മനുഷ്യജീവിതത്തെ മുന്നോട്ടും പിന്നോട്ടും നയിക്കുന്നതിൽ പലപ്പോഴും യാദൃച്ഛികതകൾക്ക് വലിയൊരു പങ്കുണ്ട്. അതിജീവനത്തിനായി നാടകത്തിൽ എന്നപോലെ ജീവിതത്തിലും ഒട്ടനവധി വേഷങ്ങൾ കെട്ടാൻ എനിക്ക് അവസരങ്ങൾ ലഭിച്ചതും അതുകൊണ്ട് തന്നെയാകണം.
കള്ള് ഷാപ്പിലെ വില്പനക്കാരനായ ഞാൻ എങ്ങിനെ നാടകപ്രവർത്തകനായി? അല്ലെങ്കിൽ, നാടകക്കാരനായ ഞാൻ എങ്ങിനെ കള്ളുഷാപ്പിലെത്തുന്നവർക്ക് മദ്യംവിളമ്പാനും, പലപ്പോഴും അവരുടെ ഛർദ്ദിൽ വാരാനും നിയുക്തനായി?
താൻ എഴുതിയ ‘സർപ്പസത്രം’ എന്ന നാടകം അരോളി ‘ശാന്തിപ്രഭ’യുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള നാടകമത്സരത്തിൽ നരീക്കാംവള്ളി ‘ഭാവനാതീയറ്റേഴ്‌സ്’ അവതരിപ്പിക്കുമ്പോൾ ആ നാടകത്തിന്റെ സംവിധായകൻ ഒരു കള്ള് വില്പനക്കാരനാണെന്നറിഞ്ഞപ്പോൾ പി.വി.കെ. പനയാലിന്റെ മനസ്സ് ആശങ്കകളാൽ ആകുലമായിപ്പോയതിന്റെ കാരണം സംവിധായകന്റെ തൊഴിൽ തന്നെയല്ലേ?
കള്ള് വില്പനക്കാരനായ സംവിധായകന്റെ കയ്യിൽ തന്റെ നാടകം ‘കുള’മാകുമെന്ന് ചിന്തിച്ചു പോയതിന്റെ പേരിൽ അദ്ദേഹം പിന്നീട് ‘ഭാവന’യുടെ വാർഷിക പൊതുയോഗത്തിൽ നടത്തിയ ക്ഷമാപണ പ്രസംഗവും സംവിധായകനെ തേടി നരീക്കാംവള്ളിയിലെ കള്ള്ഷാപ്പിലെത്തിയ അന്നത്തെ എന്റെ മനോനിലയെപ്പറ്റി ദേശാഭിമാനി കണ്ണൂർ എഡിഷന്റെ ഉദ്ഘാടന സപ്ലിമെന്റിൽ പി.വി.കെ. പനയാൽ എഴുതിയ കുറിപ്പും ഇന്നും ചരിത്രം.
നരീക്കാംവള്ളിയിൽ ‘ജഹന്നം’ എന്ന നാടകം കാണുന്നതിനുവേണ്ടി ഭാവനാ തീയറ്റേഴ്‌സ് പ്രവർത്തകരുടെ പ്രത്യേക ക്ഷണപ്രകാരം നാടകകൃത്തായ ഇബ്രാഹിം വെങ്ങരയോടൊപ്പം ഞാൻ നരീക്കാംവള്ളിയിൽ എത്തുന്ന കാലത്ത് അടിയന്തിരാവസ്ഥ അതിന്റെ ഉച്ഛസ്ഥായിയിൽ പെയ്യുകയായിരുന്നു.
വെങ്ങര ചിത്രകലാ തീയറ്റേഴ്‌സിന്റെ ബാനറിൽ നാടകകൃത്തായ ഇബ്രായിനിക്കയുടെ സംവിധാനത്തിൽ ഞങ്ങൾ അവതരിപ്പിച്ച ആ നാടകം മറ്റൊരു സംവിധായകന്റെ നേതൃത്വത്തിൽ മറ്റൊരു കലാസമിതി എങ്ങിനെയാവും അവതരിപ്പിക്കുക എന്നറിയാനുള്ള ജിജ്ഞാസയോടെയാണ് ഞങ്ങൾ നരീക്കാംവള്ളിയിലെത്തുന്നത്.
നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി സാമാന്യം സമ്പന്നമായൊരു സദസ്സ് ഞങ്ങൾ എത്തുമ്പോഴേയ്ക്കും അവിടെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. അടിയന്തിരാവസ്ഥാകാലമായതിനാൽ റോഡരികിൽ ഒന്നുരണ്ട് പോലീസ് വാഹനങ്ങളും നിർത്തിയിട്ടതായി കണ്ടു.
നരീക്കാംവള്ളിയിൽ ‘ഭാവന’ക്കുവേണ്ടി ‘ജഹന്ന’ത്തിന്റെ സംവിധാനം നിർവ്വഹിച്ചത് ആർട്ടിസ്റ്റ് കാടൻ ആയിരുന്നു. ‘ജഹന്ന’ത്തിനായി അദ്ദേഹം ഒരുക്കിയ സെറ്റും മനോഹരം തന്നെ. രംഗത്ത് ഒരു കുടിലും കുടിലിന്നരികിലായി ഒരു കിണറും പിന്നിൽ വേലിയും വേലിക്കപ്പുറത്ത് ആകാശക്കാഴ്ചയും ലഭ്യമാകുന്ന സെറ്റ് ആരിലും അത്ഭുതമുണർത്തുന്നതായിരുന്നു. എങ്കിലും ഏതാനും ചിലരെ ഒഴിച്ചുനിർത്തിയാൽ അഭിനേതാക്കളുടെ പ്രകടനം പരിതാപകരമായിരുന്നു. പകലന്തിയോളം പല തൊഴിലുകളിലുമേർപ്പെട്ട സന്ധ്യകളിൽ തങ്ങളുടെ അഭിനയതൃഷ്ണകൾക്ക് ശമനമേകാൻ മാത്രമായി നാടകം കളിക്കുന്ന ശുദ്ധരായ ഗ്രാമീണയുവാക്കളിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിച്ചതാണ് തെറ്റ് എന്ന് ഞാനെന്റെ മനസ്സിനെ ശാസിച്ചുകൊണ്ടിരിക്കെ, അതാ സദസ്സിന്റെ മുൻനിരയിൽ നിന്നും തോർത്തുമുണ്ട് മാത്രം ധരിച്ച് തലയിൽ പാളത്തൊപ്പി ചൂടി ഒരു മധ്യവയസ്‌കൻ സ്‌റ്റേജിലേക്ക് ഭയന്നുവിറച്ചതുപോലെ കയറിച്ചെല്ലുന്നു! അയാൾ നാടകം നടന്നുകൊണ്ടിരിക്കെത്തന്നെ അരങ്ങിലെ കിണറിനുള്ളിൽ ചാടിക്കയറി ഒളിക്കുന്നു!
‘ജഹന്നം’ നാടകത്തിൽ ഇങ്ങനെയൊരു രംഗമില്ലല്ലോ എന്നു ഞങ്ങൾ അന്ധാളിച്ചുനിൽക്കേ സദസ്സിന്റെ പിൻനിരയിൽ നിന്നും തീപ്പാറുന്നൊരു സംഘട്ടനം. തുടർന്ന് പലരും ഓടുന്നു, ചിലർ വീഴുന്നു. കൂട്ടത്തിൽ കർട്ടനും താഴ്ത്തപ്പെടുന്നു! അപ്പോൾ നാടകാവതരണത്തിന് സംരക്ഷണം നൽകാൻ പോലീസുകാർ എത്തുന്നു. അവർ ഏതാനും ചിലരെ കസ്റ്റഡിയിലെടുക്കുന്നു. പിന്നീട് ശുഷ്‌കമായ സദസ്സോടെ നാടകം തുടരുന്നു….
ഒടുവിൽ നാടകം അവസാനിച്ചതിനുശേഷമാണ് ഞങ്ങൾക്ക് കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ കഴിഞ്ഞത.് ഭാവന തീയേറ്റേഴ്‌സിലെ കലാകാരന്മാരെല്ലാം മാർക്‌സിസ്റ്റ് പാർട്ടി പ്രവർത്തകരാണ്. അടിയന്തിരാവസ്ഥയുടെ തിണ്ണമിടുക്കിൽ സ്ഥലത്തെ അന്നത്തെ ചില ഭരണകോൺഗ്രസ്സുകാർ നടത്തിയ വിക്രിയകൾ മൂലമായിരുന്നു നാടകം അലങ്കോലമാക്കപ്പെട്ടത്. അടികൊള്ളുമെന്ന ഭയത്താൽ അരങ്ങിലൊതുക്കിയ കിണറിൽ കയറി ഒളിച്ച മദ്ധ്യവയസ്‌കൻ നരീക്കാംവള്ളി കള്ള്ഷാപ്പിലെ ഒരു ചെത്തുതൊഴിലാളിയായിരുന്നു.
ഈ സംഭവത്തിനുശേഷം ഏതാനും നാൾക്കകം നടന്ന ഷാപ്പ് ലേലത്തിലൂടെ ഞാൻ ജോലിചെയ്യുന്ന വെങ്ങര കള്ള്ഷാപ്പിന്റെ കോൺട്രാക്ടർക്ക് നരീക്കാംവള്ളി കള്ള്ഷാപ്പിന്റെ ഉടമസ്ഥത കൂടി ലഭിച്ചു. എന്റെ തൊഴിലിടം അതോടെ നരീക്കാംവള്ളിയിലെ കള്ള്ഷാപ്പായി. അങ്ങിനെ ഒരു നാടകം കാണാൻ മാത്രമായി ഞാൻ എത്തിയ നരീക്കാംവള്ളി എന്ന ഗ്രാമം പിന്നീട് എന്റെ ഉപജീവനത്തിന്റെയും നാടകജീവിതത്തിന്റെയും ഒരു ഭാഗമായിത്തീർന്നത് തികച്ചും യാദൃച്ഛികമായി.
അന്നത്തെ നരീക്കാംവള്ളി ഒ.വി. വിജയന്റെ ഖസാക്കിനെ അനുസ്മരിപ്പിക്കുന്ന ഒരു മലയോര പ്രദേശമായിരുന്നു. ഒരു മുഷിഞ്ഞ ഗ്രാമം. കിഴക്കുഭാഗത്തെ മയിലാട്‌മൊട്ട, മുട്ടത്തുവർക്കിയുടെ മയിലാടുംകുന്നിന്റെ അപരൻ. പണ്ടെങ്ങോ നരിയെക്കൊന്ന് വള്ളിയിൽ തൂക്കിയിട്ട നരിത്തൂക്കാംവള്ളി കാലപ്പഴക്കത്തിൽ നരീക്കാംവള്ളി ആയതാവണം എന്ന് നാട്ടുകാർ പറയുന്നു.
നരീക്കാംവള്ളിയിൽ ആ കാലത്തെ കള്ള്ഷാപ്പ് പ്രവർത്തിച്ചിരുന്നത് നിരപ്പലകകളിട്ട പഴയൊരു പീടിക കെട്ടിടത്തിലായിരുന്നു. എറമുള്ളാൻ എന്നൊരു മുസ്ലീം കച്ചവടക്കാരന്റെ പീടിക കെട്ടിടം വിലയ്ക്ക് വാങ്ങിയ ആൾ അത് ഷാപ്പ് നടത്തുന്നതിനായി വാടകയ്ക്ക് നൽകിയതായിരുന്നു. പീടിക വരാന്തയിലെ നിസ്‌കാര തിണ്ണയും ഇരുഭാഗങ്ങളിലായി മുന്നോട്ടുതള്ളിനിൽക്കുന്ന സിമന്റ് ഇരിപ്പിടങ്ങളും മുസ്ലീം വാസ്തുശില്പ മാതൃകയിലുള്ളതായിരുന്നു. വരാന്തയിൽ നിന്നും മുകളിലേക്ക് കയറാൻ മരം കൊണ്ടുള്ള ഏണിയും മുകളിൽ വരാന്തയിൽ മര അഴികളിട്ട ഇരിപ്പിടങ്ങളുമുണ്ടായിരുന്നു. ഏതോ മുസ്ലീം തറവാട് വീടിന്റെ പ്രതീതിയുണർത്തിയ ആ വരാന്തയിൽ വെച്ചാണ് പിന്നീട് ഞാൻ എൻ. പ്രഭാകരനെയും ഇബ്രായിനിക്കയെയും പോലുള്ള എന്റെ പല സുഹൃത്തുക്കളെയും സൽക്കരിച്ചിരുന്നത്.
മുകളിൽ നാടക റിഹേഴ്‌സലിന് പറ്റിയ ഒരു ഹാളും രണ്ട് മുറികളുമുണ്ടായിരുന്നു. സിപിഎം നരീക്കാംവള്ളി ബ്രാഞ്ച് കമ്മിറ്റി ഓഫീസും ‘ഭാവന’യുടെ ഓഫീസും പ്രവർത്തിച്ചിരുന്നത് ഇവിടെയായിരുന്നു. എന്റെ രാത്രികാല കിടപ്പും താമസവും ഇവിടെത്തന്നെ. ചുരുക്കത്തിൽ എന്റെ ഭൗതികവും കലാപരവുമായ ജീവിതത്തിനാധാരം ഈ കള്ള്ഷാപ്പ് കെട്ടിടം തന്നെ!
ഇതിനിടയിൽ അടിയന്തിരാവസ്ഥയുടെ മറ്റൊരു സമ്മാനമായി എനിക്ക് ലഭിക്കുമായിരുന്ന വലിയൊരപകടത്തിൽ നിന്നും ഏതോ നിയോഗത്താലെന്നപോലെ ഞാൻ രക്ഷപ്പെട്ടൊരു സംഭവമുണ്ടായി. കള്ള് നേരത്തെ തീരുന്ന ചില ദിവസങ്ങളിൽ ഞാൻ ഷാപ്പ് പൂട്ടി വെങ്ങരയിലുള്ള വീട്ടിലേക്ക് പോകാറുണ്ടായിരുന്നു. പയ്യന്നൂരിൽ നിന്നും അക്കാലത്ത് പഴയങ്ങാടിയിലേക്ക് ബസ്സകുൾ വളരെ കുറവ്. രാത്രി എട്ടരക്കാണ് അവസാന ബസ്സ്. നരീക്കാംവള്ളിയിൽ നിന്നും പിലാത്തറയിലേക്ക് നടന്നുതന്നെ എത്തണം. അക്കാലത്ത് ഓട്ടോറിക്ഷകളൊന്നും ഇന്നത്തെപ്പോലെ സാധാരണമായിരുന്നില്ല.
ഒരു നാൾ ഞാൻ രാത്രിയിൽ ഷാപ്പ് പൂട്ടി പിലാത്തറയിൽ എത്തുമ്പോഴേയ്ക്കും അവസാന ബസ്സ് പോയ്ക്കഴിഞ്ഞിരുന്നു! എനിക്ക് ശരിക്കും കരച്ചിൽ വന്നു. എന്തുചെയ്യും? തിരിച്ച് നരീക്കാംവള്ളിയിലേക്ക് നടന്നാൽതന്നെയും ഷാപ്പിൽ ഭക്ഷണവുമില്ല. പോരാഞ്ഞിട്ട് അടിയന്തിരാവസ്ഥ…. ലക്ഷ്യമില്ലാതലയുന്ന തെരുവുനായ്ക്കൾ….
എന്തുചെയ്യണമെന്ന് നിശ്ചയമില്ലാതെ ആ നാൽക്കവലയിൽ ഞാൻ പകച്ചുനിൽക്കെ ദൈവദൂതനെപ്പോലെ ഒരാൾ എന്റെ മുന്നിൽ പ്രത്യക്ഷനായി! പൗലോസ് മാസ്റ്റർ! മാടായി ഹൈസ്‌കൂളിൽ അദ്ധ്യാപകനായ അദ്ദേഹവും ഒരു നാടക പ്രവർത്തകനായിരുന്നു.
”എന്താ, ഗോപാലൻ ഇവിടെ? ഈ സമയത്ത്?
അന്നുമുതൽ എന്റെ നരീക്കാംവള്ളിയിലെ കിടപ്പ് ഒരു പരിചയക്കാരന്റെ വീട്ടിലായി. അടിയന്തിരാവസ്ഥ പിൻവലിക്കപ്പെടുന്നതുവരെ അത് തുടർന്നു.
പ്രശസ്ത കവിയും ഗാനരചയിതാവുമായ ഡോ. ആനന്ദ് ‘ഭാവന’യുടെ ഞാൻ സംവിധാനം ചെയ്ത നാടകങ്ങൾക്ക് പാട്ട് എഴുതിത്തന്നിരുന്നത് നരീക്കാംവള്ളി കള്ള് ഷാപ്പിൽ ഇരുന്നുകൊണ്ട്. എൻ. പ്രഭാകരൻ തന്റെ ആദ്യനോവലായ ‘തീയൂരിലെ കോമാളി’ എഴുതി പൂർത്തിയാക്കിയപ്പോൾ ആ നോവലിന്റെ കയ്യെഴുത്ത് പ്രതിയുമായി ധൃതിപിടിച്ചെത്തിയത് നരീക്കാംവള്ളി കള്ള്ഷാപ്പിൽ. ആ നോവലിന്റെ ആദ്യ വായനക്കാരനാവാൻ എനിക്ക് ഭാഗ്യം കിട്ടിയത് അങ്ങിനെ….
‘കയ്യൂർ വീരഗാഥ’ എന്ന ഡോക്ടർ ആനന്ദിന്റെ ഗാനനാടകം ഡോക്ടർ എന്നെക്കൊണ്ട് പാടിച്ചതും കള്ള്ഷാപ്പിൽ വെച്ച്. ‘ഓലക്കുടിലിന്റെ മുറ്റത്ത് തേന്മാവിൽ/ഓണനിലാവൂഞ്ഞാലാടിയെന്ന് പൂന്തേനരുവിയിൽ അന്തിനീരാടുന്ന/ചന്ദനക്കാറ്റ് നുണപറഞ്ഞു… എന്ന വരികൾ എനിക്കിന്നും കാണാപ്പാഠം.
നാകസംബന്ധിയായ ഇങ്ങനെ എത്രയോ ഓർമകൾ കള്ളുഷാപ്പുകളുമായി ബന്ധപ്പെട്ട് എന്റെ ജീവിതത്തിലുണ്ട്. അടിയന്തിരാവസ്ഥാക്കാലത്ത് വെങ്ങരയിൽ സ്ഥാപിച്ച സർക്കാർ പോസ്റ്ററുകൾക്ക് അക്ഷരഭേദങ്ങളിലൂടെ അർത്ഥവ്യത്യാസം വരുത്തിയതിന്റെ പേരിൽ പോലീസ് എന്നെ അന്വേഷിച്ചെത്തിയത് ജോലിസമയത്ത് വെങ്ങര കള്ള്ഷാപ്പിൽ!
എന്റെ ചില അനുഭവങ്ങളെ നാടകത്തിലാവാഹിക്കാനുള്ള എൻ. പ്രഭാകരന്റെ പരിശ്രമങ്ങളെ നിരുത്സാഹപ്പെടുത്തിയതും മാന്യതയില്ലാത്തതെന്ന് ചിലർ കരുതുന്ന എന്റെ അന്നത്തെ തൊഴിലിന്റെ പേരിൽ.
ഇബ്രാഹിം വെങ്ങരക്ക് വേണ്ടി അദ്ദേഹത്തിന്റെ ഗായകസുഹൃത്തായ സി.ഒ. ആന്റോയെ സൽക്കരിക്കാൻ വെങ്ങര ഷാപ്പിൽ നിന്നും കള്ളിൻകുടവുമായി എരിപുരം ടിബിയിൽ എത്തിയത് മറ്റൊരോർമ്മ… ആന്റോവിന് മുന്നിൽ പാടാൻ കഴിഞ്ഞത് മറ്റൊരു യാദൃച്ഛികത….
അതെ, ഓർമകൾക്ക് എന്ത് സുഗന്ധം!