മെസ്സി മിശിഹയാണെങ്കിൽ, എംബാപ്പെ കറുത്ത മിശിഹയാണ്. ഫുട്ബോൾ അയാൾക്ക് ഒരു വിമോചന ധാരയാണ്. എന്നാൽ, വെളുത്തവരുടെ ലോകക്രമങ്ങളിൽ ‘ മിശിഹ ‘ചിലർക്കു മാത്രം ചാർത്തിക്കിട്ടുന്നു. എന്തുകൊണ്ടാണ് എംബാപ്പയെ കറുത്ത മിശിഹ എന്ന് വിളിക്കാത്തത്?
എംബാപ്പേ
എന്ന ‘കറുത്ത മിശിഹ ‘
താഹ മാടായി
എംബാപ്പയാണ് ഈ രാവിൽ മാത്രമല്ല, അടുത്ത നാലു വർഷം വരെ കാത്തിരിക്കേണ്ടി വരുന്ന ലോകകപ്പ് സ്വപ്നങ്ങൾക്ക് നിറം പകർന്നവൻ. അയാൾ ഒരു കവിതയല്ല. കാവ്യാത്മകമല്ല, ‘കാര്യാത്മക’മാണ് ആ കാലുകൾ. ഓർമ്മകളുമായി ഒറ്റയ്ക്ക് മേയുന്ന ഒരു ഇടയനെ ഓർമിപ്പിക്കുന്നു, അയാൾ. മുന്നിലോ പിന്നിലോ ഉള്ള ആരവങ്ങളിൽ അയാൾ തന്നെത്തന്നെ നഷ്ടപ്പെട്ടവനായി നിൽക്കുന്നു. ഗോൾഡൻ ബൂട്ട് നേടിയിട്ടും അയാളിൽ ചിരിയുടെ മന്ദാരം വിടരുന്നില്ല.
എംബാപ്പേ എവിടെയുമുള്ള മനുഷ്യരെയും പ്രചോദിപ്പിക്കാം.പരാജയത്തിലും ഫ്രാൻസ് നിത്യമായ പ്രചോദനമാണ്. ‘ഈ ലോകം ഒരു വഴിപോക്കൻ്റെ സത്രം മാത്രമാണ് ‘എന്ന പ്രവാചക വചനം ഓർമ്മയിലെത്തിക്കുന്നതു പോലെ, എവിടെ നിന്നൊക്കെയോ വന്ന മനുഷ്യരുടെ സത്രമായി ആ രാജ്യം മാറുന്നു. അതായത്, ആ മനുഷ്യർ ‘ദേശീയത’ എന്ന ഉന്മാദത്തെ ‘സാർവദേശീയത’ എന്ന ഉദാത്തതയിലേക്ക് ഉയർത്തുന്നു. ഫ്രാൻസ് പന്ത് തട്ടുമ്പോൾ എംബാപ്പെ ഒരു പ്രതീകമാവുന്നത്, കവിതയുടെ ‘മിശിഹാ’ ചമൽക്കാരങ്ങൾ ഇല്ലാത്തതുകൊണ്ടാണ്.
കളിയെഴുത്തുകാർ വാക്കുകൾ ചിലരിൽ കൂടുതലായി നിക്ഷേപിക്കുന്നു. പീറ്റർ അറുപ്പേ എന്ന ജെസ്യൂട്ട് വൈദികനുണ്ടായിരുന്നു. വിമോചന ദൈവശാസ്ത്രത്തിൻ്റെ ആഗോള പിതാവായി അറിയപ്പെട്ടിരുന്ന ആൾ. ‘കറുത്ത പാപ്പ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. മെസ്സി മിശിഹയാണെങ്കിൽ ,എംബാപ്പെ കറുത്ത മിശിഹയാണ്. ഫുട്ബോൾ അയാൾക്ക് ഒരു വിമോചന ധാരയാണ്. എന്നാൽ, വെളുത്തവരുടെ ലോകക്രമങ്ങളിൽ ‘ മിശിഹ’ ചിലർക്കു മാത്രം ചാർത്തിക്കിട്ടുന്നു. എന്തുകൊണ്ടാണ് എംബാപ്പയെ കറുത്ത മിശിഹ എന്ന് വിളിക്കാത്തത്?
അതു കൊണ്ട് പ്രിയപ്പെട്ടവനെ, എംബാപ്പേ, നിങ്ങൾ ഒരു പക്ഷെ ഒരു ‘കറുത്ത മിശിഹ’യായി അറിയപ്പെടാൻ പോലും ആഗ്രഹിക്കുന്നുണ്ടാവില്ല. വിശേഷണങ്ങൾക്കതീതമായ ഒരു എംബാപ്പയായി നിറഞ്ഞു നിൽക്കുക. മെസ്സി ഈ ലോകകപ്പ് അർഹിക്കുന്നുണ്ട്. മിശിഹയായതുകൊണ്ടൊന്നുമല്ല. എത്രയോ കാലമായി ആ രാജ്യം അതാഗ്രഹിക്കുന്നു. കുട്ടികൾ അതാഗ്രഹിക്കുന്നു. മെസ്സിയിൽ ഒരു കുട്ടിത്തമുണ്ട്. വൈലോപ്പിള്ളി കവിതയിലെ വരികൾ ഓർമിച്ചെഴുതട്ടെ: ‘വാക്കുകൾ / കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളും’ മെസ്സിയെ ഇഷ്ടപ്പെടുന്നു.
എംബാപ്പെ ഇനി ആരവങ്ങളുടെ പിന്തുടർച്ചയാണ്.
അർജൻ്റീനയ്ക്ക് അഭിവാദ്യങ്ങൾ.ഈ വിജയം അവരുടെ കാത്തിരിപ്പിന് കാലം നൽകിയ ഉത്തരമാണ്.
Add a Comment