marahi

സ്വയംഭൂ : പ്രകാശ് മാരാഹി – 2

ഇരട്ടകള്‍

 

മന്ദഗര എന്ന് പ്രാചീനകാലത്ത് വിളിച്ചുപോന്നിരുന്ന ആ പട്ടണത്തിലെത്തിയതിന്റെ പിറ്റേന്നു തന്നെ ഞങ്ങളുടെ കൺസ്‌ട്രെക്ഷൻ സൈറ്റ് ഓഫീസിൽ എന്നെ കാണാൻ ഒരാൾ വന്നു.

ദില്ലിയിൽനിന്ന് ഒരാഴ്ചമുമ്പ് അവിടെ എത്തിപ്പെട്ടതിന്റെ ശിഥിലതയും മടുപ്പും മനസ്സിൽനിന്ന് അപ്പൊഴും മാറാത്തതുകൊണ്ടുതന്നെ ഔദ്യോഗികകാര്യത്തിനല്ലാതെ പുറത്തുനിന്നുള്ള ഒരാളുടെ ആ ഒരു സന്ദർശനം എനിക്ക് ഉൾക്കൊള്ളാനാവാത്തതായിരുന്നു. അതിരാവിലെതന്നെ ഞാനവിടെ വരുമെന്ന് അയാൾ പ്രതീക്ഷിച്ചതുപോലെയുണ്ടായിരുന്നു.

വെളുത്ത നാരായണൻ എന്നു സ്വയം വിശേഷിപ്പിച്ച ഒരു മധ്യവയസ്‌കൻ. മുഖത്തല്പം പ്രായത്തിന്റെ ക്ഷീണമുണ്ടെങ്കിലും നല്ല കായബലം തോന്നിപ്പിച്ച രൂപമായിരുന്നു അയാളുടേത്. ചുരുണ്ട മുടി പിന്നിലേക്ക് നീട്ടി കെട്ടിവെച്ചിരുന്നു. നെറ്റിയിൽ ഒരു നീളൻകുറി. കാവി മുണ്ടും അയഞ്ഞ പരുത്തിഷർട്ടുമാണ് വേഷം.

”ഖനനം നിർത്തിവെയ്ക്കാൻ ഇനി ഞങ്ങളെന്തുചെയ്യണം സാർ.”
വന്നപാടെ മുഖവുരയൊന്നുംകൂടാതെ അയാൾ എന്നോടു ചോദിച്ചു.

അപ്രതീക്ഷിതമായൊരു ചോദ്യമായതുകൊണ്ടുതന്നെ പെട്ടൊന്നൊരുത്തരം എനിക്കു പറയാനായില്ല. അല്ലെങ്കിൽ, ഞാനെന്തുത്തരമാണതിന് നല്‌കേണ്ടത് ? പ്രതിരോധസമരങ്ങളും കോടതിവ്യവഹാരവും പത്രവാർത്തകളും ഏതാണ്ട് കെട്ടടങ്ങിയിരുന്ന സമയത്തു പ്രത്യേകിച്ചും. അന്തരീക്ഷത്തിൽ ചൂടിന്റെ അലകൾ കുറേശ്ശെയായി മൃഗതൃഷ്ണപോലെ തിളച്ചുപൊന്തുന്നത് നോക്കിയിരുന്നതല്ലാതെ ഞാനൊന്നും അപ്പോൾ മിണ്ടിയില്ല.

”മന്ദഗരയെക്കുറിച്ചറിയാൻ ഈ ഭൂമി തുരന്നുനോക്കേണ്ടതില്ല സാർ,” അയാൾ വീണ്ടും പറഞ്ഞു.
സൈറ്റിലേക്കു ജീവനക്കാർ അപ്പോൾ വന്നുതുടങ്ങിയതേയുള്ളൂ. സെക്യൂരിറ്റിക്കാർ രാവും പകലും ഉണ്ടുതാനും. എന്നിട്ടും അവരാരും ഇയാൾ അതിക്രമിച്ചു വന്നുകയറിയത് കണ്ടില്ലെ എന്നാണ് ഞാനപ്പോൾ ചിന്തിച്ചത്.

”നോക്കൂ സുഹൃത്തെ,” ഞാൻ പറഞ്ഞു.

”ഇത് കേന്ദ്രസർക്കാരിന്റെ ഒരു പ്രോജക്ടാണ്. എന്റെയോ നിങ്ങളുടേതോ അല്ല ഈ ഉദ്ഖനന തീരുമാനം. എത്രയോ വർഷമായി വ്യവഹാരത്തിൽപ്പെട്ടിട്ടും സർക്കാർ പിന്മാറിയില്ലല്ലോ. അപ്പോൾപ്പിന്നെ, താങ്കൾക്കുമാത്രമായി…”

”എനിക്കുമാത്രമായി അല്ല.” അയാൾ പറഞ്ഞു.

കുറച്ചു സമയം എന്റെ മുഖത്തേക്കുതന്നെ തറപ്പിച്ചുനോക്കി അയാൾ തുടർന്നു, ”ഭൂമിക്കടിയിലുള്ളവർക്കുകൂടിയാണ്. നമുക്കുള്ള സമാധാനം പോലെത്തന്നെ അവർക്കുകൂടി അതുവേണം സാർ.”

”എന്തസംബന്ധമാണ് നിങ്ങളീപ്പറയുന്നത് മിസ്റ്റർ? ”

തെല്ലുറക്കെ ഒച്ചവെച്ചുകൊണ്ട് ഞാൻ ഇരിപ്പിടത്തിൽനിന്നെണീറ്റു. അസംബന്ധങ്ങൾ പറയുന്നതിനും ഒരു പരിധിയുണ്ട്. എന്റെയുള്ളിൽ ഒരു മുരടൻ യുക്തിവാദിയുണർന്നു.

മൺമറഞ്ഞുപോയവർക്ക് സമാധാനമോ? ഇക്കാലത്തും അങ്ങിനെയൊക്കെ ചിന്തിക്കുന്നവരുണ്ടല്ലോ.

വെളുത്ത നാരായണൻ, ചിരപരിചിതനായൊരു സുഹൃത്തിനെയെന്നപോലെ എന്നെ ഉദാസീനനായി നോക്കിയിരുന്നതല്ലാതെ എന്റെയാ പെരുമാറ്റത്തിൽ അശേഷം പരിഭ്രമിച്ചതായി തോന്നിയില്ല. അപമാനബോധംകൊണ്ട് എന്റെ ദൃഷ്ടി അയാളുടെ നേരെ കുറച്ചുനേരത്തേക്ക് ഉയർന്നതേയില്ല.

”അടങ്ങൂ, സാർ. ഞാനിപ്പോൾ പോകാം. ഈയാഴ്ചതന്നെ നിങ്ങൾക്ക് യന്ത്രങ്ങൾകൊണ്ട് ഈ മണ്ണിനെയും കുന്നിനെയും വെട്ടിപ്പിളർക്കാം. കോടതിവിധിപോലും സർക്കാരിന് അനുകൂലമാണല്ലോ. എങ്കിലും പറയട്ടെ , തുരന്നെടുക്കുമ്പോൾ ഇവിടുന്ന് ചിതറിപ്പോകേണ്ടിവരുന്ന മനുഷ്യരും അദൃശ്യരായ കുലദൈവങ്ങളും പിന്നെ എന്തുചെയ്യും, സാർ. എവിടേക്കുപോകുമെന്നെങ്കിലും ഒരു നിമിഷം ആലോചിച്ചുനോക്കൂ സാർ. ഒരുപാടനർത്ഥങ്ങൾ താമസിയാതെ വന്നു ഭവിക്കുന്നതിന്റെ സൂചന കണ്ടതുകൊണ്ടാണ് അതിരാവിലെത്തന്നെ താങ്കളെക്കാണാൻ വരേണ്ടിവന്നത്. താങ്കളെക്കണ്ടു സംസാരിച്ചാൽ എന്തെങ്കിലുമൊരു നീതി ഇക്കാര്യത്തിലുണ്ടാകുമെന്നു തോന്നി.” അയാൾ പറഞ്ഞു.
എന്നിട്ട് തോൾസഞ്ചിയിൽനിന്ന് കുറച്ച് കടലാസുകൾ എന്റെ മേശപ്പുറത്തേക്ക് വെച്ചു.

ഒരു ഫയലിൽ അടുക്കിവെച്ച എന്തിന്റെയോ കയ്യെഴുത്തുപ്രതി.

”സാറിനറിയാമോ, നിർദ്ദിഷ്ട ഉദ്ഖനനസ്ഥലത്തായിരുന്നു ഞങ്ങളുടെ പണ്ടത്തെ കുടിപ്പള്ളിക്കൂടവും കാവും കൂമൻകൊല്ലിയിൽനിന്നുൽഭവിക്കുന്ന നീർച്ചാലും ഒത്തുചേർന്നിരുന്നത്. ഉച്ചൂളിക്കടവത്തു ഭഗവതിയുടെ ക്ഷേത്രവും പണ്ടവിടെയായിരുന്നു. കുടിപ്പള്ളിക്കൂടത്തിൽനിന്നു തിരിച്ച് വീട്ടിലേക്കുപോകുമ്പോൾ ആ നീർച്ചോലയിലിറങ്ങിയാണ് ഞങ്ങൾ കളിച്ചുതിമിർത്തത്…”
ഏതോ നഷ്ടസ്മൃതി അയാളുടെ വാക്കുകളിൽ തിണർത്തു.

”സമയംകിട്ടുമ്പോൾ ഇതൊന്നു വായിച്ചുനോക്കാൻ കനിവുണ്ടാകണം. അതുമല്ലെങ്കിൽ കത്തിച്ചുകളഞ്ഞേക്കൂ. ഇത് തിരിച്ചുചോദിക്കാനോ ഇക്കാര്യം പറഞ്ഞ് ഒരുപക്ഷെ ഇനിയും താങ്കളെ ബുദ്ധിമുട്ടിക്കാനോ ഞാൻ വന്നേക്കില്ല. കുറേ നാളായി കിടന്നിട്ടുറക്കം കിട്ടാത്ത എന്തൊക്കെയോ കാര്യങ്ങൾവന്നു സൈ്വര്യംകെടുത്തിയപ്പോൾ…”

അയാൾ പറഞ്ഞുനിർത്തി.

ഒരുപാടുകാര്യങ്ങൾ ഇനിയും അയാൾക്ക് പറയാനുണ്ടെന്നു തോന്നി. പക്ഷെ, പിന്നീടയാൾ മൗനിയായി ഒരേയിരിപ്പിരുന്നു. താഴെനിന്ന് ഖനനസൈറ്റിലേക്ക് കേറിവരുന്ന ബുൾഡോസറുകളുടെ മുഴക്കം കേട്ടുതുടങ്ങിയപ്പോൾ അയാളെണീറ്റ് അതിവേഗത്തിൽ എന്റെ കൺവെട്ടത്തുനിന്നു നീങ്ങിപ്പോയി.

വെട്ടിക്കീറാനായി പതിച്ചുവെച്ചിരുന്ന ഭൂമിക്കുമീതെയുള്ള ചതുരങ്ങളും ദീർഘങ്ങളുമായ അടയാളസൂചകങ്ങളുമെല്ലാം ആഴത്തിൽനിന്ന് ഉരുകിയൊലിച്ച് പൊന്തിവരുന്നതുപോലെ എനിക്കപ്പോൾ തോന്നി.

2

അന്ന് രാവിലെ, പഴയ ലാംബിസ്‌കൂട്ടർ ഞാൻ ഗാരേജിൽനിന്നിറക്കി നോക്കുമ്പോൾ അതിന്റെ മുൻഭാഗത്തെ ടയർ പഞ്ചറായിരിക്കുന്നു. തലേന്ന് വൈകി ഓഫീസിൽനിന്നു പുറപ്പെടുമ്പോഴേ അത് ക്ലേശം പ്രകടിപ്പിച്ചിരുന്നത് ഓർത്തു. ക്ലച്ചിനുള്ള പിടുത്തവും മുറുമുറുപ്പും ഒരുവിധം ഒപ്പിച്ചുതീർത്തിട്ടാണ് തലേന്ന് ഓഫീസിൽ പോയതുതന്നെ. വണ്ടി പഴയതെങ്കിലും നല്ല കണ്ടീഷനിൽത്തന്നെയാണെന്ന് ഓഫീസിലുള്ളവർ കളിയാക്കുന്നതു വെറുതെയല്ല. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും അത് ഇരുമ്പുവിലയ്ക്ക് വിറ്റൊഴിവാക്കാൻ മനസ്സ് സമ്മതിക്കുന്നില്ലെന്നുമാത്രം. കുറേക്കാലങ്ങളായി ഒരു സന്തതസഹചാരിയായി ഒപ്പമുള്ളതല്ലേ. അരുവിന് നിത്യവും അതേച്ചൊല്ലി വഴക്കിടാനേ നേരമുണ്ടായിരുന്നുള്ളൂ. അരു എന്നു ഞാൻ വിളിക്കുന്ന അരുന്ധതി, എന്റെ ഭാര്യയാണ്. അവൾ സംസാരത്തിനൊടുവിൽ ഒരു പുതിയ കണ്ടുപിടുത്തംപോലെ ഓർമ്മിപ്പിക്കുന്നതിങ്ങനെയാണ്. ”ഓ, ആർക്കിയോളജി വകുപ്പിലാണല്ലോ ജോലി. അത്തരക്കാർക്ക് എന്നും പഴയ ഉരുപ്പടികളോടായിരിക്കും താൽപര്യം. പക്ഷേ, വല്ല അപകടത്തിലും ചെന്നുപെട്ടാൽ പുരാവസ്തുക്കളുടെ സ്വന്തം ആളാണ്, രക്ഷിക്കണം എന്ന് പറഞ്ഞാലൊന്നും നാട്ടുകാര് സഹായിക്കാൻ കാണില്ല.”

അരുന്ധതിക്ക് പഴയ വസ്തുക്കളോടും സാമഗ്രികളോടും മമത കുറവാണെങ്കിലും എന്നോട് അല്പം സിംപതിയുണ്ട്. അതുകൊണ്ടുമാത്രം ഞങ്ങളുടെ ദാമ്പത്യം പത്തിരുപതു വർഷങ്ങളായി വലിയ ക്ലേശങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നു, ഞങ്ങൾക്കിടയിൽ മൂന്നാമതൊരാൾ ഇല്ലെങ്കിലും.

ഒരു പുരാവസ്തുവെ ഓർമ്മിപ്പിക്കുന്ന ഒരു വീടുതന്നെയാണ് ഞങ്ങളീ നാട്ടിലെത്തിയപ്പോൾ താമസിക്കാൻ കിട്ടിയത്. വീട് ഏർപ്പെടുത്തിത്തന്ന ദല്ലാൾ താക്കോൽ ഏല്പിച്ചപ്പോൾ പറഞ്ഞത്, നിങ്ങളൊരു ആർക്കിയോളജിസ്റ്റായതുകൊണ്ടാണ് വീട്ടുടമ താമസിക്കാൻ സമ്മതിച്ചത് എന്നാണ്. കാരണം, അങ്ങേരുടെ പൈതൃകസ്വത്തിൽപ്പെട്ടതാണ് ഈ കെട്ടിടവും സ്ഥാവരജംഗമവസ്തുക്കളും. ഇത് നോക്കിനടത്താൻതന്നെ ഇന്നത്തെക്കാലത്ത് വളരെ പാടാണ്. പോരെങ്കിൽ പട്ടണത്തിൽനിന്നു വളരെയകലെയും. പുതിയ സൗകര്യങ്ങൾ തേടിപ്പോകുന്നവരുടെ ഇടയിൽ വ്യത്യസ്തനായി ഒരാളെ കണ്ടതുകൊണ്ടാണ് പറഞ്ഞ തുകയ്ക്കുതന്നെ കച്ചവടം ഉറപ്പിച്ചത്. പൊതുവെ ആർക്കും ഇഷ്ടപ്പെടാവുന്ന വ്യക്തിത്വങ്ങളായിരിക്കുമോ ഈ പുരാവസ്തു ചരിത്രാന്വേഷികൾ എന്നു ഞാൻ അമ്പരന്നുപോയിരുന്നു. ആവോ ആർക്കറിയാം!
ഇനി ടൗണുവരെ ഈ പഞ്ചറുവണ്ടിയെയും തള്ളിപ്പോയെങ്കിൽ മാത്രമേ കൃത്യസമയത്ത് ഓഫീസിലെത്താൻ കഴിയൂ. ടൗണിൽ നല്ലൊരു ടൂവീലർ വർക്ക്‌ഷോപ്പുണ്ട്. ജങ്ഷനെത്തുന്നതിനുമുമ്പ് തിരക്കിൽനിന്നൊഴിഞ്ഞ് കരുവാളിപ്പു പടർന്ന മട്ടും ഭാവവുമൊക്കെയായി ഒരു ഇരട്ടക്കെട്ടിടം. അത് ഞങ്ങളിവിടെ താമസം തുടങ്ങുന്നതിനു മുമ്പുതന്നെ എന്റെ കണ്ണിൽപ്പെടുകയും ചെയ്തിരുന്നു. അതിനു കാരണമുണ്ട്. ആ കെട്ടിടത്തിലുള്ള വർക്ക്‌ഷോപ്പു കടന്നുവേണം സംസ്ഥാന ഗവൺമെന്റ് പൈതൃകപട്ടണമായി പ്രഖ്യാപിച്ച പുതുപട്ടണത്തിലെത്താൻ. കെട്ടിടത്തിനടുത്തുതന്നെ അലങ്കരിച്ചൊരു ബോർഡും ഉണ്ട്. മറ്റ് കടകളൊന്നുംതന്നെയില്ല. പിൻവശം ഒരു വീട്ടുകാർ പാർപ്പുണ്ട്. കെട്ടിടത്തിന്റെ ഒരു വശത്ത് രണ്ടു മുറികളിലായാണ് വർക്ക്‌ഷോപ്പ്. സ്‌കൂട്ടറുമായി ഒരു തവണ അവിടെപ്പോകണമെന്നു കരുതിയിരുന്നു. പക്ഷേ, എന്റെ മനസ്സറിയുന്ന വണ്ടി പെട്ടെന്നുതന്നെ അതിന്റെ കായികശേഷി വീണ്ടെടുത്തുകൊണ്ട് എന്നെയും വഹിച്ച് ജൈത്രയാത്ര തുടർന്നു. എന്നെ അതിനറിയാം. ദില്ലിയിൽ പന്ത്രണ്ട് വർഷമായിട്ട് എന്നെ സഹിക്കുന്നതാണ്. എന്നെപ്പോലെതന്നെ അതിനും പ്രായമേറുന്നുവെന്നും ക്ഷീണം ബാധിച്ചുതുടങ്ങിയിട്ടുണ്ടെന്നും മറന്നുകൊണ്ടല്ല എന്റെ ഓരോ യാത്രയും. ഓരോരോ കാരണങ്ങൾ പറഞ്ഞ് എനിക്കതിനെ അരു പറയുന്നതുപോലെ ആക്രിക്കടയിൽ ഇരുമ്പുവിലയ്ക്ക് വിറ്റ് ഒഴിവാക്കാവുന്നതേയുള്ളൂ. എന്നിട്ട് ഔദ്യോഗികവാഹനത്തിൽ സഞ്ചരിക്കാം. പക്ഷേ, എനിക്കതിനു മനസ്സുവരുന്നില്ല. കാരണമെന്തെന്നല്ലേ, മനസ്സുവരുന്നില്ല, അത്രതന്നെ. അതു പറഞ്ഞാലൊന്നും അരു വകവച്ചു തരുമെന്നു തോന്നുന്നില്ല. അതെന്തോന്ന് മനസ്സ്. കവിയാണെങ്കിലും അവൾ പണ്ടേ പരിഷ്‌കാരിയാണ്. ഇന്നും പരിഷ്‌കാരത്തിന്റെ പുതിയ മാറ്റങ്ങൾ അവൾ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെയാകണം താൻ ഒരിക്കലും അവൾക്കൊരു ബാധ്യതയായിട്ടില്ല, ഒരു കാര്യത്തിലും. ജീവിതത്തിൽ വന്നുപെടുന്ന ചില ആഘോഷാവസരങ്ങളിൽ മാറിനിന്നിട്ടുണ്ടെന്നത് നേരാണെങ്കിലും അതൊന്നും ഇപ്പോഴോർക്കുമ്പോൾ നൊമ്പരപ്പെടുത്തുന്നതല്ലെന്നുള്ള ആശ്വാസമുണ്ട്.

വണ്ടിയുമുന്തിക്കൊണ്ട് ഞാൻ റോഡിലേക്കിറങ്ങി.

”നമുക്ക്”മെല്ലെ മെല്ലെ ഇങ്ങനെ നടക്കാം ചങ്ങാതി.”

ഞാൻ പറഞ്ഞതു കേട്ടതുപോലെ ലാംബി ഒന്നു തലകുലുക്കി.

അരമണിക്കൂറിലെ ക്ലേശത്തിനൊടുവിൽ ഞങ്ങൾ വർക്ക്‌ഷോപ്പിനുമുമ്പിലെത്തി.

പിച്ചളത്തകിടുമേഞ്ഞ മുൻവശത്തെ ചെറിയ കൂടാരത്തിൽത്തട്ടി പുലരിവെയിൽ വർക്ക്‌ഷോപ്പിനു മുമ്പിലെത്തുന്നവരുടെ കണ്ണുകളിൽ പ്രതിഫലിച്ചു. വലിയൊരു ദർപ്പണംകൊണ്ടുള്ള മേൽക്കൂരയെന്നപോലെ. റോഡിനെതിർവശത്ത് എരിഞ്ഞുകൊണ്ടിരുന്ന ഒരു തീക്കുണ്ഡത്തിൽനിന്ന് പുകപൊങ്ങി ചുഴറ്റിയടിച്ച് കെട്ടിടത്തിനുനേർക്ക് നീണ്ടുവന്നു.

വർക്ക്‌ഷോപ്പ് നടത്തിപ്പുകാരൻ ഒരു കഥപറച്ചിലുകാരനാണെന്ന് കേട്ടിട്ടുണ്ട്–കറുത്ത നാരായണൻ. ആരാണ് തന്നോടങ്ങിനെ പറഞ്ഞത്, അയാളെപ്പറ്റി. ഞാനോർക്കാൻ ശ്രമിക്കുന്നതുവരെ എന്റെ ലാംബിയെ ഞാൻ വർക്ക്‌ഷോപ്പിന്റെ ഏറ്റവും മുന്നിൽക്കണ്ട ഒരു ഉരുക്കുസ്റ്റാൻഡിലിന്റെ ഇടയിലേക്ക് കയറ്റിനിർത്തി, അതിനെ കടുത്തൊരു ഏകാന്തതയനുഭവിപ്പിച്ചുകൊണ്ട്.

നേരം പുലരുന്നതേയുള്ളൂ എന്ന ഭാവമായിരുന്നു വർക്ക്‌ഷോപ്പിൽ അപ്പോൾ കണ്ട കൊച്ചുപയ്യന്റെ മുഖം കണ്ടാൽ. കുറച്ചുസമയം എന്നെയും എന്റെ വണ്ടിയെയും അവൻ മാറി മാറി നോക്കി. അവൻ സത്യത്തിൽ പ്രാഥമിക കാര്യങ്ങളൊന്നും ചെയ്തതുപോലെ തോന്നിയില്ല. ഈളയൊഴുകിയതുപോലെ അവന്റെ കൊച്ചുമുഖത്ത് വാ തുറന്നുറങ്ങിയതിന്റെ അടയാളം കണ്ടു. ധരിച്ചിരുന്ന കാക്കിട്രൗസറിൽ അവിടവിടെ കരി ഓയിലിന്റെ മെഴുക്ക് പുരണ്ടിരുന്നു. പാകമാകാത്ത മുതിർന്ന ആരുടെയോ ഒരു ഷർട്ടാണ് അവൻ ഇട്ടിരുന്നത്. അതിന്റെ ഒരു കീശ പറിഞ്ഞ് തൂങ്ങിയിരുന്നു. എങ്കിലും അവന്റെ കണ്ണുകളിലെ കൗതുകമുണർത്തുന്ന ഒരു തിളക്കം വാത്സല്യത്തോടെ ഞാൻ ശ്രദ്ധിച്ചു. ഒരുപക്ഷേ, ആ കടയുടെ ഷട്ടറുകൾ ആയാസപ്പെട്ട് അവൻ അപ്പോൾ തുറന്നതാകാനേ ഇടയുള്ളൂ. ഒരുപക്ഷേ, അതിനകത്തുതന്നെയായിരിക്കണം അവൻ രാത്രി ഉറങ്ങാറുള്ളതെന്നും വരാം.

എന്റെ നോട്ടം കണ്ടിട്ടാകണം അവൻ ഏതോ കുറ്റംചെയ്തു പിടിക്കപ്പെട്ടെന്നതുപോലെ ചൂളിക്കൊണ്ട് കടയ്ക്കുപിറകിലേക്ക് വേഗത്തിൽ ഓടിപ്പോയി.

വർക്ക്‌ഷോപ്പുടമയെ വിളിക്കാനായിരിക്കുമോ അവൻ പോയത്?

ആ കുട്ടി പോയ ദിക്കുനോക്കി ഞാൻ അല്പനേരം നിന്നു.

കറുത്ത നാരായണൻ വരാൻ പിന്നെയും വൈകി.

വർക്ക്‌ഷോപ്പിനെ പൊതിഞ്ഞ് മൂടൽമഞ്ഞുപോലെയുണ്ടായിരുന്ന പുക കുത്തിക്കെടുത്താനുള്ള വൃഥാ ശ്രമം മാത്രമാണ് ഞാൻ അയാളെ കാത്തുനിന്ന കുറച്ച് സമയംവരെ അയാളപ്പോൾ നടത്തിക്കൊണ്ടിരുന്നത്. ആരോ പാഴ്‌വസ്തുക്കളിൽ രാത്രി തീയിട്ടതാണ്. അത് പക്ഷേ, കത്തിത്തീർന്നത് പുലർന്നതിനുശേഷമായിരുന്നു.

എന്റെ ലാംബിയെ ചികിത്സിക്കാനുള്ള തയ്യാറെടുപ്പോടെയല്ല അയാൾ വന്നതെന്ന് എനിക്കു മനസ്സിലായി. കാരണം, പണിയെടുക്കുമ്പോൾ ധരിക്കുന്ന വേഷമായിരുന്നില്ല അയാൾക്ക്. കണ്ടപാടെ എന്റെ അടുത്തേക്കു വന്ന് ഉപചാരപൂർവ്വം അയാൾ ചിരിച്ചു. എന്നിട്ട് പാതി തുറന്നുകിടന്ന കടയുടെ ഷട്ടർ വലിച്ചുതാഴ്ത്താൻ തുടങ്ങി.

”ആ കുട്ടിയെവിടെ?”

ഞാൻ അയാൾക്ക് പിറകിലേക്ക് നോട്ടമയച്ചപ്പോൾ കറുത്ത നാരായണൻ പറഞ്ഞു:

”നിങ്ങൾ ശന്തനുവെ നോക്കുകയാണോ? അവൻ പോയല്ലോ. ഇന്ന് ഞങ്ങൾ കടതുറക്കുന്നില്ല. ഞങ്ങളുടെ അസോസിയേഷന്റെ സമ്മേളനമാണ്, നഗരത്തിൽ. പ്രകടനവും പൊതുയോഗവും കലാപരിപാടികളുമൊക്കെയുണ്ട്. ഞാൻ അങ്ങോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ സ്ഥിരം ഇടപാടുകാർക്കെല്ലാം അക്കാര്യമറിയാം. നിങ്ങൾ പുതിയ ആളാണല്ലേ? ഇവിടെ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററുകൾ കണ്ടില്ലേ? ദാ നോക്ക്.”

അയാൾ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നോക്കി.

ഗ്രീസുപുരണ്ടപോലെയുള്ള ഒരു വാൾപോസ്റ്ററാണ്. ഒരു കഷണം കീറിയിട്ടുണ്ട്. ചിരിച്ചുകൊണ്ട് നില്ക്കുന്ന ഒന്നുരണ്ടു നേതാക്കളും കുറേ യന്ത്രസാമഗ്രികളും മുഷ്ടിചുരുട്ടിയ ഒരു കയ്യും ആ ചിത്രത്തിലുണ്ട്. അതിന്റെയൊക്കെ സാംഗത്യം മനസ്സിലായില്ലെങ്കിലും അതുനോക്കി തൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഞാൻ തലകുലുക്കി.

”എന്താ പേര്?”

കറുത്ത നാരായണൻ ചോദിച്ചു.

”ചിദൻ.” ഞാൻ പറഞ്ഞു.

”സർക്കാർജോലിക്കാരനാണെല്ലേ? എവിടെയാ?”

”പുരാവസ്തുവകുപ്പിൽ.”

”ശാസ്ത്രജ്ഞനാണോ?”

”അല്ല.”

”പിന്നെ?”

”അസിസ്റ്റന്റ് ആർക്കിയോളജിസ്റ്റ്.”

അതു മനസ്സിലാകാഞ്ഞിട്ടോ എന്തോ, അയാൾ പിന്നൊന്നും ചോദിച്ചില്ല.

അന്നു ഞാൻ മടങ്ങി.

ഓഫീസിൽ പോകാൻ കഴിഞ്ഞില്ല. സമയം അതിക്രമിച്ചുപോയിരുന്നു. കറുത്ത നാരായണൻ വർക്ക്ഷാപ്പിന്റെ ഷട്ടറുകൾ താഴ്ത്തി സമ്മേളനത്തിനുപോയി. പോകുന്നതിനുമുമ്പ് എന്റെ സ്‌കൂട്ടർ വിശദമായി പരിശോധിച്ചിട്ട് സ്റ്റാൻഡിൽനിന്നിറക്കി കടയുടെ അകത്തേക്ക് തള്ളിനിർത്തി. ടയർ പഞ്ചറായതുമാത്രമായിരുന്നില്ല പ്രശ്‌നം. പെഡൽ എത്ര ആഞ്ഞുചവിട്ടിയിട്ടും അത് സ്റ്റാർട്ടായില്ല. ഇടയ്ക്കിടെ അതു നീരസത്തോടെ ചീറി പ്രതിഷേധം അറിയിച്ചെന്നുമാത്രം. കറുത്ത നാരായണൻ എന്നെ നോക്കി കാര്യം പോക്കാ എന്ന അർത്ഥത്തിൽ കയ്യുയർത്തി ആംഗ്യം കാണിച്ചു. എന്നിട്ടയാൾ ധൃതിയിൽ ഷട്ടർ വലിച്ചുതാഴ്ത്തുകയും ചെയ്തു.
ലാംബി കടയ്ക്കുള്ളിലും ഞാൻ പുറത്തുമായി.

അവിടെനിന്ന് തിരിച്ചുപോരുമ്പോൾ എന്തുകൊണ്ടോ തിരിച്ചറിയാനാവാത്തവിധം ഒരു പിരിമുറുക്കം മനസ്സിൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.
കറുത്ത നാരായണൻ നല്ല മെക്കാനിക്കാണ്. ശരിതന്നെ. അയാളത് ഇന്നല്ലെങ്കിൽ നാളെയെങ്കിലും നന്നാക്കിത്തരാതിരിക്കില്ല. എത്ര തിരക്കുണ്ടെങ്കിലും എന്നെപ്പോലുള്ള ഒരാളോട് അയാൾ മര്യാദയോ സ്‌നേഹമോ അല്പം കൂടുതൽ പ്രകടിപ്പിച്ചേക്കാം. ഒന്നാമതായി ആ നാട്ടിൽ പുതുതായി താമസമാക്കിയ ഒരു സർക്കാരുദ്യോഗസ്ഥൻ എന്ന പരിഗണന, അതുമല്ലെങ്കിൽ അയാൾക്കു ഇടതടവില്ലാതെ കുറച്ചുസമയത്തേക്കെങ്കിലും സംസാരിച്ചിരിക്കാൻ പറ്റിയ പ്രകൃതമുള്ള ഒരാളാണ് ഞാനെന്ന തിരിച്ചറിവ്. ഇതിൽ ഏത് തരക്കാരനാണ് ഞാനെന്ന് അയാൾ ഇതിനകം തിട്ടപ്പെടുത്തിക്കഴിഞ്ഞിരിക്കും.

പുതുപട്ടണം ആർക്കിയോളജി റീജ്യണൽ കേന്ദ്രത്തിലേക്ക് ഏതാണ്ട് അഞ്ചുകിലോമീറ്റർ അകലമേ ഉണ്ടായിരുന്നുള്ളൂ. ഏതെങ്കിലുമൊരു ബസ്സിൽ അപ്പോൾ ഓടിക്കേറിയിരുന്നെങ്കിൽ സമയം അല്പം തെറ്റിയിരുന്നെങ്കിലും ഓഫീസിലെത്തിലെത്തിച്ചേരാമായിരുന്നു. പക്ഷേ, ലാംബിയെ ഏതോ ഒരു അപരിചിതസ്ഥലത്ത് ഉപേക്ഷിച്ചുപോന്നതുപോലെ തോന്നുന്നുണ്ടായിരുന്നു ആ തിരിച്ചുവരവിൽ. വായുസഞ്ചാരം കുറഞ്ഞ ഒരു കുടുസ്സുമുറിയിൽ അകപ്പെട്ട ഒരു മനുഷ്യനെപ്പോലെ എന്റെ വണ്ടിയും നിലവിളിക്കുന്നുണ്ടാവുമോ?

പിറ്റേന്ന്, കറുത്ത നാരായണൻ എന്നെ വീട്ടിലേക്കു ക്ഷണിക്കുമ്പോൾ ഞാനത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങളുടെ ബന്ധം വെറുമൊരു വാഹനറിപ്പേറിങ്ങിൽ നിന്നും വൈകാരികമായൊരു തലത്തിലേക്കുയർന്നത് പൊടുന്നനെയാണ്. അതോർക്കുമ്പോൾ കൗതുകകരമായി തോന്നുന്നുമുണ്ട്. കാരണം അങ്ങിനെയൊരു സ്ഥിതിവിശേഷത്തിൽ മാത്രമേ ഞാനൊരാളുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കാറുള്ളൂ. അരു അക്കാര്യത്തിൽ എന്നേക്കാൾ എത്രയോ വൈഭവമുള്ളവളാണ്. എവിടെച്ചെന്നാലും സുഹൃത്തുക്കളുടെ ഒരു നിര തന്നെ അവൾക്കുണ്ടാവും. ജോലിസ്ഥലത്തായാലും ഒന്നോ രണ്ടോ വർഷത്തെ കാലാവധികഴിഞ്ഞ് മടങ്ങുന്ന ഞങ്ങളുടെ സ്ഥലംമാറ്റയിടങ്ങളിലും അരുവിനു സൗഹൃദങ്ങൾ നട്ടുവളർത്തുന്നതിനു ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഞാനാണെങ്കിൽ ഏതൊരാളെ പരിചയപ്പെടുമ്പൊഴും ഇടപഴകുമ്പോഴും ഒരകലം കാത്തുസൂക്ഷിച്ചിരുന്നു. സംസാരത്തിലുള്ള കറുത്ത നാരായണന്റെ ആകർഷകത്വം മാത്രമായിരുന്നില്ല ഞങ്ങളുടെ പെട്ടന്നുള്ള അടുപ്പത്തിനുള്ള കാരണം. സംസാരത്തിനിടയ്ക്ക്, ഉദ്ഖനനത്തിനെതിരെ സമരം സംഘടിപ്പിച്ച് വാർത്തകളിലിടം നേടിയ അയാളുടെ ഒരു കൂടപ്പിറപ്പിനെപ്പറ്റി സൂചിപ്പിച്ചപ്പോഴാണ്.

വെളുത്ത നാരായണൻ, അതായിരുന്നു അയാളുടെ പേര്!

മുമ്പൊരിക്കൽ നടന്ന പ്രതിഷേധസമരത്തിനിടയ്ക്ക് ആത്മാഹൂതിയ്ക്കു ശ്രമിച്ച ഒരാൾ.

അവർ ഇരട്ടകളാണ്. രണ്ടു മനുഷ്യർക്ക് രണ്ട് പേരുണ്ടാകേണ്ടത് സ്വാഭാവികമാണ്. പക്ഷെ അവരുടെ കാര്യത്തിൽ മറിച്ചാണ് സംഭവിച്ചത്. സഹൃദയരല്ലാത്ത മാതാപിതാക്കൾ ഒരേ പേരുതന്നെ ഇരുവർക്കും നിശ്ചയിക്കുകയും നിറവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾ കറുത്ത നാരായണനെന്നും അപരൻ വെളുത്ത നാരായണനെന്നുമുള്ള അൽപ്പം ക്രൂരമായ വിശേഷണംകൂടി പേരിനൊപ്പം പതിച്ചുകൊടുക്കുകയും ചെയ്തതിൽ എനിക്കതിശയം തോന്നി.

”വെളുത്ത നാരായണനെ ഡ്യൂട്ടിയിൽക്കേറിയ അന്നുതന്നെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. സംസാരത്തിൽ ഒരു ഭീഷണിയുടെയോ താക്കീതിന്റെയോ പലതരം സങ്കടങ്ങളുടെയോ സൂചനയുണ്ടായിരുന്നെന്നുമാത്രം.”

ഞാൻ പറഞ്ഞു.

അതുകേട്ട് കറുത്ത നാരായണൻ ഒന്നു ഞെട്ടിയതുപോലെ തോന്നി.

(തുടരും)

Add a Comment

Your email address will not be published. Required fields are marked *