biju puthuppanam

ഒരു പുസ്തക വില്പനക്കാരന്റെ തലശ്ശേരി ജീവിതം – 5

പുസ്തകശാലയിലെ വൈകുന്നേരങ്ങളിലെ നിത്യ സന്ദർശകരായിരുന്ന .. ജയിലർ രാജേഷേട്ടൻ, പാലേരി ബാലൻ മാസ്റ്റർ, ബാങ്ക് മാനേജർ രാമകൃഷ് ണേട്ടൻ,സുകുമാരേട്ടൻ (സുകുമാർ അണ്ടല്ലൂർ )……. നോക്കി നോക്കി നിൽക്കേ മനുഷ്യർ ഓർമ്മകൾ മാത്രമായി മായുന്നത് അനുഭവിക്കുമ്പോൾ വല്ലാത്തൊരു നിർവികാരം വന്നു പൊതിയും

വേർപാടുകൾ കൊണ്ടു
തിളക്കുന്ന വെയിൽ

ബിജു പുതുപ്പണം

 

ശൂന്യത എന്ന വാക്ക് ഒഴിഞ്ഞ് കിടക്കുന്ന മൂന്നക്ഷരമല്ലെന്ന് നമ്മളിൽ പലരുമനുഭവിച്ചിട്ടുണ്ടാവും.

ഒരുപാട് സമ്മർദ്ദങ്ങളും സങ്കടങ്ങളുമായി നിറഞ്ഞു തുളുമ്പുന്ന ഒരവസ്ഥ തന്നെയാണത്. ഒഴിഞ്ഞുകിടക്കുന്ന ഒരിടം പോലുമില്ലാഞ്ഞിട്ടും നമ്മളതിനെ ശൂന്യതയെന്ന് വിളിക്കുന്നു.

പറഞ്ഞു വരുന്നത്, പുസ്തക ശാലയിലേക്ക് വീട്ടിൽ നിന്നിറങ്ങി ബസ് സ്റ്റോപ്പ് വരെ നടന്ന് വരുമ്പോൾ വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സുഖമുണ്ട്.

പുലർവെയിലിൽ കുളിച്ച് നിൽക്കുന്ന പുല്ലിനെ പുഴുവിനെ, പക്ഷികളെ ,പൂച്ചകളെ ,പൈക്കളെ ഏറ്റവും ഇഷ്ടമുള്ള എന്റെ നാട്ടുകാരെ കണ്ട് കണ്ട് മനസ്സുകൊണ്ട് മിണ്ടി മിണ്ടിയുള്ള നടത്തം ഒരനുഭവമാണ്.

“ഇപ്പം കാണാനേ ല്ലാലോ ബിജൂ……”
എന്ന് ഡ്രൈവർ നാണ്വേട്ടനും..

“ന്താ മനെ ” എന്ന് കുനീലെ ബാലേട്ടനും….. .”ഇപ്പൊ പുസ്‌തകപ്പീടിയല് തന്നെയല്ലേ “………എന്ന് ….മറ്റ് പലരും തരുന്ന സ്നേഹാന്വേഷണങ്ങളിലും… മനസ്സ് ആർദ്രമാവും.

സുരേന്ദ്രട്ടന്റെ വീട്ടിൽ നിന്ന് വെള്ളം നിറച്ച പാത്രവും തലയിലേന്തി നനഞ്ഞ് പൊതിർന്ന് മൺവരമ്പിലൂടെ നടന്ന് വരുന്ന പാറ്വേടത്തിയുടെ മുറുക്കാൻ കറ നിറഞ്ഞ് നിന്ന ആ നിശ്ശബ്ദമായ ചിരിയിലും മറ്റൊരു വെളിച്ചത്തിന്റെ തണുപ്പനുഭവിച്ചിട്ടുണ്ട്.

പെട്ടന്നാണ് പാറ്വേടത്തിക്ക് വയസ്സായത്.കൊച്ചു വീടിന്റെ വരാന്തയിൽ മരക്കട്ടിലിൽ ചെരിഞ്ഞ് കിടന്ന് ഞരക്കത്തോടെ വഴിയിലേക്ക് നോക്കിക്കിടക്കുന്ന ചിത്രം പെട്ടെന്നൊന്നും മായില്ല.

മൺപാതയിലൂടെ നടന്ന് പ്രിയങ്കയുടേയും ഷാംജിത്തിന്റേയും വീട്ടിലെ കൊച്ചു കുട്ടികളുടെ കളിയും ചിരിയും കണ്ട് വയലിന്റെ തിണ്ട് കയറി വേഗത്തില് നടക്കുമ്പോഴാവും തിണ്ടിനരികിലെ വീടിന്റെ ഇരുത്തി തിണ്ണയിലിരുന്ന് മഠത്തിലെ ഷാജീന്റെ അമ്മമ്മ കോഴിയെ തെളിച്ച് ഒരു കോട്ടുവായിടുന്നത് .. എന്നിട്ട് നിഷ്കളങ്കമായ ഒരു പുഞ്ചിരി വഴിയിലേക്ക് എറിഞ്ഞ് തൂവും…

ഇറച്ചിക്കട നടത്തുന്ന ഒണക്കേട്ടന്റെ വീട്ടിന്റെ മുറ്റത്ത് ആയുസ് തീരാറായത് അറിയാതെ ഒരു പോത്ത് അഹന്തയാൽ എന്നെ നോക്കി കണ്ണുരുട്ടും .പതിവ് പോലെ പുലർച്ചെ കടയിലേക്ക് ജീവനോടെ കൂട്ടിക്കൊണ്ടു പോയ നാൽക്കാലിയുടെ തൊലിയും കയറും അലൂമിനിയം ബക്കറ്റിൽ പുതപ്പു പോലെ മടക്കി വെച്ച് മകൻ അതിന്റെ അവസാന അപ്പിയും ചൂടാറുന്നതിന് മുമ്പേ കയ്കൊണ്ട് വാരി മുറ്റം വൃത്തിയാക്കുന്നുണ്ടാവും.

ഇടവഴിയിലേക്ക് തെറ്റുമ്പോൾ നന്ത്യാർവട്ടങ്ങൾ പൂത്ത് നിറഞ്ഞ വീട്ടിന്റെ കോലായയിൽ ഷീജിത്തിന്റെ അച്ഛൻ പത്രം വായിച്ചു കൊണ്ട് ഒരു പരിചിതച്ചിരി തരും. കുളിമുറിയിൽ നിന്ന് കിണറിലേക്ക് ചാഞ്ഞ് മര കപ്പിയിലൂടെ വെള്ളം വലിച്ചു കയറ്റുകയായിരുന്ന അവന്റെ അച്ഛമ്മയുടെ കട്ടികണ്ണടക്കുള്ളിലൂടെ പറന്ന് വരുന്ന മറ്റൊരു കുശലാന്വേഷണവുമുണ്ട്.

” പെങ്ങള് ബെര്ത്തുണ്ടോ?” –

ഞാൻ ഉത്തരം കൊടുത്ത് വേഗത്തിൽ നടക്കുമ്പോഴേക്കും.ബീഡിക്കമ്പനിയിൽ സരസേടത്തി ബീഡിയില വിടർത്തി മുറിച്ചു തുടങ്ങിയിട്ടുണ്ടാവും.

കണാരേട്ടൻ കട തുറക്കുന്നേയുള്ളു. ഞാൻ റോഡ് ക്രോസ് ചെയ്ത് മരത്തിന് മുകളിൽ നിന്ന് കാക്ക പറ്റിക്കുമോ എന്ന് സംശയിക്കുമ്പോൾ തലശ്ശേരി ബസ് വന്ന് നിൽക്കും .പിന്നെ സമയം എന്നെയും കൊണ്ട് ഒരു പറക്കലാണ്. ഉച്ചയാകുന്നു… രാത്രിയാവുന്നു……..

മഴ വീണുറങ്ങുന്ന ഇന്നത്തെ ഈ രാത്രിയിൽ വീട്ടിലേക്കുള്ള നടത്തത്തിന് എത്ര വയസ്സുണ്ടെന്ന് കൃത്യമായി ഓർമയില്ല.

ഇപ്പോൾ വഴികളിൽ മുഴുവനും ഒരു നെടുവീർപ്പുപോലെ നീണ്ടു കിടക്കുന്ന ശൂന്യത. മഴ നനഞ്ഞവഴികളിൽ കൊഴിഞ്ഞു വീണ നന്ത്യാർ വട്ടങ്ങൾ ചെളി പുരണ്ട് ചിരി മാഞ്ഞ് കിടക്കുകയാണ് ഷീജിത്തിന്റെ വീട്. പത്രം വായിച്ചു കൊണ്ടിരുന്ന – ഷീജിയുടെ അച്ഛൻ, വെള്ളം കോരി കൊണ്ടിരുന്ന അച്ഛമ്മ, ഇരുത്തിയിൽ പതിവായിരുന്ന് നോക്കുന്ന ഷാജിയുടെ അമ്മമ്മ, ബാലേട്ടൻ,
നാണ്വട്ടൻ ,ഷാജി, മുത്തു, നാരാണേട്ടൻ,മൊയ്‌തുക്ക.. കുഞ്ഞിരാമേട്ടൻ പാറുയേടത്തി, സരസേടത്തി , കോറോത്ത് സിന്ധു, ബത്തേരി ശശിയേട്ടൻ കൊല്ലന്റെടവിട കണ്ണേ ട്ടൻ………. ….

നടത്തത്തിൽ കണ്ടു കൊണ്ടിരുന്നവരെയാരെയും ഇനി ഒരിക്കലും കാണില്ലെന്ന സത്യം.

എത്ര വേഗമാണ് മനുഷ്യർ മണ്ണ് വിട്ട് പോയ്കളയുന്നത്.വെയിൽ മാഞ്ഞ് മഴ വരുന്നത്.

ദൂരെ വഴിയിൽനിന്ന് ഇപ്പോഴും കാണാം മഴ നാരുകൾ തൂക്കിയിട്ട നാട്ടു മാവിന്റെ ഇടയിലൂടെ കൊച്ചു വീടിന്റെ വരാന്തയിൽ ഒഴിഞ്ഞ് കിടക്കുന്ന ഒരു മരക്കട്ടിൽ.

ഇങ്ങിനെ ഓരോ നാട്ടിലും മനുഷ്യർ ഉപേക്ഷിച്ച് പോയ എത്രയെത്ര ഇടങ്ങൾ ഉണ്ടാവും.മറ്റൊരാൾക്ക് പൂരിപ്പിക്കാനാവുമോ ഒരു മനുഷ്യൻ ഉപേക്ഷിച്ച്പോയ പാതകളെ..!

സത്യമെങ്കിലും ചില വേർപാടുകൾ കള്ളമാണെന്ന് വിശ്വസിക്കാനാണ് നമുക്കിഷ്ടം.

ഡിസി ബുക്സിന്റെ കാഞ്ഞങ്ങാട് ബ്രാഞ്ച്മാനേജരും ഏറ്റവും അടുത്ത സുഹൃത്തുമായ ത്യാഗരാജൻ ചാളക്കടവിന്റെ വിയോഗം അതുവരെ യുണ്ടായിരുന്ന എന്റെ ജീവിതത്തിന്റെ വേഗത പെട്ടന്ന് തളർത്തിക്കളഞ്ഞത് പോലെതോന്നി.

എന്റെ സ്വപ്നങ്ങളുടെ കുറുകലിൽ ആരോ കത്തിവെച്ചതു പോലെയുള്ള ഒരു പിടച്ചിലിൽ നിന്നും ഞാനിതുവരെ മുക്തനായിട്ടില്ല.എഴുത്തിനെ പറ്റിയും മറ്റ് സർഗാത്മക പ്രവർത്തനങ്ങളെ കുറിച്ചുമുള്ള സ്വപ്നങ്ങൾ പങ്കുവെക്കുന്നൊരാൾ ത്യാഗനായിരുന്നു. എന്നേക്കാൾ നൂറിരട്ടി കഴിവും സ്വപ്നങ്ങളുമുള്ള ഒരു മനുഷ്യൻ , ദിനം പ്രതി രണ്ടും മൂന്നും തവണ വിളിക്കുന്ന ഒരു സുഹൃത്തിന്റെ നമ്പർ എന്റെ മൊബൈലിൽ നിന്നും എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യേണ്ടി വരുന്നു വേദന ചെറുതല്ലായിരുന്നു.

പുസ്തകശാലയിലെ വൈകുന്നേരങ്ങളിലെ നിത്യ സന്ദർശകരായിരുന്ന .. ജയിലർ രാജേഷേട്ടൻ, പാലേരി ബാലൻ മാസ്റ്റർ, ബാങ്ക് മാനേജർ രാമകൃഷ് ണേട്ടൻ,സുകുമാരേട്ടൻ (സുകുമാർ അണ്ടല്ലൂർ )…….

നോക്കി നോക്കി നിൽക്കേ മനുഷ്യർ ഓർമ്മകൾ മാത്രമായി മായുന്നത് അനുഭവിക്കുമ്പോൾ വല്ലാത്തൊരു നിർവികാരം വന്നു പൊതിയും. ജീവിതത്തിലെ അഭിമാനത്തിന്റെയും, അഹങ്കാരത്തിൻെറയും അർത്ഥശൂന്യത മനസ്സിൽ വന്നുതെളിയും.

സ്നേഹിക്കുവാനല്ലാതെ മരിച്ചവരെ തോൽപ്പിക്കാനോ വെറുക്കാനോ കഴിയുമോ…. ഓരോ വേർപാടും തലയ്ക്കുള്ളിൽ വെളിച്ചത്തിന്റെ മുറിവുകളുണ്ടാക്കുന്നു.
ആ വെളിച്ചം ശാശ്വതമല്ലാത്ത ഈ ജീവിതത്തിൽ അനശ്വരമായ സ്നേഹമാണ് അത്യാവശ്യമെന്നു കാട്ടിത്തരുന്നു.

(തുടരും)

Add a Comment

Your email address will not be published. Required fields are marked *