film-nafeesa

തട്ടമിട്ട പെൺകുട്ടി ടാക്കീസിൽ കയറുമ്പോൾ

എൺപതുകളിലും തൊണ്ണൂറുകളിലും തട്ടമിട്ട മുസ്ലിം പെൺകുട്ടികൾ സിനിമാ ടാക്കീസുകളിൽ അപൂർവ്വ കാഴ്ചയായതു കൊണ്ട് ആശ്ചര്യമോ പരിഹാസമോ നിറഞ്ഞ നോട്ടങ്ങൾ സർവ്വസാധാരണമായിരുന്നു.എങ്കിലും സിനിമ കാണാനുള്ള കൊതിക്ക് മേൽ ആ നോട്ടങ്ങൾ ഒന്നുമല്ലാതായി.

തട്ടമിട്ട പെൺകുട്ടി
ടാക്കീസിൽ കയറുമ്പോൾ

ഡോ. ടി.പി. നഫീസ ബേബി

എൺപതുകളിൽ ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞങ്ങൾ താമസിച്ച കൊണ്ടോട്ടിയിലെ വാടക വീടിന് മതിലിനോട് ചേർന്ന് ഓലമേഞ്ഞ ഒരു ടാക്കീസുണ്ടായിരുന്നു.തൊട്ടടുത്തു വീടുകളിലുള്ളവർക്ക് സിമന്റ് തറയിലിരുന്ന് (തറ ടിക്കറ്റ് എന്നൊരു ഏർപ്പാട് അന്ന് ഉണ്ടായിരുന്നു ) സൗജന്യമായി എത്ര സിനിമ വേണമെങ്കിലും കാണാം എന്ന സന്മസ്സ് തിയേറ്റർ ഉടമ കാണിച്ചിരുന്നു. ആ ഔദാര്യത്തിൽ നാട്ടുകാർ സിനിമയെ ജീവിതത്തോടൊപ്പം തന്നെ ചേർത്തു നിർത്തി. പടം തുടങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പേ വളരെ ഉച്ചത്തിൽ ടാക്കീസിൽ നിന്ന്പാട്ട് വെക്കും. ജോൺ -ജാഫർ – ജനാർദ്ദനൻ പരരംഭംഭം ഭോ….. എന്ന പാട്ടാണ് മിക്കപ്പോഴും കേട്ടിരുന്നത്. വെള്ളിയാഴ്ച പടം മാറും … ശനിയാഴ്ച സ്ക്കൂളില്ല .എല്ലാ ശനിയാഴ്ചകളിലും മാറ്റ്നി ഷോ കാണാൻ ഏറ്റവും മുമ്പിലായി ഞങ്ങൾ അയൽവക്ക പ്പിള്ളേർ മുഖം മുകളിലേക്കുയർത്തി നിരന്നിരിക്കും. തലക്കു മുകളിലൂടെ വരുന്ന വെളിച്ചം തിരശ്ശീലയിൽ മനുഷ്യരായും കഥകളായും പ്രകൃതിയായും മാറുന്നത് അത്ഭുതത്തോടെ കണ്ടു. ഞങ്ങൾ തിര ആൺ-പെൺ ഭേദമെന്നും ഉണ്ടായിരുന്നില്ല …അതൊരു മോശം കാര്യമായി ആരും വിലയിരുത്തിയിരുന്നുമില്ല.

ആരംഭം, ഈ നാട്, വളവിൽ തിരിവ് സൂക്ഷിക്കുക തുടങ്ങിയ ചില സിനിമകളൊക്കെയാണ് ആ സമയത്തെ സിനിമാ ഓർമ്മകളിലുള്ളത് … ആദ്യമൊന്നും കഥ പൂർണ്ണമായും മനസ്സിലായുമില്ല … കാണുന്ന കുറേ ദൃശ്യാനുഭവങ്ങളെ കോർത്തു വായിക്കാൻ ആ കൗമാരകാലത്ത് കഴിഞ്ഞിരുന്നില്ല എന്നു പറയാം.

ആ ടാക്കീസിൽ ഒരാഴ്ച നീണ്ടു നിന്ന അവാർഡ് പടങ്ങളുടെ ഒരു ഷോ ഉണ്ടായിരുന്നു – ഒരു കുഞ്ഞു ഫിലിം ഫെസ്റ്റിവൽ. അതും ഞങ്ങൾ അയൽവാസികൾക്ക് സൗജന്യമായിരുന്നു. കൊടിയേറ്റം, ചിദംബരം ,തമ്പ്, എസ്തപ്പാൻ തുടങ്ങി അന്ന് കണ്ട അനവധിയായ ബ്ലാക്ക് ആന്റ് വൈറ്റ് പടങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളാൻ പറ്റിയില്ലെങ്കിലും സിനിമയോട് ഒരു പ്രണയം ജനിപ്പിച്ചു എന്നതാണ് വാസ്തവം.

‘ചിദംബര’ത്തിൽ സ്മിതാപാട്ടീൽ

പക്ഷേ, ഈ സുവർണ്ണകാലം അധികം നീണ്ടു നിന്നില്ല.മക്കളുടെ ഈ സൗജന്യസിനിമാസ്വാദനത്തിന് തടയിടാനായി ഉപ്പ ഞങ്ങളുടെ താമസ സ്ഥലം പുളിക്കൽ എന്ന പ്രദേശത്തേക്ക് മാറ്റി.പുതിയ വീട്ടിനടുത്ത് ടാക്കീസ് ഇല്ലായിരുന്നു. പാട്ടും ഡയലോഗുകളും കാറ്റിൽ പറന്നു വരാതിരുന്ന ഒരിടത്തേക്കുള്ള മാറ്റിപ്പാർപ്പിക്കലായിരുന്നു, അത്. വർഷത്തിൽ ഒന്നോ രണ്ടോ പടങ്ങൾ കോഴിക്കേട് പുഷ്പ തിയേറ്ററിൽ പോയി കാണുന്ന തലത്തിലേക്ക് സിനിമാസ്വാദനം മാറി. അതും ഗാന്ധി, മൈഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ പടങ്ങളിൽ ഒതുങ്ങി …

സിനിമക്ക് പോകുന്നത് സുഹൃത്തുക്കളുടേയോ കുടുംബാംഗങ്ങളുടെയോ കൂടെയാണ്. എൺപതുകളിലും തൊണ്ണൂറുകളിലും തട്ടമിട്ട മുസ്ലിം പെൺകുട്ടികൾ സിനിമാ ടാക്കീസുകളിൽ അപൂർവ്വ കാഴ്ചയായതു കൊണ്ട് ആശ്ചര്യമോ പരിഹാസമോ നിറഞ്ഞ നോട്ടങ്ങൾ സർവ്വസാധാരണമായിരുന്നു.എങ്കിലും സിനിമ കാണാനുള്ള കൊതിക്ക് മേൽ ആ നോട്ടങ്ങൾ ഒന്നുമല്ലാതായി. കോളേജ് ഹോസ്റ്റലുകളിൽ പഠിക്കുമ്പോൾ വല്ലപ്പോഴും കൂട്ടത്തോടെ സിനിമക്ക് കൊണ്ടുപോയിരുന്നതും ഏറെ ഹൃദ്യമായ ഓർമ്മയാണ്.

ഇനി സിനിമക്കുള്ളിലേക്ക് .
മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ സീരിയലുകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ യാഥാർത്ഥ്യത്തോട് കുറച്ചൊക്കെ നീതി പുലർത്തുന്നുണ്ടെങ്കിലും ആദ്യ കാല സിനിമകളിലൊക്കെ ടിക്കറ്റിന്റെ കാശ് മുതലാക്കാൻ നയനസുഖം നൽകേണ്ട ഉത്തരവാദിത്തം – വേഷവിധാനത്തിലൂടെയും ഭാവ ചലനങ്ങളിലൂടെയും -നടിമാർക്ക് തന്നെയായിരുന്നു. മാത്രമല്ല ശാലീന സുന്ദരികളായ കുലസ്ത്രീകൾ ജീവിത വിജയം കൈവരിക്കുന്നതും അല്ലാത്തവർ നശിച്ച് നാറാണക്കല്ലെടുത്ത് പോകുന്നതും എല്ലാ സിനിമകളുടേയും പൊതു തത്വമാണ്. പുരുഷന്മാർ ചെയ്യുന്ന എല്ലാ കൊള്ളരുതായ്മകളും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുക, പുരുഷന്മാരോട് ഭയം അല്ലെങ്കിൽ കാമം എന്നീ രണ്ട് വികാരങ്ങൾ മാത്രം പ്രകടിപ്പിക്കുക, ബലാൽസംഗം ചെയ്യപ്പെട്ടാൽ ഒന്നുകിൽ ആത്മഹത്യ ചെയ്യുക അല്ലെങ്കിൽ ഭ്രാന്ത് വരിക തുടങ്ങിയ ചില പ്രഖ്യാപിത തത്വങ്ങൾ എല്ലാ സിനിമകളും അനുവർത്തിക്കേണ്ട പൊതു നിയമങ്ങളായിരുന്നു. 22 ഫീമെയിൽ കോട്ടയം, സാറാസ് തുടങ്ങിയ സ്ത്രീ സങ്കൽപ്പങ്ങൾ അടുത്ത കാലത്തായി വന്നിട്ടുള്ള മാറ്റങ്ങളാണ്. പാർവ്വതി തെരുവത്തും റിമ കല്ലിങ്കലും നിമിഷ സജയ് യുമെല്ലാം സിനിമയിലെ പുരുഷ അപ്രമാദിത്വം കുറച്ച് കൊണ്ടുവന്ന , പുതിയ പ്രതീക്ഷകളാണ്.

‘തൂവാനത്തുമ്പികൾ’: മോഹൻലാൽ, സുമലത

കഥയും കവിതയും നോവലും ഒക്കെ പോലെ ത്തന്നെ സിനിമയും ജീവിതത്തെ സ്വാധീനിക്കാറുണ്ട് .’തൂവാനത്തുമ്പികൾ ‘ കണ്ടപ്പോൾ വേശ്യാവൃത്തിയോട് ആരാധന തോന്നിയതും ‘പ്രണയം’ കണ്ടപ്പോൾ ആദ്യ കാമുകനോട് വീണ്ടും പ്രണയം തോന്നിയതും ഒക്കെ സ്വാഭാവികം എന്ന് കരുതുന്നു. ഏതോ തരത്തിൽ സിനിമ ജീവിതത്തെ തൊട്ടു തൊട്ടു തന്നെയാണ് പോകുന്നത് എന്നു തന്നെയാണ് തോന്നുന്നത്.

Add a Comment

Your email address will not be published. Required fields are marked *