abdulrasheed

നിങ്ങളുടെ തലച്ചോറിലെന്താ ചളിയാണോ, ബുദ്ധിയാണോ?

നിങ്ങളുടെ തലച്ചോറിലെന്താ
ചളിയാണോ, ബുദ്ധിയാണോ?


മൂളയില്ലാത്ത കുട്ടികൾ ‘ എന്ന
പരിഹാസങ്ങൾക്ക് ഇനി പ്രസക്തിയില്ല.

അബ്ദുൾ  റഷീദ് എ പി.കെ.

” ഞാൻ ഇപ്പോൾ വായിച്ച പ്രസംഗം പൂർണ്ണമായും AI എഴുതിയതാണ്. ഇത് ശരിക്കും എന്റെ ശൈലിയല്ല, ഞാൻ പറഞ്ഞു ചെയ്യിപ്പിച്ച ഒന്നാണ്.  വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ പരസ്യമായി ഈ കുറിപ്പുമായി മുന്നോട്ട് പോകരുതെന്ന് എന്റെ കമ്മ്യൂണിക്കേഷൻസ് ടീം ഉപദേശിക്കുകയും ചെയ്തു, ChatGPT  മുൻകൂട്ടി എഴുതിയ ഒരു പ്രസംഗം, ഇത് തന്നെയാണ് എനിക്ക് വേണ്ടത്, AI-യെ വിനാശം എന്ന നിലയിൽ കാണരുത്. കാരണം അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും. അതിനാൽ, അതിന് നല്ല ഒരു പ്രസംഗം നടത്താൻ കഴിയുമെന്ന് തെളിയിക്കാൻ ഞാൻ തന്നെ അത് ഉപയോഗിക്കണമെന്ന്  നിർബന്ധിച്ചു. ”യുഎഇ വിദ്യാഭ്യാസ മന്ത്രി അഹമ്മദ് ബെൽഹൂൽ അൽ ഫലാസി ലോക ഗവൺമെന്റ് ഉച്ചകോടി 2023 ന്റെ രണ്ടാം ദിവസം  പറഞ്ഞ വാക്കുകളാണിത്. അത് ശ്രദ്ധേയമായ രീതിയിൽ സത്യസന്ധവും ഉള്ളു തുറന്നതും പുതിയ കാലത്തിൻ്റെ ആശയങ്ങളെ ഉൾക്കൊള്ളുന്നതുമായിരുന്നു. അറിവിൻ്റെ ആവിഷ്കാരങ്ങൾ ബുദ്ധിപരമായി ആ നിലയിൽ മാറിക്കൊണ്ടിരിക്കുകയാണ്‌.

Ahmed Belhoul Al Falasi delivers the opening speech at the Future of Education Forum at World Government Summit 2023 in Dubai – Image Courtesy Gulf Today

കണക്കുകൾ സൂചിപ്പിക്കുന്നത് ശരിയാണെങ്കിൽ, യു എ ഇ സർക്കാർ, ആഗോളതലത്തിൽ AI പൂർണ്ണമായി സ്വീകരിച്ച ആദ്യത്തെ സർക്കാരാണ്. വിദ്യാർത്ഥികളുടെ ഫലങ്ങൾ പ്രവചിക്കാനും പ്രക്രിയകൾ കാര്യക്ഷമമാക്കാനും അവർ  AI ഉപയോഗിക്കുന്നു. AI ഒരു വിഷയമായി പഠിപ്പിക്കുന്നതിൽ അവർ ഏറെ മുന്നോട്ടാണ്. എന്നാൽ ഇപ്പോൾ നമ്മൾ ജനറേറ്റീവ് AI-ലേക്ക് നീങ്ങുമ്പോൾ, ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയുന്ന ഒരു AI  സെൻസിറ്റീവ് ആണെന്ന് നമ്മൾ മനസ്സിലാക്കണം.

AI, അഥവാ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അതിന്റെ തുടക്കം മുതൽ കാര്യമായ പരിണാമത്തിനും വികാസത്തിനും വിധേയമായിട്ടുണ്ട്. “ആർട്ടിഫിഷ്യൽ ഇന്റലിജൻസ്” എന്ന പദം 1956-ൽ ഡാർട്ട്മൗത്ത് കോൺഫറൻസിലാണ് ആദ്യമായി ഉപയോഗിച്ചത്. അവിടെ ഒരു കൂട്ടം ഗവേഷകർ മനുഷ്യബുദ്ധി ആവശ്യമായ ജോലികൾ ചെയ്യാൻ കഴിയുന്ന യന്ത്രങ്ങൾ സൃഷ്ടിക്കാൻ നിർദ്ദേശിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, ഗവേഷകർ ടൂൾ അധിഷ്‌ഠിത സംവിധാനങ്ങളും ന്യൂറൽ നെറ്റ്‌വർക്കുകളും ഉൾപ്പെടെ ഇന്റലിജന്റ് മെഷീനുകൾ നിർമ്മിക്കുന്നതിനുള്ള വ്യത്യസ്ത സമീപനങ്ങൾ പര്യവേക്ഷണം ചെയ്യാൻ തുടങ്ങി. expert system, machine learning, deep learning എന്നിങ്ങനെയുള്ള  അതിന്റെ പല തരത്തിലുള്ള സാങ്കേതിക മുന്നേറ്റങ്ങൾക്ക് കാലം സാക്ഷ്യം വഹിച്ചു.

ഈയെടുത്ത ദിവസങ്ങളിൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന AI സാങ്കേതികതയാണ് ChatGPT . Elon Musk, Sam Altman, Greg Brockman, Ilya Sutskever, John Schulman, Wojciech Zaremba എന്നിവരുൾപ്പെടെ ഒരു കൂട്ടം സാങ്കേതിക വിദഗദ്ധർ 2015-ൽ സ്ഥാപിച്ച ഗവേഷണ സ്ഥാപനമായ OpenAI വികസിപ്പിച്ചെടുത്ത AI ഭാഷാ മോഡലാണ് ChatGPT.  ഉപയോക്തൃ ഇൻപുട്ടുകൾക്ക് പ്രതികരണമായി ChatGPT വാചക ഉള്ളടക്കം നൽകുന്നു. ചോദ്യങ്ങളോടുള്ള പ്രതികരണങ്ങൾ, വിവരങ്ങളുടെ സംഗ്രഹങ്ങൾ, പ്രക്രിയകളുടെയോ ആശയങ്ങളുടെയോ വിവരണങ്ങൾ ഉൾപ്പെടെ നിരവധി ടെക്‌സ്‌റ്റ് അധിഷ്‌ഠിത ഔട്ട്‌പുട്ടുകൾ സൃഷ്‌ടിക്കാൻ ChatGPT പ്രാപ്തമാണ്. എന്നിരുന്നാലും, ചിത്രങ്ങളോ വീഡിയോകളോ ഓഡിയോ റെക്കോർഡിംഗുകളോ പോലുള്ള വാചകമല്ലാത്ത ഉള്ളടക്കം നൽകാൻ ChatGPT-ക്ക് കഴിയില്ല. (audio, video, image അതിനൊക്കെയുള്ള മറ്റു AI ടൂൾസ് ഇപ്പോൾ ലഭ്യമാണ്). 2021 സെപ്‌റ്റംബർ വരെയുള്ള ലഭ്യമായ വിവരങ്ങളാണ് ChatGPT ഇപ്പോൾ നല്കിക്കൊണ്ടിരിക്കുന്നത്. ആ തീയതിക്ക് ശേഷം സംഭവിച്ച ഏതെങ്കിലും സംഭവങ്ങളോ കണ്ടെത്തലുകളോ സംഭവവികാസങ്ങളോ  ChatGPT യുടെ  പ്രതികരണങ്ങളിൽ പ്രതിഫലിച്ചേക്കില്ല.

ChatGPT യെ മറികടക്കാൻ ഗൂഗിൾ, വികസിപ്പിച്ചതാണ് Google Bard. അതും കൃത്രിമബുദ്ധി ചാറ്റ്ബോട്ട് സാങ്കേതികയാണ്. തുടക്കത്തിൽ തന്നെ അതിന് തിരിച്ചടികൾ നേരിട്ടിരുന്നു. ഉത്തരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട പിശകുകൾക്ക് ഗൂഗിളിന് വലിയ വില തന്നെ കൊടുക്കേണ്ടി വന്നു. ഏറ്റവും പുതിയ വിവരങ്ങൾ നൽകാൻ കഴിയും എന്നതാണ് Bard ന്റെ പ്ലസ് പോയിന്റ്. കാരണം ഗൂഗിൾ ഡാറ്റ ബേസ് തന്നെ. ChatGPT real time data access നൽകാൻ  കഴിഞ്ഞാൽ ഇനി AI യുദ്ധം കാണേണ്ടി വരും!! ഈയൊരു സന്ദർഭത്തിലാണ് നമ്മൾ വിദ്യാഭ്യാസം, സാങ്കേതികത എന്നിവയെ കുറിച്ചുള്ള ചർച്ചകളും നടത്തേണ്ടത്. അത് പുതിയ ലോകത്തെ മികച്ച രീതിയിൽ അടയാളപ്പെടുത്താനുള്ള സംവിധാനമായി മാറും.

ഭാഷ, ആശയ വിനിമയം എന്നിവയെ കുറിച്ചുള്ള ചരിത്രം പറഞ്ഞു കൊണ്ടാണ് ഞാൻ എന്റെ കുട്ടികളുടെ PG I Semester Development of Media ക്ലാസ് ആരംഭിക്കുന്നത്. ഭാഷ രൂപപ്പെടുന്നതിന് മുമ്പേ മനുഷ്യർ പരസ്പരം ആശയ വിനിമയം നടത്തിയിരുന്നു. ഗുഹാചിത്രങ്ങളുടെയും കൈമുദ്രകളുടെയും ആദ്യകാല രൂപങ്ങളിൽ നിന്ന് ആധുനിക കാലത്തെ ആശയവിനിമയ സാങ്കേതികവിദ്യകളിലേക്ക് ആശയവിനിമയം ഒരുപാട് മുന്നോട്ട് പോയി, നിമിഷങ്ങൾക്കകം ലോകമെമ്പാടും ആശയവിനിമയം നടത്താൻ ജനങ്ങൾ ഇപ്പോൾ പ്രാപ്തരായി. ചൈനീസ് പ്രസ്, പാപ്പിറസ്, ഗുട്ടൻബെർഗ് പ്രസ്, റേഡിയോ, സിനിമ, ടെലിവിഷൻ, ഇന്റർനെറ്റ് … ഇങ്ങനെ നാനാവിധം ആശയ വിനിമയ കൈമാറ്റത്തിൽ വിപ്ലവങ്ങൾ സംഭവിച്ചു. കോടാനുകോടി വർഷങ്ങളായി മനുഷ്യർ ഭൂമിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ ഒരു അമ്പത് വർഷങ്ങളിലാണ്  സാങ്കേതിക കുതിച്ചു ചാട്ടവും മാറ്റങ്ങളും നടന്നത്. എന്തിന് ഏറെ പറയണം, കൊറോണ കാരണം ഇരുപത് വർഷങ്ങൾക്ക് ശേഷം പ്രവചിച്ച online വീഡിയോ ക്‌ളാസ്സുകൾ നമ്മുടെ നാട്ടിലെ എല്ലാ വീട്ടിലേക്കും എത്തിയില്ലേ. മാറ്റങ്ങൾ ഇപ്പോൾ വളരെ വേഗത്തിലാണ്. അറിവ് പങ്കു വെക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ഇതിന് വേഗത കൂട്ടിയത്. അത് കുട്ടികളിലും കുടുംബങ്ങളിലുമുണ്ടാക്കിയ ബുദ്ധിപരവും സർഗാത്മകവുമായ  ഗുണപരമായ മാറ്റങ്ങളെന്താണ്, വിപൽ സന്ധികളെന്താണ് എന്ന പഠനങ്ങൾ ആ ദിശയിൽ നടക്കുന്നുമുണ്ട്.

എല്ലാം അറിയുന്ന ChatGPT കാലത്താണ് നാം എല്ലാവരും ഉള്ളത്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം അഞ്ചു ദിവസം കൊണ്ട് പത്ത് ലക്ഷം ആൾക്കാരും, രണ്ടു മാസം കൊണ്ട് നൂറു ദശലക്ഷം ആൾക്കാരുമാണ് ChatGPT യിൽ ലോഗിൻ ചെയ്‌തത്‌. വേറൊരു സാങ്കേതിക വിദ്യക്കും അവകാശപ്പെടാനില്ലാത്ത കണക്കുകളാണിത്. ഈ ChatGPT യെ എങ്ങനെ മെരുക്കാം എന്ന ആലോചനകൾ ലോകത്തെ ടെക് വിദദ്ധരും അക്കാഡമിക് തലങ്ങളിലുള്ളവരും നടത്തിക്കൊണ്ടിരിക്കുന്നു. OpenAI  CTO ആയ മീരാ മുറാട്ടി (Mira Murati), AI ChatGPT നിയന്ത്രിക്കണമെന്ന് കരുതുന്നു. കഴിഞ്ഞ ദിവസത്തെ ഒരു അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. ഒരു വാക്യത്തിലെ ലോജിക്കൽ അടുത്ത വാക്ക് പ്രവചിച്ചുകൊണ്ട് ChatGPT അതിന്റെ പ്രതികരണങ്ങൾ സൃഷ്ടിക്കുന്നു, എന്നാൽ ബോട്ടിന് യുക്തിസഹമായത് എല്ലായ്പ്പോഴും കൃത്യമായിരിക്കണമെന്നില്ല, മീരാ മുറാട്ടി പറഞ്ഞു. ChatGPT ബ്ലോക്ക് ചെയ്യാൻ പല അക്കാഡമിക് സ്ഥാപനങ്ങളും അവരുടെ IT ഡിപ്പാർട്മെന്റിന് നിർദ്ദേശം നൽകിക്കഴിഞ്ഞു.

നിർമ്മിതബുദ്ധി സോഫ്റ്റ് വെയർ ഉപയോഗിച്ച് സൃഷ്ടിച്ച ചില ചിത്രങ്ങൾ

ഫലാസിയുടെ വാക്കുകൾ തന്നെ ഉദ്ധരിക്കുകയാണെങ്കിൽ , ‘ഒരു കാൽക്കുലേറ്റർ ഒരിക്കലും ഗണിതത്തെ കാലഹരണപ്പെടുത്തിയില്ല, ഒരു ശാസ്ത്രീയ കാൽക്കുലേറ്റർ ഒരിക്കലും കാൽക്കുലസ് എന്നതിനെ പുറം തള്ളിയിട്ടില്ല. നമ്മുടെ മൂല്യനിർണ്ണയ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ അധ്യാപകർ എന്ന നിലയിൽ നാം പ്രതിജ്ഞാബദ്ധരായിരിക്കണം.’ AI സംവിധാനം നമ്മുടെ ചുറ്റിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ പ്രകടമാണ്. ഇനി അതിൽ നിന്നൊരു മാറി നടക്കൽ ഒട്ടും സാധ്യമല്ല. ഇന്ത്യ എന്ന വലിയ രാജ്യത്തെ വിദ്യാഭ്യാസ സങ്കല്പങ്ങൾ പൊളിച്ചു കൊണ്ടിരിക്കുകയാണ്. NEP യുടെ വരവ് അതിൽ ചില ചലനങ്ങൾ സൃഷ്ടിക്കാൻ കെല്പുള്ളതാണ്. അതിൽ രാഷ്ട്രീയവും ഒട്ടും ക്രിയാത്മകമല്ലാത്ത ഇടപെടലുകളും ഇതിന്റെ ഭാവിയെ ചോദ്യ മുനയിൽ നിർത്തുന്നു.

മംഗലാപുരം കോളേജിൽ പഠിപ്പിച്ച ഒരു അദ്ധ്യാപകൻ എന്ന നിലയിൽ അവിടെ ഏറ്റവും ഡിമാൻഡ് ഉള്ള കോഴ്സ് ഇപ്പോൾ Visual Communication, Machine Learning , Artificial Intelligence, Data Science, Cyber Security, Coding എന്നീ തരങ്ങളാണ്. കുട്ടികൾ ആ കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് ഒട്ടും തയ്യാറെടുപ്പില്ലാതെയാണ് താനും. കാരണം പല സിലബസുകളും update അല്ലാത്തതാണ്. ഈ കോഴ്സുകൾക്ക് തന്നെയാണ് ഇനി ഭാവി. നിമിഷ നേരം കൊണ്ട് കാര്യങ്ങൾ മറയുന്ന ഈ ലോകത്ത് എല്ലാ സെമെസ്റ്ററും പുതുക്കുന്ന രീതിയിൽ സിലബസുകൾ മാറേണ്ടി വരും!

AI വരുന്നതോടു കൂടി ജോലി നഷ്ടപ്പെടും എന്ന പേടി വേണ്ട. നമ്മൾ ചെയ്യുന്ന ജോലിയുടെ സ്വഭാവം മാറും. ഞാൻ അബുദാബിയിൽ ഒരു സ്‌കൂളിൽ വാക് ഇൻ ഇന്റർവ്യൂ വിന് ചെന്നപ്പോൾ ആദ്യം ഒരു പരീക്ഷയുണ്ടായിരുന്നു. അതിലെയൊരു ചോദ്യം AI  ടെക്നോളജി അധ്യാപകരുടെ പ്രസക്തി ഇല്ലാതാക്കുമോ എന്നാണ്. ഞാൻ അതിന് ഉത്തരം എഴുതിയത് ഇങ്ങനെയായിരുന്നു:

Student: Alexa, why is my teacher acting like this?
Alexa: I don’t have any clue!
Yes, teachers who doesn’t have any clue about the digital technologies or current affairs are out of market now. AI will not replace teachers, but teachers with AI will replace a normal candidate. ഇങ്ങനെ പോകുന്നു അതിന്റെ വിശദീകരണം. അതെ AI അധ്യാപകരുടെ ജോലി തെറിപ്പിക്കില്ല. മറിച്ച് പുതുക്കാത്ത അധ്യാപകരെയും മാറ്റങ്ങൾ ഉൾകൊള്ളാത്തവരെയും  ഈ തൊഴിലിടം ഇനി പരിഗണിക്കില്ല. അതൊക്കെ ഇല്ലാതെ അവർ ജോലിക്ക് അങ്ങനെ കയറിക്കഴിഞ്ഞാൽ തന്നെ നമ്മുടെ കുട്ടികളോട് ആശയ വിനിമയം നടത്താനും അവരോടുന്നിച്ചു കാര്യങ്ങൾ ചെയ്യാനും സ്‌കിൽഡ് ആയെ മതിയാവു.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പിഴവ് AI ചൂണ്ടിക്കാണിച്ചതിനാൽ ചിലർ ആശങ്കാകുലരാണോ?

നിലവിലെ സംവിധാനം കാണാ പാഠം പഠിക്കുന്നതിലും മനഃപാഠം ആക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അല്ലാതെ യുക്തിപരമായ വ്യാഖ്യാനത്തിലും അനുമാനത്തിലും വിശകലനത്തിലും അല്ല. പരീക്ഷകളിലും ആവർത്തിച്ചുള്ള ടാസ്ക്കുകളിലും ChatGPT കൊണ്ട്  മികച്ച സ്കോർ നേടാം. എന്നാൽ അനുമാനിക്കാനും വ്യാഖ്യാനിക്കാനും വിശകലനം ചെയ്യാനും നടപ്പിലാക്കാനും ഒരു യഥാർത്ഥ ബുദ്ധിശക്തിയുള്ള സംവിധാനം ആവശ്യമായ ടാസ്ക്കുകൾ നൽകുന്നതിൽ പരാജയപ്പെടുന്നു. ഇവിടെയാണ് അധ്യാപകരുടെ കഴിവിനെ നാം പ്രയോജനപ്പെടുത്തേണ്ടത്.

ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം അക്കാദമിക് മികവിന് ഊന്നൽ നൽകുന്നതിനും ലോകത്തെ ഏറ്റവും മികച്ച പ്രതിഭകളെ ഉൽപ്പാദിപ്പിക്കുന്നതിനും പേരുകേട്ടതാണ്. എന്നിരുന്നാലും, കർക്കശവും കാലഹരണപ്പെട്ടതുമായ  ചില പ്രവണതകൾ അതിനൊരു അപവാദമാണ്. സാങ്കേതികവിദ്യയുടെ സംയോജനത്തിൽ നിന്ന് ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് വിപുലമായ വിവരങ്ങളിലേക്കും വിഭവങ്ങളിലേക്കും കയറിച്ചെല്ലാൻ പറ്റും. വ്യക്തിഗതപഠനം, വിദ്യാർത്ഥികളുടെ കൂടുതൽ ഇടപഴകലും, കൂടുതൽ ആഴത്തിലുള്ളതും സംവേദനാത്മകവുമായ പഠന അന്തരീക്ഷം എന്നിവ നൽകാൻ സാങ്കേതികവിദ്യയ്ക്ക് കഴിയും. കുട്ടികളെ  പ്രചോദിപ്പിക്കാൻ ഈ സാങ്കേതികത വഴി തുറക്കും.  ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന് വെല്ലുവിളികൾ ഉണ്ടെങ്കിലും, മികച്ച ആസൂത്രണവും നിക്ഷേപവും ഉപയോഗിച്ച്, സാങ്കേതികവിദ്യയ്ക്ക് വിദ്യാർത്ഥികൾ പഠിക്കുന്നതിലും അധ്യാപകരെ പഠിപ്പിക്കുന്നതിലും വിപ്ലവം സൃഷ്ടിക്കാൻ കഴിവുണ്ട്.

കോപ്പി അടിച്ചു പിടിക്കാൻ ഉള്ളവരല്ല അധ്യാപകർ. നമ്മുടെ മൂല്യനിർണയ രീതിയും assignment കൊടുക്കുന്ന രീതികളും മാറണം. കുട്ടികളുടെ ക്രിയാത്മകതയെ ഉൾക്കൊള്ളുന്നതാകണം assignment കൾ. പരീക്ഷ നടത്തിപ്പ് നമ്മുടെ നാട്ടിൽ ഉടനെയൊന്നും മാറ്റം വരില്ല. അതിനുള്ള alternative ഉണ്ടാവാൻ സമയം എടുക്കും. ഓൺലൈൻ ക്‌ളാസ്സുകൾ നമ്മൾക്ക് ഇപ്പോൾ ഒരു പുതുമ അല്ലാതായി മാറി. എന്നാൽ ഓൺലൈൻ ആയി പഠിപ്പിക്കുന്നത് പഴയ സിലബസ് എന്നിടത്താണ് പ്രശ്നം ഉള്ളത്. പുതു ജനറേഷൻ കുട്ടികളെ നമ്മൾ പരിഗണിച്ചേ മതിയാകു. എന്റെ മരുമകൻ, ഗെയിം കളിച്ചാൽ പത്തായിരം രൂപ കിട്ടുമെന്ന് പറഞ്ഞപ്പോൾ ‘എടാ, ആ ഗെയിം എന്റെ മോനിക്കും പഠിപ്പിച്ചു കൊടുക്കടാ ‘…  ഗെയിം കളിച്ചാൽ ടാബ് പൊട്ടിക്കും എന്ന് പറഞ്ഞ എന്റെ ഇത്താത്ത,  പത്തായിരം രൂപയിൽ മൂക്കും കുത്തി വീണു! ഗെയിം മാത്രമല്ല കോഡിങ് അടക്കം കുട്ടികളിൽ തൊഴിൽ പരമായ കഴിവുകൾ പരിപോഷിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനന്ത സാധ്യതകളാണ് തുറന്നു തരുന്നത്. എന്നാൽ ഇത്തരം ഗെയിമുകൾ ‘ആളെക്കൊല്ലി’കൾ അല്ല എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യതയുമുണ്ട്. സൈബർ ചൂതാട്ടത്തിന് ഇത് വഴി വെക്കില്ലേ എന്ന ചോദ്യം സ്വാഭാവികമാണ്. എന്നാൽ, ലുഡോ, അല്ലെങ്കിൽ ചെസ് നമ്മൾ ബുദ്ധിപരമായ ഗെയിം ആയാണ് പരിഗണിക്കുന്നത്. എങ്ങനെയുള്ള ഗെയിം എന്നത് സൂക്ഷ്മപരിഗണന അർഹിക്കുന്ന വിഷയമാണ്.

ഒരു വശത്ത്, ChatGPT പോലുള്ള ഭാഷാ മോഡലുകൾക്ക് സ്വാഭാവിക ഭാഷാ പ്രോസസ്സിംഗിൽ സഹായം നൽകൽ, കൂടുതൽ കൃത്യമായ വിവർത്തനങ്ങൾ സൃഷ്ടിക്കൽ, ആരോഗ്യ മേഖലയിൽ സഹായിക്കൽ എന്നിവ പോലുള്ള നിരവധി സാധ്യതകൾ ഉണ്ട്. മറുവശത്ത്, ഈ മോഡലുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും വിദ്വേഷ  പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സ്വകാര്യതയ്ക്കും സുരക്ഷാ അപകടസാധ്യതകൾക്കും കാരണമാകും. അതിന് മനുഷ്യ ബുദ്ധിയുടെ ക്രിയാത്മകമായ ഇടപെടൽ തന്നെ വേണം. കാര്യമിതാണ്, നിങ്ങളുടെ തലച്ചോറിലെന്താ ചളിയാണോ എന്ന ‘ മൂള’ യില്ലാത്ത കുട്ടികളോടുള്ള പരിഹാസങ്ങൾക്ക് ഇനി പ്രസക്തിയില്ല.ചളിയിലും ബുദ്ധി വളരും.

കടപ്പാട്: ChatGPT, ഖലീജ് ടൈംസ്, ഉമർ അബ്ദുസ്സലാം (Edapt), ബിസിനസ് ഇൻസൈഡർ, RISE Abu Dhabi, LinkedIn

Add a Comment

Your email address will not be published. Required fields are marked *