മഹാപുരോഹിതന്മാരേ നിങ്ങൾ തന്നെ ഇങ്ങനെ ഭയന്നാലോ? നിങ്ങളുടെ പ്രസംഗങ്ങളിലെല്ലാം നിങ്ങൾ പറയുന്നത് ദൈവേച്ഛ അനുസരിച്ചല്ലാതെ ഒരു പുൽക്കൊടി പോലും ചലിക്കുന്നില്ല എന്നാണല്ലൊ.
ഇത്
പൗരോഹിത്യത്തിൻ്റെ ഏറ്റവും പുതിയ
അടവുനയം
റഫീക്ക് അഹമ്മദ്
ഈ ഭൂമിയിൽ പിറന്നു വീഴുന്ന ഓരോ മനുഷ്യനും ഓരോ മതത്തിലേക്കാണ് ചെന്നു വീഴുന്നത്. ഇന്ത്യയിലാണെങ്കിൽ അത് ജാതിയിലേക്കു കൂടിയാണ്. മതമോ ജാതിയോ ഒരാളും ജനിക്കുമ്പോൾ തിരഞ്ഞെടുക്കുന്നതല്ല. അതായത് അയാൾ മറ്റു മതങ്ങളെക്കുറിച്ച് പഠിച്ച് സ്വമേധയാ ഒരു പ്രത്യേക മതം സ്വീകരിക്കുന്നതല്ലാത്ത പക്ഷം അയാൾ അയാളുടെ മതസ്വത്വത്തിന് ഉത്തരവാദിയാവുന്നില്ല. ഒരാൾ മതം മാറുന്നത് എന്തിനാണ് ? സത്യാന്വേഷണത്തിൻ്റെ ഭാഗമായി ‘ഇതാണ് ശരി ‘എന്ന ബോധ്യത്തിൽ അയാൾക്ക് തൻ്റെ മതം വിട്ട് മറ്റൊരു മതത്തിലേക്ക് മാറാം. അതിൻ്റെ ഗുണവും ദോഷവും അയാൾക്കു തന്നെയാണ്.
താൻ ഉൾപ്പെട്ട മതത്തിനകത്ത് മാന്യതയോടെ ജീവിക്കുക അസാദ്ധ്യമായിത്തീരുമ്പോൾ, ഉദാഹരണത്തിന് വഴി നടക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്ടാനുസരണം വസ്ത്രം ധരിക്കാനുള്ള അവകാശം, അങ്ങനെയുള്ളവയ്ക്കു വേണ്ടിയും മറ്റൊരു മതം സ്വീകരിക്കാം. അതൊരു സാമൂഹ്യ രാഷ്ട്രീയ വിഷയമാണ്.
ഇനിയും മറ്റൊന്ന് ആളുകളെ ഭീഷണിപ്പെടുത്തി മതം മാറ്റാം എന്നുള്ളതാണ്. അല്ലെങ്കിൽ പ്രലോഭനത്തിലൂടെ. ഇതിൽ അമേരിക്കൻ മാവ്, പാമോയിൽ എന്നു തുടങ്ങി ഇപ്പോൾ കേൾക്കുന്ന നാർകോട്ടിക്സ് വരെ ഉപയോഗിക്കാം. പക്ഷെ ഈ വിധത്തിൽ മാറ്റിയെടുക്കുന്നതു കൊണ്ട് യഥാർത്ഥമായ പ്രയോജനം എന്താണ്?
ഒരാളെ തൻ്റെ മതത്തിലേക്ക് മാറ്റിയാൽ മാറ്റിയ ആൾക്ക് അയാളുടെ ദൈവത്തിൽ നിന്നുള്ള പുണ്യം ലഭിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഉപ്പുമാവ് മുതൽ കഞ്ചാവ് വരെ യുള്ള പ്രലോഭനങ്ങളിലൂടെ വിശ്വാസം സ്വീകരിച്ചയാളെ അംഗീകരിക്കാൻ മാത്രം വിഡ്ഢിയായിരിക്കുമോ ദൈവം?
അപ്പോൾ മതപരിവർത്തന പ്രവർത്തനത്തിൻ്റെ ഉദ്ദേശ്യം എന്താണ്? തങ്ങളുടെ അംഗസംഖ്യ കുറഞ്ഞു പോകുന്നു മറ്റവർ കൂടുന്നു എന്ന ഭീതിയാവാം ഒരു കാരണം.
മഹാപുരോഹിതന്മാരേ നിങ്ങൾ തന്നെ ഇങ്ങനെ ഭയന്നാലോ? നിങ്ങളുടെ പ്രസംഗങ്ങളിലെല്ലാം നിങ്ങൾ പറയുന്നത് ദൈവേച്ഛ അനുസരിച്ചല്ലാതെ ഒരു പുൽക്കൊടി പോലും ചലിക്കുന്നില്ല എന്നാണല്ലൊ.
ഓരോ കാലത്തും അതാത് ഭരണകൂട ശക്തികളോട് ഒട്ടി നിന്ന് സ്വത്തും അധികാരവും സംരക്ഷിച്ചും പാപകർമ്മങ്ങളിൽ നിന്നുള്ള ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടും കഴിഞ്ഞു പോന്ന പൗരോഹിത്യത്തിൻ്റെ ഏറ്റവും പുതിയ ഒരടവുനയമല്ലേ ഇന്ന് കേരളിയ സമൂഹത്തെ മലീമസമാക്കിക്കൊണ്ടിരിക്കുന്ന വിവാദത്തിൻ്റെ ശരിയായ പൊരുൾ?
Add a Comment