ആപ്പിൾ:
ചോരയും മാംസവും നിറഞ്ഞ ഒരു പഴത്തിന്റെ ഏറ്റവും സുന്ദരമായ പേര് . ആപ്പിൾ മരങ്ങൾക്കും മുറിവുകൾ കൊണ്ട് ജീവിതം തുന്നിയ മനുഷ്യർക്കുമിടയിൽ ജീവിച്ച അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എഴുതുകയാണ് പുതുകഥയിലെ ശ്രദ്ധേയനായ വി.സുരേഷ് കുമാർ
ആപ്പിളിന്
ആ നിറമുണ്ടായത്
വി.സുരേഷ് കുമാർ
മുപ്പത്തിയഞ്ചു വർഷത്തോളം ഇന്ത്യൻ പട്ടാളത്തിൽ അച്ഛൻ ജോലി ചെയ്തിരുന്നു. ഇ എം ഇ യിൽ ഡ്രൈവർ ആയിരിന്നു, അച്ഛൻ.
ഹൈദരാബാദ് ആണ് ഇ എം ഇ യുടെ ആസ്ഥാനം. പട്ടാളത്തിലെ ഇലക്ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം.ഇരുപത്തിയഞ്ചു വർഷം പട്ടാളത്തിൽ സേവനം ചെയ്തൊരാൾ കുറഞ്ഞത് സുബേദാർ റാങ്ക് എങ്കിലും ആകേണ്ടതായിരുന്നു..പക്ഷേ ,എന്റെ അച്ഛൻ പിരിയുമ്പോഴും രണ്ട് മീശ വര മാത്രം ഉള്ള നായ്ക് ആയിരുന്നു.
“അച്ഛൻ എന്താണ് ഒരു ഹവിൽദാർ പോലും ആകാത്തത്….? ”
സ്കൂളിൽ പഠിക്കുന്ന കാലത്ത് ലീവിന് വന്നപ്പോൾ ഞാൻ അച്ഛനോട് ചോദിച്ചു.
“പട്ടാളത്തിൽ ആയാലും നന്നായി പഠിക്കണം, പരീക്ഷ എഴുതണം.
ഓടുകയും, ചാടുകയും, മലക്കം മറിയുകയും അതിലൊക്കെ വിജയിക്കുകയും വേണം.
ഓടുകയും, ചാടുകയും മലക്കം മറിയുന്നതിലും ഞാൻ വിജയിക്കും.
എങ്കിലും,
പരീക്ഷകളിൽ ഞാൻ എപ്പോഴും തോൽക്കും!
അതുകൊണ്ട് മോൻ നല്ലോണം പഠിക്കണം. ഇപ്പോഴേ പഠിക്കാൻ പറ്റൂ..
എത്ര വേണങ്കിലും പഠിച്ചോ… അതുവരെയും ഞാൻ ജോലി ചെയ്യും.”
എന്റെ പഠിത്തമോ, ജോലിയോ എവിടെയും എത്തില്ല എന്ന് ഉറപ്പായപ്പോൾ ആയിരിക്കണം അച്ഛൻ പട്ടാളത്തിൽ നിന്നും ഇറങ്ങിയത്.
നാട്ടിൽ വന്നു കുറച്ചു കാലം ബസും, ലോറിയിലുമൊക്കെ ഡ്രൈവറായി ജോലി ചെയ്തുവെങ്കിലും
അച്ഛനെ പോലൊരു സാധുവിന്, നേർ വഴി മാത്രം ശീലമായൊരാൾക്ക് അധിക ദിവസം മുന്നോട്ട് പോകുവാൻ കഴിഞ്ഞില്ല.
അച്ഛൻ അധികം താമസിയാതെ പിരിഞ്ഞ പട്ടാളക്കാർക്ക് വീണ്ടും ചേരാവുന്ന കണ്ണൂർ ആസ്ഥാനം ആയുള്ള ഡി എസ് സി യിൽ ചേർന്നു.
ഡിഫെൻസ് സെക്യൂരിറ്റി കോർപ്സ്’.
ഇന്ത്യൻ സൈന്യത്തിന്റെ, സൈനിക സ്ഥാപനങ്ങളുടെ കാവൽ ഭടൻമാരാണ് ഡി എസ് സി.
ഏകദേശം പന്ത്രണ്ട് വർഷത്തോളം അവിടെയും അച്ഛൻ പ്രവർത്തിച്ചു.
സിനിമയിലോ, നാടകങ്ങളിലോ സൈനികരെ കാണിക്കുമ്പോൾ ഉള്ള യാതൊന്നും അച്ഛനിൽ ഉണ്ടായിരുന്നില്ല. ഏറക്കുറെ മുഴുവൻ സമയവും അച്ഛൻ നിശബ്ദനായിരിന്നു..
ഒന്നിലും അച്ഛന് ഞങ്ങൾ മക്കളോടോ, വീട്ടിലോ അടിച്ചേൽപ്പിക്കലോ, വേണ്ടാത്ത കൃത്യ നിഷ്ഠയോ ഉണ്ടാക്കിയില്ല…
മദ്യപിച്ചു കഴിഞ്ഞാൽ മാത്രമായിരിന്നു അച്ഛൻ തമാശ പറയുന്നതും, ചിരിക്കുന്നതും.
മദ്യപിച്ച അച്ഛൻ ശരിക്കും ഒരു കുട്ടി ആയിരിന്നു .ഏറ്റവും അടുത്ത കൂട്ടുകാരനായ അച്ഛൻ
ആ സമയം ചിലപ്പോൾ അച്ഛന്റെ കുട്ടി ക്കാലത്തേയും, പട്ടാളത്തിലെയും ജീവിതത്തിലെയും മോശം അനുഭവങ്ങൾ പറയുമായിരുന്നു.
ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്തതിനാൽ ആദ്യകാലങ്ങളിൽ തീവണ്ടി യാത്രകൾക്കിടയിലും ജോലി സ്ഥലങ്ങളിലും
സംഭവിച്ച ദുരിതങ്ങളും ദുരന്തങ്ങളും അപകടങ്ങളും പരിഹാസങ്ങളും പറയും..
വീട്ടിലെ ദുരിതവും, ദാരിദ്ര്യവും പഠിക്കാൻ പറ്റാത്ത വിധത്തിൽ ആയിരിന്നു എന്ന് ഞങ്ങളെ കുറഞ്ഞ വാക്കുകളിൽ ഓർമിപ്പിക്കും.എന്നിട്ട് ,അവസാനം മക്കൾ നന്നായി പഠിക്കണം എന്ന് ഒരിക്കൽ കൂടി സ്നേഹത്തോടെ സമ്മതിപ്പിക്കും.
എട്ടാം ക്ലാസിൽ അച്ഛൻ പഠിത്തം നിർത്തിയിരുന്നു.. പഠിക്കുന്ന കാലത്തു തന്നെ സ്കൂളിൽ പോകാതെ പലതരം പണികൾക്ക് പോയി.
തളിപ്പറമ്പ് മീൻ മാർക്കറ്റിൽ
ജാതി (തേക്കിൻ ഇല) ചപ്പ് പറിച്ചു വിറ്റത്.
പുഷ്പഗിരിയിലെ ആടുകൾക്ക് പ്ലാവില കൊണ്ട് വിറ്റത്..
പാട്ടക്കാരോടൊപ്പം അവർ പറിച്ചിടുന്ന തേങ്ങ, അടയ്ക്ക പെറുക്കി കൂട്ടാൻ പോയത്…
ആലക്കോട്ടെ റബ്ബർ തോട്ടത്തിൽ കിളക്കാനും കാടു പറിക്കാനും പോയത്….
ഇങ്ങനെ അച്ഛൻ പറയുന്നത് കേട്ടിരിക്കുമ്പോൾ, അന്ന് അച്ഛൻ പറഞ്ഞത് ഇപ്പോൾ വീണ്ടും ഓർക്കുമ്പോൾ കരച്ചിൽ വന്നു പോകുന്ന അനുഭവങ്ങൾ ആയിരിന്നു. എല്ലാം ഒരു കാലത്തിലെ ജീവിതവും, യാതനകളും, ദാരിദ്ര്യവും, നിസ്സഹായതകളും മുഴുവൻ ഏറ്റവും കുറഞ്ഞ വാക്കുകളിൽ അച്ഛൻ പറഞ്ഞു തീർക്കും.
അച്ഛൻ ഒരു കാലത്തും സങ്കടങ്ങൾ പുറമെ കാണിക്കാത്ത ഒരാൾ ആയിരിന്നു.
എന്നിട്ട് ഇങ്ങനെ പറഞ്ഞു അവസാനിപ്പിക്കും:
“ഇതൊന്നും എനിക്ക് മാത്രം അല്ല. അന്നത്തെ ഒട്ടുമിക്ക ആൾക്കാരുടെയും അവസ്ഥ ആണ്.
എന്നിട്ടും അതിൽ ചിലർ നന്നായി പഠിച്ചു, വലുതായി!”
അച്ഛന്റെ സുഹൃത്തുക്കൾ ആയിരുന്ന ചിലരുടെ പേരുകൾ ഞങ്ങൾക്ക് പറഞ്ഞു തരും.
“അവരുടെ ഒക്കെ അവസ്ഥ എന്നെ ക്കാളും മോശം ആയിരിന്നു.
പക്ഷേ, അവർ നന്നായി പഠിച്ചു ഇപ്പൊ വലിയ ഉദ്യോഗത്തിൽ ആയി.. ”
കീഴാറ്റൂർ ആയിരിന്നു അച്ഛന്റെ നാട്.
ഏതൊരു കീഴാറ്റൂർകാരന്റെയും ഉള്ളിൽ വിരിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റ് ബോധം മരിക്കുന്നത് വരെയും അച്ഛന്റെ ഉള്ളിലും യാതൊരു പോറലും ഏൽക്കാതെ എന്നാൽ അത്രയൊന്നും ആരെയും ബോധ്യപ്പെടുത്താതെയും, കാണിക്കാതെയും നില നിന്നിരുന്നു.
ഇടത് ബോധം എന്നത് ഒരു മനുഷ്യ ബോധം ആണെന്ന് എന്നെ പഠിപ്പിച്ചതും അച്ഛൻ ആണ്…
ആരുമില്ലാത്തവരെ കൈ പിടിക്കാൻ അന്നും ഇന്നും അവർ മാത്രമേ ഉണ്ടാകൂ എന്ന് ഇലക്ഷന് വോട്ട് ചെയ്യാൻ പോകുമ്പോൾ അച്ഛൻ അമ്മയോട് പറയുന്നത് ഞാൻ കേട്ടിരുന്നു…
(പട്ടാളക്കാരൻ ആയതു കൊണ്ട് നീണ്ട കാലം അച്ഛൻ വോട്ട് ചെയ്തിരിന്നില്ല)
സംഘർഷഭരിതമായിരുന്നു അച്ഛന്റെ ജീവിതം.
വീട്, കുടുംബം ഓരോ പ്രശ്നങ്ങൾ അതിങ്ങനെ ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന നിലയിൽ എന്റെ പത്തു പതിനഞ്ചു വർഷവും അച്ഛന്റെ പത്തിരുപതിയഞ്ചു വർഷങ്ങളും അശാന്തിയിലാക്കി.
പട്ടാള ജീവിതത്തിന്റെ ഇരുപതു ഇരുപത്തിയഞ്ചു വർഷങ്ങളും അങ്ങനെ തന്നെ ആയിരിന്നു.
അച്ഛൻ മൂന്നു നാലു വർഷം പഞ്ചാബിൽ ആയിരിന്നു. ആ കാലം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോംബ് സ്ഫോടനങ്ങൾ, കലാപങ്ങൾ പഞ്ചാബിൽ ആയിരിന്നു..
സുവർണ ക്ഷേത്ര ആക്രമണം, സിഖ് കൂട്ടക്കൊല ഇതൊക്കെ പഞ്ചാബിനെ ഏറ്റവും മോശം സ്ഥലം ആക്കി തീർത്തു.
അച്ഛന്റെ കത്ത് ഒരാഴ്ച്ച കിട്ടാതിരുന്നാൽ അമ്മ കരച്ചിൽ തുടങ്ങും… ഞങ്ങളും കരച്ചിലിൽ ആകും.
അതിനു ശേഷം ആസ്സാമിൽ അപ്പോഴേക്കും ആസ്സാം ഇന്ത്യയിലെ ഏറ്റവും അകെലെയും എപ്പോഴും അക്രമങ്ങൾ അരങ്ങേറുന്നതും ആയ ഒരു ഭൂപ്രകൃതി ആയി… രാവിലെ ഞാൻ വായനശാലയിലേക്ക് ഓടും ,പത്രം നോക്കും….
പഞ്ചാബിൽ നടക്കുന്നത് ഒന്നും വായിക്കാതെ ആസ്സാമിൽ എന്തെങ്കിലും സംഭവിച്ചുവോ എന്ന് മാത്രം നോക്കും…
ഏതെങ്കിലും മന്ത്രിമാർ ,രാഷ്ട്രീയക്കാർ അവിടുത്തെ കലാപകാരികളുമായി ചർച്ച തുടങ്ങുന്നു എന്ന് വായിക്കുമ്പോൾ ഉള്ളിൽ ചെറിയൊരു ആശ്വാസം പടരും..
സ്കൂളിൽ ചെന്നു ഇന്ത്യയുടെ മാപ്പിൽ പോലും അത്രയും വിദൂരത്തുള്ള ആസ്സാമിനെ ആശങ്കയോടെയും വേദനയോടെയും ദു:ഖത്തോടെയും നിരാശയോടെയും ഞാൻ നോക്കിയിരിക്കും.
“ആ മലനിരകളിലോ താഴ്‌വാരങ്ങളിലൊ എവിടെയെങ്കിലും എന്റെ അച്ഛനെ ഒരു പോറലും ഏൽപ്പിക്കാതെ സംരക്ഷിക്കണേ ദൈവമേ ” എന്ന് ഞാൻ ആരും കേൾക്കാതെ മൂന്നു വട്ടം പ്രാർത്ഥിക്കും…
ഓർമകളുടെ പല തരം മുറികൾ ജീവിതത്തിലുണ്ടെങ്കിലും, ഓർമ്മ വാതിലുകൾ തുറന്ന് വിശ്രമ ജീവിതം അച്ഛൻ ആഗ്രഹിച്ചില്ല. അവസാനം നാട്ടിൽ നിന്നാൽ ഇനി രക്ഷയില്ല എന്ന് അച്ഛനും തോന്നി. കാണും പാതിയിൽ നിന്നു പോയ വീട് പണി, അവിടെയും ഇവിടെയും കണ്ടവും, മുണ്ടവും ആയി മുറിഞ്ഞും, തറിഞ്ഞും കിടക്കുന്ന മേടിക്കാൻ ബാക്കിയുള്ള സ്ഥലങ്ങൾ….
അച്ഛൻ ഡി എസ് സി യിൽ ചേർന്നത് അങ്ങനെയാണ്.
റിട്ടയർ ചെയ്ത് ആറു മാസത്തിനുള്ളിൽ ആയതിനാൽ പെട്ടെന്ന് ചേരാൻ പറ്റി’ (അല്ലെങ്കിൽ അച്ഛൻ വരുമ്പോഴേ ഇങ്ങനെ ഒരു ഓപ്ഷൻ സെലക്ട് ചെയ്ത് വെച്ചു കാണും… അറിയില്ല.)
അഞ്ചെട്ടു മാസത്തിനുള്ളിൽ ആദ്യ പോസ്റ്റിങ് വന്നു.
കശ്മീർ ബാരമുള്ള സൈനിക ക്യാമ്പ്!
പഞ്ചാബിലെയും ആസ്സാമിലെയും പ്രശ്നങ്ങൾ ഒരു വിധം അവസാനിച്ചിരുന്നു.എന്നാൽ കാശ്മീരിൽ പ്രശ്നങ്ങൾ ഇല്ലാതെ ഒരു മണിക്കൂർ പോലും പൂർത്തിയാക്കാത്ത ദിവസങ്ങളും , കാലങ്ങളും ആയിരിന്നു അന്ന് .
പാതിയിൽ പണി തീർന്ന വീട് വലിയൊരു ഗർത്തം പോലെ എനിക്ക് തോന്നി.
എങ്ങും നിശബ്ദത.
ഒരിക്കലും കരഞ്ഞു കാണാത്ത അച്ഛൻ അന്ന് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കരയുന്നു.
ഒരിക്കലും റെയിൽവേ സ്റ്റേഷൻലേക്ക് എന്നെയോ അമ്മേയെയോ യാത്ര അയക്കാൻ കൂട്ടാത്ത അച്ഛൻ ‘നിങ്ങളും വന്നോ ‘ എന്ന് ആദ്യമായി പറയുന്നു..
തീവണ്ടിയിലേക്ക് കയറുമ്പോൾ അച്ഛൻ എന്നെ ചേർത്ത് പിടിച്ചു തലയിൽ ചുംബിച്ചു.
തീവണ്ടി കണ്ണൂർ സ്റ്റേഷനിൽ നിന്നും മെല്ലെ നീങ്ങി
അച്ഛനെ അമ്മ തീവണ്ടി പോകുന്നു എന്നും പറഞ്ഞു എന്നിൽ നിന്നും വലിച്ചു.
അച്ഛൻ തീവണ്ടിയിലേക്ക് ഓടിക്കയറി.
“ഞങ്ങളോട് പോയ്ക്കോ – ‘ എന്നും പറഞ്ഞു കൈ വീശി…
ഒരു മാസത്തിനു ശേഷം ആണ് അച്ഛന്റെ കത്ത് വരുന്നത്.
അന്നൊക്കെ ഒരു പട്ടാളക്കാരന് പോലും കാശ്മീരിൽ എത്താൻ പത്തോ, ഇരുപതോ ദിവസം വേണം.
ഞാൻ നിത്യവും രാവിലെ വായനശാലയിലേക്ക് ഓടി.
കാശ്മീരിൽ നിന്നുള്ള വാർത്തകൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.
അമ്മ റേഡിയോവിലെ ഏറ്റവും രാവിലെത്തെയും ദിനത്തിലെ അവസാനത്തെയും വാർത്ത കേൾക്കാൻ റേഡിയോ ചെവിയോട് ചേർത്തു പിടിച്ചു.
ജന്മനാ ഉള്ള അമ്മയുടെ നെഞ്ച് വേദനയോടൊപ്പം വിഷാദവും പിടി മുറുക്കി.
ഏറ്റവും പ്രിയപ്പെട്ട ഒരാൾ മരണപ്പെട്ടത് പോലെ ചില ദിവസങ്ങളിൽ ഉറക്കത്തിൽ അമ്മ ഞെട്ടി എഴുന്നേറ്റു.
ഒരു വർഷത്തിന് ശേഷം അച്ഛൻ നാട്ടിലേക്ക് വന്നു.
ഇച്ചിരി കറുപ്പ് നിറമുള്ള അച്ഛൻ കറുത്ത് കരുവാളിച്ചു പോയിരുന്നു.
തല മുഴുവൻ മൊട്ട അടിച്ചിരിക്കുന്നു.
പതിവില്ലാത്ത വിധം അച്ഛൻ തലയിൽ തൊപ്പിയും വച്ചിരുന്നു ‘
സൂക്ഷിച്ചു നോക്കിയപ്പോൾ തലയിൽ നീളത്തിൽ ഒരു മുറിവ് തലങ്ങനെയും വിലങ്ങനെയും തുന്നി കെട്ടിയതിന്റെ കുറെ അധികം പാടുകളും ….
അച്ഛനെ കണ്ടതും അമ്മ കരച്ചിലോട് കരച്ചിൽ…
അതു വീണു പൊട്ടിയത് ആണെന്ന് മാത്രം അച്ഛൻ ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു..
അത് എങ്ങനെ സംഭവിച്ചതാണ് എന്ന് പിന്നീട്
ഒരിക്കലും
അച്ഛൻ പറഞ്ഞുമില്ല! മുറിവുകളുടെ വാതിൽ ഞങ്ങളായി തുറക്കാൻ നിർബ്ബന്ധിച്ചുമില്ല!
അച്ഛൻ കൊണ്ടു വന്ന വലിയ ബാഗ് ഇറയത്തിലേക്ക് ഇറക്കി
ഞങ്ങൾ ബാഗ് ആവേശത്തോടെ തുറന്നു’
മിഠായി ,ജിലേബി എന്നിവയ്ക്കായി പരതി.
പണ്ടൊരിക്കൽ കൽക്കത്തയിൽ നിന്നും വന്നപ്പോൾ സ്പോഞ്ച് പോലെ വെളുത്ത ഉള്ളിൽ ജെൽ പോലെ മധുര നീര് നിറഞ്ഞ ഒരു വിഭവം കൊണ്ട് വന്നതിന്റെ ഓർമയും, രുചിയും, മണവും എന്നിൽ നിറഞ്ഞു.
ബാഗിൽ എന്റെ കൈ
തക്കാളി കൂടു പോലുള്ള ഒരു പെട്ടിയിൽ തറഞ്ഞു
ഞാനത് പുറത്തേക്ക് വലിച്ചു.
ഭയങ്കര ഭാരം.
അസാധ്യ മണം പുറത്തേക്ക് വ്യാപിക്കുന്നു .
പെട്ടെന്ന് ആ വലിയ തക്കാളി കൂട് ഞങ്ങൾ കത്തിയാളും കത്തിയും ഒക്കെ കൊണ്ട് ഇളക്കി മറിച്ചു..
ഉള്ളിൽ നിറയെ പുല്ലും, കടലാസും…. വീണ്ടും മണം കൂടി കൂടി വരുന്നു
വളരെ മിനുസവും മൃദുലവും ആയ മഞ്ഞയും നേരിയ ചുവപ്പും പുരണ്ട മഞ്ഞിന്റെ തണുപ്പ് പുരണ്ടത് പോലുള്ള ആപ്പിളുകൾ…
ഉള്ളത് പറയാമല്ലോ, അതിനു ശേഷം ഇന്നുവരെയും അത്രയും രുചിയോ, മണമോ ഉള്ള ആപ്പിൾ ഞാൻ തിന്നിട്ടില്ല…
കുറച്ചൊക്കെ സ്കൂളിലേക്കും ഞാൻ കൊണ്ട് പോയി
പെട്ടിയിലെ ആപ്പിൾ തീരുന്നതിനും മുന്നേ അച്ഛന്റെ ലീവ് തീർന്നു.
നൽപ്പത്തിയഞ്ചു ദിവസത്തിലെ ലീവിൽ ഇരുപത്തിരണ്ട് ദിവസം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രയിൽ തീർന്നു പോകും….
ഇപ്രാവശ്യം നിങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് വരേണ്ട എന്ന് അച്ഛൻ ഉറപ്പിച്ചു പറഞ്ഞു ‘
കുറെ കൂടി മുതിർന്ന എന്നെ ചേർത്ത് പിടിച്ചു “അമ്മയെയും അനുജത്തിയെയും അനുജനെയും നോക്കണം” എന്ന് പറഞ്ഞു.
പഠിക്കുന്നില്ലെങ്കിൽ എന്തെങ്കിലും പണി പഠിക്കണം എന്ന് ഉപദേശിച്ചു.
എന്നിട്ട് എന്നെ കുറച്ചു ദൂരെ മാറ്റി പറഞ്ഞു… ഞങ്ങളുടേത് ഒരു സെക്യൂരിറ്റി ജോലി ആണ്
ശത്രുക്കൾ ഏറ്റവും ഉന്നം വെക്കുന്ന ഒന്നിലാണ് ഞങ്ങളുടെ കാവൽ…
കശ്മീരിലെ ആപ്പിൾ എന്ന് പറഞ്ഞാൽ കുറെ ഒക്കെ പട്ടാളക്കാരുടെ ചോരയും ബാക്കി അവിടുത്തെ സാധാരണ പാവം മനുഷ്യരുടെ മജ്ജയും,മാംസവും കൂടി ആണ്…
ആപ്പിൾ മരങ്ങൾക്കും, തോക്കുകൾക്കും മാത്രമേ കാശ്മീരിൽ കുറച്ചെങ്കിലും ജീവനും വിലയും ഉള്ളൂ….
ബാക്കിയുള്ള ഞാനും മറ്റു മനുഷ്യരും ഒന്നുകിൽ എന്നോ മരിച്ചവരോ അല്ലെങ്കിൽ ഉടനെ മരിക്കേണ്ടവരോ മാത്രവും!
ആരായിരുന്നു അച്ഛൻ എന്ന് ചോദിച്ചാൽ ഒന്നും എഴുതാതെ പോയ ഒരു എഴുത്തുകാരനും
തീരെ പറയാതെ പോയ ഒരു പ്രഭാഷകനും ആയിരിന്നു എന്ന് മാത്രം ആണ് എനിക്കിപ്പോൾ, അച്ഛനില്ലാത്തപ്പോൾ തോന്നുന്നത്.
Add a Comment