swayam

സ്വയംഭൂ : പ്രകാശ് മാരാഹി

സ്വയംഭൂ

(നോവൽ)

പ്രകാശ് മാരാഹി

 

 

ഭാഗം ഒന്ന്

1

ഞാൻ പറയുന്നതിന്റെ പൊരുളനുസരിച്ച് മന്ദഗരയുടെ ചരിത്രം ഇത്രയേയുള്ളൂ:

”എന്റെ കയ്യിലുള്ള ഈ ഭൂപടം നോക്കുക; ഇത് എങ്ങനെ നിർമ്മിച്ചു എന്നുള്ളതിന്റെ രീതി നോക്കുമ്പോൾ നിങ്ങൾക്ക് ഒരുപക്ഷേ അതിശയം തോന്നാതിരിക്കില്ല! ഏത് മൂലയിൽനിന്നാണ് ഇതിന്റെ അതിരുകൾ തുടങ്ങുന്നതെന്നോ ഏത് കോണിൽ അവസാനിക്കുന്നതെന്നോ ആർക്കും തർക്കമുണ്ടായേക്കാം. ഇതേ മാതിരിതന്നെയാണ് എന്റെ പക്കലുള്ള മറ്റൊരു വ്യാജഭൂപടത്തിന്റെ രേഖാചിത്രവും. ഈ രണ്ടു ഭൂഖണ്ഡങ്ങളും വലുപ്പത്തിന്റെ കാര്യത്തിലും ആകൃതിയുടെ കാര്യത്തിലും വ്യത്യാസങ്ങളുണ്ടെങ്കിലും പെട്ടെന്ന് നിങ്ങൾക്കത് ബോധ്യപ്പെട്ടു എന്നു വരില്ല. എന്റെ അഭിപ്രായത്തിൽ ഇതു രണ്ടും താരതമ്യം ചെയ്യാൻപോലും പോരുന്നതല്ല. മന്ദഗരയെ സംബന്ധിച്ചിടത്തോളം അത് മറ്റേ ഭൂഖണ്ഡവുമായി കൂടിച്ചേരുന്നിടത്തുള്ള പർവ്വതപംക്തികളൊഴിച്ച് മറ്റ് രണ്ടുവശവും സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. സമുദ്രത്തിന് രണ്ടു പ്രവാഹങ്ങൾപോലും സംഭവിക്കുന്നത് ഈ ഒരു ജലസന്ധിയിലാണ്. ഇതിന് ചുറ്റുമായി രൂപപ്പെട്ട ജലപാതകൾക്കാണെങ്കിൽ അനിയന്ത്രിതവും അപായകരവുമായ വിന്യാസങ്ങൾ ഉണ്ട്. ഇത് ആദ്യം ചൂണ്ടിക്കാട്ടിക്കാണിച്ചത്, നമ്മുടെ അറിവിൽപെട്ടിടത്തോളം ആത്മാനന്ദൻ എന്ന അവധൂതനാണ്. അദ്ദേഹം ഇപ്പറഞ്ഞ രണ്ടു സമുദ്രങ്ങളിലും കപ്പലോടിച്ചയാളത്രേ. പർവ്വതത്തിൽനിന്ന് ഒരു കടലിടുക്കുവഴി ആ ജലപ്രവാഹങ്ങളുടെ സാധ്യതകൾ പഠിച്ച് രണ്ടിലൊരു ഭൂഖണ്ഡം വാസയോഗ്യമാക്കി തെരഞ്ഞെടുക്കുകയായിരുന്നു അയാൾ. മറ്റേ ഭൂഖണ്ഡത്തിൽ കാലവർഷക്കെടുതികളും പ്രളയവും ക്ഷാമവും മാറിമാറിവരുന്നതിന്റെ പ്രപഞ്ചരഹസ്യവും തിരിച്ചറിഞ്ഞ മറ്റൊരു യാത്രികനില്ല; ആത്മാനന്ദനല്ലാതെ.

ദൈർഘ്യവും ഏകാന്തതയും പ്രക്ഷോഭവുംമൂലം ഭീതിപൂണ്ട് കരയിലടുക്കേണ്ടിവന്ന ലക്ഷ്യവേധിയായ ഒരു പെരുംയാത്രാസംഘത്തോടൊപ്പമാണ് അയാൾ ആദ്യമായി ഇവിടെ കാലുകുത്തുന്നത്. അയാളുടെ ഈ സാഹസികകൃത്യത്തിന് പ്രേരകമെന്താണെന്നതിന് തെളിവുകൾ കണ്ടെത്തിയിട്ടില്ല. അടങ്ങാത്ത ഒരു ജലജിജ്ഞാസയിൽനിന്നാകാം. അതുമല്ലെങ്കിൽ ഉടുതുണിക്ക് മറുതുണിയില്ലാത്ത എന്തെങ്കിലുമൊരു ജീവിതപ്രതിസന്ധിയിൽനിന്നാകാം രണ്ടുംകല്പിച്ചുള്ള ആ പലായനം.

വളരെക്കുറച്ചു കൂട്ടാളികളായിരുന്നു ആത്മാനന്ദനോനോടൊപ്പം ലക്ഷ്യം പൂർത്തിയാക്കുമ്പോൾ അവശേഷിച്ചത്. തുടക്കത്തിൽ നൂറോളം വരുന്ന ഒരാൾക്കൂട്ടമായിരുന്നെങ്കിൽ അതവസാനിക്കുമ്പോഴേക്ക് ഏതാണ്ട് പതിനൊന്നുപേരിൽ ആ സംഘം ചുരുങ്ങി. അംഗഭംഗം വന്നവരുണ്ട് അക്കൂട്ടത്തിൽ. രോഗാതുരരും. ദീർഘനാളത്തെ യാത്രയ്ക്കുവേണ്ട തയ്യാറെടുപ്പുകളൊന്നും നടത്തിയായിരുന്നില്ല ആ യാത്ര. ആത്മാനന്ദനുമായി ആത്മബന്ധമുള്ളവരുമായിരുന്നില്ല അതിൽ പകുതിപ്പേരും. ഒരു ലക്ഷ്യത്തിൽ എത്തിച്ചേരാനായി പല ഭാഗങ്ങളിൽനിന്നു കൂട്ടുചേർന്നവരായിരുന്നു അവർ. ചിലർ തെരുവിലെ പൊടിയിൽനിന്ന്, ചിലർ മണിമന്ദിരങ്ങളിലെ കുത്തഴിഞ്ഞ ധാരാളിത്തജീവിതത്തിൽനിന്ന്, ചിലർ ഇടത്തരം കുടുംബവ്യവസ്ഥയുടെ നിതാന്തവേദനയിൽനിന്ന്. പക്ഷെ, ആ ദൗത്യപൂർത്തീകരണത്തിനുള്ള വഴികാട്ടിയായി അവരെല്ലാം നിയോഗിച്ചത് ആത്മാനന്ദനെയായിരുന്നു.

മഹത്തായ പലായനം!

ഞാനങ്ങനെതന്നെ ആ യാത്രയെ വിശേഷിപ്പിക്കാനാഗ്രഹിക്കുന്നു. ഈ ചുരുളുകൾ കാണിച്ചപ്പോൾ മഡഗാസ്‌കറിൽനിന്നോ ഫെനീഷ്യയിൽനിന്നോ എന്നാണ് നിങ്ങൾ ആദ്യമായി എന്നോടന്വേഷിച്ചത്. ഇത് വെറും മൃഗചർമ്മം ഊറയ്ക്കിട്ട് ചുണ്ണാമ്പിൽ നീറ്റി വൃത്തിയാക്കിയെടുത്തതാണ്. അതിൽ വരഞ്ഞിട്ട ഈ രേഖകൾക്ക് ചരിത്രാതീത കാലങ്ങളുടെ നിറവും മണവും ഉ്യുാകും. എങ്കിലും ഇത് നിങ്ങളുദ്ദേശിക്കുന്ന കടൽച്ചുരുളുകളല്ല എന്നതാണ് സത്യം. ചില കരകൗശലവിദ്യകൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. പലരുടെയും കൈകളിലൂടെ കൈമറിഞ്ഞ് എനിക്ക് കിട്ടിയ ഈ ചുരുളുകൾക്കേറ്റ തഴമ്പുകളും ഈ ഭൂപടത്തിൽ രാജ്യാന്തരരേഖകൾപോലെ ഉണങ്ങിയ ചോരപ്പാടുകളും കണ്ടില്ലേ, അതെല്ലാം കഴിഞ്ഞുപോയൊരു യുദ്ധസ്മരണതന്നെ നൽകുന്നുണ്ട്. ഈ വിഷയത്തെപ്പറ്റി പറഞ്ഞുതുടങ്ങിയാൽ അവയൊക്കെയും വെളിപ്പെടുത്തേണ്ടിവരും. അതുകൊണ്ട് ഇത്രമാത്രം ദുരൂഹമായതെന്താണ് മന്ദഗരയിൽനിന്ന് ഇനിയും കുഴിച്ചെടുക്കാനുള്ളതെന്ന് സന്ദേഹിക്കുകയൊന്നും അരുത്. അതിനുള്ള സാധ്യതകളിലൂന്നിയാണ് നാമീ കാര്യാലയത്തിൽ ഒത്തുകൂടിയതെന്നുമാത്രം തൽക്കാലം മനസ്സിലാക്കുക. നാളെ നമ്മിൽ ആരൊക്കെ ജീവിച്ചിരിക്കുമെന്നോ മരിച്ചുപോകുമെന്നോ ഇന്ന് നമുക്ക് തീർച്ചപ്പെടുത്താനാവില്ലല്ലോ. എങ്കിലും ഏതോ ഒരു പ്രതീക്ഷയിൽ നമ്മൾ ജീവിക്കാനുള്ള ചിട്ടവട്ടങ്ങൾ കൂട്ടുന്നു. അതിനിടയിൽ പഴയൊരു ചരിതത്തെപ്പറ്റി സൂചിപ്പിക്കാൻവേണ്ടി ഞാൻ ആത്മാനന്ദനെപ്പറ്റി പറഞ്ഞു എന്നു മാത്രം. ജീവനു്യുെങ്കിൽ നാളെ പ്രഭാതംമുതൽ നമുക്കീ കഥനം തുടരാം.”

2

കണ്ടെടുത്ത പ്രധാനപ്പെട്ട ഒരു കളിമൺ ശാസനയിൽനിന്നാകട്ടെ ആത്മാനന്ദന്റെ പിൻഗാമിയായി ഒരു സഞ്ചാരി മന്ദഗരയിൽ ഒരുനാൾ വന്നെത്തി ഞങ്ങളുടെ ഭരണനിയന്ത്രണത്തിന്റെ കടിഞ്ഞാൺ കയ്യിലേന്തുമെന്ന് കുറിച്ചുവെച്ചിരുന്നു.

കാലത്തിന്റെ ഓരോ തിരിച്ചടികളെയും അതിജീവിച്ചുകൊണ്ട് മന്ദഗര ആ നിരന്തരസഞ്ചാരിയെയാണ് ഇക്കാലമത്രയും പ്രതീക്ഷിക്കുന്നത്.
ആ ശിലാഫലകമാണ് ഭരണകാര്യാലയത്തിൽ ദർബാർ ഹാളിൽ സ്ഥാപിച്ചിട്ടുള്ളത്, ശൗരി പറഞ്ഞു.

പുരുഷാരം നിശ്ശബ്ദത തുടർന്നു.

വെള്ളിനൂലുകൾ ഉരുകിയൊലിച്ചതുപോലെയുള്ള ശിരസ്സിൽ വലംകയ്യാൽ മൃദുവായി തലോടിക്കൊണ്ട് പ്രായം പെട്ടെന്നാർക്കും തിരിച്ചറിയാൻ കഴിയാത്ത ഞങ്ങളുടെ പ്രശ്‌നചിന്തകനായ ശൗരി കൽമണ്ഡപത്തിൽ വന്നു നിന്നു. എന്നിട്ടു പറഞ്ഞുതുടങ്ങി.

”നിഗൂഢഭാഷയിലെഴുതപ്പെട്ട നിരവധി മൃഗചർമ്മച്ചുരുളുകൾ പിന്നീട് കണ്ടെടുക്കപ്പെട്ടു. അധിനിവേശികളായ സഞ്ചാരികളെ അഭിസംബോധനചെയ്തുകൊണ്ടുള്ള സമുദ്രസഞ്ചാരപഥങ്ങളും രാജ്യങ്ങൾ തമ്മിലുണ്ടായിരുന്ന ക്രയവിക്രയ ദ്രവ്യങ്ങളെക്കുറിച്ചുള്ള മൂല്യനിർണ്ണയനങ്ങളുമാണതിൽ വിവക്ഷിക്കപ്പെട്ടിട്ടുള്ളത്. നിഗൂഢഭാഷാ വിശാരദനായ ഒരാൾ കുറേക്കാലത്തെ ശ്രമഫലമായി അതിന്റെ ലിപിവിന്യാസവും അർത്ഥപരികല്പനകളും കണ്ടെത്തിയിരുന്നത് നിങ്ങൾക്കറിയാമല്ലോ.

തിമിരം കാർന്നുതുടങ്ങിയ കണ്ണുകളിൽ പ്രതിഫലിച്ച സ്ഫടികരേഖകളായി ഞങ്ങളുടെ ചരിത്രം ഭാഷാപണ്ഡിതൻകൂടിയായ ശൗരി വെളിപ്പെടുത്തി.

”ഏതു ദിക്കിൽനിന്നാണെന്ന് വ്യക്തമല്ല; അഷ്ടദിക്കുകളിൽ നിന്നേതിൽനിന്നുമാകാം, ആ സഞ്ചാരിയുടെ വരവ്.”
ശൗരി പറഞ്ഞു.

തന്റെ വളർന്നു മുറ്റിയ തലമുടിയിലും താടിരോമങ്ങളിലും ഉഴിച്ചിൽ തുടർന്നുകൊണ്ട് പിന്നീടയാൾ സഭയെ നോക്കി ശിരസ്സു കുനിച്ചു. സംവൽസരങ്ങൾ കഴിഞ്ഞുണർന്നതുപോലെ പുരുഷാരം ശൗരിയുടെ വാക്കുകൾക്ക് ആരവം മുഴക്കി.

”അനാദിയായ സമുദ്രത്തിൽനിന്നും കണ്ടെടുത്ത ഒരു ദ്വീപ്. അതുമല്ലെങ്കിൽ ഒരു ചിപ്പിക്കുള്ളിൽനിന്നും കടൽപ്പരപ്പിലേക്കൂർന്നു വീണ ഒരു കറുത്ത മുത്ത്. അതു തേടി സഞ്ചാരി വരികതന്നെ ചെയ്യും. ഏഴു കടലും എഴുന്നൂറ് പർവ്വതങ്ങളും കടന്നാകാം. തുറമുഖങ്ങളുടെ കവാടങ്ങൾ അവനുവേണ്ടി തുറന്നിടുക. അവന്റെ യാനപാത്രത്തിന് ചുങ്കം പിരിക്കേണ്ടതില്ലെന്ന് ഓർത്തുകൊള്ളുക.”

മൃഗചർമ്മത്തിന്റെ നനുത്ത ക്ലാവുമണം ആഞ്ഞു ശ്വസിച്ചുകൊണ്ട് ശൗരി കുറേനേരം ധ്യാനസ്ഥനായി. അയാളുടെ കണ്ണുകൾക്ക് വിശ്രമം ആവശ്യമായിരുന്നു. അതിൽ അമാവാസിയുടെ സാമീപ്യം ദൃഢമായി. അവിടേക്ക് എത്തിച്ചേർന്നയുടൻ തിരിച്ചുപോകാനുള്ള വ്യഗ്രത രണ്ടു കാരണങ്ങൾകൊണ്ട് അയാൾ ആദ്യമാദ്യം പ്രകടിപ്പിച്ചിരുന്നു. ഒന്ന് പ്രായാധിക്യം, മറ്റൊന്ന് ആയുസ്സ് അയാളുടെ കണ്ണുകൾക്ക് മുന്നിൽ തൂക്കിയിടുന്ന ആന്ധ്യത്തിന്റെ തിരശ്ശീല. ഇതു രണ്ടും മറികടക്കാനുള്ള ത്രാണി സത്യത്തിൽ അയാൾക്കുണ്ടായിരുന്നില്ല. എന്നിട്ടും അയാൾ മന്ദഗരയുടെ പ്രവാചകനായി രംഗത്തെത്തുകയായിരുന്നു.

ഉണ്ടെന്നറിയാത്തതോ എവിടെയാണെന്നറിയാത്തതോ എന്നാൽ സാധ്യമായ മനുഷ്യരൂപങ്ങളിൽനിന്നൊഴിവാക്കാൻ പറ്റാത്തതോ ആയ ഒരാളെ ഈ ചർമ്മരാശി വ്യതിരിക്തമായി രേഖപ്പെടുത്തുന്നു. ഒരു വർത്തുളചാപത്തിലും നിരവധി കോണോടുകോണായും തിരശ്ചീനത്തിലുമായിട്ടാണെങ്കിലും ക്രമത്തിൽ കൃത്യമായൊരു വിശ്വരൂപം ഇതിൽ പ്രതിഫലിപ്പിക്കുന്നുണ്ട്.”

അസ്തമയം അടുക്കുകയാണെന്നു തിരിച്ചറിഞ്ഞതുകൊണ്ട് പൊടുന്നനെ ശൗരി സംസാരം നിർത്തി. വായനാപീഠത്തിനു മുമ്പിൽ ഇതിനകം ഒരാൾ ഒരു നിലവിളക്കു കൊളുത്തിവെച്ചു. വിളക്ക് പ്രകാശിക്കുവാൻ തുടങ്ങിയപ്പോൾ ഇരുട്ടിന്റെ വക്കിൽനിന്ന് വെളിച്ചത്തിന്റെ സ്വർണ്ണത്തരികൾ തപ്പിത്തടഞ്ഞു കണ്ടുപിടിച്ചതുപോലെ അയാൾ പെട്ടെന്നെഴുന്നേറ്റ് മൃഗചർമ്മച്ചുരുളുകൾ മുറിക്കുള്ളിലെ പ്രസന്നമായൊരിടത്ത് കൊണ്ടുപോയിവെച്ചു. എവിടെയാണ് വെളിച്ചവും ഇരുളും വേർതിരിയുന്നതെന്ന് കൃത്യമായി അയാൾ ഗണിച്ചെടുക്കുന്നതുപോലെ തോന്നിച്ചു, അപ്പോഴും.

ആ സായാഹ്നത്തിന്റെ പ്രത്യേകതകൊണ്ടായിരിക്കണം, ക്രമേണ ഞങ്ങളിലെ ആശങ്കകൾ പറന്നുപോയി.
ദിനരാത്രങ്ങൾ പലതുകഴിഞ്ഞതിനുശേഷം ആ മുറിയിൽ ഒട്ടും തിടുക്കമില്ലാതെ, സ്വസ്ഥമായി അയാളെ കണ്ടത് അന്നാണ്.
സൂക്ഷ്മദർശനത്തിനുള്ള കട്ടിച്ചില്ലുകൾ പിടിപ്പിച്ച ഒരു കണ്ണടയുമായി ഒരു സഹായി എത്തിയെങ്കിലും അതയാൾ ധരിക്കാൻ കൂട്ടാക്കിയില്ല.
അത്രയുംനേരം, പുരുഷാരം അയാളുടെ വിധിപ്രസ്താവനകൾക്ക് കാത്തിരുന്നെങ്കിലും വിഫലമായി.

അന്തിക്കു കൂടണയുന്ന പക്ഷികൾ, തെരുവിൽനിന്നു വീടുകളിലേക്കു മടങ്ങുന്ന കന്നുകാലികളുടെ കുളമ്പൊച്ചകൾ, വഴിവാണിഭക്കാരുടെ തർക്കങ്ങൾ, കുട്ടികളുടെ കരച്ചിലുകൾ എല്ലാം അയാൾ കേട്ടു. ഉൾക്കണ്ണുകൾകൊണ്ട് അണ്ടെന്ന് ബോധ്യപ്പെടുത്താനെന്നോണം അവ ഇന്നയിന്നതല്ലേ എന്ന് ആ ചുണ്ടുകൾ മന്ത്രിക്കുകയും ചെയ്തു. ഞങ്ങൾ അതെല്ലാംകേട്ട് അത്ഭുതത്തോടെ തലകുലുക്കി. അതെല്ലാം മൂളിക്കേൾക്കുകയും ചെയ്തു. അതിൽപ്പരം മറ്റെന്തു ചെയ്യാൻ?

ഞങ്ങളുടെ ക്ഷണിക്കപ്പെട്ട അതിഥിയാണ് ശൗരി. അന്ധനാണെങ്കിലും കൂട്ടുകിടക്കാൻ രാത്രിയിൽ ഒരു കന്നിബാലികയെത്തന്നെയാണ് അയാളുടെ ആവശ്യപ്രകാരം കൊണ്ടുവന്നത്. കാഴ്ചയിൽ സുന്ദരിയാണെങ്കിലും മുഖത്ത് ഇപ്പൊഴും കുട്ടിത്തം മാറിയിട്ടില്ലാത്ത ഒരു പെൺകുട്ടിയെത്തന്നെ അതിന് കണ്ടെത്തുകയും ചെയ്തു. ശരീരത്തിലെ പേശികൾ അയഞ്ഞുതൂങ്ങിയെങ്കിലും മൈഥുനവിഷയത്തിൽ അപാരനാണയാൾ എന്ന് അനുചരൻ പറഞ്ഞിരുന്നു. ശൗരിയുടെ ആയുരാരോഗ്യരഹസ്യം അതെത്രേ. അയാളുമായി രാസലീലയാടുന്ന ഒരു പെണ്ണും മറ്റൊരു പുരുഷനെ തേടിപ്പോകില്ലത്രേ. പെൺകുട്ടിയെ കിട്ടിയപാടെ ഒരു കിഴട്ടുമുതലയെപ്പോലെ മുഴുവനോടെ അയാൾ വിഴുങ്ങിയിരിക്കണം. ആ മുറിയിലടക്കപ്പെട്ട പാവം ബാലികയെ പിന്നീടാരും പുറത്തു കണ്ടിട്ടില്ല.

ആ മുറിയിൽ സഹായിയായി നിന്നിരുന്ന അനുചരൻ ഒരു നിഴലുപോലെ കുറച്ചുസമയംകൂടി ശൗരിക്കടുത്തുനിന്നു. അകത്തുനടക്കുന്ന കാര്യങ്ങൾ കാണാനുള്ള ആകാംക്ഷയോടെ ഞങ്ങളിൽ പലരും ധൃതികൂട്ടി. അനുചരൻ, ശിരസ്സ് അല്പംമാത്രം വെളിയിൽകാട്ടി എന്തോ അവ്യക്തമായി പിറുപിറുത്തുകൊണ്ട് അപ്പോൾ ഞങ്ങൾക്കുനേരെയുള്ള മുറിയുടെ കനത്ത വാതിലുകൾ കൊട്ടിയടച്ചു.

3

ഉല്ലാസനൗകകളിലൊന്നിൽ തുറമുത്തു വന്നിറങ്ങിയ സഞ്ചാരി നോക്കുമ്പോൾ എല്ലാം നഗ്‌നമായിത്തോന്നി.

തെരുവിന്നിരുപുറവുമുള്ള വഴിവാണിഭക്കാരുടെ മുന്നിൽ ഉടുതുണിയില്ലാത്ത കുട്ടികൾ വിരലുകൾ വായ്ക്കുള്ളിൽത്തിരുകി ചില്ലുഭരണികളിൽ സൂക്ഷിച്ച രസഗുളകളിലേക്കു നോക്കിനില്ക്കുന്നു. മുഷിഞ്ഞതും തുളയുള്ളതുമായ കൗപീനം മാത്രം ധരിച്ച വൃദ്ധർ സഞ്ചാരയോഗ്യമല്ലാത്ത കാളവണ്ടികളുടെ പൊട്ടിയതും ഊരിയിട്ടതുമായ ചക്രങ്ങളിൽ ഇരുപ്പുറപ്പിച്ച് പുകവലിച്ചുകൊണ്ടിരിക്കുന്നു. ചിലയിടത്ത് കാളകൾ ക്ഷമയറ്റ് അമറിക്കൊണ്ട് വൃദ്ധരെ ശല്യപ്പെടുത്തുന്നു.

ഈച്ചകളാർക്കുന്ന ചന്തയുടെ സാമീപ്യംകൊണ്ടാകണം അവിടമാകെ അവിഞ്ഞ പച്ചക്കറികളുടെ ദുർഗന്ധം തങ്ങിനിന്നിരുന്നു. കീറിപ്പറിഞ്ഞ ഷീറ്റുകൾ കൊണ്ടു പൊതിഞ്ഞ കെട്ടിടങ്ങളിൽനിന്ന് ചൂടുനീരാവിയുടെ അവിരാമമായ പുകയുയർന്നു. ഓടകൾ, അഴുകിത്തുടങ്ങിയ മാംസാവശിഷ്ടങ്ങളുടെ കലവറയായിരുന്നു. കടുത്ത ചൂടിൽ എങ്ങനെയൊക്കെ മറയ്ക്കാൻ ശ്രമിച്ചിട്ടും വെളിയിൽ തുറന്നുകാട്ടാനെന്നോണം ചുട്ടുപഴുത്ത ജീവിതയാഥാർത്ഥ്യങ്ങൾ അയാൾക്കുമുന്നിൽ കാണിച്ചുകൊടുത്തു. പൊട്ടിയൊലിച്ചുകൊണ്ട് താൻ കണ്ട നാടുകളുടെയും ജനപഥങ്ങളുടെയും കാഴ്ചകൾ ഒരുനിമിഷം അയാളിൽ മിന്നിപ്പൊലിഞ്ഞു. കണ്ടതും ഇനിയൊരിക്കലും കാണാനിടയില്ലാത്തതുമായ രാജ്യങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ അയാളുടെ ഉള്ളിൽക്കിടന്ന് സമുദ്രംപോലെ ഇരമ്പി.

ലക്ഷ്യവേധിയായ ഒരു ചിന്ത അയാളുടെ മനസ്സിൽ അപ്പോൾ നങ്കൂരമുയർത്തി. കാറ്റു നിയന്ത്രിക്കുന്ന തന്റെ യാനപാത്രത്തിൽനിന്ന് താനിതുവരെയും പുറത്തുകടന്നിട്ടില്ലെന്നു തോന്നിയനിമിഷംതന്നെ അയാൾക്കു പരിസരബോധമുണ്ടായി. ആരോ അയാളെ തൊട്ടുവിളിച്ചതാണ്.

”ഇതേതു രാജ്യത്തുനിന്നു വരുന്നു സ്വാമീ?”

തന്റെ രാജ്യമേതാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം സ്വയം തിരയുമ്പോഴേക്ക് അയാൾ നഗരകവാടത്തിനു മുമ്പിലെത്തിയിരുന്നു.
സഞ്ചാരിയെ അപ്പോഴേക്കും കമാനത്തിനുരുപുറവും നിന്ന ആയുധസജ്ജരായ കാവൽക്കാർ തടഞ്ഞുനിർത്തിയിരുന്നു.
ഒരു കോമാളിയെപ്പോലെ തോന്നിച്ച യാത്രികനെ നോക്കി പരിഹാസരൂപേണ പലതും പറഞ്ഞവർ ചിരിച്ചു.

കൂർത്ത തലപ്പാവും ശരീരമാസകലം മൂടിക്കിടക്കുന്ന അയഞ്ഞ ളോഹയും അരയിൽ കെട്ടിയുറപ്പിച്ചിരുന്ന കച്ചയും പരിഹാസത്തിനു വിഷയമായി.

പൊടുന്നനെ, കാര്യാലയത്തിൽനിന്നുള്ള മണിമുഴക്കം കേട്ടുതുടങ്ങി.

രണ്ടു കാര്യങ്ങളിലാണ് സാധാരണ ഗോപുരമേടയിൽനിന്നുള്ള മണിമുഴങ്ങുന്നത്. ഒന്ന് സന്തോഷസൂചകമായി. മറ്റൊന്ന് അപകടസൂചകമായി. രണ്ടു തരത്തിലുമുള്ള സംഭവവികാസങ്ങൾ ഉണ്ടാവുമ്പോഴെല്ലാം അഷ്ടദിക്കിലുമുള്ള നഗരകാവൽക്കാർ ജാഗരൂകരാകേണ്ടതുണ്ട്. അപ്രകാരംതന്നെ സംഭവിച്ചു.

കൂറ്റൻകമാനത്തിനു താഴെയായി നിന്ന സഞ്ചാരിയുടെ അടുത്തുചെന്ന് രാജപാതയിലേക്കു അപ്പോൾ പ്രവേശനം നിഷേധിച്ചിരിക്കുന്ന വിവരം കാവൽക്കാരിലൊരാൾ ചെന്നു പറഞ്ഞു. അയാൾക്കതു സ്വീകാര്യമായി തോന്നിയില്ലെന്നു ആ പെരുമാറ്റം വ്യക്തമാക്കുന്നുണ്ടായിരുന്നു. അയാൾ ഈക്കോടെ തന്റെ കൈപ്പത്തികൾ കൂട്ടിയടിച്ചു. ക്രൗര്യത്തോടെ മുരണ്ടു. അയാളിൽനിന്ന് ഏതാണ്ട് മൃഗസമാനമായൊരു സീൽക്കാരം കാവൽക്കാർ ഇരുവരും കേട്ടു. അവർക്ക് ആകാംക്ഷയേറി. അവർ പരസ്പരം മിഴികൾകൊണ്ട് കാര്യമെന്തെന്നു തിരക്കിക്കൊണ്ടിരുന്നു.

ഇതിനകം, അയാൾക്കു പിന്നാലെ നേരത്തേ കണ്ട ഒരു പറ്റം കുട്ടികൾ വന്നു നില്പുറപ്പിച്ചിരുന്നു.

അപ്പോൾ നാമമാത്രമേ അവരുള്ളൂ.

രസഗുളകൾ നിറച്ച ചില്ലുഭരണികളിൽ കൊതിയോടെ നോക്കിക്കൊണ്ടിരുന്നപ്പോൾ ചെയ്തതുപോലെ അവരെല്ലാം വൃത്തികെട്ട വിരലുകൾ വായ്ക്കുള്ളിൽ തിരുകിയിരുന്നു.

”നശിച്ച കുട്ടികൾ,” ഒന്നാം കാവൽക്കാരൻ പറഞ്ഞു.

”ഇവറ്റകളെക്കൊണ്ട് നാടു നിറഞ്ഞു,” രണ്ടാം കാവൽക്കാരൻ പറഞ്ഞു.

”ഈയിടെ ഒരു പലചരക്കുകട ഇവർ കൊള്ളയടിച്ചു,” ഒന്നാം കാവൽക്കാരൻ സംഭവം വിവരിച്ചു.

”അതിഭയങ്കരംതന്നെ,”

രണ്ടാം കാവൽക്കാരൻ പരിതപിച്ചു.

സഞ്ചാരി കാവൽക്കാരുടെ വർത്തമാനം മുഴുവൻ കേട്ടു. അയാൾ കുട്ടികളെ തിരിഞ്ഞുനോക്കി. വിശപ്പുകൊണ്ട് അവരുടെ വയറൊട്ടിയും മുഖം കരുവാളിച്ചുമിരുന്നു. ഒരു പിടച്ചിൽ അയാൾക്കുള്ളിലുണ്ടായി. അയാൾ കുട്ടികൾക്കുനേരെ കൈനീട്ടി. മടിച്ചുമടിച്ചാണെങ്കിലും ചിലർ അയാളുടെ കൈവന്നു തൊട്ടുനോക്കി. അതിനു നല്ല തണുപ്പുണ്ടെന്നറിഞ്ഞു. തണുത്ത വിരലുകൊണ്ട് അയാൾ ചിലരുടെ വരണ്ട ചുണ്ടു തടവിക്കൊടുത്തു.

അല്പം കഴിഞ്ഞ് അയാൾ തന്റെ തോളിൽത്തൂക്കിയിരുന്ന ഭാണ്ഡക്കെട്ടഴിച്ച് കുറേ വസ്തുക്കൾ നിരത്തോരത്ത് കുടഞ്ഞിട്ടു. വിചിത്രമായ കരകൗശലവസ്തുക്കളും പലേതരം ഫലവർഗ്ഗങ്ങളും അക്കൂട്ടത്തിലുണ്ട്. അവയിൽനിന്ന് പഴവർഗ്ഗങ്ങൾ തിരഞ്ഞെടുത്ത് അയാൾ കുട്ടികൾക്കു കൊടുക്കാൻ തുടങ്ങി.

കുട്ടികൾ ആർത്തിപ്പണ്ടാരങ്ങളെപ്പോലെ തിരക്കുകൂട്ടിക്കൊണ്ട് അയാളെ പൊതിഞ്ഞു. അനുനിമിഷം കുട്ടികളുടെ എണ്ണം പെരുകി. അഴുകിയ ഓടയിൽനിന്നിരച്ചെത്തിയ ഈച്ചകളെപ്പോലെ അവരുടെ ഇരമ്പം അവിടമാകെ പ്രതിധ്വനിച്ചു. ആകാശം ഇരുണ്ടു. വെയിലിൽ വെട്ടിത്തിളങ്ങിയിരുന്ന ഭൂമിക്കുമീതെ ദുസ്സൂചകമായി എന്തിന്റെയൊക്കെയോ നിഴൽ പതിഞ്ഞു. മിന്നൽപ്പിണരുകൾ വെള്ളിവാളിളക്കിക്കൊണ്ട് ഇടയ്ക്കിടക്ക് ആകാശത്തെ ഭയപ്പെടുത്തി.

കണ്ണുതുറുപ്പിച്ചുനിന്നിരുന്ന കാവൽക്കാരുടെ ഭീഷണമായ താക്കീതുകളെ തട്ടിമാറ്റിക്കൊണ്ട് സഞ്ചാരി കമാനംകടന്നു രാജവീഥിയിലേക്കു കയറി. അയാളുടെ കാല്‌പ്പെരുമാറ്റം പടക്കുതിരകളുടെ കുളമ്പടിശബ്ദംപോലെ മുഴക്കമുള്ളതായിരുന്നു. കാവൽക്കാർ ഏതാണ്ട് മൺപ്രതിമകളായി അനക്കമറ്റു നിന്നുപോയി. അരയിലും ചുമലിലുമായി തോൽപ്പട്ടകളിൽ ചുറ്റിയിരുന്ന ആയുധങ്ങളൊന്നും അവരുടെ ബലിഷ്ഠകരങ്ങളെ പ്രകോപിപ്പിച്ചതേയില്ല. കയ്യുയർത്തി അയാൾ കുട്ടികൾക്ക് ഒരു സൂചനകൊടുത്തതോടുകൂടി കാവൽക്കാരെയും മറികടന്ന് കുട്ടികളുടെ കൂട്ടം സഞ്ചാരിയെ അനുഗമിച്ചുകൊണ്ട് നഗരവീഥിയിലൂടെ മുന്നേറി.

Add a Comment

Your email address will not be published. Required fields are marked *