“എത്ര വാടക വീട്ടിൻ മുറ്റമടിച്ചു ഞാൻ ” എന്ന് സുഗതകുമാരിയുടെ ഏതോ ഒരു കവിതയിൽ വരിയുണ്ട്. അവരുടെ ശബ്ദത്തിൽത്തന്നെ കവിത കേട്ടുകൊണ്ടിരിക്കവേ, വളരെ മുമ്പേ മനസ്സിൽ പതിഞ്ഞ വരിയാണത്. സ്വന്തം വീടു പണിയാത്തവരുടെ നിരാശാനിശ്വാസം അതിൽ പതിഞ്ഞു കിടക്കുന്നുണ്ട്. പക്ഷെ,ഒരിക്കലും വീടുണ്ടാക്കാൻ കഴിയാത്ത അനേകകോടികളുണ്ടെന്ന ബോധം ആ നിരാശയെ നിഷ്കാസനം ചെയ്യാറാണ് പതിവ്.
എൻ്റെ ജീവിതത്തിലെ അഞ്ചാമത്തെ വാടക വീടിൻ്റെ മുറ്റത്ത് അച്ഛൻ ഇരുന്നു വായിക്കുന്ന ഫോട്ടോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. മദ്രാസ് ക്രിസ്ത്രൻ കോളെജിൽ നിന്ന് കണ്ണൂർ സർവ്വകലാശാലയിൽ എത്തിയ സമയം. പള്ളിക്കുന്നിൽ, ആകാശവാണിയുടെ അടുത്ത്, ഒരു വീടാണ് താമസത്തിനു കിട്ടിയത്.നല്ല സൗകര്യമുള്ള സ്ഥലത്ത് സൗകര്യമുള്ള വീട്. ബസ്സിൽ മൂന്നു കിലോമീറ്റർ പോയാൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർവ്വകലശാല ആസ്ഥാനത്തെത്താം.
അപ്പോഴേക്കും ധർമ്മടത്തു നിന്ന് സ്വയം നിഷ്കാസിതരായിരുന്നു,അച്ഛനുമമ്മയും. അച്ഛനു തൊണ്ടയിൽ ബാധിച്ച അർബുദം എല്ലാവരേയും ഞെട്ടിക്കുകയും ആശങ്കാകുല രാക്കുകയും ചെയ്തിരുന്നു.ചെന്നൈ യിൽ ഞങ്ങളുടെ വാടക വീട്ടിൽ താമസിച്ചു കൊണ്ടാണ് നാല്പത് ആഴ്ചകളിലധികം നീണ്ടു നിന്ന റേഡിയേഷൻ ചികിത്സ വളരെ ഫലപ്രദമായി അച്ഛൻ പൂർത്തിയാ ക്കിയത്. ടി.കെ.രാമകൃഷ്ണനും എം.എ.ബേബിയും അവിടെ അച്ഛനെ കാണാൻ എത്തിയിരുന്നു.ചെന്നൈയിലെ അസാധാരണമായ ചൂടിൽ ചില വൈകുന്നേരങ്ങളിൽ പഴുത്തു ചുവന്ന കഴുത്തും വേദനയുമായി മഹാലക്ഷ്മി നഗറിലെ ചിദംബരനാർ തെരുവിലെ രണ്ടാം നമ്പർ വീട്ടിൻ്റെ മുറ്റത്ത് അച്ഛൻ പതുക്കെ നടക്കാറുണ്ടായിരുന്നു. അതികഠിന നോവു കാലത്തും അസാമാന്യമായ ആത്മധൈര്യമായിരുന്നു, അച്ഛനു്. തിരിച്ച് ധർമ്മടത്തെത്തിയതിനു ശേഷം അമ്മയ്ക്ക് അവിശ്വസനീയമായ നിരാലംബത അനുഭവപ്പെട്ടു.ധർമ്മടത്തു നിന്ന് കൊടുങ്ങല്ലൂരേക്ക് മാറാനുള്ള കാരണം ആ നിരാലംബബോധമാണ്.
പിന്നെ ഞാൻ കണ്ണൂരെത്തിയതുകൊണ്ട്, ചിലപ്പോൾ കൊടുങ്ങല്ലൂരിൽ നിന്ന് വന്ന് ഞങ്ങളുടെ കൂടെ കുറച്ചു ദിവസം താമസിക്കും. പ്രത്യേകിച്ച്, അച്ഛന് പ്രസംഗപരിപാടികൾ എന്തെങ്കിലുമു ണ്ടെങ്കിൽ. അന്നേരം അച്ഛന് ഇവിടത്തെ സുഹൃത്തുക്കളെയും ശിഷ്യന്മാരേയും കാണാൻ കഴിഞ്ഞു. 2006 ഏപ്രിലിൽ എം.പി.കുമാരൻ മാഷ് വിട പറഞ്ഞപ്പോൾ അച്ഛനുമമ്മയും അവസാനമായി ഒന്നു കാണാൻ കാറിൽ തിരക്കിട്ടെത്തി .അപ്പോഴേക്കും മുഴപ്പിലങ്ങാട്ടെ ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചിരുന്നു. അച്ഛൻ കുമാരൻ മാഷെക്കണ്ട് വല്ലാതെ ഉലഞ്ഞു പോയി. അമ്മ വല്ലാതെ നിലവിളിച്ചു.ധർമ്മടത്തെ ആദ്യത്തെ വാടക വീട്ടിൻ്റെ മുറ്റം കയറിവരാറുള്ള ആദ്യ ശിഷ്യന്മാരിൽ ഒരാളായിരുന്നു, അധ്യാപകനും ചരിത്രകാരനും വിവർത്തകനുമായ എം.പി.കുമാരൻ മാഷ്.
ധർമ്മടത്തെ 6/106 എന്ന മേൽവിലാസമുള്ള വീട്ടിൻ്റെ മുറ്റം കയറിയാണ് ജി.ശങ്കരക്കുറുപ്പും എൻ.വി കൃഷ്ണവാര്യരുമൊക്കെ വർഷത്തിലൊരിക്കൽ വന്നിരുന്നത്. കേരള സാഹിത്യ സമിതിയുടെ തലശ്ശേരി ശാഖാ വാർഷികത്തിന് ഇങ്ങനെ പലരും എത്തും. കാലിക്കറ്റ് സർവ്വകലാശാലയി ലേക്ക് മാറുന്നതിനു മുമ്പ് എം.എസ്.മേനോൻ മാഷ് ഇടവഴിയിലൂടെ പടികൾ കയറി മുറ്റം കടന്ന് പതിവായെത്തും.
ആ വീട്ടിൻ്റെ മൂന്നു ഭാഗവും മുറ്റമുണ്ടായിരുന്നു.അത് ഞങ്ങൾ കുട്ടികൾക്ക് ഗോട്ടിയും സിർക്കയും ആകാശവും ഭൂമിയും ക്രിക്കറ്റും ഫുട്ബോളും നാടകവും കളിക്കാനുള്ള ഇടങ്ങളായിരുന്നു. തുമ്പു കെട്ടിയ മുറ്റത്തിനപ്പുറം പറമ്പിൽ അച്ഛൻ നെല്ലും കപ്പയും വാഴയും വെണ്ടയുമൊക്കെ കൃഷി ചെയ്തു.മാവും തെങ്ങും സപ്പോട്ടയും ബിലുബിയും അരിനെല്ലിയും പേരയും പ്ലാവുമൊക്കെ വെച്ചുപിടിപ്പിച്ചു. ഓല മേഞ്ഞ വീട് വർഷാവർഷം പുതുക്കി മേയുമ്പോൾ മുറ്റം മഴുവനും മെടഞ്ഞ പുതിയ ഓലക്കെട്ടുകൾ കൊണ്ടും കരിച്ചോല കൊണ്ടും മൂടും. അന്ന് മേയാൻ വരുന്ന കരുണേട്ടൻ്റെയും രോഹിണിയേച്ചിയുടേയും കൂടെ ഞങ്ങളും കഞ്ഞിയും ചെറുപയറു കറിയും കഴിക്കും.
1980 ൽ ആണ് ധർമ്മടത്തു തന്നെ മീത്തലെപ്പീടികയിൽ നിന്ന് പരീക്കടവിലേക്ക് പോകുന്നിടത്തെ “കരുണ ” എന്ന വാടക വീട്ടിലേക്ക് മാറിയത്. ചെറിയ മുറ്റം തുമ്പു മാറ്റി അച്ഛൻ തന്നെ വലുതാക്കി. പഴയ വീട്ടിലേതെന്ന പോലെ അവിടേയും മരങ്ങളും ചെടികളും വെച്ചുപിടിച്ചു. ഏഴെട്ടു വർഷങ്ങൾ ഇരിക്കാൻ പോലും കഴിയാതെ ഭഗന്ദരം കൊണ്ട് അച്ഛൻ വലഞ്ഞു. താനുണ്ടാക്കിച്ച മുറ്റത്ത് ഒന്നുലാത്താനുള്ള അരോഗ്യം പോലും അച്ഛന് പലപ്പോഴും ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളും ശിഷ്യരും ഇടവഴിയിലെ പടികൾ കയറി,മുറ്റം കടന്ന് എന്നും വരും. ഇരിക്കാൻ സ്ഥലമില്ലാതാകുമ്പോൾ ആദ്യം വന്നവർ പതുക്കെ മുറ്റത്തേക്കും ഇടവഴിയിലേക്കും മാറിനില്ക്കും. ഈ കാലത്താണ് കേസരി. എ. ബാലകൃഷ്ണപ്പിള്ളയുടെ കൃതികൾ സമാഹരിക്കുന്ന ഭഗീരഥയത്നം നടക്കുന്നത്. ഡോ.യു.വി.കുമാരൻ, സി. കൃഷ്ണദാസ് എന്നീ ശിഷ്യന്മാരാണ് നൂറുക്ക് നൂറും ഇക്കാര്യത്തിൽ അച്ഛൻ്റെ സഹായത്തിനുണ്ടായിരുന്നത്. ലേഖനങ്ങൾ പകർത്തിയെടുത്ത് തളരുമ്പോൾ ഇവർ രണ്ടു പേരും മുറ്റത്തേക്കിറങ്ങി നില്ക്കും. ഡോ. ടി.പി.സുകുമാരൻ മാഷും പിന്തുണച്ചു.
കൊടുങ്ങല്ലൂരിലെ “കരുണ”യിലേക്ക് റോഡിൽ നിന്ന് നീളമുള്ള ഒരു നടവഴി ഉണ്ട്. അതിൻ്റെ ഇരുവശത്തും കവുങ്ങുകൾ വെച്ച് പിടിപ്പിക്കാൻ അച്ഛൻ ശ്രമിച്ചു. കുറേയെണ്ണം പിടിച്ചു കിട്ടി. മുന്നിലത്തെ മുറ്റത്തിന് തൊട്ടുപുറത്ത്, സാവിത്രിട്ടീച്ചറുടെ ഏച്ചി, രേവതിയേച്ചിയുടെ,കണ്ണൂരെ ആറാംകോട്ടം എന്ന സ്ഥലത്തെ, വീട്ടിൽ നിന്ന് തേൻവരിക്കയുടെ ചക്കക്കുരു കൊണ്ടുപോയി നട്ടു. അച്ഛൻ പോയ കൊല്ലമാണ് അത് ആദ്യമായി കായ്ച്ചത്.
രാഷ്ട്രീയമായ സംവാദങ്ങൾ കനത്ത കാലമാണത്. അച്ഛൻ തന്നെ ഫ്രോയിഡിനെക്കുറിച്ചു പറഞ്ഞ പോലെ പഴയ സംഘങ്ങളിൽ പലരും തള്ളിപ്പറയുകയും പുതിയ സംഘങ്ങൾ രൂപീകൃതമാവുകയും ചെയ്തു. മുറ്റത്തെ വെയിലിൽ നിന്ന് മാറി വരുന്നവർക്ക് ഇരിക്കാനും സംസാരിക്കാനും പറ്റുന്ന ഒരു ചെറിയ ഹാൾ പോലുള്ള പൂമുഖം പണിയണമെന്ന് അച്ഛന് ആഗ്രഹമുണ്ടായി. മേൽക്കൂരയ്ക്കു താഴെ തൊഴിലാളികൾ തറയോടുകൾ പാകിക്കൊണ്ടിരിക്കുന്നത് കണ്ടു കൊണ്ടാണ് അന്നത്തെ ശാസ്ത്രസാഹിത്യ പരിഷത്ത് കൊടുത്ത മാനനഷ്ടക്കേസിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ, ഗംഭീര വിധിയുണ്ടായത് ലോകത്തെ അറിയിക്കാനായി തൃശൂർ പ്രസ് ക്ലബ്ബിലേക്ക് അച്ഛനും കൂട്ടരും പോയത്.