rajeswari

പെൺകുട്ടികൾ ശങ്കറിനെ പ്രേമിച്ച ഒരു കാലമുണ്ടായിരുന്നു

പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ് ഒരു സ്റ്റണ്ട് നടക്കുമ്പോൾ മാറി നിന്ന് ഭയചകിതയായി ഹാ ഹൂ എന്ന് പറയുന്ന നേരം ഈ പെണ്ണിനയാൾക്ക് തിരിച്ചൊരു ചവിട്ട് കൊടുത്തു കൂടേ എന്ന് . സാരിയൊന്ന് തൊടുമ്പോഴേക്കും വട്ടം തിരിഞ്ഞ് അഴിക്കാൻ എളുപ്പമാക്കാതെ ആ സാരി തുമ്പു കൊണ്ടാ ടി ജി രവിയുടെ കഴുത്തിൽ കൂടെ ഇട്ടു പിടിച്ചുടെ എന്നൊക്കെ….

 

പെൺകുട്ടികൾ
ശങ്കറിനെ പ്രേമിച്ച ഒരു കാലമുണ്ടായിരുന്നു

രാജേശ്വരി.കെ.

വെളുത്ത തിരശ്ശീലയിൽ വന്നു പോയിരുന്ന സുന്ദര രൂപങ്ങളും ശബ്ദങ്ങളും എന്നതാണ് ആദ്യ സിനിമ ഓർമ്മ. അച്ഛനമ്മമാരൊടൊപ്പം തന്നെയാണ് ആദ്യ കാല സിനിമകൾ കണ്ടിട്ടുള്ളത്. ആദി പരാശക്തി എന്ന ഭക്തി പ്രധാനമായ സിനിമയിലെ ത്രിശൂലമേന്തി നാവുതീട്ടി ചുവന്ന വേഷത്തിൽ വന്ന ദേവിയാണ് മനസ്സിൽ നിൽക്കുന്ന കഥാപാത്രം. അതുപോലെ കാറ്റു വന്നു കള്ളനെ പോലെ എന്ന പാട്ട് സീൻ ചെറിയ ഓർമ്മയായുണ്ട്.

അമ്മമ്മയും മറ്റു മുതിർന്ന ബന്ധുക്കളും കൂടി ഭക്തിയാവും എന്നു കരുതി കാണാൻ പോയ കാമധേനു എന്ന സിനിമയെ പറ്റി പിന്നീട് പലപ്പോഴും പറഞ്ഞു ചിരിക്കാറുണ്ടായിരുന്നു അവർ. സ്കൂളിൽ നിന്നും കൊണ്ട് പോയി കാണിച്ച വിദ്യാർത്ഥികളെ ഇതിലെയാണ് കഥയറിഞ്ഞ് കണ്ട ആദ്യ സിനിമ.നാട്ടിലെ വായനശാലയിലും കുറച്ചകലെയുള്ള ഒരു കോൺവെന്റ് അങ്കണത്തിലും വച്ച് 16 mm ൽ കണ്ട നിരവധി സിനിമകൾ. അച്ഛനും ബാപ്പയും, പ്രയാണം, പ്രവാഹം, ഗായത്രി, ദോ കുന്ത് പാനി, തുറക്കാത്ത വാതിൽ എന്നിവ ഞങ്ങൾ സഹോദരങ്ങളും സുഹൃത്തുക്കളും ചേർന്ന കുട്ടിക്കൂട്ടത്തോടൊപ്പമായിരുന്നു. അതൊരു സിനിമ കാണാനുള്ള ആഘോഷ യാത്രയായിരുന്നു. ഈ സംഘം വളർന്നപ്പോൾ പരിസരത്തുള്ള ടാക്കീസുകളിൽ സിനിമകൾക്കായി യാത്ര തുടങ്ങി. 19/20 പേര് വരെ അടങ്ങുന്ന സംഘത്തിലെ നേതാവ് കൂട്ടത്തിൽച്ചതിർന്ന 20-22 വയസ്സുള്ള കുഞ്ഞുണ്ണിയേട്ടനും ഏറ്റവും ചെറിയത് ഏഴോ എട്ടോ വയസ്സുള്ള സുനിയും ആയിരുന്നു. പല പ്രായക്കാരായ ഞങ്ങൾ പെൺകിടാങ്ങളും. മൂർക്കനിക്കര കവിതാ ടാക്കീസ് പിൻ നിര സീറ്റ് മുഴുവൻ ഞങ്ങൾ കയ്യടക്കിയിരുന്നു. ഒന്നുരണ്ടു തവണ.

പിന്നെ ഞങ്ങളാറു പെൺകുട്ടികളായി തിരിഞ്ഞു തൃശ്ശൂരിൽ സിനിമക്ക് പോയി തുടങ്ങി. രാഗം /രാമദാസ് / സപ്ന / ജോസ് തുടങ്ങിയ തിയ്യറ്ററുകളിൽ മോർണിംഗ് ഷോക്കാണ് അധികവും പോക്ക്. എന്നിട്ട് ഓരോ മസാല ദോശയും കഴിച്ച് തിരിച്ചു പോരും. ആഘോഷകാലം, മഞ്ഞിൽ വിരിഞ്ഞ പൂക്കളൊക്കെ കണ്ട് കരഞ്ഞ് പുറത്തിറങ്ങുന്ന പെൺകിടാങ്ങൾ. മോഹൻലാലിനെ വെറുത്തു, ശങ്കറിനെ പ്രേമിക്കാൻ തുടങ്ങി. അക്കാലത്ത് വിരൽ മുഖത്തേക്ക് കൊണ്ട് പോകാൻ പേടിയിരുന്നു. ആരെങ്കിലും ഉമ്മ ചോദിക്കുകയാണെന്ന് ധരിച്ചാലോ എന്ന്.

പ്രണയകാലത്ത് സിനിമ ഏതെന്ന് നോക്കാതെയാണ് തിയ്യറ്ററിൽ കയറുന്നത്. വിവാഹം കഴിഞ്ഞും സിനിമ കാണൽ കുറഞ്ഞില്ല. യുനിവേര്‍സിറ്റി താമസക്കാലത്ത് തൊട്ടടുത്ത ടാക്കീസിൽ സിനിമ തുടങ്ങുമ്പോൾ ഇറങ്ങിയോടി കാണുമായിരുന്നു. ഒരു തവണ ഓടി ചെന്ന് ടിക്കറ്റെടുക്കാൻ തുടങ്ങിയപ്പോൾ കൗണ്ടറിലിരുന്നയാൾ ടിക്കറ്റ് തന്നില്ല. കുട്ടി കാണണ്ട സിനിമയല്ല എന്നു പറഞ്ഞു. A പടമാണത്രേ. കണ്ടില്ല. ഒറ്റക്ക് കണ്ട സിനിമ അടുത്ത കാലത്തിറങ്ങിയ 96 ആയിരുന്നു. പെട്ടെന്നുണ്ടായ തോന്നലിൽ കൈരളി ശ്രീയിലേക്ക് വണ്ടി തിരിക്കയായിരുന്നു. ഏറ്റവും സ്വസ്ഥമായി ആസ്വദിച്ചത് ആ സിനിമയായിരുന്നു എന്നാണ് തോന്നൽ…

ചലച്ചിത്രാസ്വാദനം ഫിലിം ഫെസ്റ്റിവലുകളിലേക്ക് പതുക്കെ ചുവടു വച്ചത് സ്ഥിരം ഫെസ്റ്റിവൽ സ്വാമിമാരായ ചില ചങ്ങാതിമാരോടു തോന്നിയ അസൂയ കൊണ്ട് തന്നെയാണ്. അവിടങ്ങളിൽ സിനിമ ഒരു വലിയ ലോകമായി മാറുന്നു. നമ്മളൊരു ലോക സഞ്ചാരിയായി മാറുന്നു. ദിവസം നാല് സിനിമ വച്ച് കാണുന്നതിനിടക്ക് കാണുന്നവരിൽ ചിലർ പുതിയ ചങ്ങാതിമാരാകും. ലോക സിനിമകളുടെ ആസ്വാദനവും അനുഭവവും വേറെ തന്നെയാണല്ലൊ. കാഴ്ചയിൽ അവ പുതിയ ദൃശ്യ പഥങ്ങൾ കൊണ്ടു വരുന്നു, അപരിചിത ദേശത്തെ മനുഷ്യരുടെ ജീവിതം നാം കാണുന്നു.

ബോൾഡായി പെരുമാറുന്ന പരിഷ്കാരവേഷങ്ങൾ ധരിക്കുന്ന സ്ത്രീകളെ നെഗറ്റീവ് ആയി അവതരിപ്പിക്കയും ഒരു അടി കിട്ടുന്നതോടെ അവൾ തികഞ്ഞ കൂലീനത കാണിക്കുന്നതും മുടിതുമ്പു കെട്ടുന്നതും കുറി തൊട്ട് തല കുനിച്ച് നടക്കുന്നതും അന്നത്തെ കൗമാരക്കാരിക്ക് സ്ത്രീ വിരുദ്ധമായിട്ടൊന്നും തോന്നിയിട്ടില്ല. പക്ഷെ ,പഴയ സിനിമ വീണ്ടും കണ്ടു കൊണ്ടിരിക്കുമ്പോഴാണ്അതിശയം തോന്നും വിധം സ്ത്രീവിരുദ്ധത അനുഭവപ്പെടുന്നത്. എന്നാലും ഇപ്പോഴും ഇഷ്ടമുള്ള കുറെ സിനിമകളുണ്ട്. ഗന്ധർവ്വ ക്ഷേത്രം, കാപാലിക, അവളുടെ രാത്രികൾ, അങ്ങനെ.

പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ് ഒരു സ്റ്റണ്ട് നടക്കുമ്പോൾ മാറി നിന്ന് ഭയചകിതയായി ഹാ ഹൂ എന്ന് പറയുന്ന നേരം ഈ പെണ്ണിനയാൾക്ക് തിരിച്ചൊരു ചവിട്ട് കൊടുത്തു കൂടേ എന്ന് . സാരിയൊന്ന് തൊടുമ്പോഴേക്കും വട്ടം തിരിഞ്ഞ് അഴിക്കാൻ എളുപ്പമാക്കാതെ ആ സാരി തുമ്പു കൊണ്ടാ ടീ ജീ രവിയുടെ കഴുത്തിൽ കൂടെ ഇട്ടു പിടിച്ചുടെ എന്നൊക്കെ….

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

ഇപ്പോൾ സിനിമകൾ കിടപ്പുമുറിയിലെ കമ്പ്യൂട്ടറിൽ ഉണ്ട്. സിനിമാ അനുഭവം വേറെയാണ്. മനസ്സു പൂർണ്ണമായും അർപ്പിക്കാനാവുന്നില്ല. രണ്ടര മണിക്കൂറിലെ ഇരുട്ടിൽ നമ്മളൊറ്റപ്പെട്ട് ഇരുന്ന് വികാരം കൊണ്ട ടൈറ്റാനിക്കും ജുറാസിക് പാർക്കും കിടപ്പുമുറിയിലെ ഹാളിലെ തുറസ്സിൽ അനുഭവിക്കാനാവുന്നില്ല.
ഒ ടി ടി യിൽ വരുന്ന പുതിയ സിനിമകൾ അവയുടെ പ്രമേയത്തിലും അവതരണത്തിലും കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നുണ്ട്. തീർച്ചയായും ആസ്വാദനത്തിന്റെ തലം മാറി. അവ പുതിയ പ്രമേയങ്ങൾ കണ്ടെത്താൻ തുടങ്ങി.  ഗ്രേറ്റ് ഇൻഡ്യൻ കിച്ചൺ, ബിരിയാണി പോലുള്ള സിനിമകൾ വീട്ടിൽ കിടപ്പുമുറിയിൽ ഇണയോടൊപ്പം തന്നെയാണ് കാണേണ്ടത് എന്നാണ് എന്റെ തോന്നൽ.

Add a Comment

Your email address will not be published. Required fields are marked *