ഓരോ തീവണ്ടിയും ഓരോ കവിതയാണ്. വ്യത്യസ്തമായ ജീവിതങ്ങളെ ഉള്ളിൽപ്പേറുന്ന ചടുലതാളമാർന്ന ഉരുക്കു കവിത.
തീവണ്ടിയാത്രകൾ പലപ്പോഴും എന്റെ കവിതയെഴുത്തിന് ഉൾപ്രേരകമായിത്തീർന്നിട്ടുണ്ട്. അത്തരം യാത്രകളിൽ തീവണ്ടിയുടെ അകം പുറം കാഴ്ചകൾ എന്റെ കവിതയിൽ പലപ്പോഴും അങ്കനപ്പെട്ടിട്ടുണ്ട്.
“പല ദേശക്കറ പറ്റിക്കുതിച്ചു പായും
ബഹുദൂരത്തീവണ്ടിയിരമ്പിയെത്തി
കനൽ കത്തിത്തിളയ്ക്കുന്ന കലികാലത്തിൻ
കഥ വായിച്ചിരിപ്പൂ ഞാനതിനകത്ത്
കദനങ്ങൾ നിറയുന്ന ബോഗികൾക്കുള്ളിൽ
കയറുന്നുണ്ടിറങ്ങുന്നുണ്ടനേകജൻമം
ഇരിക്കാനും കിടക്കാനുമിടം കിട്ടാതെ
അഭയാർത്ഥി പ്രവാഹങ്ങൾ അനാഥ ദൈന്യം.”
“അതിവേഗത്തിൽ ” എന്ന എന്റെ ഒരു കവിത തുടങ്ങുന്നത് ഇങ്ങനെയാണ്..
ജോലി സംബന്ധമായി തീവണ്ടിയിൽ കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലേക്കും കോഴിക്കോട്ടേയ്ക്കുമെല്ലാം സീസൺ ടിക്കറ്റിൽ നിത്യയാത്ര ചെയ്യുമ്പോൾ ആ ഇടങ്ങൾ വായനയ്ക്കും എഴുത്തിനുമുള്ള സ്വകാര്യ മുറികളായി മാറ്റുകയായിരുന്നു ഞാൻ. സർഗ്ഗാത്മകബോധത്തിന്റെ അജ്ഞാതമായ ഒരു വാതിൽ ഒരു മിന്നൽ പോലെ ഒരു നിമിഷം തുറക്കുകയും അടുത്ത നിമിഷം അടയുകയും ചെയ്യുന്ന അപൂർവ്വമായ അനുഭവമുണ്ടാകാറുണ്ട്. ആ നിമിഷങ്ങളിൽ മനസ്സിൽ മിന്നിത്തെളിയുന്ന കവിതയുടെ സ്പാർക്കുകൾ അപ്പോൾ തന്നെ എഴുതിവെച്ചില്ലെങ്കിൽ അവ അടുത്ത നിമിഷത്തിൽ മറന്നു പോവാം. അത്തരം കവിതാവരികൾ കുറിച്ചിടാൻ ഞാൻ എന്നും ഒരു പോക്കറ്റ് ബുക്ക് കൂടെ കരുതാറുണ്ട്. അത്തരം യാത്രാവേളകളിൽ അങ്ങനെ കുറിച്ചിടുന്ന വരികൾ പിന്നീട് വീട്ടിലെത്തി വലിയ നോട്ടുബുക്കിലേക്ക് പകർത്തിയെഴുതും. സമയം കിട്ടുമ്പോഴെല്ലാം അവ വിപുലീകരിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. പല തവണ വെട്ടിയും തിരുത്തിയും അവയിൽ ചിലത് പിൽക്കാലം കവിതാ രൂപം പ്രാപിക്കും. ആദ്യം വന്നവരികൾ ചിലപ്പോൾ കവിതയുടെ ഏതെങ്കിലും ഭാഗത്ത് അതിന്റെ ന്യൂക്ലിയസ്സായി ഉണ്ടാവും. ചിലപ്പോൾ അവ തീർത്തും മറ്റൊരു കവിതയായി രൂപാന്തരം പ്രാപിക്കുകയുമാവും.
” ശകടത്തിൻ ജനാലയ്ക്കു വെളിക്കു കാണാം
പുഴ, കായൽ, മല, പാടം, പഴയപാത
പിറകിലേക്കതിവേഗം ചവച്ചു തുപ്പി
കുതിക്കുന്ന നഗരത്തിൻ കരാളരൂപം
പിഴുതെറിയുന്ന തായ് വേരറും ഗ്രാമത്തിൻ
വടവൃക്ഷം നിപതിക്കും ഞരക്കം കേൾക്കാം
തകർത്തു മുന്നോട്ടു പായും കൊടും യന്ത്രത്തിൻ
മുരൾച്ചയിൽ അതും ക്ഷണമലിഞ്ഞു മാഞ്ഞു. ”
എന്നിടത്താണ് “അതി വേഗത്തിൽ ” എന്ന കവിത അവസാനിക്കുന്നത്.
എന്റെ കവിതാ രചനയുടെ ആദ്യ കാലം തൊട്ടേ തീവണ്ടിയുമായി ബന്ധമുണ്ട്.ഓർമ്മയുടെ റെയിൽപ്പാളത്തിലൂടെ നാൽപ്പത് വർഷങ്ങൾക്കു പിന്നിലേക്ക് ഓടിച്ചു പോയാൽ പഴയ എന്റെ ഹൈസ്ക്കൂൾ ക്ലാസ്സിലെത്തും. അന്നാദ്യമായി ഞാനാസ്വദിച്ചു പഠിച്ച ഒരു കവിതയുണ്ട്. അതും ഒരു തീവണ്ടിയെക്കുറിച്ചാണ്.മലയാളത്തിന്റെ പ്രിയ കവി തിരുനല്ലൂർ കരുണാകരൻ എഴുതിയ “ആദ്യത്തെ തീവണ്ടി “. ഒരു ഗ്രാമത്തിലേക്ക് ആദ്യമായി ഒരു തീവണ്ടിയെത്തുന്നതിലുള്ള ആഹ്ലാദവും ആവേശവും അതോടൊപ്പം അദ്ധ്വാനത്തിന്റെ ഫലപ്രാപ്തിയിലുള്ള അഭിമാനവും അനുഭവിപ്പിച്ച മനോഹരമായ കവിത.എന്നെ കവിതാ രചനയിലേക്ക് ആദ്യമായി പ്രചോദിപ്പിച്ച കേകയുടെ തീവണ്ടി.
ആദ്യമായി ദീർഘദൂരത്തിൽ ഒരുതീവണ്ടിയാത്രയ്ക്ക് എനിക്ക് അവസരം തന്നതും കവിതയാണ്.1980 ൽ സംസ്ഥാന യുവജനോത്സവത്തിന് തിരുവനന്തപുരത്തേക്കുള്ളതായിരുന്നു എന്റെ ആ യാത്ര. കവിതാ രചനയിൽ കാസർകോട് വിദ്യാഭ്യാസജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ .കേരളത്തിന്റെ വടക്കേ ജില്ലയിൽ നിന്നും ഏറ്റവും തെക്കേ ജില്ലയിലേക്ക്.തിരുവനന്തപുരം കോട്ടൺഹിൽ സ്ക്കൂളിൽ വച്ചായിരുന്നു അന്ന് സംസ്ഥാന യുവജനോത്സവം. ഞാൻ അന്ന് പുല്ലൂർ ഉദയനഗർ ഹൈസ്ക്കൂളിലാണ് പഠിച്ചിരുന്നത്.അന്ന് ആ സ്ക്കൂളിൽ നിന്ന് കവിതാ രചനയ്ക്ക് ഞാനും അക്ഷരശ്ലോകത്തിന് ഈശ്വരൻ നമ്പൂതിരിയും ആണ് ഉണ്ടായിരുന്നത്. അന്ന് ദുർഗ്ഗാ ഹൈസ്ക്കൂളിൽ നിന്നും ഗാനമേളയെ നയിച്ച് സുപ്രസിദ്ധ ഗായകനും അന്ന് ആ സ്ക്കൂളിലെ സംഗീത അദ്ധ്യാപകനുമായിരുന്ന ശ്രീ.കാഞ്ഞങ്ങാട് രാമചന്ദ്രനും ഞങ്ങളെയെല്ലാം നയിച്ച് പ്രശസ്ത വിവർത്തകനും അന്നത്തെ വിദ്യാഭ്യാസ ആഫീസറുമായിരുന്ന ശ്രീ.സി.രാഘവൻ മാഷുമുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും കൂടി അന്ന് ജലസേചന മന്ത്രിയായിരുന്ന ശ്രീ.സുബ്ബറാവുവുമൊത്ത് ഗ്രൂപ്പ് ഫോട്ടോ എടുത്തതും ഞങ്ങൾക്കെല്ലാം ആ മന്ത്രി ഭവനത്തിൽ വച്ച് രുചിയാർന്ന ചായ തന്നതും ഇന്നും മായാത്ത – ഓർമ്മയായുണ്ട്. അന്ന് ഞങ്ങളുടെ ആ കൂട്ടത്തിൽ നന്നായി പാടുന്ന നന്ദകുമാർ, നിരഞ്ജന, ധനഞ്ജയൻ എന്നിവരും നല്ല കഥാപ്രസംഗം അവതരിപ്പിച്ച തച്ചങ്ങാട്ടുള്ള ശശിയും നന്നായി ചിത്രം വരക്കുന്ന പയ്യന്നൂരുള്ള സി.വി.ശശിയുമൊക്കെയുണ്ടായിരുന്നത് ഓർക്കുന്നു.
അന്നവിടെ കവിതയ്ക്ക് തന്ന വിഷയവും “റെയിൽപ്പാളം ” എന്നാണ്. കേരളത്തിന്റെ ഇരുകരകളെ തീവണ്ടിയിലൂടെ ഞാൻ കവിത കൊണ്ട് തൊട്ടു. അങ്ങനെയങ്ങനെ പിന്നീട് എന്റെ കവിതകളിലും പലപ്പോഴായി പല താളത്തിൽ, പല രൂപത്തിൽ, പല വേഗത്തിൽ തീവണ്ടിയോടിത്തുടങ്ങി.
” കാഴ്ചകൾ ” എന്ന കവിത തീവണ്ടിയിലൂടെയുള്ള എന്റെ ആദ്യകാലക്കാഴ്ച തന്നെയാണ്
താളത്തിലും മേളത്തിലും ദൂരെയേതോ കാണാത്തീരത്തേക്കോടുന്ന ആ തീവണ്ടിയിൽ നിന്ന് അപ്പുറത്തിത്തിപ്പുറത്തായി അത്തിമരക്കൊമ്പിൽ ഒറ്റക്കിളി പാട്ടു പാടുന്നുന്നതും അങ്ങേക്കരയോളം നീളുന്ന പച്ചനെൽവയൽ മാടി വിളിക്കുന്നതും ഇങ്ങേക്കരയിലെ തൈത്തെങ്ങ് ഇളനീരിൻചെണ്ടുമായ് കാഴ്ചയായെത്തുന്നതും തെയ്യവും കോലവും തുള്ളുന്ന കോവിലിന്റെ വർണ്ണക്കുടമാറ്റം കാണുന്നതും കണ്ണാടി, കൺമഷി, ചാന്തുകൾ വിൽക്കുന്ന ചന്തയുടെ ചന്തം കാണുന്നതും എന്റെ ആ യാത്രയിലെ കാഴ്കളായി ആ കവിതയിൽ നിറഞ്ഞു.
“ഈ വണ്ടി തൻ ജനൽപാളിയിലൂടെ ഞാൻ
ഈ വഴിക്കാഴ്ചകൾ കാണുമ്പോൾ
മോഹത്തിൻ നൊമ്പരപ്പൂക്കളെന്നുള്ളത്തി-
ലായിരം വർണ്ണം രചിക്കുന്നു
ഉൽസവച്ചന്തയിൽ പീപ്പി വാങ്ങി വഴി –
യൊക്കെ വിളിച്ചു നടക്കാനും
തൊട്ടിലാട്ടത്തിലിരുന്നു മാനത്തിന്റെ
കൊട്ടാരം തൊട്ടു കളിക്കാനും
സ്വപ്നം നിറച്ച ബലൂണുകൾ ആകാശ-
മുറ്റത്തു നീളെപ്പറത്താനും
എപ്പൊഴോ ഈ വണ്ടി പാടിയുറക്കിയ
ഹൃത്തിലെൻ കുഞ്ഞിന്നു തേങ്ങുന്നു ”
എന്ന് ആ കവിതയിൽ എന്റെ പൊഞ്ഞാറുണർന്നു.
“എല്ലാമിരുന്നു ഞാൻ കാണുന്നു കഷ്ടമാ-
ണെന്തൊരു വേഗമീ തീവണ്ടി!
അപ്പുറത്തിപ്പുറത്തുള്ളൊരീ കാഴ്ചക-
ളെത്ര മനോഹരമെന്നോർത്തും
എല്ലാം കണ്ടു കൺചിമ്മിത്തുറക്കുമ്പോ-
ഴെല്ലാം ദൂരെ മറയുന്നു.”
എന്ന് ഞാൻ വേപഥു പൂണ്ടു.
രാത്രി വന്ന് ഏതോ മുരൾച്ചയുടെ അന്ത്യത്തിൽ ആ തീവണ്ടി സ്റ്റേഷനിൽ നിർത്തുന്നതും ഗൃഹാതുരതയാർന്ന ആ വഴിക്കാഴ്ചകൾക്കായി ആ വഴിയെല്ലാം ഞാൻ തിരയുന്നതും ദൂരെ കൂരിരുളെല്ലാം അവയെ വിഴുങ്ങുന്നതുമെല്ലാം ആകുലതയോടെ നോക്കുന്നിടത്താണ് ആ കവിത അവസാനിക്കുന്നത്.
“വേഗം ” എന്ന കവിതയിലും തീവണ്ടിയാത്രയിലൂടെ പുതുകാല ജീവിതത്തെ അടയാളപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
” അമിത വേഗത്തിൽ കുതിക്കും തീവണ്ടി
അതിനകത്തായ് വൻ തിരക്കിലാളുകൾ
അതിൽ രണ്ടാത്മാക്കൾ പ്രണയബന്ധിതർ
അറിയുന്നീലവർ അതിൻ പ്രകമ്പനം
കരളിന്നാഴത്തിലെഴും ചുഴികളും
ഹൃദയത്തിന്നഗ്നി കൊളുത്തും ജ്വാലയും
കനവിൽ വീശുന്ന കൊടുങ്കാറ്റും, നീളും
ഉരുക്കു പാളത്തിലരയും ജീവനും.”
പുറം കാഴ്ചകൾ അന്യമാവുന്ന അല്ലെങ്കിൽ അതിൽ നിന്നെല്ലാം അകന്ന് സ്വന്തമായ ഇടുക്കങ്ങളിലേക്ക് ഒതുങ്ങുന്ന പുതിയ തലമുറയുടെ ചിത്രമാണ് പുതുകാലതീവണ്ടിയിൽ ഞാൻ കാണുന്ന ഇതിലെ ഗതിവേഗം.
“വേനൽ ” എന്ന കവിതയിലും സ്വപ്നത്തിന്റെയും പ്രണയത്തിന്റെയും ഭാവനയുടെയും അഭാവത്തിന്റെ തീവ്രാനുഭവമായി തീവണ്ടിയുണ്ട്.
“നീ വരാൻ ഞാൻ കാത്തിരുന്ന കിനാവിന്റെ
പാളത്തിൽ ഗൂഡ്സ് വണ്ടി പാഞ്ഞു
ഒച്ചകൾ മാത്രമനർത്ഥ ഭാണ്ഡങ്ങളായ്
തിക്കുന്ന രോഗികൾക്കുള്ളിൽ
പച്ചയും ചോപ്പും അതിരിട്ട യാത്രയിൽ
കത്തിയമർന്നെന്റെ സീസൺ ”
എന്ന് വിരഹത്തിന്റെ വേനൽത്തീ ആ കവിതയിൽ ആളുന്നുണ്ട്.
“തീവണ്ടി ” എന്ന് തന്നെ പേരിട്ട മറ്റൊരു കവിതയിൽ അതിന്റെ ഗതിവേഗം ഗദ്യത്തിന്റെ നേർരേഖയിലാണ്
“തീവണ്ടിയുടെ ഹൃദയതാളമാണ്
ഇപ്പോഴെന്റെ മനസ്സിന്
നീണ്ടുപോകുന്ന ഉരുക്കു പാളത്തിനു മുകളിലൂടെ ക്രമമായി നീങ്ങുന്ന ചക്രങ്ങൾ
ഈ അലർച്ച സംഗീതമാക്കി വേണം എന്റെ യാത്ര
ഇത് ,സഹനത്തിന്റെ അറ
ഗ്രാമത്തിന്റെ പച്ചക്കൊടി കണ്ട് പുറപ്പെട്ട തീവണ്ടി
ദ്രവിച്ച ഇരുമ്പുപാലം കടക്കുമ്പോൾ
അപായ ചങ്ങല പിടിച്ചു വലിക്കാൻ
ആരും ധൈര്യപ്പെട്ടില്ല.
ഉറങ്ങുന്നവരെ ശല്യപ്പെടുത്താൻ ആരും മുതിർന്നില്ല
നഗരത്തിന്റെ ഉച്ചയിലൂടെ വണ്ടി പുക തുപ്പിക്കുതിക്കുമ്പോൾ ദൂരെ, സന്ധ്യയുടെ ചുവന്നകൊടിയടയാളവും
അതിനുമപ്പുറം രാത്രിയുടെ ധൂമാന്ധകാരവും
എനിക്ക് ദൃശ്യമാവുന്നു.
(കവിത- “തീവണ്ടി “)
ഇപ്രകാരം ജീവിതയാനത്തെ പുതുകാലത്തിലേക്ക് പരാവർത്തനം ചെയ്യാൻ ഞാൻ തീവണ്ടിയെ കൂട്ടുപിടിച്ചു.
ഒരോ ജീവിതവും ഓരോ തീവണ്ടി തന്നെയാണ്. കാലത്തിന്റെ റെയിലിൽ ഹൃദയത്തിന്റെ തുടി മുഴക്കവുമായി ജനമൃതി സ്റ്റേഷനുകൾക്കിടയിൽ , ഉള്ളിൽ തീ വഹിച്ചോടുന്ന മാംസവണ്ടി. ഓരോ കവിതയും ജീവനുള്ള തീവണ്ടിയും .കാലത്തിന്റെ സരണിയിലൂടെ പ്രപഞ്ചത്തിന്റെ ജനിതക താളത്തിലോടുന്ന അക്ഷരത്തിന്റെ അഗ്നിയാളുന്ന അനന്തഗതിയാർന്ന തീവണ്ടി.