sadik

അച്ഛൻ മുപ്പത്തിയഞ്ച് വർഷം അവടെ നിന്നിട്ട് എന്താ ഒണ്ടാക്കിയത്?

നാടും വീടും പ്രിയപ്പെട്ടവരും നാട്ടുകാരുമെല്ലാം. എന്തോ ആർക്കും നമ്മളെ വേണ്ടാത്ത പോലെ എന്ന് മനസ്സ് വിലപിച്ചുകൊണ്ടേയിരുന്നു.
ചായക്കടയിൽ വച്ചാണ് വിജയകുമാർ എന്ന അൻപത്തേഴ് വയസ്സ് പിന്നിട്ട ആ മനുഷ്യനെ പരിചയപ്പെട്ടത്.

‘അച്ഛൻ മുപ്പത്തിയഞ്ച് വർഷം
അവടെ നിന്നിട്ട്
എന്താ ഒണ്ടാക്കിയത്? ‘

സാദിഖ് കാവിൽ

 

യഥാർഥത്തിൽ ഇന്ത്യൻ പ്രവാസികൾ നാട്ടിൽ നിന്ന് ഗൾഫിലേയ്ക്ക് കൊണ്ടുവരുന്നത് കടുത്ത വിരഹ വേദനയും നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നത് പ്രിയപ്പെട്ടവർക്ക് പെട്ടിനിറയെ സമ്മാനങ്ങളും പിന്നെ വാര്‍ധക്യ രോഗങ്ങൾ കടന്നാക്രമിച്ച ശരീരവുമാണ്. മറ്റെന്തെങ്കിലും കൊണ്ടുപോകുന്നുണ്ടെങ്കിലും കൊണ്ടുവരുന്നുണ്ടെങ്കിലും, അതു ചുരുക്കം ചിലർ മാത്രമായിരിക്കും.

കുടുംബത്തെ പിരിഞ്ഞ് ബാച് ലർ ജീവിതത്തിനായി പറന്നുവരുന്ന സാധാരണക്കാരായ പ്രവാസികൾക്ക്, നാട്ടിലെ വിമാനത്താവളത്തിൽ കയറുമ്പോഴനുഭവപ്പെടുന്നയത്ര ദുഃഖവും വേദനയും ലോകത്ത് മറ്റാരും അനുഭവിക്കുന്നില്ല. അതുകൊണ്ടു തന്നെ പലരും, തന്നെ യാത്രയയക്കാൻ കുടുംബം വിമാനത്താവളത്തിലേയ്ക്ക് വരേണ്ടെന്ന് തീരുമാനിക്കുന്നു. പിഞ്ചുമക്കളുടെ കരഞ്ഞുകലങ്ങിയ മുഖം കണ്ട് ഹൃദയം തകർന്ന് പറക്കാനാൻ അവർക്കാവില്ല. ഇവിടെയെത്തിയാലോ, ജോലി ഭാരവും മാനസിക സമ്മർദവും അനുഭവിച്ച് കുടുസ്സുമുറിയിൽ ജീവിക്കുമ്പോഴും ഒന്നോ രണ്ടോ വർഷം കഴിഞ്ഞുള്ള തിരിച്ചുപോക്കിലേയ്ക്ക് പ്രിയപ്പെട്ടവർക്കായുള്ള സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരിക്കും എന്നതാണ് വിരോധാഭാസം. പ്രവാസികൾ ഓരോ നിമിഷവും ജീവിക്കുന്നത് നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് വേണ്ടി തന്നെ എന്ന് ഇത് അരക്കിട്ടുറപ്പിക്കുന്നു.

മലയാളികൾ നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന ഒട്ടേറെ പതിവ് ഭക്ഷ്യസാധനങ്ങളുണ്ടായിരുന്നു. നിഡോ, ടാങ്ക്, ചോക്ലേറ്റ്, ബിസ്കറ്റ്, ബദാം, പിസ്ത, ഈത്തപ്പഴം, ടാങ്ക് തുടങ്ങിയവ. പെർഫ്യൂം, ടോർച്ച്, ടാൽകം പൗഡർ, ടൈഗർ ബാം, ബെഡ് ഷീറ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും പതിവായിരുന്നു. ഇതൊക്കെ ഇത്തിരി പഴയ വിശേഷങ്ങൾ. ഇന്ന് നാട്ടിൽ തന്നെ ദുബായ് മാർക്കറ്റെന്ന പേരിലുള്ള കടകളിൽ ഗൾഫിൽ കിട്ടുന്ന സകല സാധനങ്ങളും ലഭ്യമാകുമ്പോൾ ദുബായ് പെട്ടികൾക്ക് പുതുമയില്ലാണ്ടായി. കൊണ്ടുപോയാൽ തന്നെ പണ്ടത്തെ പോലെ അത് ആവേശത്തോടെ സ്വീകരിക്കുന്ന തലമുറയും ഇല്ലാണ്ടായി. എങ്കിലും പഴമക്കാർക്ക് ഇവയൊന്നുമില്ലാതെ നാട്ടിലേയ്ക്ക് മടങ്ങാൻ മനസ്സുവരാറില്ല.

പെട്ടി കെട്ടുന്ന ഒരു ചടങ്ങ് തന്നെ പണ്ട് ബാച് ലർ മുറികളിൽ നടക്കാറുണ്ടായിരുന്നു. കൂട്ടുകാരെല്ലാം ചുറ്റും കൂടി അതൊരു ഉത്സവമാക്കും. അപ്രതീക്ഷിത സമ്മാനങ്ങൾ നൽകി പോകുന്നയാളെ അമ്പരപ്പിക്കും. കടകളിൽ നിന്ന് പഴയ കാർട്ടണുകൾ വാങ്ങി സാധനങ്ങൾ നിറച്ച് നെയ് ലോൺ കയറുകൊണ്ട് കെട്ടിമുറുക്കാൻ വൈദഗ്ധ്യമുള്ളവർ തന്നെ വേണം. മിടുക്കനായ ഏതെങ്കിലും ഒരാൾ ചുറ്റുവട്ടത്ത് ഉണ്ടായിരിക്കും. എന്നാൽ, വിപണിയിൽ വിവിധ വലിപ്പമുള്ള പെട്ടികൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമായതോടെ പുതുതലമുറ കാർട്ടണുകൾ പാടേ ഉപേക്ഷിച്ചു എന്ന് പറയാം. പെട്ടി കെട്ടിപ്പോവുക എന്നത് അവര്‍ക്ക് മാനക്കേടായി. അതേസമയം, പഴയ തുളവീണ കാർട്ടണുകൾക്ക് പകരം പത്തും പതിനഞ്ചും ദിർഹം നൽകിയാൽ പുത്തൻ കാർട്ടണുകള്‍ ഇപ്പോൾ ലഭ്യമാണ്. ‌ഇവ പ്രത്യേകിച്ചും വ്യാപാരികളായ മറ്റു ചില രാജ്യക്കാർക്ക് വേണ്ടിയാണെങ്കിലും പൊട്ടിപ്പോകാത്ത പെട്ടി എന്ന മലയാളി പ്രവാസിയുടെ ആഗ്രഹം സഫലമാക്കാൻ ഈ കാർട്ടൺ ഉപകരിക്കുന്നു.

ഇതുപോലെ ഗൾഫിലേയ്ക്ക് കൊണ്ടുവരുന്ന കുറേ ക്ലീഷേ സാധനങ്ങളുണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടത് ബീഫ്, ചക്ക, മസാലപ്പൊടികൾ, അരിപ്പൊടി, അച്ചാർ… എന്നാൽ, ബീഫും ചക്കയുമൊഴിച്ച് മറ്റൊന്നും അത്രമാത്രം ആർത്തിയോടെ ആളുകൾ ഇന്ന് കൊണ്ടുവരുന്നില്ല. ഇന്ത്യയിലേത് മാത്രമല്ല, മറ്റു രാജ്യങ്ങളിലെയും വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാണ് എന്നതാണ് കാരണം. കേരളത്തിലും മറ്റും ലഭിക്കുന്ന ബീഫിന്റെയത്ര രുചിയുള്ളതല്ല, ഗൾഫിൽ ലഭിക്കുന്ന ബീഫ് എന്നതുകൊണ്ടും അമ്മയുടെയോ, സഹോദരിയുടെയോ, ഭാര്യയുടെയോ പാചകനൈപുണ്യം തങ്ങളുണ്ടാക്കുന്ന ബീഫിന് കൈവരാറില്ല എന്നതുകൊണ്ടും ചക്കയ്ക്ക് മുടിഞ്ഞ വിലയാണെന്നതുമാണ് അവ ഇപ്പോഴും നാട്ടിൽ നിന്ന് വരുന്ന പ്രവസിപ്പെട്ടികളില്‍ ഇടം പിടിക്കാൻ കാരണം.

രണ്ടാം വരവിൽ പറയുന്ന അപ്രിയ സത്യങ്ങൾ
”തിരിച്ചെത്തിയപ്പോൾ ഒന്നും മാറിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു. കാഴ്ചകളും നിറവും മണവും എല്ലാം. പക്ഷേ, യാഥാർഥ്യം മറ്റൊന്നായിരുന്നു; മാറ്റം സംഭവിച്ചിരിക്കുന്നത് എന്നിൽ മാത്രമാണെന്ന്”’–1940ൽ ഇഹലോകവാസം വെടിഞ്ഞ അമേരിക്കൻ നോവലിസ്റ്റ് ഫ്രാന്‍സിസ് സ്കോട് ഫിസ് ജെറാൾഡിന്റെ എഴുത്തിൽ നിന്നുള്ള വരികളാണിത്.

എന്നാൽ, കോഴിക്കോട് വടകര സ്വദേശി വിജയകുമാറിന്റെ ജീവിതത്തിൽ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. ഒരേ മുറിയിൽ ഉണ്ടുറങ്ങിയ പ്രിയ സുഹൃത്തുക്കളെയും തന്റെ കുടുംബത്തിന് മികച്ച ജീവിതം പ്രദാനം ചെയ്ത ഗൾഫ് രാജ്യത്തേയും വിട്ടുപോകുന്നതിന്റെ വേദനയുണ്ടായിരുന്നുവെങ്കിലും ശിഷ്ടകാലം ഭാര്യയോടും മക്കളോടുമൊപ്പം സുഖസന്തോഷത്തോടെ ജീവിക്കാമല്ലോ എന്ന ചിന്ത അയാളെ ഉള്ളാലെ ആഹ്ളാദഭരിതനാക്കി. കാര്യമായ സമ്പാദ്യമൊന്നുമില്ലെങ്കിലും ഉള്ളതുകൊണ്ട് ഓണം എന്ന് അയാൾ മനസിൽ കരുതി. എന്നാൽ, നാട്ടിലെത്തിയപ്പോൾ എല്ലാം മനസ്സിലായി. താനൊഴിച്ച് എല്ലാം മാറിയിരിക്കുന്നു. നാടും വീടും പ്രിയപ്പെട്ടവരും നാട്ടുകാരുമെല്ലാം. എന്തോ ആർക്കും നമ്മളെ വേണ്ടാത്ത പോലെ എന്ന് മനസ്സ് വിലപിച്ചുകൊണ്ടേയിരുന്നു.
ചായക്കടയിൽ വച്ചാണ് വിജയകുമാർ എന്ന അൻപത്തേഴ് വയസ്സ് പിന്നിട്ട ആ മനുഷ്യനെ പരിചയപ്പെട്ടത്. സങ്കടക്കടൽ ഉള്ളിലൊളിപ്പിച്ച അയാളെ നിരീക്ഷിച്ചുകൊണ്ടേയിരുന്ന ഞാൻ ഒരു മാധ്യമപ്രവർത്തകനാണെന്നറിഞ്ഞപ്പോൾ നിറഞ്ഞ കണ്ണുകളോടെ അയാൾ മനസ്സു തുറക്കാൻ തയ്യാറായതാണ്: മുപ്പത്തിയഞ്ച് ർഷത്തിനിടയ്ക്ക് രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ മുപ്പതോ നാൽപതോ ദിവസത്തെ അവധിക്ക് പോകും. അപ്പോൾ പ്രകടിപ്പിച്ചിരുന്ന സന്തോഷം ഇനിയൊരു തിരിച്ചുപോക്കില്ല എന്ന് കേട്ടപ്പോൾ ആരിൽ നിന്നുമുണ്ടായില്ല. ഭാര്യയും മകളും മകനുമെല്ലാം പലരീതിയിൽ അനിഷ്ടം പ്രകടിപ്പിച്ചു തുടങ്ങി. മകളുടെ വിവാഹ സമയത്ത് നൽകിയ വാഗ്ദാനം തികച്ചും പാലിക്കാൻ സാധിച്ചിരുന്നില്ല. പറഞ്ഞുറപ്പിച്ചിരുന്ന സംഖ്യയിൽ ഒരു ലക്ഷം കൂടി ബാക്കി നൽകാനുണ്ട്. ഏറെ നാളുകൾക്ക് ശേഷം അച്ഛനെ കണ്ട അവൾ ആദ്യം ചോദിച്ചത് ‘ആ സംഖ്യ ഇപ്രാവശ്യം അനിലേട്ടന് കൊടുക്കാൻ പറ്റുമല്ലോ അല്ലേ അച്ഛാ ‘എന്നായിരുന്നു. ഷാർജയിലെ ചെറിയൊരു കമ്പനിയുടെ വെയർഹൗസ് കീപ്പർ മാത്രമായിരുന്നു താനെന്നും കമ്പനി നഷ്ടത്തിലായതിനാൽ പൂട്ടിയെന്നും പിരിയുമ്പോൾ വലിയ സംഖ്യ കിട്ടിയിരുന്നില്ലെന്നുമൊന്നും വിശദീകരിക്കാൻ തുനിഞ്ഞില്ല. ‘അതു അച്ഛൻ എങ്ങനേലും കൊടുക്കും മോളേ എന്ന് പറയാനേ അയാൾക്ക് തോന്നിയുള്ളൂ’. അത് മകളിൽ സന്തോഷം പകരുന്നത് കണ്ടപ്പോൾ അയാൾ ദീർഘനിശ്വാസം വിട്ടു. കൈയിലുണ്ടായിരുന്നതും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ചില്ലറയും എണ്ണി തിട്ടപ്പെടുത്തി അതു കൊടുത്തു തീർത്തു. എന്നാൽ ഏറെ സങ്കടപ്പെടുത്തിയത് ഡി– ഫാമിന് പഠിക്കുന്ന കൗമാരക്കാരനായ മകന്റെ പ്രതികരണമായിരുന്നു.

‘അച്ഛൻ മുപ്പത്തിയഞ്ച് വർഷം അവടെ നിന്നിട്ട് എന്താ ഒണ്ടാക്കിയത്? എനിക്ക് ഇഷ്ടപ്പെട്ട കോഴ്സ് പോലും പഠിക്കാനായില്ല. എന്നിട്ടിപ്പം വന്നിരിക്കുന്നു, വെറും കൈയോടെ..’

ഗൾഫിൽ നിയമാനുസരണം ജോലി ചെയ്യാൻ ഇനി രണ്ട് വർഷമേ ബാക്കിയുള്ളൂ. ഏതായാലും പ്രിയപ്പെട്ടവരുടെ ഇടയിൽ സ്വസ്ഥമായ ഒരു ജീവിതം ഇനി സാധ്യമല്ലെന്ന് മനസിലാക്കി സന്ദർശക വീസയിൽ ഒരാഴ്ച മുൻപ് തിരികെ യുഎഇയിലെത്തി.

നാട്ടിൽ എത്ര നാൾ നിന്നു?

കഷ്ടിച്ച് ഒരു മാസം…

ഇനി?

ഒരു ജോലി കണ്ടുപിടിക്കണം. അതിന് മോനൊന്ന് സഹായിക്കണേ..

ചായക്കടയിൽ നിന്ന് നീട്ടിയ ചൂടു ചായ ഒറ്റവലിക്ക് കുടിച്ച് വിജയകുമാർ എന്ന ‘സ്ഥിരംപ്രവാസി’ ഒട്ടകത്തെ പോലെ മരുഭൂമിയിലേയ്ക്കിറങ്ങി..

വിജയകുമാറിനെ പോലെ ദശാബ്ദങ്ങളുടെ പ്രവാസ ജീവിതം മതിയാക്കി വിശ്രമജീവിതത്തിനായി നാട്ടിലേയ്ക്ക് മടങ്ങി, ഒടുവിൽ ഏറ്റവും പ്രിയപ്പെട്ടവരുടെ പോലും അവഗണനയും കുറ്റപ്പെടുത്തലും സഹിക്കാനാകാതെ വീണ്ടും മരുഭൂ ചൂടേൽക്കാൻ വരുന്നവരുടെ എണ്ണം വർധിച്ചിരിക്കുന്നു. സ്വന്തം മണ്ണിൽ മരിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെടുന്ന പാഴ് ജീവിതങ്ങൾ. കൂട്ടുകാരും നാട്ടുകാരും നൽകിയ സമ്മാനങ്ങളും സ്വീകരിച്ച് മടങ്ങി ഒടുവിൽ വീണ്ടും അവരുടെയരികിലേയ്ക്ക് തിരിച്ചു വരാൻ കഴിയാതെ മുഖമൊളിപ്പിക്കാൻ പാടുപെടുന്നവരുടെ പ്രതിസന്ധിഘട്ടം വിവരണാതീതം. ലോകം ഒരിക്കലും മാറുന്നില്ല, മാറ്റം സംഭവിക്കുന്നത് മനുഷ്യരിൽ മാത്രാമാണെന്ന് വിജയകുമാറിന്റെ ജീവിതം എന്നെ പഠിപ്പിക്കുന്നു.

ഉച്ചയുറക്കത്തിന് മുൻപ് പ്രവാസി ചെറുപ്പക്കാരന്റെ ചിന്തകൾ
ഒരു അവധി ദിനത്തിന്റെ നിശബ്ദ ഉച്ചയിൽ ഒറ്റപ്പെട്ടുപോയ ഒരു ചെറുപ്പക്കാരന്റെ ഓർമകളെ ഹരിതാഭമാക്കുന്നത് എന്തൊക്കെയായിരിക്കും? തീർച്ചയായും അവന്റെ മനസിനെ പഴയകാലം കൊത്തിവലിക്കാതിരിക്കില്ല. അതിന്റെ മുറിവുകളിൽ അവൻ നീറുകയും കരയുകയും ചെയ്യും. അതിൽ ക്യാംപസും പിന്നെ ചില ക്ലീഷേ കഥകളും കഥാപാത്രങ്ങളുമുണ്ടായിരിക്കാം. അതിങ്ങനെയുമായിരുന്നേക്കാം:

ഉച്ചയോടെ ആരംഭിക്കുന്ന പ്രിഡിഗ്രി ക്ലാസിലേയ്ക്ക് എന്നും അവൾ വൈകിയാണ് എത്തിയിരുന്നത്. പാവാടക്കാരിയുടെ നീണ്ട ചുരുണ്ട മുടിയിഴകളിൽ അപ്പോഴും ഈറൻ തോർന്നിരുന്നില്ല. ആരോടും മിണ്ടാതെ ക്ലാസിൽ തലതാഴ്ത്തിയിരിക്കുന്ന കൗമാരക്കാരിയുടെ ഉള്ളകം എന്തോ കാരണം കൊണ്ട് വേദനിക്കുന്നതായി തോന്നി. അവരുടെ കണ്ണുകൾ തമ്മിൽ പലപ്പോഴും കൂട്ടിമുട്ടി. ഹൃദയങ്ങൾ തമ്മിൽ കഥകൾ കൈമാറി. അപ്പോഴും മനസുതുറന്ന് പ്രണയം പറയാൻ ഇരുവര്‍ക്കും ഭയമായിരുന്നു.

പഠിക്കാനായി വാങ്ങിയ ഇന്ത്യൻ ഹിസ്റ്ററി ടെക്സ്റ്റ് ബുക്കിൽ മനോഹരമായ ഒരു ഹൃദയം വരച്ചാണ് അവൻ തന്റെ ഇഷ്ടം പ്രകടിപ്പിച്ചത്. പിറ്റേന്നാള്‍ അവൾ ക്ലാസിൽ വന്നില്ല. അതിന് പിറ്റേന്നും വന്നില്ല. അറുപതോളം കുട്ടികൾ പഠിക്കുന്ന ക്ലാസിൽ അവളുടെ അസാന്നിധ്യം അസ്വസ്ഥമാക്കിയത് അവനെ മാത്രമായിരുന്നു. ആ ഹൃദയചിത്രം കണ്ട ശേഷം എന്തായിരിക്കും അവൾക്ക് സംഭവിച്ചിരിക്കുക എന്നറിയാതെ അവൻ ഇരിക്കപ്പൊറുതിയില്ലാണ്ടായി. നഗരത്തിലെ ഒരു കുന്നിൻ ചെരുവിനോട് ചേർന്ന ചെറിയ വീട്ടിലായിരുന്നു അവൾ താമസിച്ചിരുന്നത്. അവന്‍ അവളെ തേടി അവിടം വരെ പോയെങ്കിലും ഏതാണ് അവളുടെ വീടെന്ന് അറിയാതെ, ആരോടും ചോദിച്ചറിയാൻ ധൈര്യം വരാതെ അവനീ ലോകത്തെ മുഴുവൻ നിരാശയോടെയും മടങ്ങി.
പിന്നീടുള്ള ദിവസങ്ങളിൽ അവൻ അവളുടെ വരവ് പ്രതീക്ഷിച്ച്, അധ്യാപകരുടെ കണ്ണുകൾ വെട്ടിച്ച് വാതിൽക്കലേയ്ക്ക് തന്നെ നോക്കിയിരിക്കുമായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ഒരു ദിവസം പരീക്ഷയെഴുതാനായി അവൾ വന്നു. വല്ലാതെ ക്ഷീണിച്ച് വലഞ്ഞിരുന്ന അവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി. മറ്റാരും കേൾക്കാതെ അവൻ അവളോട് ചോദിച്ചു:

എന്തായിരുന്നു ഇത്രേം നാൾ വരാത്തത്?. ഞാൻ ഉരുകിയുരുകി ഇല്ലാണ്ടായ പോലെ…

കഴിഞ്ഞയാഴ്ച എന്റെ അമ്മ മരിച്ചുപോയി.

അവളുടെ വാക്കുകൾ പക്ഷേ, പതറിയിരുന്നില്ല. അതിലവന് അത്ഭുതം തോന്നി. അവൻ പിന്നീടൊന്നും ചോദിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. പ്രിഡിഗ്രി കഴിഞ്ഞ് അവൾ ദൂരെയെവിടെയോ പോയി എന്ന് മാത്രം മനസിലാക്കി.

വർഷങ്ങൾക്ക് ശേഷം മംഗലാപുരത്ത് പഠിക്കുമ്പോഴാണ് അവന് ആ വിവാഹക്ഷണക്കത്ത് ലഭിച്ചത്. അത് അവളുടേതായിരുന്നു. താഴെ, പേന കൊണ്ട് മനോഹരമായി എഴുതിവച്ചിരിക്കുന്നു– ‘വരില്ലേ?’

പരീക്ഷയുടെ തലേന്നാളായിട്ടും അവൻ കല്യാണത്തിന് പോകാതിരിക്കാനായില്ല. അവളുടെ മേൽവിലാസം തപ്പിപ്പിടിച്ച് ഹാളിലെത്തിയപ്പോൾ ഉച്ച പിരിഞ്ഞിരുന്നു. അപ്പോളവൾ വരന്റെ കൈ പിടിച്ച് അയാളുടെ വീട്ടിലേയ്ക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു. അവൾ ചിരിച്ചുകൊണ്ട് അവനെ അയാൾക്ക് പരിചയപ്പെടുത്തി: ഇതെന്റെ കൂടെ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന ക്ലാസ്മേറ്റാണ്…‌

തുടർന്ന് അവനോടായി പറഞ്ഞു: പിന്നേ, സദ്യ കഴിക്കാതെ പോകരുതെട്ടാ..

അവന്റെ ഹൃദയം നുറുങ്ങി. വിശപ്പ് എങ്ങോട്ടോ പോയിമറഞ്ഞിരുന്നു.

കടലോരത്തിന് സമാന്തരമായി പോകുന്ന ടാറിട്ട റോഡിലൂടെ നടക്കുമ്പോൾ മുന്നിൽ കണ്ട ഒരു സോഫ്റ്റ് ഡ്രിങ്ക് ക്യാൻ അവൻ ശക്തമായി ചവിട്ടിത്തെറിപ്പിച്ചു.

മൾട്ടി ഇൻ്റർനാഷനൽ ‘അലജം ബസ്’
സൗദി അറേബ്യയിലെ ജിദ്ദയിൽ മാധ്യമപ്രവർത്തകനായിരുന്നപ്പോഴാണ് എനിക്ക് നാട്ടിലെ ബസ് യാത്ര വല്ലാണ്ട് മിസ്സായത്. നമ്മുടെ സ്വകാര്യ ബസുകളെപ്പോലെ, അല്ലെങ്കില്‍ അതിലുമേറെ ‘തകർപ്പൻ’ യാത്രകളാണ് മലയാളികൾ ‘അലജം ബസ്’ എന്ന് വിളിക്കുന്ന, ഗോത്രവർഗക്കാരായ ബദുക്കൾക്ക് മാത്രം സംവരണം ചെയ്ത മിനി ബസുകൾ സമ്മാനിച്ചത്. അല ജംബ് എന്ന് അറബികിൽ പറഞ്ഞാൽ, ‘ഓരത്ത് നിർത്തൂ ‘എന്നാണ് അർഥം. ആളിറങ്ങാനുണ്ടേ… എന്ന നമ്മുടെ നാടൻമൊഴി തന്നെ. അത് ശോഷിച്ച് അലജം എന്നായിപ്പോയതാണ്.

എവിടെ നിന്നും ആർക്കു വേണമെങ്കിലും കയറാം എന്നതാണ് ഈ കുഞ്ഞൻ കളർഫുൾ ബസിന്റെ ഏറ്റവും വലിയ സവിശേഷത. ഇഷ്ടമുള്ളിടത്ത് ഇറങ്ങുകയും ചെയ്യാം. ‘അലജം’ എന്ന് നീട്ടിയൊന്നു വിളിച്ചാൽ മതി. മറ്റേതോ ലോകത്തിലൂടെ കടന്നുപോകുന്ന ഡ്രൈവറിന്റെ ചിന്തകളെ അത് ഉണർത്തണമെന്നുമാത്രം. കേട്ടാൽ മറുത്തൊരു ചോദ്യമോ പ്രതിശബ്ദമോ മറ്റോ ഇല്ല. പക്ഷേ, കൃത്യമായി ബ്രെയ്ക്കിൽ കാല് പതിയും.

ചുരുങ്ങിയത് പതിനഞ്ച് പേർക്കിരിക്കാവുന്ന മിനി യാത്രാ ബസ്. ചുവപ്പും നീലയും കലർന്ന തടിയൻ വരകളിട്ട് മൊഞ്ചാക്കിയ ശകടം. ഡ‍്രൈവറും കണ്ടക്ടറും ക്ലീനറുമെല്ലാം ഒരാൾ തന്നെ. അലസമായി കന്തൂറ ധരിച്ച, തലയിൽ പേരിന് മാത്രം വെള്ളത്തട്ടം ചുറ്റിയ യുവാക്കളാണ് കൂടുതലും. സൗദി ഗതാഗത വകുപ്പിന് കീഴിലുള്ള ഈ ബസ് ഡ്രൈവർ തസ്തിക, ഗോത്ര വർഗക്കാരായ ബദുക്കൾക്ക് സംവരണം ചെയ്തിരിക്കുകയാണ്.

അതുകൊണ്ട് തന്നെ തോന്നിയ പോലെയാണ് സ‍ഞ്ചാരം. നഗരത്തിലെ ഒരു റസിഡൻഷ്യൽ ഏരിയയിലൂടെ അലജം ബസ് സഞ്ചരിക്കുന്നു എന്നിരിക്കട്ടെ. നമ്മൾ യാത്ര പുറപ്പെടാനായി കുളിച്ചൊരുങ്ങുകയായിരിക്കാം. റോഡിലൂടെ പോകുന്ന അലജം ബസ് ഡ്രൈവർ നമ്മൾ കുപ്പായം ധരിക്കുന്നത് ജനാലയിലൂടെ കാണുന്നു. തുടരെ ഹോണടി. സാൾട് ആൻഡ് പെപ്പറിൽ കുക്ക് ബാബുവിനോട് കാളിദാസ് ചോദിക്കും പോലെ ‘പോരുന്നോ കൂടെ ” എന്ന ചോദ്യം ഹോണിലൂടെ ഉയരും. വരുന്നു, ഒരു നിമിഷം നിൽക്കൂ.. എന്ന ആംഗ്യം കാണിച്ചാൽ, പിന്നെ ഡ്രൈവർ ഒരു സിഗററ്റിന് കൂടി തിരി കൊളുത്തി കാത്തിരിക്കും. ഇല്ലെന്ന് ആംഗ്യം കാണിച്ചാൽ ആക്സിലേറ്ററിൽ പരുപരുത്ത കാൽപാദം അമരും. പിന്നെ, അലജം കുതിക്കുകയായി. മറ്റേതോ ലോകത്താണ് ഡ്രൈവറാണുള്ളതെങ്കിൽ, അലജം എന്ന് അലറിയിട്ടൊന്നും കാര്യമില്ല. ഡ്രൈവർ ബ്രെയ്ക്ക് ചവിട്ടിയാൽ ഭാഗ്യം എന്നേ കരുതേണ്ടൂ.

അകത്ത് കയറിയാൽ സാധാരണക്കാരായ എല്ലാ രാജ്യക്കാരെയും കാണാം. ഒരു മൾട്ടിനാഷണൽ ബസ് യാത്ര. ചിലപ്പോൾ ഏറ്റവും പിന്നിലായിരിക്കും സീറ്റൊഴിഞ്ഞിരിക്കുക. അവിടേയ്ക്ക് എത്തണമെങ്കിൽ ഇരിക്കുന്നവർ എണീറ്റ് സീറ്റ് മടക്കി വഴിയൊരുക്കണം. പഴയ ബസാണെങ്കിൽ ചാടിച്ചാടി, കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര കഴിയുമ്പോൾ നടു ഒരു പരുവത്തിലാകും.

എല്ലാവരും ഒത്തൊരുമയോടെ യാത്ര ചെയ്യുന്ന ഈ അലജം ബസിൽ അത്ര ശുഭകരമല്ലാത്ത ചില സംഭവങ്ങളൊക്കെ നടക്കാറുണ്ട്.

രണ്ട് വർഷത്തെ ജിദ്ദ വാസം എനിക്ക് സമ്മാനിച്ചത് അവിസ്മരണീയമായ കുറേ ഓര്‍മകൾ. പ്രിയ പ്രവാസ കവി സത്യൻ മാടാക്കരയുടെ കവിതയിലെ ഒരു വരി കടമെടുത്ത് പറഞ്ഞാൽ, ഉണക്കാനിട്ട മലനിരകളിലൂടെ പൊള്ളലേറ്റ് നടന്നുനീങ്ങുമ്പോഴും ജിദ്ദ മുത്തശ്ശിയുടെ തലോടലെന്ന പോലെ നനുനനുത്ത ചില ബസ് യാത്രാ ഓർമകൾ ഈ അലജം ബസ് സമ്മാനിച്ചു. കോവിഡ് കാലത്തെ വിരസതകളോട് പോയിപ്പണി നോക്കാൻ പറയാവുന്ന ഓർമകൾ. ആ ഓർമകളുടെ ജീവവായു ശ്വസിച്ചാണല്ലോ, ഓരോ കുടിയേറ്റക്കാരനും ജീവിക്കുന്നത്.

ഒരു തരത്തിൽ ഓർമകളുടെ അലജം ബസ്സിലാണ്, പ്രവാസികളൊക്കെ യാത്ര ചെയ്യുന്നത്.’ആളിറങ്ങാനുണ്ടേ ” എന്ന് പറഞ്ഞ്, ഇറങ്ങാനാഗ്രഹിക്കുമെങ്കിലും ഒരിക്കലും അതിൽ നിന്നിറങ്ങില്ല. പറക്കുകയല്ല, മരുഭൂമിയിലെ ഒട്ടകം പോലെ മുതുകിൽ ഒരു ജീനിയുമായി, അല്ലെങ്കിൽ മറ്റെന്തോ ഭാരവുമായി അവർ നടക്കുകയാണ്.’ ഇറങ്ങൂ, ഞാൻ കൈ പിടിക്കാം ‘ എന്ന് പറഞ്ഞ് ആരും അവരെ ചേർത്തു പിടിക്കുന്നില്ല. അവരാകട്ടെ, എല്ലാവരെയും ചേർത്തു പിടിക്കാൻ ശ്രമിക്കുന്നു.

( മലയാള മനോരമ ഓൺലൈൻ ഗൾഫ് കറസ്പോണ്ടൻ്റാണ് എഴുത്തുകാരൻ കൂടിയായ ലേഖകൻ).

Add a Comment

Your email address will not be published. Required fields are marked *