biju-puthuppanam

ഒരു പുസ്തക വില്പനക്കാരന്റെ തലശ്ശേരി ജീവിതം – 2

ജീവൻ പിടഞ്ഞ രണ്ടു ഞായറാഴ്ചകൾ

ബിജു പുതുപ്പണം

 

1
പേരിടാത്ത പെണ്‍കുഞ്ഞ്

കാലമെത്ര കഴിഞ്ഞാലും ഒന്നോർത്തു നോക്കിയാൽ ചില ദിവസങ്ങളും സംഭവങ്ങളും നമ്മുടെ മനസ്സിൽ മായാതെ കിടക്കും. അതിലെ ഓരോ നിമിഷങ്ങളും പണ്ടെന്നോ വായിച്ച ഒരു കഥ പോലെ മനസ്സിൽ തളിർത്തു കൊണ്ടിരിക്കും.

അന്ന് പുസ്തക ശാല അവധി യുള്ള ഞായറാഴ്ച്ചയായിരുന്നു.

പുസ്തക മേള കഴിഞ്ഞുള്ള ക്ലറിക്കൽ വർക്ക് തീർക്കാനുള്ളതിനാൽ സ്വസ്ഥമായി ചെയ്യാമെന്ന് കരുതിയാണ് അവധി ദിവസം തിരഞ്ഞെടുത്തത്.എന്നാൽ അത്രയും അസ്വസ്ഥമായ പകൽ അതുവരെ അനുഭവിച്ചിട്ടുണ്ടായിരുന്നില്ല.
ഞായറാഴച്ചകളിൽ പല നഗരങ്ങളും പോലെ തലശ്ശേരിയും ഉത്സവം കഴിഞ്ഞുറങ്ങിയ പറമ്പുപോലെ ഒഴിഞ്ഞു കിടക്കും.പ്രധാന റോഡിൽ നിന്ന് അല്പം അകന്നു നിൽക്കുന്നതിനാൽ വാഹനങ്ങളുടെ ശബ്ദങ്ങളൊന്നുമില്ലാതെ സമ്പൂർണ്ണ നിശ്ശബ്ദമായിരിക്കും അവധി ദിവസങ്ങളിൽ അവിടം.

കണക്കുകളും മറ്റും സമാധാനത്തോടെ കമ്പ്യൂട്ടറിൽ ശരിയാക്കിക്കൊണ്ടിരിക്കെ പെട്ടന്നാണ് എന്റെ കണക്ക്‌ കൂട്ടലുകൾ മുഴുവൻ തെറ്റിച്ചു കൊണ്ട് ഒരു മനുഷ്യൻ പ്രത്യക്ഷപ്പെടുന്നത്.

മുടി നീട്ടി വളർത്തിയ നല്ല പൊക്കമുള്ള ഒരാൾ എനിക്ക് മുന്നിലെ മുറ്റത്തുകൂടെ മൊബൈലിൽ എന്തോ രഹസ്യം ചർച്ച ചെയ്തുകൊണ്ട് ഉലാത്തുന്നു. സിനിമകളിൽ കാണുന്ന ക്രൂരനായ വില്ലനെ ഓർമ്മപ്പെടുത്തുന്നുണ്ട് അയാളുടെ രൂപവും ചേഷ്ടകളും. അതുവരെ വാർത്തകളിൽ മാത്രം നിറഞ്ഞു നിന്ന മുഖമില്ലാത്ത നിരവധി കൊട്ടേഷൻ സംഘങ്ങളുടെ രൂപം മനസ് അയാളിൽ സങ്കല്പിക്കാൻ തുടങ്ങി. എന്തിനാണ് അയാൾ എന്റെ മുന്നിൽ തന്നെ വന്ന്‌ കൊലപാതകത്തിനുള്ള പ്ലാൻ തയ്യാറാക്കുന്നതെന്നു ഞാൻ ആവലാതിപ്പെട്ടു തുടങ്ങി.

ഒരു പക്ഷെ ആളൊഴിഞ്ഞ സ്ഥലം തേടിപിടിച്ചു വന്നതാവാം. ഞാനെന്ന മനുഷ്യ ജീവി അവിടെ ഉണ്ടെന്ന കാര്യം അയാളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവാൻ സാധ്യത യില്ല. ഉണ്ടെങ്കിൽ അയാൾ ഇത്രയും സമയം എന്റെ മുന്നിൽ നിന്നു മൊബൈലിൽ സംസാരിക്കില്ല.

ഞങ്ങൾ വളരെ അടുത്താണ് നിൽക്കുന്നതെങ്കിലും പുസ്തക ശാലയുടെ ഗ്ലാസ് ചുമരുള്ളതിനാൽ സംസാരിക്കുന്ന ശബ്ദം ഒരു തരിപോലും എനിക്ക്കേ ൾക്കാൻ സാധിക്കുന്നില്ലായിരുന്നു. പക്ഷെ അയാളുടെ സംസാരം മുഴുവൻ ഞാൻ കെട്ടിട്ടുണ്ടെന്നു കരുതി അയാൾ എന്നെത്തന്നെ ഇല്ലാതാക്കി കളയുമെന്നായിരുന്നു എന്റെ ഭയം.അയാളുടെ സംസാരമൊന്നും തന്നെ ഞാൻ കെട്ടിട്ടില്ലെന്നും ഞാനയാളെ കണ്ടിട്ടേയില്ലെന്നും തോന്നിക്കുവാനായി ഞാൻ ജോലിത്തിരക്കിലാണെന്നു അഭിനയിച്ചു.

നല്ല ഭയത്താൽ ഇടം കണ്ണാൽ ഞാനയാളെ ശ്രദ്ധിക്കവേ പെട്ടന്നാണ് അയാളുടെ നോട്ടം എന്റെ കണ്ണിലുമുടക്കിയത്.ഷോക്കേറ്റതുപോലെ നിന്നുപോയ എന്റെ മുന്നിലേക്ക് നെഞ്ചുവിരിച്ചു നടന്നു വരുന്ന അയാളിലേക്കു ദയനീയമായ എന്റെ നോട്ടമിഴഞ്ഞു.

സത്യം പറഞ്ഞോ ഞാൻ സംസാരിച്ചത് വല്ലതും നീ കേട്ടോ എന്ന് ചോദിച്ചുകൊണ്ട് ആയുധത്തിന്റെ മൂർച്ച എന്റെ കരളിലേക്ക് പായിക്കുമെന്നു പ്രതീക്ഷിച്ചു നിന്ന എന്റെ വിറയ്ക്കുന്ന കാതിലേക്ക് ഒരുപതിഞ്ഞ ശബ്ദം വീണു.

“കുട്ടികളുടെ പേരുള്ള ബുക്കുണ്ടോ? പെണ്‍കുട്ടിക്കിടാനാ. പത്തുറിപ്പ്യന്റെ ബുക്ക് മതീട്ടോ.”

ആ പരുക്കനും ആജാന ബാഹുവുമായ മനുഷ്യൻ തന്നെയാണ് ഇത്രയും വിനയത്തോടെ ചോദിക്കുന്നതെന്നു ഉറപ്പിച്ചപ്പോൾ എന്റെ ശ്വാസം നേരെയായി. ഇത്രയും പാവമായ ഒരാളെ വല്ലാതെ തെറ്റിദ്ധരിച്ചതിൽ കുറ്റബോധം തോന്നി.
അയാൾക്ക് കൊടുക്കാനുള്ള പുസ്തകം അവിടെയില്ലായിരുന്നു.

“സാരോല്യ” എന്ന്‌ പറഞ്ഞാണ് അയാൾ പുറത്തിറങ്ങിയതെങ്കിലും ചെറിയൊരു നിരാശ ആ മുഖത്ത് കാണാമായിരുന്നു.

മെയിൻ റോഡിലേക്ക് അയാൾ ഇറങ്ങി നടക്കുമ്പോൾ പേരിടാത്ത ഒരു പെണ്‍ കുഞ്ഞ് എന്റെയുള്ളിൽ കുടുകുടാ ചിരിച്ചു തുടങ്ങി.

 

2
പൂവനും ജീവനും

ബക്രീദിനും ഓണത്തിനും തൊട്ടുമുമ്പേയുള്ള മറ്റൊരു ഞായറാഴ്ചയായിരുന്നു അത്. ബുക്സ്റ്റാളിന് തൊട്ടടുത്താണ് ബാലേട്ടന്റെ ടൈലറിങ് ഷോപ്പ്.

സമയം ഉച്ച കഴിഞ്ഞ് 3 മണിയായിട്ടും വെയില് നല്ല തുമ്പപ്പൂവ് പോലെയുണ്ട്‌. ഷോപ്പിന് മുന്നിലെ തൈതെങ്ങ് പുത്തൻ കുരുത്തോല നീട്ടി ഓണ വെയിലിനെ ഷോപ്പിനുള്ളിലേക്ക് സ്വാഗതം ചെയ്യുന്നു. ഒരു ചുമരിനിപ്പുറത്തെ മുറിയിൽ പ്രിന്ററിൽ നിന്നും സെയിൽസ് സ്റ്റേറ്റ് മെന്റ് ഓരോന്നായി മുറിച്ചെടുത്തുകൊണ്ടിരിക്കുമ്പോഴാണ് മുന്നിലെ ഗ്ലാസ് ചുമരിനപ്പുറത്തെ ഓൾട്ടോ കാറ് ശ്രദ്ധയിൽ പെട്ടത്.

ഗ്ലാസിനിടയിലൂടെ തല പുറത്തേക്കിട്ട് ഒരു പൂവൻകോഴി പരിചിത ഭാവത്തിൽ നോക്കുന്നു ഞാനും പരിചയമുള്ളതുപോലെ പൂവനോട് ചിരിച്ചു.കാറിൽ ഇരുന്ന് സുഖിക്കുന്ന ഈ ഭാഗ്യവാനാരാണെന്നറിയാൻ പുറത്തേക്കിറങ്ങിയപ്പോഴും പൂവൻ അകത്തേക്ക് തന്നെ ചെരിഞ്ഞും മറിഞ്ഞും നോക്കുന്നത് കണ്ടപ്പോഴാണ് മനസിലായത് പൂവൻ എന്നെയല്ല നോക്കി ചിരിച്ചത് സ്വന്തം സൗന്ദര്യം ചില്ല് ചുമരിൽ നോക്കി ആസ്വദിക്കുകയായിരുന്നു. [കോഴി നാർസിസം ).

ബാലേട്ടന്റെ ആണും പെണ്ണുമായി നാലഞ്ച് കുട്ടികൾ കാറിൽ നിന്ന് പുറത്തിറങ്ങി. കുടക് കാരനായ ബാലേട്ടൻ പതിനഞ്ചിലധികം തൊഴിലാളികളുള്ള ടെയ് ലറിങ് ഷോപ്പ് തുടങ്ങിട്ട് വർഷങ്ങളായി.

ഓണത്തിന്നും പെരുന്നാളിനും കുറച്ച് ദിവസം മുമ്പേ കുടുംബസമേതം എത്തി തന്റെ ജോലിക്കാർക്ക് ബോണസും ഡ്രസ്സും നൽകുന്ന പതിവുണ്ട്. ആ ഒരു ദിവസമായിരുന്നു അന്ന്. ബാലേട്ടന്റെ സന്മനസ് വെച്ച് നോക്കുമ്പോൾ അയാൾ പൂവനെയല്ല പാമ്പിനെ വരെ മക്കളെപ്പോലെ സ്നേഹിച്ച് വളർത്താൻ സാധ്യതയുണ്ട്. അതു കൊണ്ടാവും പടച്ചോൻ മനസ്സറിഞ്ഞ് മക്കളെ നിരന്തരം കൊടുത്തു കൊണ്ടേയിരുന്നത്. ഭാര്യ രാധേടത്തിയെ തിരക്കിയപ്പൊഴ മനസ്സിലായത് ആ അമ്മ ആറാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണന്നത്.

നമ്മുടെ പൂവൻകോഴി കുട്ടികളൊന്നിച്ച് ഓടിയും പറന്നും കൂവിയും മതിമറന്ന് കളിക്കുന്നു. കോഴിയാ എന്നൊരു വിചാരം അതിനോ കുട്ടികൾക്കോ ഇല്ല. മെലിഞ്ഞ് വെള്ത്ത് പുള്ളിത്തുവലും പൂവാലുമുള്ള ആ സുന്ദരനോട് ബാലേട്ടന്റെ ഇളയ പൊടി മോൾക്ക് പ്രേമം മൊട്ടിടുമോ എന്ന് വരെ ആരും സംശയിച്ച് പോവും.

ബാലേട്ടൻ കുട്ടികളെയും കൂട്ടി ചെറിയൊരു ഷോപ്പിങ് ഉണ്ടെന്ന് പറഞ്ഞ് റോഡിലേക്ക് നടന്നു.കോഴി അവർക്ക് പിന്നാലെ കുറച്ചോടി നോക്കി. പെട്ടന്ന് ബാലേട്ടൻ കോഴിയെ പിടിച്ച് തലോടികൊണ്ട് കാറിനടുത്തേക്ക് തിരിഞ്ഞു നടന്നു. ഡോറ് തുറന്ന് അവനെ സീറ്റിലിരുത്തി തിരിച്ചു പോയി. [ഭാഗ്യമുണ്ടെങ്കിൽ കോഴിയായാലും മതി).

ഞാനെന്റെ ജോലികൾ പുനരാരംഭിക്കാൻ ഉള്ളിലേക്ക് തന്നെ തിരിച്ച് കയറി. അപ്പൊഴെക്കും പ്രിന്ററിന്റെ പല്ലുകൾക്കിടയിൽ പേപ്പറ് മുഴുവൻ കുരുങ്ങി ഒരു ദയനീയ നിലവിളിയോടെ പ്രിന്റർ ഓഫായി .ദുശ്ശകുനം പോലെ കറന്റ് പോയി കാറ്റ് നിലച്ചു.ഞാൻ വിയർത്തു കൊണ്ട് പുറത്തിറങ്ങുമ്പോൾ പൂവൻ കാറിന് മുകളിൽ കയറി നിന്ന് ഉച്ചത്തിൽ കൂവുന്നു.

ഷവർമ കടയിലെ ബംഗാളി തൊട്ടപ്പുറത്തെ മതില് ചാരി പാൻ ചവച്ചു കൊണ്ട് മൊബൈൽ ഫോണിൽ സംസാരിക്കുന്നു. എന്തോ ഒരു ആപത്ത് വിളിച്ച് വരുത്താനെന്ന പോലെ പൂവൻ രണ്ടാമതും കൂവി. ഞാൻ കരുതിയത് പോലെ തന്നെ ബംഗാളി യുടെ കണ്ണ് മഞ്ഞളിച്ചു. സന്ധ്യവെയിലിൽ പൂവൻ ഒന്നുകൂടി സുന്ദരനായി.,ഒറ്റനോട്ടം കൊണ്ട് ബംഗാളി പൂവന്റെ മാംസം അളന്നു.

ഉടമസ്ഥനടുത്തില്ലാത്ത സമയത്തു രുചിയുള്ള ഒരു തുണ്ട് മാംസവും പേറി വിജനമായ ഈ നഗരത്തിൽ നിവർന്ന് കൂവിയ ഒരു പാവം പക്ഷിക്ക് മുകളിലേക്ക് ബംഗാളി പറന്ന് താണു. പൂവൻ ജീവനും കൊണ്ട് മതിലിന് മുകളിൽ ഉയർന്നു.പിന്നെ ഒരു പക്ഷിയും മൃഗവും തമ്മിലുള്ള യുദ്ധമായിരുന്നു.

ബാലേട്ടന്റെ വീട്ടിലെ പ്രീയപ്പെട്ട പൂവനെ രക്ഷപ്പെടുത്താൻ ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു.ശരിക്കും അത് ഫലിച്ചു.ബാലേട്ടനും കുട്ടികളും ഷോപ്പിങ് കഴിഞ്ഞ് കാറിനടുത്ത് പ്രത്യക്ഷപ്പെട്ടു.

മതിലിന് അപ്പുറത്തെ മരത്തിന് മുകളിൽ നിന്ന്‌ ഒരു ചുവന്ന വെയിൽ ചീളു പോലെ പൂവൻ കാറിന് മുകളിലേക്ക് പറന്നിറങ്ങി ബാലേട്ടനെ നോക്കി ആർത്തുകരഞ്ഞു.ബാലേട്ടൻ സ്നേഹത്തോടെ അവന്റെ പുറം തലോടി

” പേടിച്ചു പോയോടാ”
ആ സ്നേഹം കണ്ട് സന്തോഷം കൊണ്ട് എനിക്ക് കരച്ചിൽ വന്നു.

ബംഗാളി ഒരു പാൻകവറ് കൂടി പൊളിച്ച് വായിലേക്ക് കമഴ്ത്തി ചവച്ച് പൂവനെ നോക്കി നീട്ടി തുപ്പി ദേഷ്യത്തോടെ പിറുപിറുത്ത് കൊണ്ട് ഷവർമ ഷോപ്പിലേക്ക് നട ന്നു.
ബാലേട്ടന്റെ ഇളയ സന്താനസുന്ദരി ഒരു തുണ്ട് നൈലോൺ നൂലുമായി ഓടി വന്നത് ഓർമയുണ്ട്.

പിന്നെ എല്ലാം വളരെ പെട്ടന്ന് കഴിഞ്ഞു. അതു വരെ തലോടിയ ആ കൈകൾ തന്നെയാണ് അത് ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. പൂവന്റെ രണ്ട് കാലും നൂല് കൊണ്ട് വരിഞ്ഞ് കെട്ടി കാറിന്റെ ഡിക്കി ഉയർത്തി പൂവനെ അതിലേക്കെറിഞ്ഞ് ബാലേട്ടൻ എന്നെ നോക്കി

“രാധേടെ ഓരോ പൂതിയേ. തലശ്ശേരി ബിരിയാണി കഴിഞ്ഞ പോക്കിന് കൊടുത്തതാ. തലശ്ശേരിലെ നാടൻ പൂവൻകോഴിനെ കുരുമുളകിട്ട് വറ്റിച്ച് ഒരു പിടിച്ചോറ് തിന്നാൻ വല്ലാത്ത കൊതി.

തലശ്ശേരി ലെ കോയിക്കെന്താ കൊമ്പുണ്ടോന്ന് ചോദിച്ചപ്പോ ഓള് നീട്ടി പാട്വാണേ

ഇങ്ങള് തലശ്ശേരി ലെ കോയീനെ കണ്ട്ക്കാ?.”

ബാലേട്ടന്റെ കാറ് കുടകിലേക്ക് പറന്നിട്ട് വർഷം ഒരുപാട് കഴിഞ്ഞു.ഇന്ന് ആ പൂവൻ ഈ മണ്ണിലേ ഇല്ലന്നറിയാമെങ്കിലും മതിലിനപ്പുറത്തെ തേക്കിന് മുകളിൽ ചെമ്പൂവും പൊൻ തൂവലും വിടർത്തി പിന്നിൽ ചുവന്ന പ്രഭാവലയവുമായി നിവർന്ന് നിന്ന് കൂവിയ ആ പൂവന്റെ ചിത്രം മനസിൽ നിന്ന് മരിക്കില്ലല്ലോ!

Add a Comment

Your email address will not be published. Required fields are marked *