s_hareesh

എസ്. ഹരീഷ്, ബഷീറിൻ്റെ ചാരൻ

എസ്. ഹരീഷ്,
ബഷീറിൻ്റെ
ചാരൻ

വി. സുരേഷ് കുമാർ

 

പത്തുപതിനഞ്ചു വർഷങ്ങൾക്ക് മുന്നേ, എന്റെ കൗമാരത്തിൽ  വായിച്ച ഒരു കഥയാണ്  എസ്.ഹരീഷിൻ്റെ ‘രസവിദ്യയുടെ ചരിത്രം ‘.  പുസ്തകത്തിന്റെ ശീർഷകമുള്ള കഥ, രസവിദ്യയുടെ ചരിത്രം, വീണ്ടും വായിക്കാൻ പുസ്തകം വീട്ടിലെ സകല മുക്കിലും മൂലയിലും തപ്പിയെങ്കിലും  പുസ്തകം മാത്രം എവിടെയും കണ്ടില്ല.  പുസ്തകം നഷ്ടപ്പെട്ടെങ്കിലും വായിച്ച കഥ  ബോധത്തിൽ നിന്ന് എവിടെയും  പോയിരുന്നില്ല.

അയ്യസ്വാമി എന്ന് പേരുള്ള വിചിത്ര സ്വഭാവിയായ വൃദ്ധന്റെ ജീവിതമാണ് രസവിദ്യയുടെ ചരിത്രം.
മനുഷ്യചരിത്രത്തെ ആകപ്പാടെ മാറ്റി മറിക്കാൻ ശേഷിയുള്ള ഒരു കണ്ടെത്തലിന്റെ തൊട്ടരികിൽ എത്തിയ ആൾ ആണ്
അയ്യാ സ്വാമി. ഭൂമിയിലെ ഏതൊരു ലോഹത്തെയും സ്വർണമാക്കി മാറ്റിയെടുക്കുക എന്നതായിരുന്നു സ്വാമിയുടെ സ്വപ്നവും ലക്ഷ്യവും. അങ്ങനെയൊന്നിനു വേണ്ടിയുള്ള സഞ്ചാരത്തിലും അന്വേഷണത്തിലും ആണ് എത്രയോ കാലങ്ങളായി അയ്യ സ്വാമി.

അയ്യസ്വാമി ഇങ്ങനെ ഒന്നിലേക്ക് എത്തിച്ചേർന്നതിന്റെ വിവരം  ചോർന്നു പോവുകയും,  പുറം രാജ്യത്ത് എത്തുകയും ചെയ്യുന്നു.
സ്വാമിയെ കണ്ടെത്താനും രസവിദ്യയുടെ ചരിത്രം അടിച്ചു മാറ്റാനും ഹൂസ്റ്റൻ എന്ന് പേരുള്ള സായിപ്പ് മലബാർ തീരത്തേക്ക് വരുന്നു.

അയ്യസ്വാമിയെ കൊന്നിട്ടാണെങ്കിലും ഹൂസ്റ്റന് ആ വിദ്യ കൈക്കലാക്കണം. പത്തു പതിനെട്ടു വർഷം മുന്നേ ഫാന്റസിയും ഹിസ്റ്ററിയും നിറഞ്ഞാടിയ  കഥയെഴുതിയ എസ് ഹരീഷ് ,  ഇപ്പോൾ വായനക്കാരെ രണ്ടോ മൂന്നോ ചേരികളിൽ ആക്കി തർക്കിപ്പിക്കുകയും, ആഘോഷിപ്പിക്കുയും ഉന്മാദപ്പെടുത്തുകയും ചെയ്യുന്ന ആഗസ്റ്റ് 17 എന്ന നോവലുമെഴുതിയിരിക്കുന്നു. രസവിദ്യയുടെ ചരിത്രത്തിൽ നിന്ന് ഈ നോവലിലേക്ക് എസ്.ഹരീഷ് എടുത്ത എഴുത്തു ദൂരങ്ങൾ, ഏറെ അത്ഭുതപ്പെടുത്തുന്ന വിധം ബഹുരൂപമാർന്ന ഉള്ളടക്കം പേറുന്നവയാണ്.അതായത്, എസ്.ഹരീഷ് രണ്ടു കാലങ്ങളുടെ പേരാണ്.

ഇടയ്ക്ക് എസ് ഹരീഷ് എന്ന പേരുള്ള ഇതിൽ ഏതോ ഒരു എഴുത്തുകാരൻ വർഷങ്ങൾ നീണ്ട അജ്ഞാത ജീവിതം നയിച്ചതിന്റെ ചില സൂചനകളും തെളിവുകളും രേഖകളും ഉണ്ട്.

എന്നാൽ ആ കാലങ്ങളിൽ ഇദ്ദേഹം എന്തു ചെയ്യുകയായിരുന്നു, എവിടെ ആയിരിന്നു, എന്തൊക്കെ അന്വേഷിക്കുകയാണ് എന്നൊന്നും നാളിതുവരെയും ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല.

ഒന്നും ആർക്കും കണ്ടെത്താൻ സാധിക്കാത്തതിനാൽ  ആ പത്തു വർഷവും എസ് ഹരീഷ്  കാര്യമായ പണികളിൽ ആയിരിന്നു എന്ന് ഉറപ്പിച്ചു പറയാം.

ലഭ്യമായ കൃതികൾ വെച്ച്  രണ്ട് മൂന്ന് സംഗതികൾ നമുക്ക് ഊഹിക്കാവുന്നതാണ് . അതിൽ ഒന്ന്, പല വേഷങ്ങൾ ധരിച്ചു കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു പല ജാതി മനുഷ്യരോടൊപ്പം ജീവിച്ചു അവരുടെ കഥകൾ മുഴുവൻ ഊറ്റി എടുക്കുന്ന ഒരു പണി, അയ്യസ്വാമിയുടെ അതെ പണി തന്നെ ഹരീഷും എടുത്തിരിക്കാൻ സാധ്യതയുണ്ട്.

രണ്ടാമത്തെ പ്രധാന നിഗമനം ആൾ മാറാട്ട വിദ്യയും ഒപ്പം സമയ കാല സിദ്ധാന്ത വിദ്യയും കൈക്കലാക്കി നൂറ്റാണ്ടുകൾക്ക് അപ്പുറവും, ഇപ്പുറവും കടന്നു മറ്റൊരു രൂപത്തിൽ ജീവിച്ചിരിക്കാം എന്നതുമാണ്.

എന്തായാലും, ഭാവനയിൽ നിന്നും ചരിത്രത്തിൽ നിന്നും പലതിനെയും അരിച്ചു വേർതിരിച്ചു അതിലെ ഏറ്റവും മികച്ചതിനെ കണ്ടെത്താനുള്ള എഴുത്തുകാരന്റെ കഴിവ് ജന്മസിദ്ധമായി ഉള്ളതും ബാക്കിയൊക്കെ  പത്തു വർഷത്തെ അജ്ഞാത ജീവിതത്തിൽ ശേഖരിച്ചതും ആയിരിക്കാം.

തൊട്ടതിനും, പിടിച്ചതിനും വിവാദം ഉണ്ടാകുന്ന മലയാളത്തിൽ അന്ധർ ആനയെ കണ്ടതിനേക്കാളും മോശമായി കാണാൻ എല്ലാ സാധ്യതയും ഉള്ള വിഭവങ്ങൾ ആവോളം നിരത്തി നിരത്തി ഉള്ളതാണ് ആഗസ്റ്റ് 17.

ചരിത്രത്തെ വളച്ചൊടിക്കൽ മാത്രം അല്ല പണ്ടേ നന്നായി ആരൊക്കെയോ വളച്ചു വെച്ച ചരിത്രത്തെ നേരെ ആക്കി നോക്കുക എന്നതും എഴുത്തുകാരന്റെ ഭാവനയാണ്.അങ്ങനെ ഒന്നിനെ നേരെയും ഒടിച്ചും, മറിച്ചും, തിരിച്ചും ആക്കി നോക്കിയതിന്റെ റിസൾട്ട്‌ ആണ് ആഗസ്റ്റ് 17. ചരിത്രത്തെയും വ്യക്തികളെയും ഇത്രയും സൂക്ഷ്മമായി പഠിക്കുകയും എഴുതുകയും ചെയ്യാൻ കുറഞ്ഞത് പത്തു വർഷത്തെ  പഠനവും അതിലേറെ ധൈര്യവും ആ വ്യക്തിയിക്ക് ഉണ്ടായിരിക്കും.

500ഉം 1000 വും 2000വും വർഷങ്ങൾക്ക് മുന്നേ തുടങ്ങുന്ന നമ്മുടെ എല്ലാ ചരിത്രങ്ങളും തെളിവുകളോടൊപ്പം  കഥയുടെ ഭാവനയും കൂട്ടി മിനുക്കി എടുത്തതാണ്. ഓരോ കാലത്തെയും നിലയ വിദ്വാന്മാർ അവരവരുടെ കഴിവിനാൽ കൂട്ടുകയും, കുറയ്ക്കുകയും  ചെയ്ത ആ  ട്യൂണിൽ ആണ് ഇപ്പോഴും ലോകത്ത് കലാപവും, യുദ്ധവും, കാമവും വിശ്വാസവും, ആവിശ്വാസവും യാതൊരു സംശയകണിക പോലും ഇല്ലാതെ നീങ്ങുന്നതും, നീക്കുന്നതും.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പണിയും എടുക്കാതെ പിൽക്കാലം സ്വാതന്ത്ര്യസമര പെൻഷൻ ലഭിക്കാൻ വേണ്ടി മാത്രം സ്വാതന്ത്ര്യസമര ഭടന്മാർ ആയ സ്വാതന്ത്ര്യ സമര സേനാനികൾ കൂടിയത്  ആയിരകണക്കിന് വരും, എന്നാൽ സമരത്തിൽ പങ്കെടുത്തു മരിച്ചു ഒന്നും കിട്ടാത്തവർ ഏറ്റവും കുറഞ്ഞത് പതിനായിരവും ഉണ്ടാകും. രേഖകൾ ഉണ്ടാക്കുക, ഇല്ലാത്ത രേഖകൾ സൃഷ്ടിക്കുക, ഉള്ള രേഖകൾ ഇല്ലാതാക്കുക ഇതൊക്കെയാണ് ചരിത്രത്തിലെ പ്രധാന കാര്യം, ചരിത്രം സൃഷ്ടിക്കുക്ക എന്നത് വെറുതെ പറയുന്ന ഒന്നല്ല. ആർക്കാണോ അധികാരം അവർ അതാത് കാലങ്ങളിൽ ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ് എല്ലാ കാലത്തും ചരിത്രം.

സാഹിത്യ കൃതികൾ ആകട്ടെ  കുറെ കൂടി സത്യം നിറഞ്ഞതും ഓരോ കാലത്തേയും യാഥാർഥ്യം കുറെ അധികം വെളിച്ചത്തു കൊണ്ട് വരുന്നതും ആകുന്നു.

ചരിത്രമോ, സാഹിത്യമോ?

ആഗസ്റ്റ് 17 ഒറിജിനൽ സാഹിത്യ കൃതി ആണ്. മലയാള സാഹിത്യത്തിൽ ഒരു രക്ഷയും ഇല്ലാതെ വളർന്നു കൊണ്ടിരിക്കുന്ന നോവൽ സാഹിത്യത്തിലെ ഏറ്റവും പുതിയ ഒന്ന്.

ഒരു കാലഘട്ടത്തിലെ മനുഷ്യരും, സംഭവങ്ങളും ഈ കൃതിയുടെ കേന്ദ്രം ആകുന്നതിനാൽ ചരിത്ര കൃതികളിലേക്കാളും കുറെ കൂടി കൂടുതൽ യാഥാർഥ്യം വായനക്കാർക്ക് കണ്ടെത്താനുള്ള സാധ്യതകളും ഉണ്ട്.

വി. സുരേഷ് കുമാർ

ചരിത്രം ഒഴിച്ചു വിട്ട പല ഭാഗങ്ങളും എഴുത്തുകാരൻ ചില കഥപാത്രങ്ങളോടൊപ്പം സഞ്ചരിച്ചു ഭാവന കൊണ്ട് പൂർത്തീകരിക്കുകയും, ചിലരുടെ ആഗ്രഹങ്ങളെ  സാധിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു. ആകെ  ഭാവനയുടെ അയ്യര് കളിയും, ഒപ്പം നല്ല ഒന്നാന്തരം ചരിത്രവും കൂട്ടിയ ആറാട്ട്!

എസ് ഹരീഷ് ഒരു പാശ്ചാത്യ എഴുത്തുകാരൻ ആയിരുന്നെങ്കിൽ ഈ കൃതി അദ്ദേഹത്തിന്റെ മാതൃ ഭാഷ ആയ ഇംഗ്ലീഷിലോ, സ്പാനിഷ് ലോ ആണ് എഴുതിയെതെങ്കിൽ നമ്മള് കേരളം അപ്പൊ തന്നെ വിളിച്ചു ഒരു പൊന്നാട അണിയിച്ചു തിരുവിതാംകൂറി ന്റെ ഒരു കാലത്തെ ഭാവനയിൽ  സൃഷ്‌ടിച്ച ഇദ്ദേഹം കേരളത്തിൽ ജനിക്കാതിരിന്നത് നമ്മുടെയൊക്കെ നികത്താൻ ആകാത്ത നഷ്ടം എന്ന് പറഞ്ഞു നിരൂപകർ നമ്മളെ കരയിപ്പിച്ചു കോൾമയിർ കൊള്ളിപ്പിച്ചേനെ..

ഇനി സത്യസന്ധമായി മറ്റൊന്ന് പറയട്ടെ, ഇതു തിരുവിതാ കൂറിന്റെ ചരിത്രമോ, പ്രതി ചരിത്രമോ ഒന്നും അല്ല ഈ നോവൽ.

മലയാളികൾ വേണ്ട വിധം വായിക്കാതെ പോയ, ആദരിക്കാതെ പോയ, അങ്ങേയറ്റം അവഗണിച്ച മഹാനായ എഴുത്തുകാരൻ ബഷീറിനുള്ള ഏറ്റവും മികച്ച സ്മാരകം  ആണ് .

തിരുവിതാംകൂർ എന്നത് ഇതിൽ വെറും ഒരു ഭാഷ മാത്രവും,
ആ ഭാഷയിൽ ഒടുക്കത്തെ ഒളി പോരാട്ടം നടത്തി ഭാഷയിലെ മേലാളന്മാർക്ക്ക്കെതിരെ ആയിരങ്ങളെ അണി നിരത്തി ഭാഷയെ ജനകീയമാക്കിയ ബഷീർ.

തനിക്കെതിരെ നിരന്നു നിൽക്കുന്നവരെ ഗുസ്തി പിടിച്ചും, ചിലപ്പോൾ ആഴത്തിലുള്ള മൗനം കൊണ്ടും ഒറ്റയ്ക്ക് നേരിടുന്ന ബഷീർ.
ബഷീർ തന്റെ അജ്ഞാത കാലങ്ങളിൽ എന്തു ചെയ്തിരുന്നു എന്ന് ചോദിക്കുന്നവർക്കും, ചോദിച്ചവർക്കും ഭാഷയുടെ ഇങ്ങേ തലയ്ക്കലിലിൽ നിന്നും ബഷീർ രൂപപ്പെടുത്തിയ അതേ ഭാഷയിൽ മുഴുവൻ മലയാളികൾക്കും വേണ്ടി എസ് ഹരീഷ് എന്ന എഴുത്തുകാരൻ  ഏറ്റെടുത്തു നടത്തുന്ന ഒരു നിർമാണം ആണ് ആഗസ്റ്റ് 17.

ബഷീർ

ആഗസ്റ്റ് 17 വായിക്കുന്നത് വരെയും യുദ്ധം ഇല്ലാതിരിക്കാൻ വരട്ടു ചൊറി ആണ് നല്ലതെന്നു വിശ്വസിച്ച എല്ലാ വായനക്കാരായ മലയാളികളെയും പോലെ ഒരാളായിരിന്നു ഞാനും.

ഹുന്ത്രാപ്പി ബുട്ടാസോ പോലെ  തമാശകൾ എഴുതുന്ന ഒരാൾ.

കുപ്പായം ഒന്നും ഇടാതെ ഇടയ്ക്കിടെ ബീഡി വലിക്കുന്ന, ആരെങ്കിലും വരുമ്പോൾ വെട്ടു കത്തി എടുത്തു ഓടിക്കുന്ന ഒരാൾ മലയാള സാഹിത്യത്തിൽ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ബഷീർ!

ആ മനുഷ്യൻ ജീവിതത്തിന്റെ ഏഴു കടലും നീന്തി,കര കയറി കല്ലും, മുള്ളും ചവിട്ടി, തീയിലൂടെ നടന്നു ഉള്ള കല്ലേറ് മുഴുവൻ കൊണ്ട് ഇനി ഒന്നും സംഭവിക്കാൻ ബാക്കി ഇല്ല എന്ന ആ ഒരു സംഗതി ഉണ്ടല്ലോ അതൊക്കെ കഴിഞ്ഞു വന്നുള്ള ആ ഇരിപ്പ് ആണ്, എല്ലാ പോരാട്ടങ്ങളും,  അക്രമണങ്ങളും കഴിഞ്ഞതിനു ശേഷം ഇനി വീഴാൻ ആകാശം മാത്രമേ ഉള്ളൂ എന്നറിഞ്ഞതിനു ശേഷം ഒരു ബീഡി കത്തിച്ചു സോജാ രാജ കുമാരി കേൾക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ എഴുത്തു കൊണ്ടും, ശരീരം കൊണ്ട് ഒരു പോലെ പോരാടിയ ഒരാൾ ആണ്. ഒരു എഴുത്തുകാരന്റെ കൗതുകത്തിനു ജയിൽ സന്ദർശിച്ചു എഴുതിയതല്ല മതിലുകൾ, ജയിലിൽ കിടന്നുകൊണ്ട് തന്നെ എഴുതിയതാണ് .

സ്വാദശാഭിമാനി രാമകൃഷണ പിള്ള ആണ് ഇന്ത്യയിൽ ആദ്യമായി കാറൽ മാർക്സ്നെ പരിചയപ്പെടുത്തുന്നത്, അത് കഴിഞ്ഞു രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷം സാക്ഷാൽ ബഷീർ മാർക്സ്ന്റെ ജീവചരിത്രം എഴുതുന്നുണ്ട്.

ഓർക്കണം ,1933 ലോ മറ്റോ ആണിത്… കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ 100 വർഷം പൂർത്തിയാക്കുന്ന ഈ സമയത്തും അതിനേക്കാൾ മികച്ചൊരു കാറൽ മാർക്സ് ചരിത്രം ഞാൻ വായിച്ചിട്ടില്ല… രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുൻപാണ് ബഷീർ എഴുതിയ ഈ അഞ്ചോ ആറോ പേജ് വരുന്ന ജീവിതം ഞാൻ വായിക്കുന്നത്… ബഷീർ ഒഴിച്ച് വേറെ ആരെങ്കിലും ആയിരിന്നു അത് എഴുതിയെതെങ്കിൽ കുറഞ്ഞത്  അറനൂറു പേജ് വേണ്ടി വരും, മാർക്സ് എന്ന അത്രയും വികാരവും, സ്നേഹവും, ദയയും, കാഴ്ച്ചയും നമ്മുടെ ഉള്ളിലേക്ക് കയറാൻ…

മറ്റൊന്നു ബഷീർ എഴുതിയ ഒരു ഏകാങ്ക നാടകമുണ്ട്. പട്ടം താണു പിള്ള ആണ് ഈ നാടകത്തിലെ ഒരേ ഒരു കഥാപാത്രം
തിരുവിതാം കൂറിലെ ചെറുപ്പക്കാരായ സ്വാതന്ത്ര്യ സമര പോരാളികൾ പട്ടത്തിന്റെ പ്രവർത്തനങ്ങളെ നിശിതമായി വിമർശിക്കുന്നതാണ് നാടകത്തിന്റെ ഉള്ളടക്കം…

എന്നിട്ടും ബഷീർ ബ്രിട്ടീഷ് കാരിൽ നിന്നും, സർ സി പി യിൽ നിന്നും അതിജീവിച്ചതിനേക്കാൾ അത്ഭുതം മലയാള ഭാഷയിലെ സി പി മാരിൽ നിന്നും അതിജീവിച്ചത് ആണ് … കൊല്ലാനും, ഇല്ലാതാക്കാനും അവർ ആകുന്നതും നോക്കിയിരുന്നു…ചാവാതിരിക്കാൻ ഞാനും എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങൾ.

നാലു ഭാഗത്തു നിന്നും ഉണ്ടായ ആക്രമണങ്ങളെ ബഷീർ ഒരു പരിധി വരെ അതിജീവിച്ചത് കേസരിയും എം എൻ വിജയൻ മാഷും ഉണ്ടായത് കൊണ്ടാണ്. ഇപ്പോൾ നീണ്ട വർഷങ്ങൾക്ക് ശേഷം ഏറ്റവും പുതിയ തലമുറയെ ബഷീറിനെ  ശരിയായി വായിപ്പിക്കാൻ എസ് ഹരീഷും.
ബഷീറിന്റെ ഹൃദയത്തിൽ ഒരു പോരാളി ഉണ്ടായിരുന്നു, വിപ്ലവകാരി ഉണ്ടായിരുന്നു. ആ ഹൃദയം മുഴുവൻ എല്ലാ മനുഷ്യരെയും മനുഷ്യരാക്കാൻ യത്നിച്ച മാർക്സ് ഉണ്ടായിരുന്നു, ഹരീഷിന്റെ ഹൃദയത്തിൽ ബഷീറും.

നോവലിന്റെ ആദ്യം മുതൽ അവസാനം വരെയും ബഷീറിനോടൊപ്പം ഒരു പാവം ചാരൻ ഉണ്ട് ഭാസി എന്നാണ് ആളുടെ ഒരു പേര്….

ഈ ഭാസിക്കും ബഷീറിനോട്‌ ഒടുക്കത്തെ ആരാധന ആയിരിന്നു.ബഷീറിനെ കാണുക, ബഷീറിനോടൊപ്പം വർത്തമാനം പറയുക, ജീവിക്കുക ഇതൊക്കെയാണ് ഭാസിയുടെയും ആഗ്രഹങ്ങൾ.

ചാരനായ ഭാസി പിൽക്കാലം എഴുത്തിലേക്ക് മാറുന്നു.

പേരും, ഊരും ഒന്നും കൃത്യമായി ആർക്കും അറിയാത്ത  ഈ ഭാസി ആരാണ്..? നോവൽ എഴുതിയ എസ് ഹരീഷ് ആരാണ്..? രണ്ടു പേരും ഒരാൾ ആണെങ്കിലും, രണ്ടാൾ ആണെങ്കിലും ഉത്തരമേയുള്ളൂ അവർ ബഷീറിന്റെ വിനീത ചരിത്രകാരന്മാർ ആണ്!

Add a Comment

Your email address will not be published. Required fields are marked *