football-sali

മണലാരണ്യത്തിലെ മരതകം

മണലാരണ്യത്തിലെ മരതകം

ടി. സാലിം

സൗദി അറേബ്യക്കു പുറത്ത് അധികം പേര്‍ക്കൊന്നും മാജിദ് അബ്ദുല്ലയെന്ന അറേബ്യന്‍ മരതകത്തിന്റെ മധുരമാസ്വദിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. മാജിദിന്റെ മഹിമ അതൊട്ടും കുറക്കുന്നില്ല. അര്‍ജന്റീനയിലെ ബൊക്ക ജൂനിയേഴ്‌സിന്റെയും ബ്രസീലിലെ സാവൊപൗളോയുടെയും പോര്‍ചുഗലിലെ ബെന്‍ഫിക്കയുടെയും ജര്‍മനിയിലെ ഹാംബര്‍ഗിന്റെയുമൊക്കെ വലകള്‍ കുലുക്കിയിട്ടുണ്ട് മാജിദ് അബ്ദുല്ല എന്ന സൗദി അറേബ്യന്‍ ഗോളടിവീരന്‍. ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് (ഐ.എഫ്.എഫ്.എച്ച്.എസ്) എന്ന ആധികാരിക സംഘടന കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച ഏഷ്യന്‍ കളിക്കാരെ കണ്ടെത്തിയപ്പോള്‍ അതില്‍ മൂന്നാം സ്ഥാനത്തായിരുന്നു മാജിദ് -മുന്നില്‍ രണ്ട് തെക്കന്‍ കൊറിയന്‍ കളിക്കാര്‍ മാത്രം. ബും കുന്‍ ചായും ജൂ സുന്‍ കിമ്മും. ഐ.എഫ്.എഫ്.എച്ച്.എസ 2021 ല്‍ എക്കാലത്തെയും മികച്ച ഏഷ്യന്‍ സ്വപ്‌ന ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിന്റെ സ്‌ട്രൈക്കറായി തെരഞ്ഞെടുത്തത് മാജിദിനെയാണ്. അറേബ്യന്‍ പ്ലയര്‍ ഓഫ് ദ സെഞ്ചൂറിയായി ബിഇന്‍ സ്‌പോര്‍ട്‌സ് മാജിദിനെ പ്രഖ്യാപിച്ചു. എന്നിട്ടും മാജിദിന്റെ കളിയാസ്വദിക്കാന്‍ സൗദിക്ക് പുറത്തുള്ളവര്‍ക്ക് അധികം അവസരമൊന്നും ലഭിച്ചിട്ടില്ല. കാരണം മാജിദ് അബ്ദുല്ലയുടെ പ്രതാപകാലത്ത് സൗദി അറേബ്യക്ക് ലോകകപ്പിന് യോഗ്യത നേടാനായിട്ടില്ല. സൗദി 1994 ല്‍ ആദ്യ ലോകകപ്പ് കളിക്കുകയും ലോക ഫുട്‌ബോളില്‍ അറബ് വസന്തം വിരിയിക്കുകയും ചെയ്യുമ്പോഴേക്കും മാജിദ് കരിയറിന്റെ സായന്തനത്തിലെത്തിയിരുന്നു. സൗദി അറേബ്യ കളിച്ച ആദ്യ ആഗോള ടൂര്‍ണമെന്റായ 1984 ലെ ഒളിംപിക്‌സില്‍ അവരുടെ ഏക ഗോളടിച്ചത് മാജിദാണ്. അതും ബ്രസീലിനെതിരെ. ആ വര്‍ഷം ചൈനയെ തോല്‍പിച്ച് സൗദി ആദ്യമായി ഏഷ്യന്‍ ചാമ്പ്യന്മാരായപ്പോള്‍ ഫൈനലില്‍ ഗോളടിച്ചു. തങ്ങളുടെ ആദ്യ ലോകകപ്പില്‍ സൗദിയെ നയിച്ച കളിക്കാരനന്ന റെക്കോര്‍ഡും മാജിദിന് സ്വന്തം. അപ്പോഴേക്കും മാജിദിന് 35 വയസ്സായി. എന്നിട്ടും നെതര്‍ലാന്റ്‌സിനും ബെല്‍ജിയത്തിനുമെതിരായ ഗ്രൂപ്പ് മത്സരങ്ങളില്‍ ആദ്യ പകുതിയില്‍ കളിച്ചു. സൗദി അറേബ്യ വമ്പന്മാരെ അട്ടിമറിച്ച് രണ്ടാം റൗണ്ടിലെത്തിയ ആ ലോകകപ്പിനു ശേഷം ദേശീയ ജഴ്‌സി അഴിക്കുകയും ചെയ്തു. സൗദി ജഴ്‌സിയില്‍ മാജിദിന്റെ അവസാന മത്സരം ലോകകപ്പില്‍ ബെല്‍ജിയത്തിനതിരായ 1-0 വിജയമായിരുന്നു. ക്ലബ് ഫുട്‌ബോളില്‍ പിന്നെയും നാലു വര്‍ഷം തുടര്‍ന്നു. 1998 ല്‍ അന്നസ്‌റിനെ ഏഷ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പില്‍ ചാമ്പ്യന്മാരാക്കിയാണ് മാജിദ് ബൂട്ടഴിച്ചത്. മരുഭൂമിയുടെ പെലെ എന്നും അറേബ്യന്‍ മുത്ത് എന്നുമൊക്കെ മാജിദ് അറിയപ്പെടാറുണ്ട്.

ഏഷ്യന്‍ ഫുട്‌ബോളില്‍ മാജിദിനെ പോലെ ഗോളടിച്ചു കൂട്ടിയവര്‍ അപൂര്‍വമാണ്. ഒരു ക്ലബ്ബിനു മാത്രമേ മാജിദ് കളിച്ചിട്ടുള്ളൂ. റിയാദിലെ അന്നസ്‌റിന്. 22 വര്‍ഷത്തോളം അവരുടെ ആക്രമണം നയിച്ചു. 240 മത്സരങ്ങളില്‍ 260 ഗോളടിച്ചു. സൗദി ദേശീയ ടീമിനു വേണ്ടി മാജിദ് നേടിയത് 72 ഗോളാണ്. 117 മത്സരങ്ങള്‍ മാത്രമാണ് മാജിദ് കളിച്ചത്. മാജിദ് ബൂട്ടഴിച്ചിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും ആ റെക്കോര്‍ഡ് ഇന്നും ഭദ്രമാണ്. രണ്ടാം സ്ഥാനത്തുള്ള സാമി അല്‍ജാബിറിന് 46 ഗോളടിക്കാനേ കഴിഞ്ഞിട്ടുള്ളൂ, അതും 156 മത്സരങ്ങളില്‍. രണ്ടു തവണ ഇന്റര്‍നാഷനല്‍ മത്സരങ്ങളില്‍ അഞ്ചു ഗോളടിച്ചിട്ടുണ്ട് മാജിദ്. തുടര്‍ച്ചയായി അഞ്ചു ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റുകളില്‍ ഗോളടിച്ചു.

അന്നസറിന്റെയും സൗദി അറേബ്യയുടെയും ജഴ്‌സിയില്‍ മാജിദ് നേടിയ ട്രോഫികള്‍ക്ക് കണക്കില്ല. മൂന്നു തവണ ഏഷ്യയിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. അന്നസറിനൊപ്പം നിരവധി തവണ ലീഗ് കിരിടവും സൗദി കപ്പും സ്വന്തമാക്കി. ആറു തവണ സൗദി ലീഗിലെ ടോപ്‌സ്‌കോററായി. രണ്ടു തവണ ഏഷ്യന്‍ കപ്പ് നേടിയ സൗദി ടീമില്‍ അംഗമായിരുന്നു. ഇന്നും മാജിദ് സൗദി ഫുട്‌ബോളിന്റെ ഹരമാണ്. വിരമിച്ച് പത്തു വര്‍ഷത്തിനു ശേഷമാണ് മാജിദിന് വിടവാങ്ങല്‍ മത്സരം സൗദി അറേബ്യ സംഘടിപ്പിച്ചത്. റയല്‍ മഡ്രീഡിനെതിരെയായിരുന്നു ആ മത്സരം, 2008 ല്‍. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ ആ മത്സരം കാണാന്‍ ഒഴുകിയെത്തിയത് എഴുപതിനായിരത്തിലേറെ പേരാണ്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റ് വികാരഭരിതമായിരുന്നു. സ്റ്റേഡിയം നിറഞ്ഞ ജനക്കൂട്ടമാകെ ഒരു മിനിറ്റോളം എഴുന്നേറ്റു നിന്ന് വലതു കൈയുയര്‍ത്തി. ഒമ്പതാം നമ്പര്‍ ജഴ്‌സിയില്‍ മാജിദ് ഗോളാഘോഷിക്കുന്നതു പോലെ. ബ്രസീലിലും അര്‍ജന്റീനയിലും ഇംഗ്ലണ്ടിലുമൊക്കെ ഗോളടിക്കാന്‍ മാജിദിന് സാധിച്ചിട്ടുണ്ട്.

ജിദ്ദയില്‍ 1959 ല്‍ സുഡാനി മാതാപിതാക്കള്‍ക്ക് ജനിച്ച മാജിദിനെ ആസ്വദിക്കാന്‍ സൗദിയുടെ അങ്ങേ തലക്കലുള്ള റിയാദിനാണ് ഭാഗ്യം ലഭിച്ചത്. 1977 ല്‍ മാജിദിന്റെ പിതാവ് അന്നസര്‍ ക്ലബ്ബിന്റെ കോച്ചിംഗ് സ്റ്റാഫില്‍ എത്തിയതോടെയാണ് ഇത്. മാജിദ് കളിച്ച 22 വര്‍ഷം അന്നസറിന്റെയും സൗദിയുടെയും സുവര്‍ണകാലമായിരുന്നു. 1984 ലും 1988 ലും ഏഷ്യന്‍ കപ്പ് നേടിയ ടീമില്‍ മാജിദ് അംഗമായിരുന്നു. 1984 ലെ ഒളിംപിക്‌സിലും സൗദി അരങ്ങേറി. 500 കരിയര്‍ ഗോളടിച്ച സൗദിയിലെയും ഗള്‍ഫ് മേഖലയിലെയും അറബ് രാജ്യങ്ങളിലെയും ഏഷ്യയിലെയും ആദ്യ കളിക്കാരനാണ്. സൗദി ലീഗില്‍ അഞ്ച് മത്സരം കളിക്കുമ്പോഴേക്കും മാജിദിന് സൗദി യൂത്ത് ടീമില്‍ സ്ഥാനം ലഭിച്ചിരുന്നു. 1994 ല്‍ വിരമിക്കുമ്പോള്‍ ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങള്‍ കളിച്ച റെക്കോര്‍ഡ് (140) മാജിദിന്റെ പേരിലായിരുന്നു. പിന്നീട് ഈ റെക്കോര്‍ഡ് പലരും മറികടന്നു.

അറിയാമോ? മാജിദ് അബ്ദുല്ലയുടെ ഗോളടി മികവിന്റെ ചൂടറിഞ്ഞ ടീമാണ് ഇന്ത്യ. 1983 നവംബറില്‍ റിയാദില്‍ നടന്ന ഒളിംപിക് യോഗ്യതാ മത്സരത്തില്‍ 15 മിനിറ്റിനുള്ളില്‍ ഇന്ത്യക്കെതിരെ മാജിദ് നാലു ഗോളടിച്ചു. 6-0 ന് സൗദി ജയിച്ചു. 1982 ല്‍ നടന്ന ദല്‍ഹി ഏഷ്യന്‍ ഗെയിംസിലും മാജിദ് കളിച്ചിട്ടുണ്ട്. തായ്‌ലന്റിനും സിറിയക്കുമെതിരെ ഗോളടിച്ചു. സൗദി വെങ്കലവുമായാണ് മടങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ പുറത്തായത് സൗദിയോട് തോറ്റാണ്.

Add a Comment

Your email address will not be published. Required fields are marked *