സിനിമയിൽ അടികാണുന്നത് എനിക്ക് ഭയങ്കര വിഷമമായിരുന്നു. വില്ലനായാലും നായകനായാലും അടികൊണ്ടാൽ വേദനിക്കുമല്ലോ എന്നൊരു ചിന്ത തോന്നിയിരുന്നു. അടി സീൻ വരുമ്പോൾ കൈ കൊണ്ട് മുഖം പൊത്തി വിരലിന്റെ ഇടയിലൂടെ ഒരു കുഞ്ഞുകാഴ്ചയായാണ് ഞാൻ കാണാറ്.
അമ്മമ്മയും
ബാബു ആൻ്റണി ചേട്ടന്മാരും
രേഖാ ചന്ദ്ര
കണ്ണുറയ്ക്കുന്നതിന് മുമ്പ് തുടങ്ങിയതാണ് സിനിമ തിയേറ്ററുമായുള്ള ബന്ധം. അന്ന് തിയേറ്റർ അല്ല ‘ടാക്കീസ്’ ആണ്. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ നടന്നാൽ ഓലമേഞ്ഞ പ്രിയപ്പെട്ട സി ക്ലാസ് ടാക്കീസ്- ‘വിനത’. അമ്മ ഒരു സിനിമാ പ്രേമിയായതിനാൽ മിക്കവാറും എല്ലാ സിനിമയ്ക്കും പോകും. അങ്ങനെ കൈകുഞ്ഞായപ്പോൾ തന്നെ തിയേറ്റർ നമുക്ക് സ്വന്തം. സിനിമ റിലീസ് ചെയ്ത് വർഷങ്ങളെടുക്കുമായിരുന്നു, ഞങ്ങളുടെ ടാക്കീസിലെത്താൻ.
ഞാൻ ആദ്യം തിയേറ്ററിൽ കണ്ട മുഖം രജനികാന്തിന്റേതാണ് എന്നുപറയാം. വളരെ ചെറിയ പ്രായത്തിൽ. ഐ.വി. ശശി സംവിധാനം ചെയ്ത ‘കാളി’. സത്യത്തിൽ വേറെയേതോ സിനിമ കാണാൻ ആണ് വീട്ടുകാർ വന്നത്. തിയേറ്ററിൽ എത്തിയപ്പോഴാണ് പടം മാറിയ കാര്യം അറിഞ്ഞത്. ഒന്നോ രണ്ടോ ദിവസത്തിനായി അന്ന് ഗ്യാപ്പ് പടങ്ങൾ ഇടും. പഴയ സിനിമകളായിരിക്കും. അങ്ങനെയാണ് കാളി കണ്ടത്. സ്‌ക്രീനിൽ എന്തൊക്കയോ കളർ മാറി മറഞ്ഞതൊക്കെ ഓർമ്മയുണ്ട്.
രജനികാന്ത് ഒന്നാമതാണെങ്കിൽ എന്റെ രണ്ടാമത്തെ ഓർമ്മമുഖം മോഹൻലാലാണ്-‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’. മോഹൻലാലിനെയൊന്നും തിരിച്ചറിയാനുള്ള പ്രായമല്ല. പക്ഷേ ആ പേരും ‘ഓർമകൾ ഓടികളിക്കുവാനെത്തുന്ന’ എന്ന പാട്ടും എവിടെയോ തങ്ങി നിന്നിട്ടുണ്ട്. അന്നൊക്കെ നല്ല സിനിമകൾക്ക് നിറയെ ആളുകൾ വരും. സ്ത്രീകളും കുട്ടികളും ധാരാളമായി എത്തും. പലപ്പോഴും ഫസ്റ്റ് ഷോ കഴിഞ്ഞ് തിരിച്ച് കിലോമീറ്ററുകളോളം നടന്നാണ് ആളുകൾ പോയികൊണ്ടിരുന്നത്.
തൊണ്ണൂറുകളൊക്കെ ‘സി ‘ക്ലാസിന്റെ വസന്തകാലമായിരുന്നു. എത്ര ആളുകൾ വന്നാലും ഹൗസ്ഫുൾ എന്ന് പറഞ്ഞ് മടക്കി അയക്കുന്ന പതിവ് ഞങ്ങളുടെ പ്രിയപ്പെട്ട ടാക്കീസിന് ഇല്ലായിരുന്നു. തിയേറ്ററിലെ സീറ്റ് ഫുള്ളായാൽ തൊട്ടടുത്ത് കല്ല്യാണ ആവശ്യത്തിന് സാധനങ്ങൾ വാടകകയ്ക്ക് കൊടുക്കുന്ന ‘ജിഷ വാടക’ സ്റ്റോറിൽ നിന്നും മടക്ക് കസേരകൾ ഓടിപ്പോയി കൊണ്ടുവന്ന് സൈഡിലും മുന്നിലും നിരത്തും.
അത്രയ്ക്ക് ജനകീയവും ജനാധിപത്യപരവുമായാണ് അവർ ഇടപെട്ടത്. ഇന്റർവെല്ലിന് ടാക്കീസിന്റെ ബാക്ക് സൈഡിൽ ഓപ്പൺ എയറിൽ വിശാലമായി മൂത്രം ഒഴിക്കാം. വേണ്ടവർക്ക് കോംപൗണ്ടിനകത്തുള്ള പെട്ടി കടയിൽ നിന്ന് ലൈം സോഡ, സിഗരറ്റ്, മുട്ടായി…
എനിക്ക് മൂത്തത് രണ്ട് ഏട്ടൻമാരാണ്. ഞാൻ എൽ. പി. ക്ലാസൊക്കെ എത്തുമ്പോഴേക്കും ഇവർ ഒറ്റയ്ക്ക് മാറ്റിനിയ്ക്കൊക്കെ പോകാൻ പ്രാപ്തരായി. കൂട്ടത്തിൽ ഞാനും പോയി തുടങ്ങി. അങ്ങനെ വീട്ടുകാർ ഒഴിവാക്കുന്ന സിനിമകൾ ഞങ്ങൾ മൂന്നുപേരും ഉച്ചയ്ക്ക് മാറ്റിനി ഷോയിലൂടെ കണ്ടു. ഏറ്റവും മുന്നിൽ രണ്ട് രൂപ ടിക്കറ്റിന്റെ ബെഞ്ചാണ്. ബെഞ്ചിൽ സിമന്റ് തിണ്ണയിൽ ചാരിയിരുന്ന് സിനിമ കാണാം. മൂന്നുപേർക്കുള്ള ടിക്കറ്റിന് ആറ് രൂപ വീട്ടിൽ നിന്നും തരും. ചില സമയങ്ങളിൽ അധികം കിട്ടിയാൽ ഐസോ മുട്ടായിയോ വാങ്ങും.
സിനിമ തുടങ്ങുന്നതിന് മുമ്പ് വെക്കുന്ന പാട്ട് വീട്ടിൽ കേൾക്കാം. തുടങ്ങുന്നതിന് തൊട്ടുമുമ്പ് പുറത്തെ പാട്ട് ഓഫ് ചെയ്ത് കുറച്ച് നേരം തിയേറ്ററിനുള്ളിൽ മാത്രമായിരിക്കും പാട്ട്. അതും അത്ര ഉച്ചത്തിലല്ലെങ്കിലും പുറത്ത് കേൾക്കും. ആ കാലത്ത്, തീർച്ചയായും അത്ര വിദൂരമായ കാലമല്ല അത്, നമ്മുടെ നാട്ടിൽ ആളുകൾ പെട്ടെന്ന് സമയം കണക്കുകൂട്ടുന്നത് പോലും സിനിമ തിയേറ്ററിലെ പാട്ട് നോക്കിയും തൊട്ടടുത്ത പള്ളിയിലെ ബാങ്ക് വിളിയും നോക്കിയാണ്.
സിനിമയുടെ ശബ്ദം കുറേ ദൂരെ വരെ പുറത്ത് കേൾക്കാൻ പറ്റും. നെടുങ്കൻ ഡയലോഗുകളുള്ള സുരേഷ്ഗോപിയുടെയും മമ്മൂട്ടിയുടെയുമൊക്കെ സിനിമയുടെ ശ്ബ്ദരേഖ കേൾക്കാൻ തിയേറ്ററിന് പുറത്തും അക്കാലത്ത് ആൾക്കൂട്ടമുണ്ടാവും. സിനിമ കണ്ടവരൊക്കെ തന്നെയായിരിക്കും. വീണ്ടും വീണ്ടും ആ ത്രിൽ കിട്ടാൻ വേണ്ടി തിയേറ്റർ കോംപൗണ്ടിൽ ആളുകളുകൾ വന്നുനിൽക്കും.
അങ്ങനെയുള്ള ആ വസന്തകാലത്താണ് ഇടിയുടെ പെരുമഴയുമായി ബാബു ആൻണി ഞങ്ങളുടെ ഹീറോയാകുന്നത്. ബാബു ആന്റണിക്ക് പ്രത്യക ഓഡിയൻസും ഫാൻസും ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. ബാബു ആന്റണിയെ അനുകരിച്ച് മുടി നീട്ടി വളർത്തിയും ഒറ്റകമ്മലിട്ടും കുറേ ‘ബാബുആന്റണി ചേട്ടൻമാരും ‘ നാട്ടിലിറങ്ങി. ഞങ്ങളുടെ കുട്ടിക്കാലത്തെ ഒരു തരംഗമായിരുന്നു ബാബു ആന്റണി. രാജധാനി, കമ്പോളം, ഭരണകൂടം, ചന്ത, ദാദ, ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസ്…. അങ്ങനെ എത്രയെത്ര ആക്ഷൻ-സ്റ്റണ്ട് മൂവികൾ… രണ്ടര മണിക്കൂർ ഡിഷ്യൂം ഡിഷ്യും കണ്ട് തലവേദനയെടുത്ത് പുറത്തിറങ്ങുന്ന ആരാധകർ…
ഇത്തിക്കര ഇച്ചുംമണി
അന്ന് ഞങ്ങളുടെ വീടിനടുത്ത് ഒരു അമ്മമ്മ ഉണ്ടായിരുന്നു. ഞങ്ങളുടെ സുഹൃത്തിന്റെ അച്ഛന്റെ അമ്മ. വല്ല്യമ്മയ്ക്ക് അടിപ്പടം ഭയങ്കര ഹരമായിരുന്നു. അതുകൊണ്ടുതന്നെ ബാബുആൻണിയുടെ കട്ടഫാനുമാണ്. ബാബു ആൻണിയുടെ എല്ലാ പടത്തിനും അമ്മമ്മ പോകും. ഒറ്റയ്ക്കാണ് പോക്ക്, മാറ്റിനി ഷോയ്ക്ക്. ഞങ്ങളെ പോലെ തന്നെ മുൻനിരയിലാണ് പുള്ളിക്കാരിയും ടിക്കറ്റെടുക്കുക. സിനിമ കാണുമ്പോൾ ഭയങ്കര ആവേശഭരിതയായി ബാബു ആന്റ്ണിക്ക് വില്ലന്മാരെ നേരിടാനുള്ള ട്രിക്കൊക്കെ അമ്മമ്മ വിളിച്ചുപറയും. അക്കാലത്ത് ആ പ്രായത്തിൽ ഒറ്റയ്ക്ക് തിയേറ്ററിൽ പോയി അടിപ്പടം കാണുന്ന അമ്മമ്മയെ ഇപ്പോഴും ഓർക്കും. അക്കാലത്ത് നസീറും ജയനും അഭിനയിച്ച ശശികുമാറിന്റെ ഇത്തിക്കരപ്പക്കി ഗ്യാപ്പ് പടമായി ഞങ്ങളുടെ തിയേറ്ററിലെത്തി. പക്കി എന്നത് ഞങ്ങളുടെ നാട്ടിൽ ലിംഗത്തിന് പറയുന്ന പേരാണ്. അതുകൊണ്ട് തന്നെ ഈ പടത്തിന്റെ പേര് പറയാൻ അന്ന് ഭയങ്കരപ്രശ്നമായിരുന്നു. ഏതാ ഇപ്പോ സിനിമ എന്ന് ചോദിച്ചപ്പോൾ ഈ അമ്മമ്മ പറഞ്ഞത്രെ ‘ഇത്തിക്കര ഇച്ചുംമണി’ എന്ന്.
സിനിമയിൽ അടികാണുന്നത് എനിക്ക് ഭയങ്കര വിഷമമായിരുന്നു. വില്ലനായാലും നായകനായാലും അടികൊണ്ടാൽ വേദനിക്കുമല്ലോ എന്നൊരു ചിന്ത തോന്നിയിരുന്നു. അടി സീൻ വരുമ്പോൾ കൈ കൊണ്ട് മുഖം പൊത്തി വിരലിന്റെ ഇടയിലൂടെ ഒരു കുഞ്ഞുകാഴ്ചയായാണ് ഞാൻ കാണാറ്. എന്നാലും കാണാതിരിക്കാനും പറ്റില്ല. അന്ന് മാഫിയശശിയും ത്യാഗരാജനുമൊക്കെ സംവിധായകരേക്കാൾ ഞങ്ങൾ കുട്ടികൾക്ക് പരിചിതരായിരുന്നു.
തൊണ്ണുറുകളുടെ തുടക്കത്തിൽ ബാബു ആന്റണിയും തൊണ്ണുകളുടെ ഒടുവിൽ കുഞ്ചോക്കോ ബോബനുമാണ് നമ്മുടെ കാലത്തെ ഒരു വിഭാഗം ആളുകളെ അത്രമേൽ സ്വാധീനിച്ച നടന്മാർ. ഒരാളുടെ സൗന്ദര്യം വർണ്ണിക്കാൻ ‘കുഞ്ചാക്കോബോബനെ പോലെയുണ്ട്’ എന്ന് പറഞ്ഞ കാലം. മിക്ക പെൺകുട്ടികളുടെയും കയ്യിൽ കുഞ്ചാക്കോയുടെ വെട്ടിയെടുത്ത ഫോട്ടോ കളക്ഷൻസ് ഉണ്ടായിരുന്നു. എന്റെടുത്തും. നാട്ടിലൊക്കെ ബാബു ആൻണി ചേട്ടൻമാരെ പോലെ കുഞ്ചാക്കോബോബൻമാരും ഉണ്ടായി.
ക്ലാസിൽ തിയേറ്ററിൽ പോയി സിനിമ കാണുന്ന കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ കണ്ട സിനിമയുടെ കഥ പറഞ്ഞുകൊടുക്കുക എന്ന ബാധ്യതയുമുണ്ട്. അത് കേൾക്കാൻ ഇന്റർവെൽ ടൈമിൽ ചുറ്റിലും കുട്ടികൾ വന്നുകൂട്ടംകൂടും. പൊടിപ്പും തൊങ്ങലും വെച്ച് കഥ പറഞ്ഞ് കൊടുക്കുന്നതും ഒരു ഹരമായിരുന്നു. എന്റെ പ്ലസ്ടുകാലത്താണ് കുഞ്ചാക്കോ സിനിമകൾ പലതും കറങ്ങിത്തിരിഞ്ഞ് ഞങ്ങളുടെ തിയേറ്ററിൽ എത്തുന്നത്. റിലീസ് സിനികളൊന്നും ഞാൻ അക്കാലത്ത് കണ്ടിരുന്നില്ല. രണ്ടും മൂന്നും വർഷം കാത്തിരുന്ന് കാണാനുള്ള ക്ഷമയുണ്ടായിരുന്നു. ‘നിറം’ സിനിമ കണ്ട ശേഷം കഥ കേൾക്കാൻ ഫാൻസ് കൂടുതലായിരുന്നു. കുഞ്ചാക്കോ പ്രേമികളുടെ കാലമായിരുന്നു അത്. കഥ കേട്ട് ഒരു കട്ട ഫാൻ എന്നോട് പറഞ്ഞത്, ‘നീയെത്ര ഭാഗ്യവതിയാണ്.. ചാക്കോച്ചന്റെ മുഖം നിനക്ക് അത്ര വലുതായി കാണാൻ പറ്റിയില്ലേ’.. -അവളുടെ ഉള്ളിലെ വിഷമവും എന്റെ ഉള്ളിലെ ആഹ്ലാദവും ഒരുമിച്ച് ചേർന്നൊരു വികാരമായിരുന്നു അന്നേരം അനുഭവപ്പെട്ടത്.
ഒരിക്കൽ ഞങ്ങൾ പിള്ളേരുടെ കൂടെ റഫീക്ക് എന്ന കൂട്ടുകാരനും സിനിമയ്ക്ക് വന്നു. മനോജ് കെ ജയന്റെ ഏതോ മൂവിയായിരുന്നു. അതിൽ കുട്ടിക്കാലത്തെ മനോജ് കെ ജയനെ കാണിക്കുന്നുണ്ട്. റഫീക്ക് അധികം സിനിമ കാണുന്ന ആളായിരുന്നില്ല. പടം കഴിഞ്ഞിറങ്ങിയിട്ടും ഇവൻ വലിയ ചിന്തയിലായിരുന്നു. ഒടുവിൽ അവൻ ആ സംശയം ചോദിച്ചു, ‘ഈ സിനിമ ഒരു 20- 25 വർഷം മുമ്പ് ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ടാവുമല്ലേ’…. എന്ത് എന്ന അദ്ഭുതത്തോടെ ഞങ്ങൾ അവനെ നോക്കിയപ്പോൾ വളരെ ഗൗരവത്തിൽ അവൻ പറഞ്ഞു, ‘അല്ല, മനോജ് കെ ജയൻ വലുതാവുന്നതുവരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടാവില്ലേ…’
വിനത് ടാക്കീസ് പിന്നീട് പേരുമാറ്റി കൃപയായി മാറിയിരുന്നു. സിനിമയും തിയേറ്ററും ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ സിനിമയാൽ സ്വാധീനിക്കപ്പട്ട ജീവിതം തന്നെയാണ് എന്റെയും. ജേർണലിസം പഠിക്കണമെന്ന് കുഞ്ഞുന്നാളിലെ ആഗ്രഹം വന്നത് സിനിമയിലെ ജേർണലിസ്റ്റുകളെ കണ്ടായിരുന്നു. കലൂർ ഡെന്നീസിനും രഞ്ജിപണിക്കർക്കുമൊക്കെ അതിൽ വലിയ പങ്കുണ്ട്. എൽ.പി- യു.പി. ക്ലാസുകളിൽ പഠിക്കുമ്പോൾ അനാഥയായി ജനിക്കാത്തതിൽ എനിക്ക് വലിയ വിഷമം ഉണ്ടായിരുന്നു. അക്കാലത്ത് പല സിനിമകളിലെയും നായകനോ നായികയോ അനാഥരായിരിക്കും അവരെ ഉപദേശിക്കാനും സ്നേഹിക്കാനും ഒരു പള്ളീലച്ചനും. ആ ലൈഫ് എനിക്ക് ഭയങ്കര ഇഷ്ടം തോന്നിയിരുന്നു. വളർന്നപ്പോഴാണ് അതിന്റെ പൊട്ടത്തരം മനസ്സിലായത്.
ജീവിതത്തിലേക്കുള്ള മടക്കയാത്ര
കുട്ടിക്കാലത്ത് ഒരിക്കൽ സാമ്പത്തിക പ്രതിസന്ധിയും മറ്റ് പ്രശ്നങ്ങളും കാരണം അമ്മയും ഞങ്ങൾ മക്കളും ഒരു കൂട്ട ആത്മഹത്യ പ്ലാൻ ചെയ്തപ്പോൾ അവസാന ആഗ്രഹമായി ഉയർന്നു വന്നത് കണ്ണൂർ കവിത തിയേറ്ററിൽ പോയി സിനിമ കാണണം എന്നതായിരുന്നു. മരണത്തിന് തൊട്ടുമുമ്പുപോലും മറ്റൊന്നും ആഗ്രഹിക്കാതിരുന്നത് എന്ത് കൊണ്ടായിരിക്കും എന്ന് പിന്നീട് ഞാൻ ആലോചിച്ചിരുന്നു.
സ്‌കൂൾ കഴിഞ്ഞ് കണ്ണൂർ എസ്.എൻ. കോളേജിലെത്തിയപ്പോൾ റിലീസ് സിനിമകൾ ക്ലാസ് കട്ട് ചെയ്ത് കണ്ടുതുടങ്ങിയിരുന്നു. കൊച്ചിയിൽ പത്രപ്രവർത്തനം പഠിക്കാനെത്തിയ സമയത്ത് ഒറ്റ ദിവസം രണ്ടും മൂന്നും സിനിമകളൊക്കെ കണ്ട് തിയേറ്ററുകളിൽ തന്നെ ജീവിച്ചു. അതിനുശേഷം ഫിലിം ഫെസ്റ്റിവലുകളിലേക്കും സിനിമ കാണൽ നീങ്ങി. ഗോവയിലും തിരുവനന്തപുരത്തും. പിന്നീട് ഡൽഹിയിലെത്തിയപ്പോഴും സിനിമ കാണൽ മുറപോലെ നടന്നു. മലയാളം സിനിമകൾ പലതും എത്തില്ലെങ്കിലും മറ്റ് ഭാഷാ സിനിമകൾ ധാരാളം കണ്ടു.
കോഴിക്കോട് ചിത്രഭൂമിയിൽ ജോലി ചെയ്യുന്ന കാലത്താണ് ഒറ്റയ്ക്ക് സിനിമ കാണാൻ പോയത്, ജോലിയുടെ ആവശ്യപ്രകാരം. ഒറ്റയ്ക്ക് സിനിമ കാണൽ എനിക്ക് ഇഷ്ടമായില്ല. അതൊരു ബോറാണ്. എല്ലാകാലത്തും സിനിമ കാണാൻ എനിക്ക് കൂട്ടുണ്ടായിരുന്നു. അതും സിനിമകാണാൻ അത്രമേൽ ഇഷ്ടമുള്ള ആളുകൾ. കുട്ടിക്കാലം തൊട്ട് ഇന്നുവരെ. ചിലപ്പോൾ ഭക്ഷണം പോലും കഴിക്കാതെ തിയേറ്ററിലേക്ക് ഓടി വിശന്നുപൊരിഞ്ഞ് ഇരുന്ന് സിനിമ കാണാൻ അതേ മനസുള്ളയാളുകൾ. ഇപ്പോഴും ഒടിടി യിൽ മിക്ക സിനിമകളും റിലീസ് ദിവസം തന്നെ കാണുന്നുണ്ട്. എനിക്ക് തോന്നുന്നു ആത്യന്തികമായി തിയേറ്ററുകളല്ല മോഹിപ്പിച്ചത്, സിനിമകൾ തന്നെയായിരുന്നു, ഏത് സ്‌ക്രീനിലായാലും. എങ്കിലും കൊറോണകാലം വരും വരെ തിയേറ്റർ എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു ഓർമ്മയുറയ്ക്കും മുമ്പുതന്നെ. എന്റെ സാഹചര്യങ്ങൾ അതിനനുകൂലമായി വന്നതുകൊണ്ടുമാവാം.
Add a Comment