padmanabhan

ഉറങ്ങുന്ന വിത്ത് ഉണർത്താൻ സഹവാസം

1977 ഡിസംബർ 27 ന് ഏഴിമലയിൽ നടന്ന പരിസ്ഥിതി / ദേശ / ആവാസ സഹവാസ ക്യാമ്പിൻ്റെ ഓർമകൾ… വിദ്യാലയങ്ങൾക്കപ്പുറം അറിവിനും ആനന്ദത്തിനും വേണ്ടിയുള്ള കൂട്ടായ്മ രൂപപ്പെടുത്തിയ കേരളത്തിലെ പ്രധാനപ്പെട്ട ആ സഹവാസ ക്യാമ്പ് ഇന്നും പ്രസക്തമാകുന്നത് അതിലെ വിശിഷ്ടമായ ചില സാന്നിദ്ധ്യങ്ങൾ കൊണ്ടാണ്.

ഉറങ്ങുന്ന വിത്ത് ഉണർത്താൻ
സഹവാസം

ടി.പി. പത്മനാഭന്‍ മാസ്റ്റര്‍

 

”ഒഴിവുകാല പഠനം ക്ലാസുമുറിക്ക് പുറത്താക്കിയാലോ?”

പ്രൊഫസര്‍ ജോണ്‍സി ജേക്കബിന്റെ ചോദ്യം. പയ്യന്നൂര്‍ കോളേജില്‍ ജന്തുശാസ്ത്രവിഭാഗം മേധാവിയായിരുന്നു അദ്ദേഹം. 1977 ഒക്ടോബറില്‍ മാടായി വിദ്യാഭ്യാസ ഉപജില്ലയിലെ യു.പി. ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ശാസ്ത്ര ക്യാമ്പിന്റെ ഒടുവില്‍ സന്ധ്യാനേരത്ത് ഒരു കാഞ്ഞിരപ്പൊന്തക്ക് അടുത്തുനിന്നായിരുന്നു മാഷിന്റെ അന്വേഷണം. ശാസ്ത്ര ക്യാമ്പ് ആസൂത്രണം ചെയ്ത് സംഘടിപ്പിച്ചത് കുഞ്ഞിമംഗലം സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ അധ്യാപകനായിരുന്ന സി. ഉണ്ണികൃഷ്ണനായിരുന്നു.

ജോൺസി

ജീവനെ അറിയണം. അത് നിലനിര്‍ത്തുന്ന പ്രകൃതിയെ കാണണം. അറിയണം; സ്‌നേഹിക്കണം; സംരക്ഷിക്കണം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സുസ്വരതയിലേ ഭുവന ജീവിതം ആനന്ദകരമാകൂ. ഭൂമിയിലുണ്ടാകുന്ന മലിനീകരണം, സസ്യജന്തുജാതികളുടെ അന്യം നില്‍ക്കല്‍, ഭൂരൂപങ്ങളില്‍ വരുത്തുന്ന മാറ്റം എന്നിവയെല്ലാം മനുഷ്യജീവിതവും ദുരിതമയമാക്കും.

നക്ഷത്രങ്ങളും പൂക്കളുംപോലെ ഒരു കാലത്ത് മനുഷ്യനും പുറംപോക്കിലായിരുന്നു. രാത്രിയിലെ കൊടുംതണുപ്പിലോ പകലത്തെ കൊടുംചൂടിലോ മനുഷ്യന്‍ അകംപോക്ക് സ്വീകരിച്ചു. അകംപോക്ക് ശീലമായപ്പോള്‍ സ്വാര്‍ത്ഥത ഏറി. സൗന്ദര്യമാനങ്ങള്‍ മാറി. പ്രകൃതി അപരിചിതമായി. സഹജാവബോധം നഷ്ടപ്പെട്ടു. മണ്ണില്‍നിന്ന് തല നീട്ടുന്ന ഇറ്റിവീഴുന്ന ചന്ദ്രിക അപരിചിതമായി. മഞ്ഞണിഞ്ഞു നില്‍ക്കുന്ന നാട്ടിലെ കുന്നിന്‍ തലപ്പില്‍ സൂര്യ കിരണങ്ങളെത്തുമ്പോള്‍ മഞ്ഞ് ഒഴുകിപോകുന്ന വഴിയിലെങ്ങും പുഴയൊഴുകുന്നതും പുഴയൊഴുകും വഴികളിലെങ്ങും മനുഷ്യനും അവന്റെ സംസ്‌കാരവും തഴച്ച് തളിരിടുന്നതും പുരാവൃത്തങ്ങളായി. ഉദയം, അസ്തമയം, സന്ധ്യ, ചേക്കേറല്‍ എല്ലാം നിഘണ്ടുകളിലെ കറുത്ത അക്ഷരങ്ങള്‍ മാത്രമായ ഇന്നത്തെ കുട്ടികളെ ബാലസൂര്യനെ ശംഖ് ഊതി സ്വാഗതം ചെയ്യുന്ന തിരമാലകള്‍ സുനാമിയായി ഭയപ്പെടുത്തി.

അതിനാല്‍ വിദ്യാലയ സാഹചര്യങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പുറത്ത് ഒരു കൂട്ടായ്മ വേണം. അത് ഏഴിമലയിലാകാമെന്ന് മനസ്സ് പറഞ്ഞു. അവിടെ മലയുണ്ട്. കടലുണ്ട്. തീരമുണ്ട്. പഞ്ചാരമണല്‍പ്പുറമുണ്ട്. എന്നോ അടഞ്ഞുപോയ ഒരു അഭിമുഖ അവശിഷ്ടമുണ്ട്. കായലുണ്ട്. രാജവംശത്തിന്റെ ഉദയകാലസൂചനയുള്ള കോട്ടയുണ്ട്. ശിലാലിഖിതമുണ്ട്. കടല്‍താണ്ടി ദേശാടനക്കാരായെത്തിയവരുടെ സ്മാരക മുദ്രകളുണ്ട്. സസ്യജന്തുജാലങ്ങളുടെ വൈവിധ്യമുണ്ട്. ഇവയൊക്കെ അറിഞ്ഞാദരിച്ച് പോരുന്ന കുറേ മനുഷ്യരുമുണ്ട്.

പഠനം ആനന്ദം നല്‍കണം. ഉത്തമമാകണം. അതിന് സന്ദര്‍ശിക്കാന്‍ പുറമ്പോക്ക് വേണം. കാടുകള്‍ വേണം. നീരൊഴുക്കും കുളങ്ങളും വേണം. കാവുകളും കാനങ്ങളും വേണം. പാടങ്ങളും പാടവരമ്പുകളും വേണം. തോടുകളും തോട്ടിന്‍കരകളും വേണം. നിരീക്ഷിക്കാന്‍ പക്ഷികളും ഇതരജീവജാലങ്ങളും വേണം. ജീവന്റെ സൗന്ദര്യത്തില്‍ പരിണാമനാടകത്തിന്റെ വിസ്മയം അറിയാനുള്ള ഇന്ദ്രിയജ്ഞാനം തേടല്‍- അതാണ് പ്രകൃതി പരിചയസഹവാസത്തിന്റെ കാതല്‍. ഇതൊരു പ്രാര്‍ത്ഥനയോ സ്വപ്നമോ? രണ്ടുമാകട്ടെ.

ആ യാത്രയുടെ തുടക്കം 1977 ഡിസംബര്‍ 27ന് കുറിച്ചു. അഞ്ചുദിവസം ഏഴിമലയില്‍. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള മുപ്പത്തിനാല് കുട്ടികള്‍. പന്ത്രണ്ട് അധ്യാപകരും.
ഏഴിമല സഹവാസത്തില്‍ പങ്കെടുത്ത ഏഴാം ക്ലാസുകാരി കെ.ടി.പി. രജ്‌ന ഒന്നാം ദിവസത്തെ വൈകുന്നേരത്തെക്കുറിച്ച് ഇങ്ങനെ ഡയറിയില്‍ എഴുതി ”ഞങ്ങള്‍ സൂര്യസ്തമയം കാണാന്‍ കടല്‍തീരത്ത് പോയി. മത്സ്യബന്ധനത്തിനുള്ള തോണികള്‍, വലകള്‍ ഇവ ധാരാളമായി കണ്ടു. ധാരാളം കടല്‍പക്ഷികളേയും കണ്ടു. പ്രകൃതിഭംഗി അനന്യ സാധാരണമായിരുന്നു. ചിപ്പികള്‍ മറ്റു ജീവികളുടെ അവശിഷ്ടങ്ങള്‍ ഇവയെല്ലാം കടല്‍തീരത്ത് കണ്ടു. ചിലതെല്ലാം പെറുക്കിയെടുത്ത് നോക്കി. കടലിലിറങ്ങിയും കടപ്പുറത്ത് ഓടി കളിച്ചു. വലിയ തിരവരുമ്പോള്‍ കടലിലിറങ്ങിയും രസിച്ചു. ഞാന്‍ വിചാരിച്ചു ഈ തിരമാലകള്‍ എന്തിനാണിങ്ങനെ ഓടിവന്ന് കരയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നത്? അങ്ങകലെ കടലില്‍ ഒരു ഡോള്‍ഫിന്‍ ചാടിക്കളിക്കുന്നത് കാണാമായിരുന്നു. അസ്തമയ സൂര്യനെ കരയുടെ ഒരു ഭാഗം മറച്ചതിനാല്‍ സൂര്യസ്തമയം കാണാന്‍ കഴിഞ്ഞില്ല.”

കെ.കെ. നീലകണ്ഠന്‍ മാഷ് അതിരാവിലെ എഴുന്നേല്‍ക്കും. കുറ്റിക്കാടരികിലേക്ക് നടക്കും. ആരേയും കാത്തുനില്‍ക്കുകയോ വിളിക്കുകയോ ചെയ്യില്ല. എങ്കിലും മുഴുവന്‍ പേരും അപ്പോഴേക്കും തയ്യാറായി മാഷെ അനുഗമിക്കും. മൗനമായി നിശ്ചലമായിരുന്ന് പക്ഷികളുടെ ഉണര്‍ത്തുപാട്ട് കേള്‍ക്കും. പക്ഷികളുടെ ചലനം കാണണം. പാട്ട് കേള്‍ക്കണം. ഓരോ പക്ഷിപാട്ടിലേയും ശ്രുതിയും സംഗതിയും മാഷ് തിരിച്ചറിഞ്ഞിരുന്നു. ‘കേരളത്തിലെ പക്ഷികള്‍’ എന്ന ഗ്രന്ഥത്തില്‍ മാഷ് രേഖപ്പെടുത്തിയ പക്ഷികളുടെ പാട്ടും വിളികളും ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. ഉച്ചഭക്ഷണം കഴിഞ്ഞ് കിട്ടുന്ന വിശ്രമവേളയില്‍ രാവിലെ കേട്ട പക്ഷിപ്പാട്ടുകള്‍ മാഷ് അനുകരിക്കും. തുടര്‍ന്ന് പക്ഷികളുടെ സ്വഭാവത്തെക്കുറിച്ചും നിരീക്ഷണ രീതിയെക്കുറിച്ചും അനുഭവത്തിലൂടെ മാഷ് വിവരിക്കും. മാഷിന്റെ നിഷ്‌ക്കര്‍ഷ ഇങ്ങനെയാണ്. ‘പക്ഷി നിരീക്ഷണത്തിന് ഏകനാകുന്നതാണ് ഉത്തമം. കൂട്ടിന് ഒരാള്‍ കൂടിയാകും. മൂന്നാമതൊരാള്‍ കൂടിയായാല്‍ ജനക്കൂട്ടമായി. ബഹളമായി, മലിനീകരണമായി.’ വാതില്‍പ്പുറ പഠനങ്ങള്‍ക്ക് മാഷിന്റെ തത്വശാസ്ത്രമാണ് സ്വീകരിക്കേണ്ടതെന്ന് തോന്നിയ അനേകം അനുഭവങ്ങളുണ്ടെനിക്ക്.

വര്‍ഷങ്ങള്‍ കഴിഞ്ഞ് കോട്ടഞ്ചേരി സഹവാസത്തിനെത്തിയ ഒരു കുട്ടി ഓമനപ്രാവിന്റെ കൂവല്‍ കേട്ട് അതിനെ തേടി തേടി ഒടുവില്‍ പക്ഷിനിരീക്ഷകനായി മാറുകയും പക്ഷികള്‍ താമസിക്കുന്ന ഇടങ്ങളെല്ലാം കരുതലോടെ കാക്കാന്‍ മെനക്കെടുന്നതിന്റെയും മാധുര്യം മനസ്സിലിട്ട് നുണഞ്ഞിട്ടുണ്ട്. ഒരു പക്ഷിത്തൂവല്‍ കരുതലോടെ എടുത്ത് ഇത് സഹവാസത്തിന്റെ ഓര്‍മ്മക്കായി സൂക്ഷിക്കട്ടെ എന്ന് ചോദിച്ച കുട്ടിയോട് ആ തൂവല്‍ പ്രപഞ്ചം കാണാനുള്ള കിളിവാതിലാകട്ടെ എന്ന് പറഞ്ഞതും ഒരു ക്ലാസ് മുറിക്കും സമ്മാനിക്കാന്‍ പറ്റാത്ത അനുഭവമാണ്. അനിവാര്യമായതിനെ ഇഷ്ടപ്പെട്ട് സ്‌നേഹിച്ച് ആരാധിച്ച് സംരക്ഷിക്കുന്നതിനുപകരം ഗില്ലററിനുകളെ അനിവാര്യതയായി സ്വീകരിച്ച് ആനയിക്കുന്ന വികസന മുന്നേറ്റം ക്ലാസ് മുറികള്‍ക്ക് പഥ്യമാകും.

ഏഴിമല

ഏഴിമല സഹവാസത്തിന്റെ മൂന്നാം പകല്‍ ഉച്ചഭക്ഷണം കഴിഞ്ഞായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു വന്ന ഡോ. ഡി.എന്‍. മാത്യു ജീവികളുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് പറയുന്നത്. ആനകളും മാനുകളും കാട്ടുപോത്തുകളും നയിക്കുന്ന കുടുംബജീവിതം അദ്ദേഹം വിവരിച്ചു. തേനീച്ചകളും ഉറുമ്പുകളും വേട്ടാളിയനുമൊക്കെ നടത്തുന്ന ശേഖരണവും സംഭരണവും വിതരണവുമൊക്കെ വിശാലമായ തലത്തില്‍ ചിന്തിക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രേരണയേകി.

അന്തരീക്ഷത്തിന്റെ നനവ് തൊലിയില്‍ തട്ടി മഴ വരുന്നു എന്ന് ഇണയെ അറിയിക്കുന്ന തവളയെക്കുറിച്ച് നാം കേട്ടിരിക്കും. എന്നാല്‍ ഇന്ന് തവള നിലവിളിക്കുന്നത് തൊലി പൊള്ളത്തക്കവിധം ചുറ്റുപാടുകളുടെ ചൂട് വര്‍ദ്ധിച്ചതുകൊണ്ടാണ്. മരം പോയ പാതകളിലൂടെ സഞ്ചരിക്കുമ്പോള്‍ ആ ചൂട് താപതരംഗമായി മനുഷ്യനെ നീറ്റുന്നു എന്ന് ഇന്നത്തെ നേരനുഭവം.

തീരത്ത് കൂടി നടക്കുമ്പോള്‍ കക്കത്തോടുകള്‍ ശേഖരിച്ച് വലുപ്പക്രമത്തിലും നിറവ്യത്യാസക്രമത്തിലും ക്രമീകരിച്ച് അതിലൂടെ ജീവിച്ച ജീവികളുടെ ജീവന്റെ പരിണാമകഥ ജോണ്‍സി മാഷ് പറയും. ആദ്യമായി കടല്‍ കാണുന്ന കുട്ടികളുണ്ടായിരുന്നു സഹവാസത്തില്‍. കടപ്പുറത്തെ മണലിന്റെ ഇഴയടുപ്പമില്ലായ്മപോലും അവര്‍ക്കൊരു നൂതനാനുഭവമായിരുന്നു. മണ്ണ് മണലും തമ്മിലുള്ള വ്യത്യാസംപോലും സമൂഹത്തിന് അപരിചിതമാണ്. കടല്‍തീരത്ത് ഓടുക, ഇഷ്ടമുള്ള രൂപങ്ങളുണ്ടാക്കുക, തിരമാലകളില്‍ കളിക്കുക, കുളിക്കുക. ഇതൊക്കെ കാണുമ്പോള്‍ തോന്നും പ്രകൃതി പഠനത്തിനുള്ള സന്തോഷകരമായ ഒരാമുഖമാണ് തീരമെന്ന്.

ഉറങ്ങുന്ന വിത്ത് ഉണര്‍ത്താന്‍ ഒരു സെമിനാറിന് കഴിയുമോ? അതിന് നനവ് തന്നെ വേണം. കടലില്‍ നിന്ന് ഉയരുന്ന നീരാവി വഹിക്കുന്ന കാറ്റിന്റെ നനവ്. മഴ മേഘങ്ങളുടെ നനവ്. മഴയുടെ നനവ്. ചിലപ്പോള്‍ പക്ഷികളും ആനകളടക്കമുള്ള ജീവികളും തിന്ന് വിസര്‍ജ്ജിക്കുമ്പോഴുള്ള നനവും മതിയാകും. പൂര്‍ണ്ണതയില്‍ അറിയുമ്പോള്‍ മനസ്സിലാകും പ്രകൃതി ഒരു വിഭവമല്ലെന്ന്. നാളത്തെ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഇന്നേ കുഞ്ഞിനെ തയ്യാറെടുപ്പിക്കുന്നതാകണം വിദ്യാഭ്യാസം.
ഏഴിമലയിലെ കാട് വള്ളികള്‍, ഇതര സസ്യസമൂഹങ്ങള്‍ എന്നിവ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പ്രൊഫസര്‍ എം.കെ. പ്രസാദിന്റെ നടത്തം. വിവിധതരം ഇലകളുടെ ആകൃതിയും വലുപ്പവും ഇലകളുടെ ക്രമീകരണം. വന്‍വൃക്ഷങ്ങള്‍ കുറ്റിച്ചെടികള്‍, പുല്ലുകള്‍, ഔഷധങ്ങള്‍ എന്നിവയോരോന്നും പേര് ചൊല്ലി പരിചയപ്പെടുത്തുന്നത് നൂതന അനുഭവമായി ഉള്‍ക്കൊണ്ടു. നമുക്ക് ചുറ്റും പക്ഷികളുണ്ട്. പൂമ്പാറ്റകളുണ്ട്. ഓന്തും അരണയുമുണ്ട്. മറ്റേതൊക്കെയോ ജീവികളുണ്ട്. ഒട്ടനവധി സസ്യങ്ങളുണ്ട്. ഇതൊന്നും സാധാരണയായി ആരും ശ്രദ്ധിക്കാറില്ല. വിദ്യാലയ പഠനങ്ങളുടെ ഭാഗമാകാറുമില്ല. അന്നും ഇന്നും. പലതിനും നാം കണ്ടുകൊണ്ടിരിക്കേ വംശനാശം സംഭവിക്കുന്നു. ഒരു പക്ഷേ നമ്മിലാരെങ്കിലും ഒന്ന് ശ്രദ്ധിച്ച് നോക്കിയിരുന്നെങ്കില്‍ മൗനമായിരുന്ന് കണ്ടിരുന്നെങ്കില്‍ നാം കാണെക്കാണെ അവ അപ്രത്യക്ഷമാകുമായിരുന്നില്ല. നാം കണ്ടതിനെ സ്‌നേഹിച്ചതിനെ നഷ്ടപ്പെടുമ്പോള്‍ വേദനിക്കും. ആ വേദന നല്‍കുന്ന ഉണര്‍വ്വിലാകും ജീവപരിസരം ഹരിതാഭമാകുന്നത്.

കൃത്യമായും ഓര്‍ത്തു പറയട്ടെ 1977 ഡിസംബര്‍ 31ന് രാത്രിയാണ് പ്രൊഫസര്‍ എം.കെ. പ്രസാദ് സൈലന്റ് വാലി കാടിനെ പരിചയപ്പെടുത്തുന്നത്. അവിടെ വരാനിരിക്കുന്ന ജലവൈദ്യുത പദ്ധതിയുണ്ടാക്കുന്ന പണാധിഷ്ഠിത ലാഭത്തേക്കാള്‍ അതിഭീകരമായിരിക്കും. ജലസംഭരണി മുക്കിക്കൊല്ലുന്ന വനത്തിന്റെ മൂല്യമെന്നാണ് മാഷ് പറഞ്ഞതിന്റെ സാരം. നിത്യഹരിതവനം, കന്യാവനം, ഓര്‍ക്കിഡുകള്‍, മുള്ളന്‍ ചക്ക മരം, സിംഹവാലന്‍ കുരങ്ങ് തുടങ്ങുന്നവയെല്ലാം അധ്യാപകര്‍പോലും ആദ്യമായി കേള്‍ക്കുകയായിരുന്നു. ആനക്കൊമ്പും, കോലരക്കും, ചന്ദനവും, പുലിത്തോലും, മാന്‍കൊമ്പും കാട്ടില്‍ നിന്ന് ലഭിക്കുന്ന വിഭവങ്ങളായി പഠിപ്പിക്കുന്ന കാലമായിരുന്നു അത്. കാട് അഭയമാണ്. കാട് ആര്‍ദ്രമാണ് എന്നൊക്കെ കേട്ടത് നൂതനാനുഭവമായിരുന്നു. കാട് വെട്ടി ഉല്പാദനം വര്‍ദ്ധിപ്പിക്കണം എന്ന് പ്രചരിക്കുന്ന കാലത്ത് കാട് വെട്ടരുത്, തീ വെക്കരുത്, കാട് കാടായി നിന്നാലേ നാട് നാടായി നില്‍ക്കൂ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പഠനാന്വേഷണങ്ങളുടെ നൂതനലോകം തുറന്നുവെക്കുകയായിരുന്നു. മാഷ് അവസാനിപ്പിച്ചത് ഏതാണ്ടിങ്ങനെയാണ്; സഹവാസങ്ങള്‍ ഇനി കാട്ടില്‍ നടത്തണം. കുട്ടികള്‍ കാട് കാണണം. കുട്ടികള്‍ വിചാരിച്ചാലേ ഇനി കാട് കാടായി നിലനില്‍ക്കൂ.

ഈ വാക്കുകളാണ് കാട് എവിടെ? എന്ന അന്വേഷണത്തിനും തുടര്‍ന്നുള്ള വനസഹവാസത്തിലേക്കും നയിച്ചത്.

പൂര്‍ണ്ണതയില്‍ അറിയാനുള്ള അന്വേഷണം സഹവാസത്തിന്റെ ആണിക്കല്ലാകണം. ഒരമ്മ നല്‍കുന്ന പാലിന്റെ മൂല്യം പോഷകാഹാര വിദഗ്ദ്ധന്റെ കുറിപ്പടികളില്‍ ഒതുങ്ങുന്നതല്ലെന്ന് അപ്പോഴേ മനസ്സിലാകൂ. ഏതോ പൂമ്പൊടി പേറുന്ന കാറ്റിന്റെ ഗന്ധം പുകവലിക്കുന്നവന് അറിയണമെന്നില്ല. അവനറിയാത്തത് തൊട്ടടുത്ത വ്യവസായശാല പുറന്തള്ളുന്ന വിഷപ്പുകയുടെ ഗന്ധം കൂടിയാണ്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങളും മനുഷ്യവിസര്‍ജ്ജ്യങ്ങളും മനുഷ്യവാസ ഇടങ്ങളില്‍പോലും കൊണ്ട് തള്ളുന്നതിലെ ഗന്ധമറിയായ്കയല്ല വികസനം. മറിച്ച് എല്ലാ ഇന്ദ്രിയങ്ങളും സര്‍ഗ്ഗചേതനകളും ഇതല്ല- ഇതല്ല വേണ്ടതെന്ന് പറയുമ്പോള്‍ തിരുത്തുന്നതാണ് വിപ്ലവം അല്ല വിദ്യാഭ്യാസം.

ഏഴിമല സഹവാസത്തിന്റെ അഞ്ചാം ദിവസം ഏറെ സാഹസികമായതായിരുന്നു. ഇന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ഉള്‍ക്കിടിലമുണ്ടാകുന്നു. കുട്ടികളെ കടലിലേക്ക് കൊണ്ടുപോകാന്‍ ഒരു യന്ത്രബോട്ട് കരയില്‍ നിന്ന് 500 മീറ്റര്‍ ദൂരെ നിര്‍ത്തിയിട്ടിരിക്കുന്നു. കുട്ടികളെ തോണികളില്‍ കയറ്റി ബോട്ടിനരികിലേക്ക്. ചിലരെങ്കിലും ആദ്യമായി തോണിയില്‍ കയറുന്നവര്‍. കടലലകളില്‍ ഊയലാടുന്ന തോണിയിലെ സഞ്ചാരം. തുടര്‍ന്ന് ബോട്ടിലേക്ക് കൈ പിടിച്ച് ഉയര്‍ത്തല്‍. കടല്‍ യാത്ര മുഴുവന്‍ പേര്‍ക്കും ആദ്യാനുഭവം. അലകളില്‍ ഇരിക്കുന്ന പക്ഷികളും കടലുപരി പറക്കുന്ന പക്ഷികളും. അതിനേക്കാള്‍ കൗതുകം ദൂരെ ദൂരെ പറന്നു പോകുന്ന പൂമ്പാറ്റകളായിരുന്നു. കരയിലേക്കടിക്കുന്ന കടല്‍ക്കാറ്റിനെതിരെ മിടിക്കുന്ന കുഞ്ഞു ചിറകുകള്‍ കാണുന്ന കുഞ്ഞുങ്ങള്‍. സാഹസികത നിറഞ്ഞ സഹവാസം തുടരാന്‍ ഒരു കാരണം ഈ കുഞ്ഞു ചിറകുകള്‍ തന്നെ.

സാഹസികതയല്ല ഒരിക്കലും സഹവാസം. ബബൂണ്‍ കുരങ്ങ് തന്റെ കുടുംബവുമായുള്ള ജീവിതയാത്രയില്‍ മുന്‍പോട്ടു പോകുമ്പോള്‍ ഇര തേടാന്‍ ഇറങ്ങിയ പുലിയെ കണ്ടാല്‍ ഒന്ന് നടുങ്ങും. ഒരു നിമിഷംപോലും അന്ധാളിച്ചു നില്‍ക്കാതെ കുടുംബനായകനായ ആണ്‍ബബൂണ്‍ പുലിയെ നേരിടും. ഇരയാക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ. തന്റെ കുടുംബത്തിന്റെ നിലനില്പിനും ജീവപരിണാമ നൈരന്തര്യത്തിനും വേണ്ടിയുള്ള അര്‍പ്പണം.

Add a Comment

Your email address will not be published. Required fields are marked *