paristhithi

വടക്കിന്റെ ജൈവ സമരങ്ങൾ

കാഞ്ഞിരോട് എന്നായിരുന്നു കാസർകോടിന്റെ പഴയപേര്. കാഞ്ഞിരനാട് എന്നർത്ഥം. ഇതിന്റെ കന്നടമൊഴിമാറ്റമാണ് കാസറഗോഡ് – കാസറയെന്നാൽ കാഞ്ഞിരമരം. കാഞ്ഞങ്ങാട് ആകട്ടെ കാഞ്ഞിരനാട് എന്ന അർത്ഥത്തിലോ കാഞ്ഞൻ എന്ന നാട്ടുരാജാവ് ഭരിച്ചതുകൊണ്ടോ ഉണ്ടായ പേരത്രേ. ഏതായാലും കാഞ്ഞിരമരത്തിന് കാസർഗോഡിന്റെ സാംസ്കാരിക ഭൂമികയിൽ അവഗണി ക്കാനാവാത്ത സ്ഥാനമുണ്ട്. മനുഷ്യസംസർഗം കൊണ്ട്നൂറ്റാണ്ടുമുമ്പേ ക്ഷയിച്ചു തുടങ്ങിയ കാസർഗോട്ടെ നിത്യഹരിതവനങ്ങൾ പതുക്കെ ഇലകൊഴിയും വനങ്ങളും മുൾപ്പൊന്തകളും ആയി മാറി. ഇടനാടൻ ചെങ്കൽക്കുന്നുകളിൽ ഇന്നും അവശേഷിക്കുന്ന ഇത്തരം പച്ചത്തുരുത്തുകളിലെ ലാക്ഷണിക സസ്യമാണ് കാഞ്ഞിരം. ഇതിലുമുപരി കാഞ്ഞിരം കാസർഗോഡൻ ഗ്രാമ ജീവിതത്തിൽ മധുരസാന്നിദ്ധ്യമായി നിന്നവേറെയും സന്ദർഭങ്ങളുണ്ട്. വെട്ടിച്ചുട്ട്കൃഷിചെയ്തും കന്നുകാലികളെ മേയ്ച്ചും അധിവാസമുറപ്പിച്ച ജനഗോത്രങ്ങൾ തങ്ങളുടെ ഉരുക്കളെ കാണാതെ പോയാൽ കാഞ്ഞിരമൂട്ടിൽ പായസം വെച്ച്നേദിച്ച്പശുപതിയായ കാലിച്ചാൻ ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു കാസർഗോട്ടെപതിവ്. കാസർഗോട്ടെ ഇടനാടൻ കുന്നുകളിൽ നൂറുകണക്കിന് കാലിച്ചാൻ കാഞ്ഞിര ങ്ങളുണ്ട്. കാലിച്ചാൻ കാഞ്ഞിരങ്ങളുടെ സമൃദ്ധികൊണ്ടുകൂടിയാകണം ഈ നാട് കാഞ്ഞിരനാടായത്.

മനുഷ്യനും പ്രകൃതിയും ഇടകലർന്ന്ജീവിച്ച്ഈ പ്രദേശങ്ങളുടെ ജീവനരീതികളെ സ്വാധീനിച്ചിരുന്നത് ഇവിടത്തെ പ്രകൃതി വിഭവങ്ങളായിരുന്നു. പഴന്തമിഴ് സംസ്കൃതിയിലെ മരുതം തിണയെ ഓർമിപ്പിക്കുന്ന ഇടനാടൻ ചെങ്കൽക്കുന്നുകളുടെ ഫലപുഷ്ടമായ താഴ്വാരങ്ങളിലായിരുന്നു കാസർഗോഡൻ സം ഘജീവിതം പുഷ്കമായത്. തെങ്ങും കവുങ്ങും നെല്പാടങ്ങളും നിറഞ്ഞ കൃഷിയിടങ്ങളുടെ ഫലപുഷ്ടി നിലനിർത്താനായി പച്ചിലവളം ലഭ്യമാക്കാൻ നാട്ടുജന്മിമാർ അവരുടെ ഭൂമിയിൽ വിസ്തൃതമായ ഇടങ്ങൾ വിലക്കുകാടുകളായി നിലനിർത്തിയിരുന്നു. കുംകിലാന്റ്എന്നായിരുന്നു റവന്യൂരേഖകളിൽ തുളുനാട്ടിലെ ഈ കാപ്പുകാടുകൾ അറിയപ്പെട്ടിരുന്നത്. ഒപ്പം വാരിധിപോലെ കിടക്കുന്ന സ്വാഭാവിക വനങ്ങളും. തോലും വിറകും കോടാലിക്കൈകളുമായി ഈ കാടുകൾ ഗ്രാമീണ കർഷകജീവിതത്തിന് രക്ഷാകർതൃത്വമേകി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ടേ ബ്രിട്ടീഷ് സർക്കാർ വനദേശസാൽക്കരണനിയമം കൊണ്ടുവന്നിരുന്നു. യുദ്ധക്കപ്പൽ നിർമാണത്തിനാവശ്യമായ ഓക്കുമരത്തിന് യൂറോപ്പിലെ ആഭ്യന്തരപ്രശ്നങ്ങളും കാട്ടുതീ വരുത്തിയ നാശവും മൂലം ക്ഷാമം നേരിട്ടതിനെ തുടർന്നാണ് ഖനമരങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ബ്രിട്ടീഷ് സർക്കാർ ജാഗരൂകരായത്. റെയിൽവേ വ്യാപനവും തടിയുടെ ആവശ്യകതയേറ്റി. നിലമ്പൂരിലും മറ്റുംതേക്കിൻ തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചത് ഈ തടിയാവശ്യം നിറവേറ്റുന്നതിനാണ്.

സൗത്ത്കാനറ ജില്ലയുടെഭാഗമായ കാസർഗോഡ് ഇക്കാലത്ത്കാടുവെട്ടി ധാരാളം ഇരുമ്പകത്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നു. കാട്ടിലെ മരങ്ങൾ സർക്കാരിന്റേതു മാത്രമായപ്പോൾ കർഷകരുടെ കാർഷികാവശ്യങ്ങൾക്ക്തടസ്സംനേരിട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ രാജ്യമെമ്പാടുമുയർന്നുവന്ന നിയമലംഘന പ്രസ്ഥാനത്തിന്റെ അലയൊലികൾ കാസർഗോഡൻ ഗ്രാമങ്ങളിലും മുഴങ്ങി. കാടകം ഗ്രാമമായിരുന്നു ഈ സമരത്തിന്റെ കേന്ദ്രം. ബ്രിട്ടീഷ് സർക്കാറിന്റെ വനനിയമത്തിനെതിരെയുള്ള പ്രതിഷേധം കോൺഗ്രസ് പ്രസ്ഥാനം ഏറ്റെടുക്കുകയും കർണ്ണാടകം, മഹാരാഷ്ട്രതുടങ്ങിയ സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട പ്രദേശങ്ങളിൽ വനസത്യഗ്രഹങ്ങൾ നടക്കുകയും ചെയ്തു. കാടകം ഗ്രാമത്തിലെ ജനങ്ങൾ ചന്ദനമരവും കാട്ടുമരങ്ങളും വെട്ടിക്കൊണ്ട്പ്രതിഷേധിച്ചു. കാടകം റിസർവ്വ്ഫോറസ്റ്റിൽ സത്യഗ്രഹ വളണ്ടിയർമാർ വനനിയമം ലംഘിച്ച്നടത്തിയ പോരാട്ടാമണ് കേരളത്തിലെ തന്നെ ആദ്യത്തെ പരിസ്ഥിതി സമരം. പൊതുവിഭവങ്ങളുടെ സംരക്ഷണത്തിനും ജനങ്ങൾക്ക്അതിനുമേലുള്ള അവകാശത്തിനും വേണ്ടി നടന്ന സമ രമായിരുന്നു കാടകത്തേത്. 1932ൽ നടന്നകാടകം സമരത്തിന് നേതൃത്വംനൽകിയ എ.വി. കുഞ്ഞമ്പുവാണ് പിന്നീട് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ സ്ഥാപക നേതാവായിത്തീർന്നത്. പി. കൃഷ്ണപിള്ളയും കാടകം സന്ദർശിച്ച് സമരഭടന്മാർക്ക് ആവേശം പകർന്നിരുന്നു.

കാടകത്ത്നടന്ന സമരത്തിന് സമാനമായ മറ്റൊരു പ്രക്ഷോഭം ഒരു പതിറ്റാണ്ടിനുശേഷം ചീമേനിയിൽ നടന്നു. ‘തോലും വിറകും’ സമരമെന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. താഴക്കാട്ടുമനയിലെ ജന്മിയുടേതായിരുന്ന വിശാലമായ ഇടനാടൻ ചെങ്കൽപ്പാറകളിൽ നിന്നായിരുന്നു ചെറുവത്തൂർ, കൊടക്കാട് പ്രദേശങ്ങളിലെ കർഷകർ പച്ചിലവളവും വിറകും ശേഖരിച്ചിരുന്നത്. ഈ പ്രദേശം ജന്മിതോമസ് കൊട്ടുകാപ്പള്ളിക്ക് വിറ്റു. സർക്കാർ ഭൂമി കൂടി കയ്യേറി ഇവിടെ കശുമാവിൻ തോട്ടമുണ്ടാക്കി. അതോടെ കർഷകർക്ക്അവിടം അപ്രാപ്യമായി. ഇതിനെതിരായുള്ള വനാവകാശസ മരങ്ങളായിരുന്നു”തോലും വിറകും ഞങ്ങളെടുക്കും കാലൻ വന്നു തടുത്താൽ പോലും / ആരും സ്വന്തം നേടിയതല്ല വാരിധിപോലെ കിടക്കുംവിപിനം” എന്ന ടി.എസ്. തിരുമുമ്പിന്റെ കവിത മുദ്രാവാക്യമാക്കി 1942ൽ ചീമേനിയിൽ നടന്നത്. കാടകം സമരം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സാമ്രാജ്യത്വതാത്പര്യത്തിനെതിരെയായിരുന്നെങ്കിൽ ദേശീയ മുതലാളിയുടെ ദയാരഹിതമായ വനാവകാശ നിയമനിഷേധത്തിനെതിരെയായിരുന്നു തോലും വിറകും സമരം.

സ്വാതന്ത്ര്യത്തിനു മുമ്പ്നടന്ന ഈ രണ്ടുചെറുത്തുനിൽപുകളുടെയും ഊർജ്ജാവേശം പിന്നീടിങ്ങോട്ട്മുക്കാൽ നൂറ്റാണ്ടിലേറെക്കാലമായി നടന്നുവരുന്ന, ഭൂമിയുടെയും മനുഷ്യന്റെയും നിലനില്പിനെ ചൊല്ലിയുള്ള എണ്ണമറ്റ സമരങ്ങൾക്ക്തുടക്കം കുറിച്ചുവെന്ന്പറഞ്ഞാൽ അതിശ യോക്തിയാവില്ല. താപനിലയത്തിനും ആണവനിലയത്തിനും ഖനനത്തിനും എൻഡോസൾഫാൻ ഭീകരതയ്ക്കും എതിരെയുള്ള ജനകീയ പ്രതിരോധങ്ങൾ കാസർഗോഡിന്റെ സമരപുള കങ്ങളായിത്തന്നെ പാരിസ്ഥിതിക കേരളം ഓർമിക്കുന്നുണ്ട്.

ചരിത്രത്തിലൊന്നും രേഖപ്പെടുത്താത്ത ചില ചെറുത്തുനിൽപുകൾ

പ്രകൃതിയുടെ സുസ്ഥിരതയ്ക്ക് വേണ്ടി മാത്രം കാസർഗോഡൻ ജനത നടത്തിയിട്ടുണ്ട്. കലവറ ചരിത്രങ്ങളുടെ കെട്ടുകാഴ്ചകൾക്കൊപ്പം നിന്ന്തന്റെ ഒച്ച മാത്രം വേറിട്ടു കേൾക്കാൻ ഉറക്കെ കൂകുന്ന നാട്ടുനടപ്പുകളിൽ നിന്നും മാറിനടന്ന ചില ചെറു പ്രതിരോധങ്ങൾ. 1991ൽ ബേളയിലും കുണ്ടുംകുഴിയി ലും ആണവ നിലയസ്ഥാപനത്തിനായി സ്ഥലപരിശോധന നടത്തിയപ്പോൾ ഉയർന്നപ്രതിഷേധങ്ങൾ ഇക്കൂട്ടത്തിൽപെടും. കേരളത്തിന്റെ  ഊർജ്ജപ്രതിസന്ധി പരിഹരിക്കാനെന്നവകാശപ്പെട്ട് വരും തലമുറയ്ക്കുകൂടി ബാധ്യതയാകുന്ന ആണവനിലയമെന്ന ആറ്റംബോംബ് സ്ഥാപിക്കാൻ കാസർഗോട്ടെ ബേളയാണ് ആദ്യം അനുയോജ്യസ്ഥലമായി അധികൃതർ കണ്ടത്. പുറമെവിജനമെങ്കിലും കാസർഗോഡൻ തരിശുനിലങ്ങളുടെ അടിവാരം ഗ്രാമജീവിതത്തിന്റെ മരുതം തിണകളായിരുന്നു. ആണവ നിലയം ഒരു ജനവാസകേന്ദ്രത്തിന് വരുത്തുന്ന ആഘാതത്തെക്കുറിച്ച്ചെർണോബിൽ നൽകിയ നേർപാഠം അന്ന്മുമ്പിലുണ്ടായിരുന്നു. ഭൂതത്താൻകെട്ടിൽ സ്ഥാപിക്കാനിരുന്ന ആണവനിലയപദ്ധതി ജനകീയ ചെറുത്തുനിൽപിനെ തുടർന്ന്ഉപേക്ഷിക്കപ്പെട്ട സമയത്താണ് വടക്കൻ കേരളത്തിലേക്ക്പദ്ധതി പറിച്ചുനടാനുള്ള ശ്രമം നടക്കുന്നത്. ബേളയിൽ നിന്നും പത്തിരുപത് കിലോമീറ്റർ ദൂരെപഴയ വന സത്യഗ്രഹഭൂമിയായ കാടകത്തിനടുത്ത്അടൂർ പാണ്ടിയിൽ ‘ബേഡാ ബേഡാ ആണവനിലയം’ ‘ബോഡ്ചി ബോഡ്ചി അനുസ്ഥാവര’ എന്ന്കന്നടയിലും തുളുവിലും മുദ്രാവാക്യം വിളിച്ച്നൂറോളം ഗ്രാമീണർ നടത്തിയ പന്തംകൊളുത്തി പ്രതിഷേധം ആണവനിലയത്തിനെതിരെയുള്ള വടക്കൻ കേരളത്തിന്റെ മനോഭാവം വ്യക്തമാക്കിയ ആദ്യ എതിർശബ്ദമായി. അടുത്ത ആഴ്ചയിൽ ബേളയിലെ നീർച്ചാലിൽ രണ്ടായിരത്തോളം പേർ അണിനിരന്ന ഒരു പ്രതിഷേധറാലി നടന്നു. കവി കയ്യാർ കിഞ്ഞണ്ണറായ് ആണ് ആണവവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തത്. പിന്നീട് കണ്ണൂർ ജില്ലയിലെ ‘പെരിങ്ങോം’ ആണ് അണുനിലയത്തിന് അനുയോജ്യമെന്ന്തീരുമാനിക്കപ്പെട്ടതോടെ രണ്ടുവർഷക്കാലം പെരിങ്ങോം കേരളത്തിലെ അണുനിലയ വിരുദ്ധപോരാട്ടത്തിന്റെ കേന്ദ്രമായി. എം.ടി.യും സുഗതകുമാരിയും മേധാപട്കറും വീരേന്ദ്രകുമാറുമൊക്കെഈ സമരത്തിന് അഭിവാദ്യമർപ്പിക്കാനെത്തിയിരുന്നു. വടക്കൻ കേരളത്തിലെ തോറ്റുപോകാത്ത പരിസ്ഥിതി സമരങ്ങളിലൊന്നായിരുന്നു പെരിങ്ങോത്തേത്.

ആണവനിലയ സ്ഥാപനശ്രമങ്ങൾക്കുമുമ്പേ തന്നെ കൽക്കരികൊണ്ട്പ്രവർത്തിക്കുന്ന ഒരു താപനിലയം തൃക്കരിപ്പൂർ മണ്ഡലത്തിൽ സ്ഥാപിക്കുമെന്ന്അന്നത്തെ സ്ഥലം എം.എൽ.എ. കൂടിയായ കേരള മുഖ്യമന്ത്രി ഇ.കെ. നായനാർ പ്രസ്താവിച്ചിരുന്നു. തൃക്കരിപ്പൂരിൽ ഇതിനെത്തുടർന്ന്ഒരു താപനിലയ വിരുദ്ധസമിതി രൂപീകരിക്കുകയും തൃക്കരിപ്പൂരിൽ പ്രതിഷേധ മാർച്ച്സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് കൽക്കരി താപനിലയം എണ്ണകൊണ്ട്പ്രവർത്തിക്കുന്ന നിലയമായി കാസർഗോട്ടെ മയിലാട്ടിയിൽ സ്ഥാപിക്കപ്പെട്ടു. ഇതിനെതിരായി വലിയ ജനകീയ ചെറുത്തുനിൽപുകളും ദീർഘസത്യഗ്രഹങ്ങളും നടത്തിയിരുന്നു…. നിലയം പ്രവർത്തനം തുടങ്ങിയെങ്കിലും ഊർജ്ജോല്പാദനം പരിമിത തോതിലായിരുന്നു. ഒരു ദശാബ്ദക്കാലമായി പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ് മൈലാട്ടിതാപനിലയം.

കാസർഗോഡിന്റെ ഹരിതനിലപാടുകളെ ലോകശ്രദ്ധയിൽ കൊണ്ടുവന്ന സമരമാണ് എൻഡോസൾഫാൻ കീടനാശിനിക്കെതിരായ സമരം. ചീമേനിയിലെ കൊട്ടുകാപ്പള്ളിക്കാരുടെ എസ്റ്റേറ്റും മറ്റും ‘എൻഡ്രിൻ’ എന്നകീടനാശിനി ഉപയോഗിച്ചുവന്നിരുന്നു. അത് നിരോധിക്കപ്പെട്ടതോടെയാണ് സമാനമായ ‘എൻഡോസൾഫാൻ’ എന്ന മാരക വിഷം എത്തിയത്. ചീമേനി എസ് കേരള പ്ലാന്റേഷൻ കോർപ്പറേഷൻ ഏറ്റെടുക്കുകയും പെരിയ, രാജപുരം, എൻമകജെ, മൂളിയാർ തുടങ്ങിയ സ്ഥലങ്ങളിൽ പുതിയ തോട്ടങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തു. ആകാശമാർഗമായിരുന്നു അവിടെ എൻഡോസൾഫാൻ തളിച്ചത്. ഈ കീടനാശിനി പ്രയോഗം

ആയിരക്കണക്കിനാളുകളിലുണ്ടാക്കിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കീടനാശിനി തളിക്കൽ നിർത്തിയിട്ടും ഇപ്പോഴും തുടരുകയാണ്. 1999ൽ കാസർഗോഡൻ ഗ്രാമങ്ങളിലാരംഭിച്ച ചെറുത്തുനിൽപുകളാണ് എൻഡോസൾഫാൻ കീടനാശിനിയുടെ സമ്പൂർണ്ണ നിരോധനത്തിനായുള്ള വമ്പിച്ച ജനകീയ പ്രക്ഷോഭമായി മാറിയത്. പലലോകരാജ്യങ്ങളിലും എൻഡോസൾഫാൻ നിരോധിക്കപ്പെട്ടതും ലോകാരോഗ്യസംഘടനയുടെ ജനീവ സമ്മേളനത്തിൽ നിരോധനം പ്രത്യേകം ചർച്ചചെയ്യപ്പെട്ടതും കാസർഗോട്ടെ ആരോഗ്യപ്രശ്നം മുൻനിർത്തിയായിരുന്നു. ദുരന്തബാധിതരുടെ പുനരധിവാസത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള സമരം അമ്മമാരുടെ നേതൃത്വത്തിൽ കാസർഗോഡ് ഇപ്പോഴും തുടരുകയാണ്.

വടക്കൻ കേരളത്തിന്റെ പാരിസ്ഥിതിക ജാഗ്രത ഏറ്റവുമേറെ കടപ്പെട്ടിരിക്കുന്നത് പ്രൊഫ. ജോൺസി ജേക്കബ്ബിനോടാണ്. ജോൺസി മാഷ് തുടക്കംകുറിച്ച ‘സീക്കും’ നാലുപതിറ്റാണ്ടായി പ്രസിദ്ധീകരിച്ചുവരുന്ന ‘സൂചീമുഖി’ മാസികയും ആണ് പ്രകൃതിബോധത്തിന്റെ കാര്യത്തിൽ വടക്കൻ കേരളത്തെ മുമ്പേ പറക്കുന്ന പക്ഷിയാക്കിത്തീർത്തത്. സൈലന്റ് വാലി സംരക്ഷണത്തിനായി ആദ്യമായി തെരുവിലിറങ്ങിയത് 1978ൽ ജോൺസിയുടെനേതൃത്വത്തിൽ പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രവിദ്യാർത്ഥികളും സീക്ക്പ്രവർത്തകരുമായിരുന്നു. 1978ൽ ഏഴിമലയിൽ ജോൺസി സംഘടിപ്പിച്ച പ്രകൃതി പഠന സഹവാസം തെക്കെ ഇന്ത്യയിലെത്തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതായിരുന്നു.

ഇന്ദുചൂഢനും എം.കെ. പ്രസാദുമൊക്കെ ഈ ക്യാമ്പിൽ ആദ്യാവസാനക്കാരായി പങ്കെടുത്തു. പിന്നീട് കാസർഗോഡ് ജില്ലയിലെ പ്ലാച്ചിക്കരയിലും കോട്ടഞ്ചേരിയിലും കാൽനൂറ്റാണ്ടോളം സീക്കിന്റെ പ്രകൃതിപഠന സഹവാസം നടന്നു. വിവിധ കാലങ്ങളിൽ ഈ ക്യാമ്പുകളിലൂടെ പ്രകൃതിജ്ഞാനം നേടിയവരുടെ പിന്തുടർച്ചയാണ് വടക്കൻ കേരളത്തിലെ ഹരിതകുലത്തിന് കാതലായിത്തീർന്നത്. 1978ൽ പ്ലാച്ചിക്കരയിലെകാടുകൾ മുഴുക്കെ വെട്ടി കശുമാവിൻ തോട്ടമുണ്ടാക്കാനുള്ള ശ്രമമറിഞ്ഞ്ക്യാമ്പിലെ കുട്ടികൾ പ്രൊഫ. എം.കെ. പ്രസാദിന്റെ നിർദ്ദേശത്തിൽ അന്നത്തെ കേരളാമുഖ്യമന്ത്രി എ.കെ. ആന്റണിക്കെഴുതുകയും അതിനെ തുടർന്ന്മരംമുറി ഉപേക്ഷിക്കുകയും ചെയ്യപ്പെട്ടു. കേരളത്തിൽ കുട്ടികളുടെ ഇടപെടൽ രക്ഷിച്ചെടുത്ത ആദ്യപച്ചത്തുരുത്തായി കാസർഗോ ട്ടെ പ്ലാച്ചിക്കര റിസർവ്വ്ഫോറസ്റ്റ്.

വികസനമെന്ന്പേരിട്ടു വിളിക്കുന്ന എല്ലാ വിനാശപദ്ധതികൾക്കും വിലകൊടുക്കേണ്ടിവരുന്നത് ഇടനാട്ടിലെ ജലസ്തംഭമായ കുന്നുകളും തീരദേശ തണ്ണീർത്തടങ്ങളുമാണ്. റെയിൽപ്പാത ഇരട്ടിപ്പിക്കാനും നാഷണൽ ഹൈവേ വികസിപ്പിക്കാനും വയൽ നികത്താനും തുരന്നെടുക്കപ്പെടുന്നത് കുന്നു

കളുടെ ഹൃദയമാണ്. നെൽവയൽ സംരക്ഷണനിയമവും തീരദേശ സംരക്ഷണനിയമവും കാറ്റിൽപറ ത്തിക്കൊണ്ടാണ് നിരവധി നിർമാണ പ്രവർത്തനങ്ങൾ ജില്ലയിലൊട്ടാകെ നടക്കുന്നത്. ഇടയടുക്കംവയൽ, കാരോട്ട് വയൽ, പൈനാടൻചാൽ തുടങ്ങി ജില്ലയിലെ പ്രധാന വയലേലകളെല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞു. അതുകൊണ്ട്തന്നെ ഖനനത്തിനും വയൽ നികത്തലിനുമെതിരെയുള്ള പ്രക്ഷോഭങ്ങളാണ് ഇന്ന്എവിടെയും. കാസർഗോട്ട്നടന്ന ഖനന വിരുദ്ധസമരത്തിൽ ആദ്യം ഓർക്കപ്പെടേണ്ടത് കരിന്തളം കടലാടിപ്പാറ ആഷാപുരയെന്ന കുത്തകക്കമ്പനിക്ക്ബോക് സൈറ്റ്ഖനനത്തിനായി വിട്ടുകൊടുക്കുന്നതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭമാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരു ഗ്രാമം മുഴുവൻ നാടിനെ കുഴിച്ചുതീർക്കുന്നതിനെതിരെ അണിനിരന്നു ഇവിടെ. പ്രാദേശിക ഭരണകൂടങ്ങളുടെ തീരുമാനങ്ങൾ എങ്ങിനെ പൊതുജനഹിതാർത്ഥമാകും എന്നതിന് കൂടി ഉദാഹരണമാണ് ഇവിടെ കരിന്തളം പഞ്ചായത്ത്കൈക്കൊണ്ട നിലപാടുകൾ. കരിന്തളം കടലാടിപ്പാറ ഖനനത്തിനായി തീറെഴുതിക്കൊടുക്കില്ലെന്ന്പ്രക്ഷാഭാനന്തരം വ്യവസായമന്ത്രിക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടിവന്നു. കാസർഗോഡ് പരപ്പമുണ്ടത്തടത്തിലെ ക്വാറിവിരുദ്ധസമരം പോലീസ് മർദ്ദനങ്ങളെയും കള്ള പ്രചരണങ്ങളെയും അതിജീവിച്ച് ഇപ്പോഴും തുടരുകയാണ്.

2018ലെ പ്രളയം കാസർഗോഡ് ജില്ലയെ മാത്രമാണ് കാര്യമായി ബാധിക്കാതെകടന്നു പോയത്. കേരളത്തിലെ 41 നദികളിൽ ഒമ്പതും ഒഴുകുന്നത് കാസർഗോഡ് ജില്ലയിലൂടെയാണ്. എങ്കിലും നദീജലം കവിഞ്ഞൊഴുകിയുള്ള മിന്നൽപ്രളയം ഇവിടെയുണ്ടായില്ല. മഴവെള്ളം പെയ്ത് മണിക്കൂറുകൾക്കകം കടലിലെത്തിച്ചേരും വിധം കാടിനും കടലിനുമിടയിൽ വീതികുറവാണ് അത്യുത്തര കേരളത്തിന്. അണക്കെട്ടുകളില്ലാതെ അനുസ്യൂതമൊഴുകുന്ന പുഴയുടെ നാടുകൂടിയാണ് കാസർഗോ ഡ്. എന്നാൽ 2019ലെ കാലവർഷം ഇവിടെ ചെറുതല്ലാത്ത നാശങ്ങൾ വരുത്തി. കാരിയങ്കോട് പുഴയുടെ പതനമുഖത്ത്പുലിമുട്ട് പണിതതും കൃത്രിമമായ ഒരു തുരുത്ത്പുഴയുടെ നീർവായിൽ രൂപപ്പെടുത്തിയെടുക്കുന്നതും ജലപ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായി. കവ്വായിക്കായലിനും അറബിക്കടലിനും ഇടയിൽ 24 കിലോമീറ്റർ നീളത്തിൽ നാടപോലെ കിടക്കുന്ന വലിയപറമ്പ് പഞ്ചായത്തിന്റെ വലിയൊരു ഭാഗം ഈ വർഷം കടലെടുത്തു. കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും അനന്തരഫലമായുണ്ടാകുന്ന കടലേറ്റം ഒരു യാഥാർത്ഥ്യം തന്നെയെന്ന് ട്രംപിനറിയില്ലെങ്കിലും വലിയപറമ്പ്നിവാസികൾക്കറിയാം. ഈ ആശങ്കകൾ പങ്കുവെക്കാനാണ് കഴിഞ്ഞ ആഗസ്ത് മാസം മൂവായിരത്തോളം പേർ പങ്കെടുത്ത വലിയൊരു പരിസ്ഥിതി സമ്മേളനം വലിയപറമ്പിൽ നടന്നത്.

ജോൺസി ജേക്കബിൽ നിന്നും കൊളുത്തിയ പ്രകൃതിബോധത്തിന്റെ ഹരിതസ്ഫുലിംഗങ്ങൾ വടക്കൻ കേരളത്തിൽ പലയിടത്തും ഇന്നും ജാഗ്രതയുടെ കാവൽവിളക്കുകളായി കത്തിനിൽക്കുന്നുണ്ട്. കടലാമ സംരക്ഷണത്തിനായി തൈക്കടപ്പുറത്ത് പ്രവർത്തിക്കുന്ന ‘നൈതൽ’ എന്ന കൂട്ടായ്മയുടെ പ്രവർത്തനം കാസർഗോട്ടെ നിരവധി പരിസ്ഥിതി പ്രശ്നങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. ജില്ലാപരിസ്ഥിതി സമിതി, സ്കൂളുകളിലെ വിവിധ പ്രകൃതി ക്ലബ്ബുകൾ, കലാസാംസ്കാരിക സമിതികൾ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്തുടങ്ങി പ്രകൃതി സംരക്ഷണവും ഹരിതവത്കരണവും കാര്യമായെടുത്ത നിരവധി സംഘടനകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. കടലാമകളുടെ സഞ്ചാരവഴികളിൽ കരയുമായുള്ള പൊക്കിൾക്കൊടി ബന്ധംമുറിച്ചുകൊണ്ട്കരിങ്കൽഭിത്തികളാണെങ്ങും. എങ്കിലും ജന്മാന്തരങ്ങളായ ഓർമകളിലൂടെ നീലേശ്വരം കടപ്പുറത്തെത്തുന്ന ആമകളുടെ മുട്ടകൾ ശേഖരിച്ച് വിരിയിച്ചെടുത്ത്നൈതൽ പ്രവർത്തകർ അവയെ കടലിലേക്ക് തിരിച്ചുവിടുന്നു. വലയിൽ കുരുങ്ങിയും ബോട്ടിന്റെ പൽച്ചക്രത്തിനിടയിൽ പെട്ട്മുറിഞ്ഞും അവശരായ ആമകളെ താത്കാലിക അഭയ കേന്ദ്രത്തിൽ പരിചരിക്കുന്നു. ഇത്തരം പരിസ്ഥിതി ജാഗ്രതയാണ് ഉയരുന്ന കടൽനിരപ്പിനും മേലെ പ്രതീക്ഷയോടെ തല ഉയർത്തിനിൽക്കുന്ന ഹരിതഭാവിയുടെ പൈനാടൻ നെല്ക്കതിരുകൾ.

Comments are closed.