kadal_cafe

നോവൽ: കടൽ കഫെ 3

നോവൽ:
കടൽ കഫെ 3

കരിവെള്ളൂർ കാവുമ്പായി റോഡ്

അരിയും പരിപ്പും അത്യാവശ്യം പച്ചക്കറികളുംലൈറ്റ് ഹൗസിനടുത്തുള്ള നാഷണൽ സൂപ്പർ മാർക്കറ്റിൽ നിന്നും മേടിച്ചതിനു ശേഷം വെറുതെ കുറച്ചു നേരം കടൽ കണ്ടിരിക്കാൻ തോന്നി.

താമസിക്കുന്ന വീട്ടിനു തൊട്ടുമുന്നിൽ കടൽ ആണെങ്കിലും പട്ടാളക്കാരുടെ ക്യാമ്പിന് അടുത്തയതിനാൽ എപ്പോഴും ആരെയോ ആക്രമിക്കാൻ നിൽക്കുന്ന ഒരു ഭാവം ആയിരിന്നു .

വെടിയൊച്ചകളുടെയും ബൂട്ടിന്റെയും ശബ്ദം ഇരുപത്തിനാലു മണിക്കൂറും കടലിൽ നിന്നും മുഴങ്ങുന്നത് പോലെയുള്ള ഒരു തോന്നൽ .

അതു വെറും തോന്നലുകൾ അല്ലെന്നും നൂറ്റാണ്ടുകൾക്ക് മുൻപേ അനേകം കടൽ യുദ്ധങ്ങളും മരണങ്ങളും നടന്ന സ്ഥലം ആണിതെന്നും അതുകൊണ്ട് തന്നെ ഇവിടുത്തെ കടലിനെ ചാവുകടൽ എന്നാണ് കാരണവന്മാർ പണ്ടുമുതലേ വിളിച്ചിരുന്നതെന്നും മാതൃഭൂമി, മനോരമ, ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ്സ് ഉൾപ്പെടെ എല്ലാ പത്രങ്ങളുടെയും ബർണശ്ശേരിയിലെ ഒരേ ഒരു ഏജന്റ് ആയ ചാത്തൂട്ടി ഏട്ടൻ പറഞ്ഞു .

ഇവിടുന്നങ്ങോട്ട് രണ്ടു കിലോമീറ്റർ പട്ടാള ക്യാമ്പ് തീരുന്നത് വരെയുള്ള കടലിൽ പെട്ടു പോയാൽ പിന്നെ അതിനെ തിരിഞ്ഞു ആരും പോകേണ്ട.രണ്ടോ മൂന്നോ ദിവസത്തിന് ശേഷം സ്വയം കരയിലേക്ക് തിരിഞ്ഞു വന്നോളും ..

ചാത്തൂട്ടി ഏട്ടൻ പുലർച്ചെ അഞ്ചുമണിക്ക് മുന്നേ പത്രവുമായി ക്യാമ്പിലേക്ക് പോകും തിരികെ വരുമ്പോൾ എല്ലാ ദിവസവും

പക്ഷികളുടെ കൂടാരത്തിൽ കയറി കുറച്ചുനേരം വിശ്രമിക്കും .

ഒരു ദിനം പുലർച്ചെ ജാലകത്തിലൂടെ നോക്കിയപ്പോൾ കടലിൽ നിന്നും കര കയറി വന്നത് പോലെ ഒരാൾ ഇറയത്തെ സീറ്റിൽ കിടന്നുറങ്ങുന്നു.

കടൽ സഞ്ചാരികൾ ധരിക്കുന്നത് പോലുള്ള വലുപ്പമേറിയ ഒരു തരം തുണി കൊണ്ടുള്ള തൊപ്പി ഉറക്കത്തിൽ അയാളുടെ മുഖത്തേക്ക് വീണിരുന്നു .

സുധൻ ഭയത്തോടെ പുറത്തേക്കിറങ്ങി

കിടക്കുന്നതിന് അടുത്തുതന്നെ കുറെ പത്രക്കെട്ടുകളും പുറത്തു റോഡിൽ സൈക്കിളും കണ്ടപ്പോൾ ആശ്വാസം തോന്നി.

വാതിൽ തുറക്കുന്ന ഒച്ച കേട്ടപ്പോൾ അയാൾ ഞെട്ടി എഴുന്നേറ്റു

അറുപത്തിയഞ്ച് വയസ്സിനു മേൽ പ്രായമുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നുന്ന ഒരാൾ. വൃദ്ധൻ്റെ തളർന്ന നോട്ടം.

‘രാവിലെ നാലുമണിക്ക് തുടങ്ങുന്ന പണിയാണ് മോനെ …ഇവിടെ പട്ടാള ക്യാമ്പിൽ ആണ് അവസാനം. തിരികെ പോകുമ്പോൾ ഇവിടെ കുറച്ചു നേരം കിടക്കുന്നത് പതിവാണ് ,

ഉള്ളിൽ പുതിയ താമസക്കാർ വന്നത് അറിഞ്ഞില്ല ..

താമസക്കാർ എന്നു പറയാൻ മാത്രം ആരുമില്ല .ഈ ഞാൻ മാത്രമേ ഉള്ളൂ

സുധൻ ആളെ എഴുന്നേൽക്കാൻ വിടാതെ കിടന്നോ എന്ന് പറഞ്ഞു അകത്തേക്ക് നടന്നു.

എഴുന്നേറ്റു സീറ്റിലേക്ക് ഇരിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു: എന്റെ പേര് ചാത്തൂട്ടി ബർണശ്ശേരിയിലെ ഒരേ ഒരു പത്രം ഏജൻറ് ആണ്.

പ്രായം കുറെ ആയില്ലേ. ഈയിടെയായി ശരീരത്തിന് ഭയങ്കര ക്ഷീണം ആണ്. പുലർച്ചെ പക്ഷികളുടെ പാട്ടും കേട്ട് കുറച്ചു നേരം ഇവിടെ ഇങ്ങനെ കിടക്കുന്നത് മനസ്സിനും ശരീരത്തിനും ഒരു ആശ്വാസവും …

സാധാരണ ഇവിടെ ആരും ഉണ്ടാകാറില്ല ഞാനും പറന്നു പറന്നു ക്ഷീണിച്ച കുറെ പക്ഷികളും അല്ലാതെ….

മോന് ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ പോകാം ..

ഇതും പറഞ്ഞു ചാത്തുട്ടി ഏട്ടൻ മെല്ലെ സീറ്റിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങി

എനിക്ക് യാതൊരു പ്രശ്നവും ഇല്ല ചാത്തുട്ടിയേട്ടാ ..ഞാനും ഒറ്റയ്ക്കാണെന്നു പറഞ്ഞല്ലോ.

ചാത്തുട്ടി ഏട്ടന് എപ്പോ വേണമെങ്കിലും ഇവിടേക്ക് വരാം

നാളെ മുതൽ എനിക്ക് എന്തായാലും ഒരു പത്രം വേണം.

വര: ജഹനാര അസ്മി

സുധൻ ചാത്തൂട്ടി ഏട്ടനെ അവിടെ ഇരുത്തി ഇപ്പൊ വരുന്നു എന്നും പറഞ്ഞു അകത്തേക്ക് നടന്നു

ബർണ്ണശ്ശേരിയിലെ ഏറ്റവും അപകടകരമായ കടൽ ഇവിടെ ആണ് ..

ഈ കടലിന്റെ ഒച്ച മലയിൽ മഴ പെയ്യുംപോലെ ആണ് …നാലു ഭാഗത്തു നിന്നും എന്തൊക്കെയോ പൊട്ടി തകരുന്ന അലർച്ചകൾ-

മനുഷ്യർക്ക് ആയാലും കടലിനു’ആയാലും’അതിഭയങ്കരമായ ഒരു ഭൂതകാലം ഉണ്ടെങ്കിൽ അതെപ്പോഴും ക്ഷോഭിച്ചു കൊണ്ടിരിക്കും ..

സുധൻ ഇതിനിടയിൽ ചാത്തൂട്ടിയേട്ടന് ഒരു ചൂട് കട്ടൻ ചായ കൊടുത്തു .

രാവിലത്തെ കട്ടൻ ചായയും രാത്രിക്ക് കിട്ടുന്ന ഒരു പെഗും അമൃതിനു തുല്യം ആണ് – ഇതും പറഞ്ഞു ചാത്തൂട്ടി ഏട്ടൻ വീണ്ടും ചിരിച്ചു .

‘നിന്റെ വീട് ഇട്യാ മോനെ?’

‘കാവുമ്പായി ‘

‘ഹോ കമ്യൂണിസ്റ്റ് സ്ഥലം ‘ –
വൃദ്ധൻ ആത്മഗതം പോലെ പറഞ്ഞു തുടങ്ങി:

എന്റെ അച്ഛാച്ചൻ പണ്ട് ബ്രിട്ടീഷ്‌കാർ കാവുമ്പായി കരിവെള്ളൂർ റോഡ്നിർമിക്കുമ്പോൾ അതിലെ വലിയ വലിയ തേക്കും കാട്ടുമരങ്ങളും മുറിക്കാൻ പോയ കാലത്തെ കഥകൾ പറഞ്ഞത് കേട്ടിട്ടുണ്ട് .

അങ്ങനെ അങ്ങനെ പറഞ്ഞു പറഞ്ഞു ഒരു’ദിവസം ഞാനും അച്ഛാച്ചൻ ഒക്കെ ഉണ്ടാക്കിയ ആ റോഡ് കാണാൻ പോയിട്ടുണ്ട്

അച്ഛാച്ചൻ കപ്പല് ഉണ്ടാക്കാൻ പ്രഗത്ഭൻ ആയിരിന്നു .

അങ്ങനെ ബ്രിട്ടീഷ്‌കാർ അച്ഛാച്ചനെ പിടിച്ചു കെട്ടി കപ്പലനു പറ്റിയ മരം കണ്ടെത്താൻ കൊണ്ട്പോയതാണ് .കോടാനു കോടി രൂപന്റെ മരം ആണ് അന്ന് അവർ മുറിച്ചു കടത്തിയത് ഒപ്പം. ഒരു വെടിക്ക് രണ്ടു പക്ഷി എന്നപോലെ ബ്രിട്ടീഷ്കാര്ക്കെതിരെ സമരവും വിപ്ലവും നടക്കുന്ന മലബാറിലെ പ്രധാന രണ്ടു സ്ഥലത്തേക്കും എളുപ്പത്തിൽ എത്താൻ ഒരു വഴിയും

ആദ്യമേ കണ്ണൂരിൽ നിന്നും ശ്രീകണ്ഠപുരം കാവുമ്പായിലേക്ക് ഒരു റോഡ് ഉണ്ടാക്കി പിന്നെ അവിടുന്ന് വളവും തിരിവും ഇല്ലാതെ കരിവെള്ളൂരിലേക്കും …

പണിക്കായി നൂറോളം ആനകളെയും ആയിരകണക്കിന് അടിമകളെയും സായിപ്പന്മാർ ഉപയോഗിച്ചു.

അടിമകളെ വിൽക്കുവാനും വാങ്ങുവാനുമുള്ള ഒരു ക്യാമ്പ് വെച്ചത് അന്ന് ബർണശ്ശേരി ഈ പട്ടാളക്കാർ താമസിക്കുന്ന സ്ഥലത്തും.

അടിമകളെ വിൽക്കുവാനുള്ള അവകാശം ഉയർന്ന ജാതിക്കാർക്ക് മാത്രം ആയി .അവർ കൊണ്ടുവരുന്ന അടിമകൾക്ക് ആരോഗ്യവും തൂക്കവും നോക്കി പണം കൊടുത്തു .

പിന്നെ ഉള്ള ഇരുപതോ ഇരുപത്തിയഞ്ചോ ദിവസം അടിമകളുടെ ആരോഗ്യം നോക്കാനുള്ള പരീക്ഷണ നിരീക്ഷണങ്ങൾ ആയിരിന്നു .

ആ ദിവസങ്ങളിലെ കഠിന പരീക്ഷണങ്ങളിൽ പരാജയപ്പെടുന്നവരെ, ദാ ,അവിടുന്ന് ആ ആർത്തലയ്ക്കുന്ന കടലിലേക്ക് വലിച്ചെറിയും

ആർക്കും കരയിലേക്ക് നീന്തി കയറാൻ പറ്റില്ല …തോക്കും പിടിച്ചു കരയിൽ പോലീസ് ഉണ്ട് .. അങ്ങനെ ഈ ഭാഗം ചാവുകടൽ ആയി…

നമ്മുടെ നാടിൻറെ ചരിത്രം എന്നതും എപ്പോഴും ഒരു ചാവുകടൽ കൂടി ഉൾപ്പെടുന്നതാണ് . പരാജയപെട്ടവരൊക്കെ താണു താണു പോയും വിജയിച്ചവർ മാത്രം ഉയർന്നു ചാടി ഇരമ്പിയാർക്കുന്നതുമായ ഒരു വിചിത്ര കടൽ…

വിജയം എന്ന് പറയുന്നത് മറ്റൊരു വിചിത്ര സംഗതി കൂടി ആണ് .അതാതു കാലത്തേ അധികാരികളോട് ആരാണോ ചേർന്ന് നിൽക്കുന്നത് അവർക്ക് മാത്രം ഉള്ളത് .

ഇവിടെതന്നെ ആണ് അന്ന് ബ്രിട്ടീഷ് പട്ടാളവും ക്യാമ്പ് ചെയ്തത് ‘

അത്രയും പറഞ്ഞ്ചാത്തൂട്ടി ഏട്ടൻ കടലിലേക്ക് കൈ ചൂണ്ടി. തിരകൾ തെറിച്ചു വീഴുന്ന കാവൽപ്പാറകൾ.

ബ്രിട്ടീഷുകാർ വരുന്നതിനും മുന്നേ പോർട്ടുഗീസുകാരും അതിനും മുന്നേ കോലത്തിരിയും ഇവിടെ തന്നെ ആകും ക്യാമ്പ് ചെയ്തത്.

പത്തു മുന്നൂറു വർഷത്തെ ബർണശ്ശേരിയുടെ ചരിത്രം ചാത്തൂട്ടി ഏട്ടന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത് സുധൻ കണ്ടു.

വര: ജഹനാര അസ്മി

പിന്നീട് കരിവെള്ളൂർ കാവുമ്പായി റോഡ് ബ്രിട്ടീഷുകാരാൽ കൊല്ലപെടുന്നവരെ അടക്കം ചെയ്യാനുള്ള ഒരു പൊതു ശ്‌മശാനം ആക്കി പണി തുടങ്ങുമ്പോൾ ആയിരം അടിമകൾ ഉണ്ടായിരിന്നു. തീരുമ്പോഴേക്കും നൂറിൽ താഴെയും ചിലപ്പോൾ ആ റോഡിൻറെ അടി നിറയെ കല്ലുകൾക്ക് പകരം മനുഷ്യരുടെ അസ്ഥി കൊണ്ട് ആയിരിക്കും ബ്രിട്ടീഷുകാർ ബലപ്പെടുത്തിയിട്ടു ഉണ്ടാവുക …

നമ്മുടേത് അല്ലാത്ത ഒരാളെ കൊല്ലുക എന്നത് പണ്ട് മുതലേ മനുഷ്യരുടെ ഒരു വിനോദം ആണ്. പക്ഷെ, ആരാണ് ഞങ്ങൾ? നിങ്ങൾ? വല്ലാത്ത ചോദ്യാണ്..

അങ്ങനെ മറ്റൊരാളെ കുറ്റബോധം ഇല്ലാതെ കൊല്ലാൻ കൂടി ആകണം മതവും ജാതിയും രാജ്യവും വംശവും ഒക്കെ മനുഷ്യർ തന്നെ ഉണ്ടാക്കിയെടുത്തതും.

ബ്രിട്ടീഷ്കാർ നാടുവിട്ടതോടെ അകാലത്തിൽ മരിച്ചു പോയവരുടെ പ്രേതങ്ങൾ ശവക്കുഴികൾ വിട്ട് പുറത്തേക്കിറങ്ങി .

നാട്ടുകാർ ആ റോഡ് ബന്ധുക്കളെയും സ്വന്തക്കാരെയും ഇല്ലാതാക്കിയ ഒരു വഴി എന്നുള്ള നിലയിൽ സ്വാതന്ത്ര്യത്തിനു ശേഷം ഓർക്കാനേ താല്പര്യപെട്ടുമില്ല .

നമുക്ക് ജീവിക്കണം എന്നുണ്ടെങ്കിൽ നമ്മൾ ഇടയ്ക്കിടെ കുറെ ഓർമ്മകളെയും കൊന്നു കുഴിച്ചു മൂടി കൊണ്ടേയിരിക്കണം.

കരിവെള്ളുർ കാവുമ്പായി എന്ന് കേൾക്കുമ്പോഴൊക്കെ എനിക്ക് അച്ചാച്ചൻ പറഞ്ഞ കഥകൾ ഓർമ്മവരും…

ഇതിപ്പോൾ നിങ്ങളുടെ നാടും ഇന്നത്തെ പത്രത്തില് ആ റോഡിനെ സംബന്ധിച്ചുള്ള ഒരു വാർത്തയും കണ്ടു, ആ ഓർമ കൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്..പിന്നെ ചരിത്രം അതിങ്ങനെ ആവർത്തിച്ചു കൊണ്ടേയിരിക്കും എന്ന് മാർക്‌സും പറഞ്ഞിട്ടുണ്ടല്ലോ . സായിപ്പന്മാരുടെ പ്രേതം ശരീരത്തിൽ കൂടിയവർ നമ്മുടെ നാട്ടിലും ചുറ്റിക്കറങ്ങുന്നുണ്ട് ഇവിടെ അത്തരം പ്രേതങ്ങൾ കുറച്ചു കൂടുതലും .. .

പ്രേതങ്ങൾ ആണെങ്കിലും എളുപ്പവഴിയല്ലേ സഞ്ചാരത്തിന് തിരഞ്ഞെടുക്കൂ ! കടൽ വഴി ആദ്യം കാണുന്ന കര ..അതും അവർ കുറേക്കാലം ജീവിച്ച ഉഴുതു മറിച്ച മണ്ണ് ….അങ്ങനെ നോക്കുമ്പോൾ ഈ കര പ്രേതങ്ങളുടെ കൂടി കരയാണ് ..

ചാത്തുട്ടിയേട്ടൻ ഇതും പറഞ്ഞു ഇനി നാളെ കാണാം എന്നും പറഞ്ഞു സൈക്കിൾ ചവിട്ടി മുന്നോട്ട് നീങ്ങി .

സൂര്യൻ കടലിലേക്ക് .

ആയിരക്കണക്കിന് പക്ഷികൾ ഒരു വലിയ വിമാനത്തിലെന്ന പോലെ ആകാശത്തിനും കടലിനും ഇടയിലൂടെ

തീരെ കൂട്ടിമുട്ടാതെ അവരുടേതായ സഞ്ചാരപഥത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നു .

റോഡിലൂടെ കുറെ അധികം ദൂരം ഒറ്റയ്ക്ക് നടക്കണം

സുധന് രാവിലെ ചാത്തുണ്ണിയേട്ടൻ പറഞ്ഞത് ഓർമ വന്നു

ഇതൊരു പ്രേതങ്ങളുടെ കൂടി കരയാണ് ..പക്ഷികൾക്ക് മാത്രം അല്ല, പ്രേതങ്ങൾക്കും എളുപ്പത്തിൽ കയറാനും ഇറങ്ങാനും ഉള്ള ഒരു കര .

സുധൻ കുറച്ചു ദൂരം നടന്നപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു

ലൈറ്റ് ഹൗസിൽ നിന്നുള്ള വെളിച്ചം ഒന്നിടവിട്ട് കരയിലേക്ക് അടിക്കുന്നു .

ആ വെളിച്ചത്തിൽ രണ്ടുമൂന്ന് ചെറുപ്പക്കാർ പാട്ടുപാടിയും ആടിയും വരുന്നത് സുധൻ കണ്ടു.

അവർ വളരെ അടുത്തു എത്തിയപ്പോൾ സുധന് ചെമ്പക പൂക്കൾ മണത്തു …

അത് ചെമ്പക പൂക്കൾ അല്ലായെന്നും ബിയർ മണം ആണെന്നും സുധന് എളുപ്പത്തിൽ മനസ്സിൽ ആയി .

ഇവിടെ അടുത്ത് എവിടെയാണ് ബാർ …സുധൻ ചെറുപ്പക്കാരെ നോക്കി .

നേരെ വിട്ടോ ശിവോയ് ലേക്ക് ..മഞ്ഞു പർവ്വതങ്ങളിൽ വസിക്കുന്ന ശിവന്റെ ഗൃഹത്തിൽ …പോയി ആനന്ദനടനം നടത്തി വാ ..

ചെറുപ്പക്കാർ സുധന് വഴി വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു .

സുധൻ ഒരു തീർത്ഥാടന കേന്ദ്രത്തിലേക്ക് എന്നപോലെ ഇരുട്ടിലൂടെ വേഗത്തിൽ നടന്നു .

ശിവോയിലേക്ക് എത്താനുള്ള ആ ദൂരത്തിനിടയിൽ സുധൻ ജിപ്സികളെയും ,പ്രേതങ്ങളെയും ,പാമ്പുകളെയും ലോകത്തുള്ള സകലതിനെയും മറന്നു .

കുറച്ചു ദൂരം നടന്നതും ആ ഇരുട്ടിലും ജ്വലിക്കുന്ന മഞ്ഞയും ചുകപ്പും വെള്ളയും നിറഞ്ഞ അനേകം ചെമ്പക മരങ്ങളെ സുധൻ കണ്ടു .

ഇലകളൊക്കെ കൊഴിഞ്ഞ മരങ്ങളുടെ ശരീരത്തിൽ നിറയെ പൂക്കൾ മാത്രം.

പല ഭാഗത്തേക്ക് നിറഞ്ഞ ചെമ്പക മരങ്ങളുടെ ശിഖരങ്ങൾ…

ചെമ്പക കൊമ്പുകളെ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ അനേകം പേർ വ്യത്യസ്ത രീതിയിൽ രതിയിൽ ഏർപെടുന്നതുപോലെ സുധന് തോന്നി .

ശിവോയിൽ നിന്നും ഗ്ലാസ്സുകൾ കൂട്ടി മുട്ടുന്നു ,ആരൊക്കെയോ പാട്ടു പാടുന്നു ..

സുധൻ ഹോട്ടലിന്റെ പഴയ ഇരുമ്പ് ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറി മരങ്ങൾക്കും പൂവുകൾക്കും ഇടയിലായി ഒരു ചെറിയ ഓടിട്ട പുര !

സുധൻ ഉള്ളിലേക്ക് നടന്നതുംവണ്ടികൾ പാർക്ക് ചെയ്യാനുള്ള സ്ഥലത്തിലെ ചെമ്പക മരങ്ങൾക്കിടയിൽ നിന്നും ഒരാൾ സുധന്റെ അരികിലേക്ക് വന്നു.

സുധൻ കുറെ നേരം അയാളെ മാത്രം സൂക്ഷിച്ചു നോക്കി –

കടൽ കഫെയിൽ ഉണ്ടായിരുന്ന വൃദ്ധനായ സെക്യൂരിറ്റി !

(തുടരും)

Add a Comment

Your email address will not be published. Required fields are marked *