ബറാത്തിന്റെ ഗോതമ്പു പായസം, മണ്ട, ഐസ, തുടങ്ങി മറ്റെവിടെയും ലഭിക്കാത്തവ മുതൽ എല്ലാവരും സ്വന്തമാക്കിയ ബിരിയാണിവരെയുള്ള കൊതികൾ നോമ്പ് കാലത്തെ കാത്തിരിക്കുന്നവരാക്കി മാറ്റിയിരുന്നു എന്നെ മാത്രമല്ല വീട്ടിൽ എല്ലാവരെയും. മുസ്ലിം രുചികളോടുള്ള ഈ അടുപ്പം മുസ്ലിം മതവുമായി ഇല്ലായിരുന്നു. മതം എല്ലായ്പ്പോഴും ഒരു അപരിചിത റിപ്പബ്ലിക് ആയി തുടർന്നു.
ബാങ്ക് വിളി
മാപ്പിളയുടെ
കൂവൽ അല്ല
ഡോ. പ്രിയ വർഗീസ്
ദിവസവും അഞ്ചു നേരവും നാം കേൾക്കുന്നതാണ് ബാങ്കുവിളി. അത്രമേൽ പരിചിതമായ ആ ശബ്ദത്തിലെ സംഗീതത്തെ ശ്രദ്ധിച്ചത് അടുത്തകാലത്തെ ചില സിനിമകളിൽ അത് കേട്ടപ്പോൾ മാത്രമാണ്.
ജീവിത സമാനമോ ജീവിതത്തെക്കാൾ വലുതോ ആയ ബിഗ് സ്ക്രീനിൽ ഒരുപാട് വന്നത് കൊണ്ടായിരിക്കും വെങ്കിടേശ്വര സുപ്രഭാതത്തിന്റെയും ഒപ്പനപ്പാട്ടിന്റെയും ഒക്കെ സംഗീതത്തെ അതിലെ മതത്തെ മറന്നു കൊണ്ടു തന്നെ സ്വന്തമായി കരുതാൻ സാധിച്ചിരുന്നു.’സ്മാരക ശില ‘കളിലെ എറമുള്ളാന്റെ ബാങ്കും ‘ഖസാക്കി’ലെ അള്ളാപ്പിച്ച മൊല്ലാക്കയുടെ ബാങ്കും എല്ലാം അക്ഷരങ്ങളിൽ തീർത്തവയായിരുന്നു. അവക്കൊന്നും സംഗീതമുണ്ടായിരുന്നില്ല.
അക്ഷരങ്ങളിലെ ബാങ്കിന്റെ സംഗീതം ആസ്വദിക്കാൻ മാത്രം അടുപ്പവും ബാങ്കുമായി ഉണ്ടായിരുന്നില്ല.മലബാർ മുസ്ലിം പാചകത്തിന്റെ രുചിക്കൂട്ടുകൾ വളരെ പരിചിതമായിരുന്നു. ബറാത്തിന്റെ ഗോതമ്പു പായസം, മണ്ട, ഐസ, തുടങ്ങി മറ്റെവിടെയും ലഭിക്കാത്തവ മുതൽ എല്ലാവരും സ്വന്തമാക്കിയ ബിരിയാണിവരെയുള്ള കൊതികൾ നോമ്പ് കാലത്തെ കാത്തിരിക്കുന്നവരാക്കി മാറ്റിയിരുന്നു എന്നെ മാത്രമല്ല വീട്ടിൽ എല്ലാവരെയും. മുസ്ലിം രുചികളോടുള്ള ഈ അടുപ്പം മുസ്ലിം മതവുമായി ഇല്ലായിരുന്നു. മതം എല്ലായ്പ്പോഴും ഒരു അപരിചിത റിപ്പബ്ലിക് ആയി തുടർന്നു. അതുകൊണ്ട് പൊതു പരിപാടികൾ ഇടക്ക് വെച്ച് നിർത്തി ആദരിച്ചിരുന്ന ബാങ്കിനെ സ്വകാര്യ സദസ്സുകളിൽ ‘മാപ്പിള കൂക്കുന്നാ ‘എന്ന് കളിയാക്കാനും മടിയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ അത് പുതുകാലത്തിലെ കെട്ടിയിറക്കിയ ഇസ്ലാമോഫോബിയ കാരണമായിരുന്നില്ല. രാത്രി ‘വയള് ‘എന്ന് വിളിച്ചിരുന്ന ഇസ്ലാം മതപ്രസംഗം കേൾക്കാൻ പള്ളിമുറ്റത്തു മതഭേദമെന്യേ ചെന്നിരുന്നിരുന്ന അനുഭവങ്ങൾ മുപ്പത്തഞ്ച് വർഷം മുൻപുള്ള ഗ്രാമജീവിതങ്ങൾക്ക് പോലും പറയാനുണ്ട്. പക്ഷേ അന്ന് ആ പള്ളി മുറ്റങ്ങൾക്ക് വലിയ മതിൽക്കെട്ടുകൾ ഉണ്ടായിരുന്നില്ല. എല്ലാ മതക്കാർക്കും താല്പര്യം തോന്നുന്ന ചില കാര്യങ്ങൾ പറയുന്ന മുല്ലാക്കമാരും അന്നുണ്ടായിരുന്നു.
അച്ഛനമ്മമാരുടെ സ്ഥലംമാറ്റം കാരണം ശ്രീകണ്ഠപുരത്തു വാടകവീട്ടിൽ താമസിക്കേണ്ടി വന്നപ്പോൾ വീട്ടുടമ ആയിരുന്ന അസ്മതാത്ത നിസ്കരിക്കുന്നത് നോക്കി നിൽക്കാൻ വലിയ ഇഷ്ടമായിരുന്നു. ആ വെളുത്ത കുപ്പായത്തിനുള്ളിൽ തെളിയുന്ന ചുവന്നു തുടുത്ത അസ്മതാത്തയുടെ മുഖം അവരെ ആ നേരങ്ങളിലെല്ലാം ഒരു ഹൂറി ആക്കി. പക്ഷേ അങ്ങിനെ നോക്കി നിൽക്കുന്നത് എല്ലായിപ്പോഴും അവർ അനുവദിച്ചു തന്നിരുന്നില്ല. എന്നെയും മകൾ അസ്മാബിയേയും കൂടി പുറത്തു പോയി കളിച്ചോളൂ എന്ന് പറഞ്ഞവർ പുറത്താക്കുമായിരുന്നു. അപ്പോൾ അസ്മാബിയാണ് ‘നിസ്കരിക്കുന്നത് കാഫിറുകൾ കണ്ടാൽ പടച്ചോന് പിടിക്കില്ല’ എന്ന വിവരം എന്നോട് സ്വകാര്യമായി പറഞ്ഞത്. അവൾ സ്വകാര്യ വിജ്ഞാനങ്ങളുടെ ഒരു ഖനി തന്നെയായിരുന്നു.
വിവാഹമുൾപ്പടെയുള്ള വലിയവരുടെ കാര്യങ്ങളെക്കുറിച്ച് അവളാണ് ആദ്യമായി എനിക്ക് പറഞ്ഞു തന്നത്. ആ അറിവൊക്കെ അവൾ ആർജിക്കുന്ന അവളുടെ ദറസ്സിൽ പോകാനും എനിക്ക് മോഹമുണ്ടായിരുന്നു. അതൊന്നും കുട്ടികൾ കേൾക്കാൻ പാടില്ല എന്ന വിലക്കൊന്നും ഇല്ലാത്ത ദറസിനെ എന്റെ വീടിനെക്കാളും സ്കൂളിനെക്കാളും സമഭാവന ഉള്ള ഇടമായി ഞാൻ കരുതി. തട്ടം ഇട്ടാൽ എന്നേം ദറസ്സിൽ പോകാൻ അനുവദിക്കും എന്ന എന്റെ മോഹത്തെ മുളയിലേ നുള്ളിക്കളഞ്ഞത് അമ്മയാണ്. ദറസിൽ പോയാൽ പത്തു കെട്ടിയ ഏതെങ്കിലും മാപ്പിളയെ കേട്ടേണ്ടിയും വരും എന്നായിരുന്നു അമ്മയുടെ ഭീഷണി. അതിന്റെ അവതരണത്തിലെ ഭയാനക ബീഭത്സ രസങ്ങൾ ആ കെട്ടൽ കുടകിൽ നിന്ന് അതുവഴി കടന്നു പോകാറുണ്ടായിരുന്ന കാലിക്കച്ചവടക്കാരെയാണ് ഓർമ്മിപ്പിച്ചത്. അതുപോലെ കഴുത്തിൽ കയറിട്ടു ഒരുപാട് കാലികളെ ഒന്നിച്ചു വലിച്ചുകൊണ്ടുപോകുന്നതിൽ ഒരു കാലിയാവുന്നത് പേടിച്ചാണ് അസ്മാബിയോടൊപ്പം ദറസ്സിൽ പോകാനുള്ള എന്റെ ഗൂഡ പദ്ധതികൾ ഞാൻ ഉപേക്ഷിച്ചത്. പിന്നീട് വളരെ മുതിർന്നതിന് ശേഷം ഗവേഷണ പഠന കാലത്തെ സഹപാഠിയും സുഹൃത്തുമായിരുന്ന,ഫാബിയുടെ ഉമ്മമാരുടെ സൗഹൃദം കണ്ടപ്പോൾ ആണ് ആ പേടിയിൽ നിന്ന് ഞാൻ വിമോചിതയായത്. ആ രണ്ടുമ്മമാരിൽ ഒരാൾ മാത്രമായിരുന്നു ഫാബിയുടെ പെറ്റുമ്മ. മറ്റേത് ഉപ്പയുടെ ഭാര്യ ആയിരുന്നു. പക്ഷേ ഫാബിക്ക് അവർ ഉമ്മ തന്നെ. ഫാബിയുടെ ഉമ്മാക്ക് അടുത്ത കൂട്ടുകാരിയും. ഞങ്ങൾ ഫാബിയെ കളിയാക്കുമായിരുന്നു “റഷീദ്നോടും അങ്ങിനെ ഒന്ന് നോക്കാൻ പറയൂ, നിനക്കും വയസ്സുകാലത്ത് മുറുക്കി ചുവപ്പിച്ചു വെടി പറയാൻ ഒരു കൂട്ടാകുമല്ലോ “എന്ന്. പക്ഷെ ഉമ്മമാരെ പങ്ക് വെക്കുന്ന സൗമനസ്യമൊന്നും ഫാബിക്ക് ആ പ്രസ്താനയോടുണ്ടായിരുന്നില്ല.. റഷീദ് അത് ആലോചിച്ചു തീരും മുൻപ് അവന്റെ തല ഞാൻ അറുത്തിരിക്കും എന്ന് ഫാബി തീവ്രവാദിയാകും. സഫാരി സ്യൂട്ട് ഇടുമ്പോൾ പലർക്കും ഉണ്ടാവുന്നത് പോലെ ഞാൻ ഒരു വിശ്വപൗരി ആയി എന്നൊരു തോന്നൽ ഉളവാകുന്നുണ്ട് എന്ന കുറിക്ക് കൊള്ളുന്ന ന്യായം പറഞ്ഞു പർദ്ദ ഇടുന്നവൾ അക്കാര്യത്തിൽ തനി മതേതരവാദിയായിരുന്നു.
മനസ്സിൽ തട്ടിയ ഒരു ബാങ്ക് വിളി സിനിമയിൽ അല്ലാതെ ജീവിതത്തിൽ അനുഭവിച്ചത് സിയാദിന്റെ ഉമ്മ മരിച്ച ദിവസമായിരുന്നു. ഓഫീസിൽ നിന്ന് അല്പം വൈകി എത്തിയ ഒരു ദിവസമായിരുന്നു അത്.അപ്പോഴാണ് വിവരം അറിഞ്ഞത്. വിദ്യാർത്ഥി സംഘടനയിലുള്ള കാലം മുതൽ ഒരു അനുജനെപ്പോലെ കരുതുന്നവനാണ് സിയാദ് . എന്റെ മാത്രമല്ല എന്റെ ജീവിതപങ്കാളിയുടെയും സുഹൃത്ത്. ഞാൻ വേഗം പോയി വരാം എന്ന് പറഞ് അവൻ ഇറങ്ങിയപ്പോൾ ഞാനും വരും എന്ന് വാശി പിടിച്ചു കൂടെ ഇറങ്ങി. കൊറോണക്കാലം തുടങ്ങും മുൻപായതുകൊണ്ട് ഞങ്ങൾ ചെല്ലുമ്പോൾ തന്നെ വീടും പരിസരവും നിറഞ്ഞു കവിഞ്ഞ് ആളുകൾ ഉണ്ട്. സ്വാഭാവികമായും ഞാൻ അകത്തളങ്ങളിലെ പെൺലോകത്തേക്ക് ആനയിക്കപ്പെട്ടു. അവിടെ എന്റെ അയൽക്കാരിയും സിയാദിന്റെ ബന്ധക്കാരിയുമായ സമീറ മാത്രമേ പരിചിത മുഖമായി ഉണ്ടായിരുന്നുള്ളൂ. “കുളിപ്പിക്കാൻ എടുത്തു പ്രിയേച്ചി, ഞാനും കണ്ടിട്ടില്ല ഇവിടെ നിന്നോളൂ എന്ന് അവൾ തിരക്കിനിടയിൽ എനിക്കും സ്ഥലം കണ്ടെത്തി തന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ പുറത്തു നിന്ന്, കൂടെ വന്ന ആൺപിറന്നവന്റെ ഫോൺ വന്നു ഇറങ്ങിയാലോ എന്ന് ചോദിച്ച്. ഇപ്പൊ കുളിപ്പിച്ച് കഴിയും ഏതായാലും കണ്ടിട്ട് വരാം എന്ന് ഞാൻ. അങ്ങിനെ കുളിപ്പിച്ചു കഴിഞ്ഞ പരേതയെ അന്ത്യ ദർശനം നടത്തുന്നതിനായി അധികം വൈകാതെ അവിടെ ഒരു ക്യു രൂപപെട്ടു. ഞാൻ മുന്നിലും സമീറ എന്റെ തൊട്ടു പിന്നിലും. വരി അല്പം മുന്നോട്ടു നീങ്ങിയപ്പോൾ മൃതദേഹം കിടക്കുന്ന മുറിയുടെ വാതിൽക്കൽ നിന്ന് ഒരു അറിയിപ്പുണ്ടായി കുളിപ്പിച്ച് കഴിഞ്ഞ മയ്യത്ത് പുറത്തുള്ള ആളുകളെ കാണിക്കില്ല എന്ന്. സമീറ തിക്കിതിരക്കി ചെന്ന് അത് പറഞ്ഞ സ്ത്രീയുടെ കാതിൽ എന്തോ മന്ത്രിച്ചെങ്കിലും ആ സ്ത്രീ വിട്ടു തരുന്ന ഭാവമില്ല.
സന്ദർഭോജിതമായ ഔചിത്യത്തോടെ ഞാൻ പുറത്തു കടന്നു. സമീറ പിന്നാലെ വന്നു ക്ഷമാപണം നടത്തി. ഇതിലും വലിയ നാടകങ്ങൾ കൃസ്ത്യൻ അന്ത്യോപചാര ചടങ്ങുകളിൽ കണ്ടു പരിചയമുള്ളത് കൊണ്ടാവും എനിക്ക് യാതൊരു പരിഭവവും തോന്നിയില്ല. അവിടെ മരിച്ചുപോയ ആളോടൊപ്പം അല്പസമയം ചിലവഴിക്കാൻ സാവകാശമോ സൗമനസ്യമോ സമാന ഹൃദയത്വമോ ഒന്നും ഇല്ലെങ്കിലും ശവസംസ്കാര വീഡിയോ ഒരു ഗംഭീര കലാ സൃഷ്ടിയായി പുറത്തു വരും. ആ നിലക്കു മൈലാഞ്ചി ഇലകളും വെള്ളത്തുണിയുമായി എത്രയും വേഗം മയ്യത്ത് എടുക്കാൻ പണ്ടേ വ്യവസ്ഥ ചെയ്ത പൂർവ്വ പിതാക്കന്മാരെ മനസാ വണങ്ങി, അന്ധവിശ്വാസ ജടിലമായ വാശികളെ കണ്ടില്ലെന്നു നടിച്ചു ഞാൻ ഇറങ്ങി. അപ്പോൾ കേട്ട ബാങ്ക് എന്തുകൊണ്ടോ ഞാൻ സിനിമയിൽ അല്ലാതെ തന്നെ ശ്രദ്ധിച്ചു കേട്ട ഒരു ബാങ്ക് വിളി ആയിരുന്നു. എന്തൊക്കെയോ ഭാവങ്ങളെ ഉള്ളിൽ ഉണർത്താൻ പാകത്തിൽ എന്നെ സ്പർശിച്ച ഒന്നായിരുന്നു അത്.
മതവാദികൾ സമ്മതിച്ചില്ലെങ്കിലും മതത്തിൽ മതേതരമായ നിരവധി ചേരുവകൾ ഉണ്ട്. മതേതര വ്യവഹാരങ്ങളിൽ മതാത്മകമായ ഒട്ടേറെ പ്രവണതകൾ ഉള്ളതുപോലെ തന്നെ. ആരാധനാലയങ്ങളോ മത ഗ്രന്ഥങ്ങളോ മാത്രം മതിയാവില്ല ഒരു മതത്തെ മനസ്സിലാക്കാൻ. മതത്തെ ലഹരി തരുന്ന കറുപ്പായി അനുഭവിക്കാം. എന്നാൽ മതം വേദനസംഹാരിയായത് എങ്ങിനെയായിരുന്നു എന്ന് അറിയാൻ അതിനെ ചരിത്രവൽക്കരിക്കുക തന്നെ വേണം. ലോകത്തിലെ ആദ്യകാല മാർക്സിസ്റ്റ് പ്രവർത്തകൻ കൂടിയായ എം. എൻ. റോയ് (റോയ് മാർക്സിസ്റ്റ് അല്ലെന്ന് തിരുത്താൻ വരുന്ന വല്ല മതേതര മതവാദികളും ഉണ്ടെങ്കിൽ ക്ഷമിക്കണം. റോയിസ്റ്റ് ആകും മുൻപ് മാർക്സിസ്റ്റ് ആയിരുന്നു എന്നേ വിവക്ഷയുള്ളൂ )രചിച്ച ‘ഇസ്ലാമിന്റെ ചരിത്രപരമായ പങ്ക്’ എന്ന പുസ്തകം വായിച്ചിരുന്നത്കൊണ്ട് കൂടിയാണെന്ന് തോന്നുന്നു സിയാദിന്റെ വീട്ടിൽ വച്ചുണ്ടായ അനുഭവത്തിൽ എനിക്ക് വ്യക്തി വാദപരമോ സ്വത്വവാദപരമോ ആയ യാതൊരു പരിഭവവും തോന്നാതിരുന്നത്.ഇസ്ലാമിന്റെ ആദ്യകാല ഖലീഫമാരെക്കുറിച്ച് “അവരുടെ മോഹങ്ങളിൽ ഒരിക്കലും സ്വാർത്ഥതയുടെ കറ പുരണ്ടിരുന്നില്ല അവരുടെ ദൈവികത ഒരിക്കലും അഹങ്കാരത്തിന്റെ മൂടുപടമായിരുന്നില്ല” എന്ന് ഞാൻ വായിച്ചിരുന്നു.
ഹാഗിയ സോഫിയ മോസ്ക് ആയി പരിണമിച്ചത് പോലെയേ ആയിരുന്നില്ല ക്രിസ്തു വർഷം 8മുതൽ 11വരെയുള്ള നൂറ്റാണ്ടുകളിൽ മധ്യ പൂർവേഷ്യൻ രാജ്യങ്ങളിലെ റോമൻ കത്തോലിക്കേതര ക്രിസ്തു മത വിഭാഗങ്ങൾ ഇസ്ലാമിലേക്ക് പരിവർത്തിതരായത്. കത്തോലിക്കാ സഭ മറ്റു മതവിഭാഗങ്ങളോട് പുലർത്തിയിരുന്ന അസഹിഷ്ണുത നിമിത്തം അവിടങ്ങളിലെ ഭൂരിപക്ഷം വരുന്ന മത വിഭാഗങ്ങൾ ശ്വാസം മുട്ടി കഴിയുകയായിരുന്നു എന്നതാണ് യഥാർത്ഥ്യം. 700ദീർഘ വർഷങ്ങൾകൊണ്ട് റോമാ സാമ്രാജ്യം നേടിയ വളർച്ചയും വ്യാപ്തിയും കേവലം 100വർഷങ്ങൾ കൊണ്ട് അറേബ്യൻ സാമ്രാജ്യം നേടിയതിന് പിന്നിൽ ഇസ്ലാമിക ആശയങ്ങളും ഉണ്ടായിരുന്നു. “ഇസ്ലാമിന്റെ വിജയം എന്ന ഈ അത്ഭുതപ്രതിഭാസം പ്രാഥമികമായും അതിലന്തർഭവിച്ചിരിക്കുന്ന വിപ്ലവ സ്വഭാവം കൊണ്ടും ഗ്രീസ്, റോം, പേർഷ്യ, തുടങ്ങിയ പുരാതന സംസ്കൃതികളുടെ മാത്രമല്ല ഇന്ത്യ, ചൈന തുടങ്ങിയ സംസ്കാരങ്ങളുടെ ജീർണതകൊണ്ടും സംഭവിച്ചതാണെന്നു കാണാം “എന്ന് റോയ് തന്റെ പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്. എല്ലാ മതങ്ങളുടെയും പൊതു ഉല്പത്തി എന്ന വിപ്ലവകരമായ ആശയം ആദ്യമായി മുന്നോട്ടു വെച്ചതും അറബ് ചിന്തകരായിരുന്നു. അൽകിന്തി, അൽഫറാബി, അവിസെന്ന (ഇബ്നു സീന )തുടങ്ങി എത്ര ദാർശനികർക്കാണ് ആ അറബ് ലോകം ജന്മം നൽകിയത്!എല്ലാ കാലത്തേയും മൗലിക ശാസ്ത്ര പ്രതിഭകളിൽ ഒരാളായിരുന്നു അൽഹസ്സൻ.ഗ്രീക്കുകാരിൽ നിന്ന് താൻ പഠിച്ച കാഴ്ച ശേഷിയെക്കുറിച്ചുള്ള പാഠങ്ങളെ അവർ പോയതിനൊക്കെ അപ്പുറത്തേക്ക് കൊണ്ടുപോകാൻ അൽഹസ്സന് കഴിഞ്ഞു. അവരുടെ പല തെറ്റുകളെയും തിരുത്തി. പ്രകാശ രശ്മികൾ പുറപ്പെടുന്നത് കണ്ണിൽ നിന്നായിരുന്നു എന്നാണ് ഗ്രീക്കുകാർ കരുതിയത്. ശരീരശാസ്ത്രപരമായും ക്ഷേത്രഗണിത നിയമപ്രകാരവും പ്രകാശ രശ്മികൾ നമ്മുടെ കാഴ്ചക്കു വിധേയമാകുന്ന പദാർത്ഥത്തിൽ നിന്നു പുറപ്പെട്ടു നമ്മുടെ റെറ്റിനയിൽ പതിക്കുമ്പോഴാണ് കാഴ്ച എന്ന പ്രതിഭാസം സംഭവിക്കുന്നതെന്ന് സിദ്ധാന്തിച്ചത് അൽഹസ്സൻ ആയിരുന്നു. ഇസ്ലാമിന്റെ ഉത്ഭവകാലത്തെ അതിന്റെ യഥാർത്ഥമായ യഥാസ്ഥിതികതാ വിമുഖതയും മതരഹിതമായ പഠിപ്പിക്കലും കൊണ്ട് അതിനെ സമ്പന്നമാക്കിയ ആദ്യകാല അറബ് ദർശനികർ ആണ് ഇസ്ലാമിന് ചരിത്രത്തിൽ സ്ഥാനം നേടി കൊടുത്തത് അല്ലാതെ പിൽക്കാലത്ത് ഇസ്ലാമിൽ പ്രബലമായിത്തീർന്ന പ്രതിലോമകാരികളായ പൗരോഹിത്യമല്ല എന്ന് തന്നെയാണ് പറഞ്ഞു വന്നത്.
പക്ഷേ, ഇസ്ലാമിന്റെ ചരിത്രപരമായ പങ്കുകളെ മനസ്സിലാക്കാൻ സിനിമയിലേയോ സാഹിത്യത്തിലെയോ കെട്ടുകഥകൾ മാത്രം മതിയാവില്ല. അരുന്ധതി റോയിയുടെ ‘മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ്ലെ ‘ വിരിയും മുൻപ് കൊഴിഞ്ഞു പോയ കാശ്മീരി ബാലിക മിസ് ജബീൻ എനിക്ക് ജിന്നുകൾ ഇല്ലാത്ത യഥാതഥമായ കഥകൾ കേൾക്കണം എന്ന് വാശി പിടിക്കുന്നതിന്റെ കാരണം അത് തന്നെയാവും. ഇസ്ലാമിന്റെ ചരിത്രപരമായ പങ്ക് മനസ്സിലാക്കുന്ന ഒരാൾക്ക് മാത്രമേ ബാങ്ക്ന്റെ സംഗീതം മാത്രമല്ല പ്രസക്തിയും മനസ്സിലാക്കാനാവൂ.
Add a Comment