thaha

ഇതുകൊണ്ട് എന്താണ് അർഥമാക്കുന്നത്?

ഉദാത്തതയെസ്സംബന്ധിക്കുന്ന ഒരു അവകാശവാദവും റീഡ് വിഷൻ മുന്നോട്ടു വെക്കാനാഗ്രഹിക്കുന്നില്ല. മനുഷ്യർ അവരുടെ അനുഭവം കൊണ്ട് ലോകത്തെ നിർവ്വചിക്കുന്ന കാലമാണിത്. അനുഭവമെന്നത് തന്നെ സർഗാത്മകതയുടെ ആദ്യ കാരണമായി മാറുന്നു;  നിലനിൽക്കുന്നതിൻ്റെയും അതിജീവനത്തിൻ്റെയും.

സർഗാത്മകമായ പുതിയ വാസസ്ഥലമാണ് സൈബർ ലോകം. ‘ഇതു കൊണ്ട് എന്താണ് അർഥമാക്കുന്നത്?’ എന്ന് ശബ്ദതാരാവലി മുന്നിൽ വെച്ച് മനസ്സിലാക്കേണ്ട ഒന്നും ഇതിലുണ്ടാവരുത് എന്നാഗ്രഹിക്കുന്നു, എന്നാൽ, ശബ്ദതാരാവലി മേശപ്പുറത്തുണ്ടാവുകയും വേണം.ലിംഗ /ജാതി / മത സ്വത്വങ്ങളെ സംബന്ധിക്കുന്ന പുതിയ ആകുലതകൾക്ക് വലിയൊരു ഇടം നൽകേണ്ടതുണ്ട്. സൂക്ഷ്മമായി, ഏറെ കാലത്തെ നിരന്തരമായ പ്രയത്നം കൊണ്ട് നിർമ്മിച്ചെടുത്ത ഒരു അരക്ഷിതാവസ്ഥ മനുഷ്യർ എവിടെയും ഇന്ന് പേറുന്നുണ്ട്.  ‘ഞാനാരുമല്ല’ എന്ന തോന്നലുണ്ടാക്കും വിധം തീവ്രമായ ആകുലതകൾ. വെറുപ്പിൻ്റെ വംശീയ / രാഷ്ട്രീയ / വർണ്ണ വിഭജനങ്ങളെ കൂടാതെ, കോവിഡ് , മനുഷ്യരുടെ ഇടയിൽ പരസ്പരം കടന്നു പോകാൻ കഴിയാത്ത പുതിയ പാലങ്ങൾ കൂടി തീർത്തു. ‘ഇരിപ്പിടങ്ങൾ’ക്കു പകരം, ‘കിടപ്പിട ‘ങ്ങൾ കൂടി .ചാഞ്ഞു കിടന്ന് നോക്കുകയാണ്, ലോകത്തെ. എവിടെയും ചാഞ്ഞു കിടന്ന് വിരൽത്തുമ്പ് കൊണ്ട് നടന്നു കാണാം ലോകം. പക്ഷെ –
ഒരു വലിയ ‘പക്ഷേ ‘യാണത്. അനിശ്ചിതമായ ഈ ‘പക്ഷേ ‘യാണ് പുതിയ പക്ഷം. ‘പക്ഷേ ‘കളുടെ തുടർച്ചകൾ.
മനുഷ്യർ ,മനുഷ്യർക്കെതിരാവുന്നു എന്നത് മാത്രമല്ല, സൂക്ഷ്മജീവികളൊക്കെ മനുഷ്യർക്കെതിരാണ്. മനുഷ്യരുടെ ആർത്തി പൂണ്ട അധീശ വാസനകൾ അധികബാദ്ധ്യത പോലെയായിത്തീർന്നിട്ടുണ്ട്. രോഗഭീതിയും ജൈവികവും തൊഴിൽ പരവുമായ അരക്ഷിതാവസ്ഥകളും  അതിൻ്റെ ഉയർന്ന അവസ്ഥയിലെത്തി നിൽക്കുമ്പോൾ, പ്രചോദിപ്പിക്കുന്ന സുതാര്യതയാണ് അടിസ്ഥാന സത്യമായി സ്വീകരിക്കേണ്ടത്. “എന്നെ ആരെങ്കിലും മനസ്സിലാക്കണ’മെന്ന ഒറ്റപ്പെടുന്നവരുടെ ആഗ്രഹത്തെ റീഡ് വിഷൻ മനസ്സിലാക്കാതിരിക്കില്ല.
പരിസ്ഥിതിയുടെ ഏറെ സത്യസന്ധമായ വാക്കുകൾ ഇവിടെ കേൾക്കാം.’ പരിസര പഠന’ത്തെ പ്രചോദിപ്പിക്കുന്ന രീതിയിൽ റീഡ് വിഷൻ അവതരിപ്പിക്കും. കാമ്പസുകളിലും സ്കൂളുകളിലും സർഗാത്മതയുടെ ഉണർവ്വുകൾ തേടി ഞങ്ങളുടെ പ്രതിനിധികൾ വരും, നിങ്ങളുടെ ഏറ്റവും  പുതിയ പാട്ടുകൾ, ചിത്രങ്ങൾ, കഥകൾ ഞങ്ങളോടല്ലാതെ മറ്റാരോട്?
സർഗാത്മകമായ ആത്മ പ്രകാശനങ്ങളോടൊപ്പം ജൈവ രാഷ്ട്രീയം കൂടി മുന്നോട്ടു വെക്കുന്നു. ഏറ്റവും പുതിയതിനെ മനസ്സിലാക്കുകയെന്നാൽ പഴയതിലെ മനോഹരമായതിനെ സ്വാംശീകരിക്കുക എന്നു കൂടിയാണ്.മുതിർന്ന, ഏറ്റവും പ്രിയപ്പെട്ടവരും ഒപ്പമുണ്ട്. സാഹിത്യപരമായ ഉള്ളടക്കും മുന്നിൽ തന്നെയായിരിക്കും.ആർ.രാമചന്ദ്രൻ്റെ കവിതയിലെ ഒരു വരി ചേർക്കുന്നു:
ഒന്നു പോയി വാതിൽ തുറക്കൂ .
നേരിയ കുളിരെങ്കിലുമുണ്ടാകും,
തീർച്ച!”
താഹ മാടായി
ക്രിയേറ്റീവ് ഹെഡ്
റീഡ് വിഷൻ

Comments are closed.