കെ റെയിലുമായി ബന്ധപ്പെട്ട
സോഷ്യൽ മീഡിയയിലെ സംവാദ പരിസരങ്ങളിൽ
‘തെറി’യുടെ പ്രയോഗങ്ങൾ കടന്നു വരുമ്പോൾ,
എം.എ ബേബിക്ക് എന്താണ് പറയാനുള്ളത്?
“മാർക്സ് ആരെയും
തെറി വിളിച്ചിട്ടില്ല”
എം.എ. ബേബി
ഒരു സംവാദത്തിൻ്റെ രാഷ്ട്രീയ സന്ദർഭത്തിൽ കമ്മ്യൂണിസ്റ്റുകാർ നോക്കുക മാർക്സിലേക്കാണ്. ഇപ്പോൾ വ്യാപകമായ രീതിയിൽ ചർച്ച ചെയ്യുന്ന ‘തെറി ‘ യുടെ ആവിഷ്കാരങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ, മാർക്സ് ആരെയെങ്കിലും തെറി വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിൻ്റെ മുന്നിൽ ,’ ഇല്ല’ എന്നാണ് എന്റെ പരിമിതമായ വായനയുടെ അടിസ്ഥാനത്തിൽ പറയാനാവുക. പ്രത്യയശാസ്ത്ര അപഗ്രഥനങ്ങളിലെ ബുദ്ധിശൂന്യതകളെ മാർക്സ് രൂക്ഷമായി ആക്രമിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ വീക്ഷണങ്ങൾ മാറ്റുരച്ചു നോക്കുമ്പോഴുള്ള ഉദാസീനവും യുക്തിരഹിതവുമായ വാദങ്ങളെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. എന്നാൽ, വ്യക്തിഗതമോ വംശീയമോ ആയ അധിക്ഷേപമോ ‘തെറി’യോ അദ്ദേഹത്തിന്റെ ഭാഷയിൽ കണ്ടിട്ടില്ല. ‘ദാരിദ്ര്യത്തിൻ്റെ തത്ത്വശാസ്ത്രം ‘എന്ന പ്രൂഥോണിന്റെ കൃതിക്ക് മാർക്സ് കമ്പോടുകമ്പ് മറുപടിയെഴുതി പ്രസിദ്ധീകരിച്ചപ്പോൾ അതിന് ‘തത്ത്വശാസ്ത്രത്തിന്റെ ദാരിദ്യം ‘ എന്ന് തലക്കെട്ടുനൽകി കരുണയില്ലാതെ പരിഹസിച്ചിട്ടുണ്ട്.
ട്രോട്സ്കി നന്നായി തെറിയെപ്പറ്റി ഉപന്യസിച്ചിട്ടുണ്ട്. അടിമത്ത കാലഘട്ടത്തിന്റെ ബാക്കിനിൽപ്പായും അദ്ദേഹം തെറിപ്രയോഗത്തെ വിലയിരുത്തുന്നു. അത് പ്രൊഫസർ വി. അരവിന്ദാക്ഷൻ ഒരു ലേഖനത്തിൽ ചർച്ച ചെയ്തതും ഓർക്കുന്നു. പിന്നീട് നയവ്യതിയാനം സംഭവിച്ചെങ്കിലും ട്രോട്സ്കിയും റഷ്യൻ വിപ്ലവകാലത്ത് വലിയ സംഭാവനകൾ നൽകിയ കമ്മ്യൂണിസ്റ്റാണ്.
വാദങ്ങൾ ശാസ്ത്രീയവും യുക്തിഭദ്രവുമായി അവതരിപ്പിക്കുക എന്നതാണ് ഏറ്റവും അഭികാമ്യമായ രീതി. തെറി , സംവാദത്തെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ തലത്തിൽ നിന്ന് വഴി തെറ്റിക്കും. ചരിത്രത്തെ മാറ്റിത്തീർത്ത, ചൂഷണവ്യവസ്ഥകൾക്ക് ഏറ്റവും പരിഭ്രമമുണ്ടാക്കിയ, ശാസ്ത്രീയമായി ഉറപ്പുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിച്ച മാർക്സ് ആരെയും തെറി പറയാതെയാണ് ചരിത്രത്തിലെ ഹിമാലയൻ ഉയരത്തിലെത്തിയത്.
Add a Comment