ഇന്ത്യൻ മിത്തുകളിലും പുരാണേതിഹാസങ്ങളിലും ശക്തിയാണ് സ്ത്രീ.പുരുഷൻ്റെ ശക്തിയെല്ലാം സ്ത്രീകളിൽ നിന്നാണ് വരുന്നത് എന്നും വിശ്വസിച്ചിരുന്നു.
പഠിക്കണമെന്നു
പറഞ്ഞ് സ്റ്റേജിലേക്ക് ഓടിക്കയറിയ
ആ പെൺകുട്ടി
ബാലകൃഷ്ണൻ കൊയ്യാൽ
ഇന്ത്യയുടെ രാഷ്ട്രപതിയായി ആദ്യമായി ഒരു ഗോത്ര വനിത രാഷ്ട്രപതി ഭവനിലെത്തുകയാണ്. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ആദിവാസി ജനതയുടെ പ്രതിനിധിയായ ദ്രൗപദി മുര്മു – സാന്താൾ സാരി അണിഞ്ഞുകൊണ്ട് രാഷ്ട്രപതി ഭവൻ്റെ പടവുകൾ കയറി, ഇന്ത്യയുടെ എറ്റവും പ്രധാന സ്ഥാനം അലങ്കരിക്കാനെത്തുക എന്നത് തീർച്ചയായും അഭിമാനികരമായ കാര്യം തന്നെയാണ്.
അതിനിടയിൽ ഒരു ഫയൽ ചിത്രം ഓർമ്മയിൽ വരികയാണ്. ഒറീസ്സയിലെ റൈരംഗ്പൂരെന്ന ചെറുപട്ടണത്തിൽ ഒരു മീറ്റിംഗ് നടക്കുകയായിരുന്നു. മന്ത്രിയായിരുന്ന കാർത്തിക് മാജ്ഹി മീററിംഗിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരു കൊച്ചു കുട്ടി മന്ത്രിയുടെ അരികിൽ പാഞ്ഞെത്തി. അതൊരു പെൺകുട്ടിയായിരുന്നു. കൈയ്യിലിരുന്ന സ്കൂൾ സർട്ടിഫിക്കറ്റ് വീശിക്കൊണ്ടെത്തിയ ആ കുട്ടി മന്ത്രിയോട് പറഞ്ഞു. “എനിക്ക് ഭുവനേശ്വറിൽ ചെന്നു പഠിക്കണം.” തുടക്കത്തിലുണ്ടായ പരിഭ്രമം മാറ്റി മന്ത്രി അവളെ ചേർത്തു പിടിച്ചു. അങ്ങിനെ ഒരു സംസ്ഥാന മന്ത്രിയുടെ ഇടപെടലിലൂടെ ആ കുട്ടി തൻ്റെ അപരിഷ്കൃത ഗ്രാമത്തിൽ നിന്നും ഭുവനേശ്വറിലെത്തി- ബിരുദപഠനം പൂർത്തിയാക്കി. അന്ന് ആ സ്റ്റേജിലേക്ക് ഓടിക്കയറിയ കുട്ടിയാണ് ഇന്ന് ( ഈ ലേഖനം പൂർത്തിയാക്കുന്ന ദിവസം (25-7-2022 ന്) ഇന്ത്യൻ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഒരു ആദിവാസി വനിത രാഷ്ട്രപതിയായെത്തുമ്പോൾ ഇന്ത്യയിലെ ആദിവാസി സ്ത്രീകളുടെ ജീവിതാവസ്ഥയാകെ മാറും എന്നൊന്നും പ്രത്യാശിക്കാൻ നിർവ്വാഹമില്ല. അത്തരമൊരു ചർച്ചയല്ല ഉദ്ദേശിക്കുന്നതും. മിത്തുകളിലും യാഥാർത്ഥ്യങ്ങളിലും പതിഞ്ഞു നിൽക്കുന്ന ഇന്ത്യയുടെ ആദിവാസി പെൺ അവസ്ഥയെ ഒന്നു തൊട്ടു പോകുന്നു എന്നു മാത്രം.
പുതിയ ഇന്ത്യൻ രാഷ്ട്രപതിയുടെ പേരിൻ്റെ ആദ്യഭാഗം, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇതിഹാസ സമാഹാരമായ മഹാഭാരതത്തിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നു.
പുരാതന ഇന്ത്യയിൽ, ഒരു ഭാഗത്ത് സ്ത്രീകൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം ഉണ്ടായിരുന്നു. പല ഗോത്ര ഇടങ്ങളിലും പുരുഷന്മാരേക്കാൾ ഉയർന്ന സ്ഥാനം സ്ത്രീകൾക്കുണ്ടായിരുന്നു. എന്നാൽ അതേ സമയം തന്നെ സ്ത്രീ അപമാനിക്കപ്പെടുന്നതും അടിച്ചമർത്തപ്പെടുന്നതുമായ മറുഭാഗവും യാഥാർത്ഥ്യമായുണ്ട്.
ഇന്ത്യൻ മിത്തുകളിലും പുരാണേതിഹാസങ്ങളിലും ശക്തിയാണ് സ്ത്രീ.പുരുഷൻ്റെ ശക്തിയെല്ലാം സ്ത്രീകളിൽ നിന്നാണ് വരുന്നത് എന്നും വിശ്വസിച്ചിരുന്നു. അവിവാഹിതയായ സ്ത്രീയോട് ഭരണകൂടം അനീതി കാട്ടിയതിനാൽ രാജാക്കന്മാരും പട്ടണങ്ങളും നശിപ്പിക്കപ്പെടുമെന്ന് പലയിടങ്ങളിലും സൂചിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്, സീതയെ അപഹരിച്ചതിനാൽ രാവണനും അവന്റെ മുഴുവൻ വംശവും നശിപ്പിക്കപ്പെട്ടുവെന്ന് വാല്മീകിയുടെ രാമായണം പഠിപ്പിക്കുന്നു. കണ്ണകിയുടെ കഥയും വ്യത്യസ്തമല്ല.
മിത്തുകളിലും യാഥാർത്ഥ്യങ്ങളിലും ഇഴചേർന്നു നിൽക്കുന്ന ഒരു കഥാപാത്ര നിർമ്മിതിയാണ് മഹാഭാരതത്തിലെ
ദ്രൗപദി. അപൂർവ്വ തീവ്രതയുള്ള ഒരു സ്ത്രീ കഥാപാത്രം തന്നെയാണ് വ്യാസൻെറ ദ്രൗപദി. മറ്റൊരർത്ഥത്തിൽ ഇന്ത്യൻ സ്ത്രീയെ മുഴുവനായും, എല്ലാ അർത്ഥത്തിലും വ്യാപ്തിയിലും, ദ്രൗപദി എന്ന കഥാപാത്രം പ്രതിനിധീകരിക്കുന്നു.
ദുഷ്ട-യോദ്ധാക്കളുടെ നാശം സൂചിപ്പിച്ചു കൊണ്ടാണ് ദ്രൗപദി അഗ്നിജ്വാലകളിൽ നിന്ന് പ്രത്യക്ഷപ്പെടുന്നത്. ആ ദ്രൗപദി എപ്പോഴും അക്രമത്തിന് വിധേയയാണ്. അവളുടെ സ്വയംവരം കലഹത്തിൽ അവസാനിക്കുന്നു. അഞ്ചു പേരെ വരിക്കാനാണ് അവളുടെ വിധി. രണ്ടു തവണ രാജസദസ്സിൽ അപമാനിതയായി. പലരും അവളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. കുന്തി പോലും അവൾക്ക് സാന്ത്വനം നൽകിയില്ല. അമ്മയില്ലാതെയുള്ള ദ്രൗപദിയുടെ ജനനവുo അസ്വാഭാവികമാണ്. വിചിത്രമായ ഇത്രയും അപമാനങ്ങൾ സഹിക്കേണ്ടി വന്ന ഒരു സ്ത്രീ കഥാപാത്രം വേറെയില്ലെന്നതാണ് വസ്തുത.
ഇതിഹാസ രചനകളിൽ നിന്ന് വ്യത്യസ്തമായ ദ്രൗപദി സങ്കല്പങ്ങൾ പല സംസ്ഥാനങ്ങളിലുമുള്ള ഫോക് സമൂഹങ്ങളിൽ പ്രചാരത്തിലുണ്ട്. അത്തരമൊരു ദ്രൗപദിയാണ് തമിഴ് സംസ്കാരത്തിലുള്ളത്. അവിടെ തിമിതി ഉത്സവത്തിൻ്റെ ഭാഗമായി ദ്രൗപദിയെ ആരാധിക്കുന്നു. ദുഷ്ടാത്മാക്കളെ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്ന ദ്രൗപദിയെയാണ് ഇവിടെ ആരാധിക്കുന്നത്. സിംഗപ്പൂരിലെ ചില തമിഴ് സ്വാധീന മേഖലകളിലും ഇത്തരം ഉത്സവങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു.
ഇനി പ്രശസ്ത ബംഗാളി എഴുത്തുകാരി മഹശ്വേതാ ദേവിയുടെ കഥയിലെ ദ്രൗപദിയെ നോക്കാം. പശ്ചിമ ബംഗാളിലെ സന്താൾ ഗോത്രത്തിൽ പെട്ട ദോപ്ദി മെഹ്ജെൻ എന്ന സ്ത്രീയെക്കുറിച്ചുള്ള കഥയാണിത്. ദ്രൗപദി തന്നെയാണ് ദോപ്ദി.
അവൾ റോബിൻ ഹുഡിനെപ്പോലെയുള്ള ഒരു കഥാപാത്രമാണ്. ജന്മിമാരുടെ നിഷ്ഠുര കൃത്യങ്ങൾക്കെതിരെ അവർ ഗ്രാമത്തിലെ പാവപ്പെട്ടവരെ സംഘടിപ്പിക്കുന്നു. അവരുടെ ഭർത്താവും കൂടെയുണ്ട്. തുടർന്നുള്ള പോരാട്ടത്തിൽ സാധാരണ ജനങ്ങളെ അതിക്രൂരമായി ഉപദ്രവിക്കുന്ന സമ്പന്നരായ ഭൂവുടമകളെ കലാപകാരികൾ കൊല്ലുന്നുണ്ട്. കലാപകാരികൾക്കെതിരെയുള്ള തിരിച്ചടി അതിരൂക്ഷമായിരുന്നു.ഗോത്ര കലാപകാരികളെ കീഴ്പ്പെടുത്താൻ എല്ലാ ഹീനകൃത്യങ്ങളും അധികാരികൾ നടത്തി.
അവരിൽ പലരെയും തട്ടിക്കൊണ്ടു പോയി കൊന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്തു. കലാപത്തെക്കുറിച്ചുള്ള വിവരങ്ങൾ പറയിക്കാൻ ദോപ്ദിയെ ബലാത്സംഗം ചെയ്യാൻ ഉത്തരവിട്ടു. ഉത്തരവ് നിർലജ്ജം നടപ്പിലാക്കപ്പെടുന്നു. ക്രൂര പീഡനങ്ങൾക്കിടയായ
ദോപ്ദി അവളുടെ വസ്ത്രങ്ങൾ സ്വയംവലിച്ചുകീറി തന്നെ പിച്ചിച്ചീന്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ, സമൂഹത്തിൻ്റെ മുന്നിൽ നിന്നു കൊണ്ട് ആ ദുഷ്ടശക്തികൾക്കെതിരെ ആക്രോശിക്കുകയാണ്…
ഇന്ത്യയിലെ ആദിവാസി ഊരുകളിലെ പച്ചയായ പെൺജീവിത യാഥാർത്ഥ്യങ്ങൾ നേരിൽക്കണ്ടനുഭവിച്ച മഹശ്വേതാദേവിയുടെ തൂലികയിലൂടെ ജീവൻ വെച്ച ആ ദോപ്ദിയെയാണ് ഇന്ത്യക്ക് ഇന്ന് അവശ്യം എന്ന് വായനക്കാരും അറിയാതെ പ്രത്യാശിച്ചു പോകും.
ഗോത്ര വനിതയായ ദ്രൗപദി മുർമു ഇന്ത്യൻ രാഷ്ട്രപതിയാകുമ്പോൾ അവർ നടന്നു വന്ന വഴികളിലേക്കു തന്നെയാണ് നമ്മുടെ ശ്രദ്ധ പതിയേണ്ടത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആദിവാസി ജീവിത പരിസരം, അല്പം ഇടങ്ങൾ ഒഴിച്ചു നിർത്തിയാൽ, ഇന്നും
അതിശോചനീയാവസ്ഥയയിൽ തന്നെയാണ്.
കൂടുതൽ പരിതാപകരമാണ് അവിടെ ജീവിതം തള്ളിനീക്കുന്ന സ്ത്രീകളുടെ അവസ്ഥ.ജീവിത സൂചികകളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിൽ പോലും എന്താണ് അവസ്ഥ? കേരളത്തിലെ വിവിധ ജില്ലകളിലുള്ള അവിവാഹിത ആദിവാസി അമ്മമാരുടെ എണ്ണം ഓരോ വർഷവും കൂടുകയാണ് എന്നത് ഈ മേഖലയിലെ യാഥാർത്ഥ്യങ്ങളുടെ നടുക്കുന്ന ചിത്രമാണ് അനാവരണം ചെയ്യുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം കോടികൾ ചെലവഴിച്ചിട്ടും വിരലിലെണ്ണാവുന്ന അന്തമാനിലെ ആദിവാസി ജനതയുടെ ജീവിതം ശോചനീയമായിത്തന്നെ തുടരുന്നു. ഒറീസ്സയിലും മദ്ധ്യപ്രദേശിലും, മഹാരാഷ്ട്രയിലും ബംഗാളിലും ആസ്സാമിലും – എവിടെയായാലും സ്ഥിതി ശോചനീയം തന്നെ. ആ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് സമൂഹശ്രദ്ധ പതിയാൻ ഇത്തരം സന്ദർഭങ്ങളിലെങ്കിലും കഴിഞ്ഞെങ്കിൽ…
Add a Comment