vcb

പ്രകൃതി, മാർക്സിസം പാരിസ്ഥിതി മാർക്സിസ്റ്റുകൾ

പ്രകൃതിസംരക്ഷണപ്രവർത്തനങ്ങളെ പിന്തിരിപ്പൻ പരിപാടിയായിക്കണ്ടിരുന്ന സ്റ്റാലിൻ അധികാരത്തിലെത്തിയതോടെ ഇത്തരം പ്രവർത്തനങ്ങൾക്ക് വിലക്കുകൾ ഏർപ്പെടുത്തി. വാവിലോവ് ഉൾപ്പെടെയുള്ള പതിനഞ്ചു ലക്ഷത്തോളം ശാസ്ത്രജ്ഞന്മാരുംഎഴുത്തുകാരും വിപ്ലവകാരികളും ബുദ്ധിജീവികളും കൊല്ലപ്പെടുകയും ചെയ്തു.

പ്രകൃതി, മാർക്സിസം
പാരിസ്ഥിതി മാർക്സിസ്റ്റുകൾ

വി.സി.ബാലകൃഷ്ണൻ

 

പരിസ്ഥിതി,ഗാഡ് ഗിൽ തുടങ്ങിയ വാക്കുകളോട് തന്നെ അലർജി ഉള്ളവരാണ് നമ്മുടെ നാട്ടിലെ ചില ഇടതുപക്ഷപാർട്ടികളിലെ നേതാക്കളും അണികളും. എന്നാൽ, കമ്മ്യൂണിസ്റ്റ് സൈദ്ധാദ്ധികരായ കാൾ മാർക്സിന്റേയും എംഗത്സിന്റേയും കൃതികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ വ്യക്തമായ സൂചനകളുണ്ട്. മൂലധനത്തിന്റെ മൂന്നാം വോള്യത്തിൽ ‘ ഭൂമി വരും തലമുറയിൽ നിന്ന് നാം കടം കൊണ്ടതാണെന്നും അത് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അവർക്ക് കൈമാറേണ്ടതാണെന്നും പറഞ്ഞുവെക്കുന്നുണ്ട്. ഏതാണ്ട് നാല്പതു വർഷം മുമ്പു തന്നെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാജാഥയിൽ ഈ വരികൾ മുഴങ്ങിയിരുന്നു.

“സമുദായത്തിന്റെ കൂടുതൽ ഉയർന്ന ഒരു സാമ്പത്തികരൂപത്തിന്റെ നിലപാടിൽ നിന്ന് നോക്കുമ്പോൾ,ഒരു മനുഷ്യന്റെ മേൽ മറ്റൊരു മനുഷ്യനു ഉടമാവകാശം ഉണ്ടെന്ന് പറയുന്നതുപോലെ തന്നെ,ഭൂമിക്കുമേൽ പ്രത്യേകം വ്യക്തികൾക്കുള്ള ഉടമാവകാശവും തികച്ചും അസംബന്ധമായി തോന്നും. ഒരു സമുദായമാകെ തന്നെയോ ഒരു രാഷ്ട്രമോ ,ഒരേ സമയം നിലവിലുള്ള എല്ലാ സമുദായങ്ങളും ഒന്നിച്ചെടുത്താലോ ,ഭൂമിയുടെ ഉടമകളല്ല. അവർ അതിന്റെ കൈവശക്കാരും ഫലഭോഗമനുഭവിക്കുന്നവരും മാത്രമാണ്.മാതൃകാഗൃഹനാഥന്മാരെ (‘boni patres familias’) പോലെ അവർ അത് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പിന്മുറക്കാരെ ഏൽപ്പിച്ചുകൊടുക്കുകയും വേണം.” എന്നാണ് മാർക്സ് പറയുന്നത്.

Marx’s Ecology,Ecology against Capitalism,The Ecological Revolution,The Return of Nature: Socialism and Ecology തുടങ്ങിയ പുസ്തകങ്ങളുടെ കർത്താവും മാർക്സിയൻ പരിസ്ഥിതിവാദിയുമായ ജോൺ ബെല്ലാമി ഫോസ്റ്ററുടെ നിരീക്ഷണങ്ങളും ഇക്കാലത്ത് ഏറെ പ്രസക്തിയുള്ളതാണ്.പരിസ്ഥിതി വാദത്തിനെതിരേ ഉറഞ്ഞു തുള്ളുന്ന ഇടതുപക്ഷ അണികളും നേതാക്കളും ഇത്തരം പുസ്തകങ്ങൾ ഒന്ന് മറിച്ചുനോക്കുകയെങ്കിലും വേണ്ടതാണ്. “ മനുഷ്യർ പരിസ്ഥിതിയിൽ നടത്തിയ ഇടപെടൽ ഇന്ന് അതിനെ തകർച്ചയുടെ നെല്ലിപ്പടിയിൽ എത്തിച്ചിരിക്കുന്നു.ഈ തകർച്ച അതിനെ മനുഷ്യന്റെ ആവശ്യങ്ങൾക്ക് പറ്റാത്ത വിധത്തിൽ ആക്കിയിരിക്കുന്നു.മാത്രമല്ല,ഇത് പ്രകൃതിയുടെ നൈരന്തര്യത്തെയും മനുഷ്യസമൂഹത്തിന്റെ അതിജീവനത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.” എന്നാണ് വ്രണിതഭൂമി(Vulnerable Planet) എന്ന കൃതിയുടെ തുടക്കത്തിൽ പറയുന്നത്.(പി.കെ ദേവൻ പരിഭാഷപ്പെടുത്തി ശാസ്ത്രസാഹിത്യപരിഷത്ത് (2006)പ്രസിദ്ധീകരിച്ചത്).

വികസിത മുതലാളിത്ത രാജ്യങ്ങളിലെ പരിസ്ഥിതിപ്രസ്ഥാനങ്ങളെക്കുറിച്ചു മാത്രമേ നാം പലപ്പോഴും അറിഞ്ഞിട്ടുള്ളൂ. എന്നാൽ ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യമായിരുന്ന സോവിയറ്റ് യൂനിയനിൽ നടന്ന പരിരക്ഷണപ്രവർത്തനങ്ങളെക്കുറിച്ചും പിൽക്കാലത്ത് ക്യൂബയിലും മറ്റും നടന്ന മെച്ചപ്പെട്ട രീതിയിലുള്ള  പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചും നാം മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ ,ലെനിന്റെ കാലത്ത് സോവിയറ്റ് യൂനിയനിൽ നടന്ന പരിരക്ഷണനടപടികളെക്കുറിച്ചാണ് ഇനി പറയുന്നത്.

സോവിയറ്റ് യൂനിയന്റെ പരിരക്ഷണപ്രവർത്തനങ്ങളുടെ ചരിത്രത്തിൽ ഒരു സുപ്രധാന ദിവസമായിരുന്നു 1919 ജനുവരി 16.അസ്റ്റ്രാഖൻ(Astrakhan) നഗരത്തിൽ നിന്ന് നിക്കോളായ് പൊഡിയാപോൾസ്കി(Nikolai Podyapolsky)സോവിയറ്റ് തലവനായ ലെനിനുമായി കൂടിക്കാഴ്ച നടത്തിയ ദിവസം.പ്രമുഖനായ കാർഷികശാസ്ത്രജ്ഞനും പ്രകൃതിസംരക്ഷകനുമായ പൊഡിയാപോൾസ്കി വിദ്യാഭ്യാസകമ്മിസാറായിരുന്ന (Peoples Commissar for Education)ലൂനാചാഴ്സ്കി(Anatoly Lunacharsky) യുമായി നേരത്തെ പരിചയമുണ്ടായിരുന്നു. ഒരു സുപ്രധാന രേഖയുമായി ഇതിനു മുമ്പു പൊഡിയപോൾസ്കി ,ലൂനാചാഴ്സ്കി യെ സന്ദർശിച്ചിരുന്നു. ലൂനാചാഴ്സ്കി ഈ രേഖ വിശദമായി പഠിക്കുകയുണ്ടായി.അന്ന് രാത്രി മുഴുവനും ഇരുവരും വിശദമായ,നീണ്ട ചർച്ചയിലായിരുന്നു.അഷ്റ്റ്രാഖനിൽനിന്നുള്ള അതിഥിയെക്കുറിച്ച് ലൂനാചാഴ്സ്കി ലെനിനോട് പറയുകയുണ്ടായി.അതു പ്രകാരമാണു ലെനിനുമായി ഒരു കൂടിക്കാഴ്ചയ്ക്കു പൊഡിയാപോൾസ്കിക്ക് അവസരം ലഭിച്ചത്.

ജൈവവൈവിദ്ധ്യസമ്പന്നവും പാരിസ്ഥിതികപ്രാധാന്യവുമായ വോൾഗാനദീതടം വലിയ തോതിൽ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.കാട്ടുതാറാവുകളെ വേട്ടയാടുന്നതും പതിവായിരുന്നു.ചില സമയങ്ങളിൽ 1000-1500 താറാവുകളെ വരെ വേട്ടക്കാർ വലയിലാക്കിയിരുന്നു.ഇവയുടെ മുട്ടകൾ പോലും വൻ തോതിൽ കടത്തിക്കൊണ്ടുപോയിരുന്നു. ആയതിനാൽ ഈയൊരു പ്രദേശം ഒരു സംരക്ഷിതമേഖലയാക്കണം എന്നായിരുന്നു പോൾസ്കിയുടെ നിർദ്ദേശം.

ലെനിൻ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു : “അസ്റ്റ്ര്ഖൻ പ്രവിശ്യയുടെ മാത്രമല്ല,മുഴുവൻ റിപ്പബ്ലിക്കുകളെ സംബന്ധിച്ചും അതീവപ്രാധാന്യമുള്ള ഒന്നാണു പ്രകൃതിസംരക്ഷണം .ഇതിനു ഏറെ പ്രസക്തിയുണ്ട്”.

പതിനേഴാം നൂറ്റാണ്ടു മുതൽ തുടരുന്ന വന്യജീവിവേട്ടയും വനനശീകരണവും കാരണം വലിയൊരു ഭാഗം വന്യജീവി സമ്പത്ത് നഷ്ടമായിട്ടുണ്ടായിരുന്നു.ഇത് പല ജീവജാതികളുടേയും വംശനാശത്തിലേക്ക് വഴിവെക്കുകയുണ്ടായി.ഇത്തരം പ്രദേശങ്ങൾ സംരക്ഷിതമേഖലകളായി പ്രഖ്യാപിക്കണമെന്ന ശാസ്ത്രജ്ഞന്മാരുടെ നിർദ്ദേശങ്ങൾ അംഗീകരിക്കുവാനും ലെനിൻ തയ്യാറായി.

തുടർന്ന് 1919 ഏപ്രിൽ 11ന് Astrakhan Gubernia Executive Committee വോൾഗാനദീതടം ഒരു Nature Preserve ആയി പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനമെടുത്തു.
ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തെതുടർന്ന് അധികാരത്തിലെത്തി അധികം താമസിയാതെ തന്നെ ,1917 നവംബറിൽ,പ്രകൃതിസംരക്ഷണം എന്ന ആശയം ചർച്ച ചെയ്യുന്നതിനായി മാത്രം പെട്രോഗ്രാഡിൽ ഒരു സമ്മേളനം വിളിച്ചുചേർക്കുകയുണ്ടായി.അമേരിക്കയിൽ സ്ഥാപിച്ചുകഴിഞ്ഞ യെല്ലോ സ്റ്റോൺ നാഷണൽ പാർക്കുകളുടെ മാതൃകയിൽ വന്യജീവിസങ്കേതങ്ങളോ നാഷനൽ പാർക്കുകളോ സ്ഥാപിക്കുന്നതിനെക്കുറിച്ചായിരുന്നു ഈ സമ്മേളനം പ്രധാനമായും ചർച്ച ചെയ്തിരുന്നത്. വനങ്ങളുടേയും പ്രകൃതിവിഭവങ്ങളുടേയും സുസ്ഥിരമായ ഉപയോഗത്തിനും പുനരുദ്ധാരണത്തിനും ആവശ്യമായ നടപടികളും കൈക്കൊള്ളുകയുണ്ടായി.അനധികൃതമരം വെട്ടലും വേട്ടയും മൂലം വനങ്ങൾ ശോഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തിൽ സത്വരനടപടികൾ സ്വീകരിക്കണമെന്നും “റിപ്പബ്ലിക്കിലെ വനങ്ങൾ“ എന്ന മാസിക റിപ്പോർട്ടുചെയ്തതിനെ തുടർന്ന് കേന്ദ്ര വനം വകുപ്പ്(Central Administration of Forest )രൂപീകരിച്ചു.1919 മെയ് മാസത്തിലെ ഒരു ഉത്തരവു പ്രകാരം വംശനാശഭീഷണിയുള്ള എൽക്ക് (Elk) എന്ന മാനുകളെ വേട്ടയാടുന്നത് തടയുകയും ചെയ്തു.

പ്രകൃതിസംരക്ഷണത്തിനു പൊതുസാമൂഹ്യ അടിത്തറ ഉണ്ടാകുന്നതിനായി സ്ക്കൂൾ പാഠ്യപദ്ധതിയിൽ പ്രകൃതിപഠനവും പ്രകൃതിസംരക്ഷണവും ഉൾപ്പെടുത്തുകയുണ്ടായി..1924 –ഓടെ സർവകലാശാലാ പാഠ്യപദ്ധതിയിൽ പരിസ്ഥിതിശാസ്ത്രം ഒരു പ്രത്യേക പഠനശാഖയായി മാറുകയും ചെയ്തു. ഇത്തരം കാര്യങ്ങളിൽ അതുല്യമായ സംഭാവനകൾ നൽകിയ ചിലർ പ്രത്യേകം പരാമർശിക്കപ്പേടേണ്ടതുണ്ട്.അവരിലൊരാൾ ലോകപ്രശസ്തനായ കാർഷികശാസ്ത്രജ്ഞനായ എൻ.ഐ. വാവിലോവ്(N.I. Vavilov)ആണ്.മറ്റൊരാൾ ശാസ്ത്രജ്ഞനായ വി.ഐ. വെർണാഡ്സ്കി (V.I. Vernadsky) യാണ്. ക്ലബ് ഓഫ് റോം പ്രസിദ്ധീകരിച്ച ‘വളർച്ചയുടെ പരിമിതി’ എന്ന ഗ്രന്ഥം (1972)ഇറങ്ങുന്നതിനുമുമ്പു തന്നെ ‘പ്രകൃതിദത്തമായ ഉത്പാദനശക്തികൾക്ക് പരിമിതികളുണ്ടെന്ന് പറഞ്ഞിരുന്ന ശാസ്ത്രജ്ഞനായിരുന്നു വെർണാഡ്സ്കി. ജീവജീവശാത്രജ്ഞനായ ജി.എഫ്. ഗോസ്(G.F. Gauze) ഉം സോവിയറ്റ് യൂനിയനിലെ പരിരക്ഷണ പ്രവർത്തനങ്ങളിൽ വലിയ സംഭാവന നൽകിയിരുന്നു.

ലെനിനെ സ്വാധീനിച്ച വ്യക്തികളിൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരനായ അലക്സാണ്ടർ ഉല്യാനോവിനും വലിയൊരു പങ്കുണ്ട്. സാഷ എന്ന് വിളിക്കപ്പെട്ടിരുന്ന ഉല്യാനോവ് ജനിച്ചത് 1886 ഏപ്രിൽ 12 നു ആയിരുന്നു)ജീവശാസ്ത്രം പഠിച്ച പ്രകൃതിസ്നേഹിയായിരുന്നുഅദ്ദേഹം .അതോടൊപ്പം രാഷ്ട്രീയ പ്രവർത്തകനും വിപ്ലവകാരിയുമായിരുന്നു.1887മെയ് 20 നു മറ്റു നാലു വിപ്ലവകാരികളോടൊപ്പം ഇദ്ദേഹം തൂക്കിലേറ്റപ്പെടുകയായിരുന്നു.തൂക്കിലേറ്റപ്പെടുമ്പോൾ 21 വയസ്സ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളൂ.

വിപ്ലവകാലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന നാളുകളിൽ ലെനിന്റെ വായനയിൽ പരിസ്ഥിതിശാസ്ത്രസംബന്ധിയായ പുസ്തകങ്ങളും ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.പരിരക്ഷണം എന്ന ആശയത്തെ അദ്ദേഹം താത്പര്യപൂർവം സമീപിച്ചത് ഇതിനാലായിരിക്കണം.1921 സപ്തംബർ 4ന് സംരക്ഷിതമേഖലകളിലെ പ്രകൃതിസ്മാരകങ്ങളും(Natural monuments) ഉദ്യാനങ്ങളും സംരക്ഷിക്കുന്നത് ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവ് (A decree for the ‘Protection of Monuments of Nature,Gardens and Parks’)ലെനിൻ പുറപ്പെടുവിച്ചു.1929 ആകുമ്പോഴേക്കും 61 പ്രദേശങ്ങൾ സംരക്ഷിതമേഖലകളായി പ്രഖ്യാപിക്കപ്പെട്ടു. ഇവയുടെ വിസ്തീർണം 40 ലക്ഷം ഹെക്ടർ വരും.വിദ്യാർഥികളെ മുഖ്യ പങ്കാളികളാക്കിക്കൊണ്ട് വിദ്യാലയങ്ങൾക്ക് ചുറ്റുമുള്ള പച്ചപ്പ് സംരക്ഷിക്കുന്നതിനും പക്ഷികളെ നിരീക്ഷിച്ച് പഠന-സംരക്ഷണ നടപടികൾ സ്വീകരിക്കുന്നതിനുമായി നിരവധി തുടർപ്രവർത്തനങ്ങൾ നടക്കുകയുണ്ടായി.എന്നാൽ പ്രകൃതിസംരക്ഷണപ്രവർത്തനങ്ങളെ പിന്തിരിപ്പൻ പരിപാടിയായിക്കണ്ടിരുന്ന സ്റ്റാലിൻ അധികാരത്തിലെത്തിയതോടെ ഇത്തരം പ്രവർത്തനങ്ങൾക്ക് വിലക്കുകൾ ഏർപ്പെടുത്തി.വാവിലോവ് ഉൾപ്പെടെയുള്ള പതിനഞ്ചു ലക്ഷത്തോളം ശാസ്ത്രജ്ഞന്മാരുംഎഴുത്തുകാരും വിപ്ലവകാരികളും ബുദ്ധിജീവികളും കൊല്ലപ്പെടുകയും ചെയ്തു.

സ്റ്റാലിനു ശേഷം അധികാരത്തിലെത്തിയ ക്രൂഷ്ചേവ്,ബ്രഷ്നേവ് എന്നിവർക്കും ലെനിൻ തുടങ്ങിവെച്ച പരിരക്ഷണത്തിൽ അധിഷ്ഠിതമായ വികസനകാഴ്ചപ്പാടിലൂടെ മുന്നേറാൻ കഴിഞ്ഞിരുന്നില്ല. മുതലാളിത്ത വികസനപാതയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സമ്പദ് വ്യവസ്ഥ മുന്നോട്ടുവെക്കാൻ പ്രാപ്തിയുള്ളൊരു നേതൃനിരയോ പ്രത്യയശാസ്ത്രവിദഗ്ദ്ധരോ ഉപദേശകരോ അക്കാലത്ത് ഇല്ലാത്തതിന്റെ കുറവാണ് പിൽക്കാലത്ത് കടുത്ത സാമ്പത്തികതകർച്ചയിലേക്ക് സോവിയറ്റ് യൂനിയനെ എത്തിച്ചത്. ഗ്ലാസ്നോസ്റ്റ്, പെരിസ്റ്റ്രോയ്ക്ക തുടങ്ങിയ സമീപനങ്ങൾ ഈ രാജ്യത്തെ കൂടുതൽ കൂടുതൽ വിനാശത്തിലേക്ക് നയിക്കുകയും യു. എസ്. എസ്. ആർ എന്ന രാജ്യം തന്നെ ഛിന്നഭിന്നമാകുന്നതിലേക്ക് നയിക്കുകയും ചെയ്തത് നാം കണ്ടതാണല്ലോ.അതിന് ഗോർബച്ചേവ് എന്ന ഭരണാധികാരി ഒരു കാരണക്കാരനായി എന്ന് മാത്രം.
പരിരക്ഷണത്തിലൂന്നിയ പുതിയൊരു സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ കെട്ടിപ്പടുത്തുകൊണ്ടു മാത്രമെ ഈ നൂറ്റാണ്ടിലെ മനുഷ്യസമൂഹം നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നമുക്ക് മുന്നേറാനാവൂ. അതിലേക്കുള്ള ചെറുചുവടുവെപ്പുകളാണ് ജെ. ബി. ഫോസ്റ്ററെപ്പോലുള്ള പാരിസ്ഥിതി മാർക്സിസ്റ്റുകൾ മുന്നോട്ട് വെക്കുന്നത്.

 

“ പരിസ്ഥിതി സംരക്ഷിക്കുവാനുള്ള സമഗ്രമായ നടപടികൾ കൈക്കൊള്ളും.പരിസ്ഥിതിസന്തുലനം നിലനിർത്തേണ്ടതിന്റെ ആവശ്യം മനസിൽ വെച്ചുകൊണ്ടുള്ള വികസനപരിപാടികൾ ആസൂത്രണം ചെയ്യും.രാജ്യത്തിന്റെ ജൈവവൈവിദ്ധ്യവും വൈവവിഭവങ്ങളും സാമ്രാജ്യത്വചൂഷണത്തിൽ നിന്ന് സംരക്ഷിക്കും”.

സി.പി.എംപാർട്ടി പരിപാടി,പേജ് നമ്പർ-41

Add a Comment

Your email address will not be published. Required fields are marked *