t-salim

ഗ്രെയ്റ്റ് സാത്താന്‍ 1- ഇറാന്‍ 2

ഗ്രെയ്റ്റ് സാത്താന്‍ 1- ഇറാന്‍ 2

ടി. സാലിം

ലിയോണിലെ തണുത്ത സായാഹ്നത്തിലാണ് ആ മത്സരം അരങ്ങേറിയത്. പക്ഷെ മാസങ്ങള്‍ക്ക് മുമ്പെ അതിന്റെ ചൂട് അന്തരീക്ഷത്തില്‍ കനലെരിഞ്ഞു നിന്നു. ഫുട്‌ബോള്‍ ചര്‍ച്ചകള്‍ ചൂടേറിയ രാഷ്ട്രീയ വാഗ്വാദത്തിന് വഴിമാറുന്നതു കണ്ടാണ് 1998 ലെ ലോകകപ്പ് ഫുട്‌ബോളിന്റെ മത്സരക്രമം നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് അവസാനിച്ചത്. നയതന്ത്ര തലത്തില്‍ മുഖം കൊടുക്കാത്ത ഇറാനും അമേരിക്കയും ഗ്രൂപ്പ് എഫില്‍ നേര്‍ക്കുനേരെ വന്നതോടെയാണ് അത്. മത്സരങ്ങളുടെ മാതാവെന്നാണ് അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന്‍ പ്രസിഡന്റ് അലന്‍ റോതന്‍ബര്‍ഗ് അമേരിക്ക-ഇറാന്‍ പോരാട്ടത്തെ വിശേഷിപ്പിച്ചത്.

1979 ല്‍ ഷാ രിസാ പഹലവിയെ സ്ഥാനഭ്രഷ്ടനാക്കിയ ഇറാന്‍ വിപ്ലവത്തിനു ശേഷം അമേരിക്കയും ഇറാനും കൊടിയ ശത്രുക്കളായിരുന്നു. അമേരിക്ക എന്ന് ഇറാന്‍ നേതാക്കള്‍ പറയാറില്ല. ഗ്രെയ്റ്റ് സാത്താന്‍ (കൊടും പിശാച്) എന്നാണ് ആയത്തുല്ല റൂഹുല്ല ഖുമൈനി മുതല്‍ ഇങ്ങോട്ടുള്ള എല്ലാ ഇറാന്‍ നേതാക്കളും ആ രാജ്യത്തെ പരാമര്‍ശിക്കുന്നത്. ഇറാന്‍ വിപ്ലവത്തിനും തെഹ്‌റാനിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തിലെ ഉപരോധത്തിനും 19 വര്‍ഷം പിന്നിടുമ്പോഴാണ് 1998 ല്‍ ഇരു രാജ്യങ്ങളും ലോക ഫുട്‌ബോളിന്റെ അത്യുന്നത വേദിയില്‍ മുഖാമുഖം വന്നത്. കടന്നുപോയ രണ്ട് പതിറ്റാണ്ടില്‍ പരസ്പരവിദ്വേഷം വര്‍ധിച്ചതല്ലാതെ ഒട്ടും അയവ് വന്നിട്ടുണ്ടായിരുന്നില്ല.
ബോര്‍ഡ് റൂമുകളിലും സ്വീകരണ മുറികളിലും രാഷ്ട്രീയ വേദികളിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചെങ്കിലും കളിക്കളത്തില്‍ വിദ്വേഷത്തിന്റെ ലാവ പൊട്ടിയൊലിക്കുന്നുണ്ടായിരുന്നില്ല. ഇറാനില്‍ ജനിച്ച മെഹര്‍ദാദ് മസൂദിയായിരുന്നു ആ മത്സരത്തിന്റെ ഫിഫ മീഡിയ ഓഫീസര്‍. അതിനെക്കാള്‍ രസകരമായിരുന്നു ഇറാന്‍ കോച്ചിന്റെ കാര്യം. ഇറാനില്‍ നിന്ന് പുതുജീവിതം തേടി അമേരിക്കയിലെത്തുകയും അവിടെ ജീവിതം പച്ചപിടിപ്പിക്കുകയും ചെയ്ത ജലാല്‍ ത്വലബിയായിരുന്നു അവരുടെ പരിശീലകന്‍. എങ്കിലും വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ട വിഷയം തന്നെയായിരുന്നു ഫിഫക്ക് ഇറാന്‍-അമേരിക്ക മത്സരം. മത്സരം നടക്കേണ്ട ജൂണ്‍ 21 അവര്‍ ഫെയര്‍പ്ലേ ദിനമായി പ്രഖ്യാപിച്ചു.

ഫ്രാന്‍സിലെ ലിയോണിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. തുടക്കത്തില്‍തന്നെ ഉരസലിന്റെ സാധ്യതകള്‍ തെളിഞ്ഞുവന്നു. ഓരോ മത്സരത്തിലും ടീമുകളെ ടീം എ, ടീം ബി എന്ന് ഫിഫ നിശ്ചയിക്കാറുണ്ട്. മത്സരത്തിനു മുമ്പ് കളിക്കാര്‍ അണിനിരന്നു കഴിഞ്ഞാല്‍ ടീം ബി-യാണ് ടീം എ-ക്കു നേരെ നടന്ന് ഹസ്തദാനം ചെയ്യേണ്ടത്. ഈ മത്സരത്തില്‍ ഇറാനാണ് ടീം ബി. എന്നാല്‍ അമേരിക്കന്‍ കളിക്കാര്‍ക്കു നേരെ നടന്ന് ഹസ്തദാനം ചെയ്യരുതെന്ന് ഇറാന്‍ ആത്മീയ നേതാവ് അലി ഖാംനഇ ഉത്തരവിട്ടതായി ഫിഫ മീഡിയ ഓഫീസര്‍ മെഹര്‍ദാദ് മസൂദി പിന്നീട് വെളിപ്പെടുത്തി. അമേരിക്കന്‍ ടീമുമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പിലെത്തുകയും അവര്‍ ഹസ്തദാനത്തിന് മുന്നോട്ടുവരാന്‍ തയാറാവുകയും ചെയ്തു.

രണ്ടാമത്തെ തലവേദന ഇറാഖില്‍ നിന്നായിരുന്നു. ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദീന്‍ ഖല്‍ക് എന്ന സംഘടന മത്സരത്തിന്റെ ഏഴായിരം ടിക്കറ്റ് സ്വന്തമാക്കിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ ഫിഫയെ അറിയിച്ചു. ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനായിരുന്നു ഈ സംഘടനയുടെ പിന്‍ബലം. 42,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ ഏഴായിരം പേര്‍ വലിയ സംഘമായിരുന്നു. മത്സരം അലങ്കോലപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും സംഘമായല്ല, ഒറ്റയൊറ്റയായാണ് അവര്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൂചന നല്‍കി. ഇവരുടെ ഫോട്ടോ വെച്ച് കണ്ടുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ചെറിയ ചെറിയ ഭാഗങ്ങളാക്കി ഈ സംഘം ബാനറുകള്‍ സ്റ്റേഡിയത്തിലെത്തിച്ചു. എന്നാല്‍ ഇറാനെതിരായ ഇവരുടെ പ്രതിഷേധം ഔദ്യോഗിക ടി.വി ക്യാമറകള്‍ അവഗണിച്ചതിനാല്‍ ലോകമറിഞ്ഞില്ലെന്ന് മസൂദി പറയുന്നു.

1978 നു ശേഷം ആദ്യമായാണ് അത്തവണ ഇറാന്‍ ലോകകപ്പിന് യോഗ്യത നേടുന്നത്. അതിനു ശേഷം അനിശ്ചിതത്വങ്ങളുടെ നൂല്‍പാലത്തിലായിരുന്നു ടീം. മെല്‍ബണില്‍ നടന്ന പ്ലേഓഫില്‍ ഓസ്‌ട്രേലിയയെ നാടകീയമായി തോല്‍പിക്കാന്‍ സഹായിച്ച കോച്ച് വാല്‍ദെയര്‍ വിയേറ രാജി വെച്ചു. പകരം വന്ന തോമിസ്‌ലാവ് ഇവിച ഒരു മാസം പോലും വാണില്ല. ഇറ്റലിയില്‍ നടന്ന ക്യാമ്പില്‍ എ.എസ് റോമാ ക്ലബ് ടീമിനോട് ഇറാന്‍ 1-7 ന് തകര്‍ന്നതോടെ ഇവിച്ചിന് ചുവപ്പ് കാര്‍ഡ് കിട്ടി. പകരം ജലാല്‍ ത്വലബി നിയമിതനായി. അപ്പോഴേക്കും ലോകകപ്പിന് വെറും മൂന്നാഴ്ചയേ ഉണ്ടായിരുന്നുള്ളൂ.

ജലാല്‍ ത്വലബി ഇറാനില്‍ നിന്ന് ജീവിതം തേടി അമേരിക്കയിലേക്കും അവിടെ നിന്ന് ഇറാന്റെ കോച്ചായി ഫ്രാന്‍സിലേക്കുമുള്ള തന്റെ യാത്രയെക്കുറിച്ച് 2018 ലെ ലോകകപ്പിന് മുമ്പ് കൂടുതല്‍ വെളിപ്പെടുത്തി. ഇറാന്റെ ഇന്റര്‍നാഷനല്‍ താരവും ഒളിംപ്യനുമായിരുന്നു അദ്ദേഹം. 1968 ല്‍ ഏഷ്യന്‍ കപ്പ നേടിയ ഇറാന്‍ ടീമംഗമായിരുന്നു. കാല്‍മുട്ടിലെ പരിക്ക് കാരണം ഇരുപത്തേഴാം വയസ്സില്‍ കളി നിര്‍ത്തേണ്ടി വന്നു. പിന്നീട് കോച്ചിംഗിലേക്ക് തിരിഞ്ഞു. താന്‍ കളിച്ചു വളര്‍ന്ന ദറാഇ ക്ലബ്ബില്‍ പരിശീലകനായി പേരെടുത്തു. അപ്പോഴാണ് വിപ്ലവം വന്നത്. അതോടെ ഫുട്‌ബോള്‍ മുരടിച്ചു. കുടുംബവുമൊത്ത് ത്വലബി യു.എ.ഇയില്‍ ജോലി തേടിയെത്തി. അവിടെ നിന്നാണ് അമേരിക്കയിലേക്ക് പോവുന്നത്. ഒരു വര്‍ഷത്തേക്കായിരുന്നു പോയത്. അത് രണ്ടായി, നാലായി, ഇറാന്‍-ഇറാഖ് യുദ്ധം ആരംഭിച്ചതോടെ നാട്ടിലേക്കുള്ള മടക്കം സ്വപ്‌നം മാത്രമായി. ഇപ്പോള്‍ 40 വര്‍ഷം പിന്നിട്ടു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഭാര്യ സീറയുമൊത്ത് ഒരു വെജിറ്റേറിയന്‍ റെസ്റ്ററന്റ് തുടങ്ങി അദ്ദേഹം. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂപ്പുകുത്തുന്ന കാലത്ത് അമേരിക്കയിലെ ജീവിതം എളുപ്പമായിരുന്നില്ല. ത്വലബി ഒറ്റക്കായിരുന്നില്ല. നൂറുകണക്കിന് ഇറാനികള്‍ വിപ്ലവാനന്തരം ഇറാന്‍ വിട്ട് അമേരിക്കയിലെത്തിയിരുന്നു. എന്താണ് അവിടെ പ്രതീക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ. പുതിയ സ്ഥലത്ത്, പുതിയ ആളുകള്‍ക്കിടയില്‍, പുതിയ ഭാഷയില്‍ അവര്‍ പുതുജീവിതം കരുപ്പിടിപ്പിച്ചു.

അപ്പോഴാണ് അദ്ദേഹത്തിന് ഇറാനില്‍ നിന്ന് അപ്രതീക്ഷിതമായി ഒരു വിളിയെത്തുന്നത്. 1998 ലെ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ത്വലബി ടീമിന്റെ കോച്ചായി നിയമിതനായി.

അപ്പോഴേക്കും ഫുട്‌ബോള്‍ രണ്ടാം സ്ഥാനത്തായിക്കഴിഞ്ഞിരുന്നു. രാഷ്ട്രീയക്കളി മൂര്‍ധന്യത്തിലെത്തിയിരുന്നു. അലി ദാഇയും ഖുദാദാദ് അസീസിയും കരീം ബഗേരിയും മെഹ്ദി മെഹ്ദാവികിയയുമൊക്കെ ഉള്‍പ്പെട്ട ആ ഇറാന്‍ ടീം ആരുമായും കിടപിടിക്കാന്‍ പോന്നവരായിരുന്നു. രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കു വേണ്ടി തങ്ങള്‍ അമേരിക്കയെ തോല്‍പിക്കുമെന്ന് ഖുദാദാദ് അസീസി പ്രഖ്യാപിച്ചു. ലോകകപ്പിന് പോവുമ്പോള്‍ തങ്ങള്‍ക്ക് ഒരൊറ്റ ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ എന്നും അത് അമേരിക്കയെ കീഴടക്കലാണെന്നും ക്യാപ്റ്റന്‍ അലി ദാഇ പറഞ്ഞു.

ത്വലബിയും അമേരിക്കന്‍ കോച്ച് സ്റ്റീവ് സിംസനും പത്രസമ്മേളനങ്ങള്‍ക്കെത്തിയത് ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കാനാണ്. പക്ഷെ അവര്‍ നേരിട്ടത് രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയം മിണ്ടിപ്പോവരുതെന്ന് ഫിഫയും അമേരിക്കന്‍ സോക്കര്‍ ഫെഡറേഷനും താക്കീത് നല്‍കിയിരുന്നതായി സിംസണ്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തി. 444 ദിവസം അമേരിക്കന്‍ പൗരന്മാരെ ഇറാനിലെ നയതന്ത്രകാര്യാലയത്തില്‍ ബന്ദികളായതിന്റെ വേദന എനിക്കറിയാം, പക്ഷെ അതൊന്നും മനസ്സിലാക്കാന്‍ മാത്രം പ്രായമുണ്ടായിരുന്നില്ല അമേരിക്കന്‍ കളിക്കാര്‍ക്ക് -സിംസണ്‍ വിശദീകരിച്ചു.

ത്വലബിയുടെ ജീവിതം ആ കളിക്ക് പറ്റിയ പശ്ചാത്തലമായിരുന്നു. എന്നാല്‍ ജന്മനാടായ ഇറാനെ സേവിക്കുന്നതിലും അന്നം നല്‍കിയ അമേരിക്കയെ ആദരിക്കുന്നതിലും തനിക്ക് സന്തോഷമേയുണ്ടായിരുന്നുള്ളൂ എന്ന് ത്വലബി പറയുന്നു.

ലോകകപ്പിന് പുറപ്പെടും മുമ്പ് അമേരിക്കന്‍ കളിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സുരക്ഷാ സജ്ജീകരണങ്ങളെക്കുറിച്ച വിശദമായ വിശദീകരണം നല്‍കി. ടീമിന്റെ ട്രയ്‌നിംഗ് സെഷനുകളിലും ഹോട്ടലിലും മഫ്തിയില്‍ സുരക്ഷാ സേന റോന്തു ചുറ്റി.
അമേരിക്കയെ നേരിടും മുമ്പ് ലോകകപ്പില്‍ യൂഗോസ്ലാവ്യയുമായി ഇറാന് മത്സരമുണ്ടായിരുന്നു. യൂഗോസ്ലാവ്യക്കെതിരെ സമനിലയെങ്കിലും നേടി ആത്മവിശ്വാസം നിലനിര്‍ത്താമെന്നാണ് ഇറാന്‍ കരുതിയത്. എന്നാല്‍ ഒന്നാം ഗോളി അഹമദ് രിസ അബ്ദുല്‍സാദ സസ്‌പെന്റ് ചെയ്യപ്പെട്ടത് ടീമിന് തിരിച്ചടിയായി. പകരക്കാരന്‍ ഗോളി നിമ നാകിസയെ കളി തീരാന്‍ 17 മിനിറ്റ് ശേഷിക്കെ ഫ്രീകിക്കിലൂടെ സിനിസ മിഹായ്‌ലോവിച് അനായാസം കീഴടക്കി. അമേരിക്കക്കും ആദ്യ മത്സരം ആഹ്ലാദകരമായില്ല. ജര്‍മനിയോട് അവര്‍ 0-2 ന് തോറ്റു.
ഇറാനുമായുള്ള മത്സരത്തിന്റെ തലേ ദിവസം യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ അനുരഞ്ജനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. എന്നാല്‍ ടീമുകള്‍ അണിനിരന്നപ്പോള്‍ ഇറാനാണ് ആദ്യ വെടി പൊട്ടിച്ചത്, ആ പ്രയോഗം ശരിയാണെങ്കില്‍. സമാധാനത്തിന്റെ പ്രതീകമായ വെളുത്ത റോസാപുഷ്പങ്ങള്‍ അവര്‍ എതിര്‍ കളിക്കാര്‍ക്ക് സമ്മാനിച്ചു. കൊച്ചു അമേരിക്കന്‍ പതാകകള്‍ ഇറാന്‍ കളിക്കാര്‍ക്ക് സമ്മാനിക്കാന്‍ കൊണ്ടുവന്ന യു.എസ് ടീം അല്‍പമൊന്ന് ഇളിഭ്യരായി. ഇരു ടീമുകളും ഒരുമിച്ചിരുന്ന് ഫോട്ടോയെടുക്കുകയും കളി തുടങ്ങുകയും ചെയ്തു. ഞങ്ങള്‍ ശത്രുക്കളല്ല, പരസ്പരം ആദരിക്കുന്ന ജനതയാണെന്ന സന്ദേശമാണ് ആ ഫോട്ടോ നല്‍കിയതെന്ന് ത്വലബി പറയുന്നു. അഭിമാനകരമായ ചരിത്രമുള്ള ജനതയാണ് ഇറാന്‍. ഞങ്ങള്‍ വന്നത് പൊരുതാനല്ല, കളിക്കാനാണ് -അദ്ദേഹം പറഞ്ഞു.
ആവേശകരമെങ്കിലും മാന്യമായിരുന്നു കളി. കളിക്കളത്തില്‍ ഇറാന്‍ അനുരഞ്ജനമൊക്കെ മാറ്റി വെച്ചു. ഗാലറിയില്‍ ഇറാനായിരുന്നു പിന്തുണയേറെ. എങ്കിലും പലപ്പോഴും അവരുടെ നെഞ്ചിടിപ്പിന് വേഗം കൂട്ടി അമേരിക്കന്‍ പട അപായഭീഷണിയുയര്‍ത്തി. ക്ലോഡിയൊ റയ്‌നയുടെ മാരിവില്ലു പോലെ വളഞ്ഞ ഫ്രീകിക്ക് ബ്രയാന്‍ മക്‌ബ്രൈഡ് മിന്നല്‍പിണരു പോലെ പായിച്ചത് ഇറാന്റെ ക്രോസ് ബാറിനെ ഉലക്കുമ്പോള്‍ കളിക്ക് മൂന്നു മിനിറ്റ് മാത്രമേ പ്രായമായിട്ടുണ്ടായിരുന്നുള്ളൂ. മുപ്പത്തിമൂന്നാം മിനിറ്റില്‍ റയ്‌നയുടെ മറ്റൊരു ഷോട്ടിന് പോസ്റ്റ് തടസ്സം നിന്നു.

അതിന് അമേരിക്ക വില നല്‍കേണ്ടി വന്നു. ഇടവേളക്ക് അഞ്ച് മിനിറ്റ് മുമ്പ് ഹാമിദ് എസ്തിലിയുടെ ഗോളില്‍ ഇറാന്‍ ലീഡ് നേടി. ജവാദ് സറിഞ്ച തൊട്ടുയര്‍ത്തിയ ക്രോസ് ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന എസ്തിലി തല കൊണ്ട് ചെത്തിവിട്ടത് ഗോളി കെയ്‌സി കെല്ലറുടെ മുകളിലൂടെ വലയിലേക്ക് വഴി കണ്ടു. ഇന്നും ആ ഗോളിന്റെ പേരില്‍ പലരും തന്നെ ഓര്‍ക്കാറുണ്ടെന്ന് സമീപകാലത്ത് എസ്തിലി വെളിപ്പെടുത്തി.

ലീഡ് നേടിയതോടെ ഇറാന്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ആക്രമിച്ചു. എണ്‍പത്തിനാലാം മിനിറ്റില്‍ മെഹ്ദി മെഹ്ദാവികിയ ഇറാന്റെ രണ്ടാം ഗോള്‍ നേടി. ആ ഷോട്ട് വലയിലേക്ക് പറക്കുമ്പോള്‍ തെഹ്‌റാനിലെ ആഘോഷത്തിലേക്ക് തിരിച്ചുസഞ്ചരിക്കുകയായിരുന്നു തന്റെ മനസ്സെന്ന് മെഹ്ദാവികിയ പറഞ്ഞു. ബ്രയാന്‍ മക്‌ബ്രൈഡിലൂടെ അമേരിക്ക ലീഡ് കുറച്ചെങ്കിലും ഇറാന്‍ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി.

അവര്‍ ജയിച്ചത് വെറുമൊരു ലോകകപ്പ് മത്സരമായിരുന്നില്ല. ലോകകപ്പ് നേടിയതു പോലെയാണ് ഇറാന്‍ അത് ആഘോഷിച്ചത്. ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ മരണത്തില്‍ മാത്രമേ ഇതിനെക്കാളധികം ഇറാനികള്‍ തെരുവിലിറങ്ങിയിട്ടുണ്ടാവൂ.

അലി ദാഇയും ഖുദാദാദ് അസീസിയും മെഹ്ദി മെഹ്ദാവികിയയുമൊക്കെ ജര്‍മന്‍ ലീഗില്‍ കളിക്കുന്നവരായിരുന്നു. ജര്‍മനിയെ അവര്‍ക്ക് കൈത്തലം പോലെ അറിയാം. ഇറാന്റെ അവസാന മത്സരം ജര്‍മനിയുമായായിരുന്നു. തോല്‍വി ഒഴിവാക്കിയാല്‍ അവര്‍ക്ക് നോക്കൗട്ടിലേക്ക് മുന്നേറാമായിരുന്നു. എന്നാല്‍ ലോതര്‍ മത്തായൂസും ഒലിവര്‍ ബിയറോഫും യൂര്‍ഗന്‍ ക്ലിന്‍സ്മാനും അണിനിരന്ന ജര്‍മനി അവരെ 2-0 ന് തോല്‍പിച്ചു. അമേരിക്കക്കൊപ്പം ഇറാനും മടങ്ങി. ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി. എട്ടു വര്‍ഷം കാത്തിരിക്കേണ്ടി വന്നു ഇറാന് വീണ്ടും ലോകകപ്പ് കളിക്കാന്‍.

ആ മത്സരം കുറച്ചു കാലത്തേക്കെങ്കിലും ഇറാന്‍-അമേരിക്ക ബന്ധത്തില്‍ ഊഷ്മളത കൊണ്ടുവന്നു. ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും അമേരിക്കയില്‍ സൗഹൃദ മത്സരം കളിച്ചു. കളിക്കളത്തിലും പുറത്തും 1998 ലെ ലോകകപ്പ് മത്സരം വലിയ വിജയമായതിനാലാണ് ആ സൗഹൃദ മത്സരം സാധ്യമായതെന്ന് മസൂദി കരുതുന്നു. രാഷ്ട്രീയക്കാര്‍ക്ക് 20 വര്‍ഷം കൊണ്ട് സാധിക്കാത്ത അനുരഞ്ജനമാണ് 90 മിനിറ്റ് കൊണ്ട് കളിക്കാര്‍ സാധ്യമാക്കിയതെന്ന് യു.എസ് ഡിഫന്റര്‍ ജെഫ് അഗൂസ് പറഞ്ഞു.

അമേരിക്കയെ തോല്‍പിച്ചതു കൊണ്ടല്ല ആ വിജയം മഹത്തരമായതെന്നും ഇറാന്റെ ആദ്യ ലോകകപ്പ് വിജയമായതിനാലാണെന്നും ഇറാന്‍ കോച്ച് ത്വലബി അഭിപ്രായപ്പെട്ടു.

പക്ഷെ അത്രയെളുപ്പം അണഞ്ഞുപോവുന്നതല്ല രാഷ്ട്രീയത്തീപ്പൊരി. 2002 ല്‍ തിന്മയുടെ അച്ചുതണ്ടായി ഇറാനെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് വിശേഷിപ്പിച്ചതോടെ ബന്ധം പഴയപടിയായി.

1998 ഓഗസ്റ്റില്‍ ത്വലബി ഇറാന്റെ പരിശീലക സ്ഥാനം രാജി വെച്ചു. രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും നിയമിതനായെങ്കിലും അധികകാലം തുടര്‍ന്നില്ല. പിന്നീട് ഇന്തോനേഷ്യയുടെയും സിറിയയുടെയും കോച്ചായി. ഇപ്പോഴും അമേരിക്കയില്‍ ജീവിക്കുന്നു. വല്ലപ്പോഴും കുടുംബാംഗങ്ങളെ കാണാന്‍ ഇറാനിലെത്താറുണ്ട്. താന്‍ കളിച്ചു വളര്‍ന്ന, കളി പഠിപ്പിച്ച വഴികളിലൂടെ നടന്നു നോക്കാറുണ്ട്. പക കൊണ്ട് പാലമിട്ട രണ്ട് രാജ്യങ്ങളില്‍ ജീവിക്കുന്നതിന്റെ വേദനയും സുഖവും ആസ്വദിക്കാറുണ്ട്.

Add a Comment

Your email address will not be published. Required fields are marked *