nsmadhavan

ഈ കോറോണയുടെ ഏകാന്തതയിൽ ഞാൻ പേർത്തും പേർത്തും തിരിച്ചുപോയികൊണ്ടിരിക്കുന്ന മൂന്നു കവിതകൾ…

‘കവിതാചരിത്രത്തിൽ രേഖീയത ഇല്ല. എന്റെ സങ്കൽപത്തിൽ കവിത – സാഹിത്യം തന്നെ – ഒരു തടാകം പോലെയാണ്. നിങ്ങൾക്ക്‌ എവിടേയ്ക്ക്‌ വേണമെങ്കിലും തുഴഞ്ഞുപോകാം.’ 

കഴിഞ്ഞ ദശകങ്ങളിൽ എഴുതിയ കവിതകളിൽ പെട്ടന്ന് ഓർക്കുന്ന മൂന്നു കവിതകളെ പറ്റി പറയാൻ ‘റീഡ്‌ വിഷൻ’ ആവശ്യപ്പെട്ടപ്പോൾ , ആരുടെ ഇടങ്ങളിലാണ് എൻ.എസ്.മാധവൻ തുഴ എറിഞ്ഞത്?

‘ഈ കൊറോണയുടെ ഏകാന്തതയിൽ ഞാൻ പേർത്തും പേർത്തും തിരിച്ചുപോയികൊണ്ടിരിക്കുന്ന മൂന്നു കവിതകൾ…”

എൻ.എസ്.മാധവൻ

 

1960കൾ കവിതയുടേതായിരുന്നു. അയ്യപ്പപ്പണിക്കരുടെ ‘കേരളകവിത’ ത്രൈമാസികയിൽ സ്പാനീഷ്‌ കവിയായ ലോർക്ക മുതൽ ഏറ്റവും പുതിയ തമിഴ്കവിതകൾ വരെ വന്നിരുന്ന കാലം. സാഹിത്യകുതുകികൾക്ക്‌ അന്ന് പണിക്കർ സാറിന്റെ ‘കുരുക്ഷേത്ര’മൊക്കെ കാണാപ്പാഠമായിരുന്നു.

1970കൾ മുതൽ കേരളത്തിൽ കവിയരങ്ങുകൾ കൊഴുത്തു. കടമ്മനിട്ടയും ഡി.വിനയചന്ദ്രനുമൊക്കെ ശ്രാവ്യാനുഭവങ്ങളായി. ബാലചന്ദ്രൻ ചുള്ളിക്കാട്‌ കാമ്പസുകളുടെ ഹൃദയത്തുടിപ്പായി മാറിയ കാലം കൂടിയാണത്. സുഗതകുമാരി ടീച്ചറെയും വിഷ്ണുനാരായണൻ നമ്പൂതിരിയേയും സച്ചിദാനന്ദനേയും കെ.ജി.എസ്സിനെയും വായനക്കാർ സ്വകാര്യാനുഭവങ്ങളായി കാത്തു സൂക്ഷിച്ചു.

കവിതാചരിത്രത്തിൽ രേഖീയത ഇല്ല. എന്റെ സങ്കൽപത്തിൽ കവിത – സാഹിത്യം തന്നെ – ഒരു തടാകം പോലെയാണ്. നിങ്ങൾക്ക്‌ എവിടേയ്ക്ക്‌ വേണമെങ്കിലും തുഴഞ്ഞുപോകാം. കഴിഞ്ഞ ദശകങ്ങളിൽ എഴുതിയ കവിതകളിൽ പെട്ടന്ന് ഓർക്കുന്ന മൂന്നു കവിതകളെ പറ്റി പറയാൻ ‘റീഡ്‌ വിഷൻ’ ആവശ്യപ്പെട്ടപ്പോൾ ഞാൻ
എസ്.ജോസഫ്, അൻവർ അലി, റഫീക്ക് അഹമ്മദ് എന്നിവരുടെ ഇടങ്ങളിലാണ് തുഴ എറിഞ്ഞിരുന്നത്. ഈ കോറോണയുടെ ഏകാന്തതയിൽ ഞാൻ പേർത്തും പേർത്തും തിരിച്ചുപോയികൊണ്ടിരിക്കുന്ന അവരുടെ മൂന്നു കവിതകൾ…

ഐഡന്റിറ്റി കാര്‍ഡ്
എസ്.ജോസഫ്

എസ്. ജോസഫ്‌

പഠിച്ചുകൊണ്ടിരുന്ന കാലം
ഒരു പെണ്‍കുട്ടി ചിരിച്ചു വന്നു

ചോറിനും ചൂരമീന്‍ കറിക്കും മീതെ
ഞങ്ങളുടെ കൈകള്‍ കുഴഞ്ഞു

ഞങ്ങള്‍ ഒരു ബെഞ്ചില്‍
ഹിന്ദുകൃസ്ത്യന്‍ കുടുംബമായി

ഞാന്‍ നെരൂദയുടെ കവിതകള്‍ വായിച്ചു നടന്നു
അതിനിടെ എന്റെ ഐഡന്റിറ്റി കാര്‍ഡ് കളഞ്ഞുപോയി

ഞാന്‍ കണ്ടു.
കാര്‍ഡ് തന്നിട്ടവള്‍ പറഞ്ഞു
ചുവന്ന പേനകൊണ്ടതില്‍ കുറിച്ചിട്ടുണ്ടല്ലോ
സ്റ്റൈപ്പന്റ് വാങ്ങിച്ച കണക്ക്

ഇക്കാലത്ത് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമിരുന്ന്
മറക്കുന്നത് നോക്കാറേയില്ല
അല്‍പ്പം കഴിഞ്ഞവര്‍ പിരിഞ്ഞുപൊയ്ക്കൊള്ളും
ഇനി അവര്‍ ഒരുമിച്ചാലും അത്ഭുതമില്ല
അവരുടെ ഐഡന്റിറ്റികാര്‍ഡില്‍
ചുവന്ന കുറിക്കലുകള്‍
ഉണ്ടാവില്ല

 

ഞാനരിയും കുരലുകളെല്ലാം
അൻവർ അലി

അൻവർ അലി

ഞാനരിയും കുരലുകളെല്ലാം
എന്റേതോ പൊന്നച്ഛാ?
നീയരിയും കുരലും ചങ്കും
എല്ലാര്ടേം പൊന്മകനേ

ഞാനീമ്പിയ ചാറും ചറവും
മധുവല്ലേ നല്ലച്ഛാ?
നീ മോന്തിയ മധു നിൻ ചോര
ചുടുചോര നൻന്മകനേ

നാം പൊത്തിയ പൊക്കാളിക്കര
എങ്ങേപോയ് പൊന്നച്ഛാ?
നീ വാരിയ ചുടുചോറൊപ്പം
വെന്തേപോയ് പൊന്മകനേ

അക്കാണും മാമലയൊന്നും
നമ്മുടെതല്ലെന്മകനേ
ഈ കായൽക്കയവും കരയും
ആരുടേം . . . അല്ലെൻ മകനേ

പുഴുപുലികൾ പക്കിപരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ
പലകാലപ്പരദൈവങ്ങൾ
പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചു പൊറുക്കുന്നിവിടം
ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുന്നിവിടം

ഇഹലോകം എൻ തിരുമകനേ

 

മരണമെത്തുന്ന നേരത്ത്
റഫീക്ക് അഹമ്മദ്

റഫീക്ക് അഹമ്മദ്‌

മരണമെത്തുന്ന നേരത്തു നീയെൻ്റെ
അരികിലിത്തിരി നേരമിരിക്കണേ…
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ.
ഒടുവിലായകത്തേക്കെടുക്കും ശ്വാസ-
കണികയിൽ നിൻ്റെ ഗന്ധമുണ്ടാകുവാൻ.
ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
പ്രിയതേ നിൻ മുഖം മുങ്ങിക്കിടക്കുവാൻ.
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ.
അറിവുമോർമയും കത്തും
ശിരസ്സിൽ നിൻ
ഹരിത സ്വച്ഛസ്മരണ പെയ്യുവാൻ.
അധരമാം ചുംബനത്തിൻ്റെ മുറിവു നിൻ
മധുരനാമ ജപത്തിനാൽ കൂടുവാൻ.
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികളോർത്തെൻ്റെ പാദം തണുക്കുവാൻ.
അതു മതി ഉടൽ മൂടിയ മണ്ണിൽ നി-
ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ.


 

Add a Comment

Your email address will not be published. Required fields are marked *