vinoy

ലൂക്കാമഹറോന്‍ കഥകള്‍

ചേട്ടാ, ഈ കളിയിലിടക്കാരുടെ വീട്ടിലേക്ക് പോകുന്ന വഴിയേതാ? ഞാന്‍ ചോദിച്ചു. മാനെവിടുന്നാ? കാര്‍ന്നോര് മുഖത്തൊരു സംശയമിട്ട് തിരിച്ചുചോദിച്ചു. പുല്ലൂരാമ്പാറേന്ന് വരുന്നതാ. കളിയിലെടേലെ ചേച്ചീടെ കുഞ്ഞമ്മേടെ മോനാ. ഞാന്‍ അവള് പറഞ്ഞുതന്നതുപോലെ പറഞ്ഞു. ദേ, ഈ പുറകുവശത്തെ മുറ്റത്തോടെ മാറീട്ട് നടക്കല് കേറിപ്പോയാ മതി. കാര്‍ന്നോര് വഴി പറഞ്ഞുതന്നു. അവിടുന്ന് കളിയിലടക്കാരുടെ വീട്ടിലേക്ക് പോകാന്‍ അതേ വഴിയുള്ളൂ.

കഥ:

ലൂക്കാമഹറോന്‍ കഥകള്‍

വിനോയ് തോമസ്

വര: ധനരാജ് കീഴറ

 

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍കാലത്തെ ഒരു ഞായറാഴ്ച മഞ്ഞപ്പാറ പീറ്ററിന് രണ്ടുകുപ്പി നാടന്‍വാറ്റ് കിട്ടി. അതിന്റെ വിലയായ മൂവായിരം രൂപ ഒറ്റയ്ക്കു കൊടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് പീറ്റര്‍ കൂട്ടുകാരെ വിളിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് പാറക്കുന്നേല്‍ പോള്‍, കല്ലുവാഴയ്ക്കല്‍ ആന്‍ഡ്രൂസ്, മണ്ണന്താനം ജൂഡ്, പതിക്കാമുറി ജൊഹാന്‍ എന്നിവര്‍ മാത്തുപ്പാറയുടെ ചെരുവിലെത്തുന്നത്. പീറ്റര്‍ കുപ്പിയുടെകൂടെ തൊട്ടുകൂട്ടാനുള്ളതും ഡിസ്പോസിബിള്‍ ഗ്ലാസ്സും വെള്ളവുമൊക്കെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു.

സന്ധ്യ മയങ്ങുന്നതിനു മുന്‍പ് അഞ്ചുപേരും ചേര്‍ന്ന് കുപ്പികള്‍ കാലിയാക്കി. വലിയ പൂസൊന്നുമില്ലാതെയാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച്ച രാത്രി ജൊഹാന് ചെറിയ പനി തുടങ്ങി. പാരസെറ്റാമോള്‍ കഴിച്ചപ്പോള്‍ കുറഞ്ഞെങ്കിലും സംശയം വന്നതുകൊണ്ട് ഹെല്‍ത്തുകാരെ വിളിച്ചുപറഞ്ഞ് താലൂക്കാശുപത്രിയില്‍ പോയി പരിശോധിച്ചു. സംഭവം കോവിഡുതന്നെ. ജൊഹാന്റെ സമ്പര്‍ക്കപട്ടികയില്‍ വീട്ടുകാരും പിന്നെ വെള്ളമടിക്കാന്‍ കൂടിയ നാലുപേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പഞ്ചായത്തിന്റെ ഡൊമിസിലിയറി കെയര്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന ലൂക്കാമഹറോന്‍ ഗസ്റ്റുഹൗസില്‍ പോയി ക്വാറന്റീനിലിരിക്കാമെന്ന് അഞ്ചുപേരുംകൂടി തീരുമാനിച്ചു. പണ്ട് ഗര്‍ഭിണിയായതിന്റെ പേരില്‍ സഭയില്‍നിന്നും മഹറോന്‍ ചൊല്ലപ്പെട്ട ഒരു കന്യാസ്ത്രി തുടങ്ങിയതാണ് ലൂക്കാമഹറോന്‍ ഗസ്റ്റുഹൗസ്. ആ പേരിലെ ലൂക്കയാരാണെന്ന് കണ്ടുപിടിക്കാന്‍ നാട്ടുകാര്‍ ഒത്തിരി ശ്രമിച്ചെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല.

മൂന്നു മുറിയും ഹാളുമുള്ള ചെറിയ ഫ്ലാറ്റുപോലെയാണ് ലൂക്കാമഹറോന്‍ ഗസ്റ്റുഹൗസിന്റെ ഓരോ സ്യൂട്ടുമുള്ളത്. കിഴക്കേ അറ്റത്ത് ഗസ്റ്റുഹൗസിന്റെ മുന്‍വശത്തെ റോഡ് കാണാവുന്ന സ്യൂട്ട് കിട്ടിയതുകൊണ്ട് അഞ്ചുപേര്‍ക്കും സന്തോഷമായി.

ജോഹാനെ ഒറ്റയ്ക്ക് ഒരു മുറിയിലാക്കി. അവനുള്ള ഭക്ഷണവും വെള്ളവുമൊക്കെ വാതില്‍ക്കല്‍ വെക്കുന്ന പാത്രത്തിലാണ് ഇട്ടുകൊടുക്കുക. ഹാളിലിരുന്ന് മറ്റു നാലുപേരും ഓരോ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ അടച്ചിട്ട വാതിലിനപ്പുറമിരുന്ന് ജൊഹാനും കൂടും. നേരിയ പനിയല്ലാതെ ജോഹാന് മറ്റു കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല.

മറ്റുള്ളവര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. അതുകൊണ്ട് ആദ്യത്തെ ദിവസം അവര്‍ ഇന്ത്യന്‍ അഡല്‍റ്റ് വെബ്സീരിസ് കണ്ട് വികാരശമനമുണ്ടാക്കി കിടന്നുറങ്ങി. പിറ്റേദിവസവും അതുതന്നെ കാണാമെന്ന് കരുതി സൈറ്റില്‍ കയറിയപ്പോള്‍ തലേന്ന് കണ്ടതിന്റെ ആവര്‍ത്തനങ്ങള്‍തന്നെയാണ് അവിടെയുള്ളത് എന്നതുകൊണ്ട് ആര്‍ക്കും വേണ്ടത്ര വികാരമുണ്ടായില്ല.

“എടാ, ഇതിന്റെ വേറൊരനുഭവം എനിക്കുണ്ടായിട്ടുണ്ട്.”

വെബ്സീരിസിലെ പന്ത്രണ്ട് മിനിറ്റുള്ള ഒരു എപ്പിസോഡ് കണ്ടപ്പോള്‍ മണ്ണന്താനം ജൂഡ് പറഞ്ഞു. അങ്ങനെയാണ് ലൂക്കാമഹറോന്‍ ഗസ്റ്റുഹൗസില്‍ ക്വാറന്റീനിരിക്കുന്ന അ‍ഞ്ചുപേര്‍ അനുഭവകഥകള്‍ പറയാനാരംഭിക്കുന്നത്.

“ഒരു കാര്യവൊണ്ടേ, ഞാനവളുടെ പേരൊന്നും പറയേല. അതെന്നോട് ചോദിക്കുകയും ചെയ്യരുത്.” നിബന്ധനകളോടെ ജൂഡ് കഥ പറഞ്ഞുതുടങ്ങി.
“അഞ്ചെട്ടുവര്‍ഷം മുന്‍പാണ് സംഭവം. തൊടലും പിടിക്കലും ഉമ്മവെക്കലുവല്ലാത്ത എന്റെ ആദ്യത്തെ പരിപാടിയാരുന്നു അത്. കോണ്ടം മേടിച്ചോണ്ട് വന്നാലേ സമ്മതിക്കൂള്ളെന്ന് അവള്‍ ആദ്യമേ പറഞ്ഞു. ഇവിടുന്ന് കോണ്ടം മേടിക്കാന്‍ നമ്മക്ക് പറ്റുവോ? പിന്നെ ഞാന്‍ കോഴിക്കോട് പോയിട്ടാണ് സാധനം സംഘടിപ്പിച്ചോണ്ട് വന്നത്. സംഭവം കിട്ടീന്നറിഞ്ഞപ്പോ അന്നുരാത്രിതന്നെ വീട്ടിലേക്ക് വരാന്‍ അവളെന്നോട് പറഞ്ഞു. അത് കേട്ടപ്പോ എനിക്ക് ആവേശോം വെറയലും എല്ലാംകൂടി വന്നിട്ട് ഒന്നുംതിരിയാത്ത അവസ്ഥയായി. എങ്ങനെയേലും ഈ പകലൊന്ന് പോയിക്കിട്ടിയാ മതീന്നാരുന്നു എനിക്ക്. പകല് പോയിക്കഴിഞ്ഞപ്പോ വീട്ടിലൊള്ളോര് എങ്ങനെയെങ്കിലും ഉറങ്ങണേന്നായി. അന്നാണെങ്കി ആര്‍ക്കും ഉറക്കോവില്ല. എനിക്കൊറക്കം വരുന്നുണ്ടെന്നും പറഞ്ഞ് ഞാന്‍ കേറിക്കിടന്നു. കിടന്നപ്പോ എനിക്ക് ശരിക്കും ഉറക്കമല്ല വന്നത്, എണീപ്പാ. മറ്റുള്ളോര് കെടന്നപ്പോ പത്തുപത്തരയായി. ഞാന്‍ പൊറത്തേ മുറീലല്ലേ കെടക്കുന്നത്. പതിനൊന്ന് മണിയായപ്പഴത്തേക്കും എനിക്ക് ശരിക്കുവങ്ങ് മൂത്തു. എനിക്ക് വേറെ മുന്‍പരിചയമൊന്നുമില്ലല്ലോ. ‍ഞാനെന്തു ചെയ്തു, കോണ്ടം കവറുപൊട്ടിച്ചങ്ങ് കേറ്റി. അവിടെ ചെന്നാലന്നേരെ പരിപാടി തൊടങ്ങാന്നാരുന്നു എന്റെ വിചാരം. പൊറത്തെറങ്ങി അഞ്ചാറുമിനിറ്റ് നടക്കാനുണ്ട് അവളുടെ വീട്ടിലേക്ക്.”

“അതേതാടാ പെണ്ണ്?”

മഞ്ഞപ്പാറ പീറ്റര്‍ പെട്ടെന്ന് സംശയം ചോദിച്ചു.

“ഏതെങ്കിലുമാട്ടെ, നീ കഥ പറയ്.”

കഥ തടസ്സപ്പെട്ടതിലുള്ള അസ്വസ്ഥതയായിരുന്നു പാറക്കുന്നേല്‍ പോളിന്.

“പേര് പറയേലെന്ന് ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ.”

നിബന്ധന ഓര്‍മ്മിപ്പിച്ചിട്ട് ജൂഡ് കഥ തുടര്‍ന്നു.

“അവളുടെ വീട്ടില്‍ ചെന്നു ജനലില്‍ പതുക്കെ തട്ടി. ഒച്ചയുണ്ടാക്കാതെ അവളെഴുന്നേറ്റ് വന്ന് അടുക്കളയുടെ വാതില്‍ തുറന്നു. ഞാന്‍ പമ്മിപ്പമ്മി ഉള്ളില്‍ കയറി. നല്ല പേടിയുണ്ടാരുന്നു കെട്ടോ. ആരെങ്കിലും എഴുന്നേറ്റാല്‍ കാര്യം തീര്‍ന്നില്ലേ. അവളുടെ മുറിയില്‍ കയറി കെട്ടിപ്പിടുത്തം തുടങ്ങിയപ്പോഴാണ് എനിക്ക് കോണ്ടം ഊരിപ്പോയീന്നുള്ള കാര്യം മനസ്സിലായത്. ഭാഗ്യം കൊണ്ട് സാധനം വഴീല്‍ വീണുപോയിട്ടില്ല. ഇട്ടേക്കുന്ന ട്രാക്ക്പാന്റിനുള്ളില്‍തന്നെയുണ്ട്. അന്നേരം തോന്നിയ ഒരാശ്വാസമുണ്ടല്ലോ, ഭയങ്കരവാരുന്നു. കാര്യങ്ങള് മെല്ലെ തുടങ്ങി. സമയമായപ്പോ ഞാന്‍ കോണ്ടം വീണ്ടും കയറ്റിയിട്ടു. പക്ഷെ അതിന്റെ തലയ്ക്കം ഇത്തിരി എയറ്‍ കയറി വീര്‍ത്തുനില്‍ക്കുന്നുണ്ടായിരുന്നു. അത് സാരമില്ലെന്ന് വിചാരിച്ച് ഞാന്‍ പരിപാടി ഉശാറാക്കി. എന്റെ പൊന്നുസുഹൃത്തുക്കളേ നമ്മളീ ബലൂണ് വീര്‍പ്പിച്ചിട്ട് കയ്യിലിട്ട് ഉരയ്ക്കിയേലേ. അതുപോലെ പറോ പറോന്ന് ഒച്ച കേള്‍ക്കാന്‍ തുടങ്ങി. അവളാണേല്‍ എന്നതാ ഇതെന്നും ചോദിച്ച് അടീല്‍കെടന്ന് തെറി. പക്ഷെ ‍ഞാന്‍ നിര്‍ത്തീല്ല. ഒടുക്കം ഒച്ചകേട്ട് അവളുടെ അപ്പനെഴുന്നേറ്റ് ലൈറ്റിട്ടു. അന്നേരേ ഞാനെറങ്ങി കട്ടിലിനടീല്‍ കേറി. പിന്നെ അവളടപ്പന്റെ മുറീലെ ലൈറ്റ് കെട്ടേപ്പിന്നെയാ ഞാന്‍ കട്ടിലിന്റടീന്ന് പുറത്തെറങ്ങീത്. പിന്നെ ഈ നിമിഷംവരെ ഒന്നു തൊടാന്‍പോലും അവള് സമ്മതിച്ചിട്ടല്ല.”

വര: ധനരാജ് കീഴറ

കടുത്ത നിരാശയിലാണ് ജൂഡ് കഥ അവസാനിപ്പിച്ചത്.

“ശ്ശോ, കാര്യങ്ങള് പഠിച്ചുവെക്കാത്തതിന്റെ കുഴപ്പമാണ് അവിടെ പറ്റീത്.”

കല്ലുവാഴയ്ക്കല്‍ ആന്‍ഡ്രൂസ് പരാജയത്തിന്റെ കാരണം വിലയിരുത്തി.

“എന്നാല്‍ കാര്യങ്ങള്‍ പഠിച്ച നീ ഒരു കഥ പറ.”

മുറിക്കകത്തിരിക്കുകയായിരുന്ന ജൊഹാന്‍ വിളിച്ചുപറഞ്ഞു.

“അതെ, അടുത്ത കഥ നിന്റെയാകട്ടെ.”

പീറ്ററും നിര്‍ദ്ദേശിച്ചതോടെ ആന്‍ഡ്രൂസ് കഥ പറയാന്‍ തീരുമാനിച്ചു.

“ഇതുപോലെതന്നെ ഒളിച്ചിരിക്കേണ്ടി വന്ന ഒരവസ്ഥയാ എനിക്കും പറയാനുള്ളത്. നമ്മടെ നാട്ടിലൊന്നുവല്ല കെട്ടോ ഈ പെങ്കൊച്ചൊള്ളത്. ഫോണ്‍ വഴിക്ക് എനിക്ക് സെറ്റായതാണ് കക്ഷി. ഒരു ദിവസം അവളെന്നെ വിളിച്ചിട്ട് പറഞ്ഞു. ചേട്ടാ, ഇന്ന് വീട്ടില് എന്റെ വല്ല്യപ്പച്ചന്‍ മാത്രവേ ഉള്ളൂ. ബാക്കിയെല്ലാരും ഒരു കല്ല്യാണത്തിന് പോകുവാ. ചേട്ടന് ഇങ്ങോട്ടവരാന്‍ പറ്റുവോ? ഇവിടുന്ന് പത്തിരുപത്തഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട്. മഴപെയ്ത് റോഡ് കൊളമായതുകൊണ്ട് ഒരു ബൈക്കുപോലും അവരുടെ വീട്ടിലേക്ക് കയറിയേല. ഞാന്‍ കുന്നിനുതാഴെ ഒരിടത്ത് ബൈക്ക് നിര്‍ത്തിയിട്ട് നടക്കാന്‍ തുടങ്ങി. അപ്പോ അവളുടെ ഫോണ്‍ വന്നു. വീട്ടിലേക്ക് കേറണ്ടതെങ്ങനെയാന്ന് പ്ലാന്‍ പറഞ്ഞുതന്നു. അതനുസരിച്ചായി പിന്നെ കാര്യങ്ങള്. ഞാന്‍ ചെല്ലുമ്പോ പഴയ ഗുസ്തിക്കാരന്റെ കൂട്ട് ഒരു കാര്‍ന്നോര് തിണ്ണയിലെ ചാരുകസേരയില്‍ ഇരിപ്പുണ്ട്. എനിക്ക് ചെറിയൊരന്താളിപ്പുണ്ടായി കെട്ടോ. എന്നാലും അവള് പറഞ്ഞുതന്ന നമ്പറ് ഞാന്‍ ഇറക്കി. ചേട്ടാ ഈ കളിയിലിടക്കാരുടെ വീട്ടിലേക്ക് പോകുന്ന വഴിയേതാ? ഞാന്‍ ചോദിച്ചു. മാനെവിടുന്നാ? കാര്‍ന്നോര് മുഖത്തൊരു സംശയമിട്ട് തിരിച്ചുചോദിച്ചു. പുല്ലൂരാമ്പാറേന്ന് വരുന്നതാ. കളിയിലെടേലെ ചേച്ചീടെ കുഞ്ഞമ്മേടെ മോനാ. ഞാന്‍ അവള് പറഞ്ഞുതന്നതുപോലെ പറഞ്ഞു. ദേ, ഈ പുറകുവശത്തെ മുറ്റത്തോടെ മാറീട്ട് നടക്കല് കേറിപ്പോയാ മതി. കാര്‍ന്നോര് വഴി പറഞ്ഞുതന്നു. അവിടുന്ന് കളിയിലടക്കാരുടെ വീട്ടിലേക്ക് പോകാന്‍ അതേ വഴിയുള്ളൂ. ഞാന്‍ പൊറകുവശത്തെ മുറ്റത്തേക്ക് മാറിയപ്പോ പെണ്ണൊണ്ട് അടുക്കളവാതില്‍ പകുതി തുറന്നിട്ട് ചിരിച്ചോണ്ട് നില്‍ക്കുന്നു. ഫോണില്‍ കണ്ടതിനേക്കാള്‍ സുന്ദരി. ഞാനവളെ കെട്ടിപ്പിടിച്ചോണ്ട് ഉള്ളിലേക്ക് കയറി. പിന്നെ അന്ന് വൈകുന്നേരം നാലുമണിയാകുന്നതുവരെ ഞാന്‍ അവളുടെ മുറിയില്‍ത്തന്നെയാരുന്നു. ചോറും വെള്ളവുമൊക്കെ അവള് മുറീക്കൊണ്ടുവന്നു തന്നു. എടയ്ക്കൊന്ന് ചോറുണ്ണാന്‍ എഴുന്നേറ്റതൊഴിച്ചാല്‍ കാര്‍ന്നോര് ആ കസേരേന്ന് മാറീട്ടില്ല. സംഭവം രണ്ടെണ്ണം കഴി‍ഞ്ഞപ്പോ എനിക്ക് മുള്ളാന്‍മുട്ടി. ബാത്ത്റൂമാണേല്‍ പൊറത്താ. അവള് ഒരു ചെറിയ ചെരുവമെടുത്തുകൊണ്ടുവന്നുതന്നു. അങ്ങനെ അതും സാധിച്ചു. നാലരയ്ക്ക് ഞാന്‍ ഇറങ്ങിപ്പോരുമ്പോ കാര്‍ന്നോര് വല്ലാത്ത ഒരു നോട്ടം നോക്കീട്ട് എന്നോട് ചോദിച്ചു. നീയിപ്പഴണോ പോകുന്നേന്ന്. അതേ, വല്ല്യപ്പാ വെറുതേ വന്നെന്നേ ഉള്ളൂ എന്നും പറഞ്ഞ് ഞാന്‍ കുന്നിറങ്ങി. പിന്നെ അവള് ഫോണ്‍ വിളിച്ചപ്പഴാണ് തമാശ. കളിയിലിടേലെ ചേച്ചി ആളില്ലാത്ത നേരത്ത് കുഞ്ഞമ്മേടെ മോനാന്നൊക്കെ പറഞ്ഞ് ഓരോരുത്തന്‍മാരെ വിളിച്ച് കളിപ്പിക്കുന്നുണ്ടെന്ന് കാര്‍ന്നോര് നാട്ടില് പാട്ടാക്കി പോലും. എന്നതാണെങ്കിലും പിന്നെ ഒരു കളി എനിക്ക് അതുപോലെ കിട്ടിയിട്ടില്ല.”

ആന്‍ഡ്രൂസും നിരാശയിലാണ് അവസാനിപ്പിച്ചത്.

“പരിപാടി കഴിഞ്ഞപ്പോ നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും നിരാശയാണല്ലേ ഉണ്ടായത്. പക്ഷെ എനിക്ക് നേരെ മറിച്ചാ അനുഭവം.”

പാറക്കുന്നേല്‍ പോള്‍ തന്റെ കഥ പറയാനുള്ള ഒരുക്കത്തിലാണെന്ന് മനസ്സിലായതോടെ എല്ലാവരും ഒന്നനങ്ങിയിരുന്നു.

“അതെന്നെതാ സംഭവം?”

പോളിന് കഥ പറയാന്‍ വേണ്ടി പീറ്റര്‍ ചോദ്യം ചോദിച്ചു.

“അതോ, ഞങ്ങള് പണ്ട് താമസിച്ചിരുന്നിടത്തെ ഒരു ചേച്ചിയാണ് ആള്. ഞങ്ങളവിടെ താമസിക്കുന്ന കാലത്ത് ചേച്ചിയെ എന്റെയൊരു മൂത്ത പെങ്ങളായിട്ടേ ഞാന്‍ കണ്ടിട്ടുള്ളൂ. അതുകൊണ്ടാണ് ചേച്ചിക്കൊരപകടം പറ്റീന്നറിഞ്ഞപ്പോ ഒന്നുപോയി കണ്ടേക്കാന്ന് കരുതീത്. ഞാനവിടെ ചെല്ലുമ്പോ ശരിക്കും എനിക്ക് കരച്ചിലു വന്നുപോയി. എല്ലാക്കാര്യത്തിനും ഓടിച്ചാടി നടന്നിരുന്ന ചേച്ചികട്ടിലേന്നെഴുന്നേല്‍ക്കാന്‍ പറ്റാതെ കിടക്കുവാ. കയറുകുടുങ്ങിക്കെടന്ന ആടിനെ അഴിച്ചുവിടാന്‍ തിണ്ടിന്റെ മുകളില്‍ കേറീതാണ് ചേച്ചി. അവിടുന്ന് കാലുതെറ്റി താഴെപ്പോയി. ഒരു കാലിന്റെ പടംമറിഞ്ഞു. ഒരു കാലിന്റെ ഉപ്പൂറ്റീടെ എല്ലുപൊട്ടി. രണ്ടുകാലിലും പ്ലാസ്റ്ററിട്ടിട്ടുണ്ട്. രണ്ടാഴ്ച ചേച്ചി ആശുപത്രീക്കെടന്നു. അതുകഴിഞ്ഞു വന്നപ്പോ കെട്ട്യോന് പണിക്കു പോയെങ്കിലല്ലേ കുടുംബം പുലരൂള്ളൂ. അങ്ങേര് രാവിലെ പോകും. ഞാനൊരു പതിനൊന്നു മണിയായപ്പഴാ അവിടെ എത്തീത്. പിള്ളേര് സ്ക്കൂളില്‍ പോയി. വീട്ടില് ചേച്ചി ഒറ്റയ്ക്ക് കട്ടിലേല്‍ കെടക്കുവാ. ഉച്ചയ്ക്കത്തേനുള്ള ചോറും കറീം എടുത്ത് കട്ടിലിനരികില്‍ വെച്ചേക്കും. സഹായത്തിന് ആരുമൊന്ന് വന്നുനില്‍ക്കാനില്ലേ ചേച്ചീന്ന് ഞാന്‍ ചോദിച്ചപ്പോ ചേച്ചീടെ കണ്ണ് നെറഞ്ഞു. എനിക്കതു ചോദിക്കണ്ടാരുന്നൂന്നായിപ്പോയി. ‍ഞാനാ കണ്ണീര് തൊടച്ചു. അപ്പോ ചേച്ചി എന്റെ കൈയ്യേക്കേറി പിടിച്ചു. അപ്പൊതൊട്ടാണ് എനിക്ക് വേറെ വിചാരം തുടങ്ങീത്. നല്ല ചേച്ചി, വീട്ടില് ഞങ്ങളുരണ്ടാളും തനിച്ച്. ‘ചേച്ചീ കുളിയൊക്കെ എങ്ങനെയാ? ‘വിശേഷം ചോദിക്കുന്നതുപോലെ ഞാന്‍ ചോദിച്ചു. ‘കുളീന്ന് പറയാനില്ല. രണ്ടുംമൂന്നും ദിവസം കൂടുമ്പോ ചൂടുവെള്ളത്തില്‍ തുണി നനച്ച് തുടയ്ക്കും. ഇന്ന് വൈകുന്നേരം ചേട്ടായി വന്നിട്ടുവേണം അത് ചെയ്യാന്‍’.

വര: ധനരാജ് കീഴറ

‘ചെറിയ മണവൊണ്ടല്ലോ ചേച്ചീ. ചേട്ടായി വരുന്നതുവരെ ഇങ്ങനെ മുഷിഞ്ഞ് കെടക്കണ്ടന്നേന്നും ‘ പറഞ്ഞ് ഞാന്‍ എഴുന്നേറ്റ് വെള്ളം ചൂടാക്കി. തോര്‍ത്തെടുത്ത് മുക്കിപ്പിഴിഞ്ഞ് ചേച്ചിയെ തുടയ്ക്കാന്‍ തുടങ്ങി. ആദ്യവൊക്കെ ചേച്ചിക്ക് ഒരു നാണവാരുന്നു. അവസാനമായപ്പോ ചേച്ചി എന്റെ കൈയ്യേക്കേറിപ്പിടിച്ചിട്ട് വല്ലാത്ത ഒരു നോട്ടം. എന്തിനു പറയുന്നു. പ്ലാസ്റ്ററിട്ടിരിക്കുന്ന രണ്ടു കാലിനും‍ വെഷമമുണ്ടാകാത്തവിധത്തില്‍ അകത്തിവെച്ചിട്ട് ഞങ്ങള് കാര്യങ്ങളൊക്കെ ചെയ്തു. ചേച്ചിക്ക് എന്തൊരു സന്തോഷമായെന്നറിയുവോ. പിന്നെ എടയ്ക്കെടയ്ക്ക് ഞങ്ങള് കാണുവാരുന്നു.”

“ഹോ, നീ ഭയങ്കരന്‍തന്നെയാടാ. രണ്ടുകാലും ഒടിഞ്ഞു കിടന്നേനിട്ട്…”

പോള് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആന്‍ഡ്രൂസ് സമ്മതിച്ചു.

“അതിലിപ്പോ എന്താടാ കൊഴപ്പം. ദേ ഇപ്പോ കൊറോണയാന്നു പറഞ്ഞാലും കിട്ടിയാ നമ്മളും ചെയ്യേലെ.”

അകത്തിരിക്കുന്ന ജോഹാന്‍ പറഞ്ഞു.

“അതുതന്നെ നമ്മടെ വിവരങ്ങളന്വേഷിക്കാന്‍ വരുന്ന ആ നഴ്സുണ്ടല്ലോ അവളെയിപ്പോ ഇങ്ങ് കിട്ടുവാണെങ്കില്‍ ജോയ്സീനെ മനു റബ്ബര്‍തോട്ടത്തില്‍ കൊണ്ടുപോയി ചാരിനിര്‍ത്തി ചാമ്പീല്ലേ, അതുപോലെ ഞാനീ ഭിത്തിയേലേക്ക് ചാരിനിര്‍ത്തീട്ട് കാലുപൊക്കി…..”

എന്ന് പീറ്റര്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ജോഹാന്റെ വാതില്‍ തുറന്നു.

“നീ എന്നതാടാ മൈരേ പറയുന്നെ?”

ജോഹാന്‍ ചോദിച്ചത് കേട്ടപ്പഴാണ് ജോയ്സി ജോഹാന്റെ പെങ്ങളാണല്ലോ എന്നും മനുവുമായിട്ട് അവള്‍ക്കുള്ള ബന്ധം അവന്‍ അറിഞ്ഞിട്ടാല്ലായിരുന്നല്ലോ എന്നും പീറ്റര്‍ ഓര്‍ക്കുന്നത്.

“അയ്യോ, ഞാനെന്നതാ പറഞ്ഞത്.”

പീറ്റര്‍ സ്വയം ചോദിച്ചു.

“പോട്ടെടാ ജോഹാനേ…”

പോള്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

“പോട്ടെടാന്നോ നിന്റെ പെങ്ങളേക്കുറിച്ച് പറഞ്ഞാല്‍ നീ സഹിക്കുവോ?”

ജൊഹാന്‍ ചോദിച്ചു. ആ ചോദ്യത്തേത്തുടര്‍ന്ന് പീറ്റര്‍ എന്തോ മറുപടി പറയുകയും ജോഹാന്‍ അവനെ കയറി പിടിക്കുകയും മറ്റുള്ളവര്‍ രണ്ടുപേരെയും പിടിച്ച് ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആ കശപിശ അവിടെവെച്ചുതന്നെ പരിഹരിക്കപ്പെട്ടു.

കിടക്കുന്നതിനു മുന്‍പ് എല്ലാവരും കൈകൊടുത്തും കെട്ടിപ്പിടിച്ചുമാണ് പിരിഞ്ഞത്. ആളുകള്‍ ലോഹ്യപ്പെട്ടെങ്കിലും വഴക്കിനിടയില്‍ അത്യുഗ്രശേഷിയുള്ള കോവിഡ് ഡെല്‍റ്റാവൈറസ് എല്ലാവരിലേക്കും പകര്‍ന്നുകഴിഞ്ഞിരുന്നു. കല്ലുവാഴയ്‍ക്കല്‍ ആന്‍ഡ്രൂസൊഴികെ എല്ലാവരുടേയും രോഗം ഒന്നരയാഴ്ചകൊണ്ടു മാറി. പക്ഷെ ആന്‍ഡ്രൂസിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഒന്‍പതു ദിവസം അവിടെ കിടന്നതിനു ശേഷം അവന്‍ മരണത്തിന് കീഴടങ്ങി.


Add a Comment

Your email address will not be published. Required fields are marked *