vatakkan

വടക്കന്‍ മണ്ണടരുകള്‍ പറയുന്നത്

വെള്ളിക്കോത്ത് വായനശാലയിലേക്കു പോകാന്‍ കോട്ടയ്ക്കലില്‍ നിന്നും മുരളി എന്നെ കൂട്ടു വിളിച്ചപ്പോള്‍ തന്നെ ഒക്റ്റോബര്‍ മാസത്തെ ഈ ആദ്യ ഒഴിവുദിനം ഞാന്‍ മാറ്റിവെച്ചിരുന്നു. ഗാന്ധിജിയുടെ നൂറ്റി അമ്പതാമത് ജന്മവാര്‍ഷികദിനം.

ഗാന്ധിയും ജയന്തിയുമൊക്കെ ഇനിയെത്ര കാലം എന്ന് ഒരു ഉറപ്പുമില്ല. രാവിലെ പത്രം കണ്ടതിന്റെ ഞെട്ടല്‍ ഒട്ടും വിട്ടു മാറിയിരുന്നില്ല.

1927 ഒക്റ്റോബര്‍ 26 നായിരുന്നു ഗാന്ധിജി ഈ വടക്കന്‍ റെയില്‍പ്പാതയിലൂടെ മംഗലാപുരത്തേക്ക് പോയത്.  അത് മഹാത്മാവിന്റെ മൂന്നാമത്തെ കേരള   സന്ദര്‍ശനമായിരുന്നു. സ്വാതന്ത്ര്യബോധമുള്ള മുഴുവന്‍ യുവാക്കളെയും ഇളക്കിമറിച്ച ആ യാത്രയെ അത്രയും തീക്ഷ്ണമായ ഒരു വൈകാരികാനുഭവമാക്കിത്തീര്‍ത്തത്  അവര്‍ പാടി നടന്ന ഒരു ദേശസ്നേഹഗീതത്തിന്റെ ഊര്‍ജ്ജമാണ്.

‘നാളെയാണല്ലോ നമ്മള്‍ നാള്‍ വരെയും കാത്ത
നാനാ ഫല പുണ്യ പൂര്‍ണ്ണ ദിനം
നാളെയാണീ നാട്ടില്‍ ഗാന്ധിജി തന്‍ തൃക്കാല്‍
ത്താരിണപ്പാടണിപ്പൊന്നുല്‍സവം
അമ്മഹാത്മാവിനെ സ്വാഗതം ചെയ്യുവാന്‍
നന്മണിപ്പൂമേട വേണ്ട വേണ്ട
നന്മലര്‍പ്പന്തലും വാദ്യവും ഘോഷവും
തോരണവുമൊന്നും വേണ്ട വേണ്ട
ലക്ഷോപലക്ഷം ദരിദ്രനാരായണര്‍
ഇക്ഷിതിയില്‍ വെറുംപട്ടിണിയില്‍
കണ്ണും ചെകിടുമടഞ്ഞു കിടക്കുമ്പോള്‍
വന്‍ വെടിക്കെട്ടുകളാരു കേള്‍ക്കും?’

ചെറുവത്തൂര്‍,നീലേശ്വരം,കാഞ്ഞങ്ങാട് പ്രദേശത്തെ സ്വാതന്ത്ര്യദാഹികളായ ചെറുപ്പക്കാരെല്ലാം നടന്നു കാല്‍ വിണ്ടുകീറിയിട്ടും നിര്‍ത്താതെ പാടി നടന്ന ഈ വരികള്‍ എഴുതിയ മനുഷ്യന്റെ, വിദ്വാന്‍ പി കേളു നായരുടെ നാട്ടിലേക്കാണ് കോട്ടയ്ക്കല്‍ മുരളിയുടെ എനിക്കൊപ്പമുള്ള ഈ യാത്ര.നടനും സംവിധായകനും സംഗീതജ്ഞനുമാണ് മുരളി.  വെള്ളിക്കോത്തെക്കുള്ള ഓരോ യാത്രയും ഒരുനാടകക്കാരന് തീര്‍ത്ഥ യാത്രയാണ് .ഏതു നാടകത്തിന്റെയും ക്ലെമാക്സിനെ വെല്ലുന്ന ഒരു അന്ത്യ രംഗം സ്വന്തം ജീവിതത്തിന് എഴുതിച്ചേര്‍ത്ത കേളു നായര്‍ എന്ന മഹാ നാടകകൃത്തിന്റെമണ്ണിലേക്കുള്ള യാത്ര.

പയ്യന്നൂരില്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്താനാണ് മുരളിയോടു ഞാന്‍ പറഞ്ഞിരുന്നത്. ഞാന്‍ അവിടെയെത്താന്‍ അല്‍പ്പം വൈകി. അപ്പോഴേക്കും മുരളിയുടെ കോള്‍.

‘ദാ..പയ്യന്നൂര്‍ എത്തിയെന്നുതോന്നുന്നു. ഇവിടെ ഒരു പീടികേടെ മുന്നില്‍ നിര്‍ത്തിയിട്ടുണ്ട്.’

‘ഞാന്‍ അഞ്ചു മിനുട്ട് കൊണ്ട് എത്തും. പുതിയ ബസ്സ്റ്റാന്‍ഡല്ലേ? അവിടെ ഇറങ്ങി നിന്നാല്‍ മതി’

‘ഏയ്‌ ,ബസ്സ് സ്റ്റാന്‍ഡല്ല.  ഇനി ഇപ്പൊ ഇതാണോ നിങ്ങടെ പുതിയ ബസ് സ്റ്റാന്‍ഡ്? എന്നാപ്പിന്നെ ആ പഴയ ബസ് സ്റ്റാന്‍ഡ് എന്തായിരിക്കും?

പറഞ്ഞു തീര്‍ന്നില്ല ഞങ്ങള്‍ തമ്മില്‍ കണ്ടു. നാടകക്കാര്‍ക്കിടയില്‍ മാത്രം സഹജമായ സഹോദര സ്നേഹമാണ് ഞങ്ങള്‍ക്കൊക്കെയിടയില്‍. പരസ്പരം കണ്ടാല്‍ മാത്രം ഒരു പൂര്‍ണ്ണത വരില്ല. ചേര്‍ത്തു കെട്ടിപ്പിടിച്ച് കൈത്തലത്തിന്റെ ഇളംചൂട്‌ പരസ്പരംകവര്‍ന്ന് ദീര്‍ഘനാളത്തെ കൂടിക്കാഴ്ചകളുടെ അഭാവത്തെ മുഴുവന്‍ നിമിഷ നേരം കൊണ്ട് മറികടന്നു ഞങ്ങള്‍.

‘എന്നാല്‍ നമുക്ക് പുറപ്പെടാം’

‘അതിനു ഒരു ദീര്‍ഘ യാത്രയൊന്നുമല്ലല്ലോ.’  മുരളിക്ക് കുറേ നേരം കൂടി ഒപ്പം സഞ്ചരിക്കണം.

‘അത് നമ്മുടെ തീരുമാനം പോലെയാണ്. ഓരോ തരി മണ്ണിലും കഥകളാണ്. ചരിത്രവും ജീവിതവും കലയും. കണ്ടും കേട്ടും അറിഞ്ഞും പോയാല്‍ ഒരു പാടു നാള്‍ പിടിക്കും. അല്ലെങ്കില്‍ വെറും മുക്കാല്‍ മണിക്കൂര്‍.’ഞാന്‍ പറഞ്ഞു.

‘നമുക്ക് ഒട്ടും ധൃതിയില്ല. ഓരോ ചെറിയ ശബ്ദത്തിനും കാതോര്‍ത്ത്..ഓരോ ഇലയനക്കവും അറിഞ്ഞ്.. ഓരോ ചോര മണവും തിരഞ്ഞ്…മണ്ണിനടിയില്‍ നിന്നുള്ള ഓരോ കരച്ചിലും കേട്ട്.. മുരളി ഒരു കാല്‍ സ്വപ്നത്തിലും മറു കാല്‍ ജീവിതത്തിലും ചവിട്ടി നിന്നു.

കാഞ്ഞാങ്ങാട്ടേക്കുള്ള ബസ്സ് കാത്തു ഞങ്ങള്‍ നിന്ന സ്ഥലം ഒരു താല്‍ക്കാലിക സംവിധാനമാണ്. തൊട്ടു തെക്ക് ഭാഗത്ത് പയ്യന്നുരിന്റെ പുതിയ ബസ് സ്റ്റാന്‍ഡ് സ്ഥലമെടുപ്പുംനികത്തലും കഴിഞ്ഞ് നിര്‍മ്മാണ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഇന്ന് ഏറെക്കുറെ വലിയ നഗരമായ പയ്യന്നൂരിന്റെ വികസനത്തിന് ഭൂമി ശാസ്ത്രപരമായ പരിമിതികള്‍ ഏറെയുണ്ട്. സത്യത്തില്‍ പടിഞ്ഞാറു ഭാഗത്തുള്ള റെയില്‍വേ സ്റ്റേഷനില്‍നിന്ന് കിഴക്കുള്ള കൊക്കാനിശ്ശേരിയിലേക്ക്‌  നടന്നു പോയിരുന്ന ഒരു വയല്‍ വരമ്പു തന്നെയാണ് ആദ്യം ബസാറും പിന്നെ ടൌണും ഒക്കെയായിത്തീര്‍ന്ന പയ്യന്നൂര്‍. അതിന്റെ തുടക്കക്കാര്‍ നാരായണന്‍ എന്നും അനന്തന്‍ എന്നും പേരുള്ള രണ്ടു കൊങ്ങിണിക്കുട്ടികളാണ്. കണ്ണൂര്‍ സിറ്റിയിലെ കൊങ്ങിണി അമ്പലത്തിനടുത്തുള്ള വീട്ടില്‍ നിന്നും 1889ല്‍ കണ്ണൂരിലും പരിസരത്തും അതിരൂക്ഷമായ പ്ലേഗ് രോഗ ബാധയുണ്ടായ നാളുകളില്‍  വീട് വിട്ടിറങ്ങിയവരാണ് ഈ കുട്ടികള്‍. കൂടൊഴിഞ്ഞുപോയ നൂറു കണക്കിനാളുകള്‍ക്കൊപ്പം ഒരു ലക്ഷ്യവുമില്ലാതെ അവര്‍ നടന്നു. ഒരു ചരക്കു തോണിയില്‍ പെരുമ്പപ്പുഴയുടെ തീരത്തു വന്നിറങ്ങിയ അവര്‍ പിന്നെയും ലക്ഷ്യമില്ലാതെ പടിഞ്ഞാറോട്ട്  നടന്നു. ജ്യേഷ്ഠന്‍ അനന്തന്‍ ബീഡി തൊഴിലാളിയും അനുജന്‍ നാരായണന്‍ ചുരുട്ട്‌ തൊഴിലാളിയുമായിരുന്നു . തൊഴിലില്‍ വൈദഗ്ധ്യമുള്ള വിരലുകള്‍ ഒഴികെ മറ്റൊന്നും സ്വന്തമായിട്ടില്ലാത്തവര്‍. ഇളയവന്‍ നാരായണന് അന്നു പതിനാലു വയസ്സായിരുന്നു പ്രായം.  കണ്ണെത്താത്ത നെല്‍ വയലുകളുടെ കരയില്‍ കൊക്കാനിശ്ശേരിയിലെ കരിഞ്ചാമുണ്ടി അറയുടെ പടിഞ്ഞാറ്  നടന്നും അലഞ്ഞും തളര്‍ന്ന കുട്ടികളുടെ കണ്ണുടക്കിക്കിടന്നു. ഇന്നത്തെ പയ്യന്നൂര്‍ സെന്‍ട്രല്‍ ട്രാഫിക്ക് ജംഗ്ഷനടുത്ത് ജന്മിക്ക് മറുപാട്ടം നല്‍കി കുറച്ചു സ്ഥലമെടുത്ത്‌ ഓലയും മുളയും കൊണ്ട് ഒരു പീടിക കെട്ടിയുണ്ടാക്കി ചില്ലറ സാധനങ്ങളുമായി ഒരു പല ചരക്കു കട തുടങ്ങി. പയ്യന്നൂരിന്റെ വാണിജ്യ ചരിത്രം തുടങ്ങുന്നത് ഈ രണ്ടു സഹോദരങ്ങളിലൂടെയാണ്.അതില്‍ അനുജനായ നാരായണന്റെ മകനാണ് പയ്യന്നൂരിലെ ഏറ്റവും ജനകീയനായ നേതാവും എം എല്‍ എ യുമായിരുന്ന സഖാവ് എന്‍.സുബ്രഹ്മണ്യ ഷേണായി. അശോകന്റെ ഉടമസ്ഥതയില്‍ ‘ഷേണായിസ് ബേക്കറി’ എന്ന പേരില്‍ ഇപ്പോഴുമുണ്ട് ആ കട. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം നില കൊള്ളുന്ന

‘പയ്യന്റെ ഊരി’നു ആധുനികമായ ചരിത്രം തുടങ്ങി വെച്ചത്  ആ രണ്ടു കുട്ടികള്‍ ചേര്‍ന്നാണ്.

പിന്നീട് പയ്യന്നൂര്‍ തന്നെ വലിയ ചരിത്രമായിത്തീര്‍ന്നു. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെയും ഗര്‍ഭ ഗൃഹവും പടനിലവുമായി മാറി. പയ്യന്നൂര്‍പാട്ടിന്റെയും പയ്യന്നൂര്‍ കോല്‍ക്കളിയുടെയും പവിത്രമോതിരത്തിന്റെയും നാട്. പൂരക്കളിയും മറുത്ത്കളിയും തെയ്യവും കോതാമ്മൂരിയും കുറത്തിയാട്ടവും നിറഞ്ഞാടിയ മണ്ണ്.

1920മുതല്‍ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യകിരണങ്ങള്‍ വന്നു പതിച്ച നാടാണ് പയ്യന്നൂര്‍. വടക്കന്‍ കേരളത്തില്‍ ഖാദി പ്രസ്ഥാനത്തിന്റെ നൂലിഴകള്‍ ആദ്യം നൂറ്റെടുത്തത് ചൊക്ലിയില്‍ നിന്നും പയ്യന്നൂരില്‍ എത്തിയ സി എച്ച്.ഗോവിന്ദന്‍ നമ്പ്യാരാണ്.. 1920 ആഗസ്റ്റ് 19 നായിരുന്നു മഹാത്മാഗാന്ധിയുടെ ആദ്യ മംഗലാപുരം യാത്ര.അതിന്റെ അലയൊലികള്‍ പയ്യന്നൂരിനെയും സ്വാധീനിച്ചു. 1925ല്‍ അഖില ഭാരത ചര്‍ക്കാസംഘം നിലവില്‍ വന്നതോടെ പയ്യന്നൂര്‍ പ്രധാനപ്പെട്ട ഖാദികേന്ദ്രമായി. പടിപടിയായി ദേശീയപ്രസ്ഥാനത്തിന്റെ കര്‍മ്മ ഭൂമിയും യുദ്ധഭൂമിയുമായിത്തീരുകയായിരുന്നു.

1928 ഫെബ്രുവരി 3നു സൈമണ്‍ കമ്മീഷന്‍ ബഹിഷ്ക്കരണ ദിനം ,1928 മെയ് 25,26,27 തീയ്യതികളില്‍ ജവഹര്‍ലാല്‍ നെഹ്‌റു വിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കോണ്‍ഗ്രസ്സിന്റെ നാലാമത് സംസ്ഥാന രാഷ്ട്രീയ സമ്മേളനം ,1930 എപ്രില്‍ 23മുതല്‍ തുടക്കം കുറിച്ച കെ.കേളപ്പന്റെ നേതൃത്വത്തിലുള്ള പയ്യന്നൂര്‍ ഉപ്പു സത്യാഗ്രഹം..പിന്നീട് മണ്ണിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നടന്ന കര്‍ഷകരുടെയും തൊഴിലാളികളുടെയും സമരങ്ങളുടെ കാലമായി.

കാഞ്ഞങ്ങാട് ബസ്സ് വന്നതും കയറിയതുമെല്ലാം ചരിത്രവും കലയും ജീവിതവും ഇരമ്പിമറിഞ്ഞു കൊണ്ടിരുന്ന ആ നിമിഷങ്ങളില്‍ സത്യമായും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല.

‘ഇതു തന്നെയല്ലേ എ കെ ജി ക്ക് അടിയേറ്റ കണ്ടോത്ത് ക്ഷേത്രം?’ വടക്കോട്ടുള്ള ബസ്സില്‍ വലത്തോട്ടു നോക്കി മുരളി  ഉറപ്പു വരുത്തി.

‘അതെ.ഗുരുവായൂര്‍ സത്യഗ്രഹത്തിനും ഒരു മാസം മുമ്പ് .’

1931 ഒക്റ്റോബര്‍ 4 നു എ കെ ജിയും കേരളീയനും കൂടിയാണ് മാടായി,പഴയങ്ങാടി ഭാഗത്തുള്ള ഒരു കൂട്ടം പുലയരേയും കൂട്ടി കണ്ടോത്ത് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര പ്രവേശനവും അയിത്തോച്ചാടനവും കോണ്ഗ്രസ്സിന്റെ പ്രധാന അജണ്ടയും കര്‍മ്മ പദ്ധതിയുമായിരുന്നു. കണ്ടോത്ത് ക്ഷേത്രക്കാര്‍ ഉലക്കയുമായിട്ടാണ് എ കെ ജി യെയും കേരളീയനെയും കാത്തിരുന്നത്. കടുത്ത ഒരു ആക്രമണമായിരുന്നു അത്. ആളുകള്‍ ചിതറിയോടി. മാരകമായ പരിക്കുകളോടെ എ കെ ജി യെയും കേരളീയനെയും പയ്യന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. പരിക്കുകളുടെ ഗൌരവ സ്വഭാവം പരിഗണിച്ച് പോലിസ് രണ്ടുപേരുടെയും മരണ മൊഴിയെടുത്തു. സംഭവമറിഞ്ഞ് അവരെ കാണാനെത്തിയതാണ്‌ സ്വാമി ആനന്ദ തീര്‍ത്ഥര്‍. പിന്നെ പയ്യന്നൂര്‍ വിട്ടു പോയില്ല. രണ്ടു രൂപയ്ക്ക് ഒരു ചവോക്കിന്‍ കാട് വാടകയ്ക്കെടുത്ത് അവിടെ ഒരു ആശ്രമം തുടങ്ങി.

കോത്തായി മുക്ക് ഇപ്പോള്‍ ടൌണ്‍ ടു ടൌണ്‍ ബസ്സുകള്‍ വരെ നിര്‍ത്തുന്ന സ്റ്റോപ്പാണ്. ഒരു കള്ളന്റെ പേരില്‍ ഒരു ബസ് സ്റ്റോപ്പ് വേറെ എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല. കാഞ്ഞങ്ങാട് ഭാഗത്തേക്കും ചെറുപുഴ ഭാഗത്തേക്കും റോഡ്‌ തിരിയുന്ന ജംഗ്ഷന്‍ ആണ് അത്.അടുത്ത കാലം വരെ കോത്തായി എന്ന നല്ലവനായ കള്ളന്റെ വീട് അവിടെ ഉണ്ടായിരുന്നു.ഇപ്പോള്‍ അത് ഒരു ഷോപ്പിംഗ് കോംപ്ലക്സ് ആണ്. ഒരിക്കല്‍

മോഷണത്തിന് ജയിലിലായ കോത്തായി ശിക്ഷ കഴിഞ്ഞു മടങ്ങി വന്നപ്പോള്‍ വീട്ടു മുറ്റത്തു കൂടി സര്‍ക്കാരിന്റെ റോഡ്‌ വന്നിരുന്നു.ഇപ്പോഴത്തെ എന്‍ എച്ച് 66. കുടത്തിലാക്കി

വീട്ടിനടുത്തെവിടെയോ  അയാള്‍ കഴിച്ചിട്ട പൊന്നും പണവും റോഡ്‌ വന്ന ശേഷം കോത്തായിക്ക് കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. സമനില തെറ്റിയ അയാള്‍ മരണം വരെ കണ്ട ദിക്കിലെല്ലാം കുഴിച്ചു നടന്നിരുന്നതായി പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഞങ്ങളുടെ നാട്ടിലെ വലിയ എഴുത്തുകാരന്‍ സി വി.ബാലകൃഷ്ണന്‍ അടുത്ത കാലത്ത് കോത്തായിയെക്കുറിച്ച് എഴുതിയ കാര്യം അപ്പോള്‍ മുരളി ഓര്‍ത്തു.

വെള്ളൂര്‍ അറകളും കാവുകളും നിറഞ്ഞ നാടാണ്. കണ്ടോത്ത് അറ,കൊട്ടണച്ചേരി അറ,കൊടക്കത്ത് അറ, ആലിന്‍ കീല്‍,

വെള്ളൂര്‍ ഹൈസ്കൂള്‍ നില്‍ക്കുന്നത് തന്നെ ഒരു കാവിലാണ്. കാവില്‍ സ്കൂള്‍ എന്നു തന്നെയാണ് ഇപ്പോഴും നാട്ടുകാര്‍ വിളിക്കുന്നത്. കാവുകളെ ക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ പഠനം ‘ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങള്‍’എഴുതിയത് ഒരു വെള്ളുര്‍ക്കാരനാണ്. ഡോ:ഇ.ഉണ്ണികൃഷ്ണന്‍. നിരൂപകനും നാടകകൃത്തുമായ ഇ.പി.രാജഗോപാലന്‍ ഏറെക്കാലം പഠിപ്പിച്ചതും വെള്ളൂര്‍ സ്കൂളില്‍ തന്നെ..കണ്ണൂരിന്റെയും കാസര്‍ഗോടിന്റെയും പാല്‍ക്കാര്‍ ആണ് വെള്ളൂര്‍ക്കാര്‍. ഇന്ത്യക്ക് ആനന്ദിന്റെ അമൂല്‍ പോലെയാണ് കണ്ണുരിനു വെള്ളൂരും ജനതയും. ജവഹര്‍ പോലെ കേരളമാകെ അറിയപ്പെടുന്ന വായനശാലകള്‍ ,സെന്‍ട്രല്‍ ആര്‍ട്സ് പോലെ ആയിരക്കണക്കിന് അരങ്ങുകളെ കീഴടക്കി ഭരിച്ച നാടക സംഘങ്ങള്‍ ..ഇത്രയും ഉണര്‍വുള്ള ഒരു ജനത ഈ വഴിയില്‍ വേറെയില്ല.

കാവും അറയും മുച്ചിലോട്ടുമെല്ലാം കരിവെള്ളൂരിലേക്കും വടക്കോട്ടും നീളും. വാണിയലത്ത് അറ, പറമ്പത്ത് അറ, പുഴക്കര അറ,കോട്ടൂര്‍ പറമ്പത്ത് ,കരിവെള്ളൂര്‍ മുച്ചിലോട്ട്. എല്ലാം പഴയ ബൌദ്ധ-ജൈന  സംസ്ക്കാരത്തിന്റെ പിന്തുടര്‍ച്ച തന്നെയാവണം.

പക്ഷെ കരിവെള്ളൂരിന് മറ്റൊരു വലിയ പാരമ്പര്യമുണ്ട്. ജന്മി നാടുവാഴിത്തത്തിന്റെ ദണ്ഡനീതിയെ കൊമ്പു കുത്തിച്ച ധീര സമര പാരമ്പര്യം. ബസ്സ്‌ ഇതാ എന്റെ സ്വന്തം മണ്ണില്‍ നിര്‍ത്തിയിരിക്കുന്നു. കരിവെള്ളുരില്‍ ബസ് എത്തുന്നതിനു തൊട്ടു മുമ്പ് ഇടതു വശത്തായി രക്തസാക്ഷി നഗര്‍. അവിടെയാണ് എന്റെ അച്ഛന്‍ ( എ.വി.കുഞ്ഞമ്പു ) ഉറങ്ങുന്നത്. പട്ടിണിയും രോഗങ്ങളും കൊണ്ട് നട്ടം തിരിഞ്ഞ കരിവെള്ളൂരിലെ പാവപ്പെട്ട കൃഷിക്കാര്‍ അവര്‍ അദ്ധ്വാനിച്ചുണ്ടാക്കിയ നെല്ല് കടത്തിക്കൊണ്ടുപോകാന്‍ ചിറക്കല്‍ കോവിലകം എം എസ് പിയുടെ സഹായത്തോടെ എത്തിയപ്പോള്‍ 1946 ഡിസംബര്‍ 20നു എ വിയുടെ നേതൃത്വത്തില്‍ കുണിയനിലെ പുഴക്കരയിലേക്ക് മാര്‍ച്ചു ചെയ്തു തുടങ്ങിയത് ഇവിടെ നിന്നാണ്. കരിവെള്ളൂരിന്റെ തെക്കേ അറ്റത്താണ് സമരഭൂമി.

.പതിയെ പതിയെ ഒരു നാട് സ്വാതന്ത്ര്യബോധത്തിലേക്ക്‌ ഉണരുന്നത്, ജന്മി-നാടു വാഴിത്തത്തിനെതിരെ കൃഷിക്കാര്‍ 1935 മുതല്‍ സംഘടിതരാകുന്നത്, വാരവും പാട്ടവും അക്രമപ്പിരിവുകളും കൊണ്ട് പൊറുതി മുട്ടി പോരാട്ടം തുടങ്ങുന്നത്,ഒടുവില്‍ പ്രതാപശാലികളായ ചിറക്കല്‍ രാജകുടുംബത്തിന്റെ അധികാര-ആയുധബലത്തെ ചോദ്യം ചെയ്ത് കുണിയന്‍വയലില്‍ വെടിയേറ്റും ബയണറ്റ്‌ മുനകളേറ്റും ചോരചിന്തിപ്പിടഞ്ഞു വീഴുന്നത് , ജന്മിത്തത്തിന്റെ അസ്തമന കാലത്തിനു ആരംഭം കുറിക്കുന്നത് എല്ലാം ഈ മണ്ണില്‍വെച്ചാണ്. ആറുവയസ്സിനുള്ളില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു അനാഥ ബാലന്‍ വഴിയോരത്തെ ഒരു കാട്ടുചെടി പോലെ വളര്‍ന്നു വന്ന് ഈ നാടിന്റെ സമര നായകനും ജീവിത നായകനുമായി ഉയരുന്നതിന്റെ കഥകൂടിയാണ്‌ അത്. കലയുടെയും

രാഷ്ട്രീയത്തിന്റെയും സദാ ഉണര്‍വ്വുള്ള കണ്ണുകള്‍ തുറന്നു പിടിച്ചു കാത്തിരിക്കുന്ന ജാഗ്രതയുള്ള ജനതയാണിവിടെ.

‘കൊടക്കാട് ഈ വഴിയില്‍ തന്നെയല്ലേ ?’ കോട്ടയ്ക്കലിലാണ്  ജീവിക്കുന്നതെങ്കിലും ഈ വടക്കന്‍ ദിക്കിന്റെ മുക്കും മൂലയും അറിയാം മുരളിക്ക്…

സുബ്രഹ്‌മണ്യൻ തിരുമുമ്പ്, വിദ്വാൻ പി. കേളുനായർ, എ.സി. കണ്ണൻനായർ

കൊടക്കാട് തൊട്ടടുത്ത സ്ഥലം തന്നെയാണ്. പക്ഷേ ഈ ദേശീയ പാതയില്‍ അല്ലെന്നു മാത്രം. 1939 ല്‍ എന്‍.ജി.രങ്കയും എ.കാമേശ്വര റാവുവും  പങ്കെടുത്ത പ്രസിദ്ധമായ കര്‍ഷക സമ്മേളനം നടന്ന നാട്. കരിവെള്ളൂരിന്റെ സഹോദരഗ്രാമം. ദേവ നര്‍ത്തകന്‍ എന്ന് സംവിധായകന്‍ ജി.അരവിന്ദന്‍ വിശേഷിപ്പിച്ച നര്‍ത്തകരത്നം കണ്ണപ്പെരുവണ്ണാന്റെ മണ്ണ്. 39ലെ കര്‍ഷക സമ്മേളനത്തിലെ പന്തിഭോജനത്തില്‍ പങ്കെടുത്തതിന് പെരുവണ്ണാന് ചിറക്കല്‍ കോവിലകം ശിക്ഷ വിധിച്ചിരുന്നു. പുലര്‍ച്ചെ കുളിച്ച് ഗോമൂത്രത്തില്‍ അരി വേവിച്ചുണ്ടാക്കിയ ഭക്ഷണം മൂന്നു ദിവസം കഴിക്കണമെന്നാണ് ശിക്ഷ.

കരിവെള്ളൂരാണ് കണ്ണൂര്‍ ജില്ലയുടെ വടക്കേ അറ്റത്തെ ഗ്രാമം. ആണൂര്‍ പാലം കടന്നാല്‍ കാസര്‍ഗോഡ്‌ ജില്ലയായി. നീണ്ട വര്‍ഷങ്ങളുടെ ചരിത്രമുണ്ട് ഈ അതിര്‍ത്തിരേഖയ്ക്ക്. ബ്രിട്ടീഷ് മലബാര്‍ തെക്ക് കഞ്ചിക്കോട്ട് മുതല്‍ വടക്ക് കരിവെള്ളൂര്‍ വരെയായിരുന്നു. പഴയ ചിറക്കല്‍ താലൂക്കിന്റെയും പയ്യന്നൂര്‍ ഫര്‍ക്കയുടെയും വടക്കെ അതിര്‍ത്തി ഇതു തന്നെ.

കാലിക്കടവില്‍ ബസ് എത്തിയിരിക്കുന്നു.ഒരു വിളിപ്പാടകലെ ‘ദിശ’ എന്ന വീട്ടില്‍ നമ്മുടെ ഭാഷയിലെ ഏറ്റവും പ്രസിദ്ധനായ എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍ താമസിക്കുന്നു. കേരളത്തിന്റെ വിശ്വശില്‍പ്പിയായ കാനായി കുഞ്ഞിരാമന്റെ തറവാട്ടിലേക്കും അവിടെ നിന്ന് അധിക ദൂരമില്ല. ചിത്രകാരനും ശില്‍പ്പിയുമായിത്തീരാന്‍ കുഞ്ഞുന്നാളില്‍ തന്നെ തീരുമാനിച്ച കുഞ്ഞിരാമന്റെ വഴിയില്‍ അച്ഛനും വീട്ടുകാരും സൃഷ്ടിച്ച എല്ലാ തടസ്സങ്ങളും തട്ടിനീക്കിയാണ് അദ്ദേഹം ‘കാനായി’ എന്ന ലോകമറിയുന്ന ശില്‍പ്പിയായി വളര്‍ന്നത്. യാദൃശ്ചികതകളുടെ ഒരുഘോഷയാത്രയാണ് കാനായിയുടെ ജിവിതം. തൊട്ടടുത്ത ചെറുവത്തുര്‍റെയില്‍വേ സ്റ്റേഷനില്‍ വെള്ളം നിറയ്ക്കുന്നതിനു നിര്‍ത്തിയിട്ട ഒരു പകല്‍ വണ്ടിയില്‍ ആ ദിവസം ഒരു അതി വിശിഷ്ട അതിഥിയുണ്ടായിരുന്നു. ഉത്സാഹിയായ അദ്ദേഹം പ്ലാറ്റ്ഫോമില്‍ ചാടിയിറങ്ങി തൊട്ടടുത്തുള്ള കടയില്‍ വെച്ചിരുന്ന തന്റെ തന്നെ ഒരു പെന്‍സില്‍ സ്കെച്ച്  ചിത്രം എടുത്തു നോക്കി. അത് ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു. ആ ചിത്രം വരച്ചതാകട്ടെ അന്നുകുട്ടിയായിരുന്ന  കാനായികുഞ്ഞിരാമനും.ആ ചിത്രം നെഹ്‌റു ചോദിച്ചു വാങ്ങി. കാനായി ‘യക്ഷി’യും ‘മുക്കോലപ്പെരുമാളും’ ‘മത്സ്യകന്യകയും’ തീര്‍ത്ത മഹാശില്‍പ്പിയായി പിന്നീട് വളര്‍ന്നു.

പിലിക്കോട് കടന്നാല്‍ ചെറുവത്തൂര്‍. തിരുമുമ്പിന്റെയും മഹാകവി കുട്ടമത്തിന്റെയും മണ്ണ് .കവിതയെഴുതിയതിന്റെ പേരില്‍ കേരളത്തില്‍ ആദ്യമായി ജയിലില്‍ കിടന്ന കവിയാണ്‌ സുബ്രഹ്മണ്യന്‍ തിരുമുമ്പ്.അതും സ്വാതന്ത്ര്യത്തിനു വേണ്ടി തുടിച്ച കവി മനസ്സ്. ’മഹാകവി കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞികൃഷ്ണക്കുറുപ്പ്’ എന്ന പേരില്‍ തന്നെ കവിതയുണ്ട്.കുട്ടമത്ത് കുടുംബത്തിലെ ആദ്യ എഴുത്തുകാരനല്ല മഹാകവി. ’അംശുമതീധര്‍മ്മഗുപ്ത’വും ‘വൈദര്‍ഭീവാസുദേവവും എഴുതിയ കുട്ടമത്ത് കുഞ്ഞമ്പുക്കുറുപ്പ് നേരത്തെ തന്നെ പ്രസിദ്ധനായിരുന്നു. പിന്നെ കവിയുടെ നാടകങ്ങളുടെ കാലമായി. .ദേവയാനി ചരിതവും ബാലഗോപാലനും . നാടിന്റെ ഹൃദയ മിടിപ്പായിത്തീര്‍ന്ന നാടകങ്ങള്‍..മഹാകവി കുട്ടമത്ത് നാടകവേദിയില്‍ ഒരു പുതിയ വസന്തം തന്നെ നിര്‍മ്മിക്കുകയായിരുന്നു.

‘തേജസ്വിനി,എന്ന് വിളിക്കപ്പെടുന്ന കാര്യങ്കോട് പുഴ കടന്നു വേണം നീലേശ്വരത്തെത്താന്‍. അതാണ്‌ കയ്യുരിന്റെ പുഴ. നിരഞ്ജന ‘ചിരസ്മരണ’എന്ന നോവലിലൂടെ അനശ്വരമാക്കിയ തേജസ്വിനി. ഇപ്പോഴും എന്തൊരു ദൃശ്യഭംഗിയാണ്

തേജസ്വിനിക്ക്. അകലെ നിന്ന് തുഴഞ്ഞെത്തുന്ന ചെറു തോണികള്‍. തീരം നിറയെ കുലച്ചുനില്‍ക്കുന്ന തെങ്ങുകള്‍, കവുങ്ങുകള്‍, വാഴകള്‍.

കയ്യൂര്‍ രക്തസാക്ഷികളായ മഠത്തില്‍ അപ്പു,കോയിത്താറ്റില്‍ ചിരുകണ്ടന്‍,പൊടോര

കുഞ്ഞമ്പു നായര്‍,പള്ളിക്കാല്‍ അബൂബക്കര്‍.. തേജസ്വിനിയുടെ അലകളില്‍ തട്ടിവരുന്ന

കാറ്റില്‍ ഇപ്പോഴും ആ നാലു കര്‍ഷക യുവാക്കളുടെ ഇടി മുഴക്കം പോലുള്ള ശബ്ദമുണ്ട്.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കഴുമരങ്ങളെ ഞെട്ടിച്ചു കൊണ്ട് അവര്‍മുഴക്കിയ ‘ഇങ്ക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യത്തിന്റെ ശബ്ദം.

കാറ്റില്‍ കാതോര്‍ക്കുമ്പോള്‍ കേള്‍ക്കാം അവരെക്കുറിച്ചുള്ള തിരുമുമ്പിന്റെ തലമുറകള്‍ ഏറ്റുവാങ്ങിയ കവിത.

‘അതാ കേള്‍പ്പൂ ദൂരദൂരമുയര്‍ന്നുയര്‍ന്നലച്ചെത്തും

നിതാന്ത ഗംഭീരം തൂക്കുമരത്തിന്‍ വിളി ‘

പള്ളിക്കര കടന്നാല്‍ നീലേശ്വരമായി. സമൃദ്ധമായ തെങ്ങുകള്‍ എവിടെയും. മാത്രമല്ല.തെങ്ങു വിള ഗവേഷണ കേന്ദ്രവും തെങ്ങിന്‍ തോട്ടവും. നീലേശ്വരം വടക്കന്‍ കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമാണ്. രാജാസ് ഹൈസ്കൂളും തൊട്ടു വടക്ക് പടന്നക്കാട് നെഹ്‌റു കോളേജും. ജനകീയ-കീഴാള -പ്രാദേശിക ചരിത്ര ശാഖയ്ക്ക് വലിയ സംഭാവന നല്‍കിയ ഡോ: സി.ബാലന്‍ ഈ കോളേജിലെ അധ്യാപകനായിരുന്നു. എഴുത്തിനെ വലിയ ഒരു സമരമുഖമാക്കിത്തീര്‍ത്ത അംബികാസുതന്‍ മാങ്ങാടും അദ്ദേഹത്തിന്‍റെ കുട്ടികളും പുതിയ ചരിത്രം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ‘എന്‍മകജെ’ ഒരു സ്ഥല നാമം മാത്രമല്ല ഇന്ന്. ‘എന്‍ഡോസള്‍ഫാന്‍’ വിഷമഴയ്ക്കെതിരെ നടന്ന ഒരു ജീവിത സമരത്തിന്റെ പ്രതീകം കൂടിയാണ്. ആ പേരിലുള്ള നോവലിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടങ്ങി അംബികാസുതനും കുട്ടികളും ഏറ്റെടുത്ത ദൌത്യം ആദരവോടെ മാത്രമേ ആര്‍ക്കും ഓര്‍ക്കാനാവൂ. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍  നടക്കുന്ന കാഞ്ഞങ്ങാട് കാവ്യോത്സവം (കാ കാ ) കവിതയ്ക്കും ജീവിതത്തിനുമുള്ള വലിയ സമര്‍പ്പണമാണ്. ഇതാ ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തുകയാണ്.ആലാമിപ്പള്ളി,പുതിയ കോട്ട.,.കാഞ്ഞങ്ങാട് ..നിത്യാനന്ദആശ്രമവും കടന്ന്‌ കാഞ്ഞങ്ങാട്ടേക്ക്.

എ.സി.കണ്ണന്‍ നായരും കെ.ടി.കുഞ്ഞിരാമന്‍ നമ്പ്യാരും വിദ്വാന്‍ പി കേളു നായരും സ്വാതന്ത്ര്യ ബോധത്തിന്റെ വിത്തിട്ട മണ്ണ്. മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ കവിത കുഴച്ചുണ്ടാക്കിയ മണ്ണ്.  1929 ഏപ്രില്‍ 18 നു തന്റെ കര്‍മ്മ ഭൂമിയില്‍ വിഷക്കായയുടെയും മരണത്തിന്റെയും മണവുമായി കേളുനായര്‍ എന്ന കവിയും കലാകാരനുമായ സ്വാതന്ത്ര്യപ്പോരാളി മരിച്ചു കിടന്ന മണ്ണ്. പലതുമുണ്ട് ഓര്‍ക്കാനും പറയാനും. നേരം ഏറെ വൈകിയിരിക്കുന്നു. വെള്ളിക്കൊത്തേക്കുള്ള വഴിയില്‍ ഞാനും കോട്ടയ്ക്കല്‍ മുരളിയും തീര്‍ത്തും നി:ശ്ശബ്ദരായിരുന്നു.

കരിവെള്ളൂര്‍ മുരളി

Comments are closed.