muneer

ഓണപ്പതിപ്പ് 2022

പ്രിയ വായനക്കാരെ,

റീഡ് വിഷൻ ഇൻ വെബ് മാഗസിൻ ഓണപ്പതിപ്പ് സന്തോഷത്തോടെ പുറത്തിറക്കുന്നു. മുഖ്യധാരാ മാധ്യമങ്ങൾ ഓണം വായനയുടെ ഭാഗമായി ഓണപ്പതിപ്പിറക്കുക എന്നത് നമ്മുടെ സാംസ്കാരിക സർഗാത്മക ജീവിതത്തിൻ്റെ ഭാഗമായി മാറിയിട്ട് ഏറെ വർഷങ്ങളായി. ഓൺലൈൻ മീഡിയകളിലേക്ക് പ്രധാനപ്പെട്ട മാധ്യമങ്ങൾ തന്നെ ചുവടുമാറ്റുമ്പോൾ, അത് ഏറെക്കുറേ പൂർത്തിയായി, ഇനിയുള്ള കാലം ഓണം വായനകളും, ഓൺലൈൻ / വെബ് മാഗസിൻ വെളിച്ചത്തിലായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിൻ്റെ പ്രധാനപ്പെട്ട ചുവടുവെപ്പായിരുന്നു, കഴിഞ്ഞ ഓണത്തിന് റീഡ് വിഷൻ വായനക്കാരിലെത്തിച്ച ഓണപ്പതിപ്പ്. അത് ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി.

ഈ വർഷവും ഒട്ടും നിരാശപ്പെടുത്തുന്നില്ല. മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രൻ എഴുതുന്ന ആത്മകഥാപരമായ ബാല്യവും, ആ ഓർമ്മകൾ ഒലിവ് ബുക്സ് പുറത്തിറക്കുമെന്ന് കൂടി ഈ സന്ദർഭത്തിൽ ഓർമിപ്പിക്കട്ടെ, എസ്.ശാരദക്കുട്ടി എഴുതിയ തികച്ചും വ്യക്തിപരമായ ഏകാന്താനുഭവങ്ങളും, കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സഹവാസ അനുഭവങ്ങൾ ഓർമിക്കുന്ന പരിസ്ഥിതി നായകൻ ടി.പി.പത്മനാഭൻ മാഷിൻ്റെ സഹവാസം എന്ന ലേഖനവും, മാർക്സിസ്റ്റ് പരിസ്ഥിതി ദർശനവും അതിൻ്റെ വക്താക്കളെ എങ്ങനെയാണ് സ്റ്റാനിലിൻ ഉന്മൂലനം ചെയ്തത് എന്നത് ശ്രദ്ധേയമായി അവതരിപ്പിക്കുന്ന വി.സി.ബാലകൃഷ്ണൻ്റെ ലേഖനവും, വായനക്കാരിൽ ചിന്തയുടെയും ഓർമകളുടെയും കനപ്പെട്ട രേഖകളായിരിക്കും. പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ വിനോയ് തോമസ് എഴുതിയ കഥ ഈ വർഷവുമുണ്ട്. പുതിയ തലമുറയിലെ എഴുത്തുകാരെ വെച്ചു മാത്രം ഒരു കഥാപതിപ്പും ഞങ്ങൾ ആലോചിക്കുന്നു. ബിജു പുതുപ്പണം, ബാസില ഫാത്തിമ തുടങ്ങിയ പുതുനിര വേറെയുമുണ്ട്.

റീഡ് വിഷൻ പുറത്തിറക്കിയ ഓണപ്പതിപ്പുകൾ പുസ്തക സ്നേഹികളായ വായനക്കാർക്കു വേണ്ടി, പ്രസിദ്ധീകരിക്കാനുള്ള ആലോചനയുമുണ്ട്.

അപ്രതീക്ഷിതമായി ചെയ്യുന്ന മഴയ്ക്കിടയിലും ഹൃദ്യമായ ഓണമാഘോഷിക്കാൻ കാലവും കാലാവസ്ഥയും തെളിയുമെന്ന പ്രതീക്ഷയോടെ,

ഡോ. എം.കെ.മുനീർ
മാനേജിങ്ങ് എഡിറ്റർ,
റീഡ് വിഷൻ.

Add a Comment

Your email address will not be published. Required fields are marked *