misriya

ഉമ്മാമ, വല്യുപ്പ, ഉപ്പ എൻ്റെ സിനിമാ കാലങ്ങൾ

അറുപത് വർഷം മുൻപ് തളിപ്പമ്പിലെ ഉണ്ടപ്പറമ്പ് മൈതാനിയിൽ വന്ന ടൂറിംഗ് ടാക്കീസിൽ യുദ്ധം പ്രമേയമായ സിനിമ കാണാൻ അധ്യാപകരുടെ ഒപ്പം പോയ ഉമ്മാമയുടെ അനുഭവം എനിക്കെന്നും കൗതുകം തോന്നുന്ന കഥയാണ്.

ഉമ്മാമ,
വല്യുപ്പ, ഉപ്പ
എൻ്റെ സിനിമാ കാലങ്ങൾ

നഫീസത്തുൽ മിസ്രിയ .കെ

‘അഗര്‍ സിനിമാ ഹാള്‍ മേരെ പാപാ കാ ഹോ താ റോസ് മേ പോപ്കോൺ ഖാതാ.. ‘

ടീവിയിൽ കാണുന്ന Act – 2 പോപ്കോൺ പരസ്യത്തിന്റെ വരികളാണിത്.
‘സിനിമാ ടാക്കീസ് എന്റെ അച്ഛന്റേതായിരുന്നെങ്കില്‍ എന്നും പോപ്‌കോണ്‍ കഴിക്കാം ‘എന്നാണ് ഇതിന്റെ അര്‍ത്ഥം. എന്റെ ചെറുപ്പത്തില്‍ ടാക്കീസില്‍ പോയി സിനിമ കാണാന്‍ ആവേശം കാണിച്ചത് ഇന്റര്‍വല്‍ സമയത്ത് ഉപ്പ വാങ്ങിത്തരുന്ന ഫ്രൂട്ടിക്കും പോപ്‌കോണിനും വേണ്ടിത്തന്നെയാണ്. മതം ഉന്‍മത്തരാക്കാത്ത വീട്ടുകാരായത് കൊണ്ട് ടാക്കീസില്‍ പോകുന്നതും സിനിമ കാണുന്നതും ഒരു സാധാരണ കാര്യമായിരുന്നു. അറുപത് വർഷം മുൻപ് തളിപ്പമ്പിലെ ഉണ്ടപ്പറമ്പ് മൈതാനിയിൽ വന്ന ടൂറിംഗ് ടാക്കീസിൽ യുദ്ധം പ്രമേയമായ സിനിമ കാണാൻ അധ്യാപകരുടെ ഒപ്പം പോയ ഉമ്മാമയുടെ അനുഭവം എനിക്കെന്നും കൗതുകം തോന്നുന്ന കഥയാണ്. അന്ന് സിനിമക്ക് പോയതിൻ്റെ പേരിൽ മദ്രസയിലെ ഉസ്താദ് ഉമ്മാമയെ പൊതിരെ തല്ലിയതും, ഇത് ചോദ്യം ചെയ്ത് വല്യുപ്പാപ്പ ഉസ്താദിനെ കണക്കിന് ശകാരിച്ചതും എനിക്ക് ഒരു ആക്ഷൻ സിനിമാക്കഥ പോലെ തന്നെയാണ്.

പത്താം ക്ലാസ്സു വരെ ഞാൻ പഠിച്ചിരുന്ന മുസ്ലിം മാനേജ്മെൻ്റ് സ്‌കൂളില്‍ യാഥാസ്ഥിക മുസ്ലിം കുടുംബത്തില്‍ നിന്നുള്ള സഹപാഠികളായിരുന്നു മുഴുവനും. അവിടെ അതുകൊണ്ട് തീയേറ്ററില്‍ പോയി കണ്ട സിനിമ ചര്‍ച്ച ചെയ്യുന്നതു വരെ മുറുമുറുപ്പുണ്ടാക്കുന്ന കാര്യമായിരുന്നു. വീട്ടിലിരുന്ന് കാസറ്റ് ഇട്ട് സിനിമ കാണുന്നത് പ്രശ്‌നമല്ലാത്ത, ടാക്കീസിൽ പോയി സിനിമ കാണുന്നത് ഹറാമായ കാര്യമാണെന്ന് വിശ്വസിച്ചിരുന്ന കൂട്ടുകാരായിരുന്നു ഭൂരിഭാഗവും. എന്നാലും ഒരു പുതിയ സിനിമ കണ്ടതിന്റെ പിറ്റേന്ന് എൻ്റെ സിനിമാ തള്ള് കേള്‍ക്കാന്‍ കാത്തിരുന്നവരും ക്ലാസിലുണ്ടായിരുന്നു. കുഞ്ചാക്കോ ബോബന്‍ സിനിമകള്‍ക്കായിരുന്നു അന്ന് ആരാധകര്‍ കൂടുതലും. സ്കൂൾ കോളേജ് പഠന കാലത്തൊന്നും സിനിമയിലെ നായകന്‍മാരോടൊന്നും ആരാധനയൊന്നും തോന്നിയിരുന്നില്ല. സ്കൂളിൽ എൻ്റെ കൂട്ടുകാരികൾ, കോളേജ് നോട്ട്ബുക്കിലെ കുഞ്ചാക്കോ ബോബൻ്റെ കവര്‍ ഫോട്ടോയില്‍ ഉമ്മവച്ചും കെട്ടിപ്പിടിച്ചും ആരാധിക്കുന്നത് കണ്ടിട്ടുണ്ട്.

എന്റെ ഓര്‍മ്മയില്‍ ഞാന്‍ കണ്ട ആദ്യത്തെ സിനിമ ‘ഹിറ്റ്‌ലര്‍’ ആണ്. എന്റെ ഉപ്പയായിരുന്നു തറവാട്ടിലെ പത്തോളം സ്ത്രീകളെയും കുട്ടികളെയും കൂട്ടി സിനിമ കാണിക്കാന്‍ കൊണ്ടുപോയത്. ഇത്രയും സ്ത്രീകളെ സംരക്ഷിക്കാന്‍ എന്റെ ഉപ്പ അന്നത്തെ ദിവസം ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയെ പോലെതന്നെയായിരുന്നു പെരുമാറിയതും. തിരക്കുള്ള സിനിമയ്ക്ക് പോയി സ്ത്രീകളുടെ ക്യൂവിൽ നിന്നും ഈസിയായി ടിക്കറ്റ് എടുക്കുന്നതും ,പലർക്കും എടുത്തു കൊടുക്കുന്നതും സ്ത്രീ എന്ന നിലയിൽ ഞാൻ അഭിമാനം കൊണ്ട കാര്യങ്ങളായിരുന്നു. ചില സിനിമയ്ക്ക് ഉപ്പ എന്നെ കൊണ്ടുപോയത് തന്നെ എളുപ്പം ടിക്കറ്റ് കിട്ടാൻ ആണെന്ന് തോന്നി പോയിട്ടുണ്ട് . സിനിമയ്ക്ക് പോക്ക് അന്നൊരു പതിവാണെങ്കില്‍ കൂടിയും അടൂരും അരവിന്ദനും കെ.ജി ജോര്‍ജ്ജും പിന്നെ ഇവരുടെ സിനിമകളും ക്വിസ്സ് മത്സരങ്ങള്‍ക്ക് വേണ്ടി പഠിച്ച ചോദ്യോത്തരങ്ങള്‍ മാത്രമായിരുന്നു എനിക്കന്ന്.

ബിരുദ പഠന കാലത്ത് സർ സയ്യിദ് കോളേജിലെ കെമിസ്ട്രി അധ്യാപകനായിരുന്ന സൈനുൽ ഹുക്ക്മാൻ സാറാണ് സിനിമ എന്താണെന്ന് പറഞ്ഞു തന്നതും സിനിമയിലൂടെ വേറിട്ട ലോക കാഴ്ചകൾ കാണിച്ചു തന്നതും .അന്നേ വരെ ഞാൻ കണ്ട സൂപ്പർസ്റ്റാർ പടങ്ങളിൽ നിന്നും വ്യത്യസ്തമായി സംവിധായകരുടെ സിനിമകൾ പരിചയപ്പെടുത്തി തന്നതും ഹുക്ക്മാൻ സാറാണ്. അരവിന്ദനും അടൂരും മുതൽ ഫെല്ലിനിയും ഐസൻസ്റ്റീനും ഹിച്ച്കോക്കും ബർഗ്മാനും വരെ സാറിലൂടെ പരിചിതമായി. പാസ്പോർട്ടും പണവും ഇല്ലാതെ ലോകം കാണാൻ എനിക്ക് മുമ്പിലുണ്ടായിരുന്ന വഴിയായിരുന്നു സിനിമ. അപരിചിതമായ ലോകത്തേക്ക് കാഴ്ചയുടെ പുതിയ വെളിച്ചമിറങ്ങി വരുന്നത് പോലെയുള്ള അനുഭവങ്ങളായിരുന്നു അവ. തിരുവനന്തപുരത്തും നടക്കുന്ന ഐ എഫ് എഫ് ഐ ,ഐ എഫ് എഫ് കെ എന്നീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകൾ ജീവിതത്തിൻ്റെ ഭാഗമായപ്പോൾ അതിനുവേണ്ടി സ്വകാര്യമായതും ഔദ്യോഗികമായതുമായ എന്തും പിന്നത്തേക്ക് മാറ്റി വെക്കാൻ ഒരു മടിയും ഇല്ലാതായി. ഒരു ഫെസ്റ്റിവലിൽ 45 ഓളം സിനിമകൾ കണ്ടാൽ കിട്ടുന്ന പുനരുജ്ജീവനം അടുത്ത വർഷത്തെ ഫിലിം ഫെസ്റ്റിവൽ വരെ തങ്ങി നിൽക്കുന്നതാണ്. ഇന്നീ കോവിഡ് മഹാമാരി കാലത്ത് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് എനിക്ക് സിനിമ തരുന്ന രണ്ടരമണിക്കൂർ “മീ ടൈം” കൂടിയാണ് .നെറ്റ്ഫ്ലിക്സ് ആമസോൺ പ്രൈം സിനിമകൾ കാണാറുണ്ടെങ്കിൽ കൂടിയും തീയേറ്ററിലെ വലിയ സ്ക്രീനിലെ ദൃശ്യമികവും ശബ്ദ മികവും ,കൂടാതെ രണ്ടരമണിക്കൂർ ഫോൺ ഓഫ് ആക്കി വെച്ചു ലേ ബാക്ക് സീറ്റിൽ ഇരുന്ന് സിനിമ കാണുന്നതിൻ്റെ കംഫർട്ട് കിട്ടുന്നില്ല.

OTT പ്ലാറ്റ്ഫോം വന്നതോട് കൂടി സ്ത്രീകൾക്ക് നഷ്ടമായത് തിയറ്ററിൽ നിന്ന് സിനിമ കാണുമ്പോൾ കിട്ടിയിരുന്ന സ്വകാര്യ സമയവും വിശ്രമവും ആണ്. ഇന്ന് സ്ത്രീകൾ OTT സിനിമകൾ കാണുമ്പോഴും ആ സമയം മറ്റ് ചില പണികൾ കൂടി ചെയ്തുകൊണ്ട്; കറിക്കുള്ള പച്ചക്കറി അരിഞ്ഞുകൊണ്ടോ , വീട് വൃത്തിയാക്കിക്കൊണ്ടോ , സിനിമയെ റേഡിയോ പോലെ ഒരു ബാക്ക് ഗ്രൗണ്ട് മീഡിയ ആയിട്ടാണ് ആസ്വദിക്കാൻ ആവുന്നത്.അങ്ങനെ അല്ലാതെ OTT സിനിമകൾ കാണാനായി സ്വസ്ഥമായി ഇരിക്കാൻ പറ്റുന്നവർ ഭാഗ്യവതികൾ തന്നെയാണ്!

ഒരു കാലത്ത് പൂർണമായും സ്ത്രീവിരുദ്ധത നിറഞ്ഞവയായിരുന്നു, മലയാളം സിനിമ. മാറുന്ന സമൂഹവും കാഴ്ചപ്പാടും അനുസരിച്ച് വർത്തമാനകാല സിനിമയ്ക്ക് സ്ത്രീവിരുദ്ധതയിൽ നിന്നും ‘ഒരു പരിധി ‘ വരെയെങ്കിലും മോചനം കിട്ടിയിട്ടുണ്ട്. അപ്പോഴും, നമ്മളെല്ലാം അനുഭവിക്കുന്ന , പുറം ലോകത്ത് നടക്കുന്ന സ്ത്രീ വിരുദ്ധതയുടെയും കുടുംബ വിരുദ്ധതയുടെയും യഥാർത്ഥത്തിലുള്ള അളവിനേക്കാൾ തുലോം കുറവാണ് സ്ക്രീനിലെ സ്ത്രീ വിരുദ്ധത എന്നതാണ് സത്യം. WCC പോലെയുള്ള സംഘടനകളും, പാർവതി തിരുവോത്ത് ,റിമ കല്ലിങ്കൽ , വിധു വിൻസെൻ്റ് , സജിത മഠത്തിൽ തുടങ്ങിയ പ്രതികരിക്കുന്ന സ്ത്രീകൾ ഇന്നത്തെ സിനിമയെ പ്രതിനിധാനം ചെയ്യുമ്പോൾ ഇന്നിറങ്ങുന്ന മലയാളം സിനിമകൾ ഭൂരിഭാഗവും തിരക്കഥ എഴുതുമ്പോഴും സംവിധാനം ചെയ്യുമ്പോഴും സ്ത്രീ വിരുദ്ധമായ ഉള്ളടക്കങ്ങൾ മാറ്റി എഴുതാനും, വെട്ടിക്കളയാനും ബോധപൂർവം സമയം കണ്ടെത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. സ്ക്രീനിൽ സ്ത്രീയെ അമ്മ – ഭാര്യ-കാമുകി ആയി അവതരിപ്പിക്കുമ്പോൾ നന്മയെ പർവ്വതീകരിക്കുന്ന രീതികളും മറ്റും മാറിയത് നമുക്ക് കാണാൻ പറ്റും. സർവം സഹനത്തിൻ്റെ വിങ്ങിപ്പൊട്ടലിൽ നിന്നും മാറി പൊട്ടിത്തെറിക്കുന്ന ഉശിരൻ സ്ത്രീ കഥാപാത്രങ്ങളെ സ്ക്രീനിൽ കാണാൻ തന്നെയാണ് ഇക്കാലത്ത് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. സിനിമകൾ കണ്ട് സമൂഹം മാറുകയും , സമൂഹത്തെ കണ്ട് സിനിമ മാറുകയും ചെയ്യുന്ന കൊടുക്കൽ വാങ്ങൽ പ്രക്രിയയിൽ നവ്യമായൊരു സിനിമാ സംസ്കാരം ഇന്ന് നമുക്ക് കാണാൻ സാധിക്കും.

(തളിപ്പറമ്പ് സർസയ്യിദ് കോളജിലെ അസി. പ്രൊഫസറാണ് ലേഖിക)

Add a Comment

Your email address will not be published. Required fields are marked *