mohanlal

മോഹൻലാൽ മുന്നിൽ നിൽക്കുമ്പോൾ

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ‘(1980) എന്ന സിനിമ റിലീസ് ചെയ്യുമ്പോൾ ഒരു ആറാം ക്ലാസുകാരനായിരുന്നു, ഞാൻ. അന്ന് മുതൽ കയ്യിൽ ക്യാമറയുമായി അദ്ദേഹത്തിന് മുന്നിൽ നിൽക്കുന്ന ഈ നിമിഷം വരെ ലാലേട്ടന്റെ നിറഞ്ഞ ഒരു ആരാധകൻ.  മോഹൻലാൽ എന്ന വിസ്മയത്തെ ക്യാമറയിൽ പകർത്തിയ നിമിഷങ്ങളുടെ ഓർമകളിൽ ‘വിസ്മയം’ എന്ന വാക്കിന് സ്വന്തം ജീവിതത്തിലുള്ള അർത്ഥം തിരയുകയാണ് ഫോട്ടോഗ്രാഫർ, മധുരാജ്.

മോഹൻലാൽ മുന്നിൽ നിൽക്കുമ്പോൾ

മധുരാജ്

 

‘വിസ്മയം’ എന്ന വാക്കിന് ജീവിതത്തിൽ അത്രയേറെ പ്രാധാന്യമുള്ള ഒരു നടനാണ് മോഹൻലാൽ. അത് അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുമുണ്ട് (മകളുടെ പേര് ‘വിസ്മയ ‘ എന്നാണല്ലോ).സിനിമയിലേക്കുള്ള അദ്ധേഹത്തിന്റെ എത്തിച്ചേരൽ മുതൽ മലയാളിയുടെ പ്രിയങ്കരനായ ലാലേട്ടനിലേക്കുള്ള ആ ജീവിതയാത്ര…നമുക്ക് അത് വിസ്മയമാണ്; മനപ്പാഠമാണ്. ഞാൻ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഒരു ഫോട്ടോ ജേർണലിസ്റ്റ് എന്ന നിലയിൽ ആ വലിയ നടനോടൊപ്പം ചിലവഴിച്ച അപൂർവ്വ നിമിഷങ്ങളിലൂടെ, വിസ്മയം എന്ന വാക്കിന് എന്റെ ജീവിതത്തിലുള്ള അർത്ഥം തിരയുകയാണ് ഇവിടെ.

ആകസ്മികത; അത് നൽകുന്ന വിസ്മയം. ഫോട്ടോ ജേർണലിസത്തിന്റെ മർമ്മം കുടികൊള്ളുന്നത് ഇതിലാണ്. ഒരു ന്യൂസ് ബ്രേക്കിന്റെ യാദൃച്ഛികത. അത് കൈകാര്യം ചെയ്യുന്നതിലെ മിടുക്ക്. ഇതിലാണ് ഒരു മാധ്യമത്തിന്റെ ഭാവി നിർണ്ണയിക്കപ്പെടുന്നത് എന്നും പറയാം.മനുഷ്യവിധിയുടെ വരുംവരായ്കകളുടെ വിസ്മയഭൂമിയിലൂടെയുള്ള ഒരു യാത്രയാണ് പത്രപ്രർത്തനം. ഡാനിഷ് സിദ്ധിക്കി എന്ന റോയിട്ടർ ഫോട്ടോഗ്രാഫർ അഫ്ഗാനിൽ താലിബാൻ തീവ്രവാദികളുടെ വെടിയേറ്റ് വീഴുന്നത് ഈ വിസ്മയം തേടിയുള്ള യാത്രക്കിടയിലായിരുന്നു.

വാർത്താ ചിത്രങ്ങളുടെ വൈവിധ്യ ഭൂമിയിലെ വിസ്മയങ്ങളിലൂടെയുള്ള എന്റെ യാത്രക്കിടയിൽ മോഹൻലാൽ എന്ന നടനെ ഞാൻ കണ്ടുമുട്ടുന്നു. ഒപ്പം യാത്ര ചെയ്യുന്നു. ചിത്രങ്ങൾ പകർത്തുന്നു. ഒരു ന്യൂസ് ഫോട്ടോഗ്രാഫറായിരുന്ന എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന വലിയ ഒരു ആകസ്മികതയും വിസ്മയവുമായിരുന്നു ഇത്. കാരണം ഞാൻ അതുവരെ വ്യാപരിച്ചിരുന്ന ന്യൂസ് ഫോട്ടോഗ്രാഫിയുടെ ലോകം സിനിമ പോലുള്ള ഗ്ലാമർ ലോകത്തിന് വളരെ അകലെയായിരുന്നു. എന്നാൽ മോഹൻലാൽ എന്ന നടനെ ആദ്യമായി കണ്ടത് ഏതെങ്കിലും സിനിമ സെറ്റിൽ വച്ചോ ലൊക്കേഷനിൽ നിന്നോ ആയിരുന്നില്ല. അത് ഒരു കലാപ ഭൂമിയിൽ വച്ചായിരന്നു. ആ കഥയിലേക്ക് ഞാൻ ആദ്യം വരാം.

മോഹൻലാൽ
കണ്ണൂരിലെ
ജനങ്ങളോട് പറഞ്ഞത്

കണ്ണൂരിൽ ഒരു ഫോട്ടോ ജേർണലിസ്റ്റായി ജോലി തുടങ്ങിയതിന്റെ അടുത്ത വർഷമായിരുന്നു കൂത്തുപ്പറമ്പ് വെടിവെപ്പ്(1994 ൽ) നടന്നത്. കേരളത്തിന്റെ രാഷട്രീയ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു ഏട്. അന്ന് കൂത്തുപറമ്പിൽ പോലീസ് വെടിവെപ്പിൽ അഞ്ചു യുവാക്കൾ കൊല്ലപ്പെട്ടു. കണ്ണൂർ ജില്ല രാഷ്ട്രീയ പകയുടെ കുരുതിക്കളമായി മാറിയ വർഷങ്ങളായിരുന്നു തുടർന്നുണ്ടാവുന്നത്. തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ ഇതായിരുന്നു കണ്ണൂർ ജില്ലയിലെ ആ ചാവു നിലങ്ങൾ. ഇന്ന് ഓർക്കുമ്പോൾ പേടി തോന്നുന്നു… സ്കോർ ബോഡിൽ എണ്ണം തികക്കാൻ രാഷട്രീയ പാർട്ടികൾ കത്തിയും ബോംബും കൊണ്ട് പ്രാകൃതമായി എതിർ കക്ഷികളെ ഇല്ലാതാക്കാൻ മൽസരിച്ച കാലം.ബന്ദും ഹർത്താലും തുടർക്കഥയായി മാറി. കർഫ്യൂ.. നിരോധനാജ്ഞ.. ..തോക്കിൻ മുനയിൽ ജീവിതം വിറങ്ങലിച്ചു. മരണ നിലവിളിയുമായി പായുന്ന ആംബുലൻസുകൾ… അമ്മമാരുടെ കണ്ണീരിൽ കുതിർന്ന ദിനങ്ങൾ.. അക്ഷരങ്ങൾ ചോരയിൽ കുതിർന്നെത്തുന്ന പത്രങ്ങൾ… . തിൻമയുടെ പേരിൽ ഒരു ദേശം ദേശീയ ശ്രദ്ധയിൽ വന്ന ദിനങ്ങൾ….

ഈ സന്ദർഭത്തിലായിരുന്നു മലയാള സിനിമാ പ്രവർത്തകർ തലശ്ശേരിക്ക് അടുത്ത് പാനൂരിൽ മഹത്തായ ഒരു ദൗത്യവുമായി ഒത്തുകൂടിയത്. മമ്മൂട്ടി, മോഹൻലാൽ, അന്തരിച്ച നടൻ മുരളി സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങളും ജോഷി, ഹരിഹരൻ, സിബി മലയിൽ, രഞ്ജിത് (അന്ന് തിരക്കഥാകൃത്ത്) തുടങ്ങിയ സംവിധായകരും സുരേഷ്, മാണി സി കാപ്പൻ തുടങ്ങിയ നിർമ്മാതാക്കളും അടക്കം നൂറോളം ചലച്ചിത്ര പ്രവർത്തകർ.1999 ഡിസംബർ 18 ഒരു ഞായറാഴ്ചയായിരുന്നു, അത്. മണ്ണിലേക്ക് ഇറങ്ങി വന്ന താരങ്ങളെ കാണാൻ ആയിരങ്ങൾ ആ അവധി ദിവസം പാനൂരിലേക്ക് ഒഴുകിയെത്തി. കണ്ണൂർ യൂണിറ്റിൽ ന്യൂസ് ഫോട്ടോ ഗ്രാഫറായിരുന്ന ഞാൻ അത് കവർ ചെയ്യാനായിരുന്നു അവിടെ എത്തിയത്.

മോഹൻലാലിനെ ആദ്യമായി കാണുന്നത് അന്നായിരുന്നു. നരസിംഹം എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് അദ്ദേഹത്തിന്റെ വരവ്. മുഖത്തും അംഗചലനങ്ങളിലും ആ സിനിമയിൽ കണ്ട അതേ ഗാഭീര്യം. പിരിച്ചു വെച്ച മീശ. ഇരുണ്ട പച്ച നിറത്തിൽ തെറുത്തു കയറ്റിയ ജുബ്ബയും കസവ് മുണ്ടുമാണ് വേഷം. വേദിയുടെ മുൻ നിരയിൽ മമ്മൂട്ടിക്കൊപ്പം മൗനിയായി ഇരിക്കുമ്പോൾ മുഖത്ത് പങ്കെടുക്കുന്ന ചടങ്ങിന്റെ ഗൗരവം. കണ്ണൂരിന്റ ശാശ്വത ശാന്തിക്ക് വേണ്ടിയായിരുന്നു ആ താര ഉപവാസം. ‘സിനിമയിൽ നാം അടിക്കുകയും ഇടിക്കുകയും ചെയ്യും.’ വേദിക്ക് പുറത്ത് പൊരിവെയിൽ മണിക്കൂറുകളായി തന്നെ കാതോർത്തു നിൽക്കുന്ന ആരാധകരെ നോക്കി ലാൽ പറഞ്ഞു.’അത് അഭിനയമല്ലേ. പക്ഷെ, ഇത് ജീവിതമാണ്. ഇതിൽ പരസ്പര സ്നേഹവും ബഹുമാനവുമാണ് വേണ്ടത്. ആർക്കും ആരെയും തല്ലാനും കൊല്ലാനും അധികാരമില്ല. നിഷ്കളങ്കമായ ജീവിതങ്ങള തച്ചുടക്കരുത്'”. സമാപന സമ്മേളനത്തിൽ മോഹൻലാലിന്റെ വാക്കുകൾക്ക് കനിവിന്റെയും അലിവിന്റെയും അപേക്ഷയുടെയും സ്വരമുണ്ടായിരുന്നു.

കാലം പിന്നേയും ഒരുപാട് കഴിഞ്ഞു. 2008 ൽ ഞാൻ വീണ്ടും മോഹൻലാലിനെ കാണുന്നത് മാടമ്പി എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു. ലോകം ഒരുപാട് മാറിയ പത്ത് വർഷങ്ങളായിരുന്നു കടന്നു പോയത്.ഒരു മില്ലേനിയം വർഷം കടന്നു വന്നു. സിനിമയിലും ക്യാമറയിലും ഫിലിം അപ്രത്യക്ഷമായി. ഡിജിറ്റൽ ടെക്നോളജിയുടെ ഒരു പുതുയുഗം ആരംഭിച്ചു. അന്നുവരെ നാം ചർച്ച ചെയ്ത ആഗോളീകരണം വെല്ലുവിളികളോടൊപ്പം ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുതിയ തുറസ്സുകൾ സൃഷ്ടിച്ചു. കച്ചവടവും മൽസരവും വിപണിയെ ഉത്സവമാക്കി. പുതിയ കാറുകൾ ,മൊബൈൽ ഫോണുകൾ…. സുഖത്തിന്റെയും സന്തോഷത്തിന്റെ സമവാക്യങ്ങളെ തിരുത്തിയെഴുതിയ പത്ത് വർഷങ്ങൾ. അഭിരുചികളിലും കാഴ്ചപ്പാടിലും ഒരു അട്ടിമറി നടന്നപ്പോഴും മലയാളിയുടെ മനസ്സിൽ മാറ്റ് കുറയാതെ… ഇഷ്ടം കുറയാതെ…ഒരാൾ… മോഹൻലാൽ.

ഫോട്ടോ : മധുരാജ് |കടപ്പാട് : മാതൃഭൂമി

മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ ന്യൂസ് വിഭാഗത്തിൽ നിന്ന് പിരിയോഡിക്കൽസിന്റെ ചീഫ് ഫോട്ടോഗ്രാഫറായി കോഴിക്കോട് ചുമതല ഏറ്റ കാലമായിരുന്നു അത്. ഒറ്റപ്പാലത്ത് ഉള്ള വരിക്കാശ്ശേരി മനയിൽ വച്ചായിരുന്നു ഷൂട്ടിങ്ങ്. സമയം ഉച്ച കഴിഞ്ഞ നേരത്തായിരുന്നു ഞങ്ങൾ അവിടെ എത്തിയത്. ‘ചിത്രഭൂമി ‘ക്കു വേണ്ടി ഒരു ലൊക്കേഷൻ റിപ്പോർട്ട് തയ്യാറാക്കാൻ. സിനിമാ മേഖലയിൽ ഏറെ കാലത്തെ കൈത്തഴക്കമുള്ള റിപ്പോർട്ടർ ടി.പ്രതീഷും കൂടെയുണ്ട്. പത്ത് വർഷം മുമ്പ് ഒരു ആൾക്കൂട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു ഞാൻ മോഹൻലാലിനെ ആദ്യമായി കാണുന്നത്. ഇന്ന് അങ്ങനെയല്ല. അദ്ധേഹത്തെ മാത്രം തേടി വന്നതാണ്. ലൊക്കേഷൻ ചിത്രങ്ങൾ പകർത്താനുണ്ട്. ഒപ്പം മോഹൻലാലിന്റ തനിച്ചുള്ള ചിത്രങ്ങളും വേണം. ഞാൻ എന്ന ഈ പുതുമുഖത്തിനോട് അദ്ധേഹം സഹകരിക്കുമോ? എന്റെ ഉളളിലെ ആശങ്ക ഞാൻ റിപ്പോർട്ടറോട് പങ്കുവച്ചു. ‘മധുവേട്ടൻ പേടിക്കണ്ട. നമുക്ക് ശരിയാക്കാം’..പ്രതീഷ് എനിക്ക് ധൈര്യം പകർന്നു. സിനിമയിലെ പിരിമുക്കം നിറഞ്ഞ ഒരു ഔട്ട് ഡോർ സീൻ കഴിഞ്ഞതിനു ശേഷമുള്ള ഇട വേളയിലായിരുന്നു ഞങ്ങൾ അദ്ദേഹത്തെ കാണുന്നത്. പച്ച നിറത്തിലുള്ള മുറിക്കയ്യൻ ഷർട്ടും ഇളം പച്ചക്കരയുള്ള മുണ്ടുമാണ് വേഷം. ഔട്ട്ഡോർ സീനിൽ നേരത്തെ ചിത്രീകരിച്ച പരിമുറുക്കം അനുഭവിക്കുകയായിരുന്നു ഞാൻ. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ‘(1980) എന്ന സിനിമ റിലീസ് ചെയ്യുമ്പോൾ ഒരു ആറാം ക്ലാസ്കാരനായിരുന്നു ഞാൻ. അന്ന് മുതൽ കയ്യിൽ ക്യാമറയുമായി അദ്ധേഹത്തിന് മുന്നിൽ നിൽക്കുന്ന ഈ നിമിഷം വരെ ലാലേട്ടന്റെ നിറഞ്ഞ ഒരു ആരാധകൻ. കൈവളരുന്നതും കാൽ വളരുന്നതും നോക്കി ഓരോ മലയാളിയും സ്നേഹിച്ച, ആരാധിച്ച മോഹൻലാൽ. കുസൃതിയും വില്ലത്തരവും, മനുഷ്യന്റ ഉള്ളിലെ മനുഷ്യന്റെ നാനാഭാവങ്ങളും അനായാസം വിടരുന്ന ആ മുഖം ഇപ്പോൾ തിരശ്ശീലയില്ല; കണ്മുന്നിലാണ്. നോക്കി നിൽക്കെ പല ചിന്തകളും ഉള്ളിലൂടെ കടന്നു പോയി. ‘ഇത് മധുരാജ്” പ്രതിഷ് എന്നെ പരിചയപ്പെടുത്തി. ‘നമ്മുടെ ചീഫ് ഫോട്ടോ ഗാഫറാണ്.’ മോഹൻലാൽ എന്നെ നോക്കി ചിരിച്ചു. സ്വതസിദ്ധമായ ഭാവത്തിൽ തല കുലുക്കി സൗഹൃദഭാവത്തിൽ എന്നെ നോക്കി. പ്രതീഷ് കുശലം പറയുന്നതിനിടയിൽ ഏതാനും സ്നാപ്പുകൾ പകർത്തി. ‘എന്നാൽ നമുക്ക് പടം എടുക്കാം അല്ലേ ‘. എന്റെ ആവശ്യം മനസ്സിലാക്കി മോഹൻലാൽ മുന്നോട്ട് വന്നു. വരിക്കാശ്ശേരി മനയുടെ നടുത്തളത്തിലാണ് നമ്മൾ. വരാന്തയിൽ ആട്ടു കട്ടിലുണ്ട്. അദ്ധേഹത്തിന്റെ പ്രൗഢമായ വേഷത്തിന് ആട്ടുകട്ടിലിന്റെ പശ്ചാത്തലം യോജിക്കും എന്ന് തോന്നി. എന്റെ നിർദേശം അദ്ദേഹത്തിനും സ്വീകാര്യമായി. ആട്ടു കട്ടിലിന്റെ ചങ്ങലയിൽ പിടിച്ചു നിന്നും ഇരുന്നും ഏതാനും ചിത്രങ്ങൾ. അഭ്രപാളികളിൽ മറ്റു പലരുമായി മാറുന്ന ആ മായാജാലം ഞാൻ ലെൻസിലൂടെ ആദ്യമായി കാണുകയായിരുന്നു. പുറത്ത് നടുത്തളത്തിൽ വീഴുന്ന സ്വാഭാവിക വെളിച്ചം അപ്പോൾ ആ മുഖത്തെ പ്രോജ്ജ്വലമാക്കി. അനായാസമായി എന്റെ ക്യാമറ ആ നിമിഷങ്ങളെ സ്വന്തമാക്കി. എല്ലാം ഏതാനും മിനുട്ടുകൊണ്ട് കഴിഞ്ഞു. ഫോട്ടോഗ്രാഫി ചെയ്യുന്നത് ഒരു നിമിഷത്തെ നിശ്ചലമാക്കുക മാത്രമല്ല. വ്യൂ ഫൈൻഡറിനു മുന്നിലെ സ്ഥലത്തിൽ അല്ലെങ്കിൽ വ്യക്തിയിൽ കുടികൊള്ളുന്ന അനാദി ചൈതന്യമായ കാലത്തെ അനശ്വരമാക്കുക കൂടിയാണ്. നമ്മുടെ കാലത്തെ മഹാനായ ഒരു കലാകാരന്റെ അനശ്വരമായ ഒരു ജീവിത മുഹൂർത്തത്തെ എനിക്ക് നമ്മാനിച്ച കാലത്തിനു നന്ദി.

ഫോട്ടോ : മധുരാജ് |കടപ്പാട് : മാതൃഭൂമി

അപൂർവ്വ സുന്ദരമായ ആ നിമിഷങ്ങളെ ഞാൻ നമിച്ചു.മോഹൻലാലിനെ ഞാൻ വീണ്ടും കാണുന്നത് രണ്ടു മാസം( 2008 ജൂലൈ) കഴിഞ്ഞ് കാർഗിലിൽ വച്ചായിരുന്നു. മേജർ രവിയുടെ കുരുക്ഷേത്ര എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച്. മാതൃഭൂമി ആരംഭിച്ച യാത്ര എന്ന ട്രാവൽ മാഗസിസിനിൽ മോഹൻ ലാൽ ചെയ്യുന്ന ‘ട്രാവൽ ട്രാൻസ് ‘ എന്ന പംക്തിക്കായി ചിത്രം എടുക്കാൻ. എന്റെ കൂടെയുള്ളത് അദ്ദേഹത്തിന്റെ ആത്മമിത്രമായ നമ്മുടെ റിപ്പോർട്ടർ ശ്രീകാന്ത് കോട്ടക്കൽ. പകലിന് ദൈർഘ്യം കൂടുതലുള്ള അവിടഞ്ഞെ ദിനങ്ങളിൽ ഞാൻ കണ്ടത് മോഹൻലാലിനെ യായിരുന്നില്ല ,’കേണൽ മഹാദേവ ‘നെയായിരുന്നു. പട്ടാള യൂണിഫോമിൽ അതിർത്തിയിൽ സദാ ജാഗരൂകനായ ഇന്ത്യൻ ആർമി ഓഫീസർ. മുപ്പതോളം ദിവസം നീണ്ട ഷൂട്ടിങ്ങിന്റെ അവസാന വാരമായിരുന്നു ഞങ്ങൾ അവിടെ എത്തിയത്. പകൽ കഠിനമായ ചൂടും രാത്രിയിൽ കൊടും തണുപ്പും. വായുവിൽ ഓക്സിജൻ കുറവായതിനാൽ ശ്വസന പ്രശ്‌നവും ഉണ്ടാകാം. ശരീരത്തെ തളർത്തുന്ന പ്രതികൂല കാലാവസ്ഥ. അതിരാവിലെ വരണ്ട മലമുകളിലെ ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയാൽ മുറിയിൽ തിരിച്ചു വരിക
വൈകീട്ട് എട്ടു മണി കഴിഞ്ഞ്. രാത്രി എട്ടുമണി കഴിഞ്ഞാലും പകൽ വെട്ടം കാണും.വലിയ ഹോട്ടലുകൾ ഒന്നും ഇല്ലാത്ത കാർഗിലിൽ സൂപ്പർസ്റ്റാറും സംവിധായകനും യൂണിറ്റിലെ മറ്റുള്ളവരും താമസിക്കുന്നത് ഒരേ ഇടത്തായിരുന്നു.പഴയ ഒരു സത്രം പോലെ ഒരു മലയുടെ ചെരിവിലെ ഒരു ചെറിയ ഹോട്ടലിൽ. അതു സംഘടിപ്പിക്കാൻ തന്നെ വളരെ ബുദ്ധിമുട്ടി എന്നറിഞ്ഞു. അതിഥികളായി എത്തിയ ഞങ്ങളും താമസിച്ചത് ഇവിടെ തന്നെ. ഒരു ബിഗ് ബജറ്റ് സിനിമയാണെങ്കിലും എത്തിച്ചേരാനുള്ള ദൂരം, പ്രതികൂലമായ കാലാവസ്ഥ, താമസത്തിനുള്ള അസൗകര്യം എന്നീ കാരണങ്ങളാൽ യൂണിറ്റിൽ പൊതുവെ ആളുകൾ കുറവായിരുന്നു. അത് കൊണ്ട് യൂണിറ്റിലുള്ള നടൻമാരല്ലാത്ത പലരും അഭിനയിക്കേണ്ടിയും വന്നു. ഞങ്ങളുടെ കൂടെ ദൽഹിയിൽ നിന്ന് വന്ന സുഹൃത്തിന് ലഭിച്ചത് ഒരു മികച്ച റോളായിരുന്നു. സ്ഥലം കലക്ടറുടെ. ആ റോൾ അദ്ധേഹം ഭംഗിയായി ചെയ്തു. മോഹൻലാലിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ വേഷം. സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ച ,അഭിനയ കമ്പമുള്ള ശശിയേട്ടൻ എന്ന് പേരുള്ള ഞങ്ങളുടെ സുഹൃത്തിന് അങ്ങനെ ആ യാത്ര മറക്കാനാവാത്തതായി. ‘അഭിനയിക്കുമോ’?.ഈ ചോദ്യം എന്നോട് ചോദിക്കുന്നത് സാക്ഷാൽ മോഹൻലാൽ ! ലൊക്കേഷനിലെ ഒരു ഇടവേളയിലായിരുന്നു അത്. ഞാൻ ഒരു അമ്പരപ്പോടെ ‘ഇല്ല’എന്ന മറുപടി പറഞ്ഞു. പക്ഷെ ,അഭിനയിക്കാനുള്ള ഒരു ക്ഷണം കൂടിയായിരുന്നു ആ ചോദ്യം. പിന്നീടറിഞ്ഞു, ഞങ്ങളുടെ സുഹൃത്ത് ചെയത കലക്ടറുടെ വേഷത്തിലേക്കായിരുന്നു എന്നെ ക്ഷണിച്ചത് എന്ന്. ഞാനായിരുന്നു ആ റോൾ കൈകാര്യം ചെയ്തതെങ്കിൽ എന്ന് ഓർത്ത് ഞാൻ ഇപ്പോഴും ഞെട്ടാറുണ്ട്! എങ്കിലും സാക്ഷാൽ മോഹൻലാൽ ക്ഷണിച്ചിട്ടു പോലും ഞാൻ അഭിനയിക്കാൻ കൂട്ടാക്കിയില്ല എന്ന് സുഹൃത്തുക്കളോട് എനിക്ക് വീമ്പ് പറഞ്ഞു നടക്കാനായി.

ഇതൊക്കെ ഓർക്കാൻ രസമുള്ള ചില തമാശകൾ.

‘ആ ബാഗ് ഞാൻ പിടിക്കട്ടെ?’

കാർഗിലിൽ എത്തിയിട്ട് രണ്ടു ദിവസം പിന്നിട്ടതിനു ശേഷമാണ് ‘യാത്ര’ക്ക് വേണ്ടി മോഹൻലാലിന്റെ ഷൂട്ട് നടന്നത്. ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുമ്പ് അതിരാവിലെ അദ്ധേഹം നടക്കാൻ പോകും. അപ്പോൾ കൂടെ പോകാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. രാവിലെ അഞ്ചു മണിക്ക് പുറപ്പെടണം. നാലെ അമ്പത്തി അഞ്ചിന് മോഹൻ ലാലിന്റെ കോസ്റ്റ്യുമർ മുരളി വാതിലിൽ മുട്ടിവിളിച്ചു പറഞ്ഞു. ‘ലാൽ സാർ നടക്കാൻ പോകാൻ തയ്യാറായി’ എന്ന്. ഞങ്ങൾ മുറിയിൽ നിന്ന് ഇറങ്ങും മുമ്പേ അദ്ധേഹം നടത്തം തുടങ്ങിയിരുന്നു. ഞങ്ങൾ പിറകെ ഓടി. പകൽ സമയത്തെ ദൈർഘ്യം ഏറിയ ഷൂട്ടിങ്ങ് കഴിഞ്ഞ് എത്ര വൈകി കിടന്നാലും സമയത്തിന്റെ കാര്യത്തിൽ കാട്ടുന്ന ഈ ജാഗ്രത പല തവണ ഞങ്ങൾ കണ്ടതാണ്. പുലർകാലമായതിനാൽ നല്ല തണുപ്പുണ്ട്. കാർഗിൽ ടൗൺ ഉണർന്നിട്ടില്ല. പക്ഷെ ,ബിർച്ച് മരങ്ങളിൽ കളികളടെ അനക്കവും പാട്ടും കേൾക്കാം. ടൗണിനോട് ഓരം ചേർന്നൊഴുകുന്ന ശുരു നദിയുടെ ആരവം ഒരു നേർത്ത ശ്രുതിയായി കാതിൽ മുഴങ്ങുന്നു.

ഫോട്ടോ : മധുരാജ് |കടപ്പാട് : മാതൃഭൂമി

കുഞ്ഞിയൊഴുകുന്ന ജലത്തിന് സിമന്റ് കുഴച്ചതിന്റെ നിറമാണ്. അവിടത്തെ മല നിരകളുടെ നിറം. ശുരു ഒരു അരഞ്ഞാണം പോലെ അലങ്കാരം ചാർത്തി ഒഴുകുന്ന കാർഗിലിന്റെ കാഴ്ച, മലമുകളിൽ നിന്ന് മനോഹരമാണ്.

‘ഞാൻ പിടിക്കണോ’. ബാഗ് നിറയെ ലെൻസുമായുള്ള എന്റെ ഓട്ടം കണ്ട് പാവം തോന്നിയാട്ടാവണം അദ്ധേഹം എന്നോട് ചോദിച്ചു. അന്ന് എന്റെ കയ്യിൽ ഉണ്ടായിരുന്നത് നാഷണൽ ജോഗ്രഫിക്കിന്റെ ക്യാമറ ബാഗ് ആയിരുന്നു. മഞ്ഞ നിറത്തിൽ ചണ നൂലുകൊണ്ട് ഉള്ള മനോഹരമായ ഷോൾഡർ ബാഗ്. ആ ബാഗുമായി കറുത്ത ട്രാക്ക് സ്യൂട്ടിൽ ഒരു ട്രാവൽ ഫോട്ടോഗ്രാഫറായി മോഹൻലാൽ. ‘യാത്ര ‘മാഗസിനിൽ അടിച്ചു വന്ന ചിത്രത്തിന്റെ ഉൽപ്പത്തിക്ക് പിന്നിൽ അലിവ് നിറഞ്ഞ ആ ഒരു ചോദ്യമായിരുന്നു.

ശുരു നദിക്കരയിൽ ധ്യാനനിരതനായി, ബിർച്ച് മരങ്ങൾക്കിടയിലൂടെ പാളി വീഴുന്ന വെളിച്ചത്തിൽ, പ്രകൃതിയുടെ മായിക സൗന്ദര്യമറിഞ്ഞ്…കാർഗിൽ ടൗണിലൂടെ വെറുമൊരു വഴിപോക്കനായി… എത്രയോ ചിത്രങ്ങൾ.

പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. മോഹൻലാൽ എന്ന വലിയ നടനുമുന്നിൽ ക്യാമറ പോലെ ഞാനും വെറുമൊരു ഉപകരണം മാത്രമാണെന്ന്. ആ ചിത്രങ്ങൾ അങ്ങനെ സംഭവിക്കുകയായിരുന്നു എന്നു പറയാനാണ് എനിക്ക് ഇഷ്ടം. സമയവും കാലവും ആ വലിയ നടന്റെ അലിവും ശ്രദ്ധയും കൊണ്ട് അത് സംഭവിക്കുകയായിരുന്നു..

ചില വേളകളിൽ മോഹൻലാൽ പറയും. ‘ഞാൻ അതു വഴി നടക്കാം. മധു അവിടെ നിന്ന് പടം എടുത്താൽ മതി’. അദ്ദേഹം മനസ്സിൽ compose ചെയ്ത ഒരു ഫ്രെയിം, ഇനി ഞാൻ പകർത്തുകയേ വേണ്ടൂ. ദൃശ്യങ്ങളെ കുറിച്ച് ; അതിന്റെ വിശദാംശങ്ങളിൽ ; അത് സ്റ്റിൽ ആയാലും മൂവി ആയാലും അസാമാന്യമായ ബോധവും സങ്കൽപ്പവും മോഹൻലാലിനുണ്ട്. സിനിമയിൽ ഒറ്റ ടേക്കിൽ ‘ഓകെ’ ആകുന്നതിന്റെ പിന്നിലെ രഹസ്യവും മറ്റൊന്നല്ല. “യാത്ര’ മാഗസിനു വേണ്ടി ഞാൻ മോഹൻലാലിന്റെ ചിത്രങ്ങൾ പകർത്തിയത് കേവലം ഒരു പോർട്രെയിറ്റ് എന്ന നിലയിലായിരുന്നില്ല. ഒരു പ്രത്യേക സ്ഥലത്ത് അല്ലെങ്കിൽ landscape ൽ ഉള്ള മോഹൻലാലിനെ ആയിരുന്നു. പാത്രത്തിലേക്ക് പകർന്ന ജലം പോലെ മോഹൻലാൽ എന്ന മനുഷ്യൻ ആ സ്ഥല കാലങ്ങളോട് ചൈതന്യവത്തായി ചേർന്നു നിൽക്കുന്നത് കാണാം. രണ്ടാവാതെ ഒന്നായി മാറുന്ന ഈ അദ്വൈതമാണ് മോഹൻ ലാലിന്റെ കല. കൊടും കാട്ടിൽ… മരുഭൂമിയിൽ… എല്ല് തുളക്കുന്ന തണുപ്പിൽ… പല ദേശങ്ങളിൽ.. വേഷങ്ങളിൽ.. കാലങ്ങളിൽ.. മോഹൻലാൽ എന്ന ചൈതന്യത്തെ പിൻതുടരാനുള്ള ഭാഗ്യമുണ്ടായ ഒരു ഫോട്ടോ ജേർണലിസ്റ്റ് എന്ന നിലയിൽ ആ കലാകാരൻ എനിക്ക് എന്നും ഒരു വിസ്മയമാണ്.


 

Add a Comment

Your email address will not be published. Required fields are marked *