എഡിറ്റോറിയൽ
ഈ ഓണപ്പതിപ്പിൽ ഞങ്ങൾ
പരസ്യങ്ങൾ ബോധപൂർവ്വം
ഒഴിവാക്കുന്നു
പുതിയ ലോകക്രമത്തിൽ മനുഷ്യരും പ്രസ്ഥാനങ്ങളും ഉയർത്തിപ്പിടിക്കേണ്ട ജനാധിപത്യ ജാഗ്രതയെ ഓർമ്മിപ്പിക്കാനും സർഗാത്മക ജനാധിപത്യ ചേരിയിൽ ഉറച്ചു നിൽക്കാനുമുള്ള ശ്രമങ്ങൾ ലോകത്തെമ്പാടും നടക്കുന്നുണ്ട്.
പുതിയ ലോകം രോഗത്തിൻ്റെ ഒരു തടവറ പോലെയാണ്. എന്നാലും, അസാധാരണമായ ഇച്ഛാശക്തിയോടെ മനുഷ്യർ അതിജീവനം കണ്ടെത്തുന്നുണ്ട്. ജീവിതം പഴയതു പോലെയാവാൻ ഏറെ സമയമെടുക്കുമായിരിക്കാം.പക്ഷെ, സ്തംഭിച്ചു നിൽക്കുന്ന ആ അവസ്ഥ അൽപം മാറിയിട്ടുണ്ട്. സഞ്ചരിക്കുന്ന മലയാളികൾ, ഏറെ ദൂരം താണ്ടി മറുകരകളിൽ തൊഴിലിടങ്ങൾ കണ്ടെത്തുന്ന മലയാളികൾ ,പ്രവാസികൾ, വിദ്യാർഥികൾ, അസംഘടിത തൊഴിലാളികൾ, കലാകാരന്മാർ – ഇങ്ങനെ എല്ലാവരും ജീവിതത്തിൽ വലിയൊരു നിശ്ചലതയിലൂടെയാണ് കടന്നു പോകുന്നത്. ഈ അവസ്ഥകൾ മാറി ,പുതിയൊരു മനോഹരമായ അവസ്ഥയിലേക്ക് നാം എത്താതിരിക്കില്ല.
www.readvision.in ആദ്യ ഓണപ്പതിപ്പുമായി പ്രിയപ്പെട്ട വായനക്കാരുടെ മുന്നിലെത്തുകയാണ്. തുടങ്ങി രണ്ടു മാസം കൊണ്ടു തന്നെ വായനക്കാരുടെയും ശ്രദ്ധേയരായ എഴുത്തുകാരുടെയും പിന്തുണയും സർഗാത്മക സഹകരണവും ഞങ്ങൾക്ക് നേടിയെടുക്കാൻ കഴിഞ്ഞുവെന്നത് സന്തോഷത്തോടൊപ്പം വലിയ ഉത്തരവാദിത്വബോധവും നൽകുന്നു. അന്യോന്യം പ്രചോദിപ്പിച്ചു കൊണ്ടു നമുക്ക് മുന്നേറാം.
എം.എ.ബേബി തുടക്കം കുറിക്കുന്ന ‘വ്യക്തി, കുടുംബം, സദാചാരം’ എന്ന സംവാദം വലിയ ചർച്ചകൾക്ക് തുടക്കമിടുമെന്ന കാര്യത്തിൽ സംശയമില്ല. ഇടതുപക്ഷം ആ ചർച്ചയെ എങ്ങനെയെടുക്കുമെന്നത് ആകാംക്ഷ നിറഞ്ഞ ചോദ്യമാണ്. റീഡ് വിഷൻ യു ട്യൂബ് ചാനലിൽ മത്സ്യത്തൊഴിലാളികളുടെ കൊറോണ കാലം എങ്ങനെയാണെന്ന ഡോക്യുമെൻ്ററിയുമുണ്ട്. പ്രളയകാലത്ത് നമുക്ക് മുന്നിൽ കരുത്തോടെ നിന്നത് അവരാണ്.
എൻ.എസ്.മാധവൻ ഏറെ കൗതുകം നിറഞ്ഞ ഒരു ചോദ്യത്തിന് മറുപടി പറയുന്നു.
വായനക്കാരുടെ പ്രതീക്ഷയെ നിലനിർത്തുന്ന വേറെയും രചനകൾ.
പരസ്യങ്ങളില്ലാതെയാണ് റീഡ് വിഷൻ ഓണപ്പതിപ്പ് വായനക്കാരുടെ മുന്നിലെത്തുന്നത്. പരസ്യങ്ങൾക്കു വേണ്ടിയുള്ള ഒരു ശ്രമവും ഞങ്ങൾ നടത്തിയില്ല എന്നു തുറന്നു പറയട്ടെ. അടഞ്ഞ വാതിലുകൾ തുറക്കുകയും വ്യാപാരികളും മറ്റു സ്ഥാപനങ്ങളും അവരുടെ കുടുംബത്തിനും ജീവനക്കാർക്കും വേണ്ടിയുള്ള സമ്പാദ്യങ്ങൾ ഒരുക്കൂട്ടാനും അതിജീവിക്കാനും കഷ്ടപ്പെടുമ്പോൾ പരസ്യങ്ങൾ വേണ്ടെന്ന് വെക്കുന്നതിലും ഒരു നൈതിക ഐക്യദാർഡ്യമുണ്ടെന്ന് ഞങ്ങൾ കരുതുന്നു.കാലം തെളിഞ്ഞു വരുമ്പോൾ, എല്ലാം തെളിഞ്ഞു വരും.
‘ഒലിവ് ‘പുറത്തിറക്കിയ ശ്രദ്ധേയമായ ചില പുസ്തകങ്ങൾ കൂടി ഓണപ്പതിപ്പിൽ പരിചയപ്പെടുത്തുന്നു.
എല്ലാവർക്കും
ഓണാശംസകൾ.
ഡോ.എം.കെ മുനീർ
മാനേജിങ്ങ് ഡയറക്ടർ /
മാനേജിങ്ങ് എഡിറ്റർ
റീഡ് വിഷൻ
Add a Comment