kodiyeri-kb

കോടിയേരി ഓർമകളിൽ പാറുന്ന കൊടി

സ്‌നേക്ക് പാർക്ക് കത്തിച്ചതിനെത്തുടർന്ന് ,സുഗതകുമാരിയടക്കമുള്ളവരുടെ ‘സമര’ത്തെ നേരിടുന്നതിന്റെ ഭാഗമായി വിജയൻ മാഷോട് ഞാൻ അഭ്യർഥിച്ചു– “പാർട്ടി പ്രവർത്തകർക്ക് നിന്നു പറയാൻ പറ്റുന്നതരത്തിൽ ആത്മവിശ്വാസം നൽകാൻ എന്തെങ്കിലും ചെയ്യണം.” കോടിയേരിയുമായി സംസാരിച്ചാണ് അത് ചെയ്തത്.

ആ കാലത്ത് എം.എൻ വിജയൻ ചെയ്ത വിവാദമായ പ്രസംഗത്തിൻ്റെ പിന്നിലെ കഥയും കോടിയേരി ബാലകൃഷ്ണൻ എന്ന സർഗാത്മക രാഷ്ട്രീയ നേതാവിനെക്കുറിച്ചും ഒരു തുറന്നെഴുത്ത്.

കോടിയേരി
ഓർമകളിൽ പാറുന്ന കൊടി

കെ.ബാലകൃഷ്ണൻ

 

കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നതേയില്ല. ഒക്ടോബർ ഒന്നിന് രാത്രി എട്ടുമണിയോടെയാണ് ഒരു ചാനൽ സുഹൃത്ത് വിളിച്ച് സൂചിപ്പിച്ചത്, മദ്രാസിൽനിന്ന് ഏറ്റവും ദുഖകരമായ വാർത്ത വരാൻ പോകുന്നു….അപ്പോൾ ഓൺലൈനിൽ വന്ന വാർത്ത ഓർമിച്ചു… മുഖ്യമന്ത്രിയും മറ്റ് ഏതാനും മന്ത്രിമാരും ഫിൻലാന്റിൽ പോകേണ്ടിയിരുന്ന പരിപാടി മാറ്റിവെച്ചു. മുഖ്യമന്ത്രി നാളെ രാവിലെ ചെന്നൈയിലേക്ക് പോകും, എം.വി.ഗോവിന്ദൻ മാഷ് ചെന്നൈയിലേക്ക് പോയിക്കഴിഞ്ഞു എന്നും വാർത്തയിലുണ്ടായിരുന്നു… അപ്പോൾ ഉറപ്പിച്ചു…. സംഭവിച്ചിരിക്കുന്നു, ഏതുനിമിഷവും വാർത്ത വരാം… തയ്യാറെടുത്തുകൊള്ളാനുള്ള സൂചനയാണ്…. പിന്നെ അന്നുറങ്ങിയില്ല….

തലശ്ശേരി ടൗൺഹാളിലും കോടിയേരിയിലും പിന്നെ കണ്ണൂർ നഗരത്തിലും രണ്ടുദിവസം ജനലക്ഷങ്ങൾ വിങ്ങിപ്പൊട്ടിനിന്നത്, വല്ലാത്ത നീറ്റലോടെയാണ് കണ്ടത്… കോടിയേരി എന്ന നേതാവ് കക്ഷരാഷ്ട്രീയഭേദമെന്യെ കേരളജനതയുടെ പ്രിയങ്കരനായിരുന്നുവെന്ന് വിളിച്ചറിയിക്കുന്ന അനുഭവങ്ങൾ…

കോടിയേരിയെ എപ്പോഴാണ് ആദ്യമായി കണ്ടതെന്ന്ഓർത്തുനോക്കി.. അടിയന്തരാവസ്ഥക്കാലത്ത് ഒരു നിവേദനത്തിൽ ഒപ്പിട്ട കാര്യം നേരിയ ഓർമയുണ്ട്… മിസ പ്രകാരം തടവിലാക്കിയ കോടിയേരി ബാലകൃഷ്ണനെ വിട്ടയക്കുക എന്ന ആവശ്യമുയർത്തി നിവേദനം… എസ്.എഫ്.ഐ.യുടെ പ്രമുഖനേതാക്കളിൽ ആദ്യം പരിചയപ്പെട്ടത് പി.ജയരാജനെയാണ്.. 1976 ഏപ്രിലിലോ മെയ് മാസമോ താഴെ ചൊവ്വക്കടുത്ത് സ്പിന്നിങ്ങ് മില്ലിലെ സൗകര്യംകൂടി ഉപയോഗപ്പെടുത്തി നടത്തിയ ജില്ലാ ക്യാമ്പ്…. അന്ന് പി.ജയരാജനാണ് ജില്ലാ സെക്രട്ടറി. ജില്ലാതലത്തിലുള്ള ക്യാമ്പാണെങ്കിലും പതിനഞ്ചോ ഇരുപതോ പേർ മാത്രമാണ് പങ്കെടുത്തത്. ക്ലാസെടുത്തതും പ്രാദേശികനേതാക്കൾ… പ്രധാനമായും എളയാവൂരിലെ കെ.സി.മാധവൻ മാഷും പട്ടുവത്തെ സി.എച്ച്.കുഞ്ഞിരാമൻ മാഷും…പിന്നീട് ഏതാനും മാസത്തിന് ശേഷം എസ്.എഫ്.ഐ.യുടെ ജില്ലാ കൺവെൻഷൻ പരസ്യമായിത്തന്നെ കണ്ണൂർ മുനിസിപ്പൽ സ്‌കൂളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് എം.എ. ബേബിയെ ആ സമ്മേളനത്തിൽ വെച്ചാണ് ആദ്യം കാണുന്നത്. വളരെ കുറച്ച് പ്രതിനിധികൾ മാത്രം പങ്കെടുത്ത ദ്വിദിന സമ്മേളനത്തിൽ പ്രസംഗം മാത്രമല്ല പാട്ടും ബേബിയുടെ വകയായിരുന്നു. ബേബിയാണ് കോടിയേരി ദീർഘകാലമായി ജയിലിൽ കഴിയുന്നതിനെക്കുറിച്ച് വിശദീകരിച്ച് പ്രസംഗിച്ചത്. പിന്നീട് അടിയന്തരാവസ്ഥക്ക് അയവുവരുത്തിയപ്പോൾ 1977 ജനുവരി അവസാനം തലശ്ശേരിയിൽ ജില്ലാ സമ്മേളനം. ജയിൽമോചിതനായി എത്തിയ കോടിയേരിയാണ് സമ്മേളനത്തിൽ എല്ലാവരുടെയും ആരാധനാപാത്രം. സമ്മേളനം നടക്കുന്ന സ്‌കൂളിന്റെ മുറ്റത്ത് ബേബിയുമായി സംസാരിച്ചുനിൽക്കുകയാണ് കോടിയേരി. കണ്ണൂർ മുനിസിപ്പൽ സ്‌കൂളിലെ കൺവൻഷനിൽ ബേബിയുമായി പരിചയപ്പെട്ടതിന്റെ ബലത്തിൽ അവർക്കടുത്തേക്ക് പോയി. സ്‌കൂൾ വിദ്യാർഥികളായ പ്രതിനിധികൾ എന്ന നിലയിൽ ഞങ്ങളോട് പ്രത്യേക താല്പര്യത്തോടെ ഇരുവരും പെരുമാറി.. ഏതാനും ആഴ്ചകൾക്ക് ശേഷം തലശ്ശേരിക്കടുത്ത് കൊളശ്ശേരി കാവുംഭാഗത്ത് ദേശാഭിമാനി ബാലസംഘത്തിന്റെ ജില്ലാ പഠനക്യാമ്പ്. കരയത്തിൽ നാരായണനടക്കമുള്ളവരാണ് ക്ലാസെടുത്തത്. രണ്ടാംദിവസം നിലവിലെ രാഷ്ട്രീയസാഹചര്യത്തെപ്പറ്റി കോടിയേരിയുടെ ക്ലാസ്. ഒന്നര മണിക്കൂറോളം ക്ലാസെടുത്ത ശേഷം സംശയങ്ങൾ ചോദിക്കാനുള്ള അവസരം തന്നു.

പി ജയരാജൻ

അക്കാലത്ത് സച്ചിദാനന്ദന്റെ കവിതകളുടെ( ദേശാഭിമാനി വാരികയിലും ഓണപ്പതിപ്പിലും വരുന്ന കവിതകൾ) വലിയ ആരാധകനായിരുന്ന ഞാൻ സച്ചിയെക്കുറിച്ചുള്ള ഒരു ചോദ്യം ചോദിച്ചു. നക്‌സലൈറ്റ് തീവ്രവാദികൾ എസ്.എഫ്.ഐ.ക്കകത്ത് നുഴഞ്ഞുകയറി സഖാക്കളെ അടർത്തിക്കൊണ്ടുപോകുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ക്ലാസിൽ കോടിയേരി പറയുകയുണ്ടായി. സച്ചിദാനന്ദന്റെ പേരും സൂചിപ്പിച്ചു. ഇത്രയും മികച്ച വിപ്ലവകവിതകളെഴുതുന്ന സച്ചിദാനന്ദനെപ്പോലെയുള്ളവരെ അകറ്റുന്നതു ശരിയോ എന്നായിരുന്നു എന്റെ ചോദ്യം. കോടിയേരി വളരെ വിശദമായി അതിന് മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ കവിതകളൊക്കെ നല്ലതുതന്നെ, പക്ഷേ അതിലൂടെ നമ്മുടെ പ്രവർത്തകരെ ആകർഷിച്ച് വ്യതിയാനമുണ്ടാക്കുന്നു, ‘ഉടൻ വിപ്ലവം’ പ്രചരിപ്പിക്കുന്നു. അദ്ദേഹം അധ്യാപകനായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ മാഗസിനിൽ സി.പി.ഐ.എം.എല്ലിന്റെ ആശയങ്ങൾ വൻതോതിൽ കുത്തിത്തിരുകി. എസ്.എഫ്.ഐ. പ്രവർത്തകരെ സ്വാധീനവലയത്തിലാക്കിയാണത് ചെയ്തത്. ഇത്തരം ഗൂഢനീക്കങ്ങളെ ജാഗ്രതയോടെ കണ്ടുകൊണ്ടുവേണം അവരുമായി സഹകരിക്കാൻ എന്നാണ് കോടിയേരി എന്റെ ചോദ്യവുമായി ബന്ധപ്പെട്ട് മറുപടി പറഞ്ഞത്.

കോടിയേരിയുമായി അടുത്ത് ബന്ധപ്പെടുന്നത് പിന്നെയും ദീർഘകാലം കഴിഞ്ഞാണ്. കണ്ണൂർ രാഷ്ട്രീയം കലങ്ങിമറിഞ്ഞ തൊണ്ണൂറുകളുടെ ആദ്യപാദം. കോടിയേരി പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട് ഏതാനും മാസത്തിനകം ഞാൻ ദേശാഭിമാനിയുടെ കണ്ണൂർ ബ്യൂറോവിന്റെ ചുമതലക്കാരനായി എത്തി. കോടിയേരി കണ്ണൂർ ജില്ലാ സെക്രട്ടറിയായത് യാദൃഛികമായാണ്. പിണറായി വിജയൻ ജില്ലാ സെക്രട്ടരിയായതിനെ തുടർന്ന് ജില്ലാ സെക്രട്ടരിയായി നിയോഗിച്ചത് ടി.ഗോവിന്ദനെയായിരുന്നു. സംഘടനാപ്രശനവുമായി ബന്ധപ്പെട്ട് ടി.ഗോവിന്ദനെ സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിനെ തുടർന്ന് പകരക്കാരനായാണ് കോടിയേരി വരുന്നത്.

തലശ്ശേരിയിൽനിന്ന് രണ്ടാംവട്ടവും എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ട് നിയമസഭയിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയായിരുന്നു അപ്പോൾ കോടിയേരി. നിയമസഭാംഗമായിരിക്കെ സെക്രട്ടറിയാക്കുന്നത് ശരിയാവില്ലെന്ന് അഭിപ്രായമുയർന്നിരുന്നു.എന്നാൽ കോൺഗ്രസ്സിൽനിന്നും ആർ.എസ്.എസ്സിൽനിന്നും നിരന്തര വെല്ലുവിളി നേരിടുന്ന കണ്ണൂർ പാർട്ടിയെ നയിക്കാൻ കോടിയേരിയെത്തന്നെ നിയോഗിക്കുന്നതാവും ഉചിതം എന്ന ഉറച്ച നിലപാട് നായനാരടക്കമുള്ളവർ സ്വീകരിച്ചതിനാൽ കോടിയേരി ജില്ലാ സെക്രട്ടറിയാവുകയായിരുന്നു.

1991 മുതൽ 95 വരെയുള്ള കണ്ണൂർ രാഷ്ട്രീയം കലാപക കലുഷിതമായിരുന്നു. ഓരോ ദിവസവും പുതിയപുതിയ പ്രശ്‌നങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.. കോടിയേരി എന്ന രാഷ്ട്രീയനേതാവിനെ രൂപപ്പെടുത്തുന്നതിൽ ആ വെല്ലുവിളിക്കാലത്തിന് വലിയ പങ്കുണ്ട്. ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ എന്റെ വളർച്ചയിലും അക്കാലം നിർണായകമായി. ദേശാഭിമാനിയുടെ കണ്ണൂർ ബ്യൂറോ പ്രവർത്തിച്ചിരുന്നത് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന അഴീക്കോടൻ സ്മാരകമന്ദിരത്തിലാണ്. ദേശാഭിമാനി ബ്യൂറോവിന്റെ മുമ്പിലൂടെയാണ് ടോയ്ലറ്റിലേക്ക് പോകേണ്ടത്. ബ്യൂറോവിന്റെ മുമ്പിലെ വരാന്തയിലാണ് പാർട്ടി ഓഫീസിലെ വായനശാല– അതായത് വലിയൊരു മേശ..അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് ബെഞ്ച്. മലയാളത്തിലെ മിക്ക പത്രങ്ങളും വാരികകളും ഹിന്ദുവും ഇന്ത്യൻ എക്‌സ്പ്രസ്സും മേശമേലുണ്ടാവും. വീട്ടിൽനിന്ന് പത്രവായന കഴിഞ്ഞശേഷം വരുന്ന കോടിയേരി മേശമേൽ കൈകളൂന്നി കുനിഞ്ഞുനിന്ന്, വീട്ടിൽ വാങ്ങാത്ത പത്രങ്ങളിലൂടെ വിഹഗവീക്ഷണം നടത്തുന്നത് പതിവാണ്.. സമീപത്തുനിൽക്കുന്നവരോടും ഇരിക്കുന്നവരോടും അന്നത്തെ വാർത്തകളെക്കുറിച്ച് ചില പ്രതികരണങ്ങളും ആ സമയത്തുണ്ടാവും. ആ ദിവസം ഇടപെടേണ്ട വിഷയങ്ങൾ, പ്രതികരിക്കേണ്ട സംഭവങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ധാരണയുണ്ടാക്കുന്നതിന്റെ പ്രാരംഭമാണ് ആ വായനയും പ്രതികരണങ്ങളും..

വലിയ വെല്ലുവിളികളും സംഭവങ്ങളുമാണ് നേതൃശേഷി പ്രകടിപ്പിക്കുന്നതിന് ലഭിക്കുന്ന അവസരം. കോൺഗ്രസ്സിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്ന കാലമായിരുന്നു അത്. എൻ.രാമകൃഷ്ണന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് കെ.സുധാകരൻ ഉയർന്നുവരാൻ തുടങ്ങുകയാണ്. സംഘടനാ തിരഞ്ഞെടുപ്പിൽ ഭീഷണിയും പലതരം കാലുവാരലുകളുമുണ്ടായി. അതുസംബന്ധിച്ച് ദേശാഭിമാനിയിൽ ദീർഘമായ വാർത്തയും വിശകലനവും കൊടുത്തപ്പോൾ മനോരമ ലേഖകനെ( പി.ഗോപി) വ്യക്തിപരമായി പേരെടുത്ത് വിമർശിക്കുന്ന ഒരു വാചകമുണ്ടായിരുന്നു. കോടിയേരി പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് മുറിയിലേക്ക് എന്ന വിളിച്ചു. വാർത്ത വളരെ നന്നായി എന്ന് ആദ്യം അഭിനന്ദിച്ചു. അഭിനന്ദിക്കാനായിരുന്നില്ല വിളിച്ചതെന്ന് അടുത്ത വാചകം കേട്ടപ്പോൾ മനസ്സിലായി. മറ്റു പത്രങ്ങളെ വേണ്ടിവന്നാൽ വിമർശിക്കാം, പക്ഷേ ലേഖകന്റെ പേരെടുത്ത് പറഞ്ഞ് രാഷ്ട്രീയമുദ്രകുത്തി വിമർശിക്കാൻ പാടില്ലായിരുന്നു, നിങ്ങൾ ലേഖകർ തമ്മിൽ സൗഹൃദം വേണ്ടതല്ലേ…അമിതാവേശം, പാടില്ല, പാർട്ടി പത്രമാണെങ്കിലും പത്രം എന്ന നിലയിലേ പെരുമാറിക്കൂടൂ- കോടിയേരി പറഞ്ഞു. അതൊരു പാഠമായിരുന്നു.

അക്കാലത്ത് റിപ്പോർട്ടെടുക്കാൻ പോകുന്നതിന് ദേശാഭിമാനിക്ക് പ്രത്യേകം വാഹനമില്ല. പ്രധാന പരിപാടികളുണ്ടാവുമ്പോൾ ലേഖകനെയും ഫോട്ടോഗ്രാഫറെയും പാർട്ടി ജില്ലാ സെക്രട്ടറിയുടെ വാഹനത്തിൽതന്നെയാണ് കൂട്ടുക. രാഷ്ട്രീയമായി വിശദമായ മറുപടി പറയേണ്ട വിഷയങ്ങളാണെങ്കിൽ കോടിയേരി പറയും, ബാലകൃഷ്ണൻ വരുന്നോ– വളരെ സന്തോഷത്തോടെ പോകും.. അങ്ങനെ എത്രയെത്ര പ്രസംഗങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നതിന് കണക്കില്ല… എഴുതിയെടുക്കാതെ പ്രസംഗം റിപ്പോർട്ട് ചെയ്യാൻ ശീലിച്ചത് എം.എൻ.വിജയൻ മാഷുടെ പ്രസംഗം റിപ്പോർട്ടു ചെയ്തുകൊണ്ടാണ്. വിജയൻ മാഷുടെ പ്രസംഗം എഴുതിയെടുക്കാൻ ശ്രമിച്ചാൽ അതിന്റെ സൗന്ദര്യാനുഭവം നഷ്ടപ്പെടുമെന്നതിനാൽ ഒരിക്കലും എഴുതിയെടുത്തിട്ടില്ല. പി.എം. താജിനെപ്പററി കോഴിക്കോട് ടൗൺഹാളിൽ നടത്തിയ ഉജ്ജ്വല പ്രസംഗം ഓർത്തെഴുതി ഒരു ലേഖനമായിത്തന്നെ പ്രസിദ്ധപ്പെടുത്താൻ സാധിച്ചതിന്റെ ഓർമയിൽ ഇന്നും അഭിമാനമുണ്ട് അതൊരു കഴിവും കഴിവുകേടുമായിരുന്നു. രണ്ടും ഒരേ സമയത്ത് സാധിക്കാത്ത പ്രശ്‌നം. കോടിയേരിയുടെ പ്രസംഗവും ഒരിക്കലും എഴുതിയെടുത്തിട്ടില്ല. ഇ.എം.എസ്സിന്റെ പ്രസംഗം പൂർണമായും എഴുതിയെടുക്കുമായിരുന്നു, അതിന് സാവകാശം കിട്ടുമായിരുന്നു.. പറഞ്ഞുവന്നത് പ്രസംഗം റിപ്പോർടിങ്ങിൽ യഥാർഥ സ്വയംപരിശീലനം കോടിയേരിയുടെ പ്രസംഗങ്ങൾ കേട്ടുകൊണ്ടാണ്. കോടിയേരി നന്നായി പ്രിപ്പേർ ചെയ്ത് പ്രസംഗിക്കാറുണ്ട്. ക്യാമ്പയിനുകളുമായി ബന്ധപ്പെട്ട സാധാരണ പ്രസംഗങ്ങളാണ് പ്രിപ്പേർ ചെയ്യുക. ആക്ഷേപഹാസ്യം നന്നായി വഴങ്ങുന്ന ആളാണ് കോടിയേരി. പിൽക്കാലത്ത് സ്വാഭാവിക ചാരുതയോടെ അതങ്ങനെ പ്രവഹിച്ചുവെങ്കിലും ആദ്യകാലത്ത് തയ്യാറെടുപ്പ് ഉണ്ടായിരുന്നു. നാട്ടുകാരനായ സഞ്ജയന്റെ സ്മ്പൂർണകൃതികൾ കോടിയേരിക്ക് ഏറെ ഇഷ്ടമായിരുന്നു.

എം. എൻ. വിജയൻ

സഹകരണ മന്ത്രി എം.വി.രാഘവൻ സി.പി.എം. നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഓഡിനൻസ് കൊണ്ടുവന്നതാണ് ജില്ലാ സെക്രട്ടറിയെന്ന നിലയിൽ കോടിയേരി നേരിട്ട ആദ്യത്തെ ഏറ്റവും വലിയ വെല്ലുവിളി. സഹകരണസംഘങ്ങളുടെ ഭരണകാലാവധി അഞ്ച് വർഷമായിരുന്നത് മൂന്ന് വർഷമായി കുറക്കുകയായിരുന്നു. നിരവധി സംഘങ്ങളിൽ അഡ്മിനിസ്ട്രറ്റർ ഭരണമായി. എ.കെ.ജി.ആശുപത്രി ഭരണം തിരിച്ചുപിടിക്കുകയായിരുന്നു എം.വി.ആറിന്റെ ആത്യന്തികലക്ഷ്യം. എ.കെ.ജി ആശുപത്രിയിൽ അഡ്മി നിസ്‌ട്രേറ്റർമാരെ നിയോഗിച്ചെങ്കിലും ഉപരോധം കാരണം അവർക്ക് ചുമതലയേൽക്കാനായില്ല. അമ്പത് ദിവസമാണ് ഉപരോധംനടന്നത്. അഡ്മിനിസ്ട്രറ്ററായി നിയോഗിക്കപ്പെടുന്നവർക്ക് ഭീഷണിയുണ്ടായി.. നിരന്തര പ്രശ്‌നങ്ങൾ.. അക്രമം പോലീസ് നടപടി, അറസ്റ്റ്…. ഒടുവിൽ ആശുപത്രിയിലെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോൾ സി.പി.എം. ഭരണസമിതിയുടെ കാലത്ത് ചേർത്ത അയ്യായിരത്തോളം മെമ്പർമാർ ഔട്ട്. ഒ.ഭരതൻ പ്രസിഡന്റായ ഭരണസമിതി ചേർത്ത അംഗങ്ങളുടെ പേർ മിനുട്‌സിൽ കൃത്യമായി ചേർക്കാൻവിട്ടുപോയതിനാൽ ചട്ടവിരുദ്ധമെന്ന് വരുകയായിരുന്നു. ആ ഭരണസമിതിയുലുണ്ടായിരുന്നവരെ പാർട്ടി രഹസ്യമായി വിമർശിച്ചെങ്കിലും പുറത്ത് അംഗത്വം തള്ളിയ സർക്കാർ നടപടിക്കെതിരെ ആഞ്ഞടിച്ചു. മൂവായിരേേത്താളം പോലീസുകാരെ ഇറക്കിയാണ് തിരഞ്ഞെടുപ്പ് യു.ഡി.എഫ്. സർക്കാർ അട്ടിമറിച്ചത്. വ്യാജ ഐഡന്റിറ്റി രജിസ്റ്ററും വ്യാജ ഐഡന്റിറ്റി കാർഡുമാണ് ഉപയോഗിച്ചത്.

എം.വി. രാഘവൻ

എ.കെ.ജി.ആശുപത്രി തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദിവസേന കോടിയേരിയുടെ പ്രസ്താവനകൾവന്നു. സംസ്ഥാനതലത്തിലുള്ള പ്രസ്താവനകൾ. ആ പ്രസ്താവനകൾ തയ്യാറാക്കുന്നത് രാഷ്ട്രീയകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഈ ലേഖകന് വൈദഗ്ധ്യമുണ്ടാക്കിയെന്താണ് സത്യം. പിൽക്കാലത്ത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടരിയെന്ന നിലയിൽ പ്രസംഗങ്ങൾ, പ്രസ്താവനകൾ, ലേഖനങ്ങൾ എന്നിവ തയ്യാറാക്കുന്നതിന് ആ സ്വയം പരിശീലനം സഹായകമായി. എ.കെ.ജി. ആശുപത്രി തിരഞ്ഞെടുപ്പ് ദിവസവും തലേന്നും ജില്ലയിൽ ബന്ദായിരുന്നു. ആദ്യദിവസം ദേശാഭിമാനിയിൽ എന്റെ ബൈലൈനിൽ ഒന്നാം പേജിൽ മുകളിൽ എട്ടുകോളത്തിൽ ഒരു റൈറ്റപ്പ് വന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതുപ്രകാരം വൈകാരികമായി ഒരു ഐറ്റം. ത്രസിപ്പിക്കുന്നതും പ്രകോപിപ്പിക്കുന്നതും സാഹസത്തിനുപോലും പ്രേരകവുമായ റൈറ്റപ്പ്…– ആയിരക്കമക്കിന് സഖാക്കൾ തിരഞ്ഞെടുപ്പ് അട്ടിമറി തടയാൻ കണ്ണൂരിലെത്തി എന്തിനും തയ്യറായി നിന്നെങ്കിലും ഒന്നും സംഭവിച്ചില്ല- എം.വി.രാഘവന്റെ ലക്ഷ്യം വിജയം കണ്ടു. പോളിങ്ങ് ബൂത്തിൽ സുശീലാ ഗോപാലനും ഇ.പി.ജയരാജനടക്കമുള്ളവരും ആക്രമിക്ക്‌പ്പെട്ടതിൽ പ്രതിഷേധിച്ച് ഒട്ടേറെ അനിഷ്ട സംഭവങ്ങളുണ്ടായി പറശ്ശിനിക്കടവ് സ്‌നേക്ക് പാർക് കത്തിച്ച സംഭവമാണതിൽ പ്രധാനം. മിണ്ടാപ്രാണികളെ കൊലചെയ്ത സംഭവം സംസ്ഥാനത്താകെ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി.. എങ്ങനെ നേരിടും എന്നത് വലിയ ചോദ്യചിഹ്നമായി.. എല്ലാ പത്രങ്ങളും പാർട്ടിക്കെതിരെ ഉറഞ്ഞുതുള്ളുന്ന അവസ്ഥയിൽ ദേശാഭിമാനിയിലൂടെ കഴിയാവുന്നവിധം ചെറുത്തുനിൽപ്പിന് നേതൃത്വം നൽകാൻ സാധിച്ചു. എം.എൻ.വിജയൻമാഷെയും കെ.പി.ആർ. ഗോപാലനെയും രംഗത്തിറക്കിയത് അതിന്റെ അനുബന്ധം..

സുഗതകുമാരിയടക്കമുള്ളവരുടെ ‘സമര’ത്തെ നേരിടുന്നതിന്റെ ഭാഗമായി വിജയൻ മാഷോട് ഞാൻ അഭ്യർഥിച്ചു– പാർട്ടി പ്രവർത്തകർക്ക് നിന്നു പറയാൻ പറ്റുന്നതരത്തിൽ ആത്മവിശ്വാസം നൽകാൻ എന്തെങ്കിലും ചെയ്യണം. കോടിയേരിയുമായി സംസാരിച്ചാണ് അത് ചെയ്തത്. വിജയൻമാഷ്
കുറേ കാര്യങ്ങൾ ഫോണിൽ പറഞ്ഞു. അത് ക്ലിക്കായി…. പിന്നെ സഖാക്കൾക്ക് പിൻവാങ്ങി നിൽക്കേണ്ടിവന്നില്ല. മാഷ് ഇപ്പോഴും അതിന്റെ പേരിൽ അധിക്ഷേപിക്കപ്പെടുന്നുണ്ടെങ്കിലും. കെ.പി.ആർ സഹായിച്ചത് ഒരു പ്രസംഗം നടത്തിയാണ്. ഞങ്ങൾ കെ.പി. ആറിനെ കണ്ട് സംസാരിച്ചു. എ.കെ.ജി.യുടെ പേരിലുള്ള ആസ്പത്രി എ.കെ.ജി.യുടെ പാർട്ടിക്കല്ലേ വേണ്ടതെന്ന ലളിതമായ ചോദ്യമാണ് കെ.പി.ആർ.ചോദിച്ചത്. രാഘവന്റെ പണസഞ്ചിയാണ് പാമ്പ് പാർക്ക്, ശത്രുവിനെ നേരിടാൻ അവന്റെ പണസഞ്ചി തകർക്കലാണ് വേണ്ടത് എന്നും.. സ്റ്റേഡിയം കോർണറിൽ സുഹൃദ്‌സംഘത്തിന്റെ പേരിൽ പൊതുയോഗം… കെ.പി.ആറിന്റെ ഉജ്ജ്വല പ്രസംഗം സി.പി.എം. പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്നു.. 1999 ഡിസമ്പർ ഒന്നിന് യുവമോർച്ചാ നേതാവ് കെ.ടി.ജയകൃഷ്ണൻ മാസ്റ്ററെ ക്ലാസെടുത്തുകൊണ്ടിരിക്കെ വെട്ടിക്കൊന്ന സംഭവം കേരളത്തെ നടുക്കിയതാണ്. ആ സംഭവം നടക്കുമ്പോൾ കോടിയേരി സംസ്ഥാന സെക്രട്ടേറിയറ്റംഗമാണ്. ജില്ലാ സെക്രട്ടറി ഇ.പി.ജയരാജൻ. സ്‌നേക്ക് പാർക്ക് സംഭവത്തേക്കാൾ ഭീകരമായ അവസ്ഥയിലായി പാർട്ടി. എല്ലാ മാധ്യമങ്ങളും എതിരായി വാർത്തകൾ ഒഴുകിക്കൊണ്ടിരുന്നു.. അപ്പോഴും വിജയൻ മാഷുടെ പിന്തുണ തേടി. ഉറക്കപ്പായയിൽനിന്ന് വിളിച്ചുണർത്തി അഛ്‌നമ്മമാർക്കു മുമ്പിലിട്ട് വെട്ടിക്കൊല്ലുന്നതും സ്‌കൂൾ കുട്ടികളുടെ മുമ്പിലിട്ട് വെട്ടിക്കൊല്ലുന്നതും തമ്മിൽ ഏതാണ് കൂടുതൽ ക്രൂരമെന്ന് എന്നെനിക്കറിയില്ല എന്ന മട്ടിൽ വിജയൻ മാഷുടെ പ്രസ്താവന വാങ്ങി ഒന്നാം പേജിൽ കൊടുത്തു. അത് നല്ല ഫലം ചെയ്തു. അതേ തുടർന്ന് കോടിയേരിയെ വിളിച്ച് ഒരഭിപ്രായം ചോദിച്ചു. സ്‌റ്റേഡിയം കോർമറിൽ ഫാസിസത്തെക്കുറിച്ച് വിജയൻ മാഷുടെ ഒരു പ്രഭാഷണമായാലോ… ഉടൻതന്നെ പ്ലാൻ ചെയ്യൂ എന്ന് കോടിയേരി. ഇ.പി.ജയരാജനുമായും പി.ജയരാജനുമായും സംസാരിച്ച് പാട്യം പഠനഗവേഷണ കേ്ന്ദ്രത്തിന്റെ പേരിൽ പരിപാടി.. സംഘപരിവാറിനെതിരായ ആശയയുദ്ധംപോലെ അത്.. ഇതുമായി ബന്ധപ്പെട്ടും വിജയൻ മാഷ് ക്രൂശിക്കപ്പെട്ടു…

കോടിയേരി ജില്ലാ സെക്രട്ടരിായയിരിക്കെയാണ് നാല്പാടി വാസുവിനെ കോൺഗ്രസ്സുകാർ കൊല ചെയ്തത്. എ.കെ.ജി.ആശുപത്രി സംഭവത്തിന് ശേഷം കേരളത്തിലെ കണ്ണൂർ കേന്ദ്രിത രാഷ്ട്രീയ യുദ്ധം അതുമായി ബന്ധപ്പെട്ടായി. പിന്നീട് പരിയാരം മെഡിക്കൽ കോളേജ് സമരം. പരിയാരത്ത് മെഡിക്കൽ കോളേജ് അനാവശ്യം എന്ന പരസ്യനിലപാട് ഇ.എം.എസ്. ലേഖനത്തിലൂടെ സ്വീകരിക്കുയുണ്ടായി.

ശാസ്ത്രസാഹിത്യപരിഷത്ത് അക്കാലത്ത് കൂടുതൽ മെഡിക്കൽ കോളേജ് അനാവശ്യം എന്ന നിലപാടിലായിരുന്നു. അതാണ് ഇ.എം.എസും പിന്തുടർന്നത്. എന്നാൽ പിണറായിക്കും കോടിയേരിക്കും വ്യത്യസ്താഭിപ്രായമായിരുന്നു. മെഡിക്കൽ കോളേജ് വേണ്ടെന്ന നിലപാടെടുത്താൽ ജനങ്ങൾ എതിരാകും. മെഡിക്കൽ കോളേജും സർവകലാശാലയുമൊന്നും പുതുതായി വേണ്ടെന്ന വരട്ടുതത്വത്തെ അംഗീകരിക്കാനാവില്ലെന്ന് പിണറായി വ്യക്തമാക്കിയതുമാണ്. പക്ഷേ പാർട്ടി സംസ്ഥാനകമ്മിറ്റി പൊതുവിൽ മെഡിക്കൽ കോളേജിനെതിരായത് പരിഷത്ത് വീക്ഷണം കാരണമായിരുന്നെന്ന് തോന്നുന്നു.. എം.വി. ആറിന്റെ നീക്കത്തെ നേരിടാൻ എന്തുചെയ്യുമെന്ന ആലോചനയായി. അപ്പോഴാണ് മെഡിക്കൽ കോളേജ് സഹകരണം പോലുമല്ല, സഹകരണ ആസ്പത്രിയിൽ വാടക നൽകി പ്രവർത്തിക്കുന്ന സ്വാശ്രയ സ്ഥാപനമാകും മെഡിക്കൽ കോളേജ് നടത്തുന്ന അക്കാദമി ഓഫ് മെഡിക്കൽ സയൻസ് എന്ന വിവരമടങ്ങിയ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ കിട്ടുന്നത്. ടെലഫോൺ അപേക്ഷക്കൊപ്പം കൊടുത്ത ആ രേഖ എന്റെ കയ്യിൽ കിട്ടിയതോടെ പിടിവള്ളിയായി. സഹകരണ മേഖലയിലെ പണവും സർക്കാർ സംവിധാനവും ദുരുപയോഗിച്ച് സ്വകാര്യ സ്വഭാവത്തിലുള്ള മെഡിക്കൽ കോളേജ് പാടില്ല, പരിയാരത്ത് വേണ്ടത് സർക്കാർ മെഡിക്കൽ കോളേജ് എന്ന മുദ്രാവാക്യമായി….. ആ മുദ്രാവാക്യം ഏറ്റു.. അതുമായി ബന്ധപ്പെട്ട സമരങ്ങൾ… കൂത്തുപ്പറമ്പ് വെടിവെപ്പ്- അഞ്ച് സഖാക്കളുടെ രക്തസാക്ഷിത്വം…. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പ്രസ്താവനകളും സമരങ്ങളും — തൊണ്ണൂറുകളുടെ ആദ്യ പാതത്തിലെ കണ്ണൂർ രാഷ്ട്രീയം— അതാണ് കോടിയേരി എന്ന ഉന്നത രാഷ്ട്രീയ നേതൃ പ്രതിഭയുടെ വികാസത്തിന് രാസത്വരകമായത്. അക്കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ രാഷ്ട്രീയ- പത്രപ്രവർത്തന ജീവിതത്തിൽ വലിയ മുതൽക്കൂട്ടായെന്നുകൂടി ഓർക്കട്ടെ. ഒരു പുസ്തകത്തിൽത്തന്നെ പറഞ്ഞുതീർക്കനാവാത്തത്ര അനുഭവങ്ങൾ അതുമായി ബന്ധപ്പെട്ട് മനസ്സിലുണ്ട്….അത്രതന്നെ പ്രാധാന്യമുള്ളതാണ് അദ്ദേഹം ആഭ്യന്തര ടൂറിസം വകുപ്പ് മന്ത്രിയായിരുന്നപ്പോൾ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ച കാലത്തെ അനുഭവങ്ങളും..

പാർട്ടിയിൽ രണ്ട് ഭാഗത്തായിരുന്നു അന്ന് വി.എസും കോടിയേരിയും എന്ന് പറഞ്ഞറിയിക്കേണ്ടതില്ല. വി.എസിനൊപ്പമാണ് ഞാൻ പ്രവർത്തിക്കുന്നതെന്നതിനാൽ അല്പം നീരസം എന്നോട് കോടിയേരിക്ക് ഉണ്ടാകുമെന്ന് ആരും കരുതിപ്പോകും. പക്ഷേ ഒരു കഴഞ്ച് പോലും അതുണ്ടായില്ലെന്നുമാത്രമല്ല, വളരെ സൗഹാർദത്തോടെയും കോമ്രേഡ്ഷി പ്പോടെയുമാണ് പെരുമാറിയത്. വി.എസ്. പ്രതിപക്ഷനേതാവായിരിക്കെ രണ്ട് വർഷം പ്രസ് സെക്രട്ടരി ഞാനായിരുന്നു. പ്രതിപക്ഷ ഉപനേതാവെന്ന നിലയിൽ ആലോചനകളെല്ലാം കോടിയേരിയുടെ നേതൃത്വത്തിലായിരുന്നു. കോടിയേരിയുടെ അപാരമായ നേതൃവൈഭവം അദ്ഭുതാദരത്തോടെ ഓർക്കുകയാണ്.

പാർട്ടിയിൽനിന്ന് എന്നെ പുറത്താക്കിയ ശേഷവും ഊഷ്മളമായ ബന്ധം പുലർത്താൻ സാധിച്ചു. ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് കണ്ണൂരിൽ വന്നപ്പോഴാണ് ഒടുവിൽ നേരിട്ടുകണ്ടത്. അന്ന് തിരഞ്ഞടെുപ്പ് കമ്മിറ്റി ഓഫീസിൽവെച്ച് കുറേനേരം തനിച്ചു സംസാരിച്ചു. വല്ലാത്ത നടുവേദന ഉപദ്രവിക്കുയാമെന്ന് അന്ന് പറയുകയുണ്ടായി.. ഏപ്രിൽ മാസം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഏതാനും ദിവസത്തിന് ശേഷമാണ് കോടിയേരിയുമായി അവസാനമായി സംസാരിച്ചത്. ഞാൻ എഴുതിയ “കമ്മ്യൂണിസ്റ്റ് കേരളം” എന്ന പുസ്തകത്തിന്റെ കോപ്പി അയച്ചിരുന്നു.. കിട്ടിയോ എന്ന ചോദിക്കാൻ വിളിച്ചപ്പോൾ കിട്ടിയില്ല. പിന്നീട് കോടിയേരി വിളിച്ചു. “പുസ്തകം മറിച്ചുനോക്കി, ചില ഭാഗങ്ങൾ വായിച്ചു. നല്ല ഉദ്യമമാണ്. പാർട്ടിക്ക് ഉപകാരപ്പെടുന്ന കുറേ കാര്യങ്ങളുണ്ട്” എന്നൊക്കെ പറഞ്ഞു.. ….

കോടിയേരിയോടൊപ്പം ഒരു വിദേശ യാത്രനടത്താനും അവസരമുണ്ടായിരുന്നു. ജര്‍മനിയിലെ ബാദന്‍ വ്യുര്‍ടന്‍ബർഗ് സംസ്ഥാനത്തെ കാല്‍വില്‍ ഹെര്‍മന്‍ ഹെസ്സെയുടെ ജന്മശതാബ്ദിയാഘോഷത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നി് പോയ പ്രതിനിധി സംഘത്തില്‍ കണ്ണൂരിലെ അഞ്ച് മാധ്യമപ്രവര്‍ത്തകരുമുണ്ടായിയിരുന്നു. ഞാന്‍, പി.പി.ശശീന്ദ്രന്‍, അനില്‍ കുരുടത്ത്, മാങ്ങാട് രത്‌നാകരന്‍, മുഹമ്മദ് നസീര്‍ എന്നിവര്‍. 2002 മെയ് മാസമായിരുന്നു പത്ത് ദിവസത്തെ ജര്‍മന്‍വാസം. ഞാന്‍ 1993 മെയ് മാസം അതേ സ്ഥലത്തുനട ഹെര്‍മന്‍ ഗുണ്ടര്‍ട് അനുസ്മരണത്തില്‍ പങ്കെടുത്തിരുന്നു. ( അന്ന് ദേശാഭിമാനിയുടെ കണ്ണൂര്‍ ലേഖകനായിരുു ഞാന്‍. കോടിയേരി പാര്‍ട്ടി ജില്ലാ സെക്രട്ടറിയും. അന്ന് സംസ്ഥാന സെക്ര’റിയറ്റംഗമായിരുന്ന പിണറായി എന്റെ യാത്രാവിവരങ്ങളൊക്കെ തിരക്കിയശേഷം ചെലവിനെക്കുറിച്ച് ആരാഞ്ഞു. “ബാലകൃഷ്ണനോട് കാര്യം പറയൂ “എന്ന് പിണറായി പറഞ്ഞു. കോടിയേരിയോട് അക്കാര്യം പറഞ്ഞപ്പോള്‍ നാലോ അഞ്ചോ ആളോട് ചോദിച്ച് പണം വാങ്ങരുത്, പിന്നീട് ചര്‍ച്ചയാവും, അതുവേണ്ട, തല്‍ക്കാലം ആരോടെങ്കിലും ഒരാളോട്കടം വാങ്ങ്… പിന്നെ വേണമെങ്കില്‍ ആലോചിക്കാം എന്നായിരുന്നു മറുപടി.. ആരോടും പണം വാങ്ങാതെ തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചു. ആരോടും ചോദിച്ചില്ലെങ്കിലും ഒരാള്‍ റെയില്‍വേസ്‌റ്റേഷനില്‍ യാത്രയയക്കാന്‍ വന്നപ്പോൾ കീശയില്‍ കയ്യിലുള്ള- ആയിരം രൂപ…രണ്ടാമത് പോകുമ്പോഴും ബാലേട്ടനെറ്റ്ന്റെ വക സമ്മാനമുണ്ടായിരുന്നു- 500 രൂപ. പറഞ്ഞുവന്നത് ഹെസ്സേ കോഫറന്‍സില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്കൊപ്പം അത്തെ സാസ്‌കാരിക മന്ത്രി ജി.കാര്‍ത്തികേയനും തലശ്ശേരി എം.എല്‍.എ. എ നിലയില്‍ കോടിയേരിയുമുണ്ടായിരുന്നു ……

അത്തെ അനുഭവങ്ങളുടെയൊക്കെ ഓര്‍മയില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പൈതൃക ടൂറിസം പദ്ധതി നടപ്പാക്കണമെ് കോടിയേരിയോട് അദ്ദേഹം ടൂറിസം മന്ത്രിയായിരിക്കെ ഞാന്‍ പറയുകയുണ്ടായി. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അടക്കമുള്ള പദ്ധതികൾ, ഗുണ്ടര്‍ട് ഭവനം ഏറ്റെടുത്ത് സ്മാരകമാക്കല്‍ …. അതെല്ലാം വലിയൊരു നോട്ടായിയി കോടിയേരിക്ക് എഴുതിക്കൊടുത്തു. നോട്ട് കൊടുക്കൂ, വിശദമായി നിങ്ങള്‍ ചര്‍ച്ച ചെയ്യൂ എ കോടിയേരി മറുപടി പറഞ്ഞു. അ് ടൂറിസം സെക്രട്ടരിയായിരു ഡോ.വി.വേണു അക്കാര്യത്തില്‍ വലിയ താല്പര്യമെടുത്തു… കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള പദ്ധതിക്ക് പകരം തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയായി രൂപകല്പന ചെയ്ത് അത് അടുത്ത ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്തു.. ആ പദ്ധതിയുടെ ആദ്യഘട്ടം ഈയിടെയാണ് ഉദ്ഘാടനം ചെയ്തത്- ഗുണ്ടര്‍ട്ട് ഭവനം ഗുണ്ടര്‍ട്ട് മ്യൂസിയമായി മാറി..

ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ സവിശേഷമായ സർഗാത്മകത കോടിയേരിക്കുണ്ടായിരുന്നു.

Add a Comment

Your email address will not be published. Required fields are marked *