ്തകങ്ങൾ പിറന്നുവീണിരുന്നത് ചെറിയ ഒരു ഹോട്ടൽ മുറിയിലായിരുന്നു. എഡിറ്റോറിയൽ ജോലികളും വിൽപ്പനയുമെല്ലാം അതിനുള്ളിൽത്തന്നെയായിരുന്നു. ആ മുറിയുടെ കാൽഭാഗം കവരുന്ന മേശക്കപ്പുറം ഷെൽവി ഇരിക്കുന്നുണ്ടാകും. തൊട്ടപ്പുറത്തായി അബ്ദവും കബീറും. ഒരു പ്രാർത്ഥനാലയത്തിന്റെ നിശബ്ദതയായിരിക്കും മുറിയിൽ. ജോലിയിൽ മുഴുകിയിരിക്കുന്ന ഷെൽവിയെ ആരാധനയോടെ നോക്കും. പുസ്തകങ്ങൾ മനോഹരമായി രൂപകൽപ്പന ചെയ്യുന്ന കവിതയുടെ ഈർപ്പമുള്ള പ്രസാധകക്കുറിപ്പുകളും ബ്ലർബുകളും എഴുതുന്ന കുറിയ വിരലുകളുമായി ഏതോ പുസ്തകത്തിന്റെ പ്രൂഫിലോ വായനക്കാർക്കുള്ള കത്തുകളിലോ ആയിരിക്കും ഷെൽവി.
അതീവ അന്തർമുഖനായിരുന്ന ഷെൽവി. ചിലപ്പോൾ മാത്രം മുഖത്ത് ഒരു ചിരി വരുത്തി പരിചയഭാവം കാണിക്കും. സാവധാനമാണ് ഷെൽവിയുമായി സൗഹൃദമാവുന്നത്. ഒരു ദിവസം ഷെൽവി മിഠായിത്തെരുവിലെ പീതാംബർ സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൾബെറി ബുക്‌സ് ജേണലായ ‘പ്രിയസുഹൃത്തി’ന്റെ അടുത്ത ലക്കത്തിൽ ഒരു ഫോട്ടോ അച്ചടിച്ചുവന്നു. ആയിരത്തൊന്നാമത് കിംഗ് ബുക് ക്ലബ് മെമ്പർക്കൊപ്പം ഷെൽവി എന്ന അടിക്കുറിപ്പും. മൾബെറിക്കാലത്തിന്റെ ഓർമയായി ഇന്നും ഷെൽവി തോളിൽ കൈവെച്ച് നിൽക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് മണമുള്ള ആ ഫോട്ടോ ഒപ്പമുണ്ട്. ചില യാത്രകളിലും ഷെൽവി ഒപ്പം കൂട്ടിയിരുന്നു. മേതിൽ രാധാകൃഷ്ണന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനത്തിനായി തൃശൂരിലേക്ക് പോയത് ഇപ്പോഴും ഓർമയിൽ നിൽക്കുന്നു. ഒരു ‘മേതീലിയൻ അനുഭവം’ എന്ന പരസ്യവാചകത്തിലുടെ മൾബെറി മേതിലിന്റെ രണ്ടാംവരവിന് തുടക്കം കുറിച്ച കാലമായിരുന്നു അത്. അന്നാണ് ആദ്യമായും അവസാനമായും ഗീതാഹിരണ്യൻ ടീച്ചറെ കാണുന്നത്.
ബൈബിൾ പ്രമേയമായിവരുന്ന മലയാള ചെറുകഥകളുടെ ഒരു ആന്തോളജി എന്ന ആശയം ഷെൽവിയുമായി പങ്കുവെച്ചു. മൂപ്പർക്കത് ഇഷ്ടമായി. ‘തിരുവെഴുത്തുകൾ’ എന്ന പേരിൽ 1992ൽ ആ പുസ്തകം മൾബെറി പ്രസിദ്ധീകരിച്ചു. ഉറൂബും പോഞ്ഞിക്കര റാഫിയും എം.ടിയും കാക്കനാടനും എൻ.എസ്. മാധവനും സി.വി. ബാലകൃഷ്ണനും സാറാ ജോസഫും വി.ആർ. സുധീഷും അടക്കം 23 പേരുടെ കഥകൾ. കെ.പി. അപ്പന്റെ അവതാരിക. പുസ്തകത്തിന്റെ പിൻകവറിൽ എഡിറ്റർ എന്നതിനു താഴെ പേര് അച്ചടിച്ച് ഷെൽവി എന്നെ പ്രസാധകജീവിതത്തിലേക്ക് ജ്ഞാനസ്‌നാനം ചെയ്തു.
അന്ന് ഞാൻ ഒരു പ്രൈവറ്റ് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. ആ അരക്ഷിതാവസ്ഥയിൽ നിന്നും രക്ഷപ്പെടണമെന്ന് ആഗ്രഹിച്ച് നടക്കുന്ന കാലം. മുന്നിൽ തുറന്നുകിടന്ന ഏകവഴിയായ പ്രവാസത്തിലേക്ക് പാസ്‌പോർട്ടും എടുത്ത് വിസ കാത്തിരിക്കുകയായിരുന്നു. അന്നൊരിക്കൽ ഷെൽവിയുടെ ചിരകാല സുഹൃത്തായ പി. സുരേന്ദ്രൻ മാഷിന്റെ ഫോൺ വന്നു: ‘നിനക്ക് മൾബെറിയിൽനിന്നൂടെ എന്ന് ഷെൽവി ചോദിച്ചു…’
1996 മുതൽ 98 വരെ രണ്ടുവർഷക്കാലമാണ് എന്റെ മൾബെറി ജീവിതം. ആഹ്ലാദകരവും ഒപ്പം സംഘർഷഭരിതവുമായിരുന്നു ഷെൽവിക്കൊപ്പമുള്ള അക്കാലങ്ങൾ. ചെറിയ കാര്യങ്ങളുടെ ചിലന്തിവലയിൽ സ്വയം കുരുങ്ങുന്ന പ്രകൃതമായിരുന്നു ഷെൽവിയുടേത്. മമ്മൂട്ടിയും ബിയറുമായിരുന്നു ദൗർബല്യങ്ങൾ. ബിയർ കഴിക്കുമ്പോഴും മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുമ്പോഴും അയാൾ ഉന്മാദിയായിരുന്നു.
ഷെൽവിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന എഴുത്തുകാർ വളരെ കുറവായിരുന്നു. എ. അയ്യപ്പനായിരുന്നു ഇടയ്ക്കിടെയുള്ള സന്ദർശകൻ. കറുപ്പും, ബുദ്ധനും ആട്ടിൻകുട്ടിയും, ഗ്രീഷ്മവും കണ്ണീരും പ്രസിദ്ധീകരിച്ചത് മൾബെറിയാണ്. റോയൽറ്റി മാസാമാസം നൽകുകയായിരുന്നു പതിവ്. കത്തായും നേരിട്ടും അയ്യപ്പൻ മൾബെറി സന്ദർശിച്ചുകൊണ്ടിരുന്നു. കലഹിച്ച് കയറി വരുന്ന അയ്യപ്പൻ ആട്ടിൻകുട്ടിയായി ഷെൽവിക്കൊപ്പം ഉച്ചവെയിലിന്റെ ഉന്മാദത്തിലേക്ക് ഇറങ്ങിപ്പോകുന്നതിന് എത്രയോവട്ടം സാക്ഷിയായിട്ടുണ്ട്.
ഷെൽവിയെ ഉലച്ചുകളഞ്ഞ മരണമായിരുന്നു ടി.വി. കൊച്ചുബാവയുടേത്. ഗൾഫ് വാസം അവസാനിപ്പിച്ച് കോഴിക്കോട് മൂഴിക്കലിനടുത്ത് കൊച്ചുബാവ താമസം തുടങ്ങിയ കാലത്ത്, മൾബെറിയിലെ നിത്യസന്ദർശകനായിരുന്നു. കൊച്ചുബാവ എഡിറ്ററായിരുന്ന ഗൾഫ് വോയ്‌സിൽ ഷെൽവി ഇടയ്ക്ക് കവിതകൾ എഴുതും. കഥ ടി.വി. കൊച്ചുബാവ, ഉപജന്മം എന്നീ പുസ്തകങ്ങൾ മൾബെറി പ്രസിദ്ധീകരിച്ചിരുന്നു. 1999 നവംബർ 25ന് ഷെൽവിക്കൊപ്പം തളിയപ്പാടത്തു വീട്ടിൽ ചെന്നു. കൊച്ചുബാവയ്ക്കടുത്തുനിന്ന് ചെറിയ കുട്ടിയെപ്പോലെ ഷെൽവി കരഞ്ഞുകൊണ്ടിരുന്നു. തലേന്ന് രാത്രിയിൽ അവർ ഫോണിൽ സംസാരിച്ചിരുന്നു. മരണഭയം കൊച്ചുബാവയ്ക്കും ഷെൽവിക്കും അധികമായിരുന്നു.
പരിഭാഷാപുസ്തകങ്ങളും അന്തോളജികളും എന്ന രീതികളിൽനിന്ന് മൾബെറി വഴിമാറി മലയാള പുസ്തകങ്ങളിലേക്ക് വന്നു. ടി. പത്മനാഭന്റെ മഖൻസിങ്ങിന്റെ മരണം, എം.ടിയുടെ സ്വർഗം തുറക്കുന്ന സമയം, ഒരു വടക്കൻ വീരഗാഥ, നിത്യചൈതന്യയതിയുടെ ഊർജ താണ്ഡവം, എം.എൻ. വിജയന്റെ അടയുന്ന വാതിൽ തുറക്കുന്ന വാതിൽ, ഡി.വിനയചന്ദ്രന്റെ ഭൂമിയുടെ നട്ടെല്ല്, വി.ആർ. സുധീഷിന്റെ മലയാളത്തിന്റെ പ്രണയ കവിതകൾ, സി.വി. ബാലകൃഷ്ണന്റെ മറുകര, പുനലൂർ രാജന്റെ ബഷീർ, ഷെൽവി എഡിറ്ററായ ഓർമ, മേതിലിന്റെ ഭൂമിയെയും മരണത്തെയുംകുറിച്ച്, ജിദു കൃഷ്ണ മൂർത്തിയുടെ അറിഞ്ഞതിൽനിന്നുള്ള മോചനം, എൻ. പ്രഭാകരന്റെ കഥ തേടുന്ന കഥ തുടങ്ങിയ അനേകം മൾബെറി പുസ്തകങ്ങളുടെ നിർമിതി ഇപ്പോഴും മലയാള പുസ്തകങ്ങളിലെ കൊതിപ്പിക്കുന്ന സൗന്ദര്യമാണ്.
മൾബെറി വിട്ടുവന്ന് സ്വന്തമായി പാപ്പിയോൺ ബുക്സ് തുടങ്ങിയപ്പോഴും ഷെൽവിയോടുള്ള ബന്ധം തുടർന്നുകൊണ്ടിരുന്നു. 2000-ൽ കോട്ടയത്തു നടന്ന ആൾ ഇന്ത്യാ പബ്ലിക്കേഷൻ അസോസിയേഷന്റെ സമ്മേളനത്തിൽ ഷെൽവിക്കൊപ്പം പോയത് നല്ലൊരു ഓർമയാണ്.
ഇതുവരെ സമഗ്രമായി എഴുതപ്പെട്ടിട്ടില്ലാത്ത മലയാള പുസ്തക പ്രസാധകചരിത്രത്തിൽ സവിശേഷമായ സ്ഥാനം നൽകേണ്ട പേരാണ് ഷെൽവിയുടേത്.
ഓഡിയോ ബുക്കിന്റെയും ഈ-ബുക്കിന്റെയും, എഴുത്തുകാരൻ സ്വന്തം പ്രസാധകനായി മാറുന്ന പ്രിന്റ് ഓൺ ഡിമാന്റ് തരംഗത്തിന്റെയും ഇക്കാലത്ത് ഷെൽവി ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകാറുണ്ട്.
‘പട്ടുനൂൽപ്പുഴു അതിന്റെ ഐശ്വര്യംകൊണ്ട് മൃതിയടയുന്നു’ എന്ന ഉപനിഷദ് വാചകം ഓർമിപ്പിക്കുന്ന ജീവിതമായിരുന്നു ഷെൽവിയുടേത്; മൾബെറിയുടേതും.
Add a Comment