kadal_cafe

കടൽകഫെ (നോവൽ)

അന്നെനിക്ക് തോന്നിയതാണ് പക്ഷികൾ കടലിൽ നിന്നും മീനുകൾ ആകാശത്തിൽ നിന്നുമാണ് വരുന്നതെന്ന് …ചുമ്മാ, തമാശയാണ് കേട്ടോ ചെറുപ്പത്തിൽ എം മുകുന്ദന്റെയും പുനത്തിലിന്റെയും ഒക്കെ നോവലുകൾ വായിച്ചതിന്റെ ഒരു തകരാർ ആണ് ഇതൊക്കെ ..

നോവൽ
കടൽകഫെ -2

കടൽ പക്ഷികളും ആകാശ മത്സ്യങ്ങളും

വി.സുരേഷ് കുമാർ

അന്നത്തെ രാത്രിക്കു ശേഷം ഗ്രെസൺ ഡാനിയെ പിന്നെ എവിടെയും കണ്ടില്ല .

തണുത്തു മരവിച്ച ഇരുട്ട് ഗുഹയിൽ നിന്നും എങ്ങനെയൊക്കെയോ കര കയറിയ ആശ്വാസമായിരിന്നു എനിക്ക് .

രാത്രിയിൽ വന്നു കയറിയതിൽ പിന്നെ രണ്ടു മൂന്നു ദിവസം ഈ കെട്ടിടം വിട്ടു പുറത്തിറങ്ങിയില്ല എന്നതാണ് സത്യം .

കാരണങ്ങൾ രണ്ടായിരുന്നു :

ഒന്ന്, ഗ്രേസൺ ഡാനി എന്ന ഭീകരനോടുള്ള ഭയം .

രണ്ടാമത്തേത് ,കെട്ടിടത്തിന്റെ ഉത്ഘാടനം വളരെ പെട്ടെന്നുള്ള ഒരു തീയതിയിലേക്ക് തീരുമാനിച്ചതിനാൽ ജോലികൾ മുഴുവൻ തീർത്തു കൊടുക്കാനുള്ള ബദ്ധപ്പാട് ..

കരാർ എടുത്ത ബ്ലൂ സീ കമ്പനിയുടെ പ്രതിനിധികൾ പറഞ്ഞത് പോലെ എല്ലാം വരച്ചു കൊടുത്തതിനു ശേഷം പിന്നീട് കുറച്ചു ദിവസങ്ങൾ കെട്ടിടത്തിലെ പെയിന്റിംഗ് പണിക്കാരോടൊപ്പം കൂടി .മറ്റേതൊരു പണിയെക്കാളും അധികം ക്ഷമയും അധ്വാനവും വേണ്ടുന്ന ഒന്നാണ് കെട്ടിടങ്ങളുടെ പെയിന്റിംഗ് പണി .

പെയിന്റിംഗ് പണിയുടെ മേസ്ത്രി മൈക്കിൾ ഏട്ടൻ ഇടയ്ക്കിടെ പറയും -വലിയ വലിയ കെട്ടിടങ്ങളുടെ പണി ചെയ്യുമ്പോൾ നമ്മുടെ ജീവന്റെ കാര്യം മാത്രം ആണ് നോക്കേണ്ടത്, അപമാനം സഹിക്കേണ്ട ..

ഈ വീടുകളുടെ പണി ഏറ്റെടുത്താൽ അപമാനം ആണ് കൂടുതൽ . വീട്ടുകാർ ഇടയ്ക്കിടെ വന്നു നോക്കും .അവർ വലിയ ഉദ്യോഗക്കാരോ ഉയർന്ന കമ്പനികളിൽ ജോലി ഉള്ളവരോ ആണെങ്കിൽ പിന്നെ തീരെ നോക്കേണ്ട, നമ്മൾ ഒരു ജോലിയും ചെയ്യുന്നില്ല എന്നതാണ് അവരുടെ എപ്പോഴും ഉള്ള മുഖഭാവം .. നമ്മളെയൊക്കെയും ഒരു അടിമ വ്യാപാരത്തിലൂടെ വില കൊടുത്തു മേടിച്ചതാണ് എന്നതാണ് അവരുടെ ധാരണ
കുറെ ദിവസം ആയല്ലോ ഈ തേപ്പ് തുടങ്ങിയിട്ട് ഇനിയും തീരാൻ ആയില്ലേ ,നിങ്ങൾ ഒന്ന് ഒഴിഞ്ഞാൽ ഞങ്ങൾക്ക് അങ്ങ് കയറി നിൽക്കാം..ഇതാണ് ഭാവം .

ഇതങ് നേരെ ചുമരിലേക്ക് കലക്കി ഒഴിക്കേണ്ടുന്ന ഒന്നല്ല എന്ന് നമുക്ക് അവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ലല്ലോ ..അതുകൊണ്ട് ഞാൻ പരമാവധി വീട് പെയിന്റിംഗ് ചെയ്യാറില്ല. വീണു മരിച്ചാൽ അന്തസ്സായി ജോലി ചെയ്തു മരിച്ചു എന്നെങ്കിലും ആശ്വസിക്കാല്ലോ.

മൈക്കിൾ ഏട്ടൻ ആളൊരു രസികൻ ആയിരിന്നു വീട് എറണാകുളം മാരപ്പിള്ളി എന്നോ മറ്റോ പേരുള്ള സ്ഥലത്തായിരുന്നു .

വർഷങ്ങൾക്ക് മുന്നേ കണ്ണൂരിൽ ഒരു ക്വട്ടേഷൻ ഏറ്റെടുത്തു വന്നതായിരുന്നു

ഒരു ചെറുപ്പക്കാരനെ കൊല്ലാനുള്ള ക്വട്ടെഷൻ .

എല്ലാ ആഴ്ച അവസാനവും അവൻ കണ്ണൂരിലെ ജോലി കഴിഞ്ഞു നാടായ തൃശ്ശൂരിലേക്ക് ട്രെയിൻ കയറി പോകും.

ശനിയാഴ്ച രാത്രി മാവേലിയിൽ ആണ് യാത്ര .

അന്ന് 8 .10 നാണു മാവേലി കണ്ണൂരിൽ നിന്നും പുറപ്പെടുക .റയിൽവേ സ്റ്റേഷനിലെ ബൈക് പാർക്ക് ചെയ്യുന്ന ഭാഗം കാട് കയറിയതും പലതരം അലമ്പ് പരിപാടികൾ നടക്കുന്ന ഒരു സ്ഥലവും ആണ് .

വണ്ടി വെച്ച്തിരിച്ചു വരുന്ന നേരം അവനെ തീർക്കാൻ ഞാൻ തീരുമാനിച്ചു .കൂടെ കൈ സഹായത്തിനു ഒരുത്തനെ കൂട്ടിയിരുന്നു .
പരിപാടി പ്ലാൻ ചെയ്തതുപോലെ തുടങ്ങി .ഇതിനിടയിൽ പിടിവലിയിൽ അവന്റെ ബാഗിൽ നിന്നും കുറെ മിട്ടായികളും അത്രയൊന്നും വില ഇല്ലാത്ത ഒരു പ്ലാസ്റ്റിക്ക് പാവയും നിലത്തേക്ക് മറിഞ്ഞുകെട്ടി വീണു ..

തീരെ ചെറിയ കുഞ്ഞിനെ പോലെ തോന്നിച്ച ആ പാവ അയ്യോ എന്റെ അച്ഛനെ ഒന്നും ചെയ്യല്ലേ എന്ന് കരയുന്നത് പോലെ എനിക്ക് തോന്നി ..

എന്റെ കൈ തണുത്തു മരവിച്ചു

അടുത്ത നിമിഷം മനസ്സും.

ഫ്രീസറിനുള്ളിലെ മഞ്ഞു കട്ടയിൽ കുടുങ്ങിയത് പോലെ കയ്യിലെ കത്തി അനങ്ങാതെയായി .

തീവണ്ടി മെല്ലെ നീങ്ങി തുടങ്ങുമ്പോൾ അവൻ ബേഗും പാവയും മുട്ടായിയും ഒക്കെ വാരിക്കൂട്ടി ഓടുന്നത് ഞാൻ കണ്ടു .

പിന്നീട് ഒരു അഞ്ചു പത്തു വർഷത്തിലേക്ക് ഞാൻ നാട്ടിലേക്ക് പോയില്ല പോയാൽ ഉറപ്പായും അവർ ആ കൊട്ടേഷൻ തന്ന അവന്റെ ഭാര്യയുടെ വീട്ടുകാർ എന്നെ കൊല്ലും .

എനിക്ക് ആണെങ്കിൽ നാട്ടിൽ അങ്ങനെ സ്വന്തക്കാർ എന്നു പറയാനും കാര്യമായി ആരും ഇല്ലതാനും …

ഈ നാട്ടിലിങ്ങനെ പരിച്ചയപെടുന്ന ആളുകളോടൊപ്പം സഹായി ആയി ഓരോ തൊഴിലിലും പോയി ജീവിച്ചു . അങ്ങനെ പരിചയപ്പെട്ട പലരും എന്നെ ഇന്ന് കാണുന്ന മനുഷ്യ കോലമാക്കി മാറ്റി പണിതു .

ഇപ്പോൾ കല്യാണം കഴിച്ചു രണ്ടു കുട്ടികൾ . ടൗണിന്നു വിട്ടു കുറച്ചങ്ങോട്ട് ഒരു ചെറിയ വീട് എടുത്തു.

ഞാൻ കണ്ടെടുത്തോളം ഈ നാട്ടിൽ ചതിയന്മാരും പിശാചുക്കളും വളരെ വളരെ കുറവാണ്.

ഇനി അഥവാ ഇവിടെ ഒരുത്തൻ പിശാച് ആണെങ്കിൽ അവൻ പിശാചിന്റെയും പിശാച് ആയിരിക്കുകയും ചെയ്യും !
ചില രാത്രികളിൽ ഞങ്ങൾ ഓരോ ചെറുത് ഇട്ടു കടലിലേക്ക് നോക്കി ഇരിക്കും .

മൈക്കിൾ ഏട്ടൻ ഒരു ഒന്ന് ഒന്നൊര കഴിച്ചു ഒമ്പത്പത്തു മണിയോടെ തന്റെ ആക്റ്റീവായും എടുത്തു വീട്ടിലേക്ക് പോകും .

മൈക്കിൾ ഏട്ടന്റെ രണ്ടു പിള്ളേര് ഓരോന്ന് കൂടി ഇട്ടു പുലർച്ചെ മൂന്നു മണി വരെയും പണി എടുക്കും .

മൈക്കിൾ ഏട്ടനെ പറ്റി എന്തെങ്കിലും ചോദിച്ചാൽ പിള്ളേര് പറയും ‘മൈക്കിൾ ഏട്ടൻ ദൈവം ആണ് !’

ഇരുപത്തി രണ്ടോ മൂന്നോ പ്രായമുള്ള രണ്ടു പിള്ളേരും രണ്ടു രാജ്യങ്ങളിൽ നിന്ന് ഓടി വന്നവരെ പോലെയാണ്

കെട്ടിടത്തിന്റെ മരാമത്തു പണികൾ മുഴുവൻ കഴിഞ്ഞതും കരാർ നിർമാണവും ഇന്റീരിയൽ പണികളും ഏറ്റെടുത്ത ബ്ലൂ സീ കമ്പനിയുടെ പാർട്ടണർമാരിൽ ഒരാളായ ഷിഹാബ് ബാബു എല്ലാം നേരിൽ കാണുവാൻ അതിരാവിലെ എത്തിയിരുന്നു .

ഉള്ളിലെയും പുറത്തെയും പെയിന്റിംഗ് പണികളും ,ചിത്രീകരണം കഴിഞ്ഞ റൂമുകളും ഷുഹൈബ് ബാബു നോക്കി .

സാധാരണ മുതലാളിമാർ പറയാത്ത തരത്തിൽ അദ്ദേഹം എല്ലാ ചിത്രങ്ങളും ആസ്വദിക്കുകയും അഭിനന്ദനങ്ങൾ തുറന്നു അറിയിക്കുകയും ചെയ്തു .

മൈക്കിൾ ഏട്ടൻ ഷിഹാബ് ബാബുവിന്റെ കൂടെ ഉണ്ടായിരിന്നു .

എന്നു മാത്രം അല്ല അവർ തമ്മിൽ നല്ല സൗഹൃദവും ആണെന്ന് അവരുടെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും മനസ്സിൽ ആയി .

ഇതിനിടയിൽ ഷിഹാബ് ബാബു ഫോണിൽ വിളിച്ചു എല്ലാവർക്കും ചായ പറഞ്ഞു .

പത്തു മിനുട് കൊണ്ട് ഒരു ചെറുപ്പക്കാരൻ സ്‌കൂട്ടറിൽ ചായയും ആയി വന്നു

കടലിലേക്ക് തുറന്നു വെച്ച മുറിയുടെ സൗകര്യത്തിൽ ഞങ്ങൾ ഇരുന്നു.

ചായ കഴിച്ചു കൊണ്ടിരിക്കെ ഷിഹാബ് ബാബു സംസാരിക്കുകയും എന്നെ പരിചയപ്പെടുകയും ചെയ്തു

സുധൻ എന്നല്ലേ പേര് …സുധൻറെ വീട് എവിടെയാണ്

എവിടെയാണ് എങ്ങനെയാണു വളർന്നത് ജീവിച്ചത് ഞാനും ആലോചിച്ചു പല സ്ഥലത്തായിട്ടാണ് ഞാൻ കഴിഞ്ഞത് പത്തു വയസ്സ് വരെ ആലക്കോടിന് അപ്പുറം തേർത്തല്ലി ആയിരിന്നു . പിന്നീട് ഞാനും അമ്മയും കാവുമ്പായിലേക്ക് മാറി.. കുറേക്കാലം പിന്നെ മലയോരങ്ങളിൽ റബ്ബർ ടാപ്പിംഗ് പണി ചെയ്തു ജീവിച്ചു .
ആഹാ അപ്പൊ നാട്ടുകാരൻ ആണല്ലോ ?ഞാൻ കരുതിയത് മൈക്കിൾ ഏട്ടനെ പോലെ പരദേശി ആണെന്നാണ്..
മരങ്ങളും മലകളും നിറഞ്ഞ മലയോരത്തു നിന്നും ഈ കടൽക്കരയിൽ എത്തിയപ്പോൾ എന്ത് തോന്നുന്നു…സുധൻ ഇവിടെ നേരെത്തെ വന്നിട്ടുണ്ടോ ..

ഇല്ല ,ഞാൻ ആദ്യമായിട്ടാണ് കണ്ണൂരിൽ തന്നെ ഒന്നോ രണ്ടോ പ്രാവശ്യം വന്ന ഓർമകൾ മാത്രമാണ് എനിക്ക് ഉള്ളത് . ഇങ്ങനെയൊരു സ്ഥലം ഇവിടെ ഉള്ളതൊന്നും എനിക്ക് തീരെ പരിചയം ഇല്ലായിരുന്നു .

ഇതുവരെയും കരുതിയത് ഇവിടെ പട്ടാളക്കാരുടെ മാത്രം സ്ഥലം ആണെന്നാണ് .

ഞങ്ങളുടെ നാടും ഇവിടെയും കാലാവസ്ഥയിൽ പോലും ഒരുപാട് വലിയ മാറ്റം ആണ് .

നാട്ടിൽ എല്ലാം പെട്ടെന്നാണ് മഴപെയ്യുന്നതും ,കാറ്റു വീശുന്നതും.

കുന്നും മലകളും കാടുകളും നിറഞ്ഞതിന്റെ താഴെ ആയിരിന്നു ഞങ്ങളുടെ വീട്

കാട്ടു മൃഗങ്ങൾ നാടിറങ്ങും പോലെ കാറ്റും മഴയും മുന്നറിയിപ്പ് ഇല്ലാതെ വന്നു ഭീതി പരത്തും . കുട്ടിക്കാലങ്ങളിൽ മൃഗങ്ങളെക്കാളും ഭയം ഈ കാറ്റിനെയും മഴയെയും ആയിരിന്നു നട്ടുച്ചയ്ക്കും കടുത്ത ഇരുട്ട് നിറയും .

ഇവിടെ അങ്ങനെയെ അല്ല .കടൽ തുറന്നു തരുന്നൊരു വലിയ തുറസ്സ് അതിന്റെ വെളിച്ചം അതിപ്പോൾ എനിക്ക് വലിയ ആശ്വാസം ആണ്.

സത്യത്തിൽ മഴയെയും കാറ്റിനെയും ഉള്ളു തുറന്നു സ്നേഹിച്ചു തുടങ്ങിയത് ഇവിടെ വന്നത് മുതലാണ്.

ഞാൻ നിങ്ങളെ കാണുവാൻ നിൽക്കുകയാണ് മൈക്കിൾ ഏട്ടൻ പറഞ്ഞിരുന്നോ എന്നറിയില്ല വേറെ ഒന്നും അല്ല ഇതു പോലുള്ള ജോലി ഉണ്ടെങ്കിൽ എന്നെ അറിയിക്കണം.ഇനി അതൊന്നും ഇല്ലെങ്കിലും മൈക്കിൾ ഏട്ടന്റെ കൂടെ പെയിന്റിംഗ് പണി എടുക്കുവാൻ എങ്കിലും കൂടെ കൂട്ടണം

പെട്ടെന്ന് ഈ കടലും നഗരവും വിട്ടുപോകേണ്ടി വന്നാൽ ഞാൻ മരിച്ചുപോകും ..

ഞാൻ ഇത് പറയുമ്പോൾ
മൈക്കിൾ ഏട്ടൻ കടലിലേക്ക് നോക്കി .

ശിഹാബ് ബാബു മറുപടി ഒന്നും പറയാതെ തീർന്നു പോയ ചായ കപ്പിലേക്കും .

കുറച്ചു നേരത്തിനു ശേഷം എല്ലാവരും താഴേക്ക് ഇറങ്ങി

സുധൻ സാധനങ്ങൾ നിറച്ചു വെച്ച ബാഗിനെയും ശിഹാബ് ബാബുവിനെയും ഒരുമിച്ചു നോക്കി .

നിങ്ങൾ ബാഗെടുത്തു കാറിലേക്ക് കയറു നമുക്ക് എന്തെങ്കിലും വഴി നോക്കാം …

ശിഹാബ് ബാബു കാർ സ്റ്റാർട്ട് ചെയ്തു

വണ്ടി നീങ്ങി .

കടൽ പതിവിലും ശാന്തമായിരുന്നു

റോഡിൽ പതിവുപോലെ നടക്കാനിറങ്ങിയവർ ,സൈക്കിൾ യാത്രക്കാർ കടൽ പക്ഷികൾ എല്ലാവരും കാറിനു വഴിമാറി

പാതിയിൽ മുറിച്ചിട്ട തേങ്ങാ കഷ്ണം പോലെ ആണ് ഇപ്പോൾ കടൽ എന്ന് സുധന് തോന്നി

വെള്ളവും വെള്ളയും നിറഞ്ഞ കടൽ .അതിനോട് ചേർന്നുള്ള ചിരട്ട കറുപ്പിൽ വീതി കുറഞ്ഞ റോഡ് .

കുറച്ചു നേരത്തെ ഓട്ടത്തിന് ശേഷം കാർ കടലിനോട് ചേർന്നുള്ള ഒരു ഒറ്റ വീട്ടിനു മുന്നിൽ നിന്നു .

കാറിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഷിഹാബ് ബാബു പറഞ്ഞു

വേനൽക്കാലം ഇവിടെ താമസിക്കാൻ സുഖം ആണ് .

പക്ഷേ …മഴക്കാലം കടൽ വീട്ടിലേക്ക് കയറും.കഴിഞ്ഞ മഴക്കാലം മുഴുവൻ കടൽ വീടിൽ ആയിരിന്നു . ആ ദിവസങ്ങളിൽ ഓടിനു മുകളിൽ നിന്നും മീനുകൾ നൃത്തം ചെയ്യും.

അന്നെനിക്ക് തോന്നിയതാണ് പക്ഷികൾ കടലിൽ നിന്നും മീനുകൾ ആകാശത്തിൽ നിന്നുമാണ് വരുന്നതെന്ന് …ചുമ്മാ, തമാശയാണ് കേട്ടോ ചെറുപ്പത്തിൽ എം മുകുന്ദന്റെയും പുനത്തിലിന്റെയും ഒക്കെ നോവലുകൾ വായിച്ചതിന്റെ ഒരു തകരാർ ആണ് ഇതൊക്കെ ..

പിന്നെ നിങ്ങൾ നേരെത്തെ ചായ കുടിക്കുമ്പോൾ പറഞ്ഞ സ്റ്റൈലിലിൽ ഉള്ള ഒരു വർത്തമാനം ..

എനിക്ക് അത്തരം ചിന്തകളും സംസാരവും ഇഷ്ടം ആണ് .

മൈക്കിൾ ഏട്ടനും ഭയങ്കര ത്വത്ത ജ്ഞാനി ആകാറുണ്ട് ചില നേരങ്ങളിൽ..

ഷുഹൈബ് ബാബു ഇതും പറഞ്ഞു ഉച്ചത്തിൽ ചിരിച്ചു

കാറിൽ നിന്നും ഇറങ്ങുമ്പോൾ ഷിഹാബ് ബാബു ബാഗു കയ്യിലേക്ക് എടുത്തു സുധനെ സഹായിച്ചു

ഷിഹാബ് ബാബു ഇറയത്തേക്ക് കയറിയതും വീടിന്റെ പലഭാഗത്തായി താമസിച്ചിരുന്ന നൂറു കണക്കിന് പക്ഷികൾ തിടുക്കത്തോടെ കടലിലേക്ക് പറക്കുന്നത് സുധൻ നോക്കി നിന്നു.

ഈ വീട് ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കടൽ വഴി വരുന്ന പക്ഷികളുടെ ഒരു ഇടത്താവളം കൂടിയാണ് .

വേനൽക്കാലത്തു പക്ഷികളുടെയും മഴക്കാലങ്ങളിൽ മീനുകളുടെയും വീട്.

ബർണശ്ശേരി മെയിൻ സിറ്റി യിലേക്ക് ഇവിടുന്നു ഇരുപത് മിനുട്ട് നടത്തം …രാവിലെ ഈ കടൽ റോഡ് വഴിയുള്ള നടത്തം നിങ്ങളെ പോലുള്ളവർക്ക് വലിയ ആത്മവിശ്വാസം നൽകും

ഷുഹൈബ് നല്ല സന്തോഷത്തിലായിരുന്നു

പൈസയ്ക്ക് എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ എനിക്ക് മെസേജ് ചെയ്താൽ മതി .

ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ നിങ്ങൾക്കുള്ള പുതിയ ജോലി ഞാൻ ശരിയാക്കാം ..

പത്തു മണിക്ക് ഒരു മീറ്റിങ് ഉണ്ട് ..അതുകൊണ്ട് ഇപ്പോൾ ഇവിടെ നിൽക്കുന്നില്ല

ഇറങ്ങാൻ നേരം ഷുഹൈബ് ഒരു ഓർമപ്പെടുത്തൽ പോലെ പറഞ്ഞു

തൊട്ട് അപ്പുറം പട്ടാളക്കാരുടെ ക്യാമ്പും ഓഫീസും ആണ് .

പോരാത്തതിന് നമ്മുടെ ഈ വീട് പട്ടാളക്കാരുടെ ഏരിയയിലും.

ദിവസവും രാവിലെയും വൈകുന്നേരവും മൈതാനങ്ങളിൽ അവരുടെ പരിശീലനം ഉണ്ടാകും ഇറയത്തിരിന്നു കൂടെ കൂടെ അങ്ങോട്ട് നോക്കാൻ നിൽക്കേണ്ട …

അവർ തോക്കിൻ കുഴലിലൂടെ നോക്കുമ്പോഴൊക്കെയും നിങ്ങളെ മാത്രം കാണും അങ്ങനെ വരുമ്പോൾ അവർക്ക് നിങ്ങളൊരു ശത്രുവായി തോന്നും .അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം ലോകത്തിലെ എല്ലാ പട്ടാളക്കാരും എപ്പൊഴും പരതുന്നത് ശത്രുവിനെയാണ് മിത്രങ്ങളെയല്ല ..!

ഷിഹാബിന്റെ കാർ കടലിനു തൊട്ട് പിന്നിലേക്ക് തിരിഞ്ഞു റോഡിലേക്ക് കയറി .

സുധൻ അകത്തേക്ക് കയറി എല്ലാ സൗകര്യവും ഉള്ള മനോഹരമായ ഒരു പഴയ വീട് . കിടപ്പുമുറി ,അടുക്കള, അടുക്കളയിൽ നിന്നും ഒരു സ്റ്റോർ റൂം

ഗ്രൗണ്ടിൽ നിന്നും പട്ടാളക്കാരുടെ പരീശീലനത്തിന്റെ ബൂട്ട് ഒച്ചകൾ ,വെടി മുഴക്കങ്ങൾ തുടങ്ങിയിരുന്നു.

സുധൻ ഇറയത്തിലെ വാതിൽ അടച്ചു കുറ്റിയിട്ടു അകത്തിരിന്നു .

സുധൻ ആ ഇരിപ്പിൽ ഒന്ന് കണ്ണ് ചിമ്മി.

ഗ്രസോൺ ഡാനി ഇപ്പോൾ എവിടെ ആയിരിക്കും അന്നത്തെ രാത്രിയോടെ അയാൾ മരിച്ചു പോയിരിക്കുമോ..

മരിച്ചു തീർന്നെങ്കിൽ!

ചിന്തകളിൽ ഗ്രെസോൺ ഡാനി വന്നതും സുധൻ ഞെട്ടി എഴുന്നേറ്റു

ബാഗിൽ നിന്നും ബ്രഷും കളർ കൂട്ടുകളും മുറിയിൽ ഒതുക്കി വെച്ചു അടുക്കളയിലേക്ക് നടന്നു

പഞ്ചസാരയും ചായപൊടിയും ഉണ്ട് .

ഒരു കട്ടൻ ചായ കുടിക്കാം അതിനു ശേഷം കുറച്ചു അരിയും പച്ചക്കറികളും മറ്റു അത്യാവശ്യ സാധനങ്ങളും മേടിക്കണം

സുധൻ ചായയുമായി ഇറയത്തു വന്നിരുന്നു

ആകാശത്തിലൂടെ പക്ഷികൾ പറക്കുന്നു.കടലിനുള്ളിലൂടെ മീനുകളും …

ഇനി ഷിഹാബ് പറഞ്ഞത് പോലെ തിരിച്ചായിരിക്കുമോ ..?

അങ്ങനെയെങ്കിൽ ആകാശത്തിലൂടെ മീനുകളും ,കടലിലൂടെ പക്ഷികളും പറക്കുന്നു.

എന്തായാലും

മനുഷ്യനൊഴിച്ചു ഭൂമിയിൽ മറ്റൊരു ജീവ ജാലങ്ങൾക്കും നിരാശയോ കുറ്റബോധമോ അനിശ്ചിതത്വങ്ങളോ ഇല്ല എന്ന് കടലും ആകാശവും നോക്കിയിരിക്കുമ്പോൾ സുധന് തോന്നി .

ജീവി വർഗങ്ങളിൽ ഒട്ടേറെ പരിമിതികൾ ഉള്ള പക്ഷികളും മീനുകളും പറയത്തക്ക സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും ജീവൻ നില നിർത്താൻ വേണ്ടി മാത്രം വലിയൊരു കൃത്യം ചെയ്തു തീർക്കുന്ന കണിശതയോടെ വൻകരകളും കടലും താണ്ടിയുള്ള

യാത്രകൾ നടത്തുന്നു .

ശൈത്യ കാലങ്ങളിൽ നിന്നും ഗ്രീഷ്മ കാലങ്ങളിലേക്കും ശരത് കാലങ്ങളിൽ നിന്നും വസന്ത കാലങ്ങളിലേക്കും അവർ മാറി മാറി യാത്ര ചെയ്യും .

ഒരു പക്ഷിയോ മീനോ തങ്ങൾ മരിച്ചു പോയതുകൊണ്ട് മാത്രം ആരും കരയാൻ ഇല്ലാതിരുന്നിട്ടും പോരാടുന്നു .

മനുഷ്യരൊഴിച്ചു ഭൂമിയിൽ ഒരു ജീവിക്കും ഭയം എന്നൊരു സംഗതി ഇല്ല എന്ന് സുധൻ തിരിച്ചറിഞ്ഞു .

ഭയം എന്നത് ചില മനുഷ്യർ മറ്റു ചില മനുഷ്യരെ ഭരിക്കുവാൻ വേണ്ടി ഉണ്ടാക്കി എടുത്ത ഒന്നാണ്

ഇനിയങ്ങോട്ടു ജീവിക്കുക എന്നത് മാത്രം ആണ് കാര്യം

അല്ലെങ്കിലും ഈ ജീവിതം എന്നു പറയുന്നത്

മുൻകൂട്ടി ത്തീരുമാനിക്കാതെ ജനിച്ചു വീഴുന്ന ഒരാളെ അയാൾ അറിയാതെ വേറെ ഒരു കൂട്ടം ആളുകൾ

അവരുടെ നേരം പോക്കിനായി എഴുതിക്കൊണ്ടിരിക്കുന്നതും നിരന്തരം ആരൊക്കെയോ കൂട്ടിച്ചേർത്തു കൊണ്ടിരിക്കുന്നതുമായ ഒരു പുസ്തകത്തിന്റെ പേര് മാത്രം ആണെന്നു സുധന് ഉറപ്പായി.

നമ്മൾ ജീവിച്ചിരിക്കുമ്പോൾ മാത്രം എഴുതുന്നത് .

നമ്മൾ ഇല്ലാതായി എന്നറിയുന്ന ദിവസം മുതൽ അവർ ആ പുസ്തകം മാറ്റിവെച്ചു മറ്റൊരാളുടെ ജീവിതം എഴുതി തുടങ്ങും ..

എഴുത്തുകാരെ തൃപ്തി പെടുത്തി ഒരു കഥാപാത്രം ജീവിക്കുവാൻ തീരുമാനിക്കുന്നതോടെ ആ കഥാപാത്രം മരണപ്പെടും

ഈ എന്റെ മാത്രം ജീവിതം നോക്കൂ … ഒട്ടും വിചാരിക്കാതെ എന്തൊക്കെ അത്ഭുതങ്ങൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് .
അതുകൊണ്ട് ഇനി അങ്ങോട്ട് ആർക്കു വേണ്ടിയും ജീവിക്കാൻ താല്പര്യം ഇല്ല .

സുധന് എന്തെന്നില്ലാത്ത ആത്മവിശ്വാസവും ഉത്സാഹവും ഉണ്ടായി .

സുധൻ ചായ കഴിച്ചു കൊണ്ടിരിക്കെ അടുക്കളച്ചുമരിൽ വിരലുകൾ കൊണ്ട് വെറുതെ കടൽകഫെ എന്നെഴുതി …പിന്നെ ഉയർന്നു പൊങ്ങിയ തിരമാലകൾ പോലെ ആരുടെയോ മാറിടവും .

ചായ കുടിച്ചു കഴിഞ്ഞ ഉന്മേഷത്തിൽ സുധൻ കടൽത്തീര റോഡിലൂടെ പുറത്തേക്കിറങ്ങി നടന്നു .

പരിശീലനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു കൂട്ടം പട്ടാളക്കാർ നീളൻ തോക്കും ഉയർത്തി റോഡിലൂടെ വരി വരിയായി ഓടി വരുന്നു .

പരേഡ് കടന്നു പോകുമ്പോൾ ഷിഹാബ് ബാബു പറഞ്ഞത് ഓര്മ വന്നതിനാൽ പാട്ടാളക്കാരെ തിരിഞ്ഞു നോക്കാതിരിക്കാൻ സുധൻ പരമാവധി പരിശ്രമിച്ചു.

അപ്പോൾ മതിലിനോട് ചേർന്നുള്ള ഇരുമ്പ് വേലിയിൽ ഒരു പഴയ ബോർഡ് കണ്ടു

നിങ്ങളിപ്പോൾ സൈനിക ഏരിയയിൽ ആകുന്നു .സൈനിക നിയമങ്ങളും നിർദേശങ്ങളും

കൃത്യമായി പാലിക്കാൻ നിങ്ങൾക്ക് ബാധ്യത ഉണ്ടാകും

സുധനിൽ വീണ്ടും ഭയം നിറഞ്ഞു

ഇവിടെ മുഴുവൻ പട്ടാള നിയമം ആയിരിക്കുമോ..?

ആണെങ്കിലും അല്ലെങ്കിലും എനിക്ക് എന്താണ്

ചില മനുഷ്യർ മറ്റു ചില മനുഷ്യരെ പേടിപ്പിക്കാൻ മാത്രം ഉണ്ടാക്കിയ കുറെ നിയമങ്ങൾ

തുടരും

Add a Comment

Your email address will not be published. Required fields are marked *