മാർക്സ് ആരെയും തെറി പറഞ്ഞിട്ടില്ല
സംവാദം: 2
കെ.റെയിലുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിലെ സംവാദ ഭാഷയെ മുൻനിർത്തി എം.എ ബേബി തുടങ്ങിയ റീഡ് വിഷൻ സംവാദം തുടരുന്നു.
‘ഇസ്ലാമും മാർക്സും
സാമ്രാജ്യത്വത്തിൻ്റെ ഇരകൾ’
പന്ന്യൻ രവീന്ദ്രൻ
സോഷ്യൽ മീഡിയകളിൽ ഇപ്പോൾ കാണുന്ന വിമർശനങ്ങൾ പലതും വ്യക്തിപരമായ അധിക്ഷേപത്തിൻ്റെ സ്വഭാവത്തിലുള്ളതാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണുന്നതിനു പകരം, പരസ്പര ബഹുമാനം നഷ്ടപ്പെടുത്തുന്ന വിധത്തിലാണ് പലരും വിമർശനങ്ങളുന്നയിക്കുന്നത്. വിമർശനം എപ്പോഴും സ്നേഹത്തിൻ്റെ പാരസ്പര്യം നിലനിർത്തിക്കൊണ്ടു വേണം നടത്താൻ .മറ്റുള്ളവരേക്കാൾ മാർക്സിസ്റ്റ് ഐഡിയോളജിയിൽ വിശ്വസിക്കുന്നവർക്ക് ഈ രാഷ്ട്രീയ ബാധ്യത കൂടുതലാണ്.
മനുഷ്യ വിമോചനത്തിൻ്റെ വഴി ലോകത്തിന് പറഞ്ഞു കൊടുത്തത് മാർക്സാണ്. ക്യൂബയുടെ ചരിത്രം പഠിക്കുമ്പോൾ, ഇതിഹാസമാനമുള്ള ഒരു രാഷ്ട്രീയ ചരിത്രമാണത്. കേവലം പതിനെട്ടു പേരുമായി നടത്തിയ ഐതിഹാസികമായ പോരാട്ടം ,ഉദാത്തമായ മാനവികത ലോകത്തിനു നൽകി.ആ പോരാട്ടത്തിലാണ് മാർക്സിയൻ ഐഡിയോളജിയുടെ കരുത്ത് കാസ്ട്രോ മനസ്സിലാക്കുന്നത്. വ്യക്തികളെ പോലെ രാഷ്ട്രങ്ങളെയും ആ ഐഡിയോളജി ഗുണപരമായി മാറ്റിത്തീർത്തു.
എന്നാൽ, ചെയ്യാത്ത കുറ്റങ്ങളുടെ പേരിൽ ഓഡിറ്റ് ചെയ്യപ്പെടുകയും അപവാദ പ്രചരണങ്ങൾ നേരിടുകയും ചെയ്ത പ്രത്യയശാസ്ത്രമാണ് മാർക്സിസം. ലോകത്തുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചെയ്യാത്ത കുറ്റങ്ങൾക്ക് നിരന്തരമായ അപവാദങ്ങളും എതിർപ്പുകളും സാമ്രാജ്യത്ത്വ / മുതലാളിത്ത രാജ്യങ്ങളിൽ നിന്ന് നേരിട്ടു. സാമ്രാജ്യത്വ രാജ്യങ്ങളുടെ ചൂഷണങ്ങൾക്കെതിരെ നടത്തിയ പോരാട്ടത്തിൻ്റെ പേരിലാണ് ഈ എതിർപ്പുകൾ നേരിടേണ്ടി വന്നത്. തുല്യമായ രീതിയിൽ ഇസ്ലാമും ചെയ്യാത്ത കുറ്റങ്ങളുടെ പേരിൽ നിരന്തരം എതിർപ്പുകൾ നേരിടേണ്ടി വന്നു. ചൂഷണത്തെ എതിർക്കുന്നതാണ് ഇസ്ലാമും മാർക്സിസ്റ്റ് ഐഡിയോളജിയും. എന്നാൽ, ലോകത്ത് അപവാദ പ്രചരണങ്ങൾ കൊണ്ടും നുണകൾ കൊണ്ടും ഏറ്റവും ആക്രമിക്കപ്പെട്ടത് ഇസ്ലാമും മാർക്സിസവുമാണ്.
നന്മകളുടെ പാതകളിൽ മുന്നോട്ടു പോകാനുള്ള പ്രത്യയശാസ്ത്രമാണ് മാർക്സ് അവതരിപ്പിച്ചത്. അപ്പോൾ തന്നെ മാർക്സ് പറയുന്നുണ്ട്: ഇത് അവസാന വാക്കല്ല. ലോകത്തുണ്ടാവുന്ന പുതിയ മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ഈ പ്രത്യയശാസ്ത്രത്തെ വികസിപ്പിച്ചെടുക്കണം. ലോകത്ത് പുതിയ മാറ്റങ്ങൾ വരുന്നുണ്ട്. അതിനെ ഉൾക്കൊള്ളാതെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മുന്നോട്ടുപോകാനാവില്ല.
ജനാധിപത്യ സമൂഹത്തിൽ സംവാദം സ്വാഭാവികമാണ്. മാർക്സിസത്തെ മനസ്സിലാക്കാതെ ഒരുപാട് തർക്കങ്ങളിലേക്ക് പോകുന്നത് ശരിയല്ല. വിമർശനം ജയിക്കാൻ വേണ്ടി മാത്രമല്ല, ശരിയായ വാദം വെളിപ്പെടുത്താൻ കൂടിയാണ്. വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് ചുരുങ്ങുന്നത് ശരിയായ രീതിയല്ല.
Add a Comment