WhatsApp Image 2021-06-24 at 10.07.19 AM

‘ചേർത്തു പിടിക്കൽ ആഗ്രഹിച്ച പെൺകുട്ടികൾ തിരസ്കരിക്കപ്പെടുമ്പോൾ ആരോട് പരാതി പറയുമെന്നാണ് നിങ്ങൾ കരുതുന്നത്?’

ഒന്ന്:

സ്ത്രീശാക്തീകരണം പുരുഷന്മാർ നടത്തുന്നിടത്തെല്ലാം പാളിപ്പോകാനുള്ള സാധ്യത അധികമാണ്. ആണിന് വേണ്ടി പടക്കപ്പെട്ടതെന്ന് ആണുങ്ങൾ തെറ്റിദ്ധരിച്ച് ഉടമസ്ഥത കാണിക്കുന്ന ഇടങ്ങളിൽ സ്ത്രീശാക്തീകരണം കെട്ടുകഥ അല്ലെങ്കിലും snail pace ൽ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. സ്ത്രീധന പ്രശ്നങ്ങൾക്കും institutional murder നും visibility കൂടുതലായി എന്നല്ലാതെ ഇത് ആദ്യമായി ഉണ്ടാകുന്നതല്ല. Patriarchy യുടെയും marriage സിസ്ററത്തിന്റെയും തുടക്കം മുതൽ ഇതുണ്ട്. കണക്ക് കൂട്ടാൻ ഇത്തിരി പ്രയാസം കാണുമെന്നത് കൊണ്ട് തുടക്കം അവിടെ നിൽക്കട്ടെ. ഇതു തങ്ങളുടെ അവകാശമാണെന്നും തങ്ങൾ ഇതെല്ലാം അർഹിക്കുന്നുണ്ട് എന്നുമുള്ള ആൺബോധത്തിൽ നിന്നുമാകാം ഇതിന്റെയെല്ലാം തുടക്കം. കെട്ടിച്ചു വിടേണ്ട പെണ്ണ് ഒരു ബാധ്യത ആണെന്ന് സ്വന്തം വീട്ടുകാർ വിചാരിക്കുന്നിടത്ത്, “വന്നു കേറിയ” പെണ്ണ് തങ്ങളുടെ ഒരു ഉത്തരവാദിത്തം ആണെന്നും, ആ ഉത്തരവാദിത്തം വഹിക്കുന്നതിനുള്ള ചിലവെന്നോണം സ്ത്രീധനം വാങ്ങാം എന്നും മറ്റുള്ളവർ വിചാരിക്കാതിരിക്കുമോ? കേരളാ പോലീസ് പറയുന്നു സ്ത്രീ, ധനം ആണെന്ന്. സ്ത്രീ എന്നും എല്ലാർക്കും എന്തെങ്കിലുമൊക്കെ വസ്തുവാണ്. അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് അസ്തിത്വം നിർവചിക്കാൻ കഴിയുന്ന വസ്തു. അപ്പോൾ അവകാശപ്പെട്ടത് ചോദിക്കുന്നു എന്ന conditioned ബുദ്ധിയില്ലായ്മയിൽ നിന്ന് ഇത്തരം പ്രശ്നങ്ങളല്ലാതെ എന്താണ് ഉണ്ടാവുക ?

രണ്ട്:

സ്ത്രീകൾ തുറന്ന് പറഞ്ഞപ്പോഴൊക്കെ ചേർത്ത് പിടിച്ച ചരിത്രങ്ങൾ എത്രയുണ്ട്? സ്ത്രീയെ സഹനത്തിന്റെ ദേവതയാക്കി കാലങ്ങളായി ചൂഷണം ചെയ്യുകയല്ലേ. അതിൽ നിന്ന് പുറത്തു വരിക എന്ന് പറയുന്നത് എല്ലാ സ്ത്രീകൾക്കും എളുപ്പമുള്ളതോ ചിലപ്പോഴൊക്കെ സാധ്യമായതോ അല്ല. അടക്കി ഒതുക്കി എന്നും ആങ്ങളയുടെ കൂടെ മാത്രം പുറത്തു വിട്ട് വളർത്തുന്ന പെൺകുട്ടികളിൽ നിന്ന് എത്രത്തോളം ധൈര്യമാണ് ആളുകൾ പ്രതീക്ഷിക്കുന്നത്? Independency ശീലമാക്കേണ്ടിടത്ത് അവരുടെ ഉള്ള self dependency നശിപ്പിക്കും. എന്നും അവൾക്ക് വേണ്ടി മറ്റൊരാൾ തീരുമാനമെടുത്ത് അവളുടെ തെരഞ്ഞെടുപ്പിനുള്ള കഴിവ് ഇല്ലാതാക്കും. നീ പെണ്ണാണ്, ഈ കഷ്ടപ്പാടുകൾ സ്വാഭാവികമാണ് എന്ന് പറഞ്ഞ് എല്ലാ കോൺഫിഡൻസും നശിപ്പിക്കും. അങ്ങനത്തെ സ്ത്രീകൾ ഫോൺ വെച്ച് ആരോട് പരാതി പറയണമെന്നാണ് പറയുന്നത്? ഇനി ഇല്ലാത്ത സ്കിൽ ഉണ്ടാക്കി പറഞ്ഞെന്ന് തന്നെ ഇരിക്കട്ടെ. ഉറപ്പിച്ചു വെച്ച കല്യാണത്തിൽ നിന്ന് തിരിഞ്ഞ് നടന്നതിന് ബന്ധുക്കളുടെ ഭാഗത്തു നിന്ന് കിട്ടിയ reaction നല്ല ഓർമ്മ ഉള്ളത് കൊണ്ട് ഞാൻ ഇനി ഒരു വിഷമം വന്നാൽ അവരോട് പറയില്ല. ഇതു പോലെ ചേർത്തുപിടിക്കൽ ആഗ്രഹിച്ചിടത്ത് തിരസ്കരിക്കപ്പെട്ടിട്ടുള്ള പെണ്ണുങ്ങൾ എങ്ങനെയാണ് ഫോണിൽ ആണെങ്കിലും നേരിട്ടാണെങ്കിലും കുടുംബങ്ങളോട് വിളിച്ചു പറയുക.

മൂന്ന്:
അമ്മമാരേക്കാൾ അച്ഛന്മാരുടെ പരാജയമാണ്. മുത്തശ്ശന്റെയും മുതുമുത്തശ്ശന്റെയും പരാജയമാണ്. oppress ചെയ്യുന്നവരേക്കാൾ oppress ചെയ്യപ്പെടുന്നവർക്ക് privilege കൂടുതൽ കിട്ടുന്ന കാലത്ത് നമുക്ക്‌ അമ്മമാരെ മാത്രം പഴി ചാരാം. അതു വരെ കൂടുതൽ share അച്ഛന്മാർക്ക് തന്നെയിരിക്കട്ടെ. ഭർത്താവിനെ ഉത്തമ പുരുഷനായി അമ്മ കാണിക്കുന്നതിനേക്കാൾ അപകടമല്ലേ, താൻ എല്ലാം തികഞ്ഞ ആളാണെന്നും ഭാര്യ എന്ന മനുഷ്യജീവി തന്റെ കാര്യങ്ങൾ എളുപ്പമാക്കിത്തരാൻ ഉള്ള ആളാണെന്നും തനിക്ക് അവരുടെ മേൽ അധികാരവും അവകാശവുമുണ്ടെന്നും അച്ഛൻ കാണിക്കുന്നത്? വളരെയധികം powerful ആയ സൃഷ്ടിപ്പാണ് സ്ത്രീ. Unprivileged ആയിരിക്കുന്നു എന്ന കാരണം കൊണ്ട് പലപ്പോഴും സ്ത്രീകൾ തന്നെ അത് മറന്ന് പോവുകയാണ്. സ്ത്രീയുടെ അതിർവരമ്പുകൾ മറ്റുള്ളവർ നിശ്ചയിക്കുന്നത് മാറ്റം വരണം. സ്ത്രീകൾ ആരെന്ന് പുരുഷന്മാർ നിർവചിക്കുന്നിടത്ത് മാറ്റം വരണം. കുടുംബത്തിനപ്പുറത്തേക്ക് അവൾക്ക് അസ്തിത്വമില്ല എന്ന ചിന്തക്ക് മാറ്റം വരണം. അവളുടെ സ്വത്തിന്റെയോ ശരീരത്തിന്റെയോ താല്പര്യങ്ങളുടെയോ തീരുമാനങ്ങളുടെയോ മേൽ തനിക്ക് അവകാശങ്ങളുണ്ട് എന്ന ചിന്തക്ക് മാറ്റം വരണം.

(സോഫ്റ്റ് സ്‌കിൽ ട്രെയിനർ ആണ് ലേഖിക)

Comments are closed.